Monday, November 28, 2011

ജനവും അധികാരവും സമ്പർക്കവും

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്കപരിപാടിക്കെതിരെ ഉയർന്നിട്ടുള്ള പ്രധാനവും പ്രതീക്ഷിതവുമായ വിമർശനം രാഷ്ട്രീയലാഭവും പ്രശസ്തിയും ലാക്കാക്കി നടത്തുന്നതാണ് അതെന്നത്രേ. എന്തൊരു പൊള്ളയായ, കാഴ്ചക്കേടുള്ള വിമർശനം! ലാഭത്തിനുവേണ്ടിയല്ലാതെ ആരെങ്കിലും എന്തെങ്കിലും ചെയ്യുമോ? സഹിക്കാനാവുന്ന നഷ്ടമാണെങ്കിൽ പോലും, അത് ഏറ്റെടുക്കുന്നയാൾ മനസ്സിൽ പലതും കണ്ടിട്ടുണ്ടാകും. ആലോചിച്ചുറപ്പിച്ചു വരുത്തിവെക്കുന്ന നഷ്ടം യഥാർഥത്തിൽ നഷ്ടമല്ല, ഒരു തരം ലാഭം ആണെന്നു തന്നെ പറയണം. ത്യാഗമാണഭ്യുന്നതി എന്ന കവിവാക്യം അത്തരം
നഷ്ടക്കാർക്കുവേണ്ടി നമുക്ക് ഉരുവിട്ടുകൊണ്ടുപോകാം. ത്യാഗമെന്നോ ലാഭമെന്നോ നഷ്ടമെന്നോ മാറി മാറി വിളിക്കാവുന്ന ആ ചിത്തവൃത്തി കൈവരിക്കുകയാണ് ജീവിതത്തിന്റെ ലക്ഷ്യം. അതു നേടിയ ആളെന്ന പ്രശസ്തി, ഉമ്മൻ ചാണ്ടിക്കെന്നല്ല,
ആർക്കും സുഖിക്കും.

ഉമ്മൻ ചാണ്ടി ത്യാഗിയാണെന്നോ പ്രശസ്തിക്കുവേണ്ടി പരക്കം പായുന്ന ആളാണെന്നോ സമർഥിക്കുകയല്ല. പ്രശസ്തിക്കുവേണ്ടി ഓരോരുത്തരും അവനവന്റെ പ്രതിഭയിൽ വിരിയുന്ന പരിപാടികൾ ആവിഷ്കരിക്കുന്നു. പണ്ടു പണ്ട് , ഫോൺ അടിച്ചാലുടനെ ഓടിച്ചെന്നെടുക്കാൻ എന്റെ അഞ്ചു വയസ്സുകാരിയായ മകൾ അക്ഷമ കാണിച്ചിരുന്ന കാലം. അവൾ ആരോ ആയി കുശലം പറഞ്ഞുകൊണ്ടു നിൽക്കുന്നതു കണ്ട് എത്തിയ ഞാൻ ഫോൺ വാങ്ങിനോക്കിയപ്പോൾ, അപ്പുറത്തുള്ള കേമൻ നേതാവിന്റെ ശബ്ദം കേട്ടു. പിന്നെ മകളെപ്പറ്റിയും മകളുടെ അഛനെപ്പറ്റിയും നല്ല വാക്കുകൾ കേട്ടു. എന്തും ഞാൻ അവിശ്വസിച്ചിരുന്നു, പക്ഷേ എന്നെപ്പറ്റിയുള്ള നല്ല വാക്കുകൾ മാത്രം ഞാൻ എന്നും വിശ്വസിച്ചുപോന്നു. എന്റെ മനസ്സിൽ നല്ലവനായ, എന്നെപ്പറ്റി നല്ല വാക്കു പറയുന്ന ആ നേതാവ് പിന്നെപ്പിന്നെ കയറിപ്പോവുകയായിരുന്നു. ഏതാണ്ട് അതേ വാർപ്പിലുള്ള വേറൊരു നേതാവ് ആളുകൾ കൂട്ടം കൂടി നിൽക്കുന്നിടത്തെത്തി കൈകൾ പുറകോട്ടു കെട്ടി നിൽക്കും. ആളുകൾ അങ്ങോട്ടുമിങ്ങോട്ടും നോക്കിനിൽക്കേ, ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി, നേതാവ് അദ്ദേഹത്തിന്റെ ഒരു പ്രസ്താവന---സൂര്യൻ കിഴക്കുദിക്കെമെന്നോ ഹിമാലയത്തിൽ മഞ്ഞുറയുന്നുവെന്നോ എന്തുമാകാം---ഇസ്തിരിയിട്ടു മടക്കി കയ്യിൽ വെച്ചു തരും. അച്ചടിക്കാവുന്ന എന്തു പ്രസ്താവനയും അദ്ദേഹം ഇറക്കിക്കളയും. പ്രശസ്തിയുടെ മാർഗ്ഗം ദുരൂഹവും ദുർഗ്ഗമവുമാണെന്നു പറയാനേ ഇവിടെ ഉദ്ദേശിച്ചുള്ളൂ.

അങ്ങനെ പെരുമക്കുവേണ്ടിയുള്ള ഒരു തട്ടിപ്പായി ഉമ്മൻ ചാണ്ടിയുടെ പരിപാടിയെ കണ്ടുകൂടാ. പ്രശസ്തി അതുവഴി ഉണ്ടാകുക സ്വാഭാവികം. ആരും അറിയാതെ അതു നടപ്പാക്കാൻ കഴിയില്ല. അങ്ങനെയൌർ ശ്രമം നടത്തിയലോ, അതു കൂടുതൽ പെരുമക്കേ വഴി വെക്കുകയുള്ളൂ. പ്രശസ്തി വേണ്ടെന്നു വെക്കുന്നു എന്നു നടിക്കുന്നവർക്ക് കൂടുതൽ പ്രശസ്തി കൈവന്ന സന്ദർഭങ്ങൾ എണ്ണിത്തീർക്കാൻ കഴിയില്ല. നേരത്തേ സൂചിപ്പിച്ച രണ്ടു പേരുണ്ടല്ലോ, ഇസ്തിരിയിട്ട പ്രസ്താവനക്കാരനും കൊച്ചുകുട്ടിയോട് പുന്നരം പറയുന്ന കേമനും, അവർക്ക് അവർ പറായുന്നതെന്തും വാർത്തയാണെന്നു തോന്നിപ്പിക്കാൻ ഒരു വിരുതുണ്ടെന്നു കാണാം.

ഉമ്മൻ ചാണ്ടിയുടെ ശേഷിയെയും ക്ഷമയെയും കാര്യക്ഷമതയെയും പറ്റി ഇതിനിടെ ഞാനും ഏറെ കേട്ടിരിക്കുന്നു. ആരു പറയുന്നതു കേൾക്കാനും ഒരു ചെവി ബാക്കി വെക്കുന്ന കൂട്ടത്തിലാണ് അദ്ദേഹം. അതൊരു ശക്തിയാണെങ്കിൽ, ശക്തി എന്നു പറയാൻ വയ്യാത്ത ഒരു ഗുണവും ഒരിക്കൽ അദ്ദേഹത്തിൽ കണ്ടിരുന്നുവത്രേ. ഒന്നിനും “വയ്യ“ എന്നു മറുപടി പറയാൻ അദ്ദേഹം അശക്തനായിരുന്നുവെന്നാണ് ശ്രുതിയും സ്മൃതിയും. അങ്ങനത്തെയൊരാളുടെ വാതിൽക്കൽ ആളുകൾ കൂട്ടം കൂടുന്നത് വെളിച്ചം വന്നാൽ പൂവ് വിടരുന്നതുപോലെ സ്വാഭാവികമല്ലേ? കാലാന്തരത്തിൽ എന്തും
ഏൽക്കുന്ന ശീലത്തിന് അല്പം അയവു വന്നിട്ടുള്ളതായി കേൾക്കുന്നു. ഏതായാലും ആ ശീലത്തിന്റെ തുടർച്ചയായി കൂട്ടിയാൽ മതി ജനസമ്പർക്ക പരിപാടിയെ.

വിമർശകർ പോലും സമ്മതിച്ചു കൊടുക്കേണ്ട ഒരു കാര്യം പറയട്ടെ. കെട്ടിക്കിടക്കുന്ന കുറെ കടലാസുകളെങ്കിലും ഒറ്റയടിക്ക് തീരുമാനവുമായി വിതരണം ചെയ്യപ്പെടുന്നു. അത്രക്കേയുള്ളു മിക്ക കടലാസുകളിലെയും പ്രശ്നം. പക്ഷേ അവ്യാഖ്യേയമായ എന്തോ കാരണത്താൽ അവ യുഗങ്ങളായി അവിടെ കെട്ടിയോ കെട്ടില്ലാതെയോ കിടക്കുന്നു. രാഷ്ട്രീയലാഭത്തിനുവേണ്ടിയായാലും പ്രശസ്തിക്കുവേണ്ടിയായാലും, ആ പരിപാടികൊണ്ട് കുറെ സാധുക്കളും അവശന്മാരും തൽക്കാലം രക്ഷപ്പെട്ടു. വെളുപ്പാൻ കാലം മുതൽ പാതിരാവു വരെ നീണ്ടുപോകുന്ന ആ പരിപാടിയുടെ ഗുണഫലം ആഘോഷിക്കുകതന്നെ വേണം.

വിമർശനമായി പറയാവുന്ന വേറൊന്ന് തോന്നുന്നു. മുഖ്യമന്ത്രിക്ക് ഒറ്റയടിക്ക് തീർക്കാവുന്ന പ്രശ്നമാണെങ്കിൽ, എന്തിന്, എന്തുകൊണ്ട്, ഇങ്ങനെ കെട്ടിക്കിടന്നു? വില്ലേജ് ഓഫിസരുടെയും ശിരസ്തദാരുടെയും സെക്രട്ടറിയുടെയുമൊക്കെ ജോലി ഒരിരുപ്പിന് മുഖ്യമന്ത്രിക്കെ ചെയ്തു തീർക്കാവുന്നതാണെങ്കിൽ, ആ തുക്ടിമാരെ പറഞ്ഞു വിടണം. ഉമ്മൻ ചാണ്ടിയെ ഇഷ്ടമല്ലാത്തവർക്ക് വേണമെങ്കിൽ അദ്ദേഹം അവരെയൊക്കെ നിർഗുണരും നിഷ്ക്രിയരും ആക്കുന്നുവെന്നു പറയാം. ജനസമ്പർക്കപരിപാടിയിലൂടെ തെളിഞ്ഞ വീര്യം അവരിലേക്കും സംക്രമിപ്പിച്ചാൽ, ഉമ്മൻ ചാണ്ടി വിജയിച്ചുവെന്ന് സമ്മതിക്കേണ്ടി വരും.

അധികാരത്തോടുള്ള ജനത്തിന്റെ ഭാവവും ഇതോടൊന്നിച്ചു വായിക്കണം. അവരുടെ മനോഭാവമാണ് ജനസമർക്കപരിപാടിയുടെ നിദാനം. എല്ലാവർക്കും, ആവർത്തിച്ചു പറയട്ടെ, എല്ലാവർക്കും അധികാരവുമായി ബന്ധപ്പെട്ടിരിക്കാൻ ഇഷ്ടമാകുന്നു. മുഖ്യമന്ത്രിയുടെ പരിചയക്കാരനല്ലെന്നു പറയാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ? ഉമ്മൻ ചാണ്ടിയെ ഞാൻ കണ്ടിട്ട് എത്രയോ കാലമായെങ്കിലും എന്റെ അടുത്ത പരിചയക്കാരനാണ് മുഖ്യമന്ത്രി എന്ന് കഴിഞ്ഞ ഒരാഴ്ചക്കുള്ളീൽ തന്നെ ഞാൻ എത്ര തവണ എവിടെയൊക്കെ തട്ടിമൂളിച്ചിരിക്കുന്നു!

തന്റെ കടലാസ് നോക്കി, അനുകൂലമായ ഒരു മറുപടിയോ നടപടിയോ
ശിരസ്തദാരിൽനിന്നുണ്ടായാൽ, ഏത് അപേക്ഷകനും സന്തോഷിക്കും. മുഖ്യമന്ത്രി തന്നെ നേരിട്ട് അതിനുള്ള മറുപടി കൊടുക്കുകയാണെങ്കിലോ? ആനന്ദലബ്ധിക്കിനി എന്തു വേണം? വാസ്തവത്തിൽ ജനത്തിനും അധികാരത്തിന്റെ സ്പർശമോ ഗന്ധമോ ഏറ്റാൽ ഹരമാകും. സമ്പർക്കപരിപാടിയുടെ വിജയത്തിന്റെ പ്രധാനകാരണം ഉമ്മൻ ചാണ്ടിയുടെ ഭരണപ്രതിഭയല്ല, ജനഹൃദയത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ അവബോധമാകുന്നു.

ഉമ്മൻ ചാണ്ടിയുടെ മുറിക്കുമുമ്പിൽ തടിച്ചുകൂടുന്നതുപോലെ, ജനം കെ കരുണാകരന്റെ വാതിൽക്കലും തടിച്ചുകൂടിയിരുന്നു, കാത്തുകെട്ടിക്കിടന്നിരുന്നു. രണ്ടുപേർക്കും
വാതിൽക്കൽ ആളുകൾ കാത്തുകെട്ടിക്കിടക്കുന്നത് ഇഷ്ടമാണു താനും. സൌകര്യപ്പെടുമെങ്കിൽ, ഹാജരായിട്ടുള്ള എല്ലാവരുടെയും പരാതി കേൾക്കും. ആൾ തിങ്ങി വാതിൽക്കൽ മുട്ടു തുടങ്ങുമ്പോൾ, കരുണാകരൻ പുറത്തിറങ്ങും. ഓരോരുത്തരുടെയും പരാതി പ്രത്യേകം കേൾക്കാൻ നേരമില്ല. പക്ഷേ അവരുടെ പരാതി മുഖ്യമന്ത്രി തന്നെ സ്വീകരിച്ചുവെന്ന് അവർക്ക് തോന്നുകയും വേണം. പുറത്തുവന്നയുടൻ, തന്നെപ്പൊതിഞ്ഞ ആൾക്കൂട്ടത്തിൽനിന്ന് അദ്ദേഹം അപേക്ഷകൾ കൂട്ടം കൂട്ടമായി പിടിച്ചുവാങ്ങും. ആ അപേക്ഷകളെല്ലാം ആരെങ്കിലും പിന്നെ വായിച്ചു നടപടിയെടുക്കാറുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. ഫലമുണ്ടായില്ല. ഓരോ പരാതിയും നേരത്തേ വാങ്ങി, എടുക്കാവുന്ന നടപടി രേഖപ്പെടുത്തി വെച്ചിട്ട് മുഖ്യമന്ത്രിയെ കാണുകയല്ലേ നല്ലതെന്നു ഞാൻ തിരക്കി. ഉത്തരം ഇങ്ങനെ ആയിരുന്നു: മുഖ്യമന്ത്രിക്ക് ഇതാണ് ഇഷ്ടം. സന്ദർശകർക്കും ഇതു തന്നെ ഇഷ്ടം. പിന്നെ ജനസമ്പർക്കപരിപടി ഉത്സവമാകാതിരിക്കുമോ? ഉമൻ ചാണ്ടി അതൊരു ഉത്സവം തന്നെ ആക്കി എന്നു മാത്രം.

സമകാലീനകാര്യങ്ങളെപ്പറ്റിയുള്ള ടെലിവിഷൻ പരിപാടികളിൽ ഏറെ പ്രചാരം ഉണ്ടായിരുന്ന ഒന്നായിരുന്നു ഇ കെ നായനാരുടെ ചോദ്യോത്തരങ്ങൾ. ഫലമെന്തായാലും, അതു കണ്ട് ആളുകൾ നന്നായി ചിരിച്ചു. ചിലപ്പോൾ
ചോദ്യകർത്താവിന്റെ പ്രശ്നത്തിൽനിന്നാവാം, പലപ്പോഴും ഉത്തരദായകന്റെ ആംഗ്യത്തിൽനിന്നോ ആക്ഷേപത്തിൽനിന്നോ ആവാം, ഫലിതം ഉയരും. ഏതായാലും പരിപാടി പോപ്പുലർ ആയി. അതിന്റെ പ്രധാനകാരണം അതു വഴി ജനത്തിന് അധികാരത്തോടുള്ള അഭിഗമ്യത ഉറപ്പു വരുത്തിയതായിരുന്നു. മുഖ്യമന്ത്രിയുമായി രണ്ടു വാക്ക് മൊഴിഞ്ഞുപോരാമല്ലോ, ഞാനും കണ്ടല്ലോ മുഖ്യമന്ത്രിയെ എന്ന് പുളുവടിക്കാമല്ലോ.

ആതൻസിൽ, പുരാതനയുഗത്തിൽ, ജനങ്ങൾ ജനങ്ങളെ നേരിട്ടു ഭരിക്കുകയായിരുന്നു. പ്രതിനിധികൾ ഉണ്ടായിരുന്നില്ല. ആ യുഗത്തിന്റെ മഹിമയിലേക്ക് തിരിച്ചുകൊണ്ടുപോകുന്നില്ലെങ്കിലും, ജനങ്ങൾക്ക് തങ്ങളുടെ “അധിപ“രുമായി നേരിട്ടിടപഴകാൻ ഉമ്മൻ ചാണ്ടിയുടെ പരിപാടി വഴി ഒരുക്കിയിരിക്കുന്നു. സാമൂഹ്യമനശ്ശാസ്ത്രത്തിലെ സർഗ്ഗാത്മകമായ ഒരു നീക്കമെന്ന നിലക്ക് അതിന്റെ പ്രാധാന്യം കുറച്ചുകണ്ടുകൂടാ. പക്ഷേ സർക്കാർ സമം മുഖ്യമന്ത്രി എന്നും, തങ്ങളുടെ ജോലി തങ്ങൾ ചെയ്തില്ലെങ്കിൽ മുഖ്യമന്ത്രി ചെയ്തുകൊള്ളുമെന്നും ഒക്കെ ബ്യൂറോക്രാറ്റുകൾ വിചാരിച്ചാൽ, ഉമ്മൻ ചാണ്ടി വീണ്ടും വീണ്ടും തന്നെത്തന്നെ ഓർമ്മിപ്പിക്കേണ്ടി വരും: ഇക്കണ്ടതൊന്നും കണക്കല്ല മന്നവ!.

(malayalam news nov 28)

No comments: