Thursday, July 29, 2010

ആത്മബന്ധത്തിന്റെ സ്വർണ്ണസ്പർശം

കേട്ടുകേട്ടുകെട്ടു മടുത്തിരിക്കുന്നു: “ആത്മബന്ധത്തിന്റെ സ്വർണ്ണസ്പർശം.” ആത്മബന്ധം മനസ്സിലാക്കാം, അത്യുക്തിയാണെങ്കിലും. ആത്മീയമല്ലാത്ത ബന്ധം എന്തു ബന്ധം? എവിടെ?
ജയദേവന്റെ ഗീതഗോവിന്ദത്തിൽ കേട്ടു തുടങ്ങിയ “മധുരകോമളകാന്തപദാവലി”യുടെ സ്വരവും സാരവും അതിൽ ആവർത്തിക്കപ്പെടുന്നു. എന്നാലും “ആത്മബന്ധം” കിടക്കട്ടെ, ഒരു കേമത്തം പോലെ, എന്നു വിചാരിക്കാം. “സ്വർണ്ണസ്പർശ“മോ?

സ്വർണ്ണസ്പർശത്തിൽ തൊട്ടുകളിക്കുന്നതിനുമുമ്പ്, പരസ്യവാക്യത്തിൽ അഭിരമിക്കുന്ന മലയാളിപാരമ്പര്യത്തെപ്പറ്റി രണ്ടു വാക്ക് പറയട്ടെ. പരസ്യത്തിന്റെ പഴയ നിർവചനം ഓർമ്മയില്ലേ? ആവശ്യമില്ലാത്തത് ആഗ്രഹിപ്പിക്കുന്നതാണ് പരസ്യം. പരസ്യവാക്യമോ? എന്നും അത്യുക്തി തന്നെ. അതിൽ പലപ്പോഴും അയുക്തിയും കേറും. എന്നാലും പലപ്പോഴും ആളുകൾ അതെടുത്ത് നാലുപാടും വീശും.

ഉദാഹരണം “ദൈവത്തിന്റെ സ്വന്തം നാട്.” കേരളം ദൈവത്തിന്റെ സ്വന്തം നാടാണോ അല്ലയോ എന്ന കാര്യം പോകട്ടെ. ആയാലും അല്ലെങ്കിലും, അത് നാട്ടിൽ പാട്ടായിരിക്കുന്നു. തികഞ്ഞ വിശ്വാസികളും ദൈവസങ്കല്പം താലോലിക്കാത്തവരും ഒരുപോലെ അതൊരു പല്ലവിയായി ഏറ്റുപാടുന്നു. വിശ്വസിക്കാത്തത് പാടുന്നതിലെ പൊള്ളത്തരവും പൊട്ടത്തരവും ഒരു നിമിഷം മറക്കാം. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണത്തിൽ വഴുതിവീഴാതെ ഒരു മലയാളി പ്രസംഗകനും രക്ഷയില്ല എന്നതാണ് വാസ്തവം.

ആ വിശേഷണത്തിലെ അയുക്തിയിലോ സത്യാവസ്ഥയിലോ അല്ല എനിക്കു രസം. പത്തു മൂവായിരം കൊല്ലം പഴക്കമുള്ള ഒരു പ്രയോഗം മലയാളി എഴുത്തുകാരൻ ആവേശത്തോടെ പയറ്റിനോക്കുന്നതു കാണുമ്പോഴാണ് ശരിക്കും രസം. അതിലെ പഴമ അറിഞ്ഞുകൊണ്ടാണെന്നു തോന്നുന്നില്ല ആ പയറ്റ്. സ്വന്തം നാട് ദൈവത്തിന്റെ പേരിൽ ചാർത്തിക്കൊടുത്ത പരസ്യവാക്യക്കാരനും അതറിഞ്ഞിരിക്കണമെന്നില്ല. പണ്ടത്തെ പേർഷ്യൻ ചക്രവർത്തി സെർക്സിസ് പകർന്നുതന്നതാണ് ആ പ്രയോഗം, “ദൈവത്തിന്റെ സ്വന്തം നാട്”. യവനദേശത്തേക്ക് വീണ്ടും സൈന്യത്തെ നയിക്കുമ്പോൾ ചക്രവർത്തി പറഞ്ഞു: “എന്റെ സാമ്രാജ്യത്തിന്റെ അതിർത്തി ദൈവത്തിന്റെ സ്വന്തം നാട്ടിനപ്പുറമെത്തിക്കാൻ പോകുന്നു.”

വിനോദസഞ്ചാരത്തിൽ നമ്മൾ വിളമ്പുന്ന ആ പരസ്യവാക്യത്തിന് സെർക്സിസിന്റെ വിളംബരത്തിന്റെ ഗതി വരുമോ എന്നാലോചിക്കാനുള്ളതല്ല ഈ അവസരം. പരസ്യവാക്യത്തിൽ വന്നുകൂടുന്ന അയുക്തിയും അതിൽ ജനസാമാന്യത്തിനുണ്ടാകുന്ന ആസക്തിയും ചൂണ്ടിക്കാട്ടാനേ ഇവിടെ ഉദ്ദേശമുള്ളു. രാവും പകലും നമ്മൾ കാണുകയും കേൾക്കുകയും നിസ്സഹായമായി ഉൾക്കൊള്ളുകയും ചെയ്യുന്ന വേറൊരു പരസ്യചിന്തയാണ് ആത്മബന്ധത്തിന്റെ സ്വർണ്ണസ്പർശം. ആത്മബന്ധത്തെപ്പറ്റി തുടക്കത്തിലേ പറഞ്ഞുവെച്ചു. ഇനി സ്വർണ്ണസ്പർശം അറിയുക.

സ്പർശത്തിൽ സ്വർണ്ണത്തിന് ഒരു സവിശേഷതയുമില്ല എന്നതാണ് ആദ്യത്തെ സത്യം. സ്വർണ്ണമായാലും ഈയമായാലും അലൂമിനിയമായാലും തൊട്ടാൽ ഒരു പോലിരിക്കും. സാധാരണകാലാവസ്ഥയിൽ, നേരിയ ഒരു തണുപ്പ് തോന്നും. അത്രയേ ഉള്ളു. തൊടുന്നതെന്തെന്ന് ആരും തിരിച്ചറിയുന്നില്ല. തൊട്ടാൽ, തൊടുന്ന ചർമ്മത്തിനോ ലോഹത്തിനോ ഒരു വ്യത്യാസവും ഉണ്ടാകുന്നുമില്ല. തൊട്ടതെല്ലാം പൊന്നാക്കുന്ന സിദ്ധി യവനപുരാണത്തിലെ കഥാപാത്രത്തിനു മാത്രമേ ഉണ്ടായിരുന്നുള്ളു. തൊട്ടാൽ, ഒന്നു തലോടിയാൽ, വേദനിക്കുന്നവർക്ക് ഒട്ടൊക്കെ സമാധാനമാകും. അതിനു പക്ഷേ സ്വർണ്ണം വേണ്ട, മനസ്സു മതി. സ്പർശിക്കുന്ന സ്വർണ്ണംകൊണ്ട് ആത്മബന്ധം പോയിട്ട്, ദേഹബന്ധം പോലും സവിശേഷമായി ഉണ്ടാവുന്നില്ലെന്ന് അർഥം. എന്നിട്ടും ആ പരസ്യവാക്യം കസറുന്നു.

വാസ്തവത്തിൽ സ്വർണ്ണത്തിന്റെ സവിശേഷത ദർശനത്തിലാണ്, ദർശനത്തിൽ മാത്രമേ ഉള്ളു. വേറെ ഒരു ഇന്ദ്രിയത്തെയും അതു സുഖിപ്പിക്കുന്നില്ല. “കനകച്ചിലങ്ക കിലുങ്ങി” എന്നു നാമങ്ങനെ പാടിവരുന്നുവെന്നേയുള്ളു. ചിലങ്ക കനകം കൊണ്ടായാൽ കിലുക്കത്തിന് കാര്യമായ വ്യത്യാസമൊന്നുമില്ല. സ്വർണ്ണത്തിന് സുഗന്ധം ഉണ്ടായെങ്കിൽ എന്നത് അസാധ്യമായ ഉല്പ്രേക്ഷ മാത്രം. കാണാൻ, കാണാൻ മാത്രം, കനകം കൊള്ളാം. തൊടാനോ തിന്നാനോ മണക്കാനോ കേൾക്കാനോ അതു വേണ്ട. കാണാൻ കൊള്ളാമെന്നു പറയുമ്പോൾ, മനുഷ്യനിൽ ജനിതകമായി ഊറിക്കൂടിയിട്ടുള്ള വർണ്ണവിവേചനം വ്യക്തമാകും. കാർമുകിൽ വർണ്ണനെ വാഴ്ത്തുകയും “കറുപ്പിനഴക്” എന്നു പുകഴ്ത്തുകയും ചെയ്യുമ്പോഴും, മിന്നും പൊന്നിൻ കിരീടത്തിലാണ് നമ്മുടെ നോട്ടം.

മനുഷ്യന്റെ വർണ്ണബോധം കൊണ്ടും ലോഹത്തിന്റെ ദുർലഭതകൊണ്ടും ഉണ്ടായതാണ് സ്വർണ്ണത്തിന്റെ സുവർണ്ണസ്ഥാനം. സ്വർണ്ണം അതു തന്നെ, സു വർണ്ണം, നല്ല വർണ്ണം. എന്താണ് നിറത്തിന്റെ നന്മ? എവിടെയായാലും, എന്തിനായാലും സ്വർണ്ണം പണ്ടേക്കുപണ്ടേ ഒരു മാനകമായിരുന്നു. ധനത്തിന്റെ അളവായും സൌന്ദര്യത്തിന്റെ സൂചകമായും ഉപയോഗിക്കാവുന്ന സുവർണ്ണമാനകം സ്വർണ്ണം തന്നെ. കാലത്തിൽ സുവർണ്ണയുഗമായും സ്ഥലത്തിൽ സുവർണ്ണഭൂമിയായും സ്വർണ്ണം ആവേശിക്കുന്നു. മാർഗ്ഗം സുവർണ്ണമകണം, ലക്ഷ്യം സുവർണ്ണഗോപുരമാകണം. ചിന്തയിലും സ്വപ്നത്തിലും സത്യത്തിലും സ്വപ്നം കലരാതെ വയ്യ. ഇരിപ്പിടവും തലപ്പാവും, കളിക്കളവും കുളവും, പന്തും പാദുകവും സ്വർണ്ണമയമായാലേ സുന്ദരമാകൂ. ബിന്ദുവും രേഖയും വൃത്തവും ത്രികോണവും സുവർണ്ണമാകുന്നു. സുവർണ്ണമല്ലാത്തതെന്തുണ്ട് നമ്മുടെ വാദത്തിലും സംവാദത്തിലും? അപ്പോൾ പിന്നെ സ്പർശം സുവർണ്ണമാകുന്നത്, അസാധ്യമാണെങ്കിലും, തെറ്റാകുന്നത് എങ്ങനെ?

സ്വർണ്ണത്തിന്റെ ഉപയോഗം പ്രചരിപ്പിക്കാൻ കുറച്ചുകാലമായി ഒരു സഭ പ്രവർത്തിച്ചു വരുന്നു. അതുമായി ആലോചിക്കാതെത്തന്നെ പറയാം, പ്രധാനമായും ഉപയോഗം നടക്കുന്നത് കേരളത്തിൽ ആണ്. ആ ഉപയോഗമാകട്ടെ, പ്രധാനമായും നടക്കുന്നത് പെട്ടിയിലും പരസ്യത്തിലുമാണ്. ഒരാളും അവർക്കു വേണ്ടി ഉണ്ടാക്കുന്ന സ്വർണ്ണാഭരണം മുഴുവൻ ജീവിതത്തിൽ ഇരുന്നൂറു മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കുന്നില്ല. ബാക്കി സമയം മുഴുവൻ അതൊക്കെ പെട്ടിയിൽ അടച്ചുവെക്കുന്നു. പത്തുകൊല്ലം മുമ്പ് കാർത്തികക്കുട്ടിയുടെ കല്യാണത്തിനുവേണ്ടി ഞങ്ങൾ വാങ്ങിയ ആഭരണം മുഴുവനായി ഒരിക്കലും-- അണിയാനോ അല്ലാതെയോ--പുറത്തെടുത്തിട്ടില്ല. ഇതാണ് ഞങ്ങളുടെ ഒരു സുവർണ്ണരഹസ്യം.

അണിയുന്നത് ഏതാനും മണിക്കൂർ മാത്രമാണെങ്കിലും, മിക്കപ്പോഴും പെട്ടിയിൽ അടച്ചിരിപ്പാണെങ്കിലും, പരസ്യത്തിൽ എന്നും സ്വർണ്ണം തിളങ്ങുന്നു. ഓരോ വ്യാപാരിയും ഉറപ്പു തരുന്നു, അവർ തരുന്ന സ്വർണ്ണത്തിന് സുഗന്ധം കാണും. സ്വർണ്ണവ്യാപാരി മാത്രമല്ല, സ്വർണ്ണം പണയം വാങ്ങി കടം തരുന്നവരും എന്തൊക്കെയോ ഉറപ്പു നൽകി നമ്മെ പ്രലോഭിപ്പിക്കുന്നു, സേവിക്കുന്നു! അവർ നൽകുന്ന പരസ്യം നിന്നാൽ, നമ്മുടെ മാധ്യമങ്ങൾ തെണ്ടിപ്പോകും. കൂട്ടത്തിൽ പറയട്ടെ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ പരസ്യമില്ലാതെയും പടരുന്ന ഉല്പന്നവും ഉപഭോഗവും ഒന്നേയുള്ളു. സംശയിക്കേണ്ട, മദ്യം തന്നെ.

മലയാളത്തിന്റെ ധനവ്യവസ്ഥയും സംസ്ക്കാരഭംഗിയും പഠിക്കുന്ന ആരെയും രസിപ്പിക്കുന്ന ഒരു വൈരുദ്ധ്യം ഇതായിരിക്കും. വിദ്യാഭ്യാസവും വിപ്ലവും ഏറെ കൊയ്തിറങ്ങിയിട്ടും, സ്വർണ്ണത്തിന്റെ വില വെച്ചടി വെച്ചടി കയറിയിട്ടും, അതിന്റെ പരസ്യവും വില്പനയും കൂടിക്കൊണ്ടേയിരിക്കുന്നു. ഒരു ദിവസം ഞാൻ ജോസ് ആലുക്കയോടു പറഞ്ഞു, “ഇപ്പോൾ വധുവിന് നൂറു പവൻ കൊടുക്കുന്നത് പതിവായിരിക്കുന്നു.” ജോസ് ചിരിച്ചുകൊണ്ടു പറഞ്ഞു, “അല്ല, ഒരു കിലോഗ്രാമാണ് ഇപ്പോഴത്തെ പതിവ്.” അതു പത്തു കൊല്ലം മുമ്പത്തെ കണക്ക്. അറുപതുകളുടെ ഒടുവിൽ അറുപതു ഗ്രാം സ്വർണ്ണവുമായി ഒരു മുറിപ്പീടികയിൽ കച്ചവടം തുടങ്ങിയ ജോസിന്റെ കടകളിൽ, ഞാൻ സംസാരിക്കുമ്പോൾ, രണ്ടര ടൺ സ്റ്റോക്കുണ്ടായിരുന്നു.



(ജൂലൈ 27ന് മലയാളം ന്യൂസിൽ വന്നത്)

No comments: