Monday, July 12, 2010

വീണ്ടും ചില ഫുട്ബാൾ വിശേഷങ്ങൾ

വാസ്തവത്തിൽ ഈ കുറിപ്പ് ഫുട്ബാളിനെപ്പറ്റിയല്ല, കളിക്കാരനെപ്പറ്റിയാണ്. അല്ല, കളിക്കാരനെപ്പറ്റിയല്ല, അയാളുടെ കുട്ടിയെപ്പറ്റിയാണ്. അതുമല്ല, ക്രിസ്റ്റ്‌യാനോ റോണാൾഡോക്ക് മകൻ ഉണ്ടായതിനെപ്പറ്റിയാണ്. അട്ടിമറി തോൽവികളെക്കാൾ അത്ഭുതം പടർത്തേണ്ട ആ വാർത്ത ഒരു രാവിലെ ഞാൻ വായിക്കാറുള്ള പത്രത്തിന്റെ കാണാക്കോണിൽ കിടക്കുന്നു.

ഒരു പുരുഷന് ഒരു സ്ത്രീയിൽ ഒരു കുട്ടി ഉണ്ടാകുന്നത് വാർത്തയല്ല. കുട്ടി ഉണ്ടാകാതിരിക്കുന്നതും വാർത്തയല്ല. പക്ഷേ കുട്ടിയുടെ അമ്മ ആരാണെന്ന് അഛനും അഛൻ ആരാണെന്ന് അമ്മയും മറച്ചുവെക്കുന്നത് ഒരിക്കലും ചൂടാറാത്ത വാർത്തയാകുന്നു. തന്റെ ടീം ലോക് കപ് തൊടില്ലെന്ന് ഉറപ്പായതിന്റെ പിറ്റേന്നോ മറ്റോ പോർടുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ ഇങ്ങനെ പ്രഖ്യാപിച്ചു: “ഞാൻ ഒരു ആൺകുട്ടിയുടെ അഛനായിരിക്കുന്നു. അമ്മയോടു പറഞ്ഞതനുസരിച്ച്, അവരുടെ പേർ മറച്ചു വെക്കുന്നു. കുട്ടി എന്റെ മകനായി വളരും.”

ഇത് പതിവിൻ പടി അല്ല. അഛന്റെ പേർ പറയാൻ വയ്യാത്തതാണ് പതിവ്‌. കുട്ടിക്ക് മുള ഇട്ട ശേഷം, താൻ ഒന്നും അറിഞ്ഞില്ല എന്ന മട്ടിൽ മായം തിരിയാൻ പുരുഷനു കഴിയും. ലിംഗപരമായ സവിശേഷത അങ്ങനെയൊരു മാറാട്ടം സൌകര്യപ്പെടുത്തുന്നു. അറിഞ്ഞോ അറിയാതെയോ തനിക്കുണ്ടായ കുട്ടിയെ ഏൽക്കാതെ നടക്കുന്ന അഛന്മാർ പുരാണങ്ങളിലും പുതിയ സാഹിത്യത്തിലും ശപിക്കപ്പെട്ടു കഴിയുന്ന പ്രശസ്തരാണ്. തനിക്കുണ്ടായ കുട്ടിയെ കുറെക്കാലം ഏറ്റെടുക്കാതിരുന്ന ഒരു രാജാവിന്റെ കഥ ശ്രേഷ്ഠമായ നാടകമായി. താൻ പിറപ്പിച്ച കുട്ടിയെ വലുതായിട്ടും തിരിച്ചറിയാൻ കഴിയാതിരുന്ന ഒരാൾ നമ്മുടെ കവിയായിരുന്നു.

അഛനുവേണ്ടിയുള്ള അന്വേഷണം കഥയിൽ മാത്രമല്ല, കോടതിയിലും കാര്യമായി വാദിക്കപ്പെട്ടുവരുന്നു. തൃശ്ശൂരിൽ, തന്റെ കുട്ടിയുടെ അഛനെന്ന് ഒരു അമ്മ ചൂണ്ടിക്കാട്ടിയ ആൾ അങ്ങനെയല്ലെന്ന് ഒരിക്കൽ ഒരു കോടതി വിധിക്കുകയുണ്ടായി. അതിനപ്പുറം പോയി, അഛനെ കണ്ടുപിടിക്കുന്ന ദൌത്യം കോടതി ഏറ്റെടുത്തില്ല. അതുവഴി ഉത്തരമില്ലാത്തതായി ഒരു പിറവി അവശേഷിച്ചു. തിരുവനന്തപുരത്ത്, തന്റെ കല്യാണക്കുറിയിൽ അഛന്റെ പേർ വെക്കാൻ അനുവാദം തേടിയ മകനെ അഛൻ തള്ളിപ്പറഞ്ഞപ്പോൾ, കോടതി ശരണമാകുമെന്നു തോന്നി. അതൊരു തോന്നൽ മാത്രമായിരുന്നു.. വയനാട്ടിൽ, ആദിവാസിക്കുട്ടികളുടെ അഛന്മാരെ കണ്ടുപിടിക്കാൻ ഒരു മന്ത്രി കല്പന പുറപ്പെടുവിച്ചു. കല്പനയല്ലല്ലോ യാഥാർഥ്യം.

ഞാൻ എഴുതിയ ഷാജി കരുണിന്റെ വാനപ്രസ്ഥം എന്ന സിനിമയുടെ നിരൂപണം ചിലരെ ചൊടിപ്പിച്ചതോർക്കുന്നു. മോഹൻ ലാൽ കഥകളി വേഷം കെട്ടിയത് എന്നെ ഭമിപ്പിച്ചില്ല. അതിനെക്കാൾ നന്നായി കളിക്കുന്നവർ എത്രയോ അറിയപ്പെട്ടും അല്ലാതെയും ഇരിക്കുന്നു! പിന്നെ മോഹൻ ലാലിന് അതും പറ്റുമെന്നു തെളിയിച്ചതുകൊണ്ട് എന്റെ ഭാവുകത്വം കൂടുതൽ തെളിയുന്നില്ല. വാനപ്രസ്ഥത്തിൽ എന്റെ ശ്രദ്ധ പിടിച്ചുനിർത്തിയത് പതിവു വിട്ട ഒരു പെരുമാറ്റമായിരുന്നു.

മോഹൻ ലാൽ അവതരിപ്പിക്കുന്ന കഥാപാത്രം വഴി തനിക്ക് ഒരു കുട്ടി ഉണ്ടാകണമെന്ന് സുഹാസിനി അവതരിപ്പിക്കുന്ന കഥാപാത്രം ആഗ്രഹിക്കുന്നു, ആ അഗ്രഹം സഫലമാകുന്നു. അതോടെ അമ്മയുടെ ഭാവം മാറുന്നു. എന്തു വന്നാലും തന്റെ കുട്ടിയുടെ അഛൻ ആരാണെന്നു വെളിപ്പെടുത്തുകയില്ല എന്നായിരുന്നു അവരുടെ ശാഠ്യം. കുട്ടിയുടെ പിതൃത്വത്തിൽനിന്ന് ഒളിച്ചോടുന്നവരെ പഴിക്കുകയും പിടിച്ചുകെട്ടാൻ ശ്രമിക്കുകയും ചെയ്യുന്ന അമ്മമാരെ മാത്രമേ നമ്മ്ല് കണ്ടിട്ടുള്ളു. തന്റെ സന്താനത്തിന്റെ അഛൻ ആരെന്ന് ലോകം അറിയാതിരിക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന അമ്മമാരില്ല. ഉണ്ട്, ഒരു നടി അങ്ങനെയുണ്ടെന്ന് കേട്ടിരിക്കുന്നു. അതിനെ നിയമത്തിന്റെ അപവാദം എന്നു കൂട്ടിയാൽ മതി.

ഈ കുറിപ്പിന്റെ തുടക്കത്തിൽ സൂചിപ്പിച്ച കാര്യം അതു പോലെയല്ല. ഇവിടെ അഛൻ ഒളിച്ചോടുകയല്ല, അമ്മ ഒളിപ്പിക്കപ്പെടുകയാണ്. വീണ്ടും ലിംഗപരമായ സവിശേഷതയാൽ, അഛന് ഒളിച്ചിരിക്കാം. പുതിയ സങ്കേതങ്ങൾ വഴി പിതൃത്വം തെളിയിച്ചെടുക്കാം എന്നിരിക്കിലും, എപ്പോഴും എവിടെയും എളുപ്പത്തിൽ അതു സാധിക്കില്ല. സാധിച്ചാൽ തന്നെ സംശയത്തിന്റെ അംശം സമൂഹഹൃദയത്തിൽ അലിയാതെ കിടക്കും. അമ്മയുടെ കാര്യത്തിൽ ഒന്നും ഒളിക്കാൻ പറ്റില്ല. ജീവിതത്തിൽ എന്തെങ്കിലും തീർച്ചയുണ്ടെങ്കിൽ, അത് അമ്മയുടെ സ്വത്വം ആകുന്നു. ഫുട്ബാളിലെ മികവുപോലെ, പതിവു വിട്ട് ക്രിസ്റ്റ്യാനോ റോണാൾഡൊ കാട്ടുന്ന ഒരു വിരുത് തന്റെ മകന്റെ അമ്മ ആരെന്നു പറയാതിരിക്കലാകുന്നു.

അമ്മയുടെ നന്മയെയും തീർച്ചയെയും പറ്റിയുള്ള ചിന്ത ആദിമവും അനിഷേധ്യവും ആണെന്നായിരുന്നു ധാരണ. ആലോചിച്ചുനോക്കിയപ്പോൾ, അമ്മയെ മറച്ചുവെക്കാൻ അറിഞ്ഞും അറിയാതെയും ക്രിസ്റ്റ്യാനോയെപ്പോലെ പലരും നടത്തുന്ന ശ്രമങ്ങൾ കണ്ടു. അഛൻ ഒരു കാരണത്തിനു മറയ്ക്കുന്നു, മകൻ/മകൾ വേറൊരു കാരണത്തിനു മറയ്ക്കുന്നു, അമ്മ അതുമല്ലാതൊരു കാരണത്തിനു മറയ്ക്കുന്നു എന്നു മാത്രം. ക്രിസ്റ്റ്യാനോ മറയ്ക്കുന്നത് അമ്മയുടെ താല്പര്യം നിറവേറ്റാനാണെന്നു പ്രത്യേകം പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക.

അമ്മക്ക് അങ്ങനെ ഒരു ഭാവം ഉണ്ടാകാമെന്ന് ഞാൻ ഞെട്ടലോടെ മനസ്സിലാക്കിയത് തിരുവനന്തപുരത്ത് മദർ തെരേസയുടെ അനുയായികൾ നടത്തുന്ന ശിശുവിഹാരത്തിൽ ചെന്നപ്പോഴായിരുന്നു. രണ്ടാഴ്ച മുതൽ രണ്ടു കൊല്ലം വരെ പ്രായമുള്ള കുട്ടികൾ, പല നിറത്തിലും രൂപത്തിലുമുള്ള കുട്ടികൾ, തൊട്ടിലിൽ കിടക്കുന്നു--ദത്തെടുക്കാൻ അമ്മമാരെയും അഛനാരെയും കാത്ത്. ദത്തെടുത്തുപോകാൻ അഞ്ചാറുമാസത്തിലേറെ വൈകുന്ന കുട്ടികൾക്ക് എന്തോ പോരായ്മ ഉണ്ടാകും. അവർക്കെല്ലാവർക്കുമുള്ള ഒരു പോരായ്മ ഉണ്ട്, മദർ തെരേസയുടെ അനുയായികൾക്കോ ദത്തെടുക്കുന്ന സന്മനസ്സുള്ളവർക്കോ തീർക്കാൻ വയ്യാത്തതായി: ആ കുട്ടികളുടെ അമ്മമാരിൽ ഒരാൾക്കുപോലും തന്റെ സ്വത്വം വിളംബരം ചെയ്യാൻ ധൈര്യമില്ല.

ചിലർ പോറ്റാൻ നിവൃത്തിയില്ലാതെ, ആരോ സമ്മാനിച്ച കുട്ടിയെ വഴിയരികിലോ പിള്ളത്തൊട്ടിലിലോ കിടത്തി സ്ഥലം വിടുന്നു. ചിലർക്ക് ഒരു ലഹരിയിൽ മുള പൊട്ടി വളർന്ന കുട്ടി അപമാനമാണെന്നു തോന്നുമ്പോൾ, ഊരും പേരും പറയാതെ, എങ്ങനെയെങ്കിലും ഏതെങ്കിലും അനാഥാലയത്തിൽ അതിനെ എത്തിക്കുന്നു. അല്ലെങ്കിൽ, പുഴയിൽ കുന്തി കർണ്ണനെ ചെയ്തതു പോലെ, പുഴയിൽ ഒഴുക്കിവിടുന്നു. അതിനൊന്നുമുള്ള സൌകര്യമില്ലാതെ കൊഴിഞ്ഞുപോകുന്ന ചില മാതൃത്വങ്ങളുടെ നീക്കിയിരിപ്പുകളെ ചിലപ്പോൾ അനാഥാലയങ്ങൾ കണ്ടെടുക്കുന്നു. അവിടത്തെ കുട്ടികൾ അവിടെ എത്തിച്ചേർന്ന വഴിയുടെ കഥ കേട്ടിരുന്നാൽ, ഇതോ അമ്മമനസ്സ് എന്നു തോന്നിപ്പോകും.

അമ്മയാകാൻ കഴിയാത്തവരുടെ വേദനയും അപമാനവും നമ്മുടെ പഴയ സാഹിത്യത്തിൽ തിളച്ചുപൊങ്ങുന്നതു കാണാം. ഇപ്പോൾ അപമാനം കുറഞ്ഞ്, വേദന മാത്രമായി ചിലരിൽ ശേഷിക്കുന്നു. ശാസ്ത്രം അതിനൊരു പരിഹാരമായി, ഗർഭപാത്രം വാടകക്ക് എടുക്കാറാക്കിയിരിക്കുന്നു. ഗർഭധാരണം ഒരാളും ഗർഭപാലനം വേറൊരാളും ആകുമ്പോൾ, ഒരുതരം ഭഗ്നമാതൃത്വം ഉണ്ടാകുന്നു. എന്നാലും സന്താനോല്പാദനമോ മാതൃത്വമോ ഇല്ലാതാകുന്നില്ലല്ലോ എന്നു സമാധാനിക്കാം. പെറ്റമ്മയും പോറ്റമ്മയും ഉണ്ടായിരുന്നതുപോലെ, അമ്മയും പകരക്കാരി അമ്മയും ഉണ്ടാകുന്നു. പകരക്കാരി അമ്മയെ Surrogate Mother എന്നു പറയും.

അമേരിക്കയിൽ ഗർഭപാത്രത്തിനുള്ള വാടകയായി കോടിക്കണക്കിനു ഡോളർ പിരിഞ്ഞുകിട്ടുന്നതിന്റെ കണക്ക് ഒരിക്കൽ മൈക്കേൽ സാൻഡൽ എന്ന ചിന്തകൻ നിരത്തുകയുണ്ടായി. ശാരീരികമായ ന്യൂനതകൊണ്ടല്ല, ഗർഭധാരണത്തിന്റെയും പ്രസവത്തിന്റെയും അസൊകര്യം ഓർത്ത്, ഗർഭപാത്രം വാടകക്കെടുക്കുന്ന പ്രവണത ശരീരത്തിന്റെ മാത്രമല്ല, മനുഷ്യമനസ്സിന്റെ കൂടി പരിണാമത്തിന്റെ സൂചനയാകുന്നു. അതിൽ ഇനി മാനാപമാനങ്ങൾക്കോ ഗുണദോഷചിന്തക്കോ ഇടമില്ല.

പിതൃത്വം സംശയാസ്പദമാകുമ്പോൾ മാനക്കേടു തോന്നിയിരുന്ന കാലം പൊയ്ക്കൊണ്ടിരിക്കുന്നു. മാതൃത്വത്തിന്റെ ലയഭംഗിയും മങ്ങിവരുന്നു. “ജീവിതമോ, അത് നമുക്കുവേണ്ടി നമ്മുടെ ജോലിക്കാർ ജീവിച്ചുകൊള്ളും” എന്ന പഴയൊരു ഫ്രെഞ്ച് ചിന്തകന്റെ നിരർഥജല്പനം, മാതൃത്വം വാടകക്കെടുക്കുന്ന പ്രക്രിയയിൽ സാർഥകമാകുന്നു. വാസ്തവത്തിൽ, അമ്മമനസ്സിനെപ്പറ്റിയുള്ള വിചാരമെല്ലാം അതികാല്പനികത്വമാണെന്നുപോലും എലിസബെത് ബെന്നറ്റ് എന്നൊരു ഗവേഷക പറഞ്ഞുവെച്ചിട്ടുണ്ട്. ആ വെളിച്ചത്തിൽ നോക്കിയാൽ, ക്രിസ്റ്റ്യാനോ റോണാൾഡോയുടെ മകന്റെ അമ്മയെപ്പറ്റിയുള്ള ആലോചന അത്ഭുതപ്പെടുത്തുന്നതാവില്ല.

(മലയാളം ന്യൂസിൽ സൊമ്മവരത്തിൽ ജൂലൈ 12നു വന്നത്)

No comments: