Monday, April 4, 2011

സുനാമിയും അച്യുതാനന്ദനും

കേരളത്തിന്റെ ചിന്ത മുഴുവൻ വി എസ് അച്യുതാനന്ദനെ ചുറ്റിപ്പറ്റി മുനിഞ്ഞും ഉറഞ്ഞും ആടിക്കൊണ്ടിരുന്നപ്പോൾ, സെന്തായ് നഗരത്തിലെ കാസുമി സെയ്കി എന്ന കാഥികൻ വീട്ടുമുറ്റത്തിരുന്ന് രണ്ടു ബ്രിട്ടിഷ് മിത്രങ്ങളെ സൽക്കരിക്കുകയായിരുന്നു. മേശപ്പുറത്ത് പെട്ടെന്ന് കുറെ കൽക്കഷണങ്ങൾ വന്നു വീണു. അങ്ങനെയൊന്നും നിലക്കുന്നതായിരുന്നില്ല ആ കൽമഴ. കാസുമിക്ക് ഉടനേ കാര്യം മനസ്സിലായി. അത്രതന്നെ പകക്കാതെ നോക്കിയിരുന്ന ബ്രിട്ടിഷ് മിത്രങ്ങളെ നോക്കി അദ്ദേഹം പറഞ്ഞു: “ഭൂകമ്പം...”

ആറു മിനിറ്റേ ഭൂമി ഇളകിയുള്ളു. പക്ഷേ അച്ചുതണ്ടിനെത്തന്നെ തള്ളിമാറ്റുന്നതായിരുന്നു ആ ഇളക്കം. അതുകൊണ്ട് കടൽ കയർത്തുവോ, കടൽ കയർത്തതുകൊണ്ട് ഭൂമി ഇളകിയോ എന്ന ഉൽപ്രേക്ഷക്കൊന്നും അവിടെ അവസരമുണ്ടായിരുന്നില്ല. കാസുമി ഓടുകയായിരുന്നു. നിലം പൊത്തുന്ന കെട്ടിടങ്ങളുടെ നടുവിലൂടെ, വെള്ളം വിഴുങ്ങുന്ന മനുഷ്യരുടെ മുഴുവനാകാത്ത വിലാപം കേട്ടുകൊണ്ട്, സ്വബോധം നഷ്ടപ്പെട്ട കടലിന്റെ ആട്ടം കണ്ടുകൊണ്ട് കാസുമി എവിടേക്കെന്നില്ലാതെ ഓടി.

നാശം ഭയാനകമാകുമ്പോൾ സംഖ്യ നിരർഥകമായി മാറുന്നു. മുപ്പതടി പൊക്കത്തിൽ തിര പൊങ്ങിയത്രേ. കേരളത്തോളം വലുപ്പത്തിൽ, മുന്നൂറു നാഴിക നീളത്തിലും അമ്പതു നാഴിക വീതിയിലും, ഫുക്കുഷിമയോടു ചേർന്ന കടലിന്റെ അടിത്തട്ട് ശരാശരി ഒരു ഗജം പൊക്കത്തിൽ ഇളകിയാടിയത്രേ. അതുവഴിയുണ്ടായ വെള്ളത്തിന്റെ പൊട്ടിത്തെറിക്ക് ഏതാണ്ടൊരു ആറ്റം ബോംബിന്റെ ശക്തി ഉണ്ടായിരുന്നത്രേ. കണക്കുകൾ അന്തം വിടുവിക്കുന്നതായിരുന്നു. പക്ഷേ നമുക്ക് അന്തം വിട്ടില്ല. നമ്മൾ അച്യുതാനന്ദന്റെ ഭാവിയെപ്പറ്റിയുള്ള ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു.

ഞാൻ കണക്കു കൂട്ടി നോക്കി. മുപ്പതടി ഉയരത്തിൽ പൊങ്ങിയ കടൽ! അതിനെക്കാൾ ഉയരത്തിൽ എത്തിയിരുന്നില്ലേ മഛിലിപട്ടണത്തിൽ പൊങ്ങിയ തിരമാല? ആന്ധ്രയുടെ തീരത്ത് ഉൾക്കടൽ ഇളകിവന്നത് 1977ന്റെ അവസാനമായിരുന്നു. ഒരു തിരയേ പൊങ്ങിയുള്ളു. ഒരു കയറ്റം; അതേ വേഗത്തിൽ ഇറക്കം. കയറിവന്ന തിര കൂറ്റൻ കരിമ്പനകളുടെ കിരീടം തൊട്ടുനോക്കി, ഇറങ്ങുന്നതിനുമുമ്പ്. എത്ര പൊക്കത്തിൽ അത് അടിച്ചുകേറി എന്നു കണക്കാക്കി നോക്കുക. ജീവന്റെ പിറവിക്ക് വേദിയൊരുക്കുന്ന വെള്ളത്തിന്റെ അതേ ഉത്സാഹത്തോടെത്തന്നെയായിരുന്നു വഴിയിൽ വന്നതിനെല്ലാം ഉദകക്രിയ ചെയ്തുകൊണ്ടുള്ള ആ ആ ഒറ്റയാൻ തിരയുടെ പിന്മാറ്റം.

അന്ന് ഇന്നത്തെ തരം ക്യാമറയും, ഫോണും, ടി വിയും ഉണ്ടായിരുന്നില്ല. അന്നത്തെ കണക്കുകൾ കൊട്ടക്കണക്കുകളായിരുന്നു. ഫുക്കുഷിമയിൽ പതിനായിരത്തിന്റെ കണക്കുകൾ പറയുന്നതു കേട്ടപ്പോൾ, ഞാൻ ഓർത്തു: മുപ്പത്തിനാലുകൊല്ലം മുമ്പ് ആന്ധറയുടെ തീരത്ത് ഒലിച്ചുപോയവർ എത്ര എത്ര പതിനായിരങ്ങളായിരുന്നു! ദിവി താലൂക്കിലും മഛിലിപട്ടണത്തിലും മണ്ഡപാക്കല എന്ന ഗ്രാമത്തിലും കാറോടിച്ചുപോയപ്പോൾ, വരമ്പുകളുടെ ഓരങ്ങളിൽ മുറിഞ്ഞ അവയവങ്ങളും മുഴുവൻ ശവങ്ങളും കുഴിവെട്ടുകാരെ കാത്തുകിടക്കുന്നതു കണ്ടു. ശവങ്ങളിൽ മനുഷ്യരും മൃഗങ്ങളുമുണ്ടായിരുന്നു. കിറുക്കിളകിയ കടൽ പക്ഷഭേദം കാണിച്ചില്ല. പാടശേഖരങ്ങൾ ചിതകളായി. ചിതയൊരുക്കുന്നവർക്കായിരുന്നു അന്ന് ക്ഷാമം.

സുനാമിയെപ്പറ്റി അന്ന് കേട്ടറിവുണ്ടായിരുന്നില്ല. ആ ജാപ്പനീസ് പദം നാട്ടാചാരമാകാൻ ഇന്തൊനേഷ്യയിൽ കടലിനു പ്രാന്ത് ഇളകേണ്ടി വന്നു. ഇങ്ങു കേരളത്തിലെ കൊല്ലം വരെ കുനി കുത്തി വന്ന ആ വെള്ളം 2004ൽ എത്ര പതിനായിരങ്ങളെ കൊണ്ടുപോയെന്ന് ഇന്നും തിട്ടമില്ല. അതുണ്ടായത് കടലിനു ചുഴലി പിടിപെട്ടതുകൊണ്ടോ, സർവം സഹയായ, വസുന്ധരയായ ഭൂമിയുടെ ഇടാനെഞ്ചുപൊട്ടിയതുകൊണ്ടോ എന്നു ശാസ്ത്രജ്ഞന്മാർ നിശ്ചയിക്കട്ടെ. ആന്ധ്രയിൽ ചുഴലി മാത്രമേ ഉണ്ടായതായി കേട്ടുള്ളു. ഭൂമി വിറക്കുകയും കടൽ കയർക്കുകയും ചെയ്യുന്ന സുനാമി, പേരിലെങ്കിലും, പിന്നീടു വന്നതായിരുന്നു.

ആ വരവിന് രണ്ടു വിശേഷതകൾ കാണാം. ഒന്നാമതായി, അത് കൂടെക്കൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നു. മേത്തരമോ ഇടത്തരമോ ആയ രണ്ടു സുനാമികൾക്കിടയിലെ ഒഴിവുകാലം കുറഞ്ഞുകൊണ്ടേ വരുന്നു. മനുഷ്യന്റെ അഹന്തയെ പുഛിച്ചുകൊണ്ട്, അതു കവർന്നുകൊണ്ടുപോകുന്ന ജീവന്റെയും സ്വത്തിന്റെയും അളവ് കൂടിക്കൊണ്ടേ പോകുന്നു. രണ്ടാമതായി, മുന്നറിയിപ്പുകളെയെല്ലാം അതു നിസ്സരമാക്കുന്നു. ഇത്തരം ആപത്തുകളെ നേരിടാൻ ജപ്പാനോളം സജ്ജീകരണമുള്ള രാജ്യം വേറെയില്ല. നിതാന്തജാഗ്രത ജപ്പാന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. എന്നിട്ടെന്ത്? കടലിന്റെ അടിത്തട്ടു കിടുങ്ങിയാൽ, കരക്കായാലും വെള്ളത്തിലായാലും രക്ഷയില്ല. എവിടെപ്പോയൊളിക്കാൻ? നമ്മുടെ പഴയ മൊഴി വീണ്ടും പൊടി തട്ടിയെടുക്കാം: വീടു വിഴുങ്ങുന്ന ഭൂതം മുട്ടിവിളിക്കുമ്പോൾ, വാതിൽ ചാരിയാൽ മതിയോ?

മൂന്നമതൊരു വിശേഷത കൂടി സുനാമിയുമായി ബന്ധപ്പെടുത്തി കാണണം. ഒരിടത്ത് കടൽ ഇളകിവരുമ്പോൾ, സെന്തായ് നഗരത്തിൽ കാസുമി സെയ്കി ജീവനും കൊണ്ടോടുമ്പോൾ, മനുഷ്യസഹസ്രങ്ങൾ ഒലിച്ചുപോകുമ്പോൾ, നമ്മൾ അച്യുതാനന്ദന്റെ രാഷ്ട്രീയഭാഗധേയം ചർച്ച ചെയ്യുന്ന തിരക്കിൽ പെട്ടു പോകുന്നു, രാവും പകലും. ഫുക്കുഷിമയിലെ ദുരന്തം, നമ്മെ സംബന്ധിച്ചിടത്തോളം, ഇടവേളകളെ വികാരമസൃണമാക്കാനുള്ളതു മാത്രമാകുന്നു. മുഖ്യവും മാദകവുമായ വിഷയം അച്യുതാനന്ദൻ തന്നെ. അതല്ലെങ്കിൽ വേറൊരു ആനന്ദൻ എന്ന വ്യത്യാസമേ കാണുകയുള്ളു. നാശത്തോടും മരണത്തോടുമുള്ള മനുഷ്യപ്രതികരണം എന്നും ഇങ്ങനെയൊക്കെയായിരിക്കും. നാശം വീട്ടുമുറ്റത്ത് നടന്നാ‍ലേ നമ്മളെ ഏശുകയുള്ളു. വസുധൈവ കുടുംബകം, ലോകമേ തറവാട്, എന്നതൊക്കെ കേൾക്കാൻ കൊള്ളാവുന്ന തത്വം തന്നെ, കേൾക്കാൻ കൊള്ളാവുന്ന തത്വം മാത്രം.

ആന്ധയിലെ തീരത്ത് കടൽ കുതറി വന്നപ്പോഴത്തെ സ്ഥിതിയല്ല ഇപ്പോഴത്തേത് എന്നു പറഞ്ഞല്ലോ. അന്നത്തേതിൽനിന്നു വ്യത്യസ്തമായി, സെന്തായ് നഗരത്തിന്റെ നാശം നമ്മുടെ നടുമിറ്റത്തെ പൊട്ടിത്തെറിയായി അനുഭവപ്പെടുത്താനുള്ള സാങ്കേതികവിദ്യ നമ്മൾ വികസിപ്പിച്ചെടുത്തിരിക്കുന്നു. സെന്തായ് നഗരത്തിൽനിന്ന് കാസുമി ഓടി രക്ഷപ്പെടുന്നതും കടലിന്റെ കുടൽമാല കീറിത്തെറിക്കുന്നതുമെല്ലാം നമ്മുടെ സ്വീകരണമുറിയിലെ സംഭവമായിരിക്കുന്നു. എന്നിട്ടും പണ്ട് പത്രം വായിച്ച് “അയ്യോ കഷ്ടം” എന്നു പറയുന്നതുപോലെ, ഇപ്പോൾ ദുരന്തം നേരിൽ കണ്ട് നമ്മൾ “അയ്യോ കഷ്ടം” മൂളുന്നു. എന്നിട്ട് അച്യുതാനന്ദനെപ്പറ്റിയുള്ള ചർച്ച തുടരുന്നു.

മനുഷ്യമസ്തിഷ്കത്തെപ്പറ്റി ശാസ്ത്രജ്ഞന്മാർ രൂപപ്പെടുത്തിയ ഒരു നിഗമനം ഉണ്ട്. രണ്ടു ഭാഗങ്ങളുള്ള മസ്തിഷ്കത്തിൽ, ചിന്തയെയും ആവിഷ്കരണപാടവത്തെയും നിയന്ത്രിക്കുന്ന ഭാഗത്തിൽ ഉണ്ടായിട്ടുള്ള വികാസം അത്ഭുതാവഹമത്രേ. സ്നേഹം, ദയ തുടങ്ങിയ വികാരങ്ങളെ രൂപപ്പെടുത്തുന്ന ഭാഗത്തിലാകട്ടെ, ഒരു വികാസവുമുണ്ടായിട്ടില്ല താനും. ഒരു ഭാഗത്ത്, ഒരു ക്വാണ്ടം മുന്നേറ്റം. മറുഭാഗത്ത്, കൺഫ്യൂഷ്യസിന്റെ കാലത്തേതിൽനിന്ന് ത്രിമ്പും വ്യത്യാസമില്ലത്ത നിശ്ചലത്വം. അതുകൊണ്ടായിരിക്കാം, പണ്ട് നായനാർ തമാശ പോലെ പറഞ്ഞിരുന്നു, “നമ്മൾ ഒരു ചായ കുടിക്കുന്നു; പിന്നെ ഒരു ബലാത്സംഗം നടത്തുന്നു.” ഏതാണ്ട് ആ ഈണത്തിൽ നമുക്ക് ഇനിയും ചോദിക്കാം, “രണ്ടു മൂന്നിടത്ത് ഒരുമിച്ചൊരു സുനാമി കനത്താൽ, ഈ മൺപന്ത് മൂന്നായി പിളർന്നാൽ, അപ്പോഴും നമ്മൾ അച്യുതാനന്ദനെ ധ്യാനിച്ചിരിക്കുമോ?”

(malayalam news)

Tuesday, March 15, 2011

കാലഗർഭത്തിലേക്ക് ഒരു എത്തിനോട്ടം

ഒരു പ്രവചനം വന്നു കഴിഞ്ഞു. ഇഷ്ടപ്പെടാത്തവർ അതിനെ തള്ളിപ്പറഞ്ഞു. ഇഷ്ടപ്പെട്ടവർ അതു മാത്രമേ സത്യം എന്നു പറഞ്ഞു. ഇനിയും എത്രയോ പ്രവചനം വരാനിരിക്കുനു, വന്നുകൊണ്ടേയിരിക്കുന്നു!. എന്തു പ്രവചിച്ചാലും കേൾക്കുന്നവർക്ക് ഇമ്പമുളവാക്കണമെന്നേയുള്ളു. അതില്ലെങ്കിൽ അതു പ്രവചനമല്ല, വെറും പ്രചരണമാണെന്ന് ആളുകൾ ഭള്ളു പറയും. സത്യം പറയണം, പക്ഷേ പറയുന്നത് അപ്രിയസത്യമാകരുതെന്നാണ് പഴയ സംസ്കൃതപ്രമാണം. ന ബ്രൂയാത് സത്യം അപ്രിയം.

ഞാൻ ആദ്യം കേട്ട തിരഞ്ഞെടുപ്പു പ്രവചനം ഇ പി ഡബ്ല്യു ഡ കോസ്റ്റയുടേതായിരുന്നു--അറുപതുകളിൽ. അദ്ദേഹം ഇൻഡ്യൻ
ഇൻസ്റ്റിറ്റ്യൂട് ഒഫ് പബ്ലിക് ഒപിനിയൻ എന്ന സ്ഥാപനത്തിന്റെ ഡയറക്റ്റർ ആയിരുന്നു. ഈസ്റ്റേൺ എക്കോണൊമിസ്റ്റ് എന്ന വാരികയുടെ എഡിറ്ററും അദ്ദേഹമായിരുന്നു. തിരഞ്ഞെടുപ്പു വരുമ്പോൾ അദ്ദേഹത്തിന്റെ സ്ഥാപനം എളിയ തോതിൽ നടത്തിയിരുന്ന സർവേ പ്രാഥമികമായ ചില ശതമാനക്കണക്കുകളും പ്രവണതകളും മാത്രമേ കൊടുത്തിരുന്നുള്ളു. സ്ഥാനാർഥികളുടെ പേരും ഊരും സാധ്യതയുമൊക്കെ വിശദമായി അപഗ്രഥിക്കാനോ പ്രവചിക്കാനോ അപ്പോൾ വഴിയില്ലായിരുന്നു. അക്കാദമികമായ ഒരു അഭ്യാസമെന്ന നിലയിൽ ഡ കോസ്റ്റ നടത്തിയിരുന്ന പ്രവചനത്തിന് അത്രയൊക്കെയേ പ്രാധാന്യവും മാധ്യമങ്ങളൂം നേതാക്കളും നൽകിയിരുന്നുമുള്ളു. അമേരിക്കയിൽ അതിനു മുമ്പും ചെറിയ തോതിൽ ഗാലപ് പോൾ സമ്പ്രദായം നിലവിൽ വന്നിരുന്നു.

ഡ കോസ്റ്റ ആ ചുവടു പിടിച്ച് സർവേ നടത്തുന്ന കാലത്ത്, സ്ഥാനാർഥികളും പാർട്ടികളും തന്നെയായിരുന്നു മുഖ്യപ്രവാചകർ. വിജയപരാജയസാധ്യതയെപ്പറ്റി, തിരഞ്ഞെടുപ്പിനെ ഗൌരവമായി കണ്ടിരുന്ന സ്ഥാനാർഥികൾക്കെല്ലാം ഒട്ടൊക്കെ ധാരണയുണ്ടായിരുന്നു. എല്ലാം കാണുന്നുവെന്ന് അഭിമാനിച്ചു നടക്കുന്ന പത്രക്കാർ അവർക്ക് കുട പിടിച്ചു. പത്രക്കാർക്ക് അറിയാത്തതായി ഒന്നും ഒരിക്കലും ഉണ്ടായിരുന്നില്ല--അങ്ങനെ അവർ വിശ്വസിച്ചു. അവരും ഭരണകക്ഷിനേതാക്കളും രഹസ്യാന്വേഷണസേനയിലെ ഉദ്യോഗസ്ഥന്മാരും കൂടി അവരവരുടേതായ നിഗമനങ്ങൾ രൂപീകരിച്ചു. ആവശ്യമുള്ളപ്പോൾ മാത്രം അതിനു പരസ്യം കൊടുത്തു.

അവരിൽ കമ്യൂണിസ്റ്റുകാരുടെ പ്രവചനം കൃത്യമായിരിക്കുമെന്നായിരുന്നു ധാരണ. അന്നൊക്കെ അവർ തോൽവിയെയും ജയത്തെയും ഗീതയിൽ പറയുന്നപോലുള്ള സ്ഥിതപ്രജ്ഞതയോടെ കണ്ടു. ഓരോ ബൂത്തിലെയും സമ്മതിദായകരുടെ പെരുമാറ്റത്തെ അവർ വസ്തുനിഷ്ഠമായും സത്യസന്ധമായും വീക്ഷിച്ചു. എന്നിട്ട് അവർ നടത്തുന്ന പ്രവചനം മിക്കവാറും ശരിയായിരിക്കും. വ്യത്യാസം നൂറോ ഇരുനൂറോ വോട്ടിന്റേതു മാത്രമായിരിക്കും. അതായിരുന്നു അന്നത്തെ ജനകീയധാരണ. കാലം അതിനെയും തട്ടിനിരത്തിയിരിക്കുന്നു.

അതുമായി ബന്ധപ്പെടുത്തി, ഇന്ദിര ഗാന്ധിയുടെ വധത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിലെ ഒരു അനുഭവം പറയട്ടെ. അന്ന് സി പി എം സംസ്ഥാനസെക്രട്ടറിയായിരുന്ന വി എസ് അച്യുതാനന്ദനെ എനിക്ക് സാമാന്യം നന്നായറിയാമായിരുന്നു. വോട്ടെടുപ്പു കഴിഞ്ഞപ്പോൾ, വി എസ്സിന് തന്റെ ഉള്ളംകൈ പോലെ അറിയാമായിരുന്ന ആലപ്പുഴയെപ്പറ്റി ഞങ്ങൾ സംസാരിച്ചു. ബൂത് തലത്തിലുള്ള പ്രവർത്തകർ കൊടുത്ത കണക്കുകളെല്ലാം കൂട്ടിയും കിഴിച്ചും, തണുത്ത യാഥാർഥ്യബോധത്തോടെ അദ്ദേഹം എത്തിച്ചേർന്ന നിഗമനം സുശീല ഗോപാലൻ എണ്ണയിരത്തിലേറെ വോട്ടിനു ജയിക്കുമെന്നായിരുന്നു. വോട്ടെണ്ണിയപ്പോൾ അതിന്റെ പതിന്മടങ്ങ് ഭൂരിപക്ഷത്തോടെ വക്കം പുരുഷോത്തമൻ ജയിച്ചു.

പാളിപ്പോയത് വി എസ്സിന്റെ കണക്കു മാത്രമായിരുന്നില്ല. കേരളത്തിൽ പകുതിയിൽ കൂടുതൽ സ്ഥാനങ്ങൾ ഇടതുപക്ഷം നേടുമെന്നൊരു കണക്ക് ഇന്ത്യൻ എക്സ്പ്രസ്സിൽ ഞങ്ങൾ എഴുതിപ്പിടിപ്പിച്ചു. സ്ഥായിയായ വിരോധം കമ്യൂണിസത്തോടുമാത്രം ഉണ്ടായിരുന്ന എന്റെ എഡിറ്റർ എസ് കെ അനന്തരാമനും ആ കണക്ക് ശരിയെന്നു തോന്നിയതാണ് അത്ഭുതം. ഞങ്ങളുടെ പ്രവചനം നന്നേ മിതമാണെന്നായിരുന്നു എന്റെ അയൽവാസികൂടിയായിരുന്ന ഇ എം എസ്സിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ ശാന്തിനഗറിലെ പത്താം നമ്പർ വീട്ടിൽ കുശലം പറയാൻ ചെന്നപ്പോൾ, അതിശായോക്തിയോ പ്രചരണോദ്ദേശമോ ഇല്ലാതെ ഇ എം പറഞ്ഞു: “ഇരുപതിൽ പതിനേഴും കിട്ടുമെന്നു ഞാൻ വിചരിക്കുന്നു. അതിൽ കൂടിയാലും അത്ഭുതമില്ല.” ഇരുപതിൽ പതിനേഴല്ല, പത്തൊമ്പതും കിട്ടി--പക്ഷേ അതു മറുചേരിക്കായിരുന്നുവെന്നു മാത്രം.

വാസ്തവത്തിൽ തിരഞ്ഞെടുപ്പു പ്രവചനം സ്ഥിതിവിവരഗണിതവും രാഷ്ട്രീയവും കൂട്ടിക്കലർത്തിയ ഒരു പഠനമായി അംഗീകാരം നേടിയത് ആ തിരഞ്ഞെടുപ്പിൽ ആയിരുന്നു. പ്രണയ് റായിക്ക് ഒരു പ്രവാചകന്റെ പ്രശസ്തി നേടിക്കൊടുത്തതും ആ തിരഞ്ഞെടുപ്പയിരുന്നു. അതിനു മുമ്പു അദ്ദേഹം സ്ഥിതിവിവരഗണിതത്തിലെ സങ്കേതങ്ങളുപയോഗിച്ച് സമ്മതിദായകരുടെ അഭിപ്രായം നേരത്തേ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ അത് വിശ്വസനീയമായ ഒരു അഭ്യാസമായി പരിഗണിക്കപ്പെട്ടു തുടങ്ങിയത് അന്നായിരുന്നു. അന്ന് രാജീവ് ഗാന്ധിയുടെ വിജയത്തെപ്പറ്റി പ്രണയ് റായ് പറഞ്ഞുവന്നത് ശരിയായി. വിജയത്തിന്റെ പ്രവണത ശക്തി പ്രാപിച്ചപ്പോൾ, പ്രവചനം ഒരേ സമയം അസന്ദിഗ്ധവും ആ വിജയത്തെ ഒന്നു കൂടി ഊട്ടിയുറപ്പിക്കുന്നതുമായി. അങ്ങനെ ജയിക്കുന്ന പ്രവണത സാർവത്രികമായി പ്രകടമായാൽ, പിന്നെ അതു തിരിച്ചടിക്കുന്ന അവസരം ഉണ്ടാകാറില്ല. പ്രവചനം എളുപ്പമാകും. പ്രവാചകനാകട്ടെ, താൻ ജയിക്കുന്നുവെന്ന് തെളിയിക്കപ്പെടുന്നതിനോളം കൃതാർഥത വേറൊന്നുകൊണ്ടും ഉണ്ടാവുകയുമില്ല.

പ്രവചനം വിളമ്പുന്നവരുടെ ശക്തി, അല്ലെങ്കിൽ, ദൌർബല്യം, രണ്ടാണെന്നു പറയാം. ഒന്ന്, പ്രവചിക്കാൻ, കാലത്തിന്റെ ഗർഭത്തിലേക്ക് എത്തിനോക്കാൻ, ഭാവിയുടെ സ്വരൂപം വർത്തമാനത്തിൽത്തന്നെ കണ്ടറിയാൻ, ഉള്ള ആഗ്രഹം. രണ്ട്, അങ്ങനെ നടത്തുന്ന പ്രവചനം, പുറത്തു പറഞ്ഞാലും ഇല്ലെങ്കിലും, ശരിയാണെന്നു വരുത്താനുള്ള ശ്രമം. ഈ തത്വവുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി പറഞ്ഞുവെക്കണം, വേറെ എന്തും ചർച്ച ചെയ്യാൻ തുടങ്ങുന്നതിനുമുമ്പ്. മിക്കപ്പോഴും പ്രവചിക്കപ്പെടുന്ന കാര്യം പറയുന്ന ആൾക്കോ
കേൾക്കുന്ന ആൾക്കോ ഹിതമായിരിക്കും. കസാൻഡ്ര എന്ന യവനസുന്ദരി നടത്തിയിരുന്ന പ്രവചനമെല്ലാം സത്യവും അഹിതവുമായിരുന്നു. അതേ കാരണംകൊണ്ടാകാണം, കസാൻഡ്രയുടെ സത്യപ്രസ്താവങ്ങൾ വിശ്വസിക്കാൻ ആളില്ലാതായി. തുടക്കത്തിൽ പറഞ്ഞത് ഓർമ്മയില്ലേ, വിശ്വസിക്കാൻ കൊള്ളാവുന്ന സത്യമേ പറയാവൂ.

ഡ കോസ്റ്റയുടെ പ്രവചനശ്രമം കഴിഞ്ഞ് ഏറെ കൊല്ലത്തിനുശേഷം, പക്ഷേ പ്രണയ് റായിയുടെ ആലഭാരത്തോടുകൂടിയുള്ള സംരംഭത്തിനു മുമ്പ്, തിരഞ്ഞെടുപ്പു കാലത്ത് പ്രവചനം ഇറങ്ങാൻ തുടങ്ങി. പല ഘട്ടങ്ങളിൽ അതു നടക്കും. തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ആലോചന തുടങ്ങുന്നതിനുമുമ്പ്, കാലം അതിന്റെ കീശയിൽ എന്തൊക്കെ ഒളിപ്പിച്ചുവെച്ചിരിക്കുന്നുവെന്നറിയാൻ ഒരു സർവേ നടത്താം. തിരഞ്ഞെടുപ്പ് പ്രാഖ്യാപിച്ചാലുടൻ, സമ്മതിദായകരുടെ മനോഗതം അറിയാൻ നോക്കാം. പ്രചാരണം മുറുകിയാൽ വീണ്ടും സർവേ ആകാം. പിന്നെ വോട്ടു രേഖപ്പെടുത്തി വരുന്നവരോട് കാര്യം ചോദിച്ചറിയാം. അതിനുശേഷം വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്ന സ്ഥിതിക്ക് ഒരു സർവേ കൂടി നടത്തുന്നതിൽ അർഥമില്ലാത്തതുകൊണ്ട് അതു നടത്തുന്നില്ലെന്നു മാത്രം. വിപണിയുടെ സ്വഭാവം മനസ്സിലാക്കാൻ ശ്രമിക്കുന്നതുപോലെ, സമ്മതിദായകരുടെ ഇഷ്ടാനിഷ്ടങ്ങൾ വിലയിരുത്താനുള്ള ശ്രമം. അത്ര തന്നെ. സമ്മതിദായകരും ഒരു തരത്തിൽ ഉപഭോക്താക്കളാണല്ലോ.

ഈ രാഷ്ട്രീയവിപണനതന്ത്രത്തെ മനുഷ്യമൻശ്ശാസ്ത്രവുമായി ബന്ധപ്പെടുത്തിയേ നിരീക്ഷിക്കാൻ പറ്റൂ. നിഗൂഢതയിൽ ഊളിയിട്ടിറങ്ങാൻ വെപ്രാളപ്പെടുന്നതാണ് മനുഷ്യസ്വഭാവം. നാളെയുടെ ഭാവം നേരത്തേ കണ്ടറിയണം. ഭാവിയുടെ അനിശ്ചിതത്വം വർത്തമാനത്തെ അസ്വസ്ഥമാക്കുന്നു. കഷണ്ടിയിൽ മുടി മുളപ്പിക്കാനുള്ള എണ്ണ വിപണിയിൽ ഇറക്കുമ്പോൾ, ആളുകൾ വാങ്ങുമോ എന്നറിയാൻ
നിർമ്മാതാവ് അക്ഷമനായി കാത്തിരിക്കുന്നതുപോലെ, ദേഹം വെടിയുന്ന ദേഹി എങ്ങനെ വർത്തിക്കുന്നുവെന്ന അന്വേഷണവും അനന്തമായും അക്ഷമമായും തുടരുന്നു. അതിന് എന്തു സംഭവിക്കും, എണ്ണ വിറ്റഴിയുമോ, ഭാഗ്യം തെളിയുമോ, കഷ്ടകാലം തീരുമോ, പൊളിഞ്ഞ ബന്ധം കൂടിച്ചേരുമോ, ഉദ്യോഗക്കയറ്റം കിട്ടുമോ, തിരഞ്ഞെടുപ്പിൽ ജയിക്കുമോ---അങ്ങനെ വരാനിരിക്കുന്ന ഓരോ കാര്യത്തെച്ചൊല്ലിയുമുള്ള ഉൽക്കണ്ഠക്കുള്ള ഉത്തരമാണ് പ്രവചനം.

പ്രവചനം കൊഴുപ്പിക്കാൻ പല വഴികളും ഉപകരണങ്ങളും കണ്ടെത്തിയതാണ് മനുഷ്യന്റെ ഒരു നേട്ടം. നക്ഷത്രങ്ങളെ നോക്കിയും, കവിടി നിരത്തിയും, അക്ഷരങ്ങൾ ഉരുക്കഴിച്ചും, അക്കങ്ങൾ കൂട്ടിയും കിഴിച്ചും, പല്ലിയുടെയും പക്ഷിയുടെയും ഭാഷ വ്യാഖ്യാനിച്ചും, മഷിയും വെറ്റിലയുമൊക്കെ നോക്കിയും കാലരഹസ്യം കണ്ഠെത്താൻ മനുഷ്യൻ ധൃതി കൂട്ടുന്നു. ഒരിക്കൽ ജയിച്ചാൽ കോളായി. പിന്നെ പറ്റുകാരുടെ വരവായി. പറ്റുകാർ കൂടിയാൽ, പ്രവചനം നടത്തുന്നയാൾ ദിവ്യനായി. അങ്ങനെ നാളെയെ മുൻ കൂട്ടി കാണുന്നവർക്ക് മനുഷ്യൻ എന്നും ഒരുതരം അതിമാനുഷസ്ഥാനം കല്പിച്ചുകൊടുക്കുന്നു. തെങ്ങിൽ കയറുകയോ നീന്തൽക്കുളത്തിൽ കണ്ണഞ്ചിക്കുന്ന അഭ്യാസം കാണിക്കുകയോ പരിചിതമായ പദാവലികൊണ്ട് അപരിചിതവും അത്ഭുതകരവുമായ ഭാവപ്രപഞ്ചം സൃഷ്ടിക്കുകയോ ചെയ്യുന്നവരെ നാം മിടുക്കരായ മനുഷ്യരായേ കാണുന്നുള്ളു. അവരിൽ അമാനുഷികത്വം ആരോപിക്കാറില്ല. നാളെ കല്യാണം നടക്കുമെന്നു പറയുന്ന പ്രവാചകൻ അങ്ങനെയല്ല. കാലത്തിന്റെ അന്തരാളം കാണുന്നയാൾ അമാനുഷികനാകാതെ തരമില്ല. ചുമ്മാ ഒരാളെ ആരാധിക്കാൻ പറ്റുമോ?

പറയുന്നതൊക്കെ ശരിയാക്കിയെടുക്കണമെന്നതാണ് പ്രവാചകന്റെ തത്രപ്പാട്. അതിനുള്ള പല വഴികളും അവർ കണ്ടുപിടിക്കുന്നു. ശരിയായിപ്പോകുന്ന പ്രവചനം അതിന്റെ തന്നെ പരസ്യമാകും. ശരിയാകാത്ത പ്രവചനം ഒളിച്ചുവെക്കുന്നതാണ് വൈഭവശാലിയായ പ്രവാചകന്റെ സാമർഥ്യം. ഓന്നോർത്തുനോക്കൂ, വീണ്ടും വീണ്ടും പൊളിഞ്ഞുപോയ പ്രവചനം നടത്തിയ ഒരാളെപ്പോലും നിങ്ങൾക്ക് ഓർക്കാൻ കഴിയില്ല. അത്തരം പ്രവാചകന്മാർ ഏറ് കാണും, പക്ഷേ അവരാരും ആത്മകഥ എഴുതാൻ ഇഷ്ടപ്പെടില്ല. പ്രവചനം ശരിപ്പെടുത്താൻ ഒരു ജ്യോത്സ്യൻ ഉപയോഗിച്ച തന്ത്രം അസ്സൽ ആയിരുന്നു. പിറക്കാൻ പോകുന്ന കുട്ടി ആണാണെന്ന് എഴുതിക്കൊടുത്തു. പെൺകുട്ടി പിറന്നപ്പോൾ, വീട്ടിന്റെ മേപ്പടിയിൽ തിരുകിവെച്ചിരുന്ന ഒരു കീറക്കടലാസ് എടുത്തു കാണിച്ചു. അതിൽ ഉണ്ടായിരുന്നു ശരിയായ പ്രവചനം: പെൺകുട്ടി. ഭാഗ്യം, പിറന്നത് നപൂംസകമായില്ല.


(malayalam news 14/3

Monday, March 7, 2011

എനിക്കു ദേഷ്യം വരുന്നു

സുകുമാരൻ എന്നെ ഓരോ ഇടത്ത് അങ്ങനെ കൊണ്ടുപോകുന്നു. ഒരിക്കൽ പോത്തങ്കോട്ടെ ഒരു ആശ്രമത്തിൽ. മറ്റൊരിക്കൽ ഒരു വൃദ്ധസദനത്തിൽ. പിന്നെ, കഴിഞ്ഞയാഴ്ച, റോട്ടറി ക്ലബിൽ പ്രസംഗിക്കാൻ. ഞാൻ പ്രസംഗത്തിന്റെ ആളല്ല. എന്നാലും കൊണ്ടുപോയി. വിഷയം പലതും നിർദ്ദേശിച്ചു. മാധ്യമധർമ്മം. മൂല്യച്യുതി. ഇന്ത്യയുടെ ഭാവി. ആഗോളവൽക്കരണത്തിന്റെ അർഥവ്യാപ്തി. തിരഞ്ഞെടുപ്പു പരിഷ്ക്കാരങ്ങൾ....അങ്ങനെ പ്രവചനീയമായ പലതും കേട്ടപ്പോൾ, എനിക്കു ദേഷ്യം വന്നു. ഞാൻ പറഞ്ഞു: എനിക്കു ദേഷ്യം വരുന്നതിനെപ്പറ്റി സംസാരിക്കാം.

സുകുമാരൻ ഒരു നിമിഷം മിണ്ടാതായി. എന്നിട്ട് ഒരു മുന്നറിയിപ്പെന്നോണം പറഞ്ഞു: റോട്ടറി ക്ലബ്ബാണ്. വഴിവിട്ട് ഒരു വിഷയത്തെപ്പറ്റി സംസാരിക്കുമ്പോൾ സൂക്ഷിക്കണം. കേൾവിക്കാരൊക്കെ കേമന്മാരും വട്ടവും ചിട്ടയും കാത്തുസൂക്ഷിക്കുന്നവരുമാണ്. ദേഷ്യം വരുന്നതിനെപ്പറ്റി പ്രസംഗിച്ചാൽ അവർക്ക് ദേഷ്യം വരുമോ? നോക്കാമെന്നായി ഞാൻ.

സദസ്സിന്റെ നടുവിൽ ഇരിക്കുന്ന എന്റെ ഭാര്യയെ ചോ‍ാണ്ടിയായിരുന്നു പ്രസംഗത്തിന്റെ തുടക്കം. ആത്മാവിനെയും ശരീരത്തെയും തണുപ്പിക്കേണ്ടതാണ് പ്രഭാതം. പക്ഷേ പല പ്രഭാതങ്ങളിലും ഭാര്യ പിറുപിറുക്കും. പുറം തിരിഞ്ഞു നിൽക്കുന്ന എന്നെ വിളിച്ചു കാണിക്കും: “ദാ, ഇതു കണ്ടോ....” അയൽ പക്കത്തെ അയയിൽ രാവിലെ കാണാൻ കൊള്ളാത്ത ഒരു തുണി നനച്ചിട്ടിരിക്കുന്നതു കണ്ടാൽ ആർക്കും അരിശം വരും. പക്ഷേ എന്തു ചെയ്യാൻ? അങ്ങോട്ടു നോക്കാതിരുന്നാൽ പോരേ എന്നു ഞാൻ ചോദിച്ചാൽ അരിശം കൂടുകയേ ഉള്ളു. പ്രഭാതം കോപാകുലമാക്കാൻ അങ്ങനെ എത്ര വഴി കിടക്കുന്നു! ഏതു വഴിയേയും നാം കടന്നു പോകുന്നു, നിസ്സഹായരായി!

ബംഗളൂരിൽ എനിക്കു താമസിക്കാൻ സ്ഥലം തന്ന ഭാസ്കരൻ രാവിലെ തർക്കം പറയുമായിരുന്നു. പലപ്പോഴും പ്രാണായാമം കഴിഞ്ഞു വരുമ്പോഴായിരിക്കും ഭാസ്കരൻ പൊട്ടിത്തെറിക്കുക. കാരണം എന്തുമാകാം. പൈപ്പിൽ വേണ്ടത്ര വെള്ളം വരുന്നില്ല. പത്രം ഇടുന്ന പയ്യൻ അത് എവിടേക്കോ വലിച്ചെറിഞ്ഞു. അർജ്ജുൻ എന്ന വളർത്തുനായ മുറ്റം മുഴുവൻ പതിവില്ലാതെ വൃത്തികേടാക്കി. മേഘം മൂടി, സൂര്യന്റെ വെളിച്ചം വരാൻ വൈകുന്നു...അങ്ങനെ എന്തും ദേഷ്യത്തിനു കാരണമാകാം. ഓരോന്നുകൊണ്ടും ഭാസ്കരൻ ക്ഷുഭിതനാകുന്നു; ക്ഷോഭം പടരുന്നു. എല്ലാവരും നിസ്സഹായരാകുന്നു.

പ്രകൃതിയോടും മനുഷ്യരോടും മൃഗങ്ങളോടും ദേഷ്യം വരുന്നവരെ ഞാൻ ഓർക്കുന്നു. അകരണമല്ലാതെ, നിസ്സഹായമായി ദേഷ്യം വരുന്നവർ. വഴിയിൽ തിരക്കു കാണുമ്പോൾ ദേഷ്യം, കുറുകേ ഓടുന്ന പട്ടിയോടു ദേഷ്യം, മരണവേഗത്തിൽ കടന്നു കേറുന്ന വാഹനത്തോടു ദേഷ്യം, അതിനോടൊപ്പമെത്താൻ ശ്രമിച്ച് പിന്തള്ളപ്പെടുന്ന തന്നോടു തന്നെ ദേഷ്യം. എവിടെ നോക്കിയാലും ദേഷ്യപ്പെടാൻ ഒരു കാരണവും ഒരു മുഖവും കാണും. അതു കാണുമ്പോൾ മുഖം തുടുക്കുന്നു, ചുണ്ടു വിറക്കുന്നു, തൊണ്ട വരളുന്നു, ഗാണ്ഡീവം താഴെ വീഴുന്നു. പിന്നെ ഗീത കൂട്ടിച്ചേർത്താൽ മതി.

സംഗത്തിൽനിന്ന് കാമവും കാമത്തിൽനിന്ന് ക്രോധവും ക്രോധത്തിൽനിന്ന് സമ്മോഹവും ഉണ്ടാകുന്നുവെന്നാണ് ഗീതയിലെ നിഗമനം. സമ്മോഹം ഓർമ്മയെ തകർക്കുന്നു. ഓർമ്മ തകർന്നാൽ ബുദ്ധി നശിക്കുന്നു. ബുദ്ധിനാശത്തോടെ എല്ലാം നശിച്ചുപോകും. ആ നാശത്തിന്റെ പ്രക്രിയയിൽ നടുവിൽത്തന്നെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു ദേഷ്യം. ആധ്യാത്മികമായി ഉയർന്ന ആളുകളെപ്പോലും ദേഷ്യം കൈ വിടാറില്ല. രണ്ട് ഉദാഹരണം മാത്രം. ഒന്ന് ദുർവാസാവ്. എവിടെച്ചെന്നാലും പുള്ളിക്കാരൻ കോപിക്കും. താൻ കൊടുത്ത മാല വേണ്ട പോലെ സൂക്ഷിക്കാതെ കൊണ്ടുനടന്ന ദേവേന്ദ്രനോടുള്ള ദേഷ്യം അമരന്മാരെ ജരാനരക്കു വിധേയരാക്കി. കാമുകന്റെ ഓർമ്മയിൽ തന്നെ സൽക്കരിക്കാൻ വൈകിയ ശകുന്തളയോടുള്ള ദേഷ്യം ദുഷ്യന്തന്റെ സ്മൃതിഭ്രംശത്തിനു കാരണമായി. ദേഷ്യതിന്റെ മുനിരൂപമായിരുന്നു ദുർവാസാവ്. രണ്ട് പരശുരാമൻ. ദേഷ്യവും പകയും കത്തിക്കേറിയപ്പോൾ അദ്ദേഹം ഇരുപത്തൊന്നു വട്ടം ശത്രുക്കളെ വെട്ടിനിരത്തി. എത്ര ചോര ഒഴുകിക്കാണും പരശുരാമക്ഷേത്രമായ കേരളത്തിൽ? പരശുരാമന്റെ ദേഷ്യം ഇന്നും എന്തിനും മുഷ്ടി ചുരുട്ടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന കേരളത്തിന്റെ പൈതൃകമായി വാഴുന്നുണ്ടോ?

ദേഷ്യത്തിന്റെ ശരീരശാസ്ത്രം പഠിച്ച ഒരാളാണ് ഡോക്റ്റർ ജോൺ ഹൺടർ. ശരീരത്തിന്റെ ആയിരം കരണങ്ങളെയും പ്രതികരണങ്ങളെയും പലതരം പരീക്ഷണങ്ങൾക്കു വിധേയമാക്കിയ ഗവേഷകനായിരുന്നു ഹൺടർ. ഹൃദ്രോഗം വരുമ്പോൾ രോഗി എങ്ങനെ പെരുമാറുമെന്നറിയാൻ, അദ്ദേഹം തനിക്കു തന്നെ രോഗം വരുത്തിയത്രേ. എന്നിട്ട് അതിനെപ്പറ്റി കവിക്കുമാത്രം വഴങ്ങുന്ന ഭാഷയിൽ എഴുതുകയും ചെയ്തു. ദേഷ്യത്തിന്റെ ശരീരശാസ്ത്രം പരിശോധിച്ചറിഞ്ഞിട്ട് അദ്ദേഹം എഴുതി: “എന്നെ ദേഷ്യം പിടിപ്പിക്കാവുന്ന ഓരോ ശത്രുവിനോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഓരോ തവണ ദേഷ്യം വരുമ്പോഴും ഞാൻ മരണത്തോട് ഒരടി കൂടി അടുക്കുന്നു.” ഹണ്ടറുടെ നിഗമനം പതിന്നാലാം നൂറ്റാണ്ടിന്റെ ഒടുവിൽ ശൃംഗേരിശങ്കരപീഠത്തിന്റെ അധിപതിയായിരുന്ന വിദ്യാരണ്യന്റെ വാക്കുകളിൽ ഞാൻ വായിച്ചറിഞ്ഞു. എത്രയോ മനനത്തിനും നിരീക്ഷണത്തിനും ശേഷമായിരിക്കണം, വിദ്യാരണ്യൻ പറഞ്ഞു: “ദേഷ്യം വരുമ്പോൾ നിങ്ങൾ മരണത്തിന്മുമ്പേ നരകം അനുഭവിക്കുന്നു. അതുകൊണ്ട് ദേഷ്യത്തെ നിങ്ങളുടെ ബദ്ധവൈരിയായി കൂട്ടുക.”

എപ്പോഴും തമ്മിൽത്തമ്മിൽ ദേഷ്യപ്പെടുന്ന ഒരു ദമ്പതികളെ സരസമായി കൈകാര്യം ചെയ്യുന്ന പരുക്കനായ മൈക്കി എന്ന ഒരു കഥാപാത്രമുണ്ട് ജയരാജിന്റെ ലൌഡ് സ്പീക്കർ എന്ന സിനിമയിൽ. ഭർത്താവ് വീട്ടിൽ കയറുമ്പോൾ, ഉടനേ വെള്ളം കവിൾക്കൊള്ളാനായിരുന്നു ഭാര്യക്ക് മൈക്കി കൊടുത്ത ഉപദേശം. ഭർത്താവ് വീട്ടിലുള്ളിടത്തോളം, വെള്ളം ഇറക്കുകയോ തുപ്പുകയോ ചെയ്യരുത്. നിർദ്ദേശത്തിനു ഫലമുണ്ടായി. ഭർത്താവ് ഓരോന്നു പറഞ്ഞ് ഞോണ്ടുമ്പോൾ, വായിൽ വെള്ളം ഉള്ളതുകൊണ്ട് ഭാര്യക്ക് ഒന്നും പറയാനാവുന്നില്ല. തിരിച്ചടി കേൾക്കാത്തതുകൊണ്ട് ഭർത്താവ് ഞോണ്ടൽ നിർത്തുന്നു. അങ്ങനെ രണ്ടു പേരും ചങ്ങത്തം വീണ്ടെടുക്കുന്നു. ഇതു പണ്ടേ ഞാൻ എന്റെ അമ്മയിൽനിന്നു കേട്ടിരിക്കുന്നു. അമ്മയുടെ അമ്മ കൊടുത്ത ഉപദേശമായിരുന്നു. ദേഷ്യം വരുമ്പോൾ ഒരു കവിൾ വെള്ളം കുടിക്കുക. അങ്ങനെ മുൻ ശുണ്ഠിക്കാരിയായിരുന്ന അമ്മയുടെ ദേഷ്യം പലപ്പോഴും തണുത്തിരുന്നത്രേ.

സെനെക്കയാണ് ഇക്കാര്യത്തിൽ എന്റെ ഗുരു. സെനെക്ക പറഞ്ഞു: “ദേഷ്യത്തിനുള്ള ഏറ്റവും നല്ല മരുന്ന് അമാന്തമാകുന്നു.” ദേഷ്യം വരുമ്പോൾ പൊട്ടിത്തെറിക്കാൻ ഒരു നിമിഷം വൈകിക്കുക. പിന്നെ ഒന്നും പൊട്ടിത്തെറിച്ചെന്നു വരില്ല. അങ്ങനെ പറഞ്ഞുനിർത്തിയപ്പോൾ കേൾവിക്കാരായ റോട്ടറി അംഗങ്ങൾ പൊട്ടിത്തെറിച്ചില്ലെങ്കിലും പൊട്ടിച്ചിരിച്ചുമില്ല. ഒരാൾ എന്റെ ഭാര്യയെ പഴയ രംഗത്തേക്കു കൂട്ടിക്കൊണ്ടുപോയി. രാവിലെ അയൽ പക്കത്തെ അയയിൽ തൂങ്ങുന്ന കാണാൻ കൊള്ളാത്ത തുണിയെപ്പറ്റിയായിരുന്നു അന്വേഷണം. അതിനെപ്പറ്റി ഞാൻ പറഞ്ഞതൊക്കെ ശരിയാണോ? അവരെ ദേഷ്യപ്പെടുത്താതിരിക്കാൻ എന്തു പറയണമെന്നായിരുന്നു അപ്പോൾ ഞങ്ങളുടെ ഗവേഷണം.

Saturday, March 5, 2011

കുടത്തിൽ വീണ്ടും തിരയിളക്കം

മുൻകൂട്ടി ഉത്തരം പറയുന്ന കടംകഥയുടെ കൌതുകം ഉളവാക്കുന്നതാണ് ആ പഴകിയ ചോദ്യം: ഇടതുമുന്നണിയോ ഐക്യമുന്നണിയോ? രണ്ടിലൊന്നേ ആവൂ. രണ്ടായാലും സഹിക്കാം. അതിനപ്പുറം അല്പം ആവേഗം പകരുന്ന ഒന്നുണ്ട് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ.
വാസ്തവത്തിൽ അതിനെ സി പി എമ്മിന്റെ--സി പി എമ്മിലെ എന്നും പറയാം--തിരഞ്ഞെടുപ്പ് എന്നു വിശേഷിപ്പിക്കണം. തള്ളിക്കളഞ്ഞ സഖാവിനെ വീണ്ടും തോളിലേറ്റുമ്പോൾ അണികൾ എങ്ങനെ അടി വെക്കണം എന്ന തീരുമാനം ആയിരിക്കും ഈ തിരഞ്ഞെടുപ്പ്.

മറന്നുതുടങ്ങിയ ആ ഉർദു കവിതയിലെ രൂപകം ആവർത്തിക്കാമെങ്കിൽ, കടൽ നോക്കി, കുടത്തിൽ തിരയിളക്കം കാണാൻ ഉന്നിയ കുട്ടിയായിരുന്നു മിനിയാന്നു വരെ വി എസ് അച്യുതാനന്ദൻ. ഇന്നലെ അദ്ദേഹം രൂപം മാറി. തിരഞ്ഞെടുപ്പിൽ വിളിക്കാവുന്ന മുദ്രാവാക്യങ്ങൾക്കെല്ലാം ദൃശ്യഭാവം നൽകിയ നേതാവായിരിക്കുന്നു അദ്ദേഹം. സദാചാരം, സത്യസന്ധത, ധീരത, പിന്നെ, മേമ്പൊടിക്ക്, വേണമെങ്കിൽ, ഒരു നുള്ള് രക്തസാക്ഷിത്വവും ചേർക്കാം: അതൊക്കെ ഒട്ടൊക്കെ പൊടുന്നനവേ പാർട്ടിയിൽനിന്നും നാട്ടുകാരിൽനിന്നും പതിച്ചുകിട്ടിയിരിക്കുന്ന വി എസ് അല്ലാതെ ആരുണ്ട് ഇപ്പോൾ ഇടതുപക്ഷത്തെ നയിക്കാൻ! തിരഞ്ഞെടുപ്പിന്റെ പതിമൂന്നാം രാവിൽ വി എസ്സിനുണ്ടായ ഈ രൂപാന്തരപ്രാപ്തിയാവും കഴിഞ്ഞ
അഞ്ചുകൊല്ലത്തിനുള്ളിലെ ഒരു നിർണായകരാഷ്ട്രീയസംഭവം.

അതിനോളം പ്രാധാന്യം വേറൊന്നിനുണ്ടെങ്കിൽ, അത് വി എസ്സുമായി ഒരുമിച്ചുപോകാൻ പറ്റില്ലെന്ന മട്ടിലുള്ള പാർട്ടിയുടെ ഔദ്യോഗികവിഭാഗത്തിന്റെ നിലപാടായിരിക്കും. കൂട്ടത്തിൽ പറയട്ടെ, വി എസ്സുമായി ഇനി ഒത്തുപോകാൻ കഴിയില്ലെന്ന് പണ്ടൊരിക്കൽ ഇ എം എസ്സിനോട് അറുത്തുമുറിച്ചു പരാതിപ്പെട്ട കാര്യം ഇ ബാലാനന്ദന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നതു കാണാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആദ്യം
മത്സരിപ്പിക്കുകപോലും വേണ്ടെന്നുവെച്ചിരുന്ന ഒരാൾ മത്സരിച്ചു, മുഖ്യമന്ത്രിയായി, അഞ്ചുകൊല്ലം നേതൃത്വവുമായി കോർത്തുനിന്നു, ഇപ്പോഴിതാ, ഇടതുപക്ഷത്തിന്റെ രക്ഷകനായി മാനം മുട്ടേ വളർന്നു നിൽക്കുന്നു.

എല്ലാവർക്കുമറിയാം, എല്ലായ്പ്പോഴുമെന്നപോലെ, അച്യുതാനന്ദനും പാർട്ടിയും തമ്മിൽ നിലനിന്ന ഈ പഞ്ചവത്സരവിരോധം വെറും രാഷ്ട്രീയാഭിപ്രായവ്യത്യാസമായിരുന്നില്ല. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളായിരുന്നു അതിന്റെ അടിത്തട്ടും മുകൾത്തട്ടും ഒരുപോലെ. അഭിപ്രായവ്യത്യാസം രോഗാകീർണമായ ഒരു വികാരമായി മാറിയിരുന്നു. അത്രയേറെ കാലുഷ്യം പാർവതീപുത്തനാറിലൂടെ ഒലിച്ചുപോയിട്ടും, ആകസ്മികമായി പെയ്തിറങ്ങിയ ജനപ്രീതിയിൽ തിളങ്ങിനിൽക്കുന്ന വി എസ്സിനെ എല്ലാം മറന്ന് തോളേറ്റാൻ അണികൾ നിയോഗിക്കപ്പെടുമ്പോൾ
ആരുടെയെങ്കിലും കാലിടറുമോ എന്നതാണ് പാർട്ടിയുടെ ആത്മപ്രശ്നവും ധർമ്മസങ്കടവും. ഇഷ്ടാനിഷ്ടങ്ങളും ശൈലികളും ഒരു രാവുകൊണ്ടു മാറുമോ? മറിച്ചൊരു ചോദ്യമാകാം. ഉമ്മൻ ചാണ്ടിയെ പറയാൻ കൊള്ളാത്തതെല്ലാം പറഞ്ഞു പോയ കെ മുരളീധരൻ, കഴിഞ്ഞതൊന്നുമോർക്കാതെ വീണ്ടും പുതുപ്പള്ളിയുടെ സമൃദ്ധിക്കുവേണ്ടി വിയർപ്പൊഴുക്കാൻ വന്നില്ലേ? പക്ഷേ പിണറായി വിജയൻ മുരളീധരൻ അല്ലല്ലോ.

ആ പ്രകൃതം ഇടതുമുന്നണിയും ഐക്യമുന്നണിയും തമ്മിലുള്ള അന്തരത്തിലേക്കും വിരൽ ചൂണ്ടുന്നു. എപ്പോഴും കലഹിച്ചും, എന്നാൽ “സോദരർ തമ്മിലെ പോരൊരു പോരല്ല” എന്ന മട്ടിൽ എപ്പോഴും സന്ധി പറഞ്ഞും കഴിയുന്ന ഐക്യമുന്നണിയുടെ മുദ്രയാണ് അനൈക്യം. അത്ര തന്നെ വരും അഴിമതിക്കുള്ള അതിന്റെ പ്രശസ്തി. ഐക്യമുന്നണി സൃഷ്ടിച്ചിട്ടുള്ള അഴിമതിസാഹിത്യം, വൈപുല്യത്തിൽ, വ്യാസന്റേതിനെക്കാൾ കുറയുമായിരിക്കും.
അത്രയേയുള്ളു. അതായിരുന്നു എക്കാലവും ഇടതുമുന്നണീയുടെ ഗുലാൻ. ഇത്തവണത്തെ തിരഞ്ഞെടുപ്പിന് അതെടുത്തു വീശുമ്പോൾ, ടീം ലീഡറും വയോധികനുമായ വി എസ്സിന് ഒരു ഗുലാൻ കൂടി കിട്ടി. പേരറിയാത്ത വിരഹാതുരനായ യക്ഷനെപ്പോലെ ചിലർ രതിരുചികളുടെ പുതിയ
കഥകളുമായി കാടിറങ്ങിവന്നിരിക്കുന്നു. പക്ഷേ ഒന്നുണ്ട്: രതിരുചികളുടെ കാര്യത്തിലായലും, അഴിമതിയുടെയും അന്തച്ഛിദ്രത്തിന്റെയും കാര്യത്തിലായാലും, ഇടതും വലതും ഒരുപോലെ വിളങ്ങുന്നതായി കാണാം.

ശങ്കരന്മാരുടെ നാടായ കേരളത്തിൽ രതിപുരാണം സന്ധ്യാവന്ദനത്തിനുപയോഗിക്കുന്നതിൽ ഒരു തരം വൈരുദ്ധ്യാത്മകതയുണ്ടോ? കേരളം
പലപ്പോഴും നിരുത്തരമായ പ്രശ്നം അവശേഷിപ്പിച്ചുപോകുന്നതുപോലെ, ഇവിടെയും സംഭവിക്കുന്നു: പത്തും പതിനഞ്ചും, അതിൽ കൂടുതലും, പഴക്കമുള്ള കിംവദന്തികൾ പുതിയ സമാചാരം പോലെ പടർന്നു പെരുകുന്നു. “ഇനിയും പലരും ജയിലിൽ പോകും” എന്നാണ് ടീം ലീഡറുടെ ഭീഷണി. കഥകൾ കെട്ടടങ്ങാതെ പുകഞ്ഞുപൊങ്ങുന്നു എന്നതുതന്നെ ഉള്ളിൽ എരിയുന്ന നേരിന്റെ തെളിവാകാം. ഏതായാലും, നേതാക്കളുടെ മാറിവരുന്ന രതിരുചികളും, ആസ്പത്രിയുടെ പേരിലും അണക്കെട്ടിന്റെ പേരിലുമൊക്കെയുള്ള ധനസമ്പാദനരീതികളും നിരന്തരം ചർച്ച ചെയ്യുന്നതായിരിക്കുന്നു സമ്മതിദായകരുടെ സംവേദനശീലം. അതിന്റെ തിരക്കിൽ, നമുക്കും തീവ്രവാദത്തിനുമിടയിൽ ഞരമ്പുപോലൊരു വരമ്പായി
പലപ്പോഴും വർത്തിക്കുന്ന കക്ഷികൾ പൊളിഞ്ഞാൽ, പകരം എന്തു വരും എന്നാലോചിക്കാനിടയില്ല. അവക്കു ബദലായി ചിലർ ചില നേരങ്ങളിൽ
കൂട്ടു പിടിച്ച കക്ഷികൾ ആകട്ടെ, മിക്കപ്പോഴും തീവ്രവാദത്തിലേക്കു വഴുതിപ്പോയതായാണ് ചരിത്രം.

തിരഞ്ഞെടുപ്പ് കൊഴുക്കാൻ ഇതൊക്കെ മതി. പിന്നെന്തെങ്കിലും വേണമെങ്കിൽ, “ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു“ എന്നു പറഞ്ഞ ദൈവത്തെത്തന്നെ നമ്മൾ പിഴുതിറക്കും. എപ്പോഴും നമ്മൾ എവിടെയും കണ്ടെത്തും, പുത്രനുവേണ്ടി വഴി വിടുന്ന പിതാവിനെയും പിതാവിനെ തന്റെ പേരിലുള്ള നരകത്തിൽ വീഴ്ത്തുന്ന പുത്രനെയും. തിരഞ്ഞെടുപ്പിൽ ഒരു മുദ്രാവാക്യമായി പുതുക്കിയെടുക്കാവുന്നതേയുള്ളു ലൂയി
മക്നീസിന്റെ ഈ രോദനം: “ലോകം എന്റെ മകന്റെ കൈകളാൽ ചെയ്ത പാപം പൊറുക്കണേ!“.


(manorama march 4)

ബാലകൃഷ്ണ പിള്ള--ചില ഓർമ്മകൾ

സോമവാരം

സോമവാരം
ബാലകൃഷ്ണ പിള്ള--ചില ഓർമ്മകൾ
കെ ഗോവിന്ദൻ കുട്ടി

“അങ്ങനെയല്ല.” അങ്ങനെയൊരു മറുപടി പലപ്പോഴും കേൾക്കാം. ചോദ്യത്തെ “അതെ” എന്നോ “അല്ല” എന്നോ പറഞ്ഞു നേരിടാൻ ഉറപ്പില്ലാത്തപ്പോഴായിരിക്കും അങ്ങനെയൊരു മറുപടിയിൽ അഭയം തേടുക. ആർ ബാലകൃഷ്ണ പിള്ള ജയിലിൽ പോകുന്ന ദിവസം, ഭാര്യയുടെ ഒരു ചോദ്യത്തിനു മുമ്പിൽ എനിക്ക് അങ്ങനെ അഭയം തേടേണ്ടി വന്നു. എന്റെ മുഖം വായിച്ചെടുക്കുന്നതുപോലെ ഭാര്യ ചോദിച്ചു: “എന്താ, ദുഖമുണ്ടോ?” പരുങ്ങിപ്പരുങ്ങി ഞാൻ പറഞ്ഞു തുടങ്ങി: “അങ്ങനെയല്ല....”

വാസ്തവത്തിൽ അങ്ങനെ ആയിരുന്നില്ല. ഇടമലയാർ കഥയും ബാലകൃഷ്ണയുടെ വഴി വിട്ട വേറെ പല കാര്യങ്ങളും ഞാൻ എത്രയോ എഴുതിയിരിക്കുന്നു. അദ്ദേഹം മാധ്യമങ്ങളുടെ പ്രിയനേതാവായിരുന്ന കാലത്ത്, ആരും അദ്ദേഹത്തെ അലോസരപ്പെടുത്തുന്നതൊന്നും എഴുതാൻ ഇഷ്ടപ്പെടാതിരുന്ന എൺപതുകളുടെ തുടക്കത്തിൽ, ഞാൻ എങ്ങനെയോ അദ്ദേഹത്തിന്റെ അരിശം നേടി. പിന്നെ സ്വയംവർദ്ധകമായ അരിശത്തിൽനിന്ന് രക്ഷ ഇല്ലാതായി. അതിന്റെ ന്യായവും യുക്തിപൂർവകവുമായ ജയിൽ സമാപ്തിയിൽ കൃതാർഥത തോന്നണം. പക്ഷേ, പഴയ ആ വാക്ക് വീണ്ടും വീശട്ടെ, “അങ്ങനെയല്ല.“

സമൃദ്ധിയിൽ കഴിയുന്ന ഒരാൾ തടവറയുടെ അസ്വതന്ത്ര്യവും അസൌകര്യവും അനുഭവിക്കേണ്ടി വരുക. അനുസരിപ്പിച്ചും സ്വന്തം ഇഷ്ടം അവകാശം പോലെ അനുഭവിച്ചും പോരുന്ന ഒരാൾ ജയിലറുടെ സൌജന്യത്തിനു വേണ്ടി കെഞ്ചേണ്ടി വരുക. പൂജപ്പുര ജയിൽ മുറിയിലെ ദൈന്യം ഞാൻ മനസ്സിൽ കണ്ടു. എനിക്ക് അതിൽ കഷ്ടം തോന്നി. നമ്മൾ എന്തിനു വേണ്ടി പണിപ്പെട്ടുവോ, അതിന്റെ ഫലം കാണുമ്പോൾ സന്തോഷിക്കാതിരിക്കുക, ഒരുപക്ഷേ, സന്തപിക്കുക എന്ന യുക്തിരാഹിത്യം ഒരു മാനുഷികഭാവമാകുന്നു. ബാലകൃഷ്ണ പിള്ള ജയിലിൽ പോകുന്നതിനെപ്പറ്റിയുള്ള ചോദ്യം കേട്ടപ്പോൾ എനിക്കുണ്ടായത് ആ മാനുഷികയുക്തിരാഹിത്യമായിരുന്നു. ആഘോഷിക്കണോ, അനുതപിക്കണോ? “അങ്ങനെയല്ല“ എന്നല്ലാതെ എന്തു പറയാൻ?. വി എസ് അച്യുതാനന്ദനാകട്ടെ, അങ്ങനെത്തന്നെയായിരുന്നു. യന്ത്രസഹജമായ കൃതാർഥതയോടെ അദ്ദേഹം ആഘോഷിക്കുക തന്നെ ചെയ്തു. വാക്കുകൾ നീട്ടിയും കുറുക്കിയും വെട്ടിനുറുക്കിയും, ഒച്ച താഴ്ത്തിയും ഉയർത്തിയും പരത്തിയും, അദ്ദേഹം ബാലകൃഷ്ണ പിള്ളയുടെ ജയിൽ പ്രവേശം കൊണ്ടാടി.

ബാലകൃഷ്ണ പിള്ളയുടെ ആദ്യത്തെ കനഡ യാത്രയെപ്പറ്റിയുള്ള ഒരു കൊച്ചുകഥയുമായിട്ടായിരുന്നു എന്റെ തുടക്കം. പിന്നെ അദ്ദേഹം വൈദ്യുതി ബോർഡിന്റെ വിദേശ കാർ ഉപയോഗിച്ചതും, വയർലസ് സെറ്റ് വീട്ടിൽ കൊണ്ടു വെച്ചതും, എയർ കണ്ടിഷനർ സ്ഥാപിച്ചതും, ഇടമലയാറിൽ കൊടി കാണിച്ച ഡ്രൈവറെ സ്ഥലം മാറ്റിയതും, എഞ്ചിനീയർമാരെ വിരട്ടിയതും, കരാർ കാര്യങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതും, അങ്ങനെ അങ്ങനെ പലതും കഥയായി. അരിശം സ്വയം വർദ്ധിക്കുകയായിരുന്നു. ഒടുവിൽ, വികാസ് ഭവനിൽ, നിയമസഭയുടെ ഒരു വിഷയസമിതിയുടെ യോഗത്തിൽ വെച്ച്, അംഗങ്ങൾ അദ്ദേഹത്തെ ഘെരാവോ ചെയ്തു. അതാകട്ടെ, നിയമസഭാംഗങ്ങൾ മന്ത്രിയെ ഘെരാവോ ചെയ്യുന്ന ആദ്യത്തെ സംഭവമായിരുന്നു അതിൽ പിന്നെ അങ്ങനെയൊന്നുണ്ടായതായി കേട്ടിട്ടുമില്ല. ആലോചനമുതൽ എനിക്കറിയാമായിരുന്നതായിരുന്നു ആ ഘെരാവോ പരിപാടി. സ്വതവേ കുലുക്കമില്ലാത്ത ബാലകൃഷ്ണ പിള്ളയെ ഒട്ടൊക്കെ ഉലച്ചതായിരുന്നു ആ ഘെരാവോ.

തിരിഞ്ഞുനോക്കുമ്പോൾ, അജയ്യനെന്നു തോന്നിയിരുന്ന ബാലകൃഷ്ണ പിള്ളക്കെതിരെ രണ്ടു ചേരിയിലും പുകഞ്ഞുവന്നിരുന്ന അമർഷത്തിന്റെ നാന്ദിയായിരുന്നു ആ ഘെരാവോ എന്നു തോന്നുന്നു. അന്നു തുടങ്ങിയ അദ്ദേഹത്തിന്റെ കഷ്ടകാലം പിന്നെപ്പിന്നെ ഒന്നിനൊന്നു വഷളായി. പമ്മിപ്പമ്മിയിരുന്നവർ അവസരം കിട്ടിയപ്പോൾ അദ്ദേഹത്തെ തിരിഞ്ഞു വെട്ടി. ഒരു പ്രസംഗത്തിനിടെ ഒരു മൂച്ചിനു പറഞ്ഞുപോയ ഒരു വാക്കിന്റെ പേരിൽ, അദ്ദേഹത്തെ ഭീകരവാദിയായി ചിത്രീകരിക്കുകയും മന്ത്രിസ്ഥാനത്തുനിന്ന് തെറിപ്പിക്കാൻ കരുക്കൾ നീങ്ങുകയും ഉണ്ടായി. പ്രസംഗത്തിനുശേഷം, രാഷ്ട്രീയരോഷം പതഞ്ഞുനുരഞ്ഞപ്പോൾ, കോഴി കൂവുന്നതിനുമുമ്പ്, പത്രോസിനെപ്പോലെ, അദ്ദേഹം മൂന്നു വട്ടം തന്റെ പഞ്ചാബ് മോഡൽ വിവാദപ്രയോഗം കയ്യൊഴിഞ്ഞു. എല്ലാവരും അദ്ദേഹത്തെ വളഞ്ഞിട്ടു പിടിക്കാൻ വട്ടം കൂട്ടുകയായിരുന്നു.

അവിടെ തുടങ്ങി ബാലകൃഷ്ണ പിള്ളയുടെയും എന്റെയും സൌഹൃദം. നാക്കുപിഴയെന്നു പറഞ്ഞു തള്ളേണ്ട, താൻ തന്നെ കയ്യൊഴിയുകയും ഖേദിക്കുകയും ചെയ്യുന്ന ഒരു പ്രസ്താവത്തിന്റെ പേരിൽ ഒരു പ്രസംഗകനെ ക്രൂശിക്കരുതെന്നായിരുന്നു എന്റെ വാദം. ബാലകൃഷ്ണ പിള്ളയുടെ സൌഹൃദം കൈവന്നതൊഴിച്ചാൽ, അതുകൊണ്ട് ഫലം ഒന്നുമുണ്ടായില്ല. സൌഹൃദത്തെപ്പറ്റി പറയുമ്പോൾ, ഒരു കാര്യം കൂടി കുറിക്കണം. കൂറുള്ളവർക്കുവേണ്ടി, വേണ്ടപ്പെട്ടവർക്കുവേണ്ടി, എന്തെങ്കിലും ചെയ്യാൻ അദ്ദേഹം ചട്ടം അങ്ങുമിങ്ങും വളച്ചെന്നിരിക്കും. എതിർക്കുന്നവർക്കെതിരെ എന്തും ചെയ്യാനും ചട്ടത്തെ അതുപോലൊക്കെ ചെയ്യും. ബാക്കിപത്രം നോക്കുമ്പോൾ, നന്ദികേടും വൈരാഗ്യവും നേടാൻ അത്ര നല്ല വഴി വേറെ കാണില്ല.

സൌഹൃദത്തിന്റെ കാലത്ത്, ഒരിക്കൽ ഞങ്ങൾ അദ്ദേഹത്തിന്റെ കാറിൽ കണ്ണൂർ വരെ യാത്ര ചെയ്തു. അദ്ദേഹത്തെ നഖശിഖാന്തം എതിർത്തിരുന്ന എം വി രാഘവൻ സി പി എം വിടുകയും, ഐക്യജനാധിപത്യമുന്നണിയുടെ ഭാഗമാകുകയും ബാലകൃഷ്ണപിള്ളയുമായി ചങ്ങാത്തം പണിയുകയും ചെയ്തിരുന്നു. എം വി ആറിന്റെ തിരഞ്ഞെടുപ്പുത്സവം കാണാൻ പോയതായിരുന്നു ബാലകൃഷ്ണ പിള്ളയും ഞാനും. എം വി ആറിന് പിന്തുണ മാത്രമല്ല എന്തോ സഹായവും അദ്ദേഹം നൽകിയതായി ഓർക്കുന്നു. മടങ്ങിപ്പോരുമ്പോൾ, മയ്യഴിയിൽ കാർ നിർത്തി. ഡ്രൈവറെ വിട്ട് എനിക്കു കുടിക്കാൻ എന്തോ വരുത്തി. ഇരുട്ടിയപ്പോൾ, കോഴിക്കോട്ട് ഗസ്റ്റ് ഹൌസിൽ, ഒരേ മുറിയിലിരുന്ന്, പണ്ട് പരോളിലിറങ്ങിയ തടവുകാർ വെട്ടിക്കൊന്ന കലക്റ്റർ കനോലിയുടെയും കുടുംബത്തിന്റെയും--ഇപ്പോൾ ഗസ്റ്റ് ഹൌസ് നിൽക്കുന്ന സ്ഥലത്ത് ഒരിക്കൽ കലക്റ്ററുടെ ബംഗളാവ് ആയിരുന്നു--കഥ മൊത്തിക്കുടിച്ചുകൊണ്ടിരുന്നപ്പോൾ, ബാലകൃഷ്ണ പിള്ള പറഞ്ഞു: “എനിക്ക് ഇതൊന്നും ശീലമില്ല.”

പിന്നെ ജോലിയുടെ പുതിയ ശീലങ്ങളുമായി ഞാൻ വഴി മാറിപ്പോയി. സൌഹൃദങ്ങൾ മങ്ങിയ ഓർമ്മകളായി. ഒരിക്കൽ ആരുടെയോ തടുക്കാൻ വയ്യാത്ത നിർബ്ബന്ധത്തിനു വഴങ്ങി, ശുപാർശയുമായി ബാലകൃഷ്ണ പിള്ളയെ കാണേണ്ടി വന്നു. മന്ത്രിയായിരുന്നില്ല, പക്ഷേ അദ്ദേഹത്തിന്റെ വാക്ക് നടപ്പായിരുന്ന ചില സ്ഥലങ്ങൾ അപ്പോഴും ഉണ്ടായിരുന്നു. ഒരു ശിപായിയുടെ സ്ഥലം മാറ്റം ആയിരുന്നു കാര്യം. അതെത്രയോ നിസ്സാരമായിരുന്നു, അദ്ദേഹത്തിന്റെ നോട്ടത്തിൽ. ഒരു ടെലഫോൺ വിളി. രണ്ടാമതൊരു വിളി വേണ്ടി വന്നില്ല. എന്റെ ആദ്യത്തെ വിളിയിൽ തന്നെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു, “അത് ഏർപ്പടാക്കുന്നു. അതിനായി ഇനി വിളിക്കേണ്ടി വരില്ല.” ചെറിയ കാര്യം. വലിയ നന്ദി. അങ്ങനെ അധികം ഓർക്കാനില്ല.

ഓർക്കാനുള്ളത് ബാലകൃഷ്ണ പിള്ളയെ വിടാതെ പിന്തുടർന്ന പഴയ ആരോപണങ്ങളുടെയും കേസുകളുടെയും കഥയായിരുന്നു. അതിലൊന്നിന്റെ പരിണാമത്തിൽ, അദ്ദേഹം ജയിലിൽ ആയി. കുറ്റം തെളിഞ്ഞാൽ കുറ്റവാളികൾ ശിക്ഷിക്കപ്പേടുന്നതാണ് നിയമം. നിയമം നടപ്പാവുമ്പോൾ ചിരിക്കണോ കരയണോ? പഴയ വാക്ക് വീണ്ടും ഉപയോഗിക്കട്ടെ, “അങ്ങനെയല്ല.” കൊലയാളിയെ തൂക്കിക്കൊല്ലാൻ വിധിച്ച ശേഷം ന്യായാധിപൻ പേന പൊട്ടിച്ചുകളഞ്ഞിരുന്നെന്നു കേട്ടിട്ടുണ്ട്. ന്യായം പുലരുമ്പോഴും വേദന തോന്നാം. അതു തോന്നത്തവരായും ചിലർ കാണും, ചിരിക്കുകയും കോക്രി കാണിക്കുകയും ചെയ്യുന്ന ചിലർ, അച്യുതാനന്ദനെപ്പോലെ.

കെ ഗോവിന്ദൻ കുട്ടി

“അങ്ങനെയല്ല.” അങ്ങനെയൊരു മറുപടി പലപ്പോഴും കേൾക്കാം. ചോദ്യത്തെ “അതെ” എന്നോ “അല്ല” എന്നോ പറഞ്ഞു നേരിടാൻ ഉറപ്പില്ലാത്തപ്പോഴായിരിക്കും അങ്ങനെയൊരു മറുപടിയിൽ അഭയം തേടുക. ആർ ബാലകൃഷ്ണ പിള്ള ജയിലിൽ പോകുന്ന ദിവസം, ഭാര്യയുടെ ഒരു ചോദ്യത്തിനു മുമ്പിൽ എനിക്ക് അങ്ങനെ അഭയം തേടേണ്ടി വന്നു. എന്റെ മുഖം വായിച്ചെടുക്കുന്നതുപോലെ ഭാര്യ ചോദിച്ചു: “എന്താ, ദുഖമുണ്ടോ?” പരുങ്ങിപ്പരുങ്ങി ഞാൻ പറഞ്ഞു തുടങ്ങി: “അങ്ങനെയല്ല....”

വാസ്തവത്തിൽ അങ്ങനെ ആയിരുന്നില്ല. ഇടമലയാർ കഥയും ബാലകൃഷ്ണയുടെ വഴി വിട്ട വേറെ പല കാര്യങ്ങളും ഞാൻ എത്രയോ എഴുതിയിരിക്കുന്നു. അദ്ദേഹം മാധ്യമങ്ങളുടെ പ്രിയനേതാവായിരുന്ന കാലത്ത്, ആരും അദ്ദേഹത്തെ അലോസരപ്പെടുത്തുന്നതൊന്നും എഴുതാൻ ഇഷ്ടപ്പെടാതിരുന്ന എൺപതുകളുടെ തുടക്കത്തിൽ, ഞാൻ എങ്ങനെയോ അദ്ദേഹത്തിന്റെ അരിശം നേടി. പിന്നെ സ്വയംവർദ്ധകമായ അരിശത്തിൽനിന്ന് രക്ഷ ഇല്ലാതായി. അതിന്റെ ന്യായവും യുക്തിപൂർവകവുമായ ജയിൽ സമാപ്തിയിൽ കൃതാർഥത തോന്നണം. പക്ഷേ, പഴയ ആ വാക്ക് വീണ്ടും വീശട്ടെ, “അങ്ങനെയല്ല.“

സമൃദ്ധിയിൽ കഴിയുന്ന ഒരാൾ തടവറയുടെ അസ്വതന്ത്ര്യവും അസൌകര്യവും അനുഭവിക്കേണ്ടി വരുക. അനുസരിപ്പിച്ചും സ്വന്തം ഇഷ്ടം അവകാശം പോലെ അനുഭവിച്ചും പോരുന്ന ഒരാൾ ജയിലറുടെ സൌജന്യത്തിനു വേണ്ടി കെഞ്ചേണ്ടി വരുക. പൂജപ്പുര ജയിൽ മുറിയിലെ ദൈന്യം ഞാൻ മനസ്സിൽ കണ്ടു. എനിക്ക് അതിൽ കഷ്ടം തോന്നി. നമ്മൾ എന്തിനു വേണ്ടി പണിപ്പെട്ടുവോ, അതിന്റെ ഫലം കാണുമ്പോൾ സന്തോഷിക്കാതിരിക്കുക, ഒരുപക്ഷേ, സന്തപിക്കുക എന്ന യുക്തിരാഹിത്യം ഒരു മാനുഷികഭാവമാകുന്നു. ബാലകൃഷ്ണ പിള്ള ജയിലിൽ പോകുന്നതിനെപ്പറ്റിയുള്ള ചോദ്യം കേട്ടപ്പോൾ എനിക്കുണ്ടായത് ആ മാനുഷികയുക്തിരാഹിത്യമായിരുന്നു. ആഘോഷിക്കണോ, അനുതപിക്കണോ? “അങ്ങനെയല്ല“ എന്നല്ലാതെ എന്തു പറയാൻ?. വി എസ് അച്യുതാനന്ദനാകട്ടെ, അങ്ങനെത്തന്നെയായിരുന്നു. യന്ത്രസഹജമായ കൃതാർഥതയോടെ അദ്ദേഹം ആഘോഷിക്കുക തന്നെ ചെയ്തു. വാക്കുകൾ നീട്ടിയും കുറുക്കിയും വെട്ടിനുറുക്കിയും, ഒച്ച താഴ്ത്തിയും ഉയർത്തിയും പരത്തിയും, അദ്ദേഹം ബാലകൃഷ്ണ പിള്ളയുടെ ജയിൽ പ്രവേശം കൊണ്ടാടി.

ബാലകൃഷ്ണ പിള്ളയുടെ ആദ്യത്തെ കനഡ യാത്രയെപ്പറ്റിയുള്ള ഒരു കൊച്ചുകഥയുമായിട്ടായിരുന്നു എന്റെ തുടക്കം. പിന്നെ അദ്ദേഹം വൈദ്യുതി ബോർഡിന്റെ വിദേശ കാർ ഉപയോഗിച്ചതും, വയർലസ് സെറ്റ് വീട്ടിൽ കൊണ്ടു വെച്ചതും, എയർ കണ്ടിഷനർ സ്ഥാപിച്ചതും, ഇടമലയാറിൽ കൊടി കാണിച്ച ഡ്രൈവറെ സ്ഥലം മാറ്റിയതും, എഞ്ചിനീയർമാരെ വിരട്ടിയതും, കരാർ കാര്യങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതും, അങ്ങനെ അങ്ങനെ പലതും കഥയായി. അരിശം സ്വയം വർദ്ധിക്കുകയായിരുന്നു. ഒടുവിൽ, വികാസ് ഭവനിൽ, നിയമസഭയുടെ ഒരു വിഷയസമിതിയുടെ യോഗത്തിൽ വെച്ച്, അംഗങ്ങൾ അദ്ദേഹത്തെ ഘെരാവോ ചെയ്തു. അതാകട്ടെ, നിയമസഭാംഗങ്ങൾ മന്ത്രിയെ ഘെരാവോ ചെയ്യുന്ന ആദ്യത്തെ സംഭവമായിരുന്നു അതിൽ പിന്നെ അങ്ങനെയൊന്നുണ്ടായതായി കേട്ടിട്ടുമില്ല. ആലോചനമുതൽ എനിക്കറിയാമായിരുന്നതായിരുന്നു ആ ഘെരാവോ പരിപാടി. സ്വതവേ കുലുക്കമില്ലാത്ത ബാലകൃഷ്ണ പിള്ളയെ ഒട്ടൊക്കെ ഉലച്ചതായിരുന്നു ആ ഘെരാവോ.

തിരിഞ്ഞുനോക്കുമ്പോൾ, അജയ്യനെന്നു തോന്നിയിരുന്ന ബാലകൃഷ്ണ പിള്ളക്കെതിരെ രണ്ടു ചേരിയിലും പുകഞ്ഞുവന്നിരുന്ന അമർഷത്തിന്റെ നാന്ദിയായിരുന്നു ആ ഘെരാവോ എന്നു തോന്നുന്നു. അന്നു തുടങ്ങിയ അദ്ദേഹത്തിന്റെ കഷ്ടകാലം പിന്നെപ്പിന്നെ ഒന്നിനൊന്നു വഷളായി. പമ്മിപ്പമ്മിയിരുന്നവർ അവസരം കിട്ടിയപ്പോൾ അദ്ദേഹത്തെ തിരിഞ്ഞു വെട്ടി. ഒരു പ്രസംഗത്തിനിടെ ഒരു മൂച്ചിനു പറഞ്ഞുപോയ ഒരു വാക്കിന്റെ പേരിൽ, അദ്ദേഹത്തെ ഭീകരവാദിയായി ചിത്രീകരിക്കുകയും മന്ത്രിസ്ഥാനത്തുനിന്ന് തെറിപ്പിക്കാൻ കരുക്കൾ നീങ്ങുകയും ഉണ്ടായി. പ്രസംഗത്തിനുശേഷം, രാഷ്ട്രീയരോഷം പതഞ്ഞുനുരഞ്ഞപ്പോൾ, കോഴി കൂവുന്നതിനുമുമ്പ്, പത്രോസിനെപ്പോലെ, അദ്ദേഹം മൂന്നു വട്ടം തന്റെ പഞ്ചാബ് മോഡൽ വിവാദപ്രയോഗം കയ്യൊഴിഞ്ഞു. എല്ലാവരും അദ്ദേഹത്തെ വളഞ്ഞിട്ടു പിടിക്കാൻ വട്ടം കൂട്ടുകയായിരുന്നു.

അവിടെ തുടങ്ങി ബാലകൃഷ്ണ പിള്ളയുടെയും എന്റെയും സൌഹൃദം. നാക്കുപിഴയെന്നു പറഞ്ഞു തള്ളേണ്ട, താൻ തന്നെ കയ്യൊഴിയുകയും ഖേദിക്കുകയും ചെയ്യുന്ന ഒരു പ്രസ്താവത്തിന്റെ പേരിൽ ഒരു പ്രസംഗകനെ ക്രൂശിക്കരുതെന്നായിരുന്നു എന്റെ വാദം. ബാലകൃഷ്ണ പിള്ളയുടെ സൌഹൃദം കൈവന്നതൊഴിച്ചാൽ, അതുകൊണ്ട് ഫലം ഒന്നുമുണ്ടായില്ല. സൌഹൃദത്തെപ്പറ്റി പറയുമ്പോൾ, ഒരു കാര്യം കൂടി കുറിക്കണം. കൂറുള്ളവർക്കുവേണ്ടി, വേണ്ടപ്പെട്ടവർക്കുവേണ്ടി, എന്തെങ്കിലും ചെയ്യാൻ അദ്ദേഹം ചട്ടം അങ്ങുമിങ്ങും വളച്ചെന്നിരിക്കും. എതിർക്കുന്നവർക്കെതിരെ എന്തും ചെയ്യാനും ചട്ടത്തെ അതുപോലൊക്കെ ചെയ്യും. ബാക്കിപത്രം നോക്കുമ്പോൾ, നന്ദികേടും വൈരാഗ്യവും നേടാൻ അത്ര നല്ല വഴി വേറെ കാണില്ല.

സൌഹൃദത്തിന്റെ കാലത്ത്, ഒരിക്കൽ ഞങ്ങൾ അദ്ദേഹത്തിന്റെ കാറിൽ കണ്ണൂർ വരെ യാത്ര ചെയ്തു. അദ്ദേഹത്തെ നഖശിഖാന്തം എതിർത്തിരുന്ന എം വി രാഘവൻ സി പി എം വിടുകയും, ഐക്യജനാധിപത്യമുന്നണിയുടെ ഭാഗമാകുകയും ബാലകൃഷ്ണപിള്ളയുമായി ചങ്ങാത്തം പണിയുകയും ചെയ്തിരുന്നു. എം വി ആറിന്റെ തിരഞ്ഞെടുപ്പുത്സവം കാണാൻ പോയതായിരുന്നു ബാലകൃഷ്ണ പിള്ളയും ഞാനും. എം വി ആറിന് പിന്തുണ മാത്രമല്ല എന്തോ സഹായവും അദ്ദേഹം നൽകിയതായി ഓർക്കുന്നു. മടങ്ങിപ്പോരുമ്പോൾ, മയ്യഴിയിൽ കാർ നിർത്തി. ഡ്രൈവറെ വിട്ട് എനിക്കു കുടിക്കാൻ എന്തോ വരുത്തി. ഇരുട്ടിയപ്പോൾ, കോഴിക്കോട്ട് ഗസ്റ്റ് ഹൌസിൽ, ഒരേ മുറിയിലിരുന്ന്, പണ്ട് പരോളിലിറങ്ങിയ തടവുകാർ വെട്ടിക്കൊന്ന കലക്റ്റർ കനോലിയുടെയും കുടുംബത്തിന്റെയും--ഇപ്പോൾ ഗസ്റ്റ് ഹൌസ് നിൽക്കുന്ന സ്ഥലത്ത് ഒരിക്കൽ കലക്റ്ററുടെ ബംഗളാവ് ആയിരുന്നു--കഥ മൊത്തിക്കുടിച്ചുകൊണ്ടിരുന്നപ്പോൾ, ബാലകൃഷ്ണ പിള്ള പറഞ്ഞു: “എനിക്ക് ഇതൊന്നും ശീലമില്ല.”

പിന്നെ ജോലിയുടെ പുതിയ ശീലങ്ങളുമായി ഞാൻ വഴി മാറിപ്പോയി. സൌഹൃദങ്ങൾ മങ്ങിയ ഓർമ്മകളായി. ഒരിക്കൽ ആരുടെയോ തടുക്കാൻ വയ്യാത്ത നിർബ്ബന്ധത്തിനു വഴങ്ങി, ശുപാർശയുമായി ബാലകൃഷ്ണ പിള്ളയെ കാണേണ്ടി വന്നു. മന്ത്രിയായിരുന്നില്ല, പക്ഷേ അദ്ദേഹത്തിന്റെ വാക്ക് നടപ്പായിരുന്ന ചില സ്ഥലങ്ങൾ അപ്പോഴും ഉണ്ടായിരുന്നു. ഒരു ശിപായിയുടെ സ്ഥലം മാറ്റം ആയിരുന്നു കാര്യം. അതെത്രയോ നിസ്സാരമായിരുന്നു, അദ്ദേഹത്തിന്റെ നോട്ടത്തിൽ. ഒരു ടെലഫോൺ വിളി. രണ്ടാമതൊരു വിളി വേണ്ടി വന്നില്ല. എന്റെ ആദ്യത്തെ വിളിയിൽ തന്നെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു, “അത് ഏർപ്പടാക്കുന്നു. അതിനായി ഇനി വിളിക്കേണ്ടി വരില്ല.” ചെറിയ കാര്യം. വലിയ നന്ദി. അങ്ങനെ അധികം ഓർക്കാനില്ല.

ഓർക്കാനുള്ളത് ബാലകൃഷ്ണ പിള്ളയെ വിടാതെ പിന്തുടർന്ന പഴയ ആരോപണങ്ങളുടെയും കേസുകളുടെയും കഥയായിരുന്നു. അതിലൊന്നിന്റെ പരിണാമത്തിൽ, അദ്ദേഹം ജയിലിൽ ആയി. കുറ്റം തെളിഞ്ഞാൽ കുറ്റവാളികൾ ശിക്ഷിക്കപ്പേടുന്നതാണ് നിയമം. നിയമം നടപ്പാവുമ്പോൾ ചിരിക്കണോ കരയണോ? പഴയ വാക്ക് വീണ്ടും ഉപയോഗിക്കട്ടെ, “അങ്ങനെയല്ല.” കൊലയാളിയെ തൂക്കിക്കൊല്ലാൻ വിധിച്ച ശേഷം ന്യായാധിപൻ പേന പൊട്ടിച്ചുകളഞ്ഞിരുന്നെന്നു കേട്ടിട്ടുണ്ട്. ന്യായം പുലരുമ്പോഴും വേദന തോന്നാം. അതു തോന്നത്തവരായും ചിലർ കാണും, ചിരിക്കുകയും കോക്രി കാണിക്കുകയും ചെയ്യുന്ന ചിലർ, അച്യുതാനന്ദനെപ്പോലെ.
(malayalam news march 1)

Wednesday, February 23, 2011

മനുഷ്യയുഗം ഇനി എത്ര?

സോമവാരം
മനുഷ്യയുഗം ഇനി എത്ര?
കെ ഗോവിന്ദൻ കുട്ടി

പേരറിയാത്ത ഒരു കവിയുടെ സംസ്കൃതശ്ലോകം ഏ ആർ രാജരാജവർമ്മയുടെ പരിഭാഷയായി നമ്മൾ എന്നേ പരിചയിച്ചിരിക്കുന്നു: രാത്രി ഇപ്പോൾ തീരും; നേരം പുലരും; സൂര്യൻ ഉദിക്കും; ഈ പൂവ് ഇപ്പോൾ വിടരും--മൊട്ടിനകത്തിരുന്ന് വണ്ട് ഇങ്ങനെ മനോരാജ്യം കണ്ടുകൊണ്ടിരിക്കേ, ആന ആ താമരവള്ളിയെത്തന്നെ പിഴുതു കളഞ്ഞു. അത്രയേ ഉള്ളു മനുഷ്യന്റെയും മനുഷ്യസ്വപ്നത്തിന്റെയും സ്ഥിതിയും. വലിയ വലിയ ആക്രമണങ്ങളും അരങ്ങേറ്റങ്ങളും ആലോചിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്റെ യുഗം തന്നെ അടുത്തുതന്നെ തീരുമെന്നാണ് ഒരു ഭാവന. പത്തുമുപ്പത്തഞ്ചു കൊല്ലത്തിനുള്ളിൽ മനുഷ്യൻ ഇല്ലാതാകും, അല്ലെങ്കിൽ മറ്റൊന്നായി തീരുമെന്ന് വേറൊരു ഭാവന. അങ്ങനെ അത്ര പെട്ടെന്നൊക്കെ സംഭവിച്ചാൽ, എന്റെ മകളുടെ ഇളയ മകൾ ഉമ പത്തു വയസ്സുള്ള കുട്ടിയുടെ അമ്മയാകാനല്ലേ ഇടയുള്ളു എന്നാണ് എന്റെ പരിമിതമായ ആലോചന.

മനുഷ്യന്റേതു മാത്രമെന്നു പറയാവുന്ന ഒരു അവയവം ബുദ്ധിയും ബോധവുമൊക്കെയുള്ള മസ്തിഷ്ക്കമാണ്. ചിലർ അതിൽ സർഗ്ഗശക്തി കാണുന്നു, ചിലർ അതിൽ ആത്മാവിനെ ദർശിക്കുന്നു, ചിലർ അതിനെ മൃഗങ്ങൾക്കില്ലാത്ത വിശേഷബുദ്ധിയുടെ പേടകമെന്നു വിശേഷിപ്പിക്കുന്നു. അതുകൊണ്ടാകാം, മസ്തിഷ്ക്കം ഇപ്പോഴും മാറ്റിവെക്കാൻ വയ്യാത്ത അവയവമായി അവശേഷിക്കുന്നു. ഒരു തല പോയാൽ വേറൊരു തല പൊങ്ങിവരുന്ന പുരാണകഥയിൽ മസ്തിഷ്ക്കം മാറ്റിവെക്കുന്ന ശസ്ത്രക്രിയയുടെ പ്രാഗ്രൂപം വായിച്ചെടുക്കാം, ശരി തന്നെ. കുതിരയുടെ തല മാറ്റിവെച്ച കഥ മസ്ത്ഷ്ക്കശത്രക്രിയയിലെ ഒരു ഐതിഹ്യമായി നിലനിൽക്കുന്നുവെന്നതും ശരി. പക്ഷേ, വേറെ എന്തെല്ലാം മാറ്റിവെച്ചാലും, തല മാറ്റിവെക്കുന്ന കാര്യം ആരും ആലോചിക്കുന്നില്ല. മനുഷ്യന്റെ സ്വകീയത അതിൽ കുടികൊള്ളുന്നു.

അത് അത്ര സ്വകീയമൊന്നുമല്ലെന്നു തെളിയിക്കുന്നതാണ് സ്വിറ്റ്സർലന്റുകാരനായ ഹെൻറി മർക്രാം നയിക്കുന്ന മനോ-മസ്തിഷ്ക്കസ്ഥാപനത്തിലെ ഗവേഷണം. അദ്ദേഹത്തിന്റെ സവിശേഷമായ വർണ്ണബോധംകൊണ്ടോ എന്തോ, ഗവേഷണസംരംഭത്തിന് നില്ലമനസ്സ് എന്നു പേരിട്ടിരിക്കുന്നു. ഐ ബി എമ്മിന്റെ സൂപ്പർ കമ്പ്യൂട്ടർ ഉപയോഗിച്ച്, ഒരു സസ്തനജീവിയുടെ തലച്ചോറിലെ ഓരോ ന്യൂറോണും കൃത്രിമമായി ഉണ്ടാക്കിയെടുക്കാൻ ആറുകൊല്ലം മുമ്പ് തുടങ്ങിയതാണ് ഗവേഷണം. പത്തുകൊല്ലം കൂടി കഴിഞ്ഞാൽ ഒരു കൃത്രിമമനുഷ്യമസ്തിഷ്ക്കം രൂപപ്പെടുത്താൻ കഴിയുമെന്നാണ് പ്രവചനം. അതോടുകൂടി മസ്തിഷ്ക്കത്തിന്റെ സ്വകീയതയെച്ചൊല്ലിയുള്ള മനുഷ്യഗർവ്വമൊക്കെ അടങ്ങും.

അങ്ങനെ മനുഷ്യൻ തന്നെ രൂപകല്പന ചെയ്തെടുക്കുന്ന കൃത്രിമമനുഷ്യമസ്തിഷ്ക്കത്തെ മനുഷ്യന്റെ മണ്ടത്തരങ്ങളും മഹാചിന്തകളുമൊക്കെ പഠിപ്പിക്കാൻ എത്ര കാലമെടുക്കുമെന്നാണ് കൃത്രിമബുദ്ധി വികസിപ്പിക്കുന്ന യജ്ഞത്തിൽ മുഴുകിയിരിക്കുന്ന പലരുടെയും ആലോചന. കൃത്രിമമസ്തിഷ്ക്കം മറുപാട്ടു പാടുകയും പ്രേമിക്കുകയും അസൂയ കൊള്ളുകയും ആരാധിക്കുകയും ചെയ്യുമോ
എന്ന് ഇപ്പോൾ ആർക്കും പറയാനാവില്ല. പക്ഷേ ദൈവത്തിന്റെ സവിശേഷസൃഷ്ടിയെന്ന് ചിലർ കരുതുന്ന മനുഷ്യന്റെ യുഗം അവസാനിപ്പിക്കുന്ന പല പടികളിൽ പ്രധാനപ്പെട്ട ഒന്നായിരിക്കുമെന്ന് എല്ലാവരും പറയും.

എന്തൊരു വിരോധാഭാസമാണെന്നു നോക്കൂ. കൃത്രിമബുദ്ധിയും കൃത്രിമമസ്ത്ഷ്ക്കവുമൊക്കെ വികസിപ്പിച്ചെടുത്ത്, മനുഷ്യൻ മരണത്തെ, മർത്യതയെ, അതിവർത്തിക്കാൻ ശ്രമിക്കുമ്പോൾ മനുഷ്യനല്ലാതായി മാറുമെന്നതാണ് സത്യം. മരണത്തിനു വിധേയമായ മൃഗശരീരത്തിൽ അനശ്വരമായ ആത്മാവ് പിണയുമ്പോഴുണ്ടാകുന്നതാണ് മനുഷ്യനെന്ന് പ്രശസ്തമായ ഒരു കാവ്യസങ്കല്പമുണ്ട്. അതാണല്ലോ മനുഷ്യന്റെ ദൈന്യവും. താർക്കികമായി, ചിലർ ചോദിക്കുന്നു: ആ ദൈന്യം എന്തിനു പൊറുക്കുന്നു? ആ ആത്മാവിനെ ഒരു റോബോട്ടിൽ പിണച്ചിട്ടാൽ കാര്യം കഴിഞ്ഞില്ലേ? അതൊക്കെ പറയാൻ എന്തെളുപ്പം എന്നു മാത്രം പറയരുത്. കാരണം റോബോട്ടുകളുടെ എണ്ണവും കഴിവും കൂടിക്കൂടിവരുന്നു. കളിക്കളത്തിലും കളരിയിലും റോബോട് മനുഷ്യനെക്കാൾ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു. സാധാരണഭടന്മാരോടൊപ്പം എത്രയോ റോബോട്ടുകളും അഫ്ഘാനിസ്ഥാനിൽ യുദ്ധം ചെയ്യുന്നുണ്ടത്രേ. അവ മരിക്കുന്നില്ല. അമർത്യത, പക്ഷേ, മനുഷ്യന്റെ ചിരന്തനമായ ഒരു കാല്പനികഭാവം, വീരമൃത്യുവിനെപ്പറ്റിയുള്ള ചിന്തയും സ്വപ്നവും, പൊളിച്ചുകളയും.

അമർത്യതയിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായി, കൃത്രിമബുദ്ധിവികസനത്തിൽ ഏർപ്പെട്ടിട്ടൂള്ളവർ കഴിഞ്ഞ കൊല്ലം കാലിഫോർണിയയിൽ സംഘടിപ്പിച്ച സമ്മേളനത്തിലെ ചർച്ചാവിഷയം ജീവിതദൈർഘ്യം എങ്ങനെ എത്ര കൂട്ടാമെന്നതായിരുന്നു. വയസ്സാകുന്ന പ്രക്രിയയെ തടുക്കുന്ന ജീവശാസ്ത്രപരവും അല്ലാത്തതുമായ തന്ത്രങ്ങൾ മെനജ്ജെടുത്തുകഴിഞ്ഞുവെന്ന് അവകാശപ്പെടുന്ന പ്രതിഭാശാലികളും പറ്റിപ്പുകാരും കൊയ്ത്തു നടത്തുന്നതാണ് നമ്മുടെ കാലഘട്ടം. മരണം നിർവചിക്കുന്നതാണ് ജീവിതം എന്ന പഴയ സങ്കല്പത്തെ പുച്ഛിച്ചുതള്ളുന്നവരിൽ പ്രധാനിയാണ് ഓബ്രി ഗ്രേ എന്ന ബ്രിട്ടിഷ് ജൈവശാസ്ത്രജ്ഞൻ. യന്ത്രത്തിനപ്രാപ്യമായ നിഗൂഢതകൾ ഉൾക്കൊള്ളുന്നതാണ് മനുഷ്യജീവൻ എന്ന വിശ്വാസത്തെ പരിഹസിക്കുന്നവരും ഏറെയുണ്ട്. മനുഷ്യൻ ചെയ്യുന്നതെന്തും കമ്പ്യുട്ടറിനെക്കൊണ്ട് കൂടുതൽ നന്നായും കൂടുതൽ വേഗത്തിലും ചെയ്യിക്കാമെന്നു പ്രഖ്യാപിക്കുന്നു റേയ്മണ്ട് കുർസ്വെൽ എന്ന
കൃത്രിമബുദ്ധിനിർമ്മാതാവ്.

ഏതാണ്ട് അര നൂറ്റാണ്ടു മുമ്പ്, പാട്ടുകാരെയും ശാസ്ത്രജ്ഞന്മാരെയും ഒരുപോലെ അന്ധാളിപ്പിക്കുകയുണ്ടായി കുർസ്വെൽ. അവരെ ഒരു പാട്ടു കേൾപ്പിച്ചിട്ട് അന്ന് സ്കൂളിൽ പഠിച്ചിരുന്ന കുർസ്വെൽ പറഞ്ഞു, “ഞാൻ ഒളിപ്പിക്കുന്ന രഹസ്യം എന്തെന്നു പറയൂ.” എല്ലാവരും മിഴിച്ചിരിക്കുമ്പോൾ പയ്യൻ പറഞ്ഞു, “നിങ്ങൾ കേട്ട പാട്ടു പാടിയത് മനുഷ്യനല്ല, ഞാൻ തന്നെ ഉണ്ടാക്കിയ കമ്പ്യൂട്ടർ ആണ് പാട്ടുകാരൻ.” അതിനുശേഷം അര നൂറ്റാണ്ടിനുള്ളിൽ ആറ്റിലൂടെ ഒലിച്ചുപോയ വെള്ളംകൊണ്ട് ഭൂമിയിൽ മൂവായിരം വട്ടം പ്രളയം ഉണ്ടാക്കാൻ കഴിയും. അതിനിടെ കൃത്രിമബുദ്ധിയുടെ സാധ്യതകൾ ഏറെ വിപുലമായിരിക്കുന്നു. വരുന്ന ദശകത്തിൽ മനുഷ്യബുദ്ധിക്കു സമമായ ബുദ്ധി കൃത്രിമമായി സൃഷ്ടിക്കാൻ കഴിയും. പിന്നെ ഒരു ഇരുപത്തഞ്ചു കൊല്ലം കൂടി കഴിയുമ്പോഴേക്കും, മനുഷ്യൻ കൃത്രിമമായി ഉണ്ടാക്കുന്ന ബുദ്ധിയുടെ അളവ് മനുഷ്യബുദ്ധിയുടെ അളവിനെക്കാൾ ആയിരം കോടി മടങ്ങായിരിക്കുമെന്നാണ് കുർസ്വെലിന്റെ കണക്കുകൂട്ടൽ.

മരണത്തെ അതിജീവിക്കുക, ജൈവബുദ്ധിയുടെ സീമകളെ അതിവർത്തിക്കുക--അതു രണ്ടുമായാൽ നാം ഇന്നറിയുന്ന നാം ഉണ്ടാവില്ല. പൊയ്പോയതിനെച്ചൊല്ലി പരിതപിക്കാനോ, ഒമർ ഖയ്യാം പറഞ്ഞതുപോലെ, “ഞാനും നീയും കവിതാപുസ്തകവും ഒരു കോപ്പ കള്ളും” ഉണ്ടെങ്കിൽ ലോകം കീഴടക്കാമെന്നു മോഹിക്കാനോ, |വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹബന്ധങ്ങളൂഴിയിൽ” എന്ന് ഓ എൻ വിയോടൊത്ത് പാടാനോ പറ്റില്ല. ഗൃഹാതുരത്വവും കവിതയും പ്രണയവും അതിവർത്തിക്കപ്പെടുന്നതാവും കൃത്രിമബുദ്ധിയിലൂടെ ഉരുത്തിരിയുന്ന അസ്തിത്വം. “കളിയും ചിരിയും കരച്ചിലുമായ് കഴിയും നരനൊരു യന്ത്രമായാൽ” എന്തു സംഭവിക്കുമെന്ന് ഇടശ്ശേരി പണ്ടേ ആശങ്കപ്പെട്ടിരുന്നു.

മനുഷ്യയുഗത്തിന്റെ അന്ത്യത്തെപ്പറ്റിയുള്ള ഈ ചിന്തയെല്ലാം ഭ്രാന്തഭാവന മാത്രമാണെന്നു സമാധാനിക്കുന്നവർ ഏറെ. സമാധാനിക്കട്ടെ; ഭൂമിയിൽ സന്മനസ്സുള്ളവർക്കാണ് സമാധാനമെന്ന് അഭിമാനിക്കട്ടെ. ലോകാവസാനത്തെപ്പറ്റി ദുരന്തപ്രവചനം നടത്തി പൊളിഞ്ഞുപാളീസായവരെ പരിഹസിച്ച് നാം സമാധാനിക്കാറില്ലേ, അതുപോലെ. പക്ഷേ ആത്മാനുരാഗത്തിനടിപ്പെടാതെ, കഴിഞ്ഞ അമ്പതുകൊല്ലത്തെ മാറ്റം വിലയിരുത്തിയാൽ ഒന്നു ബോധ്യപ്പെടും: മനുഷ്യൻ ഏറെ മാറിയിരിക്കുന്നു. ഇനി വരുന്ന മാറ്റം ഉണ്ടായതിന്റെ നൂറു മടങ്ങായിരിക്കും, ആയിരം മടങ്ങു വേഗത്തിൽ.


(malayalam news feb 22)

ഐസ്ക്രീമിന്റെ രുചി, അരുചി

ഐസ്ക്രീം പാർലറിൽ ഞാൻ പോകാറില്ല. അങ്ങനെയായിരുന്നു ഇന്ത്യ വിഷനോടു ഞാൻ പറഞ്ഞ കാര്യങ്ങളുടെ തുടക്കം. എന്തിനെന്നെക്കൊണ്ട് അതൊക്കെ പറയിച്ചുവെന്ന് അറിയില്ല. പ്രക്ഷേപണം ചെയ്തതതായി കേട്ടുമില്ല. എഡിറ്റർ അങ്ങനെ തീരുമാനിച്ചു കാണും. വാർത്തയുടെ അപാരമായ സംസാരത്തിൽ എഡിറ്റർ ആണ് പ്രജാപതിയെന്ന് നമ്മളൊക്കെ ധരിച്ചുവെച്ചിരിക്കുന്നല്ലോ.

ഐസ്ക്രീം വാർത്തയെപ്പറ്റി എന്നോടു പ്രതികരിക്കാൻ പറഞ്ഞു. ഞാൻ ---കരിച്ചു. ഏതാണ്ടിങ്ങനെ: “ഒട്ടൊക്കെ ധീരമായ അന്വേഷണം. അഭിനന്ദനം. മുമ്പൊന്നും ഇങ്ങനെയൊരു സാധനം ഒരു പത്രവും പൊട്ടിക്കില്ല. ഒന്നോ രണ്ടോ ആളുടെ വാമൊഴി മാത്രമേ ആധാരമായുള്ളു. അതിനെതിരെ ആരും കേസുമായി വന്നില്ലെന്നത് സത്യത്തിന്റെ സൂചനയാണെന്ന് കണക്കാക്കാം. പക്ഷേ അതുതന്നെ പറഞ്ഞുകൊണ്ടിരുന്നാൽ, പ്രചാരണമായി തോന്നും. സത്യം വിശ്വസിക്കാൻ വയ്യാതാക്കാൻ ഏറ്റവും നല്ല വഴി അതിനെ പ്രചാരണത്തിന്റെ വിഷയമാക്കലാണ്. ഇന്ത്യ വിഷന്റെ ഉടമസ്ഥതയുടെയും ഭരണത്തിന്റെയും സ്വഭാവം വെച്ചു നോക്കുമ്പോൾ അജണ്ട വേറെയെന്തോ അല്ലേ എന്ന സംശയം ഏറുകയും ചെയ്യും. പിന്നെ, നമ്മുടെ നേതാക്കന്മാരുടെ രതിരുചികളിലാണ് കാണികൾക്ക് സ്ഥായിയയ താല്പര്യം എന്നു വരുന്നത് നന്നല്ല.”

ഇത്രയും പ്രതികരിച്ചപ്പോൾ ചോദ്യം വന്നു: “വാർത്തയും വ്യാഖ്യാനവും കൊടുക്കുമ്പോൾ, എഡിറ്റർ മാനേജ്മെന്റിനു വിധേയനാണോ?” ഞാൻ ഉള്ളിൽ പറഞ്ഞു: “കുഞ്ഞാലിക്കുട്ടിയെ വീണ്ടും വെട്ടിലാക്കിയ വാർത്ത കൊടുത്തത് മുനീർ അറിയാതെയും അനുവദിക്കതെയുമാണെന്നു സ്ഥാപിക്കുകയാണല്ലോ.” ഏതായാലും, ആ ചോദ്യത്തിന് ശൂന്യതയിൽ ഒരു ഉത്തരം കൊടുക്കാൻ പറ്റില്ല. അതുകൊണ്ട് ഞാൻ സവിസ്തരം ഉപന്യസിച്ചു.

എന്താണീ മാനേജ്മെന്റ്‌? പണം മുടക്കുന്ന ആളോ? അയാൾ നിയമിക്കുന്ന സി എ ഒയോ? എഡിറ്ററോ? ന്യൂസ് എഡിറ്ററോ? ബ്യൂറോ ചീഫോ? ഇവരിൽ ഓരോരുത്തരും ഓരോരോ വാർത്താസന്ദർഭങ്ങളിൽ തീരുമാനം എടുക്കുകയും നടപ്പാക്കുകയും ചെയ്യുക എന്ന അർത്ഥത്തിൽ മാനേജീരിയൽ കർത്തവ്യം നിർവഹിക്കുന്നുണ്ട്. തീരുമാനത്തിന്റെ ധനപരവും രാഷ്ട്രീയവുമായ വ്യാപ്തിയനുസരിച്ച്, അത് എടുക്കുന്ന തലം ഉയർന്നു പോകും. ചില നേരങ്ങളിൽ, ചില കാര്യങ്ങളിൽ, അവസാനത്തെ തീരുമാനം കമ്പൈ ഉടമയുടെ ആയിരിക്കും, പണം മുടക്കുന്ന ആളുടെ ആയിരിക്കും. എഡിറ്ററും കമ്പനി മേധാവിയും തമ്മിൽ യോജിക്കുന്നില്ലെങ്കിൽ, മേധാവിയുടെ അഭിപ്രായം നടപ്പിലാകും. മറിച്ചു പറയുന്നതൊക്കെ പാഴ്പാട്ടെന്നു കരുതിയാൽ മതി.

കമ്പനി മേധാവിയുടെ താല്പര്യത്തിനു നിരക്കാത്തതൊന്നും ഒരു മാധ്യമവും കൊടുക്കില്ല. അങ്ങനെ കൊടുക്കാൻ ഒരുമ്പെടുന്ന എഡിറ്റർ യാഥാർഥ്യബോധമുള്ള ആളല്ല. പണം മുടക്കുന്ന ആളെ പഴി പറയാൻ നിയോഗിക്കപ്പെടുന്ന ആളല്ല എഡിറ്റർ. അതറിഞ്ഞോ അറിയാതെയോ തോന്ന്യാസം കാണിക്കുന്ന എഡിറ്റരുടെ കസാര ഇന്നലെയല്ലെങ്കിൽ ഇന്നു തെറിച്ചിരിക്കും. എത്ര വിശാലമനസ്കനായ കമ്പനി മേധാവിയാണെങ്കിലും, തന്റെ താല്പര്യത്തിനെതിരെ തന്റെ തന്നെ മാധ്യമം പട പുറപ്പെടുന്നത് കണ്ടിരിക്കുകയില്ല. ചിലപ്പോൾ, മറ്റുള്ളവരെല്ലാം കൊടുക്കുന്ന ഒരു വാർത്ത, അഹിതമാണെങ്കിലും, തന്റെ മാധ്യമത്തിലും മിനിമം രൂപത്തിൽ കൊടുക്കാൻ അനുവദിച്ചേക്കും--ഒരു തന്ത്രമെന്ന നിലയിൽ. ഇന്ത്യൻ എക്സ്പ്രസ്സിന്റെ മേധാവിയായിരുന്ന രാം നാഥ് ഗോയങ്കക്കെതിരെ വയലാർ രവിയും കെ പി ഉണ്ണിക്കൃഷ്ണനും മറ്റും പാർലമെന്റിൽ പ്രസംഗിച്ചിരുന്ന കാലത്ത്, തന്റെ പത്രത്തിൽ അതും അടിക്കട്ടെ എന്ന് അദ്ദേഹം നിർദ്ദേശം കൊടുത്തിരുന്നു. പക്ഷേ അത് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടർ എഴുതിയതാവരുത്; ഏതെങ്കിലും വാർത്താ ഏജൻസിയുടെ ഭാഷ്യം ആകണം.

എന്നുവെച്ച്, അദ്ദേഹത്തിന്റെ താല്പര്യത്തിനു വിരുദ്ധമായ വാർത്ത കണ്ടെത്തിക്കൊടുക്കുകയോ അദ്ദേഹത്തിന്റെ ചൊൽ‌പ്പടിക്കു നിൽക്കാതിരിക്കുകയോ ചെയ്യുന്ന എഡിറ്റർ പ്രവരന്മാരെ പൊറുപ്പിക്കുമെന്നു കരുതരുത്. അടിയന്തരാവസ്ഥയിൽ പത്രത്തിന്റെ ചുക്കാൻ പിടിച്ചിരുന്ന എഡിറ്റർ വി കെ നരസിംഹൻ, രാഷ്ട്രീയകാലാവസ്ഥ മാറിക്കഴിഞ്ഞ് ഒരു ദിവസം ആപ്പീസിലെത്തുമ്പോൾ, തന്റെ കസാലയിൽ വേറൊരാൾ, എസ് മുൾഗാവ്കർ, ഇരിക്കുന്നതു കണ്ടു. അരുൺ ശൌരിയെ രണ്ടു തവണ പുറത്താക്കി. രണ്ടാമത്തെ തവണ പുറത്താക്കപ്പെടുമ്പോൾ, അതിനുള്ള ഒരുക്കം നടക്കുന്ന കാര്യം ശൌരിയും രാം നാഥ് ഗോയങ്കയും അറിഞ്ഞിരുന്നില്ലെന്നതാണ് തമാശ. ഗോയങ്ക കിടപ്പിലായിരുന്നു; ശൌരി ഒന്നും മണത്തറിഞില്ല--എഡിറ്ററായ തന്റെ ലേഖനം ആരോ തടഞ്ഞുവെച്ചിട്ടുപോലും.

ഇതാകട്ടെ, എഡിറ്ററുടെ പരാധീനതയും മാനേജ്മെന്റിന്റെ സർവാധിപത്യവും വിളിച്ചോതുന്ന ആദ്യത്തെയോ അവസാനത്തെയോ സംഭവമല്ല. എന്നെ ടൈംസ് ഒഫ് ഇന്ത്യയിൽ എടുക്കാൻ ദിലീപ് പഡ്ഗാംവ്കർ തീരുമാനിക്കുമ്പോൾ, അദ്ദേഹത്തെ പറഞ്ഞുവിടാൻ തീരുമാനമായിരുന്ന വിവരം അദ്ദേഹത്തിനറിയുമായിരുന്നില്ല. ഹിന്ദുസ്ഥാൻ ടൈംസിന്റെ എഡിറ്റർ ബി ജി വർഗീസ് ഒരു വൈകുന്നേരം കോണി ഇറങ്ങിപ്പോകുമ്പോൾ, ഒരു കുറിപ്പ് കിട്ടി: അദ്ദേഹത്തിന്റെ കാലാവധി അവസാനിപ്പിച്ചിരിക്കുന്നു. ഫ്രീ പ്രസ് ജർണലിന്റെ എഡിറ്റർ സി എസ് പണ്ഡിതിനോട് ഒന്നാം തിയതി ക്യൂവിൽ പോയി നിൽക്കാൻ പറഞ്ഞു, പ്യൂണിനോടും സെക്രട്ടറിയോടുമൊപ്പം, ശമ്പളം വാങ്ങാൻ. അതും അദ്ദേഹം ചെയ്തത്രേ. ഏഷ്യൻ ഏജ് പടുത്തുയർത്തിയ എം ജെ അക്ബർ, തന്റെ പേർ പത്രത്തിൽനിന്ന് എടുത്തു മാറ്റിയ വിവരം ആരോ പറഞ്ഞപ്പോഴേ അറിഞ്ഞുള്ളു.

എഡിറ്ററുടെ സ്വാതന്ത്ര്യം ഉറപ്പു വരുത്താൻ ടാറ്റയുടെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ്സ്മാൻ ഒരു പ്രത്യേകസംവിധാനം ഒരുക്കിയിരുന്നു. സ്റ്റേറ്റ്സ്മാന്റെ എഡിറ്റർ പത്രത്തിന്റെ ടസ്റ്റീ ബോർഡിനോടു മാത്രമേ ഇടപെടുകയുള്ളു. ടാറ്റയുടെ ഡയറക്റ്റർ ബോർഡ് അദ്ദേഹത്തെ നിയന്ത്രിക്കുകയില്ല. ആദ്യത്തെ ഇന്ത്യൻ എഡിറ്റർ ആയ പ്രാൺ ചോപ്രയെ ഒതുക്കാൻ ഡയറക്റ്റർ ബോർഡ് ആഗ്രഹിച്ചു. പത്രത്തിന്റെ ട്രസ്റ്റീ ബോർഡ് അതു തടഞ്ഞു. നിയമജ്ഞനായ എം സി സെതൽവാഡ് ആയിരുന്നു അതിന്റെ തലവൻ. അദ്ദേഹം വിട്ടു കൊടുത്തില്ല. അതുകൊണ്ട് എഡിറ്റർ പ്രാൺ ചോപ്ര കുറച്ചിട രക്ഷപ്പെട്ടു. നാനി പാൽഖിവാല ഡയറാക്റ്റർ ബോർഡിന്റെ തലവനായി വന്നപ്പോൾ, ട്രസ്റ്റീ ബോർഡിനെത്തന്നെ നിർജ്ജീ‍വമാക്കി. ഒടുവിൽ എഡിറ്ററെ ചാടിക്കുകയും ചെയ്തു.

ചരിത്രപരവും ഭരണപരവും ധനപരവും രാഷ്ട്രീയവുമായ ഈ പശ്ചാത്തലത്തിൽ വേണം എഡിറ്ററുടെ പ്രജാപതിത്വവും മാനേജ്മെന്റിന്റെ ഉദാരധീരതയും കാണാൻ. മാനേജ്മെന്റിന്റെ താല്പര്യത്തെ വെല്ലുവിളിച്ചുപോകുന്ന എഡിറ്ററും, തന്റെ താല്പര്യത്തിനെതിരെ തന്റെ മാധ്യമത്തെ മേയാൻ വിടുന്ന ചെയർമാനും ഭൂമിയിൽ വസിക്കുന്ന മനുഷ്യരല്ല. അങ്ങനെയൊക്കെ വരുത്തിത്തീർത്താൽ, മാനേജ്മെന്റിന്റെ അജണ്ട നടപ്പാക്കുകയും എഡിറ്ററുടെ സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി പാറിക്കുകയും ഒരുമിച്ചാകാം. ആ ഭാഷ്യം വിഴുങ്ങാൻ കാണികളും വായനക്കാരും തയ്യാറാകണമെന്നു മാത്രം. അവരാരും കുഞ്ഞാലിക്കുട്ടിയും മുനീറും തമ്മിലുള്ള മത്സരത്തിന്റെ മിന്നലാട്ടമായി ഈ സ്വാതന്ത്ര്യപ്രഖ്യാപനത്തെ കാണില്ല.