Tuesday, June 1, 2010

മലയാളത്തെപ്പറ്റി കുറെ ഞഞ്ഞാമിഞ്ഞ

മഴ പൊടിച്ചപ്പോൾ പച്ചക്കറിക്കടയിലേക്ക്, വിരലിൽ തൂങ്ങുന്ന ഗൌരിയെ വലിച്ചുകൊണ്ട് ഓടിക്കയറുകയായിരുന്നു. അവൾ മുനിഞ്ഞു: “Tutu, you are going too fast...” കടക്കാരൻ അക്ഷമനായി പറഞ്ഞു: “കൊച്ചേ, മലയാളം പറ. നമ്മളെല്ലാം മലയാളികളാ...” അവൾ കേട്ടതേയില്ല. ഞാൻ ആലോചിച്ചു: “ആണോ? നമ്മളെല്ലാം മലയാളികളാണോ? ആണെങ്കിൽ മലയാളം തന്നെ പറയണമെന്നുണ്ടോ? അങ്ങനെ ചിലർ പറഞ്ഞില്ലെങ്കിൽ കടക്കാരും കാര്യസ്ഥന്മാരും അക്ഷമരാകണോ?“

ഉപജീവനം ആംഗലത്തിലുള്ള എഴുത്തിലൂടെ നടത്തിയിരുന്ന എനിക്കും ചിലപ്പോൾ തോന്നിയതു തന്നെ ആ കടക്കാരന്റെ വികാരം. തീവണ്ടിയിൽ അടുത്തിരിക്കുന്ന രണ്ടു പേർ ആംഗലത്തിൽ പേശുന്നു. ഞാൻ ഉള്ളിൽ ഉറയുന്നു: “ഇവരാരെടാ മലയാളം തിരിയാത്ത ധ്വര!“ പ്രവൃത്തിപരമായി ഇംഗ്ലിഷ് പറഞ്ഞും എഴുതിയും ശീലിച്ചവരാകാം. ഇംഗ്ലിഷ് പറഞ്ഞു പഠിക്കണമെന്നുള്ളവരാകാം. ആംഗലം മൊഴിഞ്ഞാൽ കേമത്തം കിട്ടുമെന്നു കരുതുന്നവരാകാം. അവരുടെ ഉദ്ദേശമെന്തായാലും, ആംഗലം പിടിയില്ലാത്ത മലയാളിക്ക്, മലയാളിത്തം തലയിൽ കേറിയ മലയാളിക്ക്, ആംഗലം കേട്ടാൽ അരിശമാകും--നമ്മുടെ കടക്കാരനെപ്പോലെ.

മലയളിയുടെ പേരു കേട്ട ഇരട്ടത്താപ്പ് ഇവിടെയും കാണാം. ഒരു കൂട്ടർ മലയാളം കേൾക്കാത്തതിലും ആംഗലം കിണുങ്ങുന്നതിലും മുറുമുറുക്കുന്നു. മറ്റൊരു കൂട്ടർ ആംഗലത്തിന്റെ സ്വരമാധുരിയിൽ ആമഗ്നരാകുന്നു. മലയാളത്തിന്റെ മരണത്തെപ്പറ്റി പേടി പരത്തുമ്പോൾത്തന്നെ, ആംഗലത്തിന്റെ മഹിമ പാടിപ്പുകഴ്ത്തുന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന പടിഞ്ഞാറൻ നാട്ടുകാരെ ചിലരെ കണ്ടപ്പോൾ, അരവിന്ദന്റെ ഒരു കഥാപാത്രം അത്ഭുതാദരങ്ങളോടെ ആത്മഗതമായി പറയുന്ന വാക്യം ഓർമ്മയില്ലേ? “ഈ വെസ്റ്റേണേഴ്സിന്റെ ഒരു ഡെഡിക്കേഷൻ!“ ഇന്ദുലേഖയിലും ആ വികാരം സ്ഫുരിക്കുന്നുണ്ട്, വേറൊരു തലത്തിലാണെങ്കിലും. ആധുനികത പാശ്ചാത്യവൽക്കരണത്തിലൂടെയേ വരൂ എന്ന ചിന്തയുടെ നിഴൽ അതിലുണ്ടായിരുന്നോ?

ആ നിഴൽ നീണ്ടും വളഞ്ഞും വലുതായതാണ് ഇപ്പോൾ കാണുന്ന മലയാളപുച്ഛവും ആംഗലപ്രേമവും. മലയാളിയുടെ മലയാളത്തോടുള്ള ആഭിമുഖ്യം അളക്കാൻ ഞാൻ ഉപയോഗിക്കുന്ന മാനകമാണ് തിരശ്ശീലയിലെ ഭാഷണത്തിന് സ്വീകരണമുറികളിൽ കിട്ടുന്ന ആദരം. ആദ്യം സിനിമയുടെ കാര്യം എടുക്കുക. ഇപ്പോൾ ഒരു സിനിമ കസറാണമെങ്കിൽ, ഹീറോ ഇംഗ്ലിഷ് കാച്ചുന്ന ആളായിരിക്കണം. അഞ്ചാറു വാക്കെങ്കിലും ഇംഗ്ലിഷിൽ കടിച്ചുപിടിച്ചും പിടിക്കാതെയും തൊള്ള തുറന്നു പറഞ്ഞാലേ കൊള്ളാവുന്ന ഹീറോ ആകൂ. അർഥം അറിയാത്ത കാണീകൾ വാ പൊളിച്ചും മിഴിച്ചുമിരിക്കുന്നു.

ടെലിവിഷനിൽ മലയാളത്തെ മാനഭംഗപ്പെടുത്തുന്നവർക്കാണ് മാർക്കറ്റ്. മലയാളം അറിയാൻ വയ്യെന്നു വരുത്തുന്ന മട്ടിൽ ഞഞ്ഞാമിഞ്ഞ മൊഴിയുന്ന അവതാരങ്ങളാണ് കാണികളുടെ റോൾ മോഡലുകൾ. ഇടക്കിടെ അവർ ആംഗലം അടിച്ചുമിന്നിച്ചുകൊണ്ടേയിരിക്കും--മലയാളം മതിയാവാത്തതുപോലെ. അവതാരങ്ങളുടെ മലയാളം പിഴക്കുമ്പോൾ, പിടക്കുമ്പോൾ, കയ്യടി; ആംഗലം പൊടിപൊടിക്കുമ്പോൾ കയ്യടി. ശാസിക്കാനും ശാപ്പിടാനും പ്രാർഥിക്കാനും ഇംഗ്ലിഷ് പറായുമ്പോഴത്തെ ആ ഗമ ഒന്നു വേറെത്തന്നെ. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇത് ഇനിയും തുടരും. ഇതു ഇനിയും തുടർന്നാൽ മലയാളത്തിന്റെ നിര്യാണം അല്പം കൂടി വേഗമാകുമെന്നേ ഉള്ളൂ.

ഭരണത്തിന്റെ ഭാഷ ആയതുകൊണ്ടാവാം ആംഗലത്തിന് ആധിപത്യം ഉണ്ടായത്. പക്ഷേ അതുകൊണ്ടു മാത്രമാവില്ല. ആ ഭാഷ നാടു നീളേ കൊണ്ടു നടക്കാനും, നടക്കുന്ന വഴിയേ അതിൽ പുതുമകൾ ചേർത്താനും അതു സംസാരിക്കുന്നവർ ശ്രദ്ധിച്ചിരുന്നു. ഏറെക്കുറെ ഷേയ്ക്സ്പിയർ എഴുതിയിരുന്ന കാലത്തൊക്കെത്തന്നെയായിരുന്നു എഴുത്തഛനും എഴുതിയിരുന്നത്. എഴുത്തഛൻ എവിടെ? ഷേയ്ക്സ്പിയർ എവിടെ? ഷേയ്ക്സ്പിയറുടെ ആയിരത്തഞ്ഞൂറു കൊല്ലം മുമ്പത്തെ മുന്മുറക്കാരനായിരുന്നു കാളിദാസൻ. എന്നാലും കാളിദാസന്റെ നാട്ടിലും ആംഗലകവിക്കാണ് കൂടുതൽ പേരും പെരുമയും. അപ്പോൾ പിന്നെ മലയാളത്തെ ഒടിച്ചുമടക്കിയും ആംഗലം വെള്ളം പോലെയും പറയുന്ന അവതാരങ്ങൾക്ക് ആരാധകർ ഉണ്ടാവാതിരിക്കുമോ?

ഇംഗ്ലിഷിന്റെ ലോകധർമ്മം പഠിക്കുന്നതാണ് റോബർട് മക്രം രചിച്ചിട്ടുള്ള ഏറ്റവും പുതിയ പുസ്തകം. അതിൽ ഇംഗ്ലിഷിനെ വിളിക്കുന്നതുതന്നെ ഇംഗ്ലണ്ടിന്റെ ഭാഷയായ ഇംഗ്ലിഷ് എന്നല്ല ലോകത്തിന്റെ ഭാഷയായ ഗ്ലോബിഷ് എന്നാണ്. കയറിച്ചെല്ലുന്നിടത്തെല്ലാം സ്വാധീനത ഉറപ്പിക്കുക മാത്രമല്ല അതാതു നാട്ടിലെ മൊഴി ഉൾക്കൊള്ളുകയും ചെയ്യുന്നതാണ് ഇംഗ്ലിഷിന്റെ പൊരുളും പതിവും. ഒരൊറ്റ ഉദാഹരണം. എല്ലാം തകർത്തർച്ചുപോകുന്ന യന്ത്രം എന്ന് അർഥം വരുന്ന juggernaut പുരിയിലെ ജഗന്നാഥക്ഷേത്രത്തിലെ രഥത്തെ അനുസ്മരിപ്പിക്കുന്നതാണ് എന്നോർക്കുക.

നമ്മൾ ക്ലാസിക്കൽ ഭാഷ ആക്കാൻ ശ്രമിക്കുന്ന മലയാളം “സഹ്യാദ്രിഘട്ടങ്ങളെ കേറിയും കടന്നും” വളരുന്നില്ലെന്നു മാത്രമല്ല, കുന്നിനും കടലിനുമിടക്കുള്ള കൊച്ചുകേരളത്തിൽത്തന്നെ പഠിക്കാൻ വിഷമം തോന്നുകയും പഠിച്ചാൽ കേമത്തം കിട്ടാത്തതുമായ ആയിരിക്കുന്നു. സ്കൂളിലെ ആദ്യക്ലാസുകളിൽ മലയാളം സംസാരിക്കുന്ന മിടുക്കരായ കുട്ടികൾക്കുപോലും എന്തുകൊണ്ട് മാതൃഭാഷ ആകർഷകവും ആവേശജനകവുമായ വിഷയമല്ലാതാകുന്നു എന്ന് പാഠ്യപദ്ധതി തയ്യാറാക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന അധ്യാപകർ ഉത്തരം പറയട്ടെ. അമ്മയെയും അമ്മിഞ്ഞപ്പാലിനെയും എല്ലാം അവതരിപ്പിക്കുന്ന വള്ളത്തോൾക്കവിത ആലപിച്ചതുകൊണ്ടായില്ല. വിഷയം ഹരം പിടിപ്പിക്കുന്നതാക്കാൻ വഴി വേറെ കണ്ടുപിടിക്കണം.

ഇത്രയൊക്കെ മലയാളപ്രേമം മൂത്തിട്ടും, ചില്ലറ കാര്യങ്ങൾ പോലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഉദാഹരണമായി, ‘ചാന്തുപൊട്ട്‘ വേണോ, ‘ചാന്ത് പൊട്ട്’ മതിയോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്ന മലയാളികൾ എത്ര കാണും? ‘അതിനെ‘ക്കാൾ ഭേദം ‘അതിനേ‘ക്കാൾ എന്ന ഉദാഹരണമാകാം. ഇതു രണ്ടുമാകാമെന്നു പറയുന്നത് രണ്ടും കെട്ട പണിയാകും. പന്മന രാമചന്ദ്രൻ നായർ എത്രയോ കാലമായി തിരുത്താൻ ശ്രമിക്കുന്നതാണ് ഈ ചെറിയ തെറ്റുകൾ. എന്നിട്ടും അറിവുള്ളവർ, അവരുടെ എതിരാളികളെപ്പോലെത്തന്നെ, ഒരു കൂസലുമില്ലാതെ ആ തെറ്റുകൾ ആവർത്തിച്ചുകൊണ്ടേ പോകുന്നു.

അവിടന്നു തുടങ്ങിയാലേ മലയാളഭക്തി ആത്മാർഥമാകുകയുള്ളു. സാഹിത്യഭാഷയിൽ പറഞ്ഞാൽ, പല കാര്യത്തിലും ഒരു മാനകീകരണം വേണ്ടിയിരിക്കുന്നു. അതാകട്ടെ, ക്ലാസുമുറിയിലും പാഠപുസ്തകത്തിലും ഒതുങ്ങിയാൽ പോര. അടിസ്ഥാനഭാഷ എന്നു വിളിക്കാവുന്ന മട്ടിലുള്ള മലയാളം ഉപയോഗിക്കുന്നവരെല്ലാം പുലർത്തേണ്ടതായിരിക്കണം ആ മാനകം. അത് കവിക്കു മാത്രമല്ല, “മലയാളം പറ കൊച്ചേ, നമ്മളെല്ലാം മലയളികളാ” എന്ന് ഗൌരിയോടു പറഞ്ഞ ആ പച്ചക്കറിക്കടക്കാരനും ബാധകമാകും, ആകണം. എന്നാലേ ഈ നൂറ്റാണ്ടിൽ മറന്നു പോകാൻ പ്രായത്തിലുള്ള ആറയിരത്തോളം ഭാഷകളുടെ കൂട്ടത്തിൽ പെടാതെ, മലയാളം ഉൾക്കരുത്തുള്ള ഭാഷയും സാഹിത്യവുമായി നിലനിൽക്കുകയുള്ളൂ. സംസാരിക്കാനും എഴുതാനും ഇനിയും കൂടുതൽ ആളുകളെ കിട്ടുകയില്ല, പക്ഷേ മലയാളിയുടെ സ്വത്വത്തിന്റെ വായുവായും വാഹകമായും മലയാളം കേൾക്കുകയും കാണുകയും ചെയ്യാം--പാടിപ്പുകഴ്ത്തുന്നവർ അതിനെ വളർത്താൻ കൂടി ശ്രമിച്ചാൽ.

(മലയാളം ന്യൂസിൽ ജൂൺ ഒന്നിനു വന്നത്)

No comments: