Wednesday, June 16, 2010

ഒറ്റപ്പെട്ടവരുടെ കാര്യം പറയുന്നവർ

ഇന്ത്യയിലെ രണ്ടേകാൽ സംസ്ഥാനങ്ങളിൽ മാത്രം പറയത്തക്ക സ്വാധീനമുള്ള ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവിനെ പ്രധാനമന്ത്രിയാക്കാൻ ഏതാണ്ടെല്ലാ പാർട്ടികളും ആഗ്രഹിക്കുകയും നിരാശരാകുകയും ചെയ്തിട്ട് പതിനാലു കൊല്ലമേ ആയുള്ളു. ആ ആഗ്രഹം നടക്കാതെ പോയതാകട്ടെ, ആ പാർട്ടിയുടെ എതിർപ്പുകൊണ്ടും. പിതൃഭൂമിയിൽ കമ്യൂണിസ്റ്റ് കോട്ട പൊളിയുകയും പല രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളും പേരു പോലും മാറ്റാൻ തുടങ്ങിയത് ഇന്ത്യയിലെ വിപരീതസംഭവവികാസത്തിന്റെ നാലു കൊല്ലം മുമ്പായിരുന്നു. ഇടതുപക്ഷത്തിന്റെ പ്രസക്തിയും ആ നേതാവിന്റെ സ്വീകാര്യതയും മറ്റു പാർട്ടികൾക്ക് അവരോടുള്ള ബഹുമാനവും ആ സംഭവം എടുത്തോതി.

ഒറ്റപ്പെട്ടവന്റെയും നഷ്ടപ്പെട്ടവന്റെയും കാര്യം പറയുന്ന കക്ഷിയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന സങ്കല്പമായിരുന്നു ആ നിലപാടിനു നിദാനം. പണത്തിന്റെ സ്വാധീനത്തിൽ പെട്ടുപോകാത്തവർ. അഴിമതി ഒഴിവക്കുന്നവർ. മിക്കപ്പോഴും ആദർശത്തിന്റെയും സിദ്ധാന്തത്തിന്റെയും അടിസ്ഥാനത്തിൽ പെരുമാറുന്നവർ. അച്ചടക്കമുള്ളവർ. അതൊക്കെയായിരുന്നു പൊതുവെ കമ്യൂണിസ്റ്റുകാരെപ്പറ്റിയുള്ള ധാരണ. അതും മറ്റു പലതുമൊക്കെ സഹായകമായിക്കാണും ഭദ്രലോകിൽ പെട്ട ജ്യ്യോതി ബസുവിന് ബംഗാളിൽ തുടർച്ചയായി രണ്ടു പതിറ്റാണ്ട് കമ്യൂണിസ്റ്റ് ഭരണം നിലനിർത്താൻ. അതൊക്കെയായിരുന്നു ഒരു സന്ദിഗ്ധഘട്ടത്തിൽ അദ്ദേഹത്തെ പ്രധാനമന്ത്രിയായി കണാൻ മിക്ക കക്ഷികളെയും പ്രേരിപ്പിച്ചതും.

ആ ചരിത്രപ്രധാനമായ ക്ഷണം പാർട്ടി തട്ടിക്കളഞ്ഞത് ചുവന്ന ചരിത്രത്തിലെ ഒരു മങ്ങിയ അധ്യായമാകുന്നു. “ചരിത്രപരമായ മണ്ടത്തരം” എന്ന് അതിനെ ബസു തന്നെ പിന്നീട് വിശേഷിപ്പിച്ചതും ചരിത്രം. പാർട്ടിക്ക് നിർണ്ണായകമായ സ്വാധീനമില്ലാത്ത ഒരു സർക്കാരിനെ നയിക്കുക പോയിട്ട്, അതിൽ അംഗമാകുന്നതുപോലും വിപ്ലവത്തിന് ഉതകില്ല എന്നതായിരുന്നു അന്നത്തെ വാദം. അങ്ങനെയാണെങ്കിൽ, രണ്ടേകാൽ സംസ്ഥാനങ്ങളിൽ ഒതുങ്ങിക്കിടക്കുന്ന പാർട്ടി പത്തു സംസ്ഥാനങ്ങളിലെങ്കിലും പ്രസക്തമായ ശക്തിയായിട്ടേ അധികാരത്തിൽ കയറുകയുള്ളൂ. അതാകട്ടെ, അടുത്തൊന്നും നടപ്പുള്ള കാര്യമല്ല.

എന്നെങ്കിലും നടക്കുമോ എന്നു വിചാരിക്കാനും തോന്നിക്കുന്നതാണ് ഇപ്പോഴത്തെ നില. മറ്റുള്ളവർക്ക് പ്രധാനമന്ത്രിയായിപ്പോലും സ്വീകാര്യനായ ഒരാൾ രണ്ടു പതിറ്റാണ്ടിലേറെ നയിച്ചിരുന്ന പാർട്ടിയുടെ അസ്തിവാരം തന്നെ ഇളകിയതായി കാണാം കഴിഞ്ഞ രണ്ടു മൂന്നു തിരഞ്ഞെടുപ്പുകളിൽ. അവരെയും കോൺഗ്രസ്സിനെയും ഒരുപോലെ എതിർത്തുകൊണ്ട് പഞ്ചായത്ത്-മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ശക്തി സ്ഥാപിച്ച തൃണമൂൽ കോൺഗ്രസ്സിന്റെ മമത ബാനർജിയെ എല്ലാവരും അടുത്ത ബംഗാൾ മുഖ്യമന്ത്രിയായി കാണുന്നു. എല്ലാവരും എന്ന് എടുത്തു പറയണം. ബംഗാളിലെ പാർട്ടിയുടെ കരുത്ത് നന്നേ കുറഞ്ഞിട്ടുണ്ടെന്ന് പ്രകാശ് കാരാട്ടിനെ ഉദ്ധരിച്ച്, വയോധികനായ മാർക്സിസ്റ്റ് ചരിത്രപണ്ഡിതൻ എറിക് ഹോബ്സ്ബോം പറഞ്ഞിട്ട് അധികം കാലമായില്ല. തൃണമൂലും കോൺഗ്രസും ഒന്നിച്ചാൽ, ചുവന്ന കോട്ട ശീട്ടുകൊട്ടാരം പോലെ നിലം പൊത്തുമെന്നത് മൂന്നു തരം.

ബംഗാളിലെ സ്ഥിതി അതാണെങ്കിൽ, അതിലും ഏറെ മോശമാണ് കേരളത്തിലേതെന്ന് ആരും സമ്മതിക്കും. രണ്ടു സംസ്ഥാനങ്ങളും തമ്മിൽ പറയാവുന്ന ഒരു മുഖ്യവ്യത്യാസം കേരളത്തിൽ പ്രധാനമത്സരം സി പി എമ്മും എതിർചേരിയും തമ്മിലല്ല, സി പി എമ്മും സി പി എമ്മും തമ്മിലാണെന്നതു തന്നെ. പണ്ടൊരിക്കൽ, ദൈവം എന്നു തോന്നിയിരുന്ന പാർട്ടി പരാജയപ്പെട്ടപ്പോൾ വിട്ടുപോയ ഇറ്റാലിയൻ ചിന്തകൻ ഇഗ്നേഷ്യോ സിലണി പറയുകയുണ്ടായി, “അവസാനസമരം കമ്യൂണിസ്റ്റുകാരും അല്ലാത്താവരും തമ്മിലാവില്ല, കമ്യൂണിസ്റ്റുകാരും മുൻ കമ്യൂണിസ്റ്റുകാരും തമ്മിലായിരിക്കും.” കേരളത്തിലെ നില നോക്കുമ്പോൾ, അതൊന്ന് ഭേദഗതി ചെയ്തു പറയാം: അവസാനസമരം കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റുകാരും തമ്മിലായിരിക്കും.”

അച്ചടക്കത്തെപ്പറ്റി അഭിമാനിച്ചിരുന്ന ഒരു പാർട്ടിയിൽ ഇതിലുമേറെ അലമ്പ് ഉണ്ടായ അവസരം കാണില്ല. അച്ചടക്കം എന്ന വാൾ ഇങ്ങനെ തലങ്ങും വിലങ്ങും വെട്ടാൻ ഉപയോഗിച്ച സന്ദർഭങ്ങൾ നേരത്തേ കണ്ടെക്കാം. കേരളത്തിൽ എം വി രാഘവനും കെ ആർ ഗൌരിയും ത്രിപുരയിൽ നൃപൻ ചക്രവർത്തിയും വർഗ്ഗശത്രുക്കളായി മാറിയിരുന്നു, അച്ചടക്കത്തിന്റെ പേരിൽ. ത്രിപുരയിലെ പാർട്ടിയെ നട്ടുവളർത്തിയ നൃപൻ പിന്നീട് വർഗ്ഗശത്രുവായി പരിണമിക്കുകയായിരുന്നു. അതാതു കാലത്തെ നേതൃത്വത്തിന്റെ സങ്കല്പത്തിനും താല്പര്യത്തിനും എതിരായവരെ ഒതുക്കാനും തുരത്താനും ഉപകരിക്കുന്ന അച്ചടക്കം എന്ന ആയുധം പാർട്ടിയുടെ ശക്തിയും ദൌർബ്ബല്യവുമാകുന്നു. അതുകൊണ്ടാണ്, അഴിമതിയെ വെറുക്കുന്നതിനെക്കാൾ കൂടുതൽ അച്ചടക്കത്തെ വിലമതിക്കുന്ന സ്ഥപനമായി കമ്യൂണിസ്റ്റ് പാർട്ടി എന്നും അറിയപ്പെട്ടിരുന്നത്.

അച്ചടക്കം പോയതല്ല പ്രധാന പ്രശ്നം. വാസ്തവത്തിൽ ഉൾപ്പോരിന്റെ നിദർശനമായേ അതിനെ കാണാൻ പറ്റൂ. അച്ചടക്കം പ്രശ്നമാകുന്നത് പലപ്പോഴും നിലപാടുകളിലുള്ള വ്യത്യാസമോ വൈരുദ്ധ്യമോ കൊണ്ടല്ല. പരിമിതമായ വ്യക്തിതാല്പര്യങ്ങൾ മിക്കപ്പോഴും ആദർശങ്ങളും ആശയങ്ങളുമായി വേഷം മാറി വരുന്നതു കാണാം. ആ സംഗരങ്ങളിൽ ഇപ്പോൾ പാർട്ടി അണികൾ മാത്രമല്ല, പുറത്തുനിന്നുള്ള പണക്കാരും പലപ്പോഴും പങ്കു ചേരുന്നു. കമ്യൂണിസ്റ്റ് പാർട്ടികൾക്കു മാത്രമല്ല, ഇന്ത്യൻ സാഹചര്യത്തിൽ, ഏതു പാർട്ടിക്കും ബാധകമാകും ഈ പ്രമാണം: പണക്കാരായ കൂട്ടുകാർ നേതാക്കന്മാർക്ക് എത്ര കൂടുന്നവോ, അത്രത്തോളം പാർട്ടിക്ക് ജീർണ്ണത ഉണ്ടാകും.

ഇന്ത്യയിലെ മുഖ്യധാരാ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒറ്റപ്പെടുന്നവരുടെയും നഷ്ടപ്പെടുന്നവരുടെയും കഷ്ടപ്പെടുന്നവരുടെയും കാര്യത്തിലും ഭാഷയിലും അധികം സംസാരിക്കാതായിരിക്കുന്നു. യാന്ത്രികമായി അമേരിക്കയോടും മുതലാളിത്തത്തോടും എതിർപ്പു നടിക്കുമെന്നല്ലാതെ, ചെറിയവന്റെ പ്രശ്നത്തിൽ രോഷം കൊള്ളൂന്ന പ്രകൃതം ഇല്ല. അതുകൊണ്ടാണല്ലോ, ആലങ്കാരികമായാണെങ്കിലും ഒരു നേതാവ് പറഞ്ഞത്: കട്ടൻ ചായയും പരിപ്പു വടയും തിന്ന് വിശപ്പു മാറ്റാൻ ഇനി കമ്യൂണിസ്റ്റുകാരനെ കിട്ടില്ല. അതിനെ പരിഹസിക്കേണ്ട. വികസനം ഉണ്ടാകുമ്പോൾ, കമ്യൂണിസ്റ്റുകാരനും അതിന്റെ ഫലമുണ്ടാകും. അത് എത്രത്തോളമാകാം എന്നതാണ് പ്രശ്നം. പൊതുവായ ഒരു ഹിതപരിശോധന നടത്തിയാൽ, അത് അതിരു കവിഞ്ഞിരിക്കുന്നുവെന്നായിരിക്കും കണ്ടെത്തൽ.

(മലയാളം ന്യൂസിൽ ജൂൺ 17ന് വന്നത്)

No comments: