Monday, April 4, 2011

അയൂബ് ഖാനോ യാഹ്യാ ഖാനോ?

അയൂബ് ഖാനോ യാഹ്യാ ഖാനോ? സംശയം ഉന്നയിച്ചത് തോമസ് ജേക്കബ് ആയിരുന്നു. വി എസ് അച്യുതാനന്ദന്റെ ഒരുത്തി എന്ന പ്രയോഗത്തെപ്പറ്റി എഴുതി വന്നപ്പോൾ, ഞാൻ സംശയമില്ലാതെ എഴുതി: അയൂബ് ഖാൻ. സിന്ധു ജോയി എന്ന എസ് എഫ് ഐ നേതാവ് സി പി എം വിട്ട് കോൺഗ്രസിൽ ചേർന്നപ്പോൾ വി എസ് ചാർത്തിക്കൊടുത്തതായിരുന്നു ആ പട്ടം, ഒരുത്തി. ഒരു സ്ത്രീ കേൾക്കേ, മര്യാദക്കാരാരും അവരെ ഒരുത്തി എന്നു വിളിക്കില്ല. നാലാൾ കേൾക്കേ ഒരിക്കലുമില്ല. മര്യാദയുടെ അതിരുകൾ മാറ്റിക്കെട്ടുന്നയാളാണ് വി എസ്. അങ്ങനെ അദ്ദേഹം സിന്ധുവിനെ ഒരുത്തി എന്നു വിളിച്ചപ്പോൾ, ഞാൻ അതിനു ചേർന്ന പഴയ ചില പ്രയോഗങ്ങൾ ഓർത്തുപോയി.

ആദ്യം ഓർമ്മയിൽ വന്നത് ആ സ്ത്രീ എന്ന ലക്കില്ലായ്മ ആയിരുന്നു. That Woman. ആരെയും, ഇന്ദിര ഗാന്ധിയെ ഒരിക്കലും, ആരും അങ്ങനെ ലക്കില്ലാതെ വിളിക്കരുത്. അതു വിളിച്ചത് അയൂബ് ഖാൻ ആണെന്നായിരുന്നു എന്റെ ഓർമ്മ. അങ്ങനെ എഴുതുകയും ചെയ്തു. അതു കണ്ടപ്പോൾ തോമസ് ജേക്കബിനു സംശയമായി. സംശയത്തിന്റെ ഒരു മുഖ്യസ്വഭാവമാണ് പകർച്ച. അത് എനിക്കും പകർന്നു. അയൂബ് ഖാനോ, അതോ, വേറെ വല്ല ഖാനോ, യാഹ്യാ ഖാനോ? ഞങ്ങൾ ആലോചനയായി.

പാമ്പിനെപ്പോലെ ഇഴഞ്ഞുനടക്കാനൊന്നും സംശയത്തിന് ഇട കിട്ടിയില്ല. മിടുക്കനായ ഒരു സബ് എഡിറ്റർ നെറ്റിൽ കേറി. അയൂബ്, യാഹ്യാ, പാകിസ്താൻ, ഇന്ദിര, That Woman, എന്നിങ്ങനെ കുറെ സൂത്രപദങ്ങൾ അടിച്ചുനോക്കിയപ്പോൾ, ആ പ്രയോഗത്തിന്റെ ഉടമ യാഹ്യാ ഖാൻ ആയിരുന്നെന്നു മനസ്സിലായി. തെറ്റു തിരുത്താൻ അഞ്ചു മിനിറ്റ് വേണ്ടി വന്നില്ല. എന്നിട്ടും എന്റെ കുറിപ്പിൽ കടന്നു കേറിയ ഒന്നു രണ്ടു പിഴകളെ, പതിവു പോലെ, അച്ചടിപ്പിശകെന്നു പറഞ്ഞ് ഞാൻ ഞെളിഞ്ഞു. എന്നും അങ്ങനെ ആയിരുന്നു: അവശേഷിക്കുന്ന തെറ്റുകളെല്ലാം അച്ചടിക്കാരന്റെ ചിലവിൽ എഴുതിച്ചേർക്കും. ഇന്നതിനു വഴിയില്ലെന്ന് ഞാൻ പിന്നീട് ഓർത്തു.

ഇന്ന് അച്ചടിക്കാരനും അച്ചുമായി ഒരു ബന്ധവുമില്ല. അളവും ആകൃതിയും നിറവുമെല്ലാം തിട്ടപ്പെടുത്തിയ അക്ഷരങ്ങളാണ് അച്ചടിക്കാരന്റെ കയ്യിൽ കിട്ടുന്നത്. അതിൽ തെറ്റ് എഴുതിപ്പിടിപ്പിക്കാൻ എത്ര കേമനായ അച്ചടിപ്പിശാചായാലും സാധ്യമല്ല. അക്ഷരത്തെറ്റു തിരുത്താൻ, എഡിറ്ററുടെയും അച്ചടിക്കാരന്റെയും ഇടയിൽ, പ്രൂഫ് റീഡർ എന്നൊരു കൂട്ടർ പണ്ടുണ്ടായിരുന്നു. മാതൃഭൂമിയിൽ താഴ്ന്ന ആ പദവിയിൽ ജോലി ചെയ്തിരുന്ന ഉയർന്ന ചിന്തകനായിരുന്നു കുട്ടിക്കൃഷ്ണ മാരാർ. തെറ്റു വരുത്താൻ വയ്യാത്ത വിധത്തിൽ അക്ഷരങ്ങൾ അച്ചില്ലാത്തെത്തന്നെ രൂപപ്പെടുത്തുന്ന യന്ത്രങ്ങൾ ഇറങ്ങിയതോടെ, തൊണ്ണൂറുകളുടെ തുടക്കത്തിൽ പ്രൂഫ് റീഡർക്ക് വംശനാശം വന്നു.

ആ യന്ത്രം ഇല്ലാത്ത കാലത്ത് അക്ഷരത്തെറ്റ് ഒന്നു പോലും വരാതെ നോക്കിയിരുന്ന പ്രൂഫ് റീഡർമാർ ചില പത്രങ്ങളിൽ ഉണ്ടായിരുന്നു. ചില ഇംഗ്ലിഷ് പത്രങ്ങൾ അച്ചടിച്ചുവരുന്ന തെറ്റുകൾക്ക് ഉത്തരവാദിയെ കണ്ടെത്തി പിഴ ചുമത്തുമായിരുന്നു. ആ പതിവിന്റെ ഫലമായും പൊതുവേയുള്ള കാര്യക്ഷമതയുടെ ഫലമായും, തെറ്റ് ഒന്നുപോലും വരാതെ പത്രം ഇറക്കുക അസാധ്യമല്ലായിരുന്നു. കമ്പ്യൂട്ടർ നിലവിൽ വന്നശേഷം, ഞാൻ ഒരു പത്രത്തിൽ നൈറ്റ് എഡിറ്റർ ആയി ചുമതൽ ഏൽക്കുമ്പോൾ, പത്രം നിറയെ അക്ഷരത്തെറ്റ് ആയിരുന്നു. വാസ്തവത്തിൽ, ഒന്നാം താളിലെങ്കിലും തെറ്റ് തീർത്തും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു എന്റെ നിയമനം.

ന്യൂസ് റൂമിൽ അത്ഭുതം എന്നെ കാത്തിരിക്കുകയായിരുന്നു. മിടുക്കന്മാരായ സബ് എഡിറ്റർമാർ ഉണ്ടായിരുന്നു. നല്ല യന്ത്രങ്ങളും. എന്നിട്ടും അക്ഷരത്തെറ്റുകൾ എങ്ങനെ കടന്നുകൂടുന്നു? ഞാൻ ചോദിച്ചു. ഞാൻ തന്നെ ഉത്തരവും പറഞ്ഞു: അക്ഷരത്തെറ്റ് തിരുത്താനുള്ള സംവിധാനം ആരും ഉപയോഗിക്കുകയോ, അടിച്ചുവിടുന്നത് വായിക്കുകയോ ചെയ്യുന്നുണ്ടാവില്ല. ഇപ്പോൾ ഒരു വാരികയുടെ സീനിയർ എഡിറ്റർ ആയ ഒരു ചെറുപ്പക്കാരൻ പറഞ്ഞു: ആ സംവിധാനം അവരുടെ യന്ത്രങ്ങളിൽ ഇല്ല. ശുണ്ഠിക്കാരനും മിടുക്കനുമായ ദുർഗ്ഗാദത്ത് എന്ന സിസ്റ്റംസ് മാനേജർ കീ ബോർഡിൽ ഒരു ബട്ടൺ അമർത്തിയപ്പോൾ, ആ സൌകര്യം തെളിഞ്ഞുവന്നു. എന്നിട്ട്, അരിശത്തോടെ, പരിഹാസത്തോടെ, ദുർഗ്ഗ മുറുമുറുത്തു: സൌകര്യം ഉണ്ടായാൽ പോരാ, തെറ്റ് തെറ്റാണെന്നു യന്ത്രത്തിൽ തെളിയുമ്പോൾ, അതു
തിരിച്ചറിയാനുള്ള വിവരമെങ്കിലും വേണം. ആരും ഒന്നും മിണ്ടിയില്ല. പിറ്റേന്നു മുതൽ തെറ്റുകൾ ഏറെക്കുറെ അപ്രത്യക്ഷമായി.

യന്ത്രം വഴി അഞ്ചുമിനിറ്റുകൊണ്ട് അയൂബ് ഖാനോ യാഹ്യാ ഖാനോ എന്ന സംശയം തീർക്കാൻ പറ്റിയ അവസരത്തിലേക്കു തിരിച്ചുപോകാം. കാൽ നൂറ്റാണ്ടുമുമ്പാണെങ്കിൽ ആ സംശയം എങ്ങനെ തീർക്കും? ചിലപ്പോൾ വിജ്ഞാനകോശത്തിൽ കണ്ടേക്കും. പഴയ ഫയലുകൾ പരിശോധിക്കാം. ഫയൽ ഇല്ലെങ്കിലോ? അറിവുള്ള, പ്രായമുള്ള ആരോടെങ്കിലും ചോദിക്കണം. ആ ആളെ എവിടെ കിട്ടും? പലപ്പോഴും വേണ്ട നേരത്ത് കിട്ടിയെന്നു വരില്ല. കിട്ടുന്നവർക്ക് ഉറപ്പുണ്ടായിക്കൊള്ളണമെന്നില്ല. അപ്പോൾ പിന്നെ ഒരു വഴിയേ ഉള്ളു: തെറ്റു വരരുതെന്നു നിർബ്ബന്ധമാണെങ്കിൽ, സംശയമുള്ളത് എഴുതാതിരിക്കുക. ആ വക ബുദ്ധിമൊട്ടുന്നുമില്ലാതെ, നൊടിയിടയിൽത്തന്നെ സംശയം തീരുന്നു. തെറ്റു വരുത്താൻ ഇടയില്ലാതാകുന്നു. ഇനി സംശയം തന്നെ ഇല്ലാതാകുമോ?

അച്ചടിക്കുന്ന ചിത്രങ്ങളുടെ കഥയും കുതൂഹലം ഉളവാക്കും. വീണ്ടും ഏൺപതുകളിലെ കഥ തന്നെയാണ് വിഷയം. തിരുവനന്തപുരത്തെ സെന്റ്രൽ ടെലഗ്രാഫ് ഓഫിസിൽ എണപതുകളുടെ തുടക്കത്തിൽ ഫോട്ടൊ ഫാക്സ് വന്നത് ഒരു അത്ഭുതം പോലെയായിരുന്നു. അവിടെ മാത്രമേ ആ സൌകര്യം തുടക്കത്തിൽ ഉണ്ടായിരുന്നുള്ളു. അതാകട്ടെ, അധികം ആരും ഉപയോഗിച്ചുമില്ല. തിരുവനന്തപുരത്തുനിന്ന് ഒരു അടിപിടിയുടെ ചിത്രം ആഴത്തിൽ ഒരു ശ്വാസം എടുത്തു വിടുമ്പോഴേക്കും കൊച്ചിക്കോ ഡൽഹിക്കോ എത്തിക്കാൻ പറ്റിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഉദ്വേഗമായിരുന്നു. അങ്ങനെ അയച്ച പടത്തിന് ദോഷം പലതുമുണ്ടായിരുന്നു. എന്നാലും അതു സാധ്യമായത് അന്നൊരു വിപ്ലവമായിരുന്നു.

പടമെടുത്ത് നെഗറ്റീവ് ബസ്സുവഴി കൊച്ചിക്ക് അയക്കുകയായിരുന്നു പതിവ്. ഡൽഹിയിൽ അത് എത്തിക്കുമ്പോഴേക്കും മനുഷ്യൻ ചന്ദ്രനിൽ രണ്ടു തവണ പോയി വന്നിരിക്കും. ഡൽഹിയിലായാലും കൊച്ചിയിലായാലും പടം കിട്ടിയാൽ പിന്നെ ബ്ലോക് ഉണ്ടാക്കുന്ന തിരക്കായി. അത് അച്ചടിച്ചാൽ കടലാസിന്റെയും മഷിയുടെയും യന്ത്രത്തിന്റെയും നിലവാരമനുസരിച്ചായിരിക്കും എന്തെങ്കിലും തെളിഞ്ഞുവരിക. എന്ത് അടിച്ചാലും എന്റെയോ എഡിറ്ററുടെയോ കുരങ്ങന്റെയോ മുഖമാണെന്നു തോന്നാം. അതുകൊണ്ട് പടത്തിന്റെ അടിയിൽ വിവരണം കൂടിയേ കഴിയുമായിരുന്നുള്ളു. അങ്ങനെ ഒരു പടമയക്കാൻ--പടം പിടിക്കാനും അത് ബസ് സ്റ്റാന്റിൽ എത്തിക്കാനും കൂടി--പതിനഞ്ചു രൂപ ഒരു സ്റ്റുഡിയോ ഈടാക്കിയിരുന്നത് ഓർക്കുന്നു. ഇന്നോ? ഇന്ന് ബ്ലോക് വേണ്ടാ, ബസ് വേണ്ടാ, സ്റ്റുഡിയോ വേണ്ടാ. ക്യാമറയും ക്യാമറാമാനും കടലാസും വേണ്ടെന്ന സ്ഥിതിയും അടുത്തു തന്നെ വന്നേക്കും. അച്ചു നിരത്തുന്ന ഏർപ്പാടിൽനിന്ന് അമ്പതുകൊല്ലം കൊണ്ട് ഇന്നത്തെ മുദ്രണസമ്പ്രദായത്തിലേക്കുണ്ടായ മാറ്റത്തിൽ ഇനിയെന്തു മാറ്റം ഉണ്ടാകുമോ ആവോ?

പത്രപ്രവർത്തനത്തിന്റെ സാങ്കേതികവിദ്യയിൽ വന്ന മാറ്റത്തോടൊപ്പം ധനശാസ്ത്രത്തിലും വലിയ മാറ്റം വന്നിരിക്കുന്നു. പത്രം നടത്തി ഉടമ പണവും സ്വാധീനവും ഉണ്ടാക്കുന്നതുപോലെ, ഒരു പക്ഷേ അതിനെക്കാളേറെ, പത്രപ്രവർത്തകനും കൊള്ളാവുന്ന പ്രതിഫലം കിട്ടുമെന്ന നില വന്നിരിക്കുന്നു. കഴിഞ്ഞ 25 കൊല്ലത്തിൽ വരുമാനത്തിൽ വന്നിട്ടുള്ള വർദ്ധന ചെറുതൊന്നുമല്ല. ഇപ്പോൾ ലക്ഷപ്രഭു എന്നു പറയാവുന്ന പത്രപ്രവർത്തകർ എത്രയോ കാണും. ലക്ഷം രൂപ സ്വത്തുള്ള ആളെന്ന അർഥത്തിലല്ല, മാസം തോറും ലക്ഷം വാങ്ങുന്ന ആളെന്ന നിലയിൽ. എന്റെ ഒപ്പം ജോലി ചെയ്തിരുന്ന ഒരു ചെറുപ്പക്കാരൻ കഴിഞ്ഞ ദിവസം ഉറപ്പിച്ച കരാറിലെ ശമ്പളം 75000 ആയിരുന്നു.

ഞാൻ പത്രത്തിൽ ജോലി ചെയ്യാൻ തുടങ്ങിയ കാലത്ത് തകഴി കടത്തിൽ വെച്ച് നടത്തിയ ഒരു സംഭാഷണം ഓർമ്മ വരുന്നു. ഡയറി കക്ഷത്തുവെച്ച് വാ തോരാതെ സംസാരിച്ചിരുന്ന ഒരു കല്യാണപ്പൊരുതുകാരനെ വഞ്ചി കാത്തുനിന്നിരുന്ന ഞങ്ങൾക്ക് കൂട്ടിനു കിട്ടി. സ്ത്രീധനത്തിന്റെ ലക്ഷങ്ങളെപ്പറ്റിയായിരുന്നു അദ്ദേഹത്തിന്റെ ഏകഭാഷണം. ഡോക്റ്റർക്ക് ഇത്ര, എഞ്ചിനീയർക്ക് ഇത്ര...അങ്ങനെ പോയി അദ്ദേഹത്തിന്റെ കണക്ക്. ആയിടക്ക് ഒരു ഇംഗ്ലിഷ് പത്രത്തിൽ ഞാൻ പ്രത്യേകലേഖകനായി ചേർന്നിരുന്നതേയുള്ളു. ആയിരത്തഞ്ഞൂറു രൂപയോളം മാസം ശമ്പളം. അതു കേമം തന്നെ എന്നു കരുതി ഞാൻ പൊരുത്തുകാരനോട് ചോദിച്ചു,
“പത്രപ്രവർത്തക്ന് എന്തു സ്ത്രീധനം കിട്ടും?“ പൊരുത്തുകാരൻ ഒന്നു ശങ്കിച്ചു. പത്രപ്രവർത്തകൻ കല്യാണം കഴിക്കില്ലെന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ നോട്ടം. അല്പം നീണ്ട മൌനത്തിനുശേഷം അയാൾ പറഞ്ഞത് എന്റെ ഭാര്യക്ക് നന്നേ രസിച്ചു. “ഓ, പത്രപ്രവർത്തകന് അങ്ങനെ മാർകറ്റൊന്നുമില്ല സാറേ. കിട്ടിയതു വാങ്ങിക്കാം. അത്ര തന്നെ.”

അതൊന്നുമല്ല ഇപ്പോഴത്തെ സ്ഥിതി. ശമ്പളം ആറക്കം ആകാം. സ്വാധീനം വഴി ഉണ്ടാകാവുന്ന വരുമാനത്തിന് വില പറഞ്ഞുകൂടാ. പദവികൾ ഏർപ്പാടാക്കുന്നതിൽ പത്രപ്രവർത്തകനുള്ള പങ്കിനെപ്പറ്റി വാർത്ത ചോർന്നത് ഈയിടെയാണല്ലോ. പുത്തൻ തലമുറക്കാറുകൾ ഓടിക്കുന്ന പത്രപ്രവർത്തകരെ ഇപ്പോൾ എത്രയോ കാണാം. ഞാൻ പത്രത്തിൽ കേറുമ്പോൾ, മൂട്ട പോലുള്ള മോറിസ് മൈനർ ഓടിച്ചിരുന്ന എന്റെ എഡിറ്റർ ചെറിയൊരു ന്യൂനപക്ഷം ആയിരുന്നു. ഇപ്പോൾ കാറില്ലാത്ത പത്രപ്രവർത്തകൻ പത്തുകൊല്ലത്തെ പരിചയമൂള്ള ആളായിരിക്കുകയില്ല.

എല്ലം കൊണ്ടും സുഖം തന്നെ. തിരിച്ചറിയാൻ വയ്യാത്ത വിധം പുരോഗതി ഉണ്ടായിരിക്കുന്നു. സാങ്കേതികവിദ്യയിലും സമ്പത്തികനിലയിലും. മാധ്യമങ്ങളുടെ കെട്ടിലും മട്ടിലും ആ വ്യത്യാസം കാണാം. അതോടൊപ്പം താരതമ്യാത്മകമായ യാത്മകമായ ഒരു അന്വേഷണം കൂടി നടത്താം, Happynomics എന്നു വിളിക്കുന്ന ഗവേഷണശാഖയുടെ ചുവടു പിടിച്ച്. ഒരു പരിധി വരെ പണമാണ് സന്തോഷത്തിനു നിയാമകം. അതുണ്ടായാലേ സന്തോഷം ഉണ്ടാകുകയുള്ളു. പക്ഷേ കുറെ പണം ഉണ്ടായിക്കഴിഞ്ഞാൽ, പണവും സന്തോഷവും തമ്മിലുള്ള അനുപാതം കൂടിക്കൊണ്ടിരിക്കും. പണം ഉണ്ടായാൽ സന്തോഷം കൂടുകയില്ല എന്ന സ്ഥിതിയും വരും. അതുപോലെ, മാധ്യമരംഗത്തെ സാങ്കേതികവിദ്യയിലും വരുമാനത്തിലും ഉണ്ടാകുന്ന പുരോഗതിയും വായനക്കാരനുണ്ടാകുന്ന അനുഭവവും ഇടതട്ടിച്ചുനോക്കാം. വായനക്കാരന്റെ അനുഭവത്തിൽ ഉണ്ടായ മാറ്റം എന്ത്? അന്നും ഇന്നും പത്രം വഴി വായനക്കാരന് കിട്ടുന്ന വിവരത്തിന്റെയും വിനോദത്തിന്റെയും അളവിലും സ്വഭാവത്തിലും ഉണ്ടായിട്ടുള്ള മാറ്റം എന്ത്? വായനക്കാരന്റെ ഭാവുകത്വത്തിലും വിജ്ഞാനത്തിലും എന്തു മാറ്റം വരുത്താൻ പത്രത്തിനു കഴിയുന്നു? അതോ പഴയ കവിതയിലെ വരികളിൽ ഉണരുന്ന സ്വഭാവം പത്രം ഇന്നും നിലനിർത്തുന്നുവോ? “അർഥവും സംബന്ധവും അറ്റതാം ഏറെ തുണ്ടുവാർത്തകളുടെ നിരന്തരമാം ചിലക്കലാൽ ഉൾക്കളം മത്സ്യച്ചന്തയാക്കുമീ പത്രം...”

(malayalam news april 4)

No comments: