Tuesday, October 11, 2011

പിള്ളയുടെ വിളികൊണ്ട ഫോൺ

ആർ ബാലകൃഷ്ണ പിള്ളയും ടെലിഫോണും തമ്മിൽ അക്ഷരവും അർഥവും തമ്മിലുള്ള ഒരു ബന്ധമുണ്ടെന്നു കാണുന്നു. അദ്ദേഹം ആരെയെങ്കിലും വിളിച്ചാലും ആരെങ്കിലും അദ്ദേഹത്തെ വിളിച്ചാലും വേറെ ആരെയെങ്കിലും ആരെങ്കിലും വിളിച്ചാലും
ചോദ്യകർത്താവായോ പലപ്പോഴും ഉത്തരവാദിയായോ ബാലകൃഷ്ണ പിള്ള ഉണ്ടാകും. ആരും വിശേഷിച്ചൊരു ശ്രമവും നടത്താതെത്തന്നെ അങ്ങനെയൊരു ബന്ധം ഉണ്ടായിപ്പോകുന്നു. ബാലകൃഷ്ണ പിള്ളയായതുകൊണ്ട് അത് അനിവാര്യമായ ഒരു വിവാദത്തിൽ കലാശിക്കുന്നുവെന്നേയുള്ളു.

ഇപ്പോൾ വിളികൊണ്ടിരിക്കുന്ന ഫോൺ ബന്ധം, ദേവഭാഷയിൽ പറഞ്ഞാൽ,
സർവവിദിതമാണ്. സർവവിദിതം എല്ലായ്പ്പോഴും എല്ലാവർക്കും അറിവുള്ളതാകണമെന്നില്ല. ജയിലിനെക്കാൾ സുഖമുള്ള ആസ്പത്രിമുറിയിൽനിന്ന് പിള്ളയും, ആരൊക്കെയോ പിള്ളയെയും, ഫോണിൽ വിളിച്ചിരിക്കുന്നുവെന്നാണ് സംസാരം. വിളി നടന്നുവോ, വിളി നടന്നെങ്കിൽ സംസാരം നടന്നുവോ, സംസാരം നടന്നെങ്കിൽ എന്തു സംസാരിച്ചു എന്നായിരിക്കണം അന്വേഷണത്തിന്റെ സാധാരണ ഗതി. വിളി നടന്നുവെന്ന് എല്ലാവരും സമ്മതിക്കുന്നു. അതുകൊണ്ടാണല്ലോ ജയിലിൽ, അല്ലെങ്കിൽ ആസ്പത്രിയിൽ, നാലു ദിവസം കൂടി കഴിയണമെന്ന കല്പന വന്നിരിക്കുന്നത്.

പക്ഷേ മുഖ്യമന്ത്രിയുമായോ അദ്ദേഹത്തിന്റെ സെക്രട്ടറിയുമായോ, എന്തു സംസാരിച്ചു എന്നതു പോയിട്ട്, എന്തെങ്കിലും സംസാരിച്ചുവോ എന്നു പോലും തീർത്തും തെളിഞ്ഞിട്ടില്ല. സംസാരം എന്തോ ആകട്ടെ, സംസാരം നടന്നോ ഇല്ലേ എന്ന ചോദ്യം അവിടെ ഇരിക്കട്ടെ, പിള്ളയും ഫോണും തമ്മിലുള്ള ബന്ധമാണ് ഒരാഴ്ചയായി നമ്മുടെ സംസാരവിഷയം. പിള്ളയാ‍യാൽ ഏതു ഫോൺ വിളിയും സംസാരമാകും. അതാണ് അദ്ദേഹത്തിന്റെ നാക്കിന്റെ ഗുണം.

ഇടമലയാറിന്റെ ഹീറോ ആയി വി എസ് അച്യുതാനന്ദൻ അവതരിക്കുന്നതിനുമുമ്പ്,
കാൽനൂറ്റാണ്ടിലേറെ മുമ്പ്, എല്ലില്ലാത്ത ആ നാക്ക് പിള്ളക്കു പിഴയായി. കൊച്ചിയിൽ ഒരു പ്രസംഗവേദിയിൽനിന്ന് വാചകമടിച്ചുപോയപ്പോൾ, സംഗതി പൊലിപ്പിക്കാൻ വേണ്ടി പറഞ്ഞ ഒരു വാക്യമാണ് ഗുലുമാലായത്. സാധാരണഗതിയിൽ നാലാൾ കയ്യടിക്കാവുന്ന ഒരു വാചകം. നമുക്കൊരു കോച് ഫാക്റ്ററി കിട്ടണമെങ്കിൽ, പഞ്ചാബ് മോഡൽ സമരം നടത്തണമെന്നാണെങ്കിൽ, അതുമാവാം--അത്രയേ പറഞ്ഞുള്ളൂ. പക്ഷേ അതിന്റെ പേരിൽ ചെങ്കൊടിക്കാരും മൂവർണക്കൊടിക്കാരും ഒരു പോലെ അദ്ദേഹത്തെ വളഞ്ഞിട്ടു ശകാരിച്ചു. അദ്ദേഹത്തിന്റെ ഉദ്യോഗം പോയി.

അതുമായി ബന്ധപ്പെട്ടും ഒരു ഫോൺ വിവാദം ഉണ്ടായി. പിള്ള വിളിച്ചതുമല്ല, കേട്ടതുമല്ല, ആ ഫോൺ വിളി. അദ്ദേഹത്തെ ദ്രോഹിക്കാൻ വേണ്ടി വേറൊരാൾ വേറൊരാൾക്ക് എത്തിച്ചതായിരുന്നു ആ വിളി. വിളിച്ചെന്നു പറയുന്നയാൾ മുഖ്യമന്ത്രി കെ കരുണാകരൻ. കേട്ടെന്നു പറയുന്നയാൾ ജസ്റ്റിസ് കെ പി രാധാകൃഷ്ണ മേനോൻ. ഒരു സൊല്ലയായി മാറിയ രാഷ്ട്രീയസുഹൃത്തിനെ ഒതുക്കാൻ വേണ്ടി ഒരു മുഖ്യമന്ത്രി ഒരു ഹൈക്കോടതി ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിക്കുക! ഒരു പുരുഷായുസ്സു മുഴുവൻ വിഴുങ്ങിയാലും തീരത്തതായിരുന്നു ആ വാർത്താമസാല. ഹാ കഷ്ടം, ഒന്നു രണ്ടാഴ്ചകൊണ്ട് അതിന്റെയും എരിവും പുളിയും പോയി.

ആ ഫോൺ വിളി വാർത്ത പൊട്ടിച്ച ഉശിരൻ ചെറുപ്പക്കാരൻ, രാജാമണി വേണു, പിന്നെ ഐ എഫ് എസ്സിൽ ചേർന്നു, അംബാസഡറായി. ആ വാർത്തയുമായി ബന്ധപ്പെട്ടവരിൽ ചിലർ മരിച്ചു. എന്നിട്ടും പുളി മാറാതെ ആ വാർത്തയുടെ ഓർമ്മ ഇന്നും നില നിൽക്കുന്നു. പുതിയ ഫോൺ വിവാദത്തിന്റെ പിൻ നിലാവിൽ അദ്ദേഹം പഴയതിനെപ്പറ്റിയും ഓർത്തു രസിക്കുന്നുണ്ടാകാം. അന്നത്തെ വിവാദംകൊണ്ടും അദ്ദേഹത്തിന് വലിയ ആപത്തൊന്നും ഉണ്ടായില്ലെന്നത് ഏതു ദേവന്റെ കാരുണ്യം?

അന്നത്തെ വിവാദത്തിൽ കരുണാകരനെ പൂട്ടണമെന്നേ ഉദ്ദേശമുണ്ടായിരുന്നുള്ളു. പിള്ളയെ ഒന്നു കൂടി ചൂടാക്കുകയുമാകാം. പക്ഷേ കൂടുതൽ സാമൂഹ്യപ്രാധാന്യമുള്ള ചോദ്യങ്ങൾ അന്നും ചർച്ച ചെയ്യപ്പെട്ടില്ല. ഇന്നത്തെ ഫോൺ സൌകര്യമൊന്നും അന്നില്ല. ഇന്നാണെങ്കിൽ എവിടന്ന് എത്രനേരം ആരെ വിളിച്ചു എന്ന് മനസ്സിലാക്കാൻ കഴിയും. എന്തു സംസാരിച്ചു എന്നറിയാൻ ഇന്നും വിഷമം തന്നെ--നേരത്തേ നിശ്ചയിച്ച്ട്ടില്ലെങ്കിൽ. കാലേക്കൂട്ടി ഉറപ്പിച്ചതാണെങ്കിൽ, സംസാരം മുഴുവൻ രേഖപ്പെടുത്താം, തെളിവായി വിളമ്പാം. പൌരന്റെ സ്വകാര്യത അത്രക്കൊക്കെയേ ഉള്ളു.

നമ്മുടെ ഫോൺ വിളി നടക്കുമ്പോൾ, സെൽ ഫോൺ നിലവിൽ വരാൻ പത്തിരുപതു കൊല്ലം പിന്നെയും വേണ്ടിയിരുന്നു. മുഖ്യമന്ത്രി നടത്തിയതായി പറയുന്ന ഫോൺ
ചോർത്താൻ രഹസ്യനിർദ്ദേശം ഉണ്ടായിരുന്നോ? മുഖ്യന്റെയും ന്യായാധിപന്റെയും ഫോൺ ചോർത്തിയെന്നു വേണം വിചാരിക്കാൻ, വാർത്ത പോയ പോക്കു കണ്ടപ്പോൾ. പക്ഷേ ഫോൺ വിളിക്ക് നിദാനമായി അന്ന് പുറത്തു വന്ന കടലാസുകൾ തെളിവെന്ന നിലയിൽ തീരെ അപര്യാപ്തമായിരുന്നു. അതു കൊണ്ടെന്താ? കാര്യം നടന്നില്ലേ?

സാധാരണ പൌരന്റെ ഫോൺ പൊലും ചോർത്താൻ അനുമതി കിട്ടണമെങ്കിൽ പൊലിസിന് പല നടപടിക്രമങ്ങളൂം പൂർത്തിയാക്കേണ്ടതുണ്ട്. തോന്നിയ പോലെ തോന്നുന്നവരുടെ ഫോൺ ചോർത്താൻ പറ്റില്ല. പിന്നെ എല്ലാവരുടെയും ഫോൺ
ചോർത്തണമെങ്കിൽ, അത്രയും ആളുകൾ ചോർത്താനും വേണ്ടിവരും. എന്തൊരു ചിലവും ദുരിതവുമാകും! അതിനു മീതെയാകും പൌരന്റെ സ്വകാര്യതയിലേക്ക് ഭരണകൂടത്തിന്റെ നുഴഞ്ഞുകയറ്റത്തെപ്പറ്റിയുള്ള കോലാഹലം. വാർത്ത കനപ്പിക്കാൻ വേണ്ടി ഫോൺ ചോർത്തിയതിന്റെ പേരിൽ സാക്ഷാൽ റൂപ്പർട് മർഡോക്കിനു തന്നെ ഈയിടെ പരസ്യമായി മാപ്പു പറയേണ്ടി വന്നത് ഓർക്കുമല്ലോ. പിള്ളയുടെ കാര്യത്തിൽ സ്വകാര്യതയെക്കാൾ കവിഞ്ഞതോ കുറഞ്ഞതോ ആയ എന്തൊക്കെയോ ആണ് ചർച്ച ചെയ്യപ്പെടുന്നതെന്നു മാത്രം.

കേമന്മാർ കൊണ്ടു നടക്കുന്ന ചില ഫോണുകളിൽ രഹസ്യം പരസ്യമാവാതിരിക്കാൻ ഒരു സംവിനമുണ്ടായിരിക്കും. പരസ്യമാക്കാൻ വയ്യാത്തതൊന്നുമില്ലാത്തവർക്ക് അതൊന്നും വേണ്ടായിരിക്കും. പിള്ള അങ്ങനെയല്ലല്ലോ. അദ്ദേഹം ഫോണിൽ പറയുന്നതും
കേൾക്കുന്നതും മൂന്നാമതൊരാൾക്കു മനസ്സിലാവാതാക്കുന്ന ഏർപ്പാടുള്ള സെൽ ഫോൺ കിട്ടിയാൽ കൊള്ളാമെന്നുണ്ടാകും പിള്ളക്ക്. പുതിയ രാഷ്ട്രീയ-സാമ്പത്തികസന്ദർഭത്തിന്റെ ഒരു ആവശ്യം കൂടിയാകുന്നു ആ സംവിധാനം. പണ്ടേ അതു മനസ്സിലാക്കിയ ആളാണ് പിള്ള. അതിന്റെ പേരിലും അദ്ദേഹം ദുരിതം സഹിച്ചു.

ഇടമലയാറിന്റെ മുമ്പാണ് കാലം. പിള്ള വൈദ്യുതി വകുപ്പിന്റെ ചുമതല ഏറ്റെടുത്തിട്ട് കാലം ഏറെയായിരുന്നില്ല. വൈദ്യുതപദ്ധതികളുടെ പ്രവർത്തനത്തെപ്പറ്റി ആശയവിനിമയം നടത്താൻ ബന്ധപ്പെട്ട എങിനീയർമാരും പദ്ധതി ആപ്പിസുകളും ഉപയോഗിക്കുന്ന ഒരു ഫോൺ ശൃംഖലയുണ്ട്. റാക്സ് എന്ന് അതിനെ പറഞ്ഞിരുന്നോ എന്നു തോന്നുന്നു. പദ്ധതിയുടെ അപ്പപ്പോഴത്തെ കാര്യങ്ങൾ കൈ മാറാൻ മാത്രം ഉദ്ദേശിച്ചുള്ളതാണ് ആ വയർലെസ് ഹോട് ലൈൻ. പൊലിസുകാരും മറ്റും ഉപയോഗിക്കുന്ന മട്ടിലൊരു സംവിധാനം. അതു കണ്ടപ്പോൾ അങ്ങനെയൊന്ന് തന്റെ വീട്ടിലും വേണമെന്നായി പിള്ള. തന്റെ ഇഷ്ടത്തെ നിയമമാക്കി മാറ്റുന്ന സ്വഭാവത്തിന് കേളി കേട്ടയാളാണ് പിള്ള. അദ്ദേഹം രഹസ്യ ഫോൺ ആഗ്രഹിച്ചു; അത് നടപ്പായി. ഇങ്ങനെ ചുരുക്കിപ്പറഞ്ഞുപോകുന്ന കാര്യവും, പുള്ളി പിള്ളയായിരുന്നതുകൊണ്ട്, അന്ന് നന്നേ കൊഴുത്തു എന്ന് ഓർത്തു പോകുന്നു.

(malayalam news oct 10)

No comments: