Monday, April 4, 2011

സുനാമിയും അച്യുതാനന്ദനും

കേരളത്തിന്റെ ചിന്ത മുഴുവൻ വി എസ് അച്യുതാനന്ദനെ ചുറ്റിപ്പറ്റി മുനിഞ്ഞും ഉറഞ്ഞും ആടിക്കൊണ്ടിരുന്നപ്പോൾ, സെന്തായ് നഗരത്തിലെ കാസുമി സെയ്കി എന്ന കാഥികൻ വീട്ടുമുറ്റത്തിരുന്ന് രണ്ടു ബ്രിട്ടിഷ് മിത്രങ്ങളെ സൽക്കരിക്കുകയായിരുന്നു. മേശപ്പുറത്ത് പെട്ടെന്ന് കുറെ കൽക്കഷണങ്ങൾ വന്നു വീണു. അങ്ങനെയൊന്നും നിലക്കുന്നതായിരുന്നില്ല ആ കൽമഴ. കാസുമിക്ക് ഉടനേ കാര്യം മനസ്സിലായി. അത്രതന്നെ പകക്കാതെ നോക്കിയിരുന്ന ബ്രിട്ടിഷ് മിത്രങ്ങളെ നോക്കി അദ്ദേഹം പറഞ്ഞു: “ഭൂകമ്പം...”

ആറു മിനിറ്റേ ഭൂമി ഇളകിയുള്ളു. പക്ഷേ അച്ചുതണ്ടിനെത്തന്നെ തള്ളിമാറ്റുന്നതായിരുന്നു ആ ഇളക്കം. അതുകൊണ്ട് കടൽ കയർത്തുവോ, കടൽ കയർത്തതുകൊണ്ട് ഭൂമി ഇളകിയോ എന്ന ഉൽപ്രേക്ഷക്കൊന്നും അവിടെ അവസരമുണ്ടായിരുന്നില്ല. കാസുമി ഓടുകയായിരുന്നു. നിലം പൊത്തുന്ന കെട്ടിടങ്ങളുടെ നടുവിലൂടെ, വെള്ളം വിഴുങ്ങുന്ന മനുഷ്യരുടെ മുഴുവനാകാത്ത വിലാപം കേട്ടുകൊണ്ട്, സ്വബോധം നഷ്ടപ്പെട്ട കടലിന്റെ ആട്ടം കണ്ടുകൊണ്ട് കാസുമി എവിടേക്കെന്നില്ലാതെ ഓടി.

നാശം ഭയാനകമാകുമ്പോൾ സംഖ്യ നിരർഥകമായി മാറുന്നു. മുപ്പതടി പൊക്കത്തിൽ തിര പൊങ്ങിയത്രേ. കേരളത്തോളം വലുപ്പത്തിൽ, മുന്നൂറു നാഴിക നീളത്തിലും അമ്പതു നാഴിക വീതിയിലും, ഫുക്കുഷിമയോടു ചേർന്ന കടലിന്റെ അടിത്തട്ട് ശരാശരി ഒരു ഗജം പൊക്കത്തിൽ ഇളകിയാടിയത്രേ. അതുവഴിയുണ്ടായ വെള്ളത്തിന്റെ പൊട്ടിത്തെറിക്ക് ഏതാണ്ടൊരു ആറ്റം ബോംബിന്റെ ശക്തി ഉണ്ടായിരുന്നത്രേ. കണക്കുകൾ അന്തം വിടുവിക്കുന്നതായിരുന്നു. പക്ഷേ നമുക്ക് അന്തം വിട്ടില്ല. നമ്മൾ അച്യുതാനന്ദന്റെ ഭാവിയെപ്പറ്റിയുള്ള ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു.

ഞാൻ കണക്കു കൂട്ടി നോക്കി. മുപ്പതടി ഉയരത്തിൽ പൊങ്ങിയ കടൽ! അതിനെക്കാൾ ഉയരത്തിൽ എത്തിയിരുന്നില്ലേ മഛിലിപട്ടണത്തിൽ പൊങ്ങിയ തിരമാല? ആന്ധ്രയുടെ തീരത്ത് ഉൾക്കടൽ ഇളകിവന്നത് 1977ന്റെ അവസാനമായിരുന്നു. ഒരു തിരയേ പൊങ്ങിയുള്ളു. ഒരു കയറ്റം; അതേ വേഗത്തിൽ ഇറക്കം. കയറിവന്ന തിര കൂറ്റൻ കരിമ്പനകളുടെ കിരീടം തൊട്ടുനോക്കി, ഇറങ്ങുന്നതിനുമുമ്പ്. എത്ര പൊക്കത്തിൽ അത് അടിച്ചുകേറി എന്നു കണക്കാക്കി നോക്കുക. ജീവന്റെ പിറവിക്ക് വേദിയൊരുക്കുന്ന വെള്ളത്തിന്റെ അതേ ഉത്സാഹത്തോടെത്തന്നെയായിരുന്നു വഴിയിൽ വന്നതിനെല്ലാം ഉദകക്രിയ ചെയ്തുകൊണ്ടുള്ള ആ ആ ഒറ്റയാൻ തിരയുടെ പിന്മാറ്റം.

അന്ന് ഇന്നത്തെ തരം ക്യാമറയും, ഫോണും, ടി വിയും ഉണ്ടായിരുന്നില്ല. അന്നത്തെ കണക്കുകൾ കൊട്ടക്കണക്കുകളായിരുന്നു. ഫുക്കുഷിമയിൽ പതിനായിരത്തിന്റെ കണക്കുകൾ പറയുന്നതു കേട്ടപ്പോൾ, ഞാൻ ഓർത്തു: മുപ്പത്തിനാലുകൊല്ലം മുമ്പ് ആന്ധറയുടെ തീരത്ത് ഒലിച്ചുപോയവർ എത്ര എത്ര പതിനായിരങ്ങളായിരുന്നു! ദിവി താലൂക്കിലും മഛിലിപട്ടണത്തിലും മണ്ഡപാക്കല എന്ന ഗ്രാമത്തിലും കാറോടിച്ചുപോയപ്പോൾ, വരമ്പുകളുടെ ഓരങ്ങളിൽ മുറിഞ്ഞ അവയവങ്ങളും മുഴുവൻ ശവങ്ങളും കുഴിവെട്ടുകാരെ കാത്തുകിടക്കുന്നതു കണ്ടു. ശവങ്ങളിൽ മനുഷ്യരും മൃഗങ്ങളുമുണ്ടായിരുന്നു. കിറുക്കിളകിയ കടൽ പക്ഷഭേദം കാണിച്ചില്ല. പാടശേഖരങ്ങൾ ചിതകളായി. ചിതയൊരുക്കുന്നവർക്കായിരുന്നു അന്ന് ക്ഷാമം.

സുനാമിയെപ്പറ്റി അന്ന് കേട്ടറിവുണ്ടായിരുന്നില്ല. ആ ജാപ്പനീസ് പദം നാട്ടാചാരമാകാൻ ഇന്തൊനേഷ്യയിൽ കടലിനു പ്രാന്ത് ഇളകേണ്ടി വന്നു. ഇങ്ങു കേരളത്തിലെ കൊല്ലം വരെ കുനി കുത്തി വന്ന ആ വെള്ളം 2004ൽ എത്ര പതിനായിരങ്ങളെ കൊണ്ടുപോയെന്ന് ഇന്നും തിട്ടമില്ല. അതുണ്ടായത് കടലിനു ചുഴലി പിടിപെട്ടതുകൊണ്ടോ, സർവം സഹയായ, വസുന്ധരയായ ഭൂമിയുടെ ഇടാനെഞ്ചുപൊട്ടിയതുകൊണ്ടോ എന്നു ശാസ്ത്രജ്ഞന്മാർ നിശ്ചയിക്കട്ടെ. ആന്ധ്രയിൽ ചുഴലി മാത്രമേ ഉണ്ടായതായി കേട്ടുള്ളു. ഭൂമി വിറക്കുകയും കടൽ കയർക്കുകയും ചെയ്യുന്ന സുനാമി, പേരിലെങ്കിലും, പിന്നീടു വന്നതായിരുന്നു.

ആ വരവിന് രണ്ടു വിശേഷതകൾ കാണാം. ഒന്നാമതായി, അത് കൂടെക്കൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നു. മേത്തരമോ ഇടത്തരമോ ആയ രണ്ടു സുനാമികൾക്കിടയിലെ ഒഴിവുകാലം കുറഞ്ഞുകൊണ്ടേ വരുന്നു. മനുഷ്യന്റെ അഹന്തയെ പുഛിച്ചുകൊണ്ട്, അതു കവർന്നുകൊണ്ടുപോകുന്ന ജീവന്റെയും സ്വത്തിന്റെയും അളവ് കൂടിക്കൊണ്ടേ പോകുന്നു. രണ്ടാമതായി, മുന്നറിയിപ്പുകളെയെല്ലാം അതു നിസ്സരമാക്കുന്നു. ഇത്തരം ആപത്തുകളെ നേരിടാൻ ജപ്പാനോളം സജ്ജീകരണമുള്ള രാജ്യം വേറെയില്ല. നിതാന്തജാഗ്രത ജപ്പാന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. എന്നിട്ടെന്ത്? കടലിന്റെ അടിത്തട്ടു കിടുങ്ങിയാൽ, കരക്കായാലും വെള്ളത്തിലായാലും രക്ഷയില്ല. എവിടെപ്പോയൊളിക്കാൻ? നമ്മുടെ പഴയ മൊഴി വീണ്ടും പൊടി തട്ടിയെടുക്കാം: വീടു വിഴുങ്ങുന്ന ഭൂതം മുട്ടിവിളിക്കുമ്പോൾ, വാതിൽ ചാരിയാൽ മതിയോ?

മൂന്നമതൊരു വിശേഷത കൂടി സുനാമിയുമായി ബന്ധപ്പെടുത്തി കാണണം. ഒരിടത്ത് കടൽ ഇളകിവരുമ്പോൾ, സെന്തായ് നഗരത്തിൽ കാസുമി സെയ്കി ജീവനും കൊണ്ടോടുമ്പോൾ, മനുഷ്യസഹസ്രങ്ങൾ ഒലിച്ചുപോകുമ്പോൾ, നമ്മൾ അച്യുതാനന്ദന്റെ രാഷ്ട്രീയഭാഗധേയം ചർച്ച ചെയ്യുന്ന തിരക്കിൽ പെട്ടു പോകുന്നു, രാവും പകലും. ഫുക്കുഷിമയിലെ ദുരന്തം, നമ്മെ സംബന്ധിച്ചിടത്തോളം, ഇടവേളകളെ വികാരമസൃണമാക്കാനുള്ളതു മാത്രമാകുന്നു. മുഖ്യവും മാദകവുമായ വിഷയം അച്യുതാനന്ദൻ തന്നെ. അതല്ലെങ്കിൽ വേറൊരു ആനന്ദൻ എന്ന വ്യത്യാസമേ കാണുകയുള്ളു. നാശത്തോടും മരണത്തോടുമുള്ള മനുഷ്യപ്രതികരണം എന്നും ഇങ്ങനെയൊക്കെയായിരിക്കും. നാശം വീട്ടുമുറ്റത്ത് നടന്നാ‍ലേ നമ്മളെ ഏശുകയുള്ളു. വസുധൈവ കുടുംബകം, ലോകമേ തറവാട്, എന്നതൊക്കെ കേൾക്കാൻ കൊള്ളാവുന്ന തത്വം തന്നെ, കേൾക്കാൻ കൊള്ളാവുന്ന തത്വം മാത്രം.

ആന്ധയിലെ തീരത്ത് കടൽ കുതറി വന്നപ്പോഴത്തെ സ്ഥിതിയല്ല ഇപ്പോഴത്തേത് എന്നു പറഞ്ഞല്ലോ. അന്നത്തേതിൽനിന്നു വ്യത്യസ്തമായി, സെന്തായ് നഗരത്തിന്റെ നാശം നമ്മുടെ നടുമിറ്റത്തെ പൊട്ടിത്തെറിയായി അനുഭവപ്പെടുത്താനുള്ള സാങ്കേതികവിദ്യ നമ്മൾ വികസിപ്പിച്ചെടുത്തിരിക്കുന്നു. സെന്തായ് നഗരത്തിൽനിന്ന് കാസുമി ഓടി രക്ഷപ്പെടുന്നതും കടലിന്റെ കുടൽമാല കീറിത്തെറിക്കുന്നതുമെല്ലാം നമ്മുടെ സ്വീകരണമുറിയിലെ സംഭവമായിരിക്കുന്നു. എന്നിട്ടും പണ്ട് പത്രം വായിച്ച് “അയ്യോ കഷ്ടം” എന്നു പറയുന്നതുപോലെ, ഇപ്പോൾ ദുരന്തം നേരിൽ കണ്ട് നമ്മൾ “അയ്യോ കഷ്ടം” മൂളുന്നു. എന്നിട്ട് അച്യുതാനന്ദനെപ്പറ്റിയുള്ള ചർച്ച തുടരുന്നു.

മനുഷ്യമസ്തിഷ്കത്തെപ്പറ്റി ശാസ്ത്രജ്ഞന്മാർ രൂപപ്പെടുത്തിയ ഒരു നിഗമനം ഉണ്ട്. രണ്ടു ഭാഗങ്ങളുള്ള മസ്തിഷ്കത്തിൽ, ചിന്തയെയും ആവിഷ്കരണപാടവത്തെയും നിയന്ത്രിക്കുന്ന ഭാഗത്തിൽ ഉണ്ടായിട്ടുള്ള വികാസം അത്ഭുതാവഹമത്രേ. സ്നേഹം, ദയ തുടങ്ങിയ വികാരങ്ങളെ രൂപപ്പെടുത്തുന്ന ഭാഗത്തിലാകട്ടെ, ഒരു വികാസവുമുണ്ടായിട്ടില്ല താനും. ഒരു ഭാഗത്ത്, ഒരു ക്വാണ്ടം മുന്നേറ്റം. മറുഭാഗത്ത്, കൺഫ്യൂഷ്യസിന്റെ കാലത്തേതിൽനിന്ന് ത്രിമ്പും വ്യത്യാസമില്ലത്ത നിശ്ചലത്വം. അതുകൊണ്ടായിരിക്കാം, പണ്ട് നായനാർ തമാശ പോലെ പറഞ്ഞിരുന്നു, “നമ്മൾ ഒരു ചായ കുടിക്കുന്നു; പിന്നെ ഒരു ബലാത്സംഗം നടത്തുന്നു.” ഏതാണ്ട് ആ ഈണത്തിൽ നമുക്ക് ഇനിയും ചോദിക്കാം, “രണ്ടു മൂന്നിടത്ത് ഒരുമിച്ചൊരു സുനാമി കനത്താൽ, ഈ മൺപന്ത് മൂന്നായി പിളർന്നാൽ, അപ്പോഴും നമ്മൾ അച്യുതാനന്ദനെ ധ്യാനിച്ചിരിക്കുമോ?”

(malayalam news)

No comments: