Monday, December 19, 2011

മുല്ലപ്പെരിയാറും മനശ്ശാസ്ത്രവും

മുല്ലപ്പെരിയാറും ഡാനിയൽ കാഹ്നേമനും തമ്മിൽ ഒരു ബന്ധവുമില്ല. കാഹ്നേമൻ മുല്ലപ്പെരിയാറിനെപ്പറ്റി കേട്ടിരിക്കില്ല. മുല്ലപ്പെരിയാറിൽനിന്നിറങ്ങുന്ന വെള്ളത്തിൽ ഒലിച്ചുപോകുന്നവരുടെ കണക്കെടുത്തു രസിക്കുന്ന നമ്മുടെ രാഷ്ട്രീയപൺഡിതർ അദ്ദേഹത്തെപ്പറ്റിയും കേട്ടിരിക്കില്ലെന്ന് മൂന്നു തരം.

അമേരിക്കയിലെ ഒരു മനശ്ശാസ്ത്രജ്ഞനാണ് കാഹ്നേമൻ. ധനശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ മനശ്ശാസ്ത്രജ്ഞൻ. വെറും മനശ്ശാസ്ത്രജ്ഞൻ എന്ന നിലക്ക് അദ്ദേഹത്തിന് നൊബേൽ പുരസ്ക്കാരം കിട്ടുമായിരുന്നില്ല. കാരണം ആ വിഷയത്തിൽ നൊബേൽ സമ്മാനമില്ലെന്നതു തന്നെ. അതുകൊണ്ട് ധനപരമായ കാര്യങ്ങളിൽ മനസ്സ് വ്യാപരിക്കുന്ന രീതികളെപ്പറ്റി നിഷ്കൃഷ്ടമായ പഠനം നടത്തിയതിന് ധനശാസ്ത്രത്തിലെ നൊബേൽ സമ്മാനം അദ്ദേഹത്തിനു കൊടുത്തു.

അഞ്ചാറു കൊല്ലം മുമ്പ് സമ്മാനം പ്രഖ്യാപിക്കപ്പെട്ടപോൾ, പ്രിൻസ്റ്റണിൽ അധ്യാപകനായിരുന്ന കാഹ്നേമൻ പ്രധാനപ്പെട്ട ഒരു കാര്യം കണ്ടെത്തി. സമ്മാനം കിട്ടിയതോടെ സർവ്വകലാശാലാമേധാവിയോടൊപ്പം സംവരണം ചെയ്യപ്പെട്ട ഒരിടത്ത് കാർ പാർക്കു ചെയ്യാൻ അദ്ദേഹത്തിന് അനുവാദം കിട്ടി പോലും. ചില്ലറ നേട്ടമാണോ കാർ പാർക്കു ചെയ്യാനുള്ള സ്ഥലം? ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന നേട്ടത്തോടും നഷ്ടത്തോടും ഓരോരുത്തരും ഓരോരോ രീതിയിലായിരിക്കും പ്രതികരിക്കുക. നൊബേൽ കിട്ടുമ്പോൾ ഉണ്ടാകുന്ന പ്രശസ്തിയും പണവും പുതിയ പഠനാവസരങ്ങളും ഓരോരുത്തരെ ആവേശം കൊള്ളിക്കും. ഒട്ടൊക്കെ തമാശയായിട്ടാണെങ്കിൽ പോലും, കാർ പാർക്കു ചെയ്യാൻ പ്രത്യേകസ്ഥലം കിട്ടാനുള്ള അർഹത നൊബേൽ വഴി കൈവന്നതായിരുന്നു കാഹ്നേമന്റെ ആവേശം. കൊച്ചി തിരുവിതാംകൂറിനോടു ചേർത്തപ്പോൾ, പകരം എന്തു വേണമെന്ന ചോദ്യത്തിന് കൊച്ചി രാജാവ് പറഞ്ഞുവത്രേ: “ആണ്ടു തോരും ഇറക്കുന്ന സർക്കാർ കലണ്ടർ കിട്ടിയാൽ കൊള്ളാം.” കാഹ്നേമന്റെയോ കൊച്ചി രാജാവിന്റെയോ മനോവ്യാപാരരീതിയെപ്പറ്റി ഗവേഷണം നടത്തിയാൽ വീണ്ടും മനശ്ശാസ്ത്രത്തിന് നൊബേൽ സമ്മാനം വീണേക്കും.

മുല്ലപ്പെരിയാറിലെ അണ പൊട്ടുമെന്ന പേടിയും പൊട്ടില്ലെന്ന ഉറപ്പും എന്തുണ്ടാകുമെന്നോ ചെയ്യണമെന്നോ അറിയാത്ത മനസ്സിന്റെ നില തെറ്റിയ നിലയും അനുഭവിച്ചും മറ്റുള്ളവർക്ക് ആവേശട്ട്തോടെ പകർന്നു കൊടുത്തും കഴിയുന്ന രാഷ്ട്രീയ-ഭരണധുരന്ധരന്മാരുടെ മനശ്ശാസ്ത്രം കാഹ്നേമന്റെ കൃത്യതയോടെ പഠിക്കാൻ കൊള്ളുമെന്നു തോന്നുന്നു. അതു നടന്നാലും ഇല്ലെങ്കിലും, അ വക ഭയവും വിശ്വാസവും സംഭ്രമവും കുഴഞ്ഞുമറിയുമ്പോൾ, ഞാൻ വീണ്ടും കാഹ്നേമനെപ്പറ്റി വീണ്ടും വായിക്കാനിടയായി.

“ആലോചന: ആയത്തിലും വേഗത്തിലും” എന്നു തർജ്ജമ ചെയ്യാവുന്ന Thinking, Fast and Slow എന്ന അദ്ദേഹത്തിന്റെ പുസ്തകം ഉയർന്ന തലത്തിൽ ചർച്ചാവിഷയമായിരിക്കുന്നു. ഞാൻ വായിച്ച രണ്ടു നിരൂപണങ്ങളിൽ ഒന്നെഴുതിയത് ഫ്രീമാൻ ഡൈസൺ എന്ന ബലതന്ത്രജ്ഞനായിരുന്നു. ബലതന്ത്രത്തിലേക്ക് എത്തുന്നതിനുമുമ്പ് അദ്ദേഹം സ്ഥിതിവിവരഗണിതം പ്രയോഗിച്ചുനോക്കുകയായിരുന്നു: യുദ്ധകാലത്തെ ബോംബർ വിമാനങ്ങളുടെ വിജയപരാജയസാധ്യതകളെപ്പറ്റിയുള്ള പഠനത്തിൽ. ഒടുവിൽ അദ്ദേഹം എത്തിനിൽക്കുന്നതോ, അധ്യാത്മികകാര്യങ്ങളിലെ ഗവേഷണത്തിനുള്ള സമ്മാനം നേടിയ ആളെന്ന നിലക്കും. മനസ്സിന്റെ വ്യാപാരത്തെപ്പറ്റിയുള്ള പുസ്തകത്തിന്റെ നിരൂപകനായി പരിണമിക്കുന്ന ബലതന്ത്രജ്ഞന്റെ താല്പര്യവൈവിധ്യവും പഠനീയം തന്നെ.

ആളുകൾ ധനപരമായ തീരുമാനം ഏടുക്കുന്നതെങ്ങനെയെന്നായിരുന്നു ആദ്യം കാഹ്നേമന്റെ അന്വേഷണം. സങ്കീർണമായ ആ അന്വേഷണത്തിന്റെ ഒരു നിഗമനം യുക്തിക്കുള്ള സ്ഥാനം അത്ര വലുതൊന്നുമല്ലെന്നായിരുന്നു. കർക്കശമായ യുക്തിയുടെ അടിസ്ഥാനത്തിലല്ല ആളുകൾ തീരുമാനം എടുക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി. ഏതാണ്ട് അതു തന്നെയായിരുന്നു ബോംബർ വിമാനങ്ങളുടെ പ്രവർത്തനത്തെപ്പറ്റി സ്ഥിതിവിവരഗണിതത്തിന്റെ അടിസ്ഥാനത്തിൽ പഠനം നടത്തിയപ്പോൾ തനിക്കു തോന്നിയതും എന്ന് ഫ്രീമാൻ ഡൈസൺ പറയുന്നു. അനുഭവസമ്പന്നതയെക്കാൾ ഇത്തരം സന്ദർഭങ്ങളിൽ പ്രധാനമാകുന്നത് സ്വതവേയുള്ള പ്രത്യുല്പന്നമതിത്വമാണത്രേ.

മനശ്ശാസ്ത്രപഠനം രസാവഹമായ രംഗങ്ങളിലേക്ക് കടന്നുകൊണ്ടിരിക്കുന്നു. ഇന്റർവ്യുവിന്റെ സങ്കേതങ്ങൾ പരിഷ്കരിക്കുകയായിരുന്നു തുടക്കത്തിൽ കാഹ്നേമന്റെ ദൌത്യം. പട്ടാളത്തിൽ ചേരാൻ പോകുന്നവരുമായി ആഢ്യമ്മന്യരായ കുറെ പേർ പത്തു പതിനഞ്ചു മിനുറ്റു നേരം സംസാരിക്കുന്നു; അതിന്റെ അടിസ്ഥാനത്തിൽ അവർ ചില നിഗമനങ്ങളിൽ എത്തുന്നു. പ്രവചനസ്വഭാവമുള്ള ആ നിഗമനങ്ങൾ മിക്കവാറും തെറ്റായിരുന്നുവത്രേ. ഇന്റർവ്യു സങ്കേതത്തെ കണീശവും നിഷ്കൃഷ്ടവുമാക്കിക്കൊണ്ടായിരുന്നു കാഹ്നേമന്റെ തുടക്കം. അത് കൂടുതൽ വിശ്വാസ്യമാണെന്നു കാണുകയും ചെയ്തു.

നിഷ്കൃഷ്ടത ഏതു രംഗത്തും സ്വാഗതാർഹമാകും. കാഹ്നേമന്റെ ഒപ്പം ജോലി ചെയ്തിരുന്ന ഒരു മനശ്ശാസ്ത്രജ്ഞൻ ദാമ്പത്യം നിലനിൽക്കാനുള്ള സാധ്യതയെപ്പറ്റി പഠിക്കുകയുണ്ടായി. ദമ്പതികളുമായി സംസാരിക്കുന്ന കോൺസലർമാർ ഏതെങ്കിലും ദാമ്പത്യത്തെപ്പറ്റി നടത്തുന്ന പ്രവചനത്തെക്കാൾ എത്രയോ ശരിയായിരുന്നു അദ്ദേഹം വികസിപ്പിച്ചെടുത്ത നിർദ്ധാരണരീതി. ആ നിലക്ക്, ദാമ്പത്യം നില നിൽക്കുമോ എന്ന് മനശ്ശാസ്ത്രജ്ഞനിൽ നിന്നു മനസ്സിലാക്കിയിട്ടുവേണം ജാതകം നോക്കാനും സ്ത്രീധനം നിശ്ചയിക്കാനും എന്നു പറയാം.

മനശ്ശാസ്ത്രത്തിൽ നൊബേൽ സമ്മാനമില്ലെങ്കിലെന്താ? എല്ലാ വ്യാപാരത്തിലും മനശ്ശാസ്ത്രമുണ്ട്. ധൈര്യം എങ്ങനെ ഉണ്ടാവുന്നു? നഷ്ടം വരുമ്പോൾ ഏതു തരത്തിലുള്ളതാണ് പെരുമാറ്റം? നുണ പറയാനുള്ള പ്രവണതയുടെ ഉറവിടം എവിടെ? അങ്ങനെ ആലോചിക്കാവുന്ന വ്യാപാരത്തിലെല്ലാം ഒരു മനശ്ശാസ്ത്രവശം കാണാം. നമ്മുടെ ധർമ്മബോധത്തെപ്പോലും മനശ്ശാസ്ത്രപരമായി അളന്നു മനസ്സിലാക്കാൻ പറ്റും. അങ്ങനെ ധർമ്മബോധം, അല്ലെങ്കിൽ സദാചാരനിരതത്വം, അളന്നു നോക്കാൻ ഒരു മാനദണ്ഡം ക്രമീകരിച്ചിട്ടുള്ള ആളാണ് മാർക് ഹോസർ. അതിനെ Moral Sense Test എന്നു പറയുന്നു.

എളുപ്പമെന്നോ സാധാരണമെന്നോ നിസ്സാരമെന്നോ തോന്നുന്ന പത്തു ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു. അവക്ക് അധികം ആലോചിക്കാതെ മറുപടി എഴുതണം. ഓരോ ഉത്തരം എഴുതുമ്പോഴും സംശയം തോന്നും, ഇതോ ശരി, അതോ? അങ്ങനെ
ധർമ്മസങ്കടം ഉണർത്തുന്നവയായിരിക്കും ചോദ്യങ്ങൾ. ഉദാഹരണത്തിന്, നിങ്ങളുടെ മുന്നിൽ നടക്കാൻ പോകുന്ന ഒരു മരണം. നിങ്ങൾ ഇടപെട്ടാൽ ഉണ്ടാകാവുന്ന ഫലം. നിങ്ങൾ ഇടപെടാതിരുന്നലത്തെ സ്ഥിതി. രണ്ടും ഇടതട്ടിച്ചുനോക്കുമ്പോൾ ശരിയേത്, തെറ്റേത് എന്നു നിശ്ചയിക്കാൻ പ്രയാസമായിരിക്കും. നിങ്ങൾ എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിങ്ങളൂടെ ധർമ്മബോധം നിർണയിക്കുക. എന്റേത് ഞാൻ തന്നെ വിലയിരുത്തിനോക്കി, ഹോസറുടേ ഫോർമുലവെച്ചുകൊണ്ട്. എന്റെ ധർമ്മബോധം കുറെ കർക്കശവും കഠിനവുമാണെന്നായിരുന്നു കണ്ടെത്തൽ.

(malayalam news dec 19)

No comments: