Monday, April 4, 2011

നല്ലതല്ലാത്ത ചില പതിവുകൾ

മൌലികത വി എസ് അച്യുതാനന്ദന്റെ ഒരു മേന്മയായിട്ടല്ല, എന്നാലും മൌലികത തീർത്തും ഇല്ലാത്ത ഒരു നേതാവായി അദ്ദേഹത്തെ ആരും കണ്ടെന്നുവരില്ല. മൌലികമെന്നു തോന്നാവുന്ന ഒരു മുദ്രാവാക്യം അദ്ദേഹം ഉന്നയിച്ചിരിക്കുന്നു. പ്രകാശ് കാരാട്ട് അതിനെ പിന്താങ്ങുകയും ചെയ്തിരിക്കുന്നു. അഞ്ചാണ്ടുകൂടുമ്പോൾ മന്ത്രിസഭയെ മാറ്റുന്ന കേരളത്തിന്റെ പതിവ് മാറ്റണമെന്ന വിപ്ലവകരമായ ഒരു നിർദ്ദേശം അദ്ദേഹം ഉന്നയിച്ചിരിക്കുന്നു. അതു സ്വീകരിക്കപ്പെട്ടാൽ, അഞ്ചുകൊല്ലം കൂടി മുഖ്യമന്ത്രിയായിരിക്കാൻ അദ്ദേഹത്തിനു പറ്റിയേക്കുമെന്നതുതന്നെയാകും മുഖ്യമായും അതിലെ വിപ്ലവാംശം.

ആ നിർദ്ദേശത്തെ അപഗ്രഥിക്കുമ്പോൾ, ഗവേഷണകുതുകിയായ പ്രകാശ് കാരാട്ട് ഒരു കാര്യം ആദ്യമേ ചൂണ്ടിക്കാട്ടി. ആനുഭവികമായ ഒരു ക്രമത്തിന്റെ അടിസ്ഥാ‍നത്തിലല്ല രാഷ്ട്രീയത്തിന്റെ പുരോഗതി. ഇതുവരെ കണ്ടുപോന്ന പതിവിന്റെ ആവർത്തനമാകണമെന്നില്ല രാഷ്ട്രീയത്തിന്റെ ഇനിയുള്ള ഗതി. അത്രയും പറഞ്ഞശേഷം അദ്ദേഹം ഒരുതരം ആന്റിതീസിസിലേക്കു കടന്നു. പതിവതാണെങ്കിലും, അതു തെറ്റിച്ച് ഇത്തവണ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരും എന്ന് അദ്ദേഹം പ്രവചനീയമാ‍യ ഒരു പ്രവചനം അവതരിപ്പിച്ചു, അച്യുതാനന്ദന്റെ പിന്തുണയോടെ. ഇവിടെ വിശകലനം ചെയ്യുന്നത് അതിന്റെ സാധ്യാസാധ്യതകളല്ല.

ഇപ്പറഞ്ഞത് തീർത്തും ശരിയല്ല. ഒരാൾ കേരളത്തിൽ അടുപ്പിച്ച് രണ്ടു തവണ മുഖ്യമന്ത്രിയാവുകയുണ്ടായി. കോൺഗ്രസിന്റെ പിന്തുണയോ പങ്കാളിത്തമോ ഉള്ള ഒരു മുന്നണി അടുപ്പിച്ച് മൂന്നു ഘട്ടങ്ങളീലായി അധികാരത്തിൽ ഉണ്ടായിരുന്നു. അറുപതുകളുടെ ഒടുവിൽ, ഇ എം എസ് കോൺഗ്രസിനെ നേരിടാൻ വേണ്ടി സൃഷ്ടിച്ച വിശാലസപ്തകസക്ഷിമുന്നണീയുടെ ചിതയിൽനിന്നായിരുന്നു തുടക്കം. തിരഞ്ഞെടുപ്പില്ലാതെ അധികാരം കയ്യാളിയ ആ മുന്നണീയിൽ കോൺഗ്രസ് പങ്കാളിയായില്ല; അതിനെ പിന്തുണച്ചതേയുള്ളു. അല്പകാലത്തെ ഭരണത്തിനുശേഷം അച്യുതമേനോന്റെ തന്നെ നേതൃത്വത്തിൽ ആ മുന്നണി തിരന്നെടുപ്പിനെ നേരിട്ടപ്പോൾ, അതിൽ കോൺഗ്രസുമുണ്ടായിരുന്നു. അതേ മുന്നണിയായിരുന്നു, വേറൊരു നേതാവോടുകൂടിയാണെങ്കിലും, 1977ലെ തിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയവുമായി അധികാരത്തിൽ ഏറിയതും. തിരഞ്ഞെടുപ്പു തോറും ഭരണകക്ഷിയെ മാറ്റിനോക്കുന്ന പതിവ് കേരളം നടപ്പാക്കിയത് അതിനു മുമ്പും പിമ്പുമായിരുന്നു.

അച്യുതാനന്ദൻ മൌലികമെന്നോണം മേന്മയായി ഉന്നയിക്കുന്ന ആ പതിവിന്റെ മാറ്റം വാസ്തവത്തിൽ മേന്മയാണോ എന്നു വേണം ആലോചിക്കാൻ. തിരഞ്ഞെടുപ്പിന്റെ ഉദ്ദേശം തന്നെ അഞ്ചുകൊല്ലം കൂടുമ്പോൾ പുതിയൊരു ഭരണകൂടം നിലവിൽ വരുത്താൻ ജനങ്ങൾക്ക് അവസരം കൊടുക്കുക എന്നതാണ്. പിന്നിട്ട അഞ്ചുകൊല്ലത്തെ വിലയിരുത്താം. വരുന്ന അഞ്ചുകൊല്ലത്തിനു രൂപം കൊടുക്കാം. പുതിയ രീതികൾക്കും മുഖങ്ങൾക്കും വേദിയൊരുക്കാം. മാറ്റത്തിനുള്ള അവസരം ഉപയോഗപ്പെടുത്താം. പഴയ കൂട്ടർ തന്നെ മതി, കൂടുതൽ മെച്ചപ്പെട്ട ഒരു സംഘം വരാനില്ല, എന്നൊരു അലംഭാവം വന്നാൽ ആപത്തായി. അധികാരത്തിന്റെ ഏറ്റവും പ്രകടമായ സ്വഭാവം അത് ആരെയും ദുഷിപ്പിച്ചുകളയുമെന്നതാണ്. ജനങ്ങളുടെ ദാക്ഷിണ്യത്തോടെയാണെങ്കിലും അല്ലെങ്കിലും, ആളുകളായാലും പാർട്ടികളായാലും അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നതിനോളം രാഷ്ട്രീയമായ അപകടം വേറൊന്നില്ല.

കേരളം ഉണ്ടാക്കിയിരുന്ന മറ്റൊരു പതിവ് മാറ്റിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ സമാധാനം. മനസ്സിൽ അരാജകത്വം പേറി നടക്കുന്ന കേരളം ഒരു ഭരണകൂടത്തെയും കാലം തികയുവോളം സഹിക്കില്ലെന്നതായിരുന്നു അതിനെ പ്രശ്നസംസ്ഥാനമായി കാണാൻ പലരെയും പ്രേരിപ്പിച്ചിരുന്ന രാഷ്ട്രീയവസ്തുത. ജനാധിപത്യത്തെപ്പറ്റി നിയമ-രാഷ്ട്രീയചിന്തക്നായിരുന്ന എൻ എ പാൽഖിവാല പറഞ്ഞ ഒരു കാര്യം ഓർമ്മ വരുന്നു. രാഷ്ട്രവ്യവസ്ഥയുടെ ഹൃദയസ്പന്ദനം പോലെയാണ് തിരഞ്ഞെടുപ്പ്. അതു കൂടെക്കൂടെ വന്നാൽ അപകടം. നേരത്ത് നടക്കാതിരുന്നാലും അപകടം. ആദ്യത്തെ പ്രശ്നമായിരുന്നു ഏറെക്കാലം കേരളത്തിന്റേത്. അതു മാറി, ഭരണകൂടങ്ങൾക്ക് അഞ്ചുകൊല്ലം തികക്കാൻ പറ്റുന്നുവെന്നത് എല്ലാവരുടെയും ഭാഗ്യത്തെയും ആരോഗ്യത്തെയും സൂചിപ്പിക്കുന്നു.

ഇതൊക്കെയുമായി ബന്ധപ്പെട്ടതുതന്നെയാണ് മാറ്റേണ്ട മറ്റൊരു പതിവ്. ഇതൊക്കെയെന്നുവെച്ചാൽ നേരത്തെ സൂചിപ്പിച്ച അരാജകപ്രവണത. ഇടക്കിടെ തിരഞ്ഞെടുപ്പു വേണമെന്നത് അതിന്റെ ഒരു സൂചന. തിരഞ്ഞെടുത്തയാളെത്തന്നെ അധികം ഭരിപ്പിക്കില്ലെന്നത് വേറൊരു സൂചന. തിരഞ്ഞെടുത്തതോ തിരഞ്ഞെടുക്കാത്തതോ ആയ പാർട്ടിയിലെ നേതാവിനെ കൂടെക്കൂടെ മാറ്റണമെന്നത് ഇനിയും മറ്റൊരു സൂചന. അത്രയൊന്നും പോരെങ്കിൽ, ആളൊന്നുക്ക് ഒരു പാർട്ടിയെങ്കിലും വേണമെന്നത് പിന്നെയുമൊരു സൂചന.

കേരളത്തിൽ പ്രബലമെന്നു പറയാവുന്ന രണ്ടു കക്ഷികളേയുള്ളു. കോൺഗ്രസും സി പി എമ്മും. വേണമെങ്കിൽ മുസ്ലിം ലീഗും കേരള കോൺഗ്രസും എന്നു കൂടി പറഞ്ഞോളൂ. അവയെയാകട്ടെ, ആ പ്രബലകക്ഷികളിൽ ഒന്നിന്റെ ഭാഗമായിട്ടേ കാണാൻ പറ്റൂ. ഒപ്പം കൂട്ടാൻ ആരും തയ്യാറല്ലാത്തതുകൊണ്ട് ബി ജെ പി ഒറ്റക്കൊരു പൂവുംകൊണ്ട് ശക്തി പരിശോധിക്കാൻ നിൽക്കുന്നുണ്ട്, ശരി. പക്ഷേ ഒറ്റക്കല്പലകയെന്നു കരുതിയിരുന്ന ബി ജെ പിയും ലീഗും പോലും, കേരളത്തിന്റെ ജനിതകമായ പിളർപ്പൻ സ്വഭാവംകൊണ്ട് പലതായി മാറിയതാണ് അനുഭവം. കേരള കോൺഗ്രസ്സുകൾ എത്രയുണ്ട് എന്നു കൈവിരലിൽ എണ്ണാൻ പറ്റില്ല. ലീഗിൽ ചേരേണ്ടിയിരുന്നവർ എത്ര വിഭാഗങ്ങളായി പിരിഞ്ഞിരിക്കുന്നുവെന്നു നോക്കുക. ഇതിന്റെ കാരണം ഒരാൾക്ക് വേറൊരാളെ പൊറുപ്പിക്കാൻ വയ്യാത്ത മാനസികാവസ്ഥ തന്നെ. അതിന്റെ ഫലമായി ഒറ്റക്കും തെറ്റക്കും നിൽക്കുന്ന, ജനസ്വാധീനം കാര്യമായി അവകാശപ്പെടാനില്ലാത്ത കക്ഷികളും നേതാക്കളും അധികാരത്തിൽ ഞെളിഞ്ഞുകയരുന്നു. ഇതാണ് കേരളത്തിന്റെ ഒരു രാഷ്ട്രീയപാരമ്പര്യം. അതു മാറ്റിയെടുക്കുന്ന കാര്യം അച്യുതാനന്ദൻ എന്നല്ല, ആരും ആലോചിക്കുന്നതായി തോന്നുന്നില്ല.

സാമൂഹ്യസുരക്ഷക്കുവേണ്ട കാര്യങ്ങൾ ചെയ്യുന്നതിൽ കേരളം കാണിച്ച മുൻ കൈ അമർത്യ സെൻ മുതലിങ്ങോട്ടുള്ളവരുടെ അനുമോദനം നേടിയതാണ്. വളരെ നല്ലത്. അതിന്റെ ഭാഗമായാണോ ആവോ, കേരളം ഉണ്ടാക്കിവെച്ച വേറൊരു പതിവുണ്ട്: കണക്കറ്റു കുടിക്കുന്ന പതിവ്, ഊഞ്ഞാലു കെട്ടേണ്ട കയറുകൊണ്ട് കൊലക്കുരുക്കുണ്ടാക്കി, ആത്മഹത്യയിൽ റെക്കോർഡ് കുറിക്കുന്ന പതിവ്. ചുഴുഞ്ഞുനോക്കിയാൽ, അതിന്റെ പിന്നിലും കാണാം നേരത്തെ സൂചിപ്പിച്ച ആ മനസ്ഥിതി. എന്തിനെയും എതിർക്കുന്ന, ആരെയും പൊറുപ്പിക്കാത്ത, ഏതു സംഘടനയെയും പിളർക്കുന്ന, എവിടെയും ശത്രുവിനെ കാണുന്ന, ഒരിക്കലും ഉള്ളു കുലുക്കി ചിരിക്കാത്ത, എപ്പോഴും അസ്വസ്ഥമായ മനസ്ഥിതി.

ആ മനസ്ഥിതി കാരണം ഉണ്ടായിട്ടുള്ള പതിവുകൾ പലതും മാറ്റിയാൽ കൊള്ളാം. അങ്ങനെ മാറ്റേണ്ടവയിൽ പെടില്ല അഞ്ചാണ്ടു കൂടുമ്പോൾ ഭരണകക്ഷിയുടെ നിറത്തിലും മുഖത്തിലും മാറ്റം വരുത്തുന്ന പതിവ്. ആ പതിവ് നല്ലതാണെന്നു തന്നെ പറയണം.

No comments: