Monday, May 23, 2011

കല്പാന്തകാലത്തോളം

ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി. ഇനി മുഖ്യമന്ത്രിയാകാതിരിക്കാതിരികാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. ആയുസ്സ് ഏറെയില്ലാത്ത മന്ത്രിസഭയെന്ന് ഒരു കൂട്ടം പണ്ഡിതർ പറയുന്നു. അഞ്ചുകൊല്ലവും തികക്കുമെന്നാണ് മറ്റൊരു കൂട്ടരുടെ മതം. ആ രണ്ടിൽ മൂന്നും ശരിയാകാം നമ്മുടെ കാലാവസ്ഥയിൽ. ഉറപ്പിച്ചു പറയാവുന്ന ഒരു കാര്യം ഇതു തന്നെ: കാലാവധിവരെ പോകാൻ പറ്റിയാൽ, ഒരു വട്ടം കൂടി കസാല കേറാമോ എന്നു നോക്കും ഉമ്മൻ ചാണ്ടി. അത് അദ്ദേഹത്തിന്റെ ദൌർബല്യവും ആവശ്യവും ആകുന്നു.

ഉമ്മൻ ചാണ്ടിയുടെ ദോഷമല്ല ഈ സ്ഥിതിക്ക് നിദാനം. അദ്ദേഹം നല്ല മനുഷ്യനാകുന്നു, മറ്റു പലരെയും പോലെ. മറ്റു പലരെയും പോലെ, അദ്ദേഹവും മുഖ്യമന്ത്രി ആകാൻ ആഗ്രഹിക്കുന്നു. (തരപ്പെട്ടാൽ മുഖ്യമന്ത്രി ആകാൻ ആഗ്രഹിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ?) ഒരിക്കൽ മുഖ്യമന്ത്രി ആയിക്കഴിഞ്ഞാൽ, പിന്നെ മുഖ്യമന്ത്രി അല്ലാതാകുക എന്നതാണ് പരമമായ ദൈന്യം. ശിവനേ, മർത്യനു തൃഷ്ണ തീരലുണ്ടോ എന്നു ചോദിച്ചയാളുടെ ഉള്ളിൽ ഇതു തന്നെയായിരുന്നു വിചാരം. മുഖ്യമന്ത്രി ആകാൻ ആഗ്രഹിക്കുന്നതും, ആഗ്രഹം നിറവേറിയാൽ, അത് കല്പാന്തകാലത്തോളം നിലനിർത്താൻ ശ്രമിക്കുന്നതും ആരുടെയും ദൌർബല്യമാകുന്നു.

അങ്ങനെ ആ പദവി നിലനിർത്തേണ്ടത് ആവശ്യമാക്കിത്തീർക്കുന്നത് ഒപ്പം ഉള്ളവരും എതിരാളികളുമാകുന്നു. ചിലർക്കെങ്കിലും, ചിലപ്പോഴെങ്കിലും മുഖ്യമന്ത്രിയായതു മതിയെന്നു തോന്നുമായിരിക്കും. ആ പട്ടികയിൽ പെടുന്നവർ അധികം കാണില്ല. മഹാന്മാരും ത്യാഗിവര്യന്മാരുമായ എ കെ ആന്റണിയും വി എസ് അച്യുതാനന്ദനും ആ പട്ടികയിൽ പെടുന്നവരല്ല. നിൽക്കള്ളിയില്ലാതായപ്പോൾ സ്ഥലം കാലിയാക്കിയതായിരുന്നു ആന്റണി പോലും. അദ്ദേഹത്തിനു മുമ്പും പിമ്പും മുഖ്യമന്ത്രിപദം ഒഴിഞ്ഞുപോയവരെല്ലാം ഒഴിവാക്കപ്പെട്ടവരായിരുന്നുവെന്ന് സമീപകാലചരിത്രം. മുഖ്യമന്ത്രിപദം വിടേണ്ടിവന്ന അവസരത്തിൽ, തന്റെ ഒപ്പം നിന്നവർ തന്നെ മുന്നിൽനിന്നും പിന്നിൽനിന്നും കുത്തിവീഴ്ത്തിയെന്ന് കെ കരുണാകരൻ പുത്തരിക്കണ്ടം മൈതാനത്ത് പരിദേവനം ചെയ്തപ്പോൾ, ജനതതി പരിഹാസബാഷ്പം പൊഴിച്ചതോർമ്മയുണ്ടല്ലോ. താൻ ഇനി മുഖ്യമന്ത്രിയാകാൻ ഇല്ല എന്നു പറാഞ്ഞുപോയ ഒരാളേ ഉണ്ടായിരുന്നുള്ളു: സി അച്യുതമേനോൻ. അദ്ദേഹത്തെപ്പറ്റിയും ചിലർ പറയുമായിരുന്നു: “കിട്ടാത്ത മുന്തിരി പുളിക്കും.”

ആർക്കും ഒന്നും മതിയാവുമെന്ന ധാരണ ജനത്തിനില്ല. മതിയെന്നു പറയുന്നവർ തന്നെ പൊളി പറയുന്നുവെന്നാണ് വിശ്വാസം. ഒരു തവണ കിട്ടിയ സ്ഥാനം രണ്ടം വട്ടവും മൂന്നാം വട്ടവും കിട്ടിയില്ലെങ്കിൽ, തഴഞ്ഞതാണെന്നാകും പരിഹാസം. കസാലകളിയിൽ കാൽ തെറ്റി വീണുപോയ പാവം എന്നായിരിക്കും ജാട തുളുമ്പുന്ന അനുകമ്പയുടെ പ്രകടനം. രണ്ടു ഘട്ടത്തിലും നഷ്ടത്തിന്റെയും പരാജയത്തിന്റെയും വേദനയും മാനഹാനിയും ഉൾച്ചേർന്നിരിക്കുന്നതുകാണാം. അതുകൊണ്ടാകും, ഭരിച്ചു മടുത്തു എന്ന് അപൂർവമായി തോന്നുന്നവർ പോലും, ഒറ്റപ്പെട്ടവരെന്നും നഷ്ടപ്പെട്ടവരെന്നും പരിഹസിക്കപ്പെടാതിരിക്കാൻ വേണ്ടി, വീണ്ടും വീണ്ടും കസാല പിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആ ശ്രമം സാമൂഹ്യമായ, സമൂഹത്തിന്റെ മുന്നിൽ ആളാവാൻ വേണ്ടതായ എന്ന അർഥത്തിൽ, സാമൂഹ്യമായ ഒരു ആവശ്യമായി മാറുന്നു.

അധികാരത്തിനുവേണ്ടി ഒപ്പം നിൽക്കുന്നവരെ മുന്നിൽനിന്നും പിന്നിൽനിന്നും കുത്തിമലർത്തുകയോ, അതില്ലെങ്കിൽ ഉറക്കം പോകുമെന്നു പേടിക്കുകയോ ചെയ്യുന്നവരായി ജവാഹർലാൽ നെഹ്രുവോ മൻ മോഹൻ സിംഗോ അറിയപ്പെട്ടിട്ടില്ല. ഭരതനെപ്പോലെ കയ്യിൽ കിട്ടിയ കസാലയിൽ ഇരിക്കാൻ മടിച്ചവരായിരുന്നു അവർ എന്നല്ല ഉദ്ദേശം. പകിടകളിയിൽ മറ്റുള്ളവരോളം ഭ്രാന്തമായി മുഴുകിയിരുന്നില്ല അവർ എന്നേ ഉദ്ദേശിച്ചുള്ളു. അവർക്കും ഒരിക്കൽ കിട്ടിയ അധികാരം കയ്യടക്കിവെക്കാൻ വീണ്ടും വീണ്ടും ശ്രമിക്കേണ്ടി വന്നു. നെഹ്രു ഖിന്നനായിരുന്നു, രോഗാതുരനായിരുന്നു. എന്നിട്ടും കസാല വിടാതെ മരണം വരെ പിടിച്ചുനിന്നു.

മരണം വരെയേ വൈരം പാടുള്ളു എന്ന് അർഥം വരുന്ന ഒരു ഉപദേശം കൊടുക്കുന്നുണ്ട് വിഭീഷണന് രാമൻ. മരണാന്താനി വൈരാണി. അതിനെ വികലമാക്കിയാൽ, മരണം വരെ പദവി എന്ന സ്ഥിതി വരും. കക്ഷിരാഷ്ട്രീയത്തിൽ പരാങ്മുഖനെന്ന് പലരും തെറ്റിദ്ധരിച്ച മൻ മോഹൻ സിംഗ് പ്രധാനമന്ത്രിയായപ്പോൾ എത്ര കാലം ഉണ്ടാകുമെന്നായിരുന്നു എവിടെയും മുഴങ്ങിയ ചോദ്യം. രണ്ടാമതൊരു ഹൃദയശസ്ത്രക്രിയ കൂടിയായപ്പോൾ എല്ലാവരും കരുതി, ഇനിയൊരു ഊഴം അദ്ദേഹത്തിനില്ല. സമയമായപ്പോൾ അദ്ദേഹം വീണ്ടുമൊരൂഴത്തിനു റെഡിയായി. തള്ളപ്പെട്ടുവെന്നോ ഒറ്റപ്പെട്ടുവെന്നോ നാലാളെക്കൊണ്ടു പറയിക്കാതിരിക്കാൻ വേണ്ടിയെങ്കിലും എല്ലാവർക്കും കളിച്ചും നേടിയും മുന്നേറിക്കൊണ്ടിരിക്കേണ്ടിയിരിക്കുന്നു.

ഇത് പ്രധാനമന്ത്രിപദത്തിന്റെയോ മുഖ്യമന്ത്രിപദത്തിന്റെയോ സാദാ മന്ത്രിപദത്തിന്റെയോ മാത്രം കാര്യമല്ല. ഏതു സ്ഥാനത്തിരിക്കുന്നയാളും ആ സ്ഥാനമോ ആളോ ഇല്ലാതാകുന്നതുവരെ അവിടെയിരിക്കും, ഇരിക്കണം എന്നതാണ് അലിഖിതമായ, പക്ഷേ ഏറെക്കുറെ അലംഘ്യമായ, വ്യവസ്ഥ. ഒരാൾ കസാലയിൽ കയറിപ്പറ്റിയാൽ, അയാൾ കൂദാശയായിട്ടേ പുറത്ത് കാത്തുനിൽക്കുന്ന ജനക്കൂട്ടത്തിൽ ഒരാൾക്ക് ഗതി കിട്ടുകയുള്ളു. അതുകൊണ്ട് പിടിച്ചുനിൽക്കാൻ സ്ഥാനം കിട്ടിയവരും, പയറ്റിവീഴ്ത്താൻ കാത്തുനിൽക്കുന്നവരും നിരന്തരം ശ്രമിക്കുന്നു. ആ കളിയുടെ കഥയാണ് നമ്മുടെ പ്രധാനഭക്ഷണം.

എല്ലായിടത്തും ഇങ്ങനെയൊക്കെയാണെങ്കിലും ചിലർ ചില ചട്ടവട്ടങ്ങൾ ഉണ്ടാക്കി അതിനെ ക്രമീകരിച്ചിരിക്കുന്നു. പ്രസിഡന്റായി അടുപ്പിച്ച് രണ്ടു വട്ടമേ സാധ്യമാകൂ. മൂന്നാം വട്ടം ശ്രമിക്കുകയോ തഴയുഅപ്പെടുകയോ ചെയ്യുന്ന പ്രശ്നമില്ല. ഒരു സ്ഥാപനത്തിന്റെ മേധാവിയായി ഒരാൾ വന്നാൽ, മരണം വരെ അയാൾ അവിടെ അള്ളിപ്പിടിച്ചുകൊള്ളണമെന്നില്ല. ഡയറക്റ്റർ ആയി പ്രവർത്തിക്കുന്ന ഒരാൾ, നിശ്ചിതകാലാവധിക്കുശേഷം സ്വമേധയാ സ്ഥാനമൊഴിഞ്ഞ്, തന്റെ പഴയ ലാവണത്തിലേക്കു പോകുന്നു, പഠിപ്പിക്കാനോ ഗവേഷണത്തിനോ വീണ്ടും ഒരുങ്ങിക്കൊണ്ട്. മറ്റൊരാൾ ഡയറക്റ്റർ സ്ഥാനം ഏറ്റെടുക്കുന്നു. അതിനൊരു ചന്തമുണ്ട്; കാലുഷ്യം ഒഴിവാക്കുന്ന ഒരു ക്രമമുണ്ട്. അതിനു പക്ഷേ മതി എന്നു വല്ലപ്പോഴെങ്കിലും തോന്നണം. സ്ഥാനം ഒഴിഞ്ഞുപോകുന്നത് തോൽവി ആണെന്നു തോന്നരുത്.

കെ കരുണാകരനോട് ഞാൻ ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ ചോദിക്കുകയുണ്ടായി. “ഒരു പുരുഷായുസ്സിൽ നേടേണ്ട രാഷ്ട്രീയാധികാരമൊക്കെ ലീഡർ നേടിയല്ലോ. മന്ത്രി, കേന്ദ്രമന്ത്രി, പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി. അങ്ങനെയങ്ങനെ. ഇതുകൊണ്ടൊന്നും മതിയായില്ലേ? ഇനിയും കളി തുടരണമോ?...” ചിരിച്ചുകൊണ്ട് ഉത്തരം പറയേണ്ട ആ ചോദ്യത്തിനുമുന്നിൽ അദ്ദേഹം ഗൌരവം പൂണ്ടു. ലീഡർ പറഞ്ഞു: “എനിക്ക് അധികാരം അധികാരത്തിനു വേണ്ടിയുള്ളതല്ല. ജനങ്ങളെ സേവിക്കാൻ വേണ്ടിയുള്ളതാണ് അതുകൊണ്ട് ഞാൻ അധികാരരാഷ്ട്രീയത്തിൽ ഇപ്പോഴും മുഴുകിയിരിക്കുന്നു.“ അത്രയും പറഞ്ഞ് അദ്ദേഹം പതിവു പോലെ കണ്ണിറുക്കി. ചോദ്യം മുട്ടിയപോലെ എന്റെ കണ്ണു തള്ളിപ്പോയി.

ഇത് രാഷ്ട്രീയത്തെ മാത്രം ബധിക്കുന്നതല്ല. കന്തകാലത്തോളം കണ്ണു നട്ടിരിക്കുന്ന നമ്മൾ ഒന്നിനെയും ഒരു ജന്മംകൊണ്ട് അവസാനിപ്പിക്കുകയില്ല. വീണ്ടും വീണ്ടും വീണ്ടും നേതാവായും നടികർതിലകമായും പംക്തികാരനായും സാമൂഹ്യസേവികയായും ഒരാൾ അവതരിക്കുന്നതും അരങ്ങു തകർക്കുന്നതും ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. നടനായും മോഡലായും അവതാരകനായും പിന്നെ പലതുമായും ഒരേ മുഖത്തെ, ഒരേ ശബ്ദത്തെ, എഴുന്നള്ളിച്ചാൽ തൃപ്തിപ്പെടുത്താവുന്നവരാണ് നമ്മുടെ പ്രേക്ഷകവൃന്ദം. അവർക്ക് മടുക്കുന്നില്ലെന്ന് നമ്മൾ വിശ്വസിക്കുന്നു. ആ വിശ്വാസത്തിന്റെ ബലത്തിൽ, പ്രായമായിട്ടും യൌവ്വനം നടിച്ച് രംഗത്തുവരാൻ നടീനടന്മാർ ബദ്ധപ്പെടുന്നു. അത് അവരുടെ
ദൌർബല്യവും ആവശ്യവുമാകുന്നു. ഇടക്ക് രംഗത്ത് അധികം വരാതെ പോയ ഒരു നടൻ വിഷാദരോഗിയായിയെന്ന് കേട്ടിട്ടുണ്ട്.

തനിക്ക് പ്രായമായില്ലെന്നു വരുത്താൻ ഒറിസയിലെ ഒരു മുഖ്യമന്ത്രി തന്റെ ചുറ്റും ചുറുപ്പക്കാരികളെ അണി നിരത്തിയിരുന്നുവത്രേ. അധികാരത്തിന്റെ മഴനിഴൽ പ്രദേശത്ത് കഴിഞ്ഞുകൂടുന്ന മറ്റുള്ളവർക്കും ഇതു ബാധകമാകുന്നു. “തനിക്ക് ഇപ്പോഴും ഇത് ആകും” എന്നു തെളിയിക്കാനാകും രാഷ്ട്രീയനിരീക്ഷകരുടെയും പംക്തികാരന്മാരുടെയും വെപ്രാളം. അമ്പതുകൊല്ലം രാഷ്ട്രീയനിരീക്ഷണം നടത്തുകയും പംക്തി എഴുതുകയും ചെയ്ത ആദരണീയനായ നിഖിൽ ചക്രവർത്തി അമ്പത്തൊന്നാമത്തെ കൊല്ലവും അതു തുടർന്നു. അതുകൊണ്ടുകൂടിയാകാം, അദ്ദേഹം എന്നും ആദരണീയനായിരുന്നു. തനിക്ക് ഇനി പുതുതായൊന്നും പറയാനില്ലെന്നു തോന്നുകയോ പറയില്ലെന്നു നിശ്ചയിക്കുകയോ ചെയ്താൽ ചിലപ്പോൾ ആ ആദരണീയതക്ക് ഊനം തട്ടിയേക്കും. വായനക്കാർ, അവരിൽ അധികാരവ്യാപാരികൾ വിശേഷിച്ചും, മറന്നുപോയേക്കും. “സാർ ഇപ്പോൾ എഴുതുന്നില്ലേ? നേതാക്കന്മാരൊന്നും കാണാൻ വരാറില്ലേ?” അനുതാപം നിറഞ്ഞ ആ ചോദ്യത്തിനൊരു മുടന്തൻ മറുപടിയെന്നോണം ഞാനും എഴുതിക്കൊണ്ടേ പോകുന്നു, ആരെങ്കിലും വായിച്ചാലും ഇല്ലെങ്കിലും, മതി വന്നാലും ഇല്ലെങ്കിലും.

ചാവി മുറുക്കിയ ചെണ്ടക്കാരൻ പാവയെപ്പോലെയാണ് നമ്മളിൽ മിക്കവരും. ഒരിക്കൽ തുടങ്ങിവെച്ചാൽ കൊട്ട് നിർത്താതെ തുടരുന്നു. നമ്മൾ വിചാരിച്ചാൽ പോലും കൊട്ട്
നിൽക്കില്ല. ഇനി കൊട്ടാൻ വയ്യെന്ന് മിക്കവർക്കും തോന്നുകയുമില്ല. എല്ലാ രംഗത്തും ഇതുതന്നെ നില. ഹൃദയശസ്ത്രക്രിയയിൽ അത്ഭുതകരമായ കൈപ്പുണ്യമുണ്ടായിരുന്ന പി കെ ആർ വാര്യരോട് ഞാൻ ഒരിക്കൽ ചോദിച്ചു: “ശസ്ത്രക്രിയ ചെയ്യുമ്പോൾ പഴയ പോലെ വിശ്വാസം തോന്നുന്നുണ്ടോ?“ അദ്ദേഹം പറഞ്ഞു: “ഇല്ല. നിർത്തി. ഞാൻ നേരത്തേ നിശ്ചയിച്ചിരുന്നു. സൂചിയിൽ നൂൽ കോർക്കാൻ വിഷമം തോന്നിത്തുടങ്ങിയാൽ നിർത്തും. ഇപ്പോൾ സൂചിയിൽ നൂൽ കോർക്കേണ്ടെന്നതു വേറെ കാര്യം. ഏതായാലും ഞാൻ മതിയാക്കി.” എല്ലാവരും പി കെ ആർ വാര്യരല്ല. വേറൊരു ഡോക്റ്റർ തീരെ അവശനായിട്ടും തന്റെ പേരിൽ മറ്റൊരാളെക്കൊണ്ട് ശസ്ത്രക്രിയ ചെയ്യിച്ച് പേരെടുത്തിരുന്നതായി കേട്ടിട്ടുണ്ട്. എനിക്ക് എല്ലാം എന്നും കഴിയും എന്ന അഹംഭാവമാണ് നമ്മുടെ പിൻബലവും മുൻബലവും.

ഇതൊന്നും കേട്ട് അത്ഭുതപ്പെടേണ്ട. അനശ്വരതയാണ് നമ്മുടെ സ്വപ്നം. ജരയും നരയും നിവാരണം ചെയ്ത്, കാലത്തെ കയ്യിലൊതുക്കി, കല്പാന്തകാലത്തോളം ഒരേ വേഷം ആടിത്തിമിർക്കാൻ ശ്രമിക്കുന്നതാണ് നമ്മുടെ പാരമ്പര്യം. നമുക്ക് ഒന്നും ഒരിക്കലും മതിയാവുന്നില്ല. മതിയാവുന്നവർ, നാലാളെ ഭ്രമിപ്പിക്കാൻ വേണ്ടി, പിന്നെയും പിന്നെയും ആട്ടം തുടരുന്നു.

(malayalam news may 23)

No comments: