Saturday, March 7, 2009

വചനം പ്രവചനം



ഉപ്പോ കയ്പോ, എരിവോ മധുരമോ? എന്താണ് തിരഞ്ഞെടുപ്പിന്റെ രസം? കളിക്കാരന്റേയും കാഴ്ച്ചക്കാരന്റേയും റഫറിയുടേയും രുചിഭേദമനുസരിച്ച് എന്തുമാകാം. തോല്‍ക്കുന്നവര്‍ക്ക് കയ്പ്, കഥ കൊരുക്കുന്നവര്‍ക്ക് ഹരം, പ്രവചനക്കാര്‍ക്ക് പേടി, അല്ലെങ്കില്‍, സാക്ഷാല്‍ ദൈവത്തിന്റെ ഭാവം.

എന്നുവെച്ചാല്‍, ഫലം അറിയുന്നതുവരെ പേടി. ശങ്ക. വചനം ഫലിക്കുമോ പൊളിയുമൊ? ഫലം നേരത്തേ പറഞ്ഞുവെച്ചിരുന്നതുതന്നെയെങ്കില്‍, താന്‍ ഭൂതവും ഭവിയും വര്‍ത്തമാനവും ഒരുപോലെ അറിയുന്നവനാണെന്ന തണ്ടുതപ്പിത്തം; വിപരീതമാണെങ്കില്‍, തുലഞ്ഞല്ലോ എന്ന് ഉരുവിട്ടുകൊണ്ട്, കട ഒട്ടിട പൂട്ടി, തലയില്‍ കീറമുണ്ടുമായി, കാശിക്കുപോകേണ്ടിവരുന്ന ആളുടെ ചമ്മല്‍.

ചമ്മല്‍ മറയ്ക്കാനും മറക്കാനും, പുതിയ വാദവുമായി, പഴയ വീറോടെ ആഞ്ഞുവരുന്ന ചിലരുടെ പ്രത്യുല്പന്നമതിത്വം കണ്ടിരിക്കാന്‍ ബഹുരസം തന്നെ. ഇഎംഎസ്സിനെപ്പറ്റി പറഞ്ഞുകേട്ട ഒരു കഥ ഇങ്ങനെ. വോട്ടെടുപ്പുദിവസം വരെ അദ്ദേഹം തുരുതുരാ എഴുതിക്കൊണ്ടിരിക്കും, എങ്ങനെ തന്റെ കക്ഷി ജയിക്കും, എന്തുകൊണ്ട് ജയിക്കണം, എന്നെല്ലാം.

എല്ലാം അപ്പോള്‍ ശരിയായി തോന്നും. ഇഎംഎസിന് വല്ലപ്പോഴും പിഴയ്ക്കുന്നതായി നാക്ക് മാത്രമേ ഉള്ളുവെന്ന് ഉറപ്പിക്കും. അദ്ദേഹത്തിന്റെ വെളിപാടുകളില്‍ തീസിസും ആന്റിതീസിസും സിന്തസിസും കാണും. സഖാക്കള്‍ക്ക് ഉശിര് കേറും. ഇനി, ഒടുവില്‍, വിപ്ലവത്തിന് ഭൂരിപക്ഷം വോട്ട് ചെയ്തില്ലെങ്കിലോ, എന്നാലും അദ്ദേഹം തുരുതുരാ എഴുതും: എന്തുകൊണ്ട് അങ്ങനെ ഒരു പാളിച്ച അധ്വാനിക്കുന്ന വര്‍ഗത്തില്‍ വിപ്ലവബോധം എങ്ങനെ വളര്‍ത്തണം, എന്ന വിദഗ്ദ്ധമായ, വൈരുദ്ധ്യാധിഷ്ഠിതമായ അപഗ്രഥനം. ആദ്യത്തേയും രണ്ടാമത്തേയും പ്രവചനം ഒരുപോലെ രസാവഹം.

ഇഎംഎസിനെ പരിഹസിക്കുകയല്ല. പ്രവചനമെന്ന ചരിത്രദൌത്യവും, മനുഷ്യന്റെ ആദിമദൌര്‍ബല്യവും, ഒരേസമയം ഉള്‍ക്കൊണ്ടുകൊണ്ട് അദ്ദേഹവും പ്രവര്‍ത്തിച്ചുവെന്നേയുള്ളൂ. താന്‍ ജയിക്കില്ലെന്നു പറഞ്ഞുകൊണ്ട് ആര്‍ക്കും തിരഞ്ഞെടുപ്പിനു നില്‍ക്കാന്‍ പറ്റില്ല. ജയം നേരത്തേ പറഞ്ഞാലേ, മത്സരത്തിനുപോലും പ്രസക്തിയുള്ളു. തോല്‍ക്കുമെന്നു തുടക്കത്തിലേ തോന്നുന്ന ഒരു സ്ഥാനാര്‍ഥിയെ കര കേറ്റുന്ന കാര്യം എത്ര പ്രയാസമാണെന്ന് തിരഞ്ഞെടുപ്പുവീരന്മാര്‍ക്കെല്ലാം അറിയാം. അതുകൊണ്ട് വിജയപ്രവചനം ഒരു ആവശ്യമാകുന്നു, ദൌത്യമാകുന്നു, അനിവാര്യതയാകുന്നു.

അത് അങ്ങനെ അനിവാര്യതയാകാന്‍ വേറെ ഒരു കാരണം കൂടി കാണാം. നാളെയുടെ ഗര്‍ഭത്തിലേക്ക് ചൂഴ്ന്നുനോക്കാനാണ് മനുഷ്യന്റെ ജന്മവാസന. ഇന്നും ഇന്നലെയും അറിയുന്നത് മാനുഷികം. “നിന്‍പുരോഭാഗത്തതാ നോക്കിനില്‍ക്കുന്നനാളെയെ അറിയുന്നത് അമാനുഷികം. അതറിഞ്ഞാല്‍ ദൈവത്തോടുള്ള അടുപ്പം ഒരു ഡിഗ്രി കൂടും.

അതുകൊണ്ടാണല്ലോ പക്ഷിശാസ്ത്രക്കാരിയോടും കവിടിക്കാരനോടും തിരഞ്ഞെടുപ്പുപണ്ഡിതനോടും നമുക്കു ഏറെ ബഹുമാനം. ഏതു യതിയായാലും യമിയായാലും, നാളെയെ ഇന്നുതന്നെ അറിയാനുള്ള മോഹം അടക്കാനാവില്ല. വോട്ടെണ്ണിയാല്‍ മാത്രം തിട്ടപ്പെടുത്താവുന്ന ഫലം കാലേക്കൂട്ടി പറയാനുള്ള വെപ്രാളം അസഹ്യമാകുന്നു. അതുകൊണ്ട് സ്വന്തം പ്രകൃതിക്കു കീഴ്പ്പെട്ട് എല്ലാവരും നീങ്ങുന്നു. അത്രതന്നെ. പ്രകൃതിം യാന്തി ഭൂതാനി എന്ന് വാസുദേവ കൃഷ്ണന്‍.

പ്രവചനത്തിന്റെ ഒരു സ്വഭാവം അത് എപ്പോഴും പ്രിയമായിരിക്കും എന്നതാണ്. അപ്രിയമായ ഭാവി പ്രവചിച്ച ആരേയും ആരും ഒരിക്കലും വിശ്വസിച്ചിട്ടില്ല. യവനദേവതയായ കസാന്‍ഡ്രയുടെ കഥ ഏറെ പ്രസിദ്ധം. വിനാശം പ്രവചിച്ചു, അതുപോലെത്തന്നെ ഭവിച്ചു. പക്ഷേ അങ്ങനെ ഭവിക്കുംവരെ ആരും അവരെ കാര്യമാക്കിയില്ല. നമ്മുടെ കാലത്തും അപ്പോഴപ്പോഴായി ഓരോരോ പ്രളയപ്രവാചകര്‍ പ്രത്യക്ഷപ്പെടാറുണ്ട്. വിരസമായ പ്രഭാതങ്ങളെ പ്രസന്നമാക്കാന്‍ മിനക്കെടുന്ന കോമാളികളായേ അവരെ ആരും കാണാറുള്ളു എന്നുമാത്രം.

അടിയന്തരാവസ്ഥ കഴിഞ്ഞുള്ള 1977-ലെ തിരഞ്ഞെടുപ്പിലെ ഒരു വിപരീതാനുഭവം ഓര്‍ത്തുപോകുന്നു. പത്തൊമ്പതുമാസം മൂടിക്കെട്ടിയിരുന്ന വായ് തുറന്ന്, ഇന്ദിര ഗാന്ധിയുടെ വൈരികള്‍ ആഞ്ഞടിക്കുന്ന കാലം. ആക്രമണത്തിന്റെ രൌദ്രതയില്‍, ഇന്ത്യയിലൊട്ടുക്കുമെന്നപോലെ, കേരളത്തിലും കോണ്‍ഗ്രസ് പൊളിഞ്ഞുപോകുമെന്നായിരുന്നു അഭിജ്ഞമതം. രഹസ്യാന്വേഷണവിചക്ഷണരും തിരഞ്ഞെടുപ്പുതന്ത്രികളും മാധ്യമമനീഷികളും അതുതന്നെ പറഞ്ഞു, തമ്മില്‍ത്തമ്മില്‍. ചിലരൊക്കെ അങ്ങനെ എഴുതിപ്പിടിപ്പിക്കുകയും ചെയ്തു.

സ്ഥിതിവിവരക്കണക്കിനെ തിരഞ്ഞെടുപ്പിലേക്ക് ആവാഹിച്ചുകൊണ്ടുള്ള പഠനങ്ങളും അപഗ്രഥനങ്ങളും പ്രവചനങ്ങളും അന്നുണ്ടായിരുന്നില്ല. അവരുടെതാരത്തിന് പിന്നേയും കുറേ കൊല്ലം കാത്തിരിക്കേണ്ടിവന്നു. അക്കാലത്ത് ആആകാശവവാണിയുടെ വാര്‍ത്താവിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഞാന്‍, പ്രചാരണം തീര്‍ന്നപ്പോള്‍, തൃശ്ശൂര്‍ രാമനിലയത്തില്‍ വിശ്രമിച്ചിരുന്ന കരുണാകരനോട് ചോദിച്ചു: എന്തു തോന്നുന്നു? മറുപടി ഉടനേ വന്നു: എന്തു തോന്നാന്‍? നമ്മള്‍ ജയിക്കും, നൂറ് സീറ്റ്. നൂറ്റിപ്പതിനൊന്ന് സീറ്റ് ജയിച്ചു.

പത്തുകൊല്ലം കഴിഞ്ഞ് കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ഇതേ ചോദ്യം അദ്ദേഹത്തോടുതന്നെ ആവര്‍ത്തിക്കാന്‍ ഇടയായി. അന്നെനിക്ക് ഇടതുപക്ഷത്തോടുള്ള അടുപ്പം കുറഞ്ഞിരുന്നു. വലതുപക്ഷം ജയിച്ചുകാണാനായിരുന്നു മോഹം. ഗണിതവും സിദ്ധാന്തവും എല്ലാം കലര്‍ത്തി, മാതൃഭൂമിയിലെ സൂക്ഷ്മഗ്രാഹിയായ പി രാജന്‍ നടത്തിയ, വലതുപക്ഷത്തിന് നൂറ്റീരുപതുസീറ്റെങ്കിലും കിട്ടുമെന്ന പ്രവചനം, എന്നേയും സുഖിപ്പിച്ചിരുന്നു--അത്രതന്നെ വിശ്വസിപ്പിച്ചിരുന്നില്ലെങ്കിലും.

മികച്ച മൂരാച്ചിയും, അതിലും മികച്ച പത്രപ്രവര്‍ത്തകനുമായിരുന്ന കെ ആര്‍ ചുമ്മാറും ഞാനും കൂടി വോട്ടെടുപ്പുദിവസം ഒന്നുരണ്ടു മണിക്കൂര്‍ നഗരത്തില്‍ കറങ്ങിയപ്പോള്‍ വലതുപക്ഷത്തിനു വലിയ പരാതികള്‍ ആയിരുന്നു, എവിടേയും. കള്ളവോട്ട്, പക്ഷപാതം, പണക്കുറവ്--അങ്ങനെ അങ്ങനെ പരാതികള്‍ നീണ്ടു. ജയിക്കാന്‍ പോകുകുന്നവര്‍ പരാതിക്കാര്‍ ആവാറില്ല. തോല്‍വിയുടെ തീട്ടൂരമല്ലേ പരിവട്ടവും പരാതിയുമെന്ന് ചുമ്മാര്‍ മന്ത്രിച്ചു.

ഞങ്ങള്‍ രണ്ടുപേരും പിന്നീട് വെവ്വേറെയായി ലീഡറോട് ചോദിച്ചു: എന്തു തോന്നുന്നു? മറുപടി ഉടനേ വന്നു, പതിവില്ലാത്തവിധം ചോദ്യരൂപത്തില്‍: തനിക്ക് എന്തു തോന്നുന്നു? ഉറപ്പില്ലയ്മ പരാജയത്തിന്റെ പ്രഖ്യാപനമായിരുന്നു. ചുമ്മാര്‍ ഊറിച്ചിരിച്ചുകൊണ്ടു പറഞ്ഞു, തോല്‍വി വിജയമാക്കാനുള്ള കണക്ക് ഇനി നമുക്ക് രാജനോട് ചോദിച്ചുമനസ്സിലാക്കാം. എന്നാലും രാജന്റെ പ്രവചനം പൊളിഞ്ഞതില്‍, ‍പ്രവാചകനോളം തന്നെ വൈഷമ്യം എനിക്കും ചുമ്മാറിനും ഉണ്ടായിരുന്നു. പ്രിയം തോന്നുന്ന കാര്യമേ പ്രവചിക്കൂ എന്ന നിലപാടിലെ നിലയില്ലായ്മ എന്നിട്ടും തീര്‍ത്തും ബോധ്യമായില്ല. ബോധ്യമായെങ്കില്‍ത്തന്നെ, ഇഷ്ടമായില്ല.

അതിനു രണ്ടുകൊല്ലം മുമ്പായിരുന്നു ലോകസഭ തിരഞ്ഞെടുപ്പ്. ഇന്ദിര ഗാന്ധിയുടെ വധത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പ്. പാര്‍ടികള്‍ പത്രങ്ങളില്‍ പണം വിതറി പരസ്യം കൊടുക്കുന്ന പതിവ് തുടങ്ങിയ തിരഞ്ഞെടുപ്പ്. സ്ഥിതിവിവരക്കണക്കുകാര്‍ ഫലപ്രവചനത്തിനിറങ്ങിയ തിരഞ്ഞെടുപ്പ്. ടെലവിഷന്‍ കേരളത്തിലെ പല നഗരങ്ങളിലും എത്തിത്തുടങ്ങിയ കാലത്തെ തിരഞ്ഞെടുപ്പ്. രാഷ്ട്രം മുഴുവന്‍ ഹൃദയൈക്യത്തോടെ രാജീവ് ഗാന്ധിയെ സ്വീകരിച്ച തിരഞ്ഞെടുപ്പ്. അന്നത്തെ ചുമരെഴുത്ത് എല്ലാവര്‍ക്കും കാണാമായിരുന്നു. ഞാന്‍ കണ്ടില്ല. ഇഎംഎസും കണ്ടില്ല.

അന്നെനിക്ക് ഇടതുപക്ഷത്തെ ആയിരുന്നു ഇഷ്ടം. തിരുവനന്തപുരത്ത് ശാന്തിനഗറില്‍ എന്റെ അയല്‍വാ‍സിയായിരുന്ന ഇഎംഎസിനെ മിക്കദിവസങ്ങളിലും കാണുമായിരുന്നു. തിരഞ്ഞെടുപ്പില്‍ ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കോടെ അദ്ദേഹം ഓടിനടന്നു. ഇടതുപക്ഷത്തിന്റെ വിജയത്തിന്റെ അന്തരീക്ഷം ഉണ്ടാക്കി. വേറൊരുമട്ടില്‍ പറഞ്ഞാല്‍, അന്തരീക്ഷം ഉണ്ടായെന്ന് അതുണ്ടായിക്കാണാന്‍ ആഗ്രഹിച്ചവര്‍ വിശ്വസിച്ചു. അങ്ങനെ എഴുതി. മറിച്ചെഴുതിയ ചുമ്മാറിനെ പരിഹസിച്ചു.

കേരളമാകെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയ ചുമ്മാര്‍ മുന്‍കരുതലില്ലാതെ എഴുതി: ഒന്നോ മറ്റോ പോയാല്‍ പോയി, ബാക്കി സീറ്റെല്ലാം വലതുപക്ഷത്തിന്. ഇങ്ങനെയുമുണ്ടോ നിര്‍വിശങ്കമായ നിരീക്ഷണം! ഇഎംഎസും, അദ്ദേഹത്തിന്റെ പ്രവചനത്തില്‍ വിശ്വാസമുണ്ടായിരുന്ന ഞങ്ങള്‍ ചിലരും, ഇടതുപക്ഷത്തിനുണ്ടാകുമെന്നു കരുതിയ വമ്പിച്ച വിജയത്തെക്കാള്‍ വലിയ വിജയം വലതുപക്ഷത്തിനുണ്ടായി. ചെറുപ്പക്കാരായ കോണ്‍ഗ്രസുകാര്‍ക്ക്, ഫലമറിഞ്ഞപ്പോള്‍, ഇഎംഎസിന്റെ വസതിക്കുമുമ്പില്‍ പരിഹാസവാക്യം മുഴക്കാന്‍ കൌതുകമായിരുന്നു. എന്റെ അപ്രാധാന്യത്തില്‍ ഞാന്‍ ആശ്വാസം കണ്ടു.

ആ തിരഞ്ഞെടുപ്പിന് ഏറെ മുമ്പുതന്നെ കരുണാകരന് ഫലം അറിയാമായിരുന്നതുപോലെ തോന്നി. അത്രതന്നെ പരിചയമില്ലാത്തവര്‍ക്കുപോലും അറിയാമായിരുന്ന കാര്യം അദ്ദേഹത്തിന് അറിയാതെപോവില്ലല്ലോ. കുറേ കൊല്ലത്തിനുശേഷം നടന്ന തൃശ്ശൂര്‍ തിരഞ്ഞെടുപ്പില്‍ അദ്ദേഹം തോറ്റുപോയി. അന്ന്, ഫലം അറിയുംമുമ്പ്, എന്തുതോന്നുന്നുവെന്ന് അദ്ദേഹത്തോടു ചോദിക്കുവാന്‍ ഇടവന്നില്ല. അദ്ദേഹത്തിന് എന്തു തോന്നിയിരുന്നുവോ ആവോ? അദ്ദേഹത്തിന്റെ പാര്‍ടിയില്‍ പെട്ട പലര്‍ക്കും തോന്നിയിരുന്നത് അദ്ദേഹം തോല്‍ക്കുമെന്നായിരുന്നത്രേ.

അങ്ങനെയിരിക്കേ സര്‍വകലാശാലയിലെ ഒരു സെമിനാറില്‍ ചിലര്‍ എന്റെ നേരെ തട്ടിക്കയറി. ഇന്ത്യക്കുമുഴുവന്‍ നേരത്തേ അറിയാമായിരുന്ന 77ലെ തിരഞ്ഞെടുപ്പുഫലം എനിക്ക് എന്തുകൊണ്ട് അറിയാന്‍ കഴിഞ്ഞില്ല? ന്യായമായ ചോദ്യം. ന്യായമായ ഉത്തരത്തിന് ആര്‍ക്കും ക്ഷമ ഉണ്ടായിരുന്നില്ല. അങ്ങനെയാണല്ലോ, ചിലര്‍ക്ക് ചോദ്യമേ വേണ്ടൂ, ഉത്തരം വേണ്ട. വാസ്തവത്തില്‍, എനിക്കുമാത്രമല്ല, വേറെ എത്രയോ ആളുകള്‍ക്ക്, തിരഞ്ഞെടുപ്പ് നടത്തിയും, തോറ്റും, ജയിച്ചും തഴക്കം വന്ന ആളുകള്‍ക്ക്, പിഴവ് പറ്റിയിരിക്കുന്നു. എന്റെ മനസ്സില്‍ ഇങ്ങനെ ഒരു ഉത്തരം ഇഴഞ്ഞുകൊണ്ടിരുന്നു: ആഗ്രഹിക്കുന്ന ഫലമാണ് പലപ്പോഴും പ്രവചിക്കപ്പെടുന്നത്. പ്രവചനമാണ് പലപ്പോഴും പ്രചാരണമാകുന്നതും.

ബാബ്രി മസ്ജിദ് തകര്‍ച്ചക്കുശേഷം നാലു സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിന് ദേശീയപ്രാധാന്യമുണ്ടായിരുന്നു. അതില്‍ ഭാരതീയ ജനത പാര്‍ടി ജയിച്ചാല്‍, അതിന്റെ സര്‍ക്കാരുകളെ പിരിച്ചുവിട്ട നടപടിയുടെ രാഷ്ട്രീയസാധുത തന്നെ ചോദ്യം ചെയ്യപ്പെടുമായിരുന്നു. നടപടി എടുത്ത നരസിംഹറാവുവിന് പ്രധാനമന്ത്രിയായി തുടരാന്‍ ബുദ്ധിമുട്ടാകുമായിരുന്നു. പലരുടേയും ഭാഗധേയം നിര്‍ണയിക്കപ്പെടുന്ന തിരഞ്ഞെടുപ്പായിരുന്നു നാലു സംസ്ഥാനങ്ങളില്‍ 1993ല്‍ നടന്നത്.

അപ്പോഴേക്കും സ്ഥിതിവിവരക്കണക്കുകാര്‍ രാഷ്ട്രീയപ്രവചനത്തില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു. കോടിക്കണക്കിന് സമ്മതിദായകരുടെ മനസ് അവര്‍ ഏതാനും ഫീല്‍ഡ് റിപോര്‍ടര്‍മാരുടെ ചോദ്യോത്തരങ്ങളില്‍നിന്ന്‌ ഊഹിച്ചെടുത്തു. ജനചിന്തയുടെ വിശ്ലേഷണം രാഷ്ട്രീയത്തിന്റെ കുത്തകയല്ലാതായി. പത്രങ്ങളും പാര്‍ടികളും ഫലം കാലേക്കൂട്ടി കണ്ടറിയാന്‍ സ്ഥിതിവിവരക്കണക്കുകാരെ നിയോഗിച്ചു. ശാസ്ത്രീയമായ രീതിയില്‍ കണക്കാക്കിയെടുക്കുന്ന ഫലമറിയാന്‍ വായനക്കാരും കേള്‍വിക്കാരും കാഴ്ചക്കാരും കാത്തുനിന്നു. നാളെയുടെ ഗര്‍ഭത്തിലേക്കായി എല്ലാവരുടേയും ഉറ്റുനോട്ടം.


ഡല്‍ഹിയില്‍ ഇന്‍ഡ്യന്‍ എക്സ്പ്രസിന്റെ സീനിയര്‍ എഡിറ്റര്‍ ആയിരുന്ന ഞാന്‍ പ്രവചനത്തിന്റെ ഏകോപനത്തിന്റെ ചുമതല ഏറ്റു. സര്‍വേ നടത്തുന്നവര്‍ തരുന്ന കണക്കുകള്‍ കഥയുടെ രൂപത്തില്‍ ആക്കി എടുക്കുന്നതും എന്റെ ചുമതലയായിരുന്നു. ഒരു ഭാസ്കരറാവുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം. അതിന്റെ കണക്കെടുപ്പുകാരന്‍ ഒരു നരസിംഹറാവു(എന്റെ പൊന്നേ, പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവുമായി ഇദ്ദേഹത്തെ തെറ്റിദ്ധരിക്കരുതേ!).

വിശേഷിച്ചൊരു രാഷ്ട്രീയവും നരസിംഹറാവുവിന് ഉണ്ടായിരുന്നില്ല. പ്രവചനരംഗത്തേക്ക് കാല്‍ കുത്തിയതേ ഉണ്ടായിരുന്നുള്ളു. കണ്ടാലും കേട്ടാലും സാധു. മിടുക്കന്‍. പക്ഷേ ആര്‍ പ്രവചനത്തിനു നിയോഗിക്കുന്നുവോ, ആള്‍ എന്താണ് പ്രവചിച്ചുകേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നതെന്ന് ഊഹിച്ചെടുത്ത് പ്രവര്‍ത്തിക്കാനുള്ള ബിസിനസ് ബോധം അന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നുവോ എന്ന് സംശയം. ആ ബോധവും സത്യസന്ധതയും തമ്മില്‍ ഉരസിയാല്‍ അദ്ദേഹം എന്തു സ്വീകരിക്കുമായിരുന്നുവെന്ന്‌ കാലത്തിന്റെ ഇത്ര അകലത്തില്‍ പറയാനാവുന്നില്ല.‍

ഏതായാലും ഒരു ദിവസം നരസിംഹറാവു അദ്ദേഹത്തിന്റെ സ്ഥിതിവിവരക്കണക്കുകളുമായെത്തി. അക്കങ്ങളുടെ പ്രളയം. കടലാസുകെട്ടുകളില്‍ ജനഹൃദയം ത്രസിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ എഡിറ്റര്‍ പ്രഭു ചാവ്ലയുടെ മുറിയില്‍ സമ്മേളിച്ചു. തന്റെ രാഷ്ട്രീയപക്ഷപാതം പരസ്യമാക്കുന്നതില്‍ സന്തോഷിച്ചിരുന്ന എഡിറ്റര്‍ ആയിരുന്നു പ്രഭു. ഭാരതീയ ജനത പാര്‍ടി ജയിച്ചുകാണാന്‍ എന്തെല്ലാം ചെയ്യാമോ, അതെല്ലാം ചെയ്യാനുള്ള അഭിനിവേശം അദ്ദേഹം പ്രകടിപ്പിക്കുകയും, മറ്റുള്ളവരില്‍ ഉളവാക്കാന്‍ ഉദ്യമിക്കുകയും, ചെയ്തു. നമ്മുടെ പാവം നരസിംഹറാവുവിന് സ്ഥിതിവിവരം പിടികിട്ടിയിരുന്നില്ല എന്നു തോന്നുന്നു.

റാവുവിന്റെ കണക്കുകള്‍ ബിജെപിയെ തുണക്കുക്ക്ന്നതായിരുന്നില്ല. എവിടെവിടെ അത് ബിജെപിയെ താഴ്ത്തിക്കെട്ടിയോ, അവിടവിടെ പ്രഭു ഇടപെട്ടു. തെലുങ്കന്‍ റാവുവിന്റെ കണക്കും നിഗമനവും എന്തായാലും, ഉത്തരപ്രദേശിലെ ബിജെപിയെയും ജനപക്ഷത്തേയും പറ്റി തനിക്കറിയാവുന്നതിനു വിരുദ്ധമായ ഒന്നും ശരിയാവില്ലെന്ന് പ്രഭു, എന്താണ് വേണ്ടതെന്ന് ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍ പറഞ്ഞു. റാവുവിന്റെ അക്കങ്ങള്‍ വെട്ടിയും തിരുത്തിയും ബിജെപിയെ ജയിപ്പിക്കുന്ന മട്ടിലാക്കിയെടുത്തു. തന്റെ നിഗമനം മാറിമറയുന്നതുനോക്കി റവു അല്‍ഭുതം കൂറിയിരുന്നു. താന്‍ പിടിച്ച മുയലിന് കൊമ്പില്ലെന്നു പറയാന്‍ റാവു ധൈര്യപ്പെട്ടില്ല. ബിസിനസിന്റെ സ്ഥിതിവിവരക്കണക്ക് അദ്ദേഹത്തിന് നന്നായറിയാമായിരുന്നതുകൊണ്ടോ, അതോ ചുമ്മാ മുട്ടിടിച്ചിരുന്നതുകൊണ്ടോ എന്നറിയില്ല.

ഫലം വന്നപ്പോള്‍ റാവു ഉള്‍പ്പടെ എല്ലാവരും അന്തിച്ചുപോയി. അദ്ദേഹം ആദ്യം എഴുതിയുണ്ടാക്കിയ കണക്കുകള്‍ പിന്നീട് ഉരുത്തിരിഞ്ഞുവന്ന സത്യത്തോട് ഏതാണ്ട് അടുത്തുനിന്നിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ചുതന്നെ അതൊക്കെ മാറ്റിയെഴുതപ്പെട്ടില്ലേ? വാസ്തവത്തില്‍ പ്രഭു കൊടുത്ത കണക്കുകള്‍, ബിജെപിയും വിശ്വസിക്കാന്‍ ആഗ്രഹിച്ച കണക്കുകള്‍ ആയിരുന്നെന്ന് ഫലം പ്രഖ്യാപിക്കുന്ന നേരത്ത് അഡ്വാനിയുടെ ആപ്പീസില്‍ ചെന്നപ്പോള്‍ മനസ്സിലായി.

ആ സമയം ബിജെപി തോല്‍ക്കുന്നതിന്റെ കണക്കുകള്‍ പ്രഖ്യാപിക്കപ്പെട്ടുകൊണ്ടിരുന്നു. ബിജെപി ജയിക്കുമെന്ന കണക്കുകള്‍ സംസ്ഥാനനേതാക്കളും, ചില ദേശീയനേതാക്കളും, അഡ്വാനിയുടെ മുമ്പില്‍ അവതരിപ്പിച്ചുകൊണ്ടുമിരുന്നു. ഒടുവില്‍ അഡ്വാനി പറഞ്ഞു: ഇവര്‍, ലാല്‍ജി ടണ്ടന്‍, കളരാജ് മിശ്ര എന്നിവര്‍, പറയുന്നതുകേട്ടാല്‍, ആകെ ഉള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നമ്മുടെ പാര്‍ടി ജയിക്കുമല്ലോ. അത്രയും പറഞ്ഞുതീര്‍ന്നതും ബിജെപി അധികാരത്തിലെത്തില്ലെന്ന വാര്‍ത്ത വന്നതും ഒരുമിച്ചായിരുന്നു. പ്രഭുവും ഞാനും, ബിജെപിയെപ്പോലെ, കണക്കുതെറ്റിയതിന്റെ കാരണം കണ്ടുപിടിക്കുന്ന തിരക്കിലായി.

ഇത്തരം അമളിയൊന്നും ആരും ഓര്‍ക്കാറില്ല. അതും പ്രവചനത്തിന്റെ ഒരു സ്വഭാവമാ‍കുന്നു. ശരിയായിപ്പോകുന്ന പ്രവചനങ്ങളേ പ്രവാചകരും ശ്രോതാക്കളും ഓര്‍ത്തിരിക്കുകയുള്ളു. തെറ്റിപ്പോയതെല്ലാം മറവിയുടെ കുപ്പയില്‍ തട്ടിയിരിക്കും. ഞാന്‍ അന്നേ പറഞ്ഞില്ലേ എന്നു ചോദിക്കുന്നവരെ നാം നമ്മിലും നമുക്കുചുറ്റും സദാ സമയം കാണുന്നു. എനിക്ക് അന്ന് അങ്ങനെ പറയാന്‍ പറ്റിയില്ലല്ലോ എന്നു പരിതപിക്കുന്നത് പ്രവചനത്തിന്റെ വഴിയല്ല.

പ്രവചനം പ്രചാരണമാകുന്നു, അതുകൊണ്ട് അത് തടയണം എന്നൊരു തീവ്രവാദം ചിലര്‍ ഉന്നയിക്കുന്നതു കേള്‍ക്കാം. അല്പമൊക്കെ അവിടവിടെ പ്രവചനംകൊണ്ട് ജനാഭിപ്രായത്തില്‍ മാറ്റമുണ്ടായേക്കാം. പക്ഷേ അതുകൊണ്ട് തിരഞ്ഞെടുപ്പാകെ മലീമസമോ വികൃതമോ ആകുമോ? പ്രവചനത്തിലുള്ള അമിതമായ വിശ്വാസംകൊണ്ടും ജനസാമാന്യത്തിന്റെ അഭിപ്രായരൂപികരണശേഷിയില്‍ വിശ്വാസമില്ലാത്തതുകൊണ്ടും രൂപപ്പെടുന്നതാണ് ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന ചിന്താഗതി.

തെറ്റാവാം. പ്രചരണമാവാം. മുച്ചീട്ടുകളിയാവാം. ആവട്ടെ. അതിലും ഒരു രസമൊക്കെയില്ലേ? വരാന്‍ പോകുന്ന കാര്യം നേരത്തെ പറയാന്‍ നോക്കി, ശരിയും തെറ്റും വരുത്തി, മണ്ടന്മാരായും മഹര്‍ഷികളായും ആളുകള്‍ ഇളകിയാടുന്നത് നോക്കിനില്‍ക്കുക. അതാണ് അപ്രമാദമായ പ്രവചനം എന്നു കരുതാതിര്‍ക്കുക. എന്നാല്‍ എല്ലാം ഭദ്രം. എന്തായാലും നാളെയിലേക്കുള്ള ഉറ്റുനോട്ടം ഒഴിവാക്കാനാവില്ല. അത് എന്നും നടന്നുകൊണ്ടേയിരിക്കും. നേരത്തേ പറഞ്ഞുവെച്ചതുതന്നെ പ്രമാണം: പ്രകൃതിം യാന്തി ഭൂതാനി.

(തേജസ് ദിനപത്രത്തില്‍ മാര്‍ച് പതിമൂന്നിന് പ്രസിദ്ധീകരിച്ചത്)


Saturday, February 28, 2009

പ്രണയവും വേലിയേറ്റവും


അന്നൊന്നും പ്രണയം ഉണ്ടായിരുന്നില്ല. പ്രണയത്തെപ്പറ്റി കാര്യമായി
എന്തെങ്കിലും തോന്നുകപോലും ചെയ്തിരുന്നില്ല. എന്നാലും കഴുതയെപ്പോലെ
പ്രണയത്തെപ്പറ്റിയുള്ള പ്രസംഗമത്സരത്തില്‍ പങ്കെടുത്തു. മത്സരത്തിലെ പ്രമേയം
വേദിയായ ടാല്‍കടോറ ഗാര്‍ഡനില്‍ മുഴങ്ങിക്കേട്ടു.

അന്തസ്സര്‍വകലാശാല യുവജനോത്സവമായിരുന്നു അവസരം. ഇന്ത്യയിലെ എല്ലാ
സര്‍വകലാശാലകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളും അദ്ധ്യാപകരും
ഒത്തുചേര്‍ന്ന് ഒരാഴ്ച കഴിഞ്ഞുകൂടുമായിരുന്നു, പാട്ടും ആട്ടവും പ്രസംഗവുമായി.
പിന്നെപ്പിന്നെ ആ പതിവ് നിന്നുപോയി. ഓരോ സര്‍വകലാശാലക്കും പ്രത്യേകം
കലോത്സവം വേണമെന്നായി. മറുനാട്ടുകാരുമായി ഇടപഴകേണ്ടല്ലോ.

അന്ന് ടാല്‍കടോറ ഗാര്‍ഡനിലെ മരങ്ങളും, അവക്കിടയില്‍ കെട്ടിയിരുന്ന
കൂടാരങ്ങളില്‍ നവംബറിന്റെ കുളിര്‍ ഉള്‍ക്കൊണ്ടുപാര്‍ത്തിരുന്ന വിദ്യാര്‍ഥികളും
ഒരുപോലെ ഉരുവിട്ടുപഠിച്ച പ്രസംഗപ്രമേയംഇതായിരുന്നു: മനുഷ്യന്‍ ചന്ദ്രനില്‍
കാലുകുത്തിയതോടെ പ്രണയത്തിന്റെ നിലപാടുതറ തകര്‍ന്നുപോയി.
ഇംഗ്ലിഷില്‍ പറഞ്ഞാല്‍, the landing of man on the moon has knocked the
bottom out of romance.

ശരിവെച്ചും എതിര്‍ത്തും വാദങ്ങള്‍ മുഴങ്ങി. പക്ഷേ പ്രണയം പണ്ടേപ്പോലെ തുടര്‍ന്നു,
മലവാരത്തിലും മരച്ചുവട്ടിലും, ആറ്റിറമ്പിലും അമ്പലമുറ്റത്തുമൊക്കെയായി.
മനുഷ്യന്‍ കയറിപ്പറ്റിയതോടെ നിലാവിന്റെ നന്മയും നേര്‍മ്മയും ഇല്ലതായില്ല.
നിലാവ് മനസ്സിലെ കുളിര്‍മ്മയുടെ ബിംബമായിത്തന്നെ നിലനിന്നു കുറേക്കാലം കൂടി.
പിന്നെ മെല്ലെമെല്ലെ പ്രണയത്തിന്റെ മെറ്റഫര്‍ മാറി. കമുകീകാമുകന്മാര്‍ക്കെന്നല്ല,
കൊച്ചുകുട്ടികള്‍ക്കുപോലും, സ്പന്ദിക്കുന്ന രാത്രികളില്‍ മാനത്തുനോക്കാന്‍ മടിയായി,
അല്ലെങ്കില്‍, നേരമില്ലാതായി. ചന്ദ്രികയുടെ ഇന്ദ്രജാലം ആര്‍ക്കും വേണ്ടാത്ത
കോമാളിത്തമായി. നിലാവില്‍ പ്രണയം മന്ത്രിച്ചിരിക്കുന്നവരെ ഇപ്പോള്‍ അറുബോറായ
സിനിമകളില്‍ പോലും കാണാന്‍ കിട്ടാറില്ലല്ലോ.

യുഗങ്ങളായി മനുഷ്യന്‍ ഗായത്രി ചൊല്ലി പൂജിക്കുന്ന സൂര്യന്‍ തന്നെ കേമന്‍ എന്നു നാം
വീണ്ടും ഉറപ്പിച്ചു. വയുവിനേയും വെള്ളത്തേയും, മരങ്ങളേയും മനുഷ്യരേയും ജനിപ്പിക്കുകയും
ജീവിപ്പിക്കുകയും ചെയ്യുന്ന ദേവനാണ് സൂര്യന്‍. എറ്റവുമധികം കവിതക്കും ആരാധനക്കും
വിഷയമായതും സൂര്യന്‍ തന്നെ. ദൈവത്തിന്റെ ആദിരൂപം സൂര്യനായിരുന്നെന്ന് സ്ഥാപിക്കുന്നു
ദൈവത്തിന്റെ കഥ, a story of god, എന്ന പുസ്തകമെഴുതിയ റോബെര്‍ട് വിന്‍സ്റ്റണ്‍. കൂട്ടത്തില്‍
പറയട്ടെ, ബോബ് വിന്‍സ്റ്റണ്‍ പ്രശസ്തനായ ഒരു ബ്രിടിഷ് സ്ത്രീരോഗവിദഗ്ദ്ധന്‍ കൂടിയാകുന്നു.

പക്ഷേ, നിലാവിന്റെ കാലം ഇനിയും കഴിഞ്ഞിട്ടില്ലെന്ന് പുതിയ കണ്ടുപിടുത്തം തെളിയിക്കുന്നു.
ഒരു ഫ്രെഞ്ച് ഗവേഷണോപഗ്രഹം വഴി സൂര്യേതരമായഎതോ ഒരു താരയൂഥത്തില്‍ പുതിയൊരു
ഗ്രഹത്തെ കണ്ടെത്താനായിരിക്കുന്നു. ഭൂമിയേക്കാള്‍ ‍അല്പം വലിപ്പം ഏറിയ, ഭൂമിയെപ്പോലെ
ഉപരിതലത്തില്‍ പാറകളുള്ള ഒരു ഗ്രഹം. അതില്‍ ജീവന്‍ തുടിക്കുന്നുണ്ടോ എന്നാണ്
ഇപ്പോഴത്തെ അന്വേഷണം.

ആ അന്വേഷണത്തിനിടെ മനസ്സിലാകുന്ന ഒരു കാര്യം ഇതത്രേ: ചുറ്റും കറങ്ങുന്ന ചന്ദ്രനുള്ള
ഗ്രഹത്തിലേ ജീവന്‍ കാണാന്‍ ഇടയുള്ളു. ചന്ദ്രന്റെ സ്വാധീനംകൊണ്ട് വേലിയേറ്റമുണ്ടാകുന്നു.
വേലിയേറ്റത്തില്‍ കടല്‍ ഇളകിമറിയുന്നു. രാസവസ്തുക്കള്‍ കലര്‍ന്നും പിളര്‍ന്നും ജീവന്‍ ഉണ്ടാകുന്നു.
അങ്ങനെ ചന്ദ്രന്‍ സൃഷ്ടിയുടെ കാരകനാകുന്നു. പഴയ പാലാഴിമഥനകഥ ഓര്‍ക്കുക.
അതൊരു സര്‍ഗ്ഗപുരാണമായിരുന്നു. ഭൂഖണ്ഡങ്ങളെ ഇളക്കിമാറ്റുന്നതും ചന്ദ്രന്റെ മറിമായമാകുന്നു.
തല്‍ക്കാലം കുറേ നാശമുണ്ടായാലും, അതുവഴിയും സൃഷ്ടി നടക്കുന്നുവെന്ന് പുതിയ ശാസ്ത്രം.

ചന്ദ്രന്റെ ഉല്‍ഭവത്തെപ്പറ്റിയും കൊളാറഡൊ സര്‍വകലാശാലയിലെ ഒരു പ്രൊഫസര്‍
രസകരമായ ചില വിവരങ്ങള്‍ ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. ഇരുമ്പയിര്‍ നിറഞ്ഞ ഏതോ
ഒരു വസ്തു ഭൂമിയില്‍ വന്നിടിച്ചപ്പോഴുണ്ടായ ആഘാതത്തില്‍നിന്നത്രേ ചന്ദ്രന്റെ ഉല്‍ഭവം.
ഇരുമ്പയിര്‍ ‍ഭൂമിയുടെ ഉള്ളിലൊതുങ്ങി. പുറത്തുണ്ടായ പൊടിപടലം പിന്നെപ്പിന്നെ
ചന്ദ്രവലയമായി പരിണമിച്ചു. അപ്പോള്‍, ചന്ദ്രനും വെറും പൊടി തന്നെ എന്നുവരുന്നു.

ഏതായാലും ഒരു കര്യത്തില്‍ സമാധാനം. കവികളുടേയും കാമുകന്മാരുടേയും കിറുക്കന്മാരുടേയും
പ്രിയഭാജനം എന്ന സ്ഥിതി ഒട്ടൊക്കെ നഷ്ടപ്പെട്ടിട്ടുകൂടി, നിലാവിന്റെ നിലപാടുതറ
തകരാതെ നില്‍ക്കുന്നുവെന്നുവേണം കരുതാന്‍. ജീവന്റെ ഉല്‍ഭവത്തെ നിയന്ത്രിക്കുന്നത്
ചന്ദ്രന്‍ കൂടിയാണെന്നാണല്ലോ തെളിഞ്ഞുവരുന്നത്.

അതുകൊണ്ട്, പണ്ട് ടാല്‍കടോറ ഗാര്‍ഡനിലെ മരങ്ങള്‍ മന്ത്രിച്ചിരുന്ന ആ പഴയ
പ്രസംഗപ്രമേയം ഉണ്ടല്ലോ, മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതോടെ
പ്രണയത്തിന്റെ നിലപാടുതറ തകര്‍ന്നു എന്ന്, അത് നമ്മുക്ക് നേരേ തള്ളിക്കളയാം.
പ്രേമനാടകങ്ങളുടെ സഞ്ചാരിഭാവമായല്ലെങ്കിലും, കടലിനെ കുലുക്കിയുണര്‍ത്തുകയും
ഭൂഖണ്ഡങ്ങളെ എടുത്തുമാറ്റുകയും ചെയ്യുന്ന സര്‍ഗ്ഗശക്തിയായി ഇനിയും
ചന്ദ്രനെ വാഴ്ത്താം.


Saturday, February 21, 2009

പാമുക്കിന്റെ വാച്

ഇന്ന് എന്റെ പിറന്നാള്‍. പിറന്നാളിന് എത്രയോ മുമ്പ് ഗൌരി പതിവുപോലെ
ഒരു പിറന്നാള്‍ സമ്മാനം തന്നു. ഇക്കുറി അവള്‍
കൊഞ്ചിക്കുഴഞ്ഞ് കൊണ്ടുതന്നത്
ഒരു പുസ്തകമായിരുന്നു. ഇംഗ്ലിഷ് അക്ഷരം എഴുതാനും വായിക്കാനും
കഷ്ടിച്ചുമാത്രം അറിയാവുന്ന ഗൌരിക്ക്
അവള്‍ തന്ന പുസ്തകത്തെപ്പറ്റി ഒരു രൂപവും ഉണ്ടാവില്ല.
ഒര്‍ഹാന്‍ പാമുക്കിന്റെ മറ്റുനിറങ്ങള്‍, other colours, എന്ന ലേഖനസമാഹാരത്തിലല്ല,
അത് എനിക്ക് തരുന്നതില്‍ ആയിരുന്നു അവള്‍ക്ക് ഉത്സാഹം.

ഞാന്‍ പാമുക്കിനെ നേരത്തേ വായിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ നൊബേല്‍ പ്രസംഗം
ഓടിച്ചു മറിച്ചുനോക്കിയിരുന്നു. തന്റെ അച്ചനെപ്പറ്റി, പൈതൃകത്തെപ്പറ്റി,
പറയാന്‍ അദ്ദേഹത്തിന് വലിയ കൌതുകമാണ്. നൊബേല്‍ പ്രസംഗത്തിന്റെ
തലവാചകം തന്നെ എന്റെ അച്ഛ ന്റെ സ്യൂട്കേസ്, my father's suitcase, എന്നായിരുന്നു.

മറ്റുനിറങ്ങള്‍ എന്ന സമാഹാരത്തില്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ കൈകാര്യം
ചെയ്യപ്പെടുന്നു. ഇസ്താംബുളിന്റെ ഭൂതകാലം, ഇസ്ലാമികതീവ്രവാദം, ആയിരത്തൊന്നു രാവുകള്‍,
ദസ്തയേവ്സ്കിയുടെ ലോകം, ബോര്‍ഹെസ്സിന്റെ ചിന്ത, വര്‍ഗോസ് യോസയുടെയുടെ
മൂന്നാം ലോകസാഹിത്യസങ്കല്പം അങ്ങനെ നീണ്ടുപോകുന്നു പാമുക്കിന്റെ ചിന്താചക്രവാളം.
കൂട്ടത്തില്‍ എന്നെ പിടിച്ചുനിര്‍ത്തിയത് വാച്ചുകളെപ്പറ്റിയുള്ള ഒരു കുറിപ്പായിരുന്നു.

പന്ത്രണ്ടുവയസ്സില്‍ വാച്ച് കെട്ടിത്തുടങ്ങിയ ആളാണ് പാമുക്. ഉറങ്ങാന്‍ നേരത്ത് അഴിച്ചുവെക്കും.
ഉണരുമ്പോള്‍ ഉടനേ ഏടുത്തണിയും. ഇല്ലെങ്കില്‍ വെപ്രാളമാകും. വാച്ചിന്റെ പട്ടയുടെ മണവും
ഡയലിന്റെ രൂപവും സൂചിയുടെ ചലനവും അദ്ദേഹത്തിന്റെ ചിന്തയെ ത്രസിപ്പിക്കുന്നു.
വാച്ചുമായുള്ള അദ്ദേഹത്തിന്റെ ബന്ധ്ഹത്തിന് ഒരുതരം ആധിഭൌതികസ്വഭാവം ഉണ്ട്.

പന്ത്രണ്ടുവയസ്സുള്ളപ്പോള്‍ ഞാന്‍ വാച്ച് കണ്ടിരുന്നതേയുള്ളു, കെട്ടിത്തുറ്റങ്ങിയിരുന്നില്ല.
എന്നാണ് ഞാന്‍ വാച്ച് കെട്ടിത്തുടങ്ങിയത്? ഓര്‍മ്മയില്ല. മങ്ങിയ നീളന്‍ ഡയലും
തവിട്ടുനിറത്തില്‍ പട്ടയും ഉള്ള വാച്ചുകെട്ടിനടക്കുന്ന കേമന്മാരെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്.
ഇന്നെന്നപോലെ അന്നും വാച്ച് ഒരു ആഭരണമായിരുന്നു.
സമയം അറിയാനും ഉപകരിച്ചിരുന്നെന്നുമാത്രം. അത് ഒരു ആഭരണമാകരുതെന്ന
നിര്‍ബ്ബന്ധം കൊണ്ടാകണം, ഗാന്ധി എപ്പോഴും അത് കീശയില്‍ സൂക്ഷിച്ചിരുന്നതേയുള്ളു.

ഞാന്‍ സമയം അറിഞ്ഞിരുന്നത് നിഴല്‍ നോക്കിയായിരുന്നു. കുറുകിയും നിവര്‍ന്നും
വരുന്ന എന്റെ നിഴല്‍ എന്നെ വിരട്ടുകയും വേദനിപ്പിക്കുകയും, ചിലപ്പോള്‍ സമധാനിപ്പിക്കുകയും
ചെയ്തിരുന്നു. എന്റെ നിഴലും വീടിന്റെ നിഴലും മുറ്റത്തെ മാവിന്റെ നിഴലും നേരം അറിയാന്‍
സഹായിച്ചിരുന്നു. ഏത് നിഴല്‍ എവിടെ എത്തിയാല്‍ എത്ര മണിയാകും എന്ന് തിട്ടപ്പെടുത്തി
വെച്ചിരുന്നു. ഒരിക്കലും ഒരിടത്തും ഞാന്‍ വൈകി എത്തിയിരുന്നില്ല എന്നതാണ് അദ്ഭുതം.

മഴക്കാലമായാല്‍ ബുദ്ധിമുട്ടാകും. സൂര്യന്‍ കൊഞ്ഞനം കാട്ടാന്‍ തുടങ്ങിയാല്‍ സമയം
അറിയാതാകും. എനിക്ക് ദേഷ്യം വരും. എനിക്കെന്നല്ല, എല്ലാവര്‍ക്കും സൂര്യനെ കണാതിരുന്നാല്‍
വെകിളി പിടിക്കുമായിരിക്കണം. വെയില്‍ കുറയുന്ന കാലത്ത്, ദേശത്ത്, ഒരുതരം മനോരോഗം
പിടിപെടാറുണ്ട്, ചിലര്‍ക്ക്. അതിനെ SAD--seasonal addictive disorder--എന്നു വിളിക്കുന്നു.
വാസ്തവത്തില്‍ ഇത് പുതിയ മനോരോഗവിദഗ്ദ്ധന്മാരുടെ കണ്ടുപിടുത്തമല്ല. കാളിദാസന്‍ പണ്ടേ
ഇതിനെപ്പറ്റി പറഞ്ഞിരുന്നു. കാര്‍മുകില്‍ കാണുമ്പോള്‍ പ്രസന്നരും
ഖിന്നരായിപ്പോകുമത്രേ. മേഘാലോകേ ഭവതി സുഖിനോപ്യന്യഥാ ചിത്തവൃത്തി:

കാക്കയുടെ കരച്ചില്‍ കേട്ട് നേരം നിശ്ചയിച്ചിരുന്ന മുത്തശ്ശിയുടെ കാലത്തെപ്പറ്റി
ഓര്‍മ്മ മാത്രമേ ഉള്ളു. കാക്കയുടെ ശബ്ദം കേട്ടുണര്‍ന്നിരുന്നപ്പോഴെല്ലാം ലോകം
മുഴുവന്‍ നേടിയിരുന്നതായി തോന്നിയിരുന്നു. കാക്കും കോഴിക്കും വെളിച്ചവുമായുള്ള
ബന്ധം ഇന്നും ഹരം പിടിപ്പിക്കുന്ന അറിവായി, അറിയായ്മയായി, നിലനില്‍ക്കുന്നു.
പക്ഷേ സൂര്യനെ ഉണര്‍ത്താന്‍വേണ്ടി കൂകിയിരുന്ന പൂങ്കോഴിയേയോ, ഉറക്കം വരാഞ്ഞോ
മടുത്തൊ ഒച്ചവെച്ചിരുന്ന പാതിരക്കോഴിയേയോ എനിക്ക് വലിയ പരിചയമില്ല.
പൂങ്കോഴിയും പാതിരക്കോഴിയും എങ്ങും ഇല്ലാതായോ? നേരം തെറ്റി നട്ടുച്ചക്ക് കൂകുന്ന
കോഴിയുടെ ശബ്ദംനഗരത്തിന്റെ കോലാഹലത്തില്‍ കേള്‍ക്കാത്തതാണോ?

ഇടക്കാലത്തെന്നോ ഉപയോഗിച്ചുതുടങ്ങിയിരുന്ന വാച്ച് കുറേ കൊല്ലം മുമ്പ്
ഞാന്‍ വേണ്ടെന്നു വെച്ചു. ആഭരണം ധരിക്കുകയില്ലെന്ന ഒരു വാശി.
അതുകൊണ്ട് ഒന്നിനും നേരം തെറ്റിയിട്ടില്ല. നേരം അറിയാന്‍ വേറെ എഹ്റ്റ്രയോ
വഴികള്‍ ഉണ്ട്?എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം വാച്ചുകളല്ലേ?
പഴയ നീളന്‍ ഡയല്‍ വാച്ചുകളല്ല, പല രൂപത്തില്‍, പല നിറത്തില്‍, പലശബ്ദത്തില്‍,
കാലപുരുഷന്റെ ഗരിമയോടെ വിഹരിക്കുന്ന വാച്ചുകള്‍. ആരോടുചോദിച്ചാലുംനേരം അറിയാം.
എന്റെ ഭാര്യ മാത്രംഎനിക്ക് നേരം പറഞ്ഞുതരില്ല. തന്റെ വാച്ച് അ‍ണിയാതെ
അകത്ത് അടച്ചുവെക്കുന്നവര്‍ വേറൊരാളുടെ വാച്ചുനോക്കി നേരം അറിയേണ്ടെന്നാണ്
പുള്ളിക്കാരിയുടെ തീരുമാനം.

ഒര്‍ഹാന്‍ പമുക്കിന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായില്ല. ഉണ്ടായിരുന്നെങ്കില്‍
വാച്ചുകളെപ്പയുള്ള അദ്ദേഹത്തിന്റെ ലേഖനത്തില്‍ അതും രേഖപ്പെടുത്തുമായിരുന്നു.


Monday, February 16, 2009

മോതിരവിരല്‍


നിങ്ങളുടെ മോതിരവിരലുകകള്‍ ‍നീളമുള്ളവയാണോ?
എന്റേത് ചൂണ്ടാണിവിരലുകളോളമേ വരൂ.
അതുകൊണ്ടായിരിക്കണം ഞാന്‍ അധികം പണം ഉണ്ടാക്കിയിട്ടില്ല.
ചൂണ്ടാണീവിരലുകളേക്കാള്‍ നീണ്ട മോതിരവിരലുകള്‍ ഉള്ളവര്‍
ഏറെ പണം സമ്പാദിച്ചിരിക്കും.

ഇത് കൈനോട്ടക്കാരന്റെ വാണീവിലാസം അല്ല.
ഇത് തനി ഗവേഷണസത്യം.
ഗവേഷകന്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ
ഡോക്ടര്‍ ജോണ്‍ കോട്സ്.

കോട്സിന്റെ നിഗമനം ഇതത്രേ:
ഗര്‍ഭിണിയുടെ ശരീരത്തില്‍ ടെസ്റ്റസ്റ്റെരോണ്‍ എന്ന സിരാപ്രസാരണി(neurotransmitter)
ഏറിയ അളവില്‍ ഉണ്ടായാല്‍, ഭ്രൂണത്തില്‍നിന്നുണ്ടാകുന്ന ശിശുവിന്റെ മോതിരവിരലുകള്‍
കൂടുതല്‍ നീളമുള്ളവയായിരിക്കും. സര്‍ഗ്ഗാത്മകസാദ്ധ്യതകളുള്ള ഒരു ജൈവരാസവസ്തുവാണ്‍്
സിരപ്രസാരണി. ടെസ്റ്റസ്റ്റെറോണ്‍ എന്ന സിരാപ്രസാരണി കൂറ്റുതല്‍ ഉള്ള
‍കുട്ടികള്‍ വലുതാകുമ്പോള്‍ കൂടുതല്‍ പണം ഉണ്ടാക്കും.

പണത്തിന്റേയും മനസ്സിന്റേയും ഊടുവഴികളിലെല്ലാം കറങ്ങിത്തിരിഞ്ഞിട്ടുള്ള
ആളാണ് കോട്സ്. വിവരം ഉള്ള ആള്‍. കേംബ്രിഡ്ജില്‍ സിരാധനശാസ്ത്രം(neuroeconomics)
പയറ്റുന്നതിനുമുമ്പ് പഹയന്‍ ഓഹരിവിപണിയില്‍ ‍വിലസുകയായിരുന്നു.
അപ്പോള്‍ പിന്നെ പണത്തെപ്പറ്റിയും പണം ഉണ്ടാക്കുന്നവരെപ്പറ്റിയും
ഏതാണ്ടൊക്കെ അറിയാതെവരില്ലല്ലോ.

ഇതുവഴി വേറൊരു രസ്കരമായ ചിന്ത കടന്നുവരുന്നു.
ടെസ്റ്റസ്റ്റെരോണ്‍, സെറോടോനിന്‍, ഡോപാമിന്‍ തുടങ്ങിയ സിരാപ്രസാരണികള്‍
വേണ്ടപോലെ ക്രമീകരിക്കുകയോ, അക്രമീകരിക്കുകയോ ചെയ്താല്‍,
വേണ്ടപോലുള്ള കുട്ടികളെ കിട്ടാന്‍ ഇടയുണ്ട്.
മണ്ടനേയും മനീഷിയേയും
മനുഷ്യസ്നേഹിയേയും മുഷ്കനേയും അങ്ങനെ പാകപ്പെടുത്തിയെടുക്കാം.

ഒരു ഗര്‍ഭിണിയുടെ ഭ്രൂണത്തില്‍നിന്നു കാക്കശ്ശേരി ഭട്ടതിരിയെ
രൂപപ്പെടുത്തിയെടുത്ത നമ്പൂതിരിമാര്‍ ‍ ചെയ്തത് അതുതന്നെയല്ലേ?
അവര്‍, പക്ഷേ, സിരാപ്രസാരണികള്‍ ഒന്നും കുത്തിവെച്ചില്ല.
ഏതോ ഒരു മന്ത്രം ജപിച്ചു. കുറേ തീര്‍ഥം സേവിപ്പിച്ചു. അത്രതന്നെ.
എന്നീട്ടുണ്ടായ കുട്ടിയാണ് വേദാന്തവനസഞ്ചാരിയായി വന്ന
ഉദ്ദണ്ഡകേസരിയെ വിരട്ടിയോടിച്ച കാക്കശ്ശേരി ഭട്ടതിരിയെന്ന കവികുഞ്ജരന്‍.

അപ്പോള്‍ നമുക്ക് ഇനിയും രക്ഷയുണ്ട്. നമുക്കു വേണ്ടതുപോലുള്ള
കുട്ടികളെ വാര്‍ത്തും വളര്‍ത്തിയും ഉണ്ടാക്കാം. പക്ഷേ ഒരു പ്രശ്നം.
വേണ്ടത്ര സിരാപ്രസാരണികള്‍ എവിടെനിന്നു കിട്ടും? രാസപദാര്‍ഥങ്ങള്‍
വില്‍ക്കുന്ന വല്ല കടയിലും കിട്ടുമോ?

Sunday, February 15, 2009

പുരാണത്തില്‍ ഭ്രാന്ത്

കുറേ നാള്‍ മുമ്പ് ഞാന്‍ ഒരു ബ്ലോഗില്‍ എഴുതി:

പണ്ടൊന്നും ആര്‍ക്കും ഭ്രാന്തുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ‍പുരാണങ്ങളില്‍ ഭ്രാന്തകഥാപാത്രങ്ങളെ
കാണുമായിരുന്നല്ലോ. എന്നുവെച്ചാല്‍ ഭ്രാന്ത് ഒരു പുതിയ രോഗമാകുന്നു. അതുപോലെത്തന്നെ, കുട്ടികള്‍ക്കും ഭ്രാന്തുണ്ടാകാറില്ല.
ഭ്രാന്ത് മുതിര്‍ന്നവരുടെ രോഗമത്രേ. തലച്ചോറും മനസ്സും വളരുമ്പോഴേ തല തിരിഞ്ഞുപോകാറുള്ളു.

പിന്നീടാലോചിച്ചപ്പോള്‍, തിരുത്തണമെന്നു തോന്നി. കുട്ടികള്‍ക്കും മനോരോഗം പിടിപെടാറുണ്ട്.
വലിയ തോതില്‍ ഇല്ലെന്നുമാത്രം. പുരാണങ്ങളില്‍ ഭ്രാന്തന്മാരും ഉണ്ട്. ഒറ്റനോട്ടത്തില്‍ അവര്‍ ഭ്രാന്തന്മാരാണെന്നു
തോന്നുകയില്ലെന്നേ ഉള്ളൂ.

ദുഷ്യന്തനെ നോക്കൂ. ഓര്‍മ്മ ചിലപ്പോള്‍ തകര്‍ന്നുപോകുന്നതായിരുന്നു പുള്ളിക്കാരന്റെ രോഗം.
ശകുന്തളയെ പറ്റിക്കാനുള്ള പണി ആയിരുന്നില്ല ആ മറവി. കുറേക്കൂടി കടുത്തതായിരുന്നു
നളന്റെ മനോരോഗം. ഊണിന്നാസ്ഥ കുറയലുമൊക്കെ അതിന്റെ ലക്ഷണങ്ങള്‍ ആയിരുന്നു.
പുഷ്കരനേയും അതു വേറൊരു വിധത്തില്‍ ബാധിച്ചു. അയാളില്‍ കലി കേറി.
കലി തന്നെ വിനയുടെ, ദര്‍പ്പത്തിന്റെ, അരൂപിയായ പ്രതീക്കമാകുന്നു.
ഒരു വാക്യത്തില്‍ ആറ് തവണ “ഞാന്‍” എന്നു ഉരുവിടുന്ന ആ അഹന്ത കണ്ടില്ലേ?
അതും ഭ്രാന്തിന്റെ ഒരുതരം രൂപം തന്നെ.

ദുര്യോധനന്‍ കുറച്ചിട ഭ്രാന്തനായി. അപ്പോഴാണല്ലോ അയാള്‍ക്ക് സ്ഥലജലഭ്രമം ഉണ്ടായത്.
തെറ്റാണെന്നറിഞുകൊണ്ടുതന്നെ തെറ്റുചെയ്യുന്നതിനെപ്പറ്റിദുര്യോധനന്‍ പരിദേവനം ചെയ്യുന്നുണ്ട്.
ശരിയാണെന്നറിഞ്ഞുകൊണ്ട് ശരി ചെയ്യാന്‍ പറ്റാത്തതിനെപ്പറ്റിയും. ഇതല്ലെങ്കില്‍ പിന്നെ
എന്താകും ഭ്രാന്ത്?

തല തിരിഞ്ഞുപോകുന്ന കഥാപാത്രങ്ങള്‍ അനവധിയുണ്ട് പുരാണങ്ങളില്‍.
ആത്മഹത്യ ഏരിയൊരു മനോരോഗത്തിന്റെ ഫലമല്ലേ? ആത്മഹത്യ എന്നല്ല അന്നുപറഞ്ഞിരുന്നത്.
പ്രായോപവേശം ആയിരുന്നു ആര്യപദം. ജുദാസ് ഭ്രാന്തനായിരുന്നോ? ആത്മഹത്യ ചെയ്തതുകൊണ്ടുമാത്രമല്ല
അങ്ങനെ തോന്നുന്നത്. മനോരോഗത്തിന്റെ ലക്ഷണങ്ങള്‍ വേറേയും ആ കഥപാത്രത്തില്‍ കാണാം.

അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് തെറ്റ്. ഭ്രാന്ത് പുതിയ രോഗമല്ല.
പണ്ടും അതുണ്ടായിരുന്നു. പുരാണങ്ങള്‍ അത് ചര്‍ച്ച ചെയ്തു. കാലാതിവര്‍ത്തിയായി അത്,
ഭ്രാന്ത്, പടരുന്നു. അതുകൊണ്ടാകാം തോമസ് സാസ് എന്ന മനോരോഗവിദഗ്ദ്ധന്‍ എല്ലാവര്‍ക്കും
ആശ്വസമേകാന്‍ എന്നോണം പറഞ്ഞത്, മനോരോഗം ഒരു മിഥ്യ ആകുന്നു. നമുക്കറിയാമല്ലോ
അതങ്ങനെ അല്ലെന്ന്!