Monday, November 10, 2014


എം വി രാഘവൻ ഇന്നലെ, നവന്പർ 9, മരിച്ചു.
ഇന്നത്തെ മംഗളത്തിലും മലയാളം ന്യൂസിലും ഈ ലേഖനം വന്നു.
മംഗളത്തിലെ തലക്കെട്ട്: നടക്കാതെ പോയ നാഗോൽസവം.


എം വി രാഘവൻ


കയ്യാങ്കളിക്ക് ഏറ്റവും പറ്റിയ തറയാണ് നിയമസഭ എന്നു പറഞ്ഞുകൂടാ. എന്നാലും എം വി ആറിനെ പൊതിരെ തല്ലിയത് അതിന്റെ നടുത്തളത്തിലായിരുന്നു. ഏതെല്ലാമോ കാലുകൾ അദ്ദേഹത്തിന്റെ മേൽ വീണു. അവയുടെ ഉടമസ്ഥത ആർക്കും ഏറ്റെടുക്കാം. കോടിയേരി ബാലകൃഷ്ണനും കോട്ടമുറിക്കൽ ഗോപിയും ഉണിക്കൃഷ്ണ പിള്ളയും ആഞ്ജലോസും മറ്റും ചാടി വീണ ദ്രുതകർമ്മസേനയിൽ പെട്ടിരുന്നു. പാർട്ടിയിൽ പെടാത്ത പങ്കജാക്ഷൻ പോലും അട്ടഹസിച്ചു: "അവന്റെ കച്ചവടം ഞങ്ങൾ തീർക്കും.”

"അവന്റെ" പ്രതിവിപ്ലവം ചില്ലറയായിരുന്നില്ല. സംസ്കൃതസ്വരൂപനായ ടി കെ രാമകൃഷ്ണനെ "ആക്രമിക്കാൻ" ചെന്നിരിക്കുന്നു! ആഭ്യന്തരമന്ത്രിയാണ് ടി കെ. പ്രാദേശികവിപ്ലവത്തിന്റെ കരിങ്കൽ സ്തംഭം. എം വി രാഘവൻ അദ്ദേഹത്തെ ആക്രമിച്ചുവെന്ന കഥ, പലപ്പോഴുമെന്ന പോലെ, ചരിത്രം വളച്ചെഴുതാനുള്ള കൃത്രിമത്തിന്റെ ഭാഗമായിരുന്നു. അതായിരുന്നു എം വി ആറിനെ ഇഷ്ടമല്ലാതിരുന്ന പ്രതിവിപ്ലവകാരികളായ പാണന്മാർക്കും പാടി നടക്കാൻ ഇഷ്ടം.

സംഭവത്തിന്റെ നേർക്കാഴ്ച ഇങ്ങനെ: തന്റെ കള്ളൊപ്പിട്ട ഏതാനും ഓഹരിപത്രങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് എം വി ആർ തൊണ്ട പൊട്ടുമാറ് പറഞ്ഞു, "ഇപ്പണി പറ്റിച്ചതാരെന്നു കണ്ടു പിടിക്കണം." അദ്ദേഹം സ്ഥാപിച്ച് അധ്യക്ഷനായിരിക്കുന്ന സഹകരണാസ്പത്രിയുടേതായിരുന്നു ഓഹരിപത്രം.
അദ്ദേഹത്തിന്റെ പേരിലായിരുന്നു ഒപ്പ്--അദ്ദേഹം അറിയാതെ. അതിന്റെ പിൻബലത്തിലായിരുന്നു അദ്ദേഹത്തിന്റെ തന്നെ നിഷ്കാസനം.

ആ അസംബന്ധനാടകത്തെപ്പറ്റി അന്വേഷിക്കണമെന്ന വനരോദനത്തിന്റെ ഒടുവിൽ, ഒന്നുമറിയാത്ത പാവത്തിന്റെപ്പോലെ പ്രസംഗം തുടർന്നിരുന്ന ആഭ്യന്തരമന്ത്രിയുടെ അടുത്തേക്ക് എം വി ആർ ഇറങ്ങിച്ചെന്നു. കുപിതനും ദുഖിതനുമായ അംഗം നീട്ടിയ ഓഹരിപത്രം വാങ്ങുന്നതു പോയിട്ട്, നോക്കാൻ പോലും, മന്ത്രി ഇഷ്ടപ്പെട്ടില്ല. ഒരു നിമിഷം, എം വി ആർ പാളിപ്പോയി. മന്ത്രിയുടെ കുപ്പായത്തിനുള്ളിലേക്ക് ആ കടലസ്സ് വെച്ചുകൊടുത്തു. അതു മതിയായിരുന്നു ദ്രുതകർമ്മസേനക്ക് കളത്തിലിറങ്ങാനും ദൗത്യം നിർവഹിക്കാനും. ഒരാളെ ഇത്രയേറെ പേർ ഒരുമിച്ച് അടിക്കുന്നത് നിയമസഭയിലോ പുറത്തോ അത്ര സാധാരണമല്ല. സംഭവിക്കാവുന്നതൊന്നും സംഭവിച്ചില്ല എന്നതായിരുന്നു എന്റെ നോട്ടത്തിൽ അന്നത്തെ പ്രധാനവാർത്ത.

എം വി ആറിനു കൊണ്ടത് അടി മാത്രമായിരുന്നില്ല. അടി കണ്ടിരിക്കുന്നവരിൽത്തന്നെ ചിലർക്കൊക്കെ അടിച്ചവരെക്കാൾ കൂടുതൽ അടി കൊണ്ടവനാണെന്നു വരുത്തിത്തീർക്കാനായിരുന്നു ഉൽസാഹം. "എല്ലാവരുടെയും അമ്മായി" കളിച്ച് ചങ്ങാത്തത്തിന്റെ വലയം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്ന ആളല്ല അദ്ദേഹം. രാഷ്ട്രീയക്കാരുടെ സലാം സ്വീകരിക്കുന്ന ചിലർക്ക്, തങ്ങളെ ഗൗനിക്കാതെ പോയിരുന്ന എം വി ആറിനെ ഉള്ളുകൊണ്ട് ഇഷ്ടവുമായിരുന്നില്ല. ഏതായാലും മാർക്സിസ്റ്റ് കൂട്ടിൽ കല്ലെറിഞ്ഞ എം വി ആറിന് ഇനി എന്തും പറ്റാം എന്നൊരു ഭീതി പലരിലും പടർന്നു.

ഭാര്യയും ഞാനും കൂടി അന്നു വൈകുന്നേരം മെഡിക്കൽ കോളെജിൽ എം വി ആറിനെ കാണാൻ പോയത് ആ പേടിയോടെയായ്രിരുന്നു. അടിയുടെ അവശത ഉണ്ടെങ്കിലും, അടി ഉറച്ചുതന്നെ നിൽക്കുന്നതായി കാണപ്പെട്ടു അദ്ദേഹം. സി പി ജോണിനോടു പറഞ്ഞു, "നമുക്കൊരു വിശദീകരണയോഗം സംഘടിപ്പിക്കണം. ഉടനേ. പുത്തരിക്കണ്ടം വേദി." ഞാൻ നെറ്റി ചുളിച്ചു. വിറളി പിടിച്ച സഖാക്കൾ വേദിയിലേക്ക് ഇരച്ചു കേറിയലോ? എന്റെ പേടിയെപ്പറ്റിയായിരുന്നു ചിരിച്ചുകൊണ്ടുള്ള എം വി ആറിന്റെ പിന്നത്തെ സംസാരം.

പ്രതിസന്ധിയിൽ എം വി ആർ പതറിയില്ല. ഭയം എന്നൊരു വികാരം ശാരീരികാർഥത്തിലും അദ്ദേഹത്തെ ഏശിയിരുന്നില്ലെന്നു തോന്നുന്നു. പതിനാറാം വയസ്സിൽ രമേശൻ എന്ന പേരിൽ ഒളിവിലെ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുന്പോൾ എന്തൊക്കെ സ്വപ്നം കണ്ടുവോ, അതൊക്കെ കൈവിട്ടുപോകുന്പോഴും എം വി ആർ തോറ്റുകൊടുത്തില്ല. തോൽ വി തുറിച്ചുനോക്കുന്ന നേരത്തും, വീണ്ടെടുക്കാനും വിജയിക്കാനും ഇനിയുമാവുമെന്ന വിചാരം ചുറ്റുമുള്ളവരിൽ വളർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. പാർട്ടിയുടെ നോട്ടപ്പുള്ളിയായ എം വി ആറിന് ഒരു വൈകുന്നേരം കഞ്ഞിയും പയറും കൊടുത്ത സഖാക്കൾക്ക് താക്കീതുണ്ടായി. ഊരുവിലക്കിനോടടുത്തുനിൽക്കുന്ന ആ നടപടിയോർത്ത് അദ്ദേഹം, സ്വാഭാവികമല്ലാത്ത ദാർശനികതയോടെ, ഊറിച്ചിരിച്ചു. പിന്നെ എന്നോടോ തന്നോടോ എന്നറിയാതെ ചോദിച്ചു: "പാർട്ടിക്കുള്ളിലുള്ളപ്പോൾ ഇതിനൊക്കെ ഞാനും കൂട്ടായിരുന്നില്ലേ?”

താൻ മുന്നിട്ടു സ്ഥാപിച്ച സഹകരണാസ്പത്രി സി പി എം തട്ടിയെടുത്തപ്പോൾ, അതിനെക്കാൾ എത്രയോ വലിയൊരു സ്ഥാപനവുമായി അദ്ദേഹം മുന്നോട്ടുവന്നു. നാലാം തരത്തിലേറെ ഔപചാരികമായ വിദ്യാഭ്യാസമില്ലാത്ത ഒരാൾ ഒരു മെഡിക്കൽ കോളെജിന്റെ സ്ഥാപകനും സക്രിയാധ്യക്ഷനുമായി. അതു കവർന്നെടുക്കലായി പിന്നെ വിപ്ലവത്തിന്റെ പ്രഥമലക്ഷ്യം. അതു മാത്രമല്ല, രാഘവനുമായി ബന്ധപ്പെട്ടതിനൊന്നിനും ഇടം കൊടുക്കാതിരിക്കലാണ് അത്യന്തികമായ അജണ്ട എന്നു തോന്നിക്കും വിധമായി കണ്ണൂരിലെ സി പി എം പെരുമാറ്റം. അദ്ദേഹം വളർത്തിയ മുയലിനെയും വെന്പാലയെയും അവർ തീവെച്ചുകൊന്നു.

അവരൊക്കെയായിരുന്നു എം വി ആറിന്റെ വ്യക്തിത്വത്തിലെ മൂലകങ്ങൾ. കമ്യൂണിസത്തിലും രാഷ്ട്രീയാധികാരത്തിലും മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ നോട്ടം. മൃഗങ്ങളെയും പക്ഷികളെയും പാന്പുകളെയും ചെടികളെയും അദ്ദേഹം സ്നേഹിച്ചു. വിഷം കേറിയ ജനക്കൂട്ടം രാഘവന്റെ പാന്പുകളെയും മുയലുകളെയും കിളികളെയും കുരങ്ങുകളെയും കരിച്ചുകളയുന്നതിനുമുന്പത്തെ ഒരു കഥ പറയാം. തൊണ്ണൂറിലെ ഒരു തണുത്ത വൈകുന്നേരം ബംഗളൂരിൽ ജോലി ചെയ്തിരുന്ന എന്റെ അതിഥികളായി എം വി ആറും ചക്രപാണിയും എത്തി. സംഭാഷണം വിനോദത്തിലേക്കും സർപ്പോദ്യാനത്തിലേക്കും പാരന്പര്യത്തിലേക്കും നീണ്ടു പോയി. കർണാടകത്തിന്റെ സഹായത്തോടെ മൈസൂരിൽ ഒരു പാന്പുപാർക്ക് സ്ഥാപിച്ചാലോ? പാന്പാട്ടികളെയും കളമെഴുത്തുകാരെയും വിഷവൈദ്യന്മാരെയും ജീവശാസ്ത്രജ്ഞരെയും പുരാവൃത്തവിദഗ്ധരെയും എല്ലാം ഒരുമിച്ചിരുത്താവുന്ന വിപുലമായ ഒരു വിദ്യാ-വിനോദ പരിപാടി സംഘടിപ്പിച്ചാലോ? ഞങ്ങൾ അന്നേ അതിനു പേരുമിട്ടു: നാഗോൽസവം. നടക്കാതെ പോയ എത്രയോ പദ്ധതികളിലൊന്നായി നാഗോൽസവം അവശേഷിക്കുന്നു. പിന്നീടു പല കൊല്ലം കഴിഞ്ഞ് എം വി ആർ മുന്നിട്ടിറങ്ങിക്കൊണ്ടുവന്ന ബൃഹത്തായ വിഴിഞ്ഞം തുറമുഖ പദ്ധതി നിലവിൽ വരുന്നു എന്നത്, പഴയ മട്ടിൽ പറഞ്ഞാൽ, ശുഭോദർക്കം തന്നെ. കണ്ണൂർക്കാരൻ ഒരാൾക്ക് തിരുവനന്തപുരത്ത് ധന്യതയോടെ അലിഞ്ഞുചേരാൻ പാകത്തിനൊരു സരംഭമാകും വിഴിഞ്ഞം.

എം വി ആറിന്റെ വൈരികളുടെ മാനസികമായ വൈകൃതം വെളിവാക്കുന്നതായിരുന്നു പാപ്പിനിശ്ശേരിയിലെ പക്ഷി-മൃഗഹത്യ. പാപ്പിനിശ്ശേരിയിലെ പാന്പുകളെ തീയിട്ടുകൊന്നുവെന്ന വാർത്ത കേട്ടവരെയെല്ലാം അത്ഭുതപ്പെടുത്തി. ഡൽഹിയിൽ കൂടിയ ഒരു യോഗത്തിൽ കെ കെ വേണുഗോപാലും എം ജി കെ മേനോനും ലോകവന്യജീവിനിധിയുടെ പ്രതിനിധിയും പങ്കെടുത്തു. സർപ്പോദ്യാനം പുനർനിർമ്മിക്കാനുള്ള ശ്രമത്തിൽ രൂപീകരിച്ച കമ്മിറ്റിയുടെ കൺ വീനർ ഞാനായിരുന്നു. അതേ കാരണത്താൽ, എന്റെ ഉദാസീനതയാൽ, കമ്മിറ്റി കമ്മിറ്റിയായി ഇല്ലാതെയായി. സർപ്പോദ്യാനത്തിന്റെ പുനർനിർമ്മാണവും നാഗോൽസവവും ചർച്ച ചെയ്യാൻ അവസരം കിട്ടും മുൻപ് എം വി ആർ മറ്റു ബദ്ധപ്പാടുകളിലേക്ക് നീങ്ങി.

എം വി ആർ സി പി എം വിട്ടത് കേവലമായ ആശയസഘട്ടത്തിന്റെ പരിണാമമായിട്ടായിരുന്നില്ല. ജീവിതത്തിന്റെ പല മേഖലകളിലും വിചാരസമരങ്ങളോളമെങ്കിലും നിർണായകമാകുന്നു വ്യക്തിവൈരങ്ങളും സ്വകാര്യസ്വപ്നങ്ങളും എന്നു ഞാൻ വിശ്വസിക്കുന്നു. കോൺഗ്രസ്സിനെ തോല്പിക്കാൻ ഒരുങ്ങിപ്പുറപ്പെട്ടു പാർടി വിട്ട ഒരാൾ കോൺഗ്രസിന്റെ തന്നെ വാമഭാഗമാകുന്നതിൽ വൈരുധ്യവും അതേ സമയം രാഷ്ട്രീയത്തിന്റെ അനിവാര്യമായ ഫലിതവും അനുഭവിക്കാം. സി പി എം നേതാവായി ജ്വലിച്ചുനിന്നിരുന്ന എം വി ആർ "വർഗവഞ്ചകനാകാൻ" അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ സവിശേഷതകളും കാരണമായിരിക്കാം. ഒന്നിനെയും ആരെയും എളുപ്പം അംഗീകരിക്കാത്തതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം. അടുപ്പമില്ലാത്തവർ അതിനെ ധാർഷ്ട്യമായി കണ്ടു. അദ്ദേഹത്തിന്റെ ഒപ്പമല്ലായിരുന ഇ പത്മനാഭൻ പറയുമായിരുന്നു, ശത്രുക്കൾ ധിക്കാരിയായി കാണുന്ന എം വി ആർ അടുക്കുന്നവർക്ക് ആത്മമിത്രമാകും.

വദനത്തിലെയും വചനത്തിലെയും കാർക്കശ്യം എം വി ആറിന്റെ അടയാളമായി അറിയപ്പെട്ടു. അദ്ദേഹവും അത് ഒട്ടൊക്കെ രസിച്ചിരുന്നോ എന്നു ശങ്കിക്കണം. പക്ഷേ താനുൾപ്പടെ ആരെയും അദ്ദേഹം മാന്യമായി പരിഹസിച്ചു. സഭ്യവും സഭ്യേതരവുമായ സ്വകാര്യസംഭാഷണങ്ങളിൽ എം വി ആർ പൊട്ടിച്ചിരിച്ചു. മനസ്സിൽ മുഴങ്ങുന്ന ആ പൊട്ടിച്ചിരിയുമായി ഭാര്യയും ഞാനും ഏതാനും മാസം മുന്പ് എം വി ആറിനെ കാണാൻ പോയി.

ഓർമ്മയെ കോർത്തിണക്കുന്ന കോശങ്ങൾ പട്ടു പോയിത്തുടങ്ങിയിരുന്നു. സംസാരവും ആംഗ്യവും താളം തെറ്റിയിരുന്നു. ഒരു വാക്കു പറയുന്പോഴേക്കും തളരും, അല്ലെങ്കിൽ അടുത്ത വാക്ക് കിട്ടാതാവും. ഞങ്ങളെ കണ്ടപ്പോൾ കണ്ണിൽ വെളിച്ചം വന്നു. മിന്നൽ പോലെ ഒരു ചിരി പരന്നു. എന്തോ അന്വേഷണമോ ഫലിതമോ ചുണ്ടിൽ ഉരുണ്ടുകൂടി. ഞാനോർത്തു, "പുല്ലും വയ്ക്കോലും" മാത്രം ചേർത്ത ഞങ്ങളുടെ ഭക്ഷണത്തെ പരിഹസിച്ച്, എന്റെ ഭാര്യക്ക് മറുപടിയില്ലാതാക്കി, എം വി ആർ പൊട്ടിച്ചിരിക്കുമായിരുന്നു. പൊട്ടിച്ചിരി പിന്നെ ചിരിയും ചിരിയുടെ നിഴലുമായി മാറിയിരുന്നു. അതും മാഞ്ഞു.




No comments: