Monday, June 6, 2011

ഓർമ്മകൾ പുറത്താകുമ്പോൾ

പേർഷ്യയിലെ സൈറസ് ചക്രവർത്തിക്ക് അദ്ദേഹത്തിന്റെ പട്ടാളക്കാരുടെയെല്ലാം പേർ ഓർമ്മയുണ്ടായിരുന്നു. റോമൻ പടത്തലവൻ ലൂഷ്യസ് സ്കിപ്പോവിന് നാട്ടുകാരുടെ മുഴുവൻ പേരും ഓർക്കാൻ കഴിഞ്ഞിരുന്നു. അക്ഷരശ്ലോകമത്സരത്തിൽ താനും മറ്റുള്ളവരും അപ്പപ്പോൾ കെട്ടിയുണ്ടാക്കിയ കവിതകളെല്ലാം കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഓർമ്മയിൽ തങ്ങിനിൽക്കുമായിരുന്നു. കൈക്കുളങ്ങര രാമ വാര്യർ ഒരിക്കൽ വായിച്ചുനോക്കുന്ന കൃതി പിന്നീട് എപ്പോൾ വേണമെങ്കിലും അക്ഷരം പ്രതി ഉദ്ധരിക്കുമായിരുന്നു. പത്തു വയസ്സിൽ പഠിച്ച വേദം എഴുപതു കൊല്ലത്തിനുശേഷവും എന്റെ അഛൻ ഏറെ പിഴക്കാതെ ഉരുവിടുമായിരുന്നു. അങ്ങനെയൊന്നും ഓർത്തിരിക്കേണ്ട കാര്യം എനിക്കില്ല.

പലവട്ടം ഉരുവിട്ടോ ആവർത്തിച്ചെഴുതിയോ, ഓരോന്നങ്ങനെ ഓർമ്മയിൽ കരുതിവെക്കേണ്ട കാര്യമില്ല. വിരലൊന്നമർത്തിയാൽ ഓർക്കേണ്ടതും ഓർക്കേണ്ടാത്തതും ഇപ്പോൾ ഒരുപോലെ മുന്നിൽ തെളിയുന്ന സ്ഥിതിയായിരിക്കുന്നു. വലുത്താക്കുകയും ചെറുതാക്കുകയും ചെയ്യാവുന്ന രൂപങ്ങളും രേഖകളും അക്ഷരകോടികളും കയ്യിലൊതുങ്ങുന്നതോ മേശപ്പുറത്തു സ്ഥാപിക്കുന്നതോ ആയ വെള്ളിത്തിരയിൽ ഇഷ്ടപ്പെട്ട നിറത്തിൽ തെളിഞ്ഞുവരുന്നു. വേണ്ടപ്പോൾ വായിക്കാം; വേണ്ടെങ്കിൽ വേറൊരവസരത്തിൽ വായിക്കാനായി തൽക്കാലം മായ്ച്ചുകളയാം. ഇനി ഓർമ്മയുടെ ഭാരം മുഴുവൻ ഉള്ളിൽ കൊണ്ടുനടക്കേണ്ട. നമ്മുടെ സ്വന്തമെന്നു കരുതിയ, കൈവിടാൻ വയ്യെന്നു കരുതിയ ഓർമ്മ പൂർണ്ണമായും പുറത്താക്കപ്പെട്ടിരിക്കുന്നു. നിഷ്കൃഷ്ടമായി, സംസ്കൃതീകരിച്ചു പറഞ്ഞാൽ, ഓർമ്മ ബാഹ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. സൂക്ഷിച്ചു പറയണം, ബഹിഷ്കരിക്കപ്പെടുകയല്ല, ബാഹ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു.

ഈ സ്ഥിതി കണ്ടു പേടിച്ചിട്ടാകണം, ഓർമ്മയെപ്പറ്റി, ഓർമ്മക്ക് ആക്കം കുട്ടുന്ന വഴികളെപ്പറ്റി, ഒരു പുസ്തകവുമായെത്തിയിരിക്കുന്നു ജോഷ്വ ഫോയെർ എന്നൊരു ചെറുപ്പക്കാരൻ പത്രപ്രവർത്തകൻ. അമേരിക്കയിൽ ഓർമ്മമത്സരത്തിൽ പടി പടിയായി പങ്കെടുത്തു ജയിച്ചുകൊണ്ടിരിക്കുന്ന ആ ഇരുപത്തിമൂന്നുകാരന്റെ പുസ്തകം വമ്പിച്ച രീതിയിൽ വിറ്റഴിയുന്നുവത്രേ. ഓർമ്മയുടെ ബാഹ്യവൽക്കരണത്തെച്ചൊല്ലിയുള്ള സാംക്രമികമായ ഭീതിയും അതിന്റെ അത്ഭുതകരമായ വില്പനക്കു നിദാനമാകാം. ഓർമ്മ കൂട്ടാനുള്ള പല വഴികളും ചർച്ച ചെയ്യുന്നതാണ്, ഐൻസ്റ്റീനോടൊപ്പം നിലാവിൽ ഉലാത്തുമ്പോൾ, എന്ന് അർഥം വരുന്ന തലക്കെട്ടോടുകൂടിയ ആ പുസ്തകം. നമ്മുടെ ബ്രഹ്മി ചേർത്ത മരുന്നുകളെപ്പറ്റി അതിൽ പരാമർശമില്ലെങ്കിൽ, അതിനെപ്പറ്റി വായിച്ചറിയാൻ പ്രായമായിട്ടില്ല ജോഷ്വക്ക് എന്നു കരുതിയാൽ മതി.

മനുഷ്യൻ രൂപപ്പെടുത്തിയെടുത്തിട്ടുള്ള ഓർമ്മയന്ത്രംകൊണ്ട് സാധിക്കുന്നത് ചില്ലറ കാര്യമല്ല. തമ്പുരാന്റെയോ വാര്യരുടെയോ പ്രതിഭയും അധ്വാനവുമില്ലാതെത്തന്നെ, അവർ ഓർത്തെടുത്തിരുന്ന ശ്ലോകങ്ങൾ കയ്യിലൊതുങ്ങുന്ന കമ്പ്യൂട്ടറിൽ ഒന്നമർത്തിയാൽ വരി വരിയായി പുറത്തെടുക്കാം. തമ്പുരാനും വാര്യരും, അവരെപ്പോലെത്തന്നെ സൈറസ് ചക്രവർത്തിയും ലൂഷ്യസ് സ്കിപ്പോവും, ഒരു തരം ശ്രുതിസംസ്ക്കാരത്തിന്റെ പ്രയോക്താക്കളായിരുന്നു. പറയുക, കേൾക്കുക, കേട്ടതോർത്ത് പറയുക--ഭാഷയുടെ സാധ്യത അവിടെ ഒതുങ്ങിയിരുന്നപ്പോൾ ഓർമ്മയായിരുന്നു നിലനില്പിന്റെ അടിസ്ഥാനം. ഇലയിലും ഇഷ്ടികയിലും ചെപ്പേടിലും ഓലയിലും കടലാസിലും ഉരുവിടുന്നതെല്ലാം കുറിച്ചുവെക്കാമെന്നായപ്പോൾ, ഉള്ളിൽ എല്ലാം കൊണ്ടു നടക്കണമെന്ന വ്യഥ ഒഴിവായി. മറ്റൊരു രീതിയിൽ പറഞ്ഞാൽ, അതായിരുന്നു ഓർമ്മയുടെ ബാഹ്യവൽക്കരണത്തിന്റെ ആദ്യത്തെ പ്രധാനപദം. മനുഷ്യന്റെ മസ്തിഷ്കത്തെക്കാൾ എത്രയോ ചെറിയ ഒരു യന്ത്രത്തിൽ എത്രയോ മസ്ത്ഷ്കങ്ങൾക്ക് ഓർത്തുവെക്കാൻ കഴിയാത്ത വിവരം ഒതുക്കിവെക്കാമെന്നായതോടെ ഓർമ്മിക്കുന്ന മനുഷ്യന്റെ പ്രാമാണ്യം പോയി. ഓർമ്മ തലയിൽ പേറി നടക്കാതെ, കീശയിലോ സഞ്ചിയിലോ ഒതുക്കിക്കെട്ടി കയ്യും വീശി പോകുന്ന മനുഷ്യൻ കേമനായി.

തമ്പുരാന്റെയോ വാര്യരുടെയോ ഓർമ്മയുടെ കേമത്തം ഞാൻ കണ്ടറിഞ്ഞതല്ല. പക്ഷേ ഓർമ്മ അഛനിലും മറ്റു പലരിലും വാണരുളുന്നത് ഞാൻ കണ്ടിരിക്കുന്നു. കാൽ നൂറ്റാണ്ടായി കാണാത്ത ഒരാളെ കാണുമ്പോൾ, പേരെടുത്തു വിളിച്ച് അയാളെ അത്ഭുതപ്പെടുത്താൻ ഓർമ്മ എന്നെ സഹായിച്ചിട്ടുണ്ട്. അങ്ങനെ ആരെയെങ്കിലും പേരെടുത്തു വിളിച്ചുനോക്കൂ, അയാൾക്ക് പ്രത്യേകം സന്തോഷമാകും, തന്റെ പേരും
ഓർക്കപ്പെടാവുന്നതാണെന്ന് അയാൾ അഭിമാനിക്കും. എപ്പോഴെങ്കിലും കണ്ടിട്ടുള്ള ഒരാളുടെ പേർ പിന്നീട് അയാളുടെ മുമ്പിലിരുന്ന് തപ്പുന്നതാണ് അനാദരം.
ഓർമ്മയില്ലായ്മ അപ്പോൾ ഓർമ്മ പതറുന്നയാളുടെ പോരായ്മയായല്ല, ഓർക്കപ്പെടാതെ പോകുന്നയാൾ സഹിക്കുന്ന അവഗണനയായി മാറുന്നു.

ഓർമ്മയില്ല്ലാത്തവരെ ഞാൻ എത്രയോ കണ്ടിരിക്കുന്നു. കാലത്തിന്റെ കലവറയിൽനിന്ന് എന്തെങ്കിലും ഓർത്തെടുത്തു പറഞ്ഞുവരുമ്പോൾ, തപ്പിത്തടഞ്ഞ്, “ഓർമ്മ നിൽക്കുന്നില്ല” എന്നു തന്നെത്തന്നെ ശപിക്കുന്ന കാരണവരുടെ ദൈന്യം അന്നൊന്നും അത്ര സാരമായെടുത്തിരുന്നില്ല. ശസ്ത്രക്രിയക്കിടയിൽ ഉണ്ടായ കുഴപ്പം കാരണം ബോധം നഷ്ടപ്പെട്ട് ആറുകൊല്ലം കിടന്ന റൂസ് വെൽറ്റിന്റെ പ്രശ്നം ഓർമ്മയുടെ പ്രശ്നമായിരുന്നില്ല. അന്തപ്പനായിരുന്നുവെന്നു തോന്നുന്നു ഓർമ്മ തകർന്ന നിലയിൽ ഞാൻ ആദ്യം കണ്ട ആൾ. കപ്പൽ നിർമ്മാണശാലയിൽ എഞ്ചിനീയറായിരുന്ന അന്തപ്പന്, അദ്ദേഹം തന്നെ രൂപകല്പന ചെയ്ത വീടിന്റെ ഭൂമിശാസ്ത്രം പോലും തിരിയാതായി, ഓർമ്മയില്ലായ്മ വഷളായപ്പോൾ. അന്തപ്പന് ആരോടെങ്കിലും ദേഷ്യം തോന്നുമ്പോൾ അടിക്കാൻ ഓങ്ങുന്ന കൈ എന്തിനു പൊങ്ങിയെന്ന് ഓർക്കാത്തതുകൊണ്ട് അടിക്കാതെ പോകുമായിരുന്നു. പിന്നീടു വായിച്ചറിഞ്ഞു, അതിനെക്കാൾ എത്രയോ കുറവാ‍ണ് ക്ലൈവ് വെയറിംഗ് എന്ന പേരു കേട്ട ബ്രിട്ടിഷ് സംഗീതശാസ്ത്രജ്ഞന്റെ ഓർമ്മത്തുണ്ടിന്റെ നീളം. അദ്ദേഹത്തിന്റെ ഒരോർമ്മയും ഒരു സെക്കന്റിലേറെ നീളുന്നില്ല പോലും. ഒരു സെക്കന്റിനെക്കാൾ സ്ഥായിയെന്നു പറയാവുന്ന വിചാരം എന്തെങ്കിലുമുണ്ടെങ്കിൽ, അത് ക്ലൈവിന്റെ സംഗീതത്തെപ്പറ്റിയും ഭാര്യ ഡെബോറയെപ്പറ്റിയുമായിരിക്കും. അവിടെയൊക്കെ ഓർമ്മ ബാഹ്യവൽക്കരിക്കപ്പെടുകയല്ല, തർക്കപ്പെടുകയാണെന്നു കാണാം. ബുദ്ധിനാശത്തിന്റെ മൂർദ്ധന്യമായി ഗീത കണക്കാക്കുന്ന സ്മൃതിവിഭ്രമം അല്ലെങ്കിൽ സ്മൃതിഭ്രംശം അതു തന്നെയാണോ?

അവരുടെ സ്ഥിതി മെച്ചപ്പെടുത്താൻ ഓർമ്മയന്ത്രം ഉപകരിക്കുന്നില്ല. കണ്ണട വെച്ചാൽ കാഴ്ചയും, ഇയർഫോൺ വെച്ചാൽ കേൾവിയും മെച്ചപ്പെടുന്നുണ്ട്. ഹൃദയത്തിന്റെ താളം ശരിപ്പെടുത്താൻ പേസ് മേക്കർ ഉണ്ട്. പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്ന ഒരു തരം അരപ്പട്ട ഉണ്ട്. അതുപോലെ ക്ലൈവ് വെയറിംഗിന്റെ ശിഥിലമായ ഓർമ്മയെ ക്രമീകരിച്ചെടുക്കുന്ന യന്ത്രം ഇതുവരെ ഉണ്ടായിട്ടില്ല. താമസിയാതെ അങ്ങനെ ഒന്ന് ഉണ്ടാകുമെന്നു തന്നെ കരുതണം. ഓർമ്മ മുഴുവനും തകരാറിലായിരിക്കയണെങ്കിലും, കീശയിലോ മേശപ്പുറത്തോ സഞ്ചിയിലോ ഒതുക്കിവെച്ചിട്ടുള്ള ഓർമ്മയന്ത്രത്തിൽ വിരൽ അമർത്താനുള്ള ഓർമ്മ ശേഷിച്ചിട്ടുള്ളവർക്ക് എന്തും ഏതും ഓർത്തെടുക്കാവുന്ന സ്ഥിതി ആവും. അവിടെ ഓർമ്മ മെച്ചപ്പെടുത്താനുള്ള അഭ്യാസങ്ങളൊന്നും വേണ്ടി വരില്ല. പക്ഷേ എന്തും ഏതും എന്നു പറഞ്ഞാൽ ശരിയാകുമോ?

തലയിൽ സൂക്ഷിക്കുന്ന ഓർമ്മയും കീശയിലെ യന്ത്രത്തിൽ ഒതുക്കിയിരിക്കുന്ന ഓർമ്മയും ഒരു പോലെയാകുമോ? തലയിൽ മങ്ങിയും മിന്നിയും വിളങ്ങുന്ന ഓർമ്മ തിരിച്ചറിവാണ്, വികാരമാണ്. അത് ഒരു തുടർച്ചയാണ്, ഒടുക്കമോ തുടക്കമോ ഇല്ലാത്ത തുടർച്ച. അമ്മ ശാസിച്ചതും ദേവാലയത്തിൽ നമസ്കരിച്ചതും ഇഷ്ടപ്പെട്ട പെൺകുട്ടിയുടെ മുടിയിഴ പറന്ന് തന്റെ കവിളിൽ വീണതും യൂദാസിനെ വെറുത്തതും--അതൊക്കെ ഓർമ്മയായി തലയിൽ തിളങ്ങുന്നു, ഓർമ്മിക്കുന്നയാളുടെ ഭാവം നിർണയിക്കുന്നു. ആ ആളുകളെയും സ്ഥലങ്ങളെയും സംഭവങ്ങളെയും പറ്റിയുള്ള വിവരമെല്ലാം ഓർമ്മയന്ത്രത്തിൽ
പകർത്തിവെക്കാൻ പറ്റും. പക്ഷേ അതെല്ലാം പേർത്തെടുത്താൽ, അവയുടെ സവിശേഷമായ സംഘാതത്തിൽനിന്നുളവായ അനുഭൂതി വീണ്ടും യന്ത്രികമായി സൃഷ്ടിക്കാൻ പറ്റുമോ? പറ്റില്ല. ആ പുനസ്സൃഷ്ടിയാണ് ഓർമ്മ. ആ
ഓർമ്മയാണ് വ്യക്തിത്വം. മറവിതൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും ഓടിയെത്തി ഉണർത്തുന്ന ആ ഓർമ്മയുടെ മരണം ആരെയും ആരും അല്ലാതാക്കുന്നു. അതുകൊണ്ടായിരിക്കും ഓർമ്മയില്ലായ്മ പരമമായ ദൈന്യമായി പലരും കണക്കാക്കുന്നു. ഓർമ്മയുടെ മരണം ഏറ്റവും ഭയാനകമായ അവസ്ഥയായി മലയാള മനോരമയുടെ മുഖ്യപത്രാധിപരായിരുന്ന കെ എം മാത്യുവിന്റെ എട്ടാമത്തെ മോതിരം എന്ന ആത്മകഥയിൽ ചിത്രീകരിക്കപ്പെട്ടതോർക്കുന്നു.

ജോഷ്വ ഫോയറിന്റെയോ ഓർമ്മപ്പെരുക്കത്തിനുള്ള തന്ത്രം തേടുന്ന മുതിർന്ന ഗവേഷകരുടെയോ ഉപദേശമില്ലാതെത്തന്നെ ചില നേരങ്ങളിൽ ചില മനുഷ്യർ ഓർമ്മയെ വിളക്കിയെടുക്കുന്നതു കാണാം. കരിമ്പുഴ രാമചന്ദ്രൻ എന്ന കവിയും ഞാനും ആറാം ക്ലാസിൽ ഒരുമിച്ചു പഠിച്ചിരുന്നു. അര നൂറ്റാണ്ട് തമ്മിൽ കാണാതെയും
കേൾക്കാതെയുമിരുന്നിട്ട് ഒരു ദിവസം രാമചന്ദ്രൻ എന്നെ വിളിച്ചു. വീട്ടിൽ വരുത്തി ഊണു തന്നു. ഓർമ്മകളിൽ അര നൂറ്റാണ്ടിന്റെ പഴക്കം കഴുകിപ്പോകുകയായിരുന്നു. കീശയിലെ ഓർമ്മയന്ത്രത്തിനു കഴിയുമെന്നു തോന്നുന്നില്ല, പുനസ്സൃഷ്ടിക്കപ്പെട്ട അനുഭവം, നിസ്സരമായ സംഭവം--പിണങ്ങിയതും പന്തയത്തിൽനിന്നു പിന്മാറിയതും പല്ലു പൊന്തിയ മാഷെപ്പറ്റി ആരോ എന്തോ പറഞ്ഞതിന് ഞങ്ങൾക്ക് അടി കിട്ടിയതും--
വാർദ്ധക്യത്തിൽ ബാല്യത്തിന്റെ ചേതന ഉണർത്തി. കുചേലനെ കാണാൻ ചെന്ന കൃഷ്ണനായി എന്നെ അവതരിപ്പിച്ച്, “ഗോവിന്ദൻ കുട്ടി, ഹേ, ഞാൻ, വിളിയിതു ഗുരുവായൂരിൽനിന്നോർമ്മയുണ്ടോ....?” എന്നു തുടങ്ങുന്ന ഒരു സ്രഗ്ധര രാമചന്ദ്രൻ ഉള്ളു തുറന്നുചൊല്ലിയപ്പോൾ, ഓർമ്മയിൽ കർപ്പൂരം കലരുകയായിരുന്നു. കമ്പ്യൂട്ടറിൽ പകർത്താൻ വയ്യാത്ത ഒരു തരം ഓർമ്മക്കർപൂരം!

(malayalam news june 6)

Monday, May 30, 2011

പഴയ വിഷയം: പണവും പെണ്ണും

ഫ്രാൻസിസ് ടി മാവേലിക്കരയുടെ ദ്രാവിഡവൃത്തം എന്ന നാടകത്തിൽ വിവരിക്കുന്ന ഒരു സംഭവം ഫ്രഞ്ചിൽ ഒരു സവിശേഷപദംകൊണ്ട് സൂചിപ്പിക്കപ്പെടുന്നു. Droit de seigneur. ഉച്ചാരണം സൂക്ഷിക്കണം. ദ്രോ ദെ സെന്യൂർ എന്നൊക്കെ പറയാം. ഉച്ചാരണത്തെക്കാൾ സൂക്ഷിക്കേണ്ടതാണ് അർഥം. മലയാളത്തിൽ ആ അർഥം സൂചിപ്പിക്കാൻ പല വാക്കുകൾ വേണം. ഫ്രാൻസിസ് മാവേലിക്കരയുടെ നാടകനിഗമനമനുസരിച്ച് അര നൂറ്റാണ്ടുമുമ്പുവരെയെങ്കിലും കേരളത്തിൽ നിലനിന്നിരുന്ന സമ്പ്രദായമാണത്രേ മലയാളത്തിൽ ഒറ്റ വാക്കിൽ പറയാൻ വയ്യാത്ത ആ പരിപാടി.

ആ പരിപാടിയെന്തെന്നോ? പുലയച്ചെറുക്കൻ കെട്ടിക്കൊണ്ടുവരുന്ന പെണ്ണിനെ ആദ്യരാത്രിയിൽ തമ്പുരാൻ അനുഭവിക്കുക--കാര്യമായ എതിർപ്പോ ചെറുത്തുനില്പോ ഇല്ലാതെ. നാടുവാഴി സാമന്തന്റെ വധുവിനെ ആദ്യരാത്രിയിൽ ഒരു അവകാശമെന്നോണം അനുഭവിച്ചറിയുന്ന ആചാരവുമായി അതിനെ ഇടതട്ടിച്ചുനോക്കുക. അവർ അതിനെ ഒരു പേരിട്ടു വിളിച്ച് പവിത്രമാക്കി. കേരളത്തിൽ പരസ്യമായി വെറുപ്പോടെ ഓർക്കപ്പെടുന്ന ആ ആചാരം ഫ്രഞ്ചുകാരിൽ ചിലർ ഇപ്പോഴും ചില വികൃതികളുടെ ന്യായീകരണമായി ഉന്നയിക്കുന്നു.

അന്തർദ്ദേശീയനാണയനിധിയുടെ തലവനായിരുന്ന ഡൊമിനിക് സ്റ്റ്രോസ് കാഹ്ൻ എന്ന ഫ്രഞ്ചുകാരൻ ഒരു ഹോട്ടൽ പരിചാരികയെ കഷ്ടപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടു കേട്ടതാണ് ദ്രോ ദെ സെന്യൂർ എന്ന ഫ്രഞ്ചു പദം. സംഭവം പുറത്തായ ഉടനേ, വിമാനം കേറിയ കാഹ്ൻ പിടിയിലായി, അമേരിക്കയിൽ ജയിലിലായി. ഫ്രാൻസിൽ രാഷ്ട്രപതി ആകാനിരുന്ന അദ്ദേഹത്തിന്റെ ഭാവി പോയി. സദാചാരയോദ്ധാക്കൾ അദ്ദേഹത്തെ വേട്ടയാടി. പക്ഷേ അദ്ദേഹത്തെ ന്യായീകരിക്കാൻ ആളുണ്ടായി. കേരളത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയോ പി ശശിയോ പി ജെ ജോസഫോ ചെയ്തതായി പറയുന്ന കാര്യങ്ങളെപ്പോലും പരസ്യമായി ന്യായീകരിക്കാൻ ആരും ധൈര്യപ്പെടാത്തതാണ് നമ്മുടെ ധാർമ്മികകാലാവസ്ഥ എന്നോർക്കണം.

നമ്മുടെ നാട്ടിൽ നോക്കിയാൽ ആപത്താകാം. നോക്കി ചിരിച്ചാൽ പറയുകയും വേണ്ട. തൃശൂർ തീവണ്ടിയാപ്പീസിൽ മുഴിഞ്ഞു കാത്തുനിൽക്കുകയായിരുന്നു. ഏതോ ഒരു
പെൺകുട്ടി എന്നെ സൂക്ഷിച്ചുനോക്കുന്നതു കണ്ടു. ആദ്യം ഞാൻ ഗൌനിച്ചില്ല. പിന്നെയും പിന്നെയും എന്റെ നേരെ നോക്കുന്നതു കണ്ടപ്പോൾ, പരിചയം ഇല്ലെങ്കിലും ചിരിക്കണം എന്നു തോന്നി. പുറത്തൊക്കെ അതാണ് പതിവ്. കണ്ടുമുട്ടുമ്പോൾ, കണ്ണിൽ കണ്ണ് കൊണ്ടുവെന്നു തോന്നുമ്പോൾ, വഴി മാറി പോകുന്നവരും പരിചയം ഇല്ലാത്തവരും ചെറുതായൊന്നു ചിരിക്കുന്നു, കാലാവസ്ഥയെപ്പറ്റിയോ കുശലം ചോദിച്ചോ എന്തെങ്കിലും ഉരിയാടുന്നു, അവരവരുടെ വഴിക്ക് നീങ്ങുന്നു. അതാണ് മര്യാദ. ആ മര്യാദ മനസ്സിൽ വെച്ചുകൊണ്ട്, എന്റെ നേരെ നോക്കുന്നുവെന്നു കരുതിയ പെൺകിടാവിനെ നോക്കി ഞാൻ ചിരിച്ചെന്നു വരുത്തി. അതു കണ്ടപാടേ അവർ മുഖം തിരിക്കുകയും കൂടെയുണ്ടായിരുന്ന ഒരു സ്ത്രീയോട് അടക്കം പറയുകയും ചെയ്തു. എനിക്കു പേടിയായി. പീഡനക്കാരനായി മുദ്ര കുത്തിയാലോ? പരാതി അന്വേഷിക്കുന്നതിനുമുമ്പ് അടി വീഴും. എനിക്കാണെങ്കിൽ അതു താങ്ങാൻ ത്രാണിയില്ല താനും. പീഡനമെന്ന പരാതിയാണെങ്കിൽ ആരും എന്തും വിശ്വസിച്ചുപോകുന്നതാണ് നമ്മുടെ കാലാവസ്ഥ.

ഫ്രാൻസിലെ രാഷ്ട്ര-ധന-വിദഗ്ധനായ കാഹ്ൻ നേടിയ പിന്തുണയൊന്നും ആർക്കും ഇവിടെ കിട്ടുകയില്ല. ബെർണാർഡ് ഹെൻറി ലെവി എന്നൊരു തത്വചിന്തകൻ രംഗത്തു വന്നു, വേട്ടയാടപ്പെടുന്ന നേതാവിനു പിന്തുണയുമായി. തത്വചിന്തകന്റെ വാദം ദ്വിമുഖമായിരുന്നു. ഒന്നാമതായി, അന്തർദ്ദേശീയതലത്തിൽ അനുഷ്ഠിക്കപ്പെട്ട ആ മാനഭംഗശ്രമത്തിന്റെ പേരിൽ, ഒരു നേതാവിനെ ഒരു സാധാരണക്കാരനെപ്പോലെ കൈകാര്യം ചെയ്തതു ശരിയായില്ല. രണ്ടാമതായി, ഒരു പരിചാരികയെ മാത്രം ജോലിക്ക് ഏർപ്പെടുത്തിയ ഹോട്ടൽ ഭരണവ്യവസ്ഥ ശരിയായിരുന്നില്ല. രണ്ടു പരിചാരികമാർ ഉണ്ടായിരുന്നെങ്കിൽ, ഇങ്ങനെ നടക്കുമായിരുന്നില്ല. അങ്ങനെയാകാം. പക്ഷേ രണ്ടു പരിചാരികമാരെയും ഒപ്പം പീഡിപ്പിക്കാൻ പ്രാപ്തനാണ് കഥാപാത്രം എന്നു വന്നാലോ?

ഫ്രഞ്ച് ധന-രാഷ്ടീയ-വിദഗ്ധനെ ന്യായീകരിക്കുന്ന കൂട്ടത്തിൽ പറഞ്ഞു കേട്ടതാണ് മേലാൾ കീഴാളന്റെ പെണ്ണിനെ രുചിച്ചുനോക്കുന്ന സമ്പ്രദായത്തിന്റെ പഴമയും സ്വീകാര്യതയും. ആരും അതിനെ പ്രകടമായി പവിത്രീകരിച്ചുകണ്ടില്ലെങ്കിലും, ആ ആചാരത്തെപ്പറ്റി ഈ പ്രകരണത്തിൽ പറയുന്നതു തന്നെ ഉദ്ദേശ്യം വെളിപ്പെടുത്തുന്നുണ്ടല്ലോ. സമത്വത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി വിപ്ലവം നടന്നതും ഉദാത്തവും ഉദാരവുമായ ചിന്തകൾ ഉയർത്തിപ്പിടിച്ച റൂസ്സോയും വാൾടയറും ജീവിച്ചതും ഫ്രാൻസിലായിരുന്നു എന്നത് രസവിരുദ്ധമായ ഓർമ്മ. ആ ഓർമ്മയെ പുതിയ അനുഭവവുമായി ചേർത്തു കാണുക. ഹോട്ടൽ മുറിയിൽ പരിചാരികയെ കടന്നു പിടിച്ച് കാരാഗൃഹത്തിലായ ഭർത്താവിനെ നിലവിലുള്ള ഭാര്യ തള്ളിപ്പറഞ്ഞില്ല. നിലവിലുള്ള ഭാര്യയും പിരിഞ്ഞുപോയ ഭാര്യയും അദ്ദേഹത്തെ ആക്ഷേപിച്ചില്ലെന്നു മാത്രമല്ല, പെണ്ണുങ്ങളെ മെരുക്കിയെടുക്കാൻ അദ്ദേഹത്തിനുള്ള കഴിവിനെപ്പറ്റി അവർ തൊങ്ങൽ പിടിപ്പിച്ച വാക്കുകളിൽ സംസാരിക്കുകയും ചെയ്തിരിക്കുന്നു. ലോകം മുഴുവൻ പഴിച്ചാലും തങ്ങൾ ഭർത്താവിന്റെ ഒപ്പം നിൽക്കുമെന്ന ആ നിശ്ചയദാർഢ്യം പതിവ്രത്യത്തിന്റെ പുതിയൊരു മാനം കാഴ്ച വെക്കുന്നു. വീഞ്ഞും പാട്ടും തണലും തരുണീമണിയുമുണ്ടെങ്കിൽ ലോകത്തോട് കോർത്തുനിൽക്കാമെന്നു പാടിയത് ഒരു പശ്ചിമേഷ്യൻ കവിയായിരുന്നു.

സ്ത്രീകളെപ്പറ്റി രണ്ടു നല്ല വാക്ക് പറയേണ്ടതാണ് ഈ അവസരം. പീഡിപ്പിക്കപ്പെട്ടവരെ ഉദ്ദേശിച്ചല്ല ഈ പ്രസ്താവം. അവരെപ്പറ്റി നല്ലതു പറഞ്ഞതുകൊണ്ടായില്ലല്ലോ. അവർക്കു വേണ്ടത് നീതിയും സഹാനുഭൂതിയും സഹായവുമാണ്. സഹാനുഭൂതിക്കാണെങ്കിൽ ഒരു കുറവുമുണ്ടായിട്ടില്ല. നല്ല വാക്ക് പ്രത്യേകം പറയേണ്ടത് ശിക്ഷിക്കപ്പെടുകയോ രക്ഷപ്പെടുകയോ ചെയ്യുന്ന പീഡകരുടെ ഭാര്യമാരെപ്പറ്റിയാകുന്നു. അഗ്നിയില്ലാത്ത ഒരു തരം പരീക്ഷയിലൂടെ കടന്നു പോകുകയായിരുന്നു അവരെല്ലാം. അവരാരും ഇഷ്ടപ്പെട്ടുകാണില്ല ഭർത്താക്കന്മാരുടെ പെരുമാറ്റത്തെ. ചീത്തപ്പേരിൽ പങ്കാളികളാകാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ? ഭർത്താവിന്റെ സ്നേഹമോ ആനുകൂല്യമോ വേറൊരു സ്ത്രീക്ക് കിട്ടുന്നത് ഏതെങ്കിലും ഭാര്യ പൊറുക്കുമോ? കിടപ്പുമുറിയിൽ മാത്രമല്ല പൂമുഖത്തും കലഹം പൊട്ടേണ്ടതായിരുന്നു.

പൊട്ടിയില്ല. കിടപ്പുമുറിയിൽ ഭർത്താവിനെ അവരിൽ ആരെങ്കിലുമൊക്കെ ഭർത്സിച്ചുകാണും. പക്ഷേ പീഡകനെന്ന പട്ടം ചാർത്തിക്കിട്ടുന്ന ഭർത്താവിനെ ഒരു ഭാര്യയും ഇതുവരെ പരസ്യമായി ശകാരിക്കുന്നതു കേട്ടിട്ടില്ല. നാട്ടിലെങ്ങും ചീത്ത വിളിക്കപ്പെടുന്ന ഒരാളെ വീട്ടിലും ചീത്ത വിളിച്ചു ശല്യപ്പെടുത്തേണ്ടെന്നു കരുതിയാകാം. എന്തായാലും ഭർത്താവ് നാണം കെട്ടിരിക്കുന്ന നേരത്ത് ഭാര്യ കൂടി പുളിച്ച തെറിയുമായി നേരിടാതിരുന്നത് ആരുടെയോ ഭാഗ്യം! ഭാര്യയുടെ സൌമനസ്യം! അതിന്റെ പേരിൽ രണ്ടു നല്ല വാക്ക് പറയേണ്ടേ? പദവിയും പ്രശസ്തിയും സമ്പത്തുമുള്ള ഭർത്താവിനെ ഒരു പീഡനകഥ മാത്രം മുൻ നിർത്തി ശത്രുവായി പ്രഖ്യാപിക്കാനും എളുപ്പമല്ല എന്ന് അർഥം വെച്ച് ചിലർ പറയുന്നതു കേൾക്കാം. അതിൽ അല്പമൊക്കെ ശരിയും കാണാം. എന്തൊക്കെയായാലും അവമാനത്തിന്റെ മുഹൂർത്തത്തിൽ ഭർത്താവിനെ പരസ്യമായി പഴി പറയാതിരുന്ന ഭാര്യമാരുടെ മനോബലം കുറച്ചു കാണാൻ വയ്യ. ചിലരാകട്ടെ, ഭർത്താവിന്റെ വികൃതികളെ ന്യായീകരിക്കുകയും പുകഴ്ത്തുകയും ചെയ്തിരിക്കുന്നു!

ഒരു സത്യം കൂടി വീണ്ടും വെളിവാകുന്നു. പണ്ട് നമ്പ്യാർ പറഞ്ഞത് ലക്കിടിയിലും അമ്പലപ്പുഴയിലും മാത്രമല്ല, അദ്ദേഹത്തിന്റെ കാലത്തു മാത്രമല്ല, എന്നും എവിടെയും ശരിയായിരിക്കുന്നു: പണവും പെണ്ണും തന്നെ വഴക്കിനു കാരണം. കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകിൽ സുലഭം. ആ ഉലകിൽ കോഴിക്കോടും കണ്ണൂരും ചെന്നെയും കാലിഫോർണിയയും പാരിസും തീർച്ചയായും ഉൾപ്പെടും. പെണ്ണിനെ പീഡിപ്പിച്ചാൽ, പണം തിരിമറി ചെയ്താൽ, വക്കാണമാവുമെന്ന് മൂന്നു തരം. കുടുംബന്ധം മാറട്ടെ, രതിസംസ്കാരം മാറട്ടെ, കാളവണ്ടിയിൽനിന്ന് ക്വാണ്ടം ബലതന്ത്രത്തിലേക്ക് എത്തട്ടെ, ഗുഹയിൽ കഴിഞ്ഞിരുന്നവൻ ബഹിരാകാശത്തിൽ വിനോദസഞ്ചാരത്തിനിറങ്ങട്ടെ--എന്തൊക്കെയായാലും, പണം തട്ടുന്നതും സ്ത്രീകളോട് പരാക്രമം കാട്ടുന്നതും ഇന്നും അക്രമമായി തുടരുന്നു, എന്നുമെന്ന പോലെ. ആ വിചിത്രസ്വരമുള്ള ഫ്രഞ്ച് പദവും ആ തത്വചിന്തകന്റെ വിതണ്ഡവാദവും വിചിത്രവും വിതൺദവുമായേ ലോകം കണക്കാക്കുകയുള്ളു. ധർമ്മസന്ധിയിൽ വാ മൂടിയ ആചാര്യന്മാർ പണ്ടുമുണ്ടായിരുന്നു. സ്ത്രീയുടെ തുണിയുരിഞ്ഞപ്പോൾ കുനിഞ്ഞിരുന്ന അവരുടെ മൌനത്തിന് മഹാഭാരതം ഇന്നേ വരെ മാപ്പു കൊടുത്തിട്ടില്ല. ചരിത്രം കണ്ട ഏറ്റവും ഭയാനകമായ യുദ്ധത്തിനു കാരണമായ ആ ചെയ്തി--സ്ത്ര്രീപീഡനം--തികഞ്ഞ ദുരാചാരത്തിന്റെ പട്ടികയിൽത്തന്നെ കിടക്കുന്നു, ഇന്നും എങ്ങും.


(malayalam news may 30)

Monday, May 23, 2011

കല്പാന്തകാലത്തോളം

ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി. ഇനി മുഖ്യമന്ത്രിയാകാതിരിക്കാതിരികാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. ആയുസ്സ് ഏറെയില്ലാത്ത മന്ത്രിസഭയെന്ന് ഒരു കൂട്ടം പണ്ഡിതർ പറയുന്നു. അഞ്ചുകൊല്ലവും തികക്കുമെന്നാണ് മറ്റൊരു കൂട്ടരുടെ മതം. ആ രണ്ടിൽ മൂന്നും ശരിയാകാം നമ്മുടെ കാലാവസ്ഥയിൽ. ഉറപ്പിച്ചു പറയാവുന്ന ഒരു കാര്യം ഇതു തന്നെ: കാലാവധിവരെ പോകാൻ പറ്റിയാൽ, ഒരു വട്ടം കൂടി കസാല കേറാമോ എന്നു നോക്കും ഉമ്മൻ ചാണ്ടി. അത് അദ്ദേഹത്തിന്റെ ദൌർബല്യവും ആവശ്യവും ആകുന്നു.

ഉമ്മൻ ചാണ്ടിയുടെ ദോഷമല്ല ഈ സ്ഥിതിക്ക് നിദാനം. അദ്ദേഹം നല്ല മനുഷ്യനാകുന്നു, മറ്റു പലരെയും പോലെ. മറ്റു പലരെയും പോലെ, അദ്ദേഹവും മുഖ്യമന്ത്രി ആകാൻ ആഗ്രഹിക്കുന്നു. (തരപ്പെട്ടാൽ മുഖ്യമന്ത്രി ആകാൻ ആഗ്രഹിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ?) ഒരിക്കൽ മുഖ്യമന്ത്രി ആയിക്കഴിഞ്ഞാൽ, പിന്നെ മുഖ്യമന്ത്രി അല്ലാതാകുക എന്നതാണ് പരമമായ ദൈന്യം. ശിവനേ, മർത്യനു തൃഷ്ണ തീരലുണ്ടോ എന്നു ചോദിച്ചയാളുടെ ഉള്ളിൽ ഇതു തന്നെയായിരുന്നു വിചാരം. മുഖ്യമന്ത്രി ആകാൻ ആഗ്രഹിക്കുന്നതും, ആഗ്രഹം നിറവേറിയാൽ, അത് കല്പാന്തകാലത്തോളം നിലനിർത്താൻ ശ്രമിക്കുന്നതും ആരുടെയും ദൌർബല്യമാകുന്നു.

അങ്ങനെ ആ പദവി നിലനിർത്തേണ്ടത് ആവശ്യമാക്കിത്തീർക്കുന്നത് ഒപ്പം ഉള്ളവരും എതിരാളികളുമാകുന്നു. ചിലർക്കെങ്കിലും, ചിലപ്പോഴെങ്കിലും മുഖ്യമന്ത്രിയായതു മതിയെന്നു തോന്നുമായിരിക്കും. ആ പട്ടികയിൽ പെടുന്നവർ അധികം കാണില്ല. മഹാന്മാരും ത്യാഗിവര്യന്മാരുമായ എ കെ ആന്റണിയും വി എസ് അച്യുതാനന്ദനും ആ പട്ടികയിൽ പെടുന്നവരല്ല. നിൽക്കള്ളിയില്ലാതായപ്പോൾ സ്ഥലം കാലിയാക്കിയതായിരുന്നു ആന്റണി പോലും. അദ്ദേഹത്തിനു മുമ്പും പിമ്പും മുഖ്യമന്ത്രിപദം ഒഴിഞ്ഞുപോയവരെല്ലാം ഒഴിവാക്കപ്പെട്ടവരായിരുന്നുവെന്ന് സമീപകാലചരിത്രം. മുഖ്യമന്ത്രിപദം വിടേണ്ടിവന്ന അവസരത്തിൽ, തന്റെ ഒപ്പം നിന്നവർ തന്നെ മുന്നിൽനിന്നും പിന്നിൽനിന്നും കുത്തിവീഴ്ത്തിയെന്ന് കെ കരുണാകരൻ പുത്തരിക്കണ്ടം മൈതാനത്ത് പരിദേവനം ചെയ്തപ്പോൾ, ജനതതി പരിഹാസബാഷ്പം പൊഴിച്ചതോർമ്മയുണ്ടല്ലോ. താൻ ഇനി മുഖ്യമന്ത്രിയാകാൻ ഇല്ല എന്നു പറാഞ്ഞുപോയ ഒരാളേ ഉണ്ടായിരുന്നുള്ളു: സി അച്യുതമേനോൻ. അദ്ദേഹത്തെപ്പറ്റിയും ചിലർ പറയുമായിരുന്നു: “കിട്ടാത്ത മുന്തിരി പുളിക്കും.”

ആർക്കും ഒന്നും മതിയാവുമെന്ന ധാരണ ജനത്തിനില്ല. മതിയെന്നു പറയുന്നവർ തന്നെ പൊളി പറയുന്നുവെന്നാണ് വിശ്വാസം. ഒരു തവണ കിട്ടിയ സ്ഥാനം രണ്ടം വട്ടവും മൂന്നാം വട്ടവും കിട്ടിയില്ലെങ്കിൽ, തഴഞ്ഞതാണെന്നാകും പരിഹാസം. കസാലകളിയിൽ കാൽ തെറ്റി വീണുപോയ പാവം എന്നായിരിക്കും ജാട തുളുമ്പുന്ന അനുകമ്പയുടെ പ്രകടനം. രണ്ടു ഘട്ടത്തിലും നഷ്ടത്തിന്റെയും പരാജയത്തിന്റെയും വേദനയും മാനഹാനിയും ഉൾച്ചേർന്നിരിക്കുന്നതുകാണാം. അതുകൊണ്ടാകും, ഭരിച്ചു മടുത്തു എന്ന് അപൂർവമായി തോന്നുന്നവർ പോലും, ഒറ്റപ്പെട്ടവരെന്നും നഷ്ടപ്പെട്ടവരെന്നും പരിഹസിക്കപ്പെടാതിരിക്കാൻ വേണ്ടി, വീണ്ടും വീണ്ടും കസാല പിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആ ശ്രമം സാമൂഹ്യമായ, സമൂഹത്തിന്റെ മുന്നിൽ ആളാവാൻ വേണ്ടതായ എന്ന അർഥത്തിൽ, സാമൂഹ്യമായ ഒരു ആവശ്യമായി മാറുന്നു.

അധികാരത്തിനുവേണ്ടി ഒപ്പം നിൽക്കുന്നവരെ മുന്നിൽനിന്നും പിന്നിൽനിന്നും കുത്തിമലർത്തുകയോ, അതില്ലെങ്കിൽ ഉറക്കം പോകുമെന്നു പേടിക്കുകയോ ചെയ്യുന്നവരായി ജവാഹർലാൽ നെഹ്രുവോ മൻ മോഹൻ സിംഗോ അറിയപ്പെട്ടിട്ടില്ല. ഭരതനെപ്പോലെ കയ്യിൽ കിട്ടിയ കസാലയിൽ ഇരിക്കാൻ മടിച്ചവരായിരുന്നു അവർ എന്നല്ല ഉദ്ദേശം. പകിടകളിയിൽ മറ്റുള്ളവരോളം ഭ്രാന്തമായി മുഴുകിയിരുന്നില്ല അവർ എന്നേ ഉദ്ദേശിച്ചുള്ളു. അവർക്കും ഒരിക്കൽ കിട്ടിയ അധികാരം കയ്യടക്കിവെക്കാൻ വീണ്ടും വീണ്ടും ശ്രമിക്കേണ്ടി വന്നു. നെഹ്രു ഖിന്നനായിരുന്നു, രോഗാതുരനായിരുന്നു. എന്നിട്ടും കസാല വിടാതെ മരണം വരെ പിടിച്ചുനിന്നു.

മരണം വരെയേ വൈരം പാടുള്ളു എന്ന് അർഥം വരുന്ന ഒരു ഉപദേശം കൊടുക്കുന്നുണ്ട് വിഭീഷണന് രാമൻ. മരണാന്താനി വൈരാണി. അതിനെ വികലമാക്കിയാൽ, മരണം വരെ പദവി എന്ന സ്ഥിതി വരും. കക്ഷിരാഷ്ട്രീയത്തിൽ പരാങ്മുഖനെന്ന് പലരും തെറ്റിദ്ധരിച്ച മൻ മോഹൻ സിംഗ് പ്രധാനമന്ത്രിയായപ്പോൾ എത്ര കാലം ഉണ്ടാകുമെന്നായിരുന്നു എവിടെയും മുഴങ്ങിയ ചോദ്യം. രണ്ടാമതൊരു ഹൃദയശസ്ത്രക്രിയ കൂടിയായപ്പോൾ എല്ലാവരും കരുതി, ഇനിയൊരു ഊഴം അദ്ദേഹത്തിനില്ല. സമയമായപ്പോൾ അദ്ദേഹം വീണ്ടുമൊരൂഴത്തിനു റെഡിയായി. തള്ളപ്പെട്ടുവെന്നോ ഒറ്റപ്പെട്ടുവെന്നോ നാലാളെക്കൊണ്ടു പറയിക്കാതിരിക്കാൻ വേണ്ടിയെങ്കിലും എല്ലാവർക്കും കളിച്ചും നേടിയും മുന്നേറിക്കൊണ്ടിരിക്കേണ്ടിയിരിക്കുന്നു.

ഇത് പ്രധാനമന്ത്രിപദത്തിന്റെയോ മുഖ്യമന്ത്രിപദത്തിന്റെയോ സാദാ മന്ത്രിപദത്തിന്റെയോ മാത്രം കാര്യമല്ല. ഏതു സ്ഥാനത്തിരിക്കുന്നയാളും ആ സ്ഥാനമോ ആളോ ഇല്ലാതാകുന്നതുവരെ അവിടെയിരിക്കും, ഇരിക്കണം എന്നതാണ് അലിഖിതമായ, പക്ഷേ ഏറെക്കുറെ അലംഘ്യമായ, വ്യവസ്ഥ. ഒരാൾ കസാലയിൽ കയറിപ്പറ്റിയാൽ, അയാൾ കൂദാശയായിട്ടേ പുറത്ത് കാത്തുനിൽക്കുന്ന ജനക്കൂട്ടത്തിൽ ഒരാൾക്ക് ഗതി കിട്ടുകയുള്ളു. അതുകൊണ്ട് പിടിച്ചുനിൽക്കാൻ സ്ഥാനം കിട്ടിയവരും, പയറ്റിവീഴ്ത്താൻ കാത്തുനിൽക്കുന്നവരും നിരന്തരം ശ്രമിക്കുന്നു. ആ കളിയുടെ കഥയാണ് നമ്മുടെ പ്രധാനഭക്ഷണം.

എല്ലായിടത്തും ഇങ്ങനെയൊക്കെയാണെങ്കിലും ചിലർ ചില ചട്ടവട്ടങ്ങൾ ഉണ്ടാക്കി അതിനെ ക്രമീകരിച്ചിരിക്കുന്നു. പ്രസിഡന്റായി അടുപ്പിച്ച് രണ്ടു വട്ടമേ സാധ്യമാകൂ. മൂന്നാം വട്ടം ശ്രമിക്കുകയോ തഴയുഅപ്പെടുകയോ ചെയ്യുന്ന പ്രശ്നമില്ല. ഒരു സ്ഥാപനത്തിന്റെ മേധാവിയായി ഒരാൾ വന്നാൽ, മരണം വരെ അയാൾ അവിടെ അള്ളിപ്പിടിച്ചുകൊള്ളണമെന്നില്ല. ഡയറക്റ്റർ ആയി പ്രവർത്തിക്കുന്ന ഒരാൾ, നിശ്ചിതകാലാവധിക്കുശേഷം സ്വമേധയാ സ്ഥാനമൊഴിഞ്ഞ്, തന്റെ പഴയ ലാവണത്തിലേക്കു പോകുന്നു, പഠിപ്പിക്കാനോ ഗവേഷണത്തിനോ വീണ്ടും ഒരുങ്ങിക്കൊണ്ട്. മറ്റൊരാൾ ഡയറക്റ്റർ സ്ഥാനം ഏറ്റെടുക്കുന്നു. അതിനൊരു ചന്തമുണ്ട്; കാലുഷ്യം ഒഴിവാക്കുന്ന ഒരു ക്രമമുണ്ട്. അതിനു പക്ഷേ മതി എന്നു വല്ലപ്പോഴെങ്കിലും തോന്നണം. സ്ഥാനം ഒഴിഞ്ഞുപോകുന്നത് തോൽവി ആണെന്നു തോന്നരുത്.

കെ കരുണാകരനോട് ഞാൻ ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ ചോദിക്കുകയുണ്ടായി. “ഒരു പുരുഷായുസ്സിൽ നേടേണ്ട രാഷ്ട്രീയാധികാരമൊക്കെ ലീഡർ നേടിയല്ലോ. മന്ത്രി, കേന്ദ്രമന്ത്രി, പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി. അങ്ങനെയങ്ങനെ. ഇതുകൊണ്ടൊന്നും മതിയായില്ലേ? ഇനിയും കളി തുടരണമോ?...” ചിരിച്ചുകൊണ്ട് ഉത്തരം പറയേണ്ട ആ ചോദ്യത്തിനുമുന്നിൽ അദ്ദേഹം ഗൌരവം പൂണ്ടു. ലീഡർ പറഞ്ഞു: “എനിക്ക് അധികാരം അധികാരത്തിനു വേണ്ടിയുള്ളതല്ല. ജനങ്ങളെ സേവിക്കാൻ വേണ്ടിയുള്ളതാണ് അതുകൊണ്ട് ഞാൻ അധികാരരാഷ്ട്രീയത്തിൽ ഇപ്പോഴും മുഴുകിയിരിക്കുന്നു.“ അത്രയും പറഞ്ഞ് അദ്ദേഹം പതിവു പോലെ കണ്ണിറുക്കി. ചോദ്യം മുട്ടിയപോലെ എന്റെ കണ്ണു തള്ളിപ്പോയി.

ഇത് രാഷ്ട്രീയത്തെ മാത്രം ബധിക്കുന്നതല്ല. കന്തകാലത്തോളം കണ്ണു നട്ടിരിക്കുന്ന നമ്മൾ ഒന്നിനെയും ഒരു ജന്മംകൊണ്ട് അവസാനിപ്പിക്കുകയില്ല. വീണ്ടും വീണ്ടും വീണ്ടും നേതാവായും നടികർതിലകമായും പംക്തികാരനായും സാമൂഹ്യസേവികയായും ഒരാൾ അവതരിക്കുന്നതും അരങ്ങു തകർക്കുന്നതും ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. നടനായും മോഡലായും അവതാരകനായും പിന്നെ പലതുമായും ഒരേ മുഖത്തെ, ഒരേ ശബ്ദത്തെ, എഴുന്നള്ളിച്ചാൽ തൃപ്തിപ്പെടുത്താവുന്നവരാണ് നമ്മുടെ പ്രേക്ഷകവൃന്ദം. അവർക്ക് മടുക്കുന്നില്ലെന്ന് നമ്മൾ വിശ്വസിക്കുന്നു. ആ വിശ്വാസത്തിന്റെ ബലത്തിൽ, പ്രായമായിട്ടും യൌവ്വനം നടിച്ച് രംഗത്തുവരാൻ നടീനടന്മാർ ബദ്ധപ്പെടുന്നു. അത് അവരുടെ
ദൌർബല്യവും ആവശ്യവുമാകുന്നു. ഇടക്ക് രംഗത്ത് അധികം വരാതെ പോയ ഒരു നടൻ വിഷാദരോഗിയായിയെന്ന് കേട്ടിട്ടുണ്ട്.

തനിക്ക് പ്രായമായില്ലെന്നു വരുത്താൻ ഒറിസയിലെ ഒരു മുഖ്യമന്ത്രി തന്റെ ചുറ്റും ചുറുപ്പക്കാരികളെ അണി നിരത്തിയിരുന്നുവത്രേ. അധികാരത്തിന്റെ മഴനിഴൽ പ്രദേശത്ത് കഴിഞ്ഞുകൂടുന്ന മറ്റുള്ളവർക്കും ഇതു ബാധകമാകുന്നു. “തനിക്ക് ഇപ്പോഴും ഇത് ആകും” എന്നു തെളിയിക്കാനാകും രാഷ്ട്രീയനിരീക്ഷകരുടെയും പംക്തികാരന്മാരുടെയും വെപ്രാളം. അമ്പതുകൊല്ലം രാഷ്ട്രീയനിരീക്ഷണം നടത്തുകയും പംക്തി എഴുതുകയും ചെയ്ത ആദരണീയനായ നിഖിൽ ചക്രവർത്തി അമ്പത്തൊന്നാമത്തെ കൊല്ലവും അതു തുടർന്നു. അതുകൊണ്ടുകൂടിയാകാം, അദ്ദേഹം എന്നും ആദരണീയനായിരുന്നു. തനിക്ക് ഇനി പുതുതായൊന്നും പറയാനില്ലെന്നു തോന്നുകയോ പറയില്ലെന്നു നിശ്ചയിക്കുകയോ ചെയ്താൽ ചിലപ്പോൾ ആ ആദരണീയതക്ക് ഊനം തട്ടിയേക്കും. വായനക്കാർ, അവരിൽ അധികാരവ്യാപാരികൾ വിശേഷിച്ചും, മറന്നുപോയേക്കും. “സാർ ഇപ്പോൾ എഴുതുന്നില്ലേ? നേതാക്കന്മാരൊന്നും കാണാൻ വരാറില്ലേ?” അനുതാപം നിറഞ്ഞ ആ ചോദ്യത്തിനൊരു മുടന്തൻ മറുപടിയെന്നോണം ഞാനും എഴുതിക്കൊണ്ടേ പോകുന്നു, ആരെങ്കിലും വായിച്ചാലും ഇല്ലെങ്കിലും, മതി വന്നാലും ഇല്ലെങ്കിലും.

ചാവി മുറുക്കിയ ചെണ്ടക്കാരൻ പാവയെപ്പോലെയാണ് നമ്മളിൽ മിക്കവരും. ഒരിക്കൽ തുടങ്ങിവെച്ചാൽ കൊട്ട് നിർത്താതെ തുടരുന്നു. നമ്മൾ വിചാരിച്ചാൽ പോലും കൊട്ട്
നിൽക്കില്ല. ഇനി കൊട്ടാൻ വയ്യെന്ന് മിക്കവർക്കും തോന്നുകയുമില്ല. എല്ലാ രംഗത്തും ഇതുതന്നെ നില. ഹൃദയശസ്ത്രക്രിയയിൽ അത്ഭുതകരമായ കൈപ്പുണ്യമുണ്ടായിരുന്ന പി കെ ആർ വാര്യരോട് ഞാൻ ഒരിക്കൽ ചോദിച്ചു: “ശസ്ത്രക്രിയ ചെയ്യുമ്പോൾ പഴയ പോലെ വിശ്വാസം തോന്നുന്നുണ്ടോ?“ അദ്ദേഹം പറഞ്ഞു: “ഇല്ല. നിർത്തി. ഞാൻ നേരത്തേ നിശ്ചയിച്ചിരുന്നു. സൂചിയിൽ നൂൽ കോർക്കാൻ വിഷമം തോന്നിത്തുടങ്ങിയാൽ നിർത്തും. ഇപ്പോൾ സൂചിയിൽ നൂൽ കോർക്കേണ്ടെന്നതു വേറെ കാര്യം. ഏതായാലും ഞാൻ മതിയാക്കി.” എല്ലാവരും പി കെ ആർ വാര്യരല്ല. വേറൊരു ഡോക്റ്റർ തീരെ അവശനായിട്ടും തന്റെ പേരിൽ മറ്റൊരാളെക്കൊണ്ട് ശസ്ത്രക്രിയ ചെയ്യിച്ച് പേരെടുത്തിരുന്നതായി കേട്ടിട്ടുണ്ട്. എനിക്ക് എല്ലാം എന്നും കഴിയും എന്ന അഹംഭാവമാണ് നമ്മുടെ പിൻബലവും മുൻബലവും.

ഇതൊന്നും കേട്ട് അത്ഭുതപ്പെടേണ്ട. അനശ്വരതയാണ് നമ്മുടെ സ്വപ്നം. ജരയും നരയും നിവാരണം ചെയ്ത്, കാലത്തെ കയ്യിലൊതുക്കി, കല്പാന്തകാലത്തോളം ഒരേ വേഷം ആടിത്തിമിർക്കാൻ ശ്രമിക്കുന്നതാണ് നമ്മുടെ പാരമ്പര്യം. നമുക്ക് ഒന്നും ഒരിക്കലും മതിയാവുന്നില്ല. മതിയാവുന്നവർ, നാലാളെ ഭ്രമിപ്പിക്കാൻ വേണ്ടി, പിന്നെയും പിന്നെയും ആട്ടം തുടരുന്നു.

(malayalam news may 23)

Monday, May 16, 2011

അത്ഭുതത്തിന്റെയും പ്രവചനത്തിന്റെയും വഴികൾ

സോമവാരം
അത്ഭുതത്തിന്റെയും പ്രവചനത്തിന്റെയും വഴികൾ
കെ ഗോവിന്ദൻ കുട്ടി

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ തുടങ്ങിയതാണ് പ്രവചനം. എല്ലാവരും അവനവന്റെ ഇഷ്ടവും യുക്തിയുമനുസരിച്ച് അവരവരുടെ പ്രവചനം നടത്തി, ഓരോരോ ഘട്ടത്തിൽ. മുച്ചീട്ടുകളിക്കാരൻ കമിഴ്ത്തിയോ, മന:പൂർവം മലർത്തിയോ, നിലത്തിടുന്ന ശീട്ടിന്റെ മുകളിൽ നാണ്യം വെച്ചു ഭാഗ്യം പരീക്ഷിക്കുന്ന കുട്ടിയുടെ അഭിനിവേശത്തോടെ എല്ലാവരും ഓരോന്നു പ്രവചിച്ചു. ചിലർ ഉറക്കെ പറഞ്ഞു; പ്രവചനം സമർഥിക്കാൻ ശ്രമിച്ചു. ചിലർ പ്രവചനം ഉള്ളിലൊതുക്കി കാത്തിരുന്നു, ഫലം വരുമ്പോൾ അതു തന്നെ തങ്ങൾ പറഞ്ഞിരുന്നതെന്നു മേനി നടിക്കാൻ.

വാസ്തവത്തിൽ സഹനശീലമുള്ള മനുഷ്യന് എന്തും അടക്കാൻ കഴിയും, പ്രവചിക്കാനുള്ള വാസന ഒഴികെ. തിരഞ്ഞെടുപ്പിനു മുമ്പ് പല ഘട്ടങ്ങളായി പ്രവചനം വന്നു. വോട്ടു രേഖപ്പെടുത്തി പോകുന്നവരെ തടഞ്ഞുനിർത്തി ഓരോന്നു ചോദിച്ച് പിന്നെയും പ്രവചനം നടത്തി. അതിനുശേഷം വോട്ട് എണ്ണുന്നതു വരെ ഓരോ തരം ഗണിതവും പ്രവചനവും പഠനമുറികളിലും പ്രസംഗപീഠങ്ങളിലും കേൾക്കാമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ ചില പണ്ഡിതർ പ്രവചിച്ചു: “ഒരു കാര്യം ഉറപ്പിക്കാം. തൂക്കു നിയമസഭ ഉണ്ടാവില്ല. ജനവിധി അസന്ദിഗ്ധമാകുന്നു.“ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവർ മട്ടു മാറ്റി. “ഈ മട്ടു പോയാൽ, കേരളം അടുത്തൊന്നും കാണാത്ത മട്ടിൽ, രണ്ടു മുന്നണികളും ഒപ്പത്തിനൊപ്പം 70-70 ആയി നില കൊള്ളാം.“ പിന്നെ അതും മാറി. ഒരു മുന്നണി 72ഉം മറ്റേ മുന്നണി 68ഉം ആയി. നന്നേ നേരിയ ആ ബലാബലം വരുത്തിവെക്കാവുന്ന രാഷ്ട്രീയസംഘർഷം പ്രവചനാതീതമെന്ന് അവർ വീണ്ടും പ്രവചിച്ചു.

അവരെ കുറ്റം പറയുകയല്ല. പ്രവചിക്കാനുള്ള വാസന, നിയന്ത്രണാതീതമായിരിക്കുന്നതു പോലെ, ബഹുമാന്യവുമാകുന്നു. കവിടി നിരത്തി, വെറ്റില നിവർത്തി, മഷി നോക്കി, ഗൌളിയുടെ ശബ്ദം ശ്രദ്ധിച്ച്, ശകുനം തിരിച്ചറിഞ്ഞ്, അല്ലെങ്കിൽ ഉള്ളം കയ്യിലെ വരകളോ മുഖത്തെ വളവുകളോ വായിച്ചെടുത്ത്, വരാനിരിക്കുന്നത് നേരത്തേ കണ്ടു പറയുന്നവർ എവിടെയും ആദരിക്കപ്പെടുന്നു. തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ, നക്ഷത്രം നോക്കിയോ കൈവര കണ്ടോ ഫലം പറയാൻ നിങ്ങൾക്ക് അറിയുമെന്ന് പുളു അടിച്ചു നോക്കുക. മലർക്കെ തുറന്ന പത്തു കൈകളെങ്കിലും നിങ്ങൾക്കു നേരെ നീളും. അവയിൽ പലതും ഉല്പതിഷ്ണുഹസ്തങ്ങളുമാകും. നീളുന്ന ഓരോ കയ്യിന്റെ പിന്നിലും വെമ്പുന്ന ഒരു ഹൃദയവും കുനിയുന്ന ഒരു തലയും ഉണ്ടായിരിക്കും.

ഞാനൊരിക്കൽ ഭാര്യയുമൊത്ത് പല്ലനയിൽ പോയി, ഭാവി വർത്തമാനത്തിൽ അറിയാൻ. മനുഷ്യരുടെ പ്രശ്നങ്ങളെല്ലാം അഞ്ചോ ആറോ ആയി തിരിക്കാമെന്നും അതിൽ പെടാത്തതല്ല എന്റെ വിഷമം എന്നും അറിയാമായിരുന്നു. എന്നാലും എന്റെ കാര്യം വേറൊരാളുടെ മുഖത്തുനിന്ന് കേൾക്കുമ്പോൾ എന്തോ ഒരു സമാധാനം. അതു കേൾക്കുന്ന പാടേ, അതു പറയുന്ന മുഖത്തിന് ദിവ്യത്വം കിട്ടും. കുമാരനാശാന്റെ ബോട്ടു മറിഞ്ഞ സ്ഥലത്തുനിന്ന് ഏറെ അകലെയല്ലാതെ ഒരു വീട്ടിൽ അക്കാലത്ത് ആരുടെയും ഭാവി ചെറിയ ചിലവിൽ പറഞ്ഞു കൊടുക്കാൻ കഴിവുള്ള ഒരാൾ പ്രത്യക്ഷപ്പെട്ടിരുന്നു. എനിക്കു വശമില്ലാത്ത തമിഴിലായിരുന്നു പ്രവചനം. വീരപാണ്ഡ്യകട്ടബൊമ്മനിൽ ശിവാജി ഗണേശൻ മൊഴിഞ്ഞിരുന്ന വാക്കുകളുടെ ഗതിയിൽ എന്തൊക്കെയോ കേട്ടു, നമ്രശിരസ്കരായിരിക്കുന്ന ഭാര്യയും ഞാനും. ഉത്തരം കേട്ടാൽ മതി, ചോദ്യരൂപത്തിൽ അത് അങ്ങോട്ടു പറഞ്ഞുകൊടുക്കേണ്ടേന്നു മാത്രം ഞാൻ ഭാര്യയെ ബോധ്യപ്പെടുത്തി.
സംശയം ചോദിക്കാൻ എന്റെ ഊഴമായപ്പോൾ, സംശയമില്ലാതെ ഞാൻ മിണ്ടാതിരുന്നു. എന്റെ വിനയവും എന്റെ മൌനവും വാസ്തവത്തിൽ ഒരു പ്രകോപനമായിരുന്നു. പ്രവാചകൻ എന്നെ ശപിച്ചു: “നീ മുടിഞ്ഞുപോകും...!“ ഭാര്യ ക്ഷുഭിതയായി.

ഭാര്യയെ സമധാനിപ്പിക്കാൻ അന്ന് എനിക്ക് എന്റെ വാക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാം പ്രവചിച്ചുകളായമെന്ന അഹന്തയെ നോവിക്കുമ്പോൾ പ്രവാചകർ മുഷിയും. കാര്യമാക്കേണ്ട. പക്ഷേ ആ വാക്കുകൾ ഭാര്യയുടെ ഈർഷ്യക്ക് ഉത്തരമായില്ല. അന്നാകട്ടെ, എനിക്ക് മാർടിൻ റീസിനെപ്പോലുള്ള ശാസ്ത്രജ്ഞ്നമാരുടെ ഗീർവാണം അറിയുമായിരുന്നുമില്ല. വാനനിരീക്ഷണത്തിൽ വിശേഷിച്ചും ശാസ്ത്രത്തിൽ പൊതുവേയും മുഴുകിക്കഴിയുന്ന ബ്രിട്ടിഷ് ബുദ്ധിജീവിയായ മാർട്ടിൻ റീസ്, ശാസ്ത്രത്തിന്റെ വെല്ലുവുളികൾ എന്ന തന്റെ പ്രശസ്തമായ പ്രഭാഷണപരമ്പരയിൽ ഒരു ഭാഗത്തെ പേരിട്ടത് “നമുക്ക് ഒരിക്കലും അറിയാൻ കഴിയാത്ത കാര്യങ്ങൾ” എന്നായിരുന്നു.

ഞാൻ അദ്ദേഹത്തിന്റെ ചില ആശയങ്ങൾ കുറിച്ചു വെച്ചു. നമ്മുടെ കമ്പ്യൂട്ടർ എത്ര ശക്തമായാലും, ഭാവിയുടെ സ്വഭാവം അറിയാവുന്നതിന് പരിധിയുണ്ട്. വാച്ചിന്റെ ഭാഗങ്ങളെല്ലാം അഴിച്ചുനോക്കിയാലും, സമയത്തിന്റെ സ്വഭാവം മനസ്സിലാവില്ല. ഒരു അണുവിനെക്കാൾ, ഒരു നക്ഷത്രത്തെക്കാൾ, എത്രയോ സങ്കീർണ്ണമായിരിക്കുന്നു ഔരു കീടത്തിന്റെ ഘടന. ശാസ്ത്രത്തിന്റെ ഓരോ മുന്നേറ്റവും നേരത്തേ ചോദിക്കാൻ സാധ്യമല്ലാതിരുന്ന കുറെ ചോദ്യങ്ങൾ തുറന്നു വിടുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങളെയും അറിയാൻ വയ്യാത്ത ഭാവിയെയും പറ്റി അന്ന് ഞാൻ ഭാര്യയോടു സംസാരിച്ചിരുന്നെകിൽ, എന്നെ ശപിച്ച സിദ്ധന്റെ കോപത്തിനു മറുപടിയാകുമായിരുന്നോ? അറിയില്ല.

പ്രവചനം വാസനയും മാന്യതയും ആയിരിക്കുന്നതു പോലെത്തന്നെ മനുഷ്യവ്യക്തിത്വത്തെ സ്വാധീനിക്കുന്നതാണ് ഇല്ലായ്മയിൽനിന്ന് എന്തെങ്കിലും കണ്ടെടുക്കാനുള്ള സിദ്ധി. ഇല്ലാത്തത് ഉണ്ടെന്നു വരുത്തുമ്പോൾ, ഓരോ തവണയും, അത്ഭുതം മുളപൊട്ടി വളരുന്നു. ആളുകളെ ആകർഷിക്കാൻ അത്ഭുതം കാട്ടാമെന്ന് യേശു നമ്മെ ഓർമ്മിപ്പിക്കുന്നു. ആദ്യമാദ്യം സായി ബാബ ഭസ്മവും മോതിരവുമൊക്കെ വായുവിൽനിന്ന് കണ്ടെടുത്തിരുന്നുവത്രേ. അതൊക്കെ തനിക്കുമാവാമെന്ന് യുക്തിവാദിയായ എ റ്റി കോവൂർ പറഞ്ഞു. ബംഗളൂരിലെ ഒരു ഇംഗ്ലിഷ് പ്രൊഫസർ, എച് ഡി നരസിംഹയ്യ, സായി ബാബയെ വെല്ലുവിളിച്ചു. ബാബ ഗൌനിച്ചതേയില്ല. അദ്ദേഹത്തിന്റെ അനുയായികളുടെ എണ്ണം വർദ്ധിച്ചുകോണ്ടേ പോയി. എന്റെ ഒരു എഡിറ്റർ ജീവിതകാലം മുഴുവൻ അദ്ദേഹത്തിന്റെ അന്തേവാസിയായി പുട്ടപ്പർതിയിൽ കൂടി. ഞങ്ങൾ ഒരിക്കൽ ബാബയെ വൈറ്റ് ഫീൽഡിൽ കണ്ടപ്പോൾ, പ്രശനമെഴുതിയ കുറിപ്പ് അദ്ദേഹത്തിനു കൈമാറുകയോ അദ്ദേഹം ഞങ്ങൾക്ക് വായുവിൽനിന്നു കണ്ടെടുത്ത എന്തെങ്കിലും തരികയോ ഉണ്ടായില്ല. ഗോപിനാഥ് മുതുകാട് അരങ്ങു തകർക്കാൻ തുടങ്ങിയപ്പോഴേക്കും വായുഭസ്മത്തിന്റെ കാലം കഴിഞ്ഞിരുന്നു.

സായി ബാബയെയെന്നല്ല ആരെയും വെല്ലുവിളിക്കുന്ന കൂട്ടത്തിലല്ല മുതുകാട്. ആളുകളെ അത്ഭുതപ്പെടുത്തിപ്പോകുക. ഉള്ളത് ഇല്ലെന്നു തോന്നിക്കുക. ഇല്ലാത്തത് ഉണ്ടെന്നു തോന്നിക്കുക. അത്രയേ അദ്ദേഹത്തിനുദ്ദേശമുള്ളൂ. അതാകട്ടെ വലിയ കാര്യവുമാകുന്നു. വേണമെങ്കിൽ, അത് ദിവ്യസിദ്ധികൊണ്ട് സാധിക്കുന്നതാണെന്നും പറയാം. ഇല്ലാത്തത് ഉണ്ടാക്കുന്നതിൽ ഒരു തരം അമാനുഷത്വം കാണാനാണ് മനുഷ്യവാസന. ഇല്ലാത്ത ഒരു സാധനം, ഇല്ലെന്നറിയുന്നവർക്കു പോലും, ഉണ്ടെന്നു തോന്നിക്കുന്ന മസ്തിഷ്കവ്യാപാരമായിരുന്നു ഒരു തവണ കാലിഫോർണിയയിലെ മനശ്ശാസ്ത്രഗവേഷകനായ മൈക്കേൽ ഗസനിഗ സംഘടിപ്പിച്ച സമ്മേളനത്തിലെ വാദവിഷയം.

അത്ഭുതം എങ്ങനെ ഉണ്ടാകുന്നു? എല്ലാവർക്കും ലഭ്യമായ നിറക്കൂട്ടുകൊണ്ട് വേറെ
ആർക്കും സാധ്യമല്ലാത്ത രീതിയിൽ ചിത്രം വരച്ച് ലോനാർഡോ ഡാ വിഞ്ചി ലോകത്തെ അത്ഭുതപ്പെടുത്തി. നിങ്ങൾക്കും എനിക്കും അറിയാവുന്ന വാക്കുകൾ ചേർത്ത് നസ്രുൾ ഇസ്ലാം ഉണ്ടാക്കിയ പദജാലം പറഞ്ഞറിയിക്കാൻ വയ്യാത്ത ഭക്തിയും സ്നേഹവും ഉളവാക്കി. നമുക്ക് അറിയാത്ത ഏതോ അത്ഭുതപ്രക്രിയയിൽ പല നിറങ്ങളുള്ള മേഘങ്ങളും ചെടികളും പല കാമനകളുള്ള പ്രാണികളും ഉണ്ടായി. പക്ഷേ അവയെക്കാൾ കൂടുതൽ നമ്മെ അത്ഭുതപ്പെടുത്തുന്നത് വാഴക്കുന്നത്തിന്റെയും മുതുകാടിന്റെയും ചെപ്പടിവിദ്യകളും സായി ബാബയുടെ ആശീർവാദങ്ങളുമാണെന്നു മാത്രം. ഏതു വഴിക്കായാലും ഓരോ തവണ നാം അത്ഭുതം കൂറുമ്പോഴും മസ്തിഷ്കത്തിലെ ചില സവിശേഷകോശങ്ങൾ കൂടുതൽ ഉന്മിഷിത്താകുന്നുവെന്നാണ് ശാസ്ത്രമതം. അത്ഭുതം തോന്നിക്കുന്നതിനെ, ഭവിയുടെ സ്വരൂപം നേരത്തേ പറയുന്നവനെ, നമ്മൾ ആരാധിക്കുന്നു.


(malayalam news may 16)

Saturday, May 14, 2011

ഇഷ്ടം പോലെ ആവാം!

സോമവാരം
ഇഷ്ടം പോലെ ആവാം!
കെ ഗോവിന്ദൻ കുട്ടി

ഇന്ത്യയിൽ കാണാതാകുന്ന പെൺകുട്ടികളെപ്പറ്റി വൈദ്യശാസ്ത്രചിന്തകനായ പ്രൊഫസർ കെ എസ് ജേക്കബ് കഴിഞ്ഞ ആഴ്ച എഴുതിയ ലേഖനം ഏറെ നേരം എന്റെ മനസ്സിന്റെ ഇറമ്പിൽ അരിച്ചു നടന്നു. അതിലളിതമാക്കിയാൽ, അദ്ദേഹത്തിന്റെ ചിന്തകൾ ഇങ്ങനെ സംക്ഷേപിക്കാം:

ദശലക്ഷക്കണക്കിനു പെൺകുട്ടികൾക്ക് ഇന്ത്യയിൽ ജനനം നിഷേധിക്കപ്പെടുന്നു. സ്ത്രീകളുടെ എണ്ണം കുറയുന്നു. അവരുടെ ആരോഗ്യവും അവഗണിക്കപ്പെടുന്നു. ലിംഗപരമായ പക്ഷപാതമാണ് അതിനു കാരണം. അതു മാറണമെങ്കിൽ പിതൃഭരണത്തിൽ ഊന്നിയ വ്യവസ്ഥ അവസാനിപ്പിക്കുന്ന ഒരു സാമൂഹ്യവിപ്ലവം ഉണ്ടാകണം.

പറയാൻ എളുപ്പം കഴിഞ്ഞു. സാമൂഹ്യവിപ്ലവം അങ്ങനെ ഒരു മാന്ത്രികപിഞ്ഛിക ഇളക്കിയാൽ ഉണ്ടാകുന്നതല്ല. ലിംഗപരമായ പക്ഷപാതവും പിതൃഭരണത്തിൽ ഉണ്ടാകുന്ന ഊന്നലും മനുഷ്യന്റെ മനോഗാത്രത്തിൽ വലിഞ്ഞുമുറുകിക്കിടക്കുന്ന ഒരു വികാരവിശേഷമല്ലേ എന്നും ആലോചിക്കണം. അതു പരിഷകരിക്കേണ്ട എന്നല്ല വിവക്ഷ. പരിമതികളെയും സാധ്യതകളെയും മനസ്സിലാക്കിയിരിക്കണമെന്ന് ചൂണ്ടിക്കാട്ടുന്നുവെന്നേയുള്ളു. ഏതായാലും പ്രൊഫസർ ജേക്കബിന്റെ ലേഖനത്തിൽനിന്ന് എന്റെ ചിന്ത പോയത് വേറൊരു വഴിക്കായിരുന്നു.

ആറു വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ എണ്ണത്തിൽ വന്നിരിക്കുന്ന കുറവ് ആശങ്കാജനകമാണെന്നു പറയുന്നു പ്രൊഫസർ ജേക്കബ്. ആയിരം പുരുഷന്മാർക്ക് 976 സ്ത്രീകളായിരുന്നു 1961ൽ. ഏറ്റവും ഒടുവിലത്തെ കണക്കെടുപ്പിൽ അത് 914 ആയി കാണുന്നു. പല പ്രദേശങ്ങളിലും അത് 850 വരെ താഴ്ന്നിരിക്കുന്നു. നഗരങ്ങളിൽ അനുപാതം ഗ്രാമങ്ങളിലേതിലും കുറവായി കാണുന്നു. ദശലക്ഷക്കണക്കിനു വരുന്ന ആ
പെൺകുട്ടികൾ എവിടെ പോയി?

വലിയ ഗവേഷണമൊന്നുമില്ല്ലാതെ തെളിയുന്നതാണ് കാര്യം. ജനനം അനുവദിക്കാതെ അവരെയൊക്കെ നാം അന്തരീക്ഷത്തിൽ ലയിപ്പിച്ചിരിക്കുന്നു. ഭ്രൂണഹത്യ കൊലയായി കൂട്ടുമെങ്കിൽ, ചരിത്രം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലക്ക് നമ്മുടെ തലമുറ ശിക്ഷിക്കപ്പെടുമായിരുന്നു. പെൺകുട്ടികളെ തിരഞ്ഞുപിടിച്ചു നടത്തിയ കൊല. കൊലയാണെന്ന് അറിഞ്ഞുകൊണ്ട് അഛന്മാരും, മിക്കപ്പോഴും അമ്മമാരും, നടത്തുന്ന കൊല. വിചിത്രവും ക്രൂരവും എന്നു പറയട്ടെ, ശിക്ഷയെപ്പറ്റി ആരും ആലോചിക്കുക പോലും ചെയ്യാത്ത കൊല.

ഒരു മനുഷ്യചിന്തയും ഒരു ശാസ്ത്രസങ്കേതവും കൂടി ഒരുക്കിയതാണ് ആ സാഹചര്യം. പെൺകുട്ടികളെ ഒഴിവാക്കണമെന്നതാണ് ആ ചിന്ത. ആ ചിന്ത അപരിഷ്കൃതവും ഉന്മൂലനം ചെയ്യപ്പെടേണ്ടതുമാണെന്ന് ആളുകളെ പറഞ്ഞു മനസ്സിലാക്കുന്നതാണ് പ്രൊഫസർ ജേക്കബ് സൂചിപ്പിക്കുന്ന സാമൂഹ്യവിപ്ലവത്തിന്റെ ഒരു വശം. കാലം കുറെ എടുക്കുന്നതാണ് ആ പ്രക്രിയ. അതുകൊണ്ട് ആ ശാസ്ത്രസങ്കേതത്തിന് തൽക്കാലം തടയിടാൻ നാം നിശ്ചയിച്ചിരിക്കുന്നു.

എന്താണ് ആ ശാസ്ത്രസങ്കേതം. ഭ്രൂണത്തിന്റെ ലിംഗം നേരത്തേ നിർണയിക്കാനുള്ള പല വഴികളും ശാസ്ത്രം കണ്ടെത്തിരിയിരിക്കുന്നു. പണ്ടൊക്കെ വയറിന്റെ വലുപ്പവും രൂപവും നോക്കി മുത്തശ്ശിമാർ കുട്ടി ആണോ പെണ്ണോ എന്നു പറയുമായിരുന്നു. ചിലപ്പോൾ ശരിയാവും; ചിലപ്പോൾ തെറ്റും. തെറ്റിയാലും ശരിയായാലും ആ പ്രവചനത്തിന് കൌതുകത്തിന്റെ നിലവാരമേ ഉണ്ടായിരുന്നുള്ളു. മുത്തശ്ശിമാരുടെയോ അവരുടേതിനെക്കാൾ ഒട്ടും കൂടുതൽ വിശ്വാസ്യതയില്ലാത്ത ജ്യോത്സ്യന്മാരുടെയോ പ്രവചനത്തിന്റെ ബലത്തിൽ ഒരു നടപടിയും ആരും എടുത്തിരുന്നില്ല. ആണായാലും പെണ്ണായാലും, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, പ്രസവിക്കുക തന്നെ. ശബ്ദം ശ്രദ്ധിച്ചോ കോശം അപഗ്രഥിച്ചോ, ആണോ പെണ്ണോ എന്നു തെറ്റാതെ ഗർഭം പ്രവചിക്കാമെന്നും ഏറെക്കുറെ സുരക്ഷിതമായും സരളമായും ഭ്രൂണഹത്യ നടത്താമെന്നും വന്നതോടെ കൂട്ടക്കൊല ആചാരമായി മാറിയിരിക്കുന്നു. ഇഷ്ടം പോലെ എന്തും അറിയാനും ചെയ്യാനും കഴിയുമ്പോൾ മനുഷ്യൻ എത്തിപ്പെടുന്ന സ്ഥിതിയുടെ ഭയാനകത ഇവിടെ ഉദാഹരിക്കപ്പെടുന്നു.

എട്ടുകൊല്ലം മുമ്പ് എന്റെ മകളുടെ പ്രസവം എടുത്ത ഡോക്റ്റർ രാധാകുമാരിയുമായി പുരുഷനു ചെയ്യാൻ കഴിയാത്ത ആ ചര്യയെപ്പറ്റി ഏറെ നേരം സംസാരിച്ചതോർക്കുന്നു. തന്റെ നാല്പതോളം കൊല്ലത്തെ സേവനത്തിനിടയിൽ നാല്പതിനായിരം പ്രസവമെങ്കിലുമായി നേരിട്ടു ബന്ധപ്പെട്ടിട്ടുണ്ടാകും പ്രൊഫസറായി മെഡിക്കൽ കോളെജിൽനിന്നു പിരിഞ്ഞ ഡോക്റ്റർ രാധാകുമാരി. എന്നിട്ടും, ഭ്രൂണത്തിന്റെയും
ഗർഭപാത്രത്തിന്റെയും വഴികളും വഴക്കങ്ങളും കണ്ണടച്ച് പിൻ തുടരാൻ കഴിയുമായിരുന്നിട്ടും, ഓരോ പ്രസവവും അമേയതയുമായുള്ള സംഗമം ആയേ ഡോക്റ്റർ രാധാകുമാരി എന്നും കരുതിയുള്ളൂ. എത്രയൊക്കെ പരിചയവും ശാസ്ത്രീയസൌകര്യവും ഉണ്ടെങ്കിലും, പ്രസവം എത്ര സുരക്ഷിതമാണെന്നു തോന്നിയാലും, “രണ്ടും രണ്ടിടത്തായാലേ സമാധാനം ആകൂ” എന്ന് അവർ പഴയ ശൈലിയിൽ പറയുമായിരുന്നു.

ആ അനിശ്ചിതത്വം ഉളവാക്കാറുള്ള ഭയവും വിനയവും അത്ഭുതവും തീർത്തും അകറ്റുന്നതാണ് “ആശങ്കാജനക“മെന്ന് പ്രൊഫസർ ജേക്കബ് വിശേഷിപ്പിക്കുന്ന ലിംഗപരമായ ക്രമരാഹിത്യം. ലിംഗപരമായ നിശ്ചിതത്വം, അല്ലെങ്കിൽ പ്രവചനീയത, ഉറപ്പായതുകൊണ്ടാണല്ലോ വരാൻ പോകുന്ന പെൺകുട്ടി വേണോ വേണ്ടയോ എന്ന ചിന്തയും തീരുമാനവും രൂപപ്പെടുന്നത്. ആ തീരുമാനം നടപ്പാക്കുമ്പോഴും അനിശ്ചിതത്വമില്ല. പിറപ്പിക്കണോ മരിപ്പിക്കണോ എന്നു വിധിക്കാനുള്ള അധികാരം, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള ശക്തി, മനുഷ്യൻ കൈവരിച്ചിരിക്കുന്നു. ഇഷ്ടമുള്ളത് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാനുള്ള അവസരത്തെയും പ്രാപ്തിയെയും നമ്മൾ സ്വാതന്ത്ര്യം എന്നും വികാസം എന്നും വിളിക്കുന്നു. സ്വാതന്ത്ര്യം തന്നെ അമൃതം എന്ന് രണ്ടാമതൊന്നാലോചിക്കാതെ മൂളിപ്പോകുന്നു. മൂളിപ്പാട്ട് വരാത്ത നേരത്തെങ്കിലും സ്വാതന്ത്ര്യത്തിന്റെ സീമയെയും ഭീഷണതയെയും പറ്റിയും വല്ലപ്പോഴും ആലോചിക്കാം.

ലിംഗപ്രവചനത്തിന്റെ കാര്യം തന്നെ, പ്രൊഫസർ ജേക്കബ് കണ്ടതിൽനിന്നു വ്യത്യസ്തമായ(വിരുദ്ധമായതല്ല) കാഴ്ചപ്പാടിൽനിന്നു കാണാൻ ശ്രമിച്ചുനോക്കൂ. പിറക്കാൻ പോകുന്ന കുട്ടി ആണോ പെണ്ണോ എന്ന് മുൻ കൂട്ടി പറയുന്ന ജ്യോത്സ്യന്റെ കാര്യം കഷ്ടമായിരിക്കുന്നു. വേറൊരു തരത്തിൽ പറഞ്ഞാൽ, അയാളുടെ നിസ്സഹായത അവസാനിച്ചിരിക്കുന്നു. പണ്ടൊരിക്കൽ മിടുക്കനായ ഒരു ജ്യോത്സ്യൻ അങ്ങനെയൊരു പ്രവചനം നടത്താൻ വിധിക്കപ്പെട്ടപ്പോൾ, “ആൺ” എന്ന് സംശയമില്ലാതെ ഉറക്കെ പറഞ്ഞു. തന്റെ കൈവശമുണ്ടായിരുന്ന പനയോല ഇറയിൽ തിരുകിവെക്കുകയും ചെയ്തു. പിറന്ന കുട്ടി പെണ്ണായപ്പോൾ പരിഹാസവുമായി വന്ന ചെറുപ്പക്കാരോട് അദ്ദേഹം, പഴയപോലെ സംശയമില്ലാതെ, പറഞ്ഞു: “ഫലശ്രുതി ഞാൻ ഒരു ഓലയിൽ അന്നേ എഴുതിവെച്ചിരുന്നു. എടുത്തു വായിച്ചുനോക്കുക.”

തെറ്റിപ്പോകാവുന്ന പ്രവചനത്തെ പേടിച്ചുകഴിഞ്ഞിരുന്ന പ്രവാചകന്റെ ദൈന്യമൊന്നും ഇപ്പോഴില്ല. അമിനോ സിന്തസിസ് വഴിയും അൾട്രാസോണോഗ്രഫി വഴിയുമൊക്കെ കുട്ടി ആണോ പെണ്ണോ എന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയുമെന്ന വസ്തുതയിൽ പിടിച്ചാണല്ലോ പ്രൊഫസർ ജേക്കബ് പിതൃഭരണം അവസാനിപ്പിക്കാൻ ഒരു സാമൂഹ്യവിപ്ലവം വേണമെന്നൊക്കെ അനുശാസിക്കുന്നത്. ലിംഗം പ്രവചിക്കാൻ മാത്രമല്ല, വരാത്ത കുട്ടിയെ വരുത്താനും വരുന്ന കുട്ടിയെ ഇല്ലായ്മ ചെയ്യാനുമുള്ള ശേഷി ആർജ്ജിച്ചതാണ് മനുഷ്യസ്വാതന്ത്ര്യത്തിന്റെ പുതിയൊരു പ്രതലം.

അതുകൊണ്ടുമായില്ല. കുട്ടി വരുന്ന നേരം നോക്കി അതിന്റെയും അഛനമ്മമാരുടെയും ലോകത്തിന്റെ തന്നെയും ഗതിയും വിഗതിയും നിശ്ചയിക്കുന്ന കാലദർശികളാണ് ജ്യോത്സ്യന്മാർ. അവ്യഖ്യേയവും ലംഘനീയവുമായ വിധിയുടെ സ്വരൂപം നേരത്തേ കണ്ടറിയുന്നത് ദൈവാംശം കലർന്ന സപര്യയാകുന്നു. ജ്യോത്സ്യന്മാരുടെ ആ സപര്യയെ മാത്രമല്ല, വിധിയെത്തന്നെ ഗോഷ്ഠി കാണിക്കുന്നതാണ് പുതിയൊരു ശാസ്ത്രവും ആചാരവും. പിറക്കുന്ന നേരത്തെ രാശി നോക്കി ജീവിതവും മരണവും എങ്ങനെ കരുപ്പിടിക്കുമെന്നു പറയാൻ കഴിയുമെന്ന ഗർവാണല്ലോ ജ്യോത്സ്യന്റെ മാനസിക മൂലധനം. രാശി നിർണീതമാണെന്നും അതിനാൽ സ്വാധീനിക്കപ്പെടുന്ന ജീവിതത്തിന്റെ ഗതി അനിവാര്യമാണെന്നുമുള്ള സങ്കല്പമാണ് ആ നിഗമനത്തിന്റെ ആധാരം. പക്ഷേ രാശിയുടെ ഗുണാഗുണം നേരത്തേ കണക്കു കൂട്ടി, കൊള്ളാവുന്ന രാശി തിരഞ്ഞെടുത്ത് അതിൽ കുട്ടിയെ പിറപ്പിച്ചാലോ? മറ്റൊരു തരത്തിൽ പറഞ്ഞാൽ, നല്ല നേരം നോക്കി പ്രസവം ഏർപ്പെടുത്തിയാലോ? കുട്ടിയുടെ ജാതകം നന്നാവാതെ തരമില്ല. അതിനർഥം ജ്യോത്സ്യന്റെ പ്രസക്തി നഷ്ടപ്പെടുന്നുവെന്നു മാത്രമല്ല, അലംഘനീയമെന്നു കരുതിയ വിധിയുടെ പോക്കുവരവു പോലും നമ്മൾ മാറ്റിയെഴുതുന്നു, മനുഷ്യസ്വാതന്ത്ര്യത്തിന്റെ സീമ പിന്നെയും പിന്നോട്ടു തള്ളിനീക്കുന്നു.

അലംഘനീയതയുടെ രണ്ടു തലങ്ങളിൽ നമ്മൾ കൈവെക്കുന്നതായി കാണാം. ഒന്ന്, ഇപ്പോൾ സൂചിപ്പിച്ചതു പോലെ, പിറവിയിൽ. ഇഷ്ടമുള്ള കുട്ടിയെ വരുത്താം, വേണ്ടെങ്കിൽ ഇല്ലായ്മ ചെയ്യാം. എന്നു തന്നെയല്ല, ഇഷ്ടമുള്ള നേരത്ത്, സ്വീകര്യമായ രാശിചക്രത്തിൽ, കുട്ടിയെ വരുത്താം. നാളും പക്കവും നോക്കി പ്രസവിക്കാം. എല്ലാം അടക്കി വാണിരുന്ന വിധി പോയി നാമം ജപിച്ചിരിക്കട്ടെ.

മരണമാകുന്നു മറ്റൊരു തലം. മരണം കള്ളനെപ്പോലെയോ കോമാളിയെപ്പോലെയോ നേരവും തരവും നോക്കാതെ കടന്നു വരുന്നു എന്നായിരുന്നു ഇതുവരെ ധാരണ. ഞാൻ കിടന്നിരുന്ന ആസ്പത്രിയിലെ തൊട്ടടുത്ത മുറിയിൽ അവസാനനാളുകൾ ചിലവഴിച്ചിരുന്ന കെ കരുണാകരന്റെ കഥ കേട്ടപ്പോൾ, ഭേദഗതി ചെയ്തുകൊണ്ടിരുന്ന ആ ധാരണ പിന്നെയും മാറി. എന്നേ അവശനായിക്കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ മരണം എപ്പോൾ വേണമെങ്കിലും നടക്കാമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. നല്ല നേരം വരാൻ നോക്കി കിടക്കുകയായിരുന്നുവെന്ന് ഒരു കൂട്ടർ പറഞ്ഞു പരത്തി. ചില ബന്ധുക്കൾ വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് വേറൊരു കൂട്ടർ പറഞ്ഞു. ഏതായാലും കൊട്ടിയടച്ചു നിർത്തിയിരുന്ന വാതിൽ തുറക്കാനും അടച്ചുനിർത്താനും ഡോക്റ്റർമാർക്കു കഴിയുമെന്നൊരു ധാരണ എന്റെ മനസ്സിൽ കൊടി കെട്ടി.

അപ്പോൾ പഴയൊരു മരണം ഓർത്തു. എന്റെ മരുമകന്റെ മുത്തശ്ശി വയസ്സായി, അസുഖമായി ഏറെ നാൾ കിടന്നു. മരിച്ചത് സ്വർഗവാതിൽ ഏകാദശി ദിവസമായിരുന്നു. അന്നു മരിച്ചാൽ സ്വർഗത്തിൽ പോകുമെന്നാണ് വിശ്വാസം. ആ വിശ്വാസത്തെ കൊഞ്ഞനം കാട്ടുന്നതാണ് ഇഷ്ടമുള്ള നേരം നോക്കി മരിക്കാൻ പറ്റുമെന്ന സാധ്യത. ഭാരതപിതാമഹനായ ഭീഷ്മർ മാത്രമേ അങ്ങനെ സ്വന്തം ഇംഗിതം നോക്കി മരിച്ചിട്ടുള്ളൂ. ഇപ്പോൾ പല തരം കുഴലുകളും മുഖം മൂടികളും മരുന്നുകളും ഉപയോഗിച്ച്, ജീവിതം നീട്ടിക്കൊണ്ടു പോകാമെന്നും മരണം മാറ്റിവെക്കാമെന്നും നേരം നോക്കി അത്
ഏർപ്പെടുത്താമെന്നും വന്നുകൂടിയിരിക്കുന്നു.

ഇതും ഒരു തരം സ്വാതന്ത്ര്യം തന്നെ. ആലോചിച്ചാൽ, ഈ സ്വാതന്ത്ര്യം മറ്റു പല രംഗങ്ങളിലും മനുഷ്യനു കൈവന്നിരിക്കുന്നുവെന്നു കാണാം. ആ സ്വാതന്ത്ര്യം അവനെ വിജയശ്രീലാളിതനാക്കുകയാണോ, അതോ, വിഹ്വലനാക്കുകയാണോ? അങ്ങനെ നെഗളിക്കാനും പേടിക്കാനുമൊന്നുമില്ലെന്നു കരുതിയ നാറാണത്തു ഭ്രാന്തന്റെ കാലം പോയി.

നാറാണത്തു ഭ്രാന്തൻ ചുടലക്കളത്തിൽ ഉറങ്ങിക്കിടക്കുമ്പോൾ കുപിതയായെത്തിയ ഭദ്രകാളി പറഞ്ഞു: “എന്തു വേണമെങ്കിലും വരം വാങ്ങി നീ കടന്നു പോകൂ!“ കണ്ണു തിരുമ്മിയുണർന്ന ഭ്രാന്തൻ അലസമായി പറഞ്ഞു: “നീ എന്തു വരം തരാൻ? കഴിയുമെങ്കിൽ എന്റെ മരണം ഒരു ദിവസം വൈകിക്കൂ. അല്ലെങ്കിൽ, ഒരു ദിവസം നേരത്തെയാക്കൂ.“ രണ്ടും അസാധ്യമെന്നു കണ്ട ഭദ്രകാളി പരമമായ നിസ്സഹായതയുടെ, അലംഘനീയതയുടെ, നിദർശനമായിരുന്നു; ഭ്രാന്തൻ അതിന്റെ സാക്ഷിയും. ഒടുവിൽ ഭദ്രകാളിക്ക് തടി തപ്പാൻ വേണ്ടി അദ്ദേഹം ഒരു വിദ്യ പറഞ്ഞുകൊടുത്തു: ഒരു കാലിലെ മന്ത് മറ്റേ കാലിലേക്കു മാറ്റുക.

അത്രയൊക്കെയേ പറ്റൂ എന്നായിരുന്നു നാറാണത്തു ഭ്രാന്തന്റെ നിഗമനം. കാണാതാകുന്ന ലക്ഷക്കണക്കിനു പെൺകുട്ടികളും നല്ല നേരം നോക്കി മരിക്കുന്ന ഭാഗ്യവാന്മാരും തെളിയിക്കുന്നതാ‍കട്ടെ, അത്രയൊക്കെയല്ല പറ്റുകയെന്നും. നാൾ തോറും മനുഷ്യൻ ആർജ്ജിച്ചുവരുന്ന പുതിയ സ്വാതന്ത്ര്യത്തിൽ വിലസുന്നതോടൊപ്പം, സ്വാതന്ത്ര്യമെന്ന വേദനയെപ്പറ്റിയും ആലോചിക്കാൻ സമയമായി.

(malayalam news)

Monday, April 25, 2011

തിരിച്ചറിവിന്റെ സമസ്യകൾ

ഇരുളും വെളിച്ചവും വേർതിരിക്കുകയായിരുന്നു, പഴയ നിയമപ്രകാരം, ദൈവത്തിന്റെ ആദ്യത്തെ പ്രവൃത്തി. അതുപോലൊരു തിരിച്ചറിവാണ് ശാസ്ത്രത്തിന്റെയും അഭിമാനം. ഇരുളും വെളിച്ചവും, ശരിയും തെറ്റും, നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസം, പരീക്ഷണം വഴിയും നിരീക്ഷണം വഴിയും തിരിച്ചറിയാൻ കഴിയുമെന്ന് ശാസ്ത്രം അഭിമാനിക്കുന്നു. അത്തരം തിരിച്ചറിവില്ലാത്തവരെ, സത്യത്തെ പാമ്പാണോ കയറാണോ എന്നു മനസ്സിലാക്കാൻ കഴിയാത്തവരെ, ശാസ്ത്രതിൽ ജ്ഞാനം നേടിയവരും യുക്തിവാദികളും പരിഹസിക്കുന്നു. തിരിച്ചറിയാൻ കഴിയാത്തതൊന്നുമില്ലെന്നാണ് അവരുടെ അഹങ്കാരം. ആ അഹങ്കാരത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദം.

എൻഡോസൾഫാനെപ്പറ്റിയുള്ള തർക്കം തന്നെ നോക്കൂ. പത്തുകൊല്ലത്തിനകം പതിനാറു സമിതികൾ അതിനെപ്പറ്റി പഠിച്ചുകഴിഞ്ഞുവത്രേ. ആ കീടനാശിനി ഏറെ ഉപയോഗിച്ച രണ്ടു സംസ്ഥാനങ്ങൾ അത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. പിറന്നവർക്കും പിറക്കാനിരിക്കുന്നവർക്കും, കിളികൾക്കും മൃഗങ്ങൾക്കും ചെടികൾക്കും, എന്നു വേണ്ട മണ്ണിനും വായുവിനും വെള്ളത്തിനും എൻഡോസൾഫാൻ വിഷമാണെന്ന നിഗമനമാണ് ആ ആവശ്യത്തിന്റെ അടിസ്ഥാനം. ആ ആവശ്യം ഉന്നയിച്ചവർക്കാർക്കും എൻഡോസൾഫാൻ ഇരുളും തെറ്റും തിന്മയുമാണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ വസ്തുനിഷ്ഠമായ പരീക്ഷണവും നിരീക്ഷണവും വഴി തിരിച്ചറിയാവുന്ന, ഏകമായ ആ സത്യത്തെപ്പറ്റി ശരദ് പവാർ ഭിന്നാഭിപ്രായം പറയുന്നു. വാസ്തവത്തിൽ ഇവിടെ വെല്ലുവിളി നേരിടുന്നത് എൻ സി പി എന്ന പീക്കിരി പാർട്ടിയുടെ കുത്സിതരാഷ്ട്രീയമല്ല, ശാസ്ത്രത്തിന്റെ അഹങ്കാരവും അടിസ്ഥാനം തന്നെയുമാകുന്നു.

യാഥാസ്ഥിതികമായ സംവാദത്തിൽ ഉറക്കെ കേൾക്കുന്ന വാദങ്ങൾ എന്തൊക്കെ? മനുഷ്യന്റെയും മണ്ണിന്റെയും ഗർഭത്തെ വിരൂപമാക്കുന്ന എൻഡോസൾഫാന്റെ ചിത്രം എത്രയോ നമ്മൾ കണ്ടുകഴിഞ്ഞു. അതു നിരോധിക്കണമെന്ന് കേരളവും കർണാടകവും ആവശ്യപ്പെടുന്നത് ആ ബോധ്യംകൊണ്ടാണല്ലോ. അറിവും വാക് സാമർഥ്യവും ഉള്ളവർ ദിവസേന നമ്മളോട് എൻഡോസൾഫാന്റെ വിപത്തിനെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുന്നു. അവരുടെ പിൻ ബലത്തിൽ, ശാസ്ത്രത്തിൽ നിഷ്ണാതരെന്ന് ഇതുവരെ തീർത്തും അറിയപ്പെടാത്ത അച്യുതാനന്ദനും ഉമ്മൻ ചാണ്ടിയും അതിനെപ്പറ്റി പ്രസ്താവന ഇറക്കുകയും ഒപ്പു ശേഖരിക്കുകയും ചെയ്യുന്നു. എൻഡോസൾഫാൻ പുണ്യവും അമൃതവും ആണെന്നു ഉറക്കെ പറയുന്ന ആരെയും കണ്ടുകിട്ടാനില്ല. പക്ഷേ, ശാസ്ത്രത്തിൽ അച്യുതാനന്ദനെക്കാളും ഉമ്മൻ ചാണ്ടിയെക്കാളും വൈദഗ്ധ്യം അവകാശപ്പെടാനില്ലാത്ത ശരദ് പവാർ ആകട്ടെ, എൻഡോസൾഫാൻ നിരോധിക്കാൻ ഒരു ന്യായവും കാണുന്നുമില്ല. പണ്ട് കവി പറഞ്ഞതുപോലെ, ഇരുളും മെല്ലെ വെളിച്ചമായ് വരുകയാണോ? തെറ്റും ശരിയും ഒന്നാകുകയാണോ? നന്മയും തിന്മയും തമ്മിലുള്ള തിരിച്ചറിവ് ആവിയായിപ്പോകുകയാണോ?

യാഥാസ്ഥിതികസംവാദത്തിൽ എളുപ്പത്തിൽ ഉന്നയിക്കപ്പെടുന്ന ഒരു വാദം രാഷ്ട്രീയനേതൃത്വത്തിന്റെ പിടിപ്പുകേടോ കള്ളലാക്കോ കാരണമാണ് എൻഡോസൾഫാൻ നിരോധിക്കപ്പെടാത്തതെന്നാണ്. മറ്റൊരു വാദം ആ രാസവസ്തു ഉണ്ടാക്കുന്ന കമ്പനിയുടെ പിണിയാളുകൾ പിടി മുറുക്കിയതുകൊണ്ടാണ് നിരോധനം വരാത്തതെന്നാണ്. ശരദ് പവാർ ഹരിശ്ചന്ദ്രന്റെ മരുമകനാണെന്ന് ആരും പറയില്ല. പക്ഷേ അദ്ദേഹത്തിന്റെ അസ്മാദികളെക്കാൾ എത്രയോ ഭീകരനായി പവാറിനെ ചിത്രീകരിക്കാനും പറ്റില്ല. സത്യനിഷ്ഠമായ ഒരു രാഷ്ട്രത്തിന്റെ എതിർപ്പിനുമുന്നിൽ എൻഡോസൾഫാൻ വിതറി മുന്നേറാനുള്ള കോപ്പൊന്നും അദ്ദേഹത്തിൽ ആരോപിക്കേണ്ട.

പിന്നെ നിർമ്മാതാക്കളും വിതരണക്കാരുമായ കോർപറേറ്റ് ഭീമന്മാരുടെ കാര്യം. ഒരു സർക്കാരും ഒരു രാഷ്ട്രവും ഒന്നിച്ചെതിർത്താൽ, അതിനെയും തോല്പിച്ചു കടന്നുകളയാൻ അവർക്ക് കഴിയുമോ? പിന്നെ, നിർമ്മാതാക്കളെയും വിതരണക്കാരെയും കോർപറേറ്റ് ഭീമന്മാരെയും കലർപ്പില്ലാത്ത തിന്മയായി കാണാനുള്ള വ്യഗ്രതയും അപഗ്രഥിക്കപ്പെടണം. തികഞ്ഞ വൈരൂപ്യവും വിപത്തും ഉണ്ടാക്കുമെന്ന് ഉറപ്പായ ഒരു വസ്തു
നിർമ്മിച്ചുകൊണ്ടേ പോകാൻ, വിറ്റഴിച്ചുകൊണ്ടേ പോകാൻ, മാനസികമായും വാണിജ്യപരമായും പ്രാപ്തിയുള്ള ഒരു കോരപറേറ്റ് സ്ഥാപനം ഉണ്ടാകുമോ? യുക്തിക്കു ഭംഗം വരുന്ന വാദം നമുക്ക് എല്ലായിടത്തും എപ്പോഴും കേൾക്കാമെന്നേ പറായേണ്ടൂ.

എൻഡോസൾഫാൻ തികഞ്ഞ നന്മയോ തിന്മയോ എന്നു തിരിച്ചറിയേണ്ട ശാസ്ത്രം ആ ചോദ്യത്തിനുമുന്നിൽ അറച്ചുനിൽക്കുന്നതാണ് ഈ സ്ഥിതിക്ക് നിദാനം എന്നു തോന്നുന്നു. അച്യുതാനന്ദനെക്കാൾ കൂടുതൽ ശാസ്ത്രജ്ഞാനമില്ലാത്ത ശരദ് പവാർ ഔദ്യോഗികമായി എൻഡോസൾഫാന്റെ വക്കാലത്തുമായി അരങ്ങത്തെത്തുമ്പോൾ, അദ്ദേഹത്തിനു വാക്കും ചിന്തയും ചാർത്തിക്കൊടുക്കുന്ന ഒരു ശാസ്ത്രസമൂഹം പിന്നിലെവിടെയെങ്കിലും ഉണ്ടാവില്ലേ? അതില്ലാതെ, പഞ്ചസാരസംഘങ്ങളുടെ ധനശാസ്ത്രവും മറാഠപാരമ്പര്യത്തിന്റെ രാഷ്ട്രീയവും നന്നായറിയുന്ന പവാർ എൻഡോസൾഫാന്റെ രസതന്ത്രത്തെപ്പറ്റി വിടുവായ പറയുകയില്ല. ഇവിടെ രാഷ്ട്രീയമല്ല, ശാസ്ത്രത്തിന്റെ അശാസ്ത്രീയതയാകുന്നു യഥാർഥപ്രശ്നം.

ആക്ഷേപിക്കപ്പെടുകയും സംശയിക്കപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയനേതൃത്വത്തിനും
കോർപറേറ്റ് കുലപതികൾക്കും ഒരു ചോദ്യം ന്യായമായും ചോദിക്കാം: എൻഡോസൾഫാനെപ്പറ്റി, അതിന്റെ തികഞ്ഞ തിന്മയെപ്പറ്റി, ഏകവും അർഥശങ്ക ഉണ്ടാക്കാത്തതുമായ ഒരു അഭിപ്രായം എന്തുകൊണ്ട് ഇന്ത്യൻ ശാസ്ത്രസമൂഹത്തിൽനിന്ന് വരുന്നില്ല?
എൻഡോസൾഫാന്റെ നന്മയെ രഹസ്യമായി വാഴ്ത്തുന്നവരുടെ പിൻബലത്തോടെയേ പവാർമാർക്ക് നിലനില്പുള്ളു. അവർ കയ്യൊഴിഞ്ഞാൽ, അദ്ദേഹത്തിന്റെ വക്കാലത്ത് പൊളിഞ്ഞു പാളീസാകും. അവർ എന്തുകൊണ്ട് അങ്ങനെ പവർമാർക്ക് വിലസാൻ പറ്റിയ അവസരം ഉണ്ടാക്കുന്നു? ഇരുളും വെളിച്ചവും തമ്മിലുള്ള തിരിച്ചറിവ് അസാധ്യമായതുകൊണ്ടോ, അതോ, ഇരുട്ടിന്റെ ശക്തികൾക്ക് അടിമപ്പെട്ടതുകൊണ്ടോ? സത്യത്തിന്റെ മുഖം ദർശിക്കാൻ കഴിവുണ്ടെന്ന് ഊറ്റം കൊള്ളുന്ന ശാസ്ത്രസമൂഹം അവർ അറിയുന്ന നേര് നേരേ വിളിച്ചുപറഞ്ഞാൽ ഈ ആപത്തൊന്നും ഉണ്ടാവുമായിരുന്നില്ല.

ഇന്ത്യൻ ശാസ്ത്രം ആരുടെയെങ്കിലും വിടുപണി ചെയ്യുകയാണോ എന്നു പറയാൻ
ഞാൻ ആളല്ല. പക്ഷേ അവരുടെ ധർമ്മസങ്കടത്തിൽനിന്നും കൃത്യവിലോപത്തിൽനിന്നും മാത്രമേ നാം ഇപ്പോൾ അനുഭവിക്കുന്ന തരത്തിലുള്ള രാഷ്ട്രീയഡിണ്ഡിമത്വം കരുത്ത് വലിച്ചെടുക്കുകയും വളരുകയും ചെയ്യുകയുള്ളു എന്ന് ഉറപ്പിച്ചു പറയാം.
എൻഡോസൾഫാൻ ഉത്തമമായ, സുരക്ഷിതമായ, രാസപദാർഥമാണെന്ന് ആണയിടാൻ അവർക്ക് അറിവു പകരുന്ന ശാസ്ത്രജ്ഞന്മാർ അവിടെയും ഇവിടെയും ഒളിഞ്ഞിരിപ്പുണ്ടാകണം. ആ അറിവുമായി പകൽ വെളിച്ചത്തിൽ പുറത്തിറങ്ങാൻ അവർ ധൈര്യപ്പെടുന്നില്ലെന്നേയുള്ളു. വിവാദാസ്പദമായ ആ നയനിശ്ചയം അവർ രാഷ്ട്രീയക്കാരെക്കൊണ്ട് എടുപ്പിക്കുന്നു എന്നതാണ് വാസ്തവം. ചുരുക്കിപ്പറഞ്ഞാൽ, എൻഡോസൾഫാൻ ഇരുളാണോ വെളിച്ചമാണോ എന്നു വേർതിരിച്ചും ഉറപ്പിച്ചും പറയാവുന്ന സ്ഥിതിയിലല്ല എല്ലാം പരീക്ഷിച്ചും നിരീക്ഷിച്ചും പറയാവുന്നതാണെന്ന് അഹങ്കരിക്കുന്ന ശാസ്ത്രം.

പകലും രാവും പോലെ എന്തും വേർ തിരിച്ചും ശങ്കയില്ലാതെയും പറയാമെന്ന് അഹങ്കരിക്കുന്ന ശാസ്ത്രം അന്തിച്ചുനിൽക്കുന്ന സന്ദർഭങ്ങൾ വേറെയും കാണാം. വളരെ സമകാലികമായ ഒരു ഉദാഹരണം ആണവനിലയങ്ങളെപ്പറ്റിയുള്ള വിവാദം തന്നെ. ആണവശക്തിയുടെ സുരക്ഷിതത്വത്തെപ്പറ്റി പണ്ടേക്കു പണ്ടേ കേട്ടിരുന്നതാണ് തർക്കം. പക്ഷേ അതിന് അനുകൂലമായവരുടെ ശബ്ദം കൂടുതൽ കേട്ടിരുന്നു. അതിനെ എതിർക്കുന്നവരുടെ ശബ്ദം എതിരാളികളുടെ മുഴക്കത്തിൽ മുങ്ങിപ്പോയെന്നു മാത്രം. ചെർണോബിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആ തർക്കം ഒന്നു മൂത്തു. പിന്നെ കെട്ടടങ്ങി. എല്ലാം ഭദ്രമെന്നു കരുതിയിരുന്ന ജപ്പാനിലെ ദുരന്തം അതൊന്നുകൂടി ആളിക്കത്തിച്ചിരിക്കുന്നു. ആണവോർജ്ജം നന്മയാണെന്നും നന്മയും തിന്മയും കലർന്നതാണെന്നും തികഞ്ഞ തിന്മയാണെന്നുമുള്ള വാദപ്രതിവാദം വീണ്ടും മുഴങ്ങുന്നതു കേൾക്കാം. അതിൽ മൂന്നാമത്തെ വാദത്തിന് പെട്ടെന്ന് ഒരു ആക്കം കൂടിയിട്ടുള്ളതു പോലെ തോന്നുന്നു.

ശാസ്ത്രം അന്തിച്ചുനിൽക്കുന്ന വേറൊരു രംഗം കേരളത്തിലും തമിഴ്നാട്ടിലും തെളിഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? മുല്ലപ്പെരിയാറിലെ അണ പൊട്ടുമെന്നും കേരളത്തിന്റെ ഒരു ഭാഗം ഒലിച്ചുപോകുമെന്നും പറഞ്ഞ് നമ്മൾ ആളുകളെ വിരട്ടാൻ തുടങ്ങിയിട്ട് കാലം ഏറെയായി. തമിഴ്നാടും കേരളവും തമ്മിലുള്ള തർക്കത്തിൽ അണക്കെട്ടിന്റെ ശാസ്ത്രം രണ്ടു ചേരിയായി നിൽക്കുന്നു. വസ്തുനിഷ്ഠമായി നോക്കി, ആപത്തുണ്ടോ ഇല്ലയോ എന്നു പറയാൻ ശാസ്ത്രത്തിന് കഴിയേണ്ടതാണ്. പക്ഷേ അതുണ്ടാകുന്നില്ല. സഹ്യാദ്രിക്കപ്പുറത്തും ഇപ്പുറത്തും അണക്കെട്ടിനെപ്പറ്റിയുള്ള, സിവിൽ എഞ്ചിനീയറിങ്ങിനെയും ഭൌമശാസ്ത്രത്തെയും പറ്റിയുള്ള, നിലപാട് വിരുദ്ധമായിരിക്കുന്നു. എല്ലാവരും രാഷ്ട്രീയം കളിക്കുകയാണെന്നു പറയാൻ വയ്യ. കേരളം തുലയട്ടെ എന്ന് വിചാരിക്കുന്നവതാണ് തമിഴകത്തെ ശാസ്ത്രമെന്നും തമിഴകത്തിൽനിന്ന് ചിലതൊക്കെ പിടിച്ചുവാങ്ങാൻ ചില്ലറ ഓലപ്പാമ്പൊക്കെ വീശാമെന്നു കരുതുന്നതാണ് കേരളത്തിലെ ശാസ്ത്രമെന്നും ഒഴുക്കൻ മട്ടിൽ പറഞ്ഞുവെക്കാനും വയ്യ. വാസ്തവത്തിൽ “ഒരു നിശ്ചയമില്ലയൊന്നിനും” എന്നു വന്നു കൂടുന്നു.

ഇന്നും ശാസ്ത്രത്തിലെ തർക്കം തീരാത്തതാണ് വെളിച്ചെണ്ണയുടെ കാര്യം. വെളിച്ചെണ്ണ ഹൃദയം തകരാറിലാക്കുമെന്ന് കുറെക്കാലമായി ലോകം മുഴുവൻ പറഞ്ഞു പിടിപ്പിച്ചിരിക്കുന്നു. നമ്മൾ അതിന്റെ ഉപയോഗം നിർത്തിയിട്ടില്ലെന്നത് വേറെ കാര്യം. കേരളത്തിലെ ചില വെളിച്ചെണ്ണ പ്രേമികളായ ശാസ്ത്രകുതുകികൾ മാത്രമേ വെളിച്ചെണ്ണകൊണ്ട് ആപത്തില്ലെന്നു പറയുന്നവരായിട്ടുള്ളു. അവരുടെ വാക്കിനാകട്ടെ വിലയും പ്രചാരവും ഏറെ കിട്ടിയതുമില്ല.

അങ്ങനെയിരിക്കേ, ഈയിടെ ഞാൻ വായിച്ചു, അമേരിക്കയിലെ സ്വീകാര്യതയുള്ള ചില സ്ഥാപനങ്ങൾ നടത്തിയ ഗവേഷണത്തിൽ തെളിഞ്ഞിരിക്കുന്നു വെളിച്ചെണ്ണകൊണ്ട് വലിയ ആപത്തില്ല പോലും. എന്നു തന്നെയല്ല, വെളിച്ചെണ്ണ മിതമായ അളവിൽ ഗുണം നൽകുകകൂടി ചെയ്യുമത്രേ. കോർണൽ സർവകലാശാലയിലെ തോമസ് ബ്രെന്ന, കാലിഫോർണിയ സർവകലാശാലയിലെ ഡാനിയൽ ഹ്വാംഗ് എന്നീ പോഷകാഹാരഗവേഷകരെ ഉദ്ധരിച്ചുകൊണ്ടുള്ള ഒരു ലേഖനം വെളിച്ചെണ്ണയുടെ ഹൃദ്യമായ സാക്ഷ്യപത്രമായി തോന്നി. അപ്പോൾ, ശാസ്ത്രത്തിൽ ശരി ഏത്? തെറ്റ് ഏത്? ഒരേ കാര്യം ഒരേ സമയം ശരിയും തെറ്റുമാകുന്നത് തത്വശാസ്ത്രത്തിലല്ലേ, ശാസ്ത്രത്തിലല്ലല്ലോ.

ഏറെ ഗവേഷണത്തിനുശേഷം അമേരിക്കയിൽ വികസിപ്പിച്ചെടുത്ത ഒരു ഔഷധമാണ് പ്രൊസാക്. അതു കഴിച്ചാൽ വിഷാദരോഗം പമ്പയല്ല, മിസ്സിസ്സിപ്പി തന്നെ കടക്കും. അതിന്റെ മഹത്വം വാഴ്ത്തുന്ന പുസ്തകങ്ങൾ പലതുണ്ടായി. ലേഖനങ്ങളുടെയും ചിത്രീകരണങ്ങളുടെയും എണ്ണം പറായാനാവില്ല. കോടാനുകോടി ഡോളറിന്റെ മരുന്നാവും ലോകം കഴിച്ചിട്ടുണ്ടാവുക. പ്രൊസാക്കിന്റെ വെള്ളിവെളിച്ചത്തിൽ ലോകം അഭിരമിക്കേ കുറച്ചിട മുമ്പ് കുറെ ശാസ്ത്രജ്ഞർ വിഷാദരോഗം ഉള്ളവരെയും ഇല്ലാത്തവരെയും ഈ മരുന്നു കൊടുത്ത് നിരീക്ഷിച്ചു. ചിലർക്ക് മരുന്നു കൊടുത്തു. ചിലർക്ക് വെറും വെള്ളം മരുന്നാണെന്നു പറഞ്ഞു കൊടുത്തു. വെള്ളം കഴിച്ചവരിൽ കണ്ട മാറ്റം മാത്രമേ മരുന്നു കഴിച്ചവരിലും കണ്ടുള്ളു എന്നായിരുന്നു ശാസ്ത്രീയമായ കണ്ടുപിടുത്തം. അപ്പോൾ വിഷാദരോഗത്തിനുള്ള അത്ഭുതൊഷധമാണ് അതെന്ന പഴയ ശാസ്ത്രീയമായ കണ്ടുപിടുത്തത്തെപ്പറ്റി എന്തു പറയും? സത്യത്തിന്റെ തിരിച്ചറിവിലേക്ക് ശാസ്ത്രം ഇനി എത്ര ദൂരം, എത്ര കാലം, പോകേണ്ടിവരുമോ ആവോ?


(malayalam news april 25)

Saturday, April 23, 2011

എല്ലാവർക്കും എന്തൊരു വിരോധം!

എല്ലാം ചിട്ടയോടെ നടക്കുന്നുവെന്നും വരാനിരിക്കുന്നതെല്ലാം നേരത്തേ നിഴൽ വീഴ്ത്തുമെന്നും വിശ്വസിക്കാനാണ് നമുക്ക് ഇഷ്ടം. ആ ചിട്ട മനസ്സിലാക്കാനും വരാൻ പോകുന്നതൊക്കെ മുൻകൂട്ടി കണ്ടറിയാനുമുള്ള ശ്രമത്തിൽ നാം എന്നും മുഴുകിയിരിക്കുന്നു. എന്നാലും ചില കാര്യങ്ങൾ, നല്ലതും ചീത്തയുമായ കാര്യങ്ങൾ, തമാശ തോന്നിക്കുന്ന കാര്യങ്ങൾ, അത്ഭുതവും അങ്കലാപ്പും ഉണ്ടാക്കുന്ന കാര്യങ്ങൾ, മുന്നറിയിപ്പൊന്നുമില്ലാതെ, പൊടുന്നനവേ, സംഭവിക്കുന്നു.

ഒരു ഉദാഹരണം പറയട്ടെ. നിങ്ങൾ എന്നെ കടത്തിവെട്ടി പറയുമായിരിക്കും: സുനാമി. ശരി. പക്ഷേ വേറൊന്നാണ് എന്റെ മനസ്സിൽ. സുനാമിയുടെ ആകസ്മികതയോടെ, എന്നാൽ നമുക്ക് കുറെക്കൂടി അടുത്ത്, ഉണ്ടായതാണ് അണ്ണ ഹസാരെ. വ്യാകരണം തെറ്റിപ്പറയുന്നതല്ല, അണ്ണ ഹസാരെ അതു തന്നെ, വെറുമൊരാളല്ല, വലിയ ഒരു സംഭവം. വിശേഷിച്ചൊരു മുന്നറിയിപ്പുമില്ലാതെ ഈയിടെ നമുക്കിടയിൽ പൊട്ടിത്തെറിച്ച ഒരു സംഭവം.

നാലാന്നാൾ വരെ അണ്ണ ഹസാരെ അങ്ങകലെ ആകാശവീഥിയിൽ മങ്ങിയും മറഞ്ഞും കണ്ടിരുന്ന ഒരു സാന്നിധ്യമായിരുന്നു. പേരു തന്നെ മിക്കവർക്കും ശരിക്കു പറയാൻ അറിയുമായിരുന്നില്ല. ഒരു ദിവസം അതൊരു വീട്ടുപേരായി. അണ്ണ ഹസാരെയെ അറിയാത്തവരും അഴിമതിയെ വെറുക്കാത്തവരും ആയി ആരുമില്ലാതായി. എത്രയോ കാലത്തെ പരിശ്രമം വേണ്ടി വന്നു ഗാന്ധിക്ക് നിസ്സഹകരണവും സത്യഗ്രഹവുമൊക്കെ ഒരു സംഭവമാക്കാൻ. അഴിമതിക്കെതിരെ ഒരു പ്രസ്ഥാനം ജനപ്രിയമാക്കാൻ ജയപ്രകാശ് നാരായണനും വേണ്ടി വന്നു ഏറെക്കാലം. വന്നു, കണ്ടു, കീഴടക്കി എന്നതൊക്കെ സീസർക്കേ പറഞ്ഞിട്ടുള്ളു. ഒന്നു തിരുത്തിക്കൂട്ടെ, അണ്ണ ഹസാരെക്കും.

സത്യഗ്രഹത്തിനുമുമ്പ് ഗാന്ധി ഏറെ തയ്യാറെടുപ്പ് നടത്തിയിരുന്നു. തന്നെത്തന്നെ തയ്യാറാക്കണം; ഒരു ജനകീയസാഹചര്യവും തയ്യാറാക്കിയെടുക്കണം. എന്നിട്ടേ അദ്ദേഹം സത്യഗ്രഹം തുടങ്ങിയിരുന്നുള്ളു. ഗാന്ധിയുടെ മുപ്പതോളം സത്യഗ്രഹങ്ങളിൽ മൂന്നിലൊന്ന് ആത്മശുദ്ധിക്കുവേണ്ടിയായിരുന്നു. വേറൊരു മൂന്നിലൊന്ന് സമൂഹത്തിലെ ദുർമര്യദകൾക്കെതിരെയും. മൂന്നാമത്തെ മൂന്നിലൊന്നു മാത്രമായിരുന്നു ബ്രിട്ടിഷ് രാജിനെതിരെയെന്ന്, മഹാത്മാവിന്റെ പൌത്രനായ ഗോപാൽകൃഷ്ണ ഗാന്ധിയുടെ പിൻബലത്തോടെ, ഇവിടെ പറഞ്ഞുവെക്കട്ടെ.

കളിയാക്കുകയല്ല, അണ്ണ ഹസാരെയുടെ നിരാഹാരപ്രഖ്യാപനത്തിന് അങ്ങനെയൊരു നീണ്ട സജ്ജീകരണമൊന്നും വേണ്ടിയിരുന്നില്ല. ഒരു ദിവസം അദ്ദേഹം തീരുമാനിച്ചു, പ്രഖ്യാപിച്ചു, സീസറെപ്പോലെ, ജനമാനസം കീഴടക്കി. ഇത്ര ചുരുങ്ങിയ കാലംകൊണ്ട് ഇത്രയേറെ ജനപ്രിയം നേടിയ ഒരു അഴിമതിസമരം നടന്നതായി ചരിത്രം ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കത്തു വഴിയും പ്രസ്താവന വഴിയും ഫേസ്ബൂക് വഴിയും ട്വിറ്റർ വഴിയും നേരിട്ടും അണ്ണ ഹസാരെയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താനാവില്ല. ആയിരക്കണക്കിനാളുകൾ ദിവസേന അണി നിരക്കുകയായിരുന്നു, വർഗ്ഗഭേദമെന്യേ, വംശഭേദമെന്യേ. അതായിരുന്നു അത്ഭുതം.

ഇത്രയേറെ ആളുകൾ അഴിമതിക്കെതിരാണെന്ന് ഞാൻ കരുതിയിരുന്നില്ല. അണ്ണ ഹസാരെയെപ്പോലെ ചിലർ കാണും, അഴിമതിയെ വെറുക്കുകയും എതിർക്കുകയും ചെയ്യുന്നവർ. വേറെ കുറെപ്പേർ വാക്കാൽ എതിർക്കുകയും കർമ്മവശാൽ അഴിമതിയിൽ പങ്കു കൊള്ളുകയും ചെയ്യുന്നവരാകും. ഏറെപ്പേരും എല്ലാവർക്കും അണ്ണ ഹസാരെയാകാൻ പറ്റുമോ എന്ന ചോദ്യവുമായി ചെറുതും വലുതുമായ അഴിമതിയുമായി സമരസപ്പെട്ടുകൊണ്ടു സുഖിച്ചു കഴിയും. അതായിരുന്നു നാലാന്നാൾ വരെ എന്റെ ധാരണ. സിനിമാ നടികളും സാധാരണക്കാരും കോടീശ്വരന്മാരും വ്യവസായികളും അടുത്തൂൺ പറ്റിയ ധ്വരമാരും വക്കീൽമാരും മറ്റു പല വേൻദ്രന്മാരും മേത്തരം കാറുകളിലും കൃത്യാന്തരബാഹുല്യത്തിനിടയിലും അണ്ണ ഹസാരെയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിറങ്ങിയതോടെ ആ ധാരണ മാറി. അഴിമതിക്കെതിരല്ലാത്തവരായി നമ്മുടെ ഇടയിൽ ആരുമില്ല. ശാന്തം പാപം!

ജയപ്രകാശ് നാരായൺ ജവാഹർലാൽ നെഹ്രുവിന്റെ സമകാലികനായിരുന്നു. ഒട്ടൊക്കെ സമശീർഷനുമായിരുന്നു. ജെപി എന്ന് അറിയപ്പെടുകയും പിന്നീട് ലോകനായകൻ എന്നു നാമകരണം ചെയ്യപ്പെടുകയും ചെയ്ത ജയപ്രകാശ് നടത്തിയ സമരം നെഹ്രുവിന്റെ മകളുടെ കാലത്ത് കൊടികുത്തിയ അഴിമതിക്കെതിരെ ആയിരുന്നു. പിന്നീട് ഭാരതീയ ജനത പാർട്ടി ആയി മാറിയ വിഭാഗം അതിനെ നന്നായി മുതലാക്കി. അന്നും അഴിമതിയെ വെറുക്കാത്തവരായി ആരുമില്ലെന്നു തോന്നി. പക്ഷേ ആ സമരം വഴി ജെപി തുടങ്ങാൻ ഉദ്ദേശിച്ച പ്രസ്ഥാനത്തിന്റെ പേരുപോലും എല്ലാവരും മറന്നു കഴിഞ്ഞിരിക്കുന്നു. തന്റെ ലക്ഷ്യത്തെ അദ്ദേഹം വിളിച്ചത് സമ്പൂർണവിപ്ലവം എന്നായിരുന്നു.

അണ്ണ ഹസാരെയുടെ സമരം തുടങ്ങുന്നതിനുമുമ്പുതന്നെ ഇന്ത്യയെ ശുദ്ധീകരിക്കാൻ കൂപ്പുകൂട്ടിയിരുന്ന ഒരാളെപ്പറ്റി ഞാൻ കഴിഞ്ഞ ദിവസം വായിക്കാനിടയായി. ശാരീരികവും മാനസികവുമായ സ്വാസ്ഥ്യത്തിനുവേണ്ടിയുള്ള പ്രവർത്തനത്തിലായിരുന്നു അതുവരെ അദ്ദേഹത്തിന്റെ ശ്രദ്ധ. യോഗാഭ്യാസം വഴി മനസ്സിനെയും ശരീരത്തെയും ക്രിയാത്മകമാക്കാനുള്ള സ്വാമി രാം ദേവിന്റെ യത്നത്തിന് ലോകതലസ്ഥാനങ്ങളിൽ പങ്കളികൾ ഉണ്ടായിരിക്കുന്നുവത്രേ. സ്വാമി രാം ദേവ് അഴിമതിക്കെതിരെ തുടങ്ങാനിരുന്ന സമരത്തെ അനുകൂലിക്കുന്നവരിൽ അണ്ണ ഹസാരെയും ഉണ്ടായിരുന്നതായി വായിച്ചു. അതിനിടയിലായിരുന്നു അണ്ണ ഹസാരെയുടെ തന്നെ, ഏറെ നീളും മുമ്പേ അവസാനിപ്പിച്ച, നിരാഹാരസമരം. എല്ലാവരും അനുകൂലിക്കുകയും, കുറെപ്പേർ വാഴ്ത്തുകയും ചെയ്ത ആ സമരത്തിനൊടുവിൽ അണ്ണ, നരേന്ദ്ര മോഡിക്ക് യോഗ്യതാപത്രം നൽകിയതോടെ
ചിലരൊക്കെ പരുങ്ങലിലായി. നാമെല്ലാം എതിരായിട്ടും അഴിമതി ഇല്ലാതാകുന്നില്ലല്ലോ എന്നതാണ് ഇനിയും മനസ്സിലാകാത്ത കാര്യം.

ഇതു പോലെ മനസ്സിലാകാത്ത ഒരു സംഭവം ഉണ്ടായതായി ഓർക്കുന്നു പത്തു പതിനഞ്ചൂ കൊല്ലം മുമ്പ്. നാടു മുഴുവൻ ഒരു സംഭവം ഇത്ര പെട്ടെന്ന് പാട്ടായ ചരിത്രമില്ല. ഉറക്കം തൂങ്ങിയ ഒരു ദിവസം എന്റെ ഒരു സ്നേഹിതൻ ഡൽഹിയിൽനിന്ന് വിളിച്ചു ചോദിക്കുകയായിരുന്നു: “കേട്ടില്ലേ, ഗണപതി പാലു കുടിക്കുന്നു. ശരി തന്നെയത്രേ....” ഞാൻ കേട്ടിരുന്നില്ല, കണ്ടിരുന്നുമില്ല. പിന്നെ കേൾക്കാൻ തുടങ്ങി, ഗണപതി പാലു കുടിച്ചുവെന്നും, കുടിച്ചുവോ, കുടിച്ചെങ്കിൽ എങ്ങനെ കുടിച്ചു എന്നു ചിലർ പരിശോധിച്ചറിഞ്ഞുവെന്നും, ബി ബി സി വരെ അതു റിപ്പോർട് ചെയ്തിരിക്കുന്നുവെന്നും ഒക്കെ കേൾക്കാൻ തുടങ്ങി. ബി ബി സി റിപ്പോർട് ചെയ്തെങ്കിൽ പിന്നെ ഗണപതിക്ക് പാൽ കുടിക്കാതിരിക്കാൻ കഴിയില്ലല്ലോ എന്നായി അതുവരെ ഒന്നും കേൾക്കാതിരുന്ന മറ്റു ചിലർ. മോദകവും കദളിപ്പഴവും ഇഷ്ടമുള്ള ഗണപതി പാലും പ്രിയപാനീയമാക്കിയോ എന്നായിരുന്നു എന്റെ അന്വ്വേഷണം. ഏതായാലും ഒരു ദിവസം കൊണ്ട്, ഏതാനും മണിക്കൂറുകൊണ്ട്, ഒരു കിവദന്തി വലിയൊരു നാടു മുഴുവൻ പടർന്ന വിശ്വാസമായി മാറുന്നത് അപൂർവസംഭവമായിരുന്നു.

അതിനും മുമ്പായിരുന്നു ഒരു കണ്ടുപിടുത്തത്തിന്റെ വാർത്ത നാടെമ്പാടും രായ്ക്കുരാമാനം പടർന്നുകയറിയ സംഭവം. മാതൃഭൂമിയിലെ പി രാജനും കാർഷിക കോളെജിലെ തോമസ് വർഗീസും ഞാനും ഒരു വൈകുന്നേരം ആ കണ്ടുപിടുത്തത്തെപ്പറ്റി കേൾക്കാൻ പോയി. ചോദ്യം ചെയ്യപ്പെടാൻ വയ്യാത്തതെന്ന മട്ടിലായിരുന്നു അതിന്റെ അവതരണം. അതുകൊണ്ട് ചോദ്യം മതിയാക്കി ഞാൻ കേട്ടിരുന്നു. ഒരു എണ്ണ കാച്ചിയെടുത്തിരിക്കുന്നു, അതു തേച്ചാൽ മുടി വളരുമെന്നു കണ്ടിരിക്കുന്നു! നീലിഭൃംഗാദി തേച്ചാൽ മുടി കൊഴിച്ചിൽ കുറയുമെന്ന് എന്റെ അമ്മ പറഞ്ഞിരുന്നല്ലോ എന്നു ഓർത്തപ്പോൾ കഥയിൽ ചോദ്യം പാടില്ലെന്ന് ആരോ എന്നെ ഓർമ്മപ്പെടുത്തി.

ഞാൻ ഓർത്തു. ദേവതകളും മനുഷ്യരും തമ്മിലുള്ള മുഖ്യവ്യത്യാസം മുടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യരെ കഷണ്ടി ബാധിക്കും. ദേവതകളെ ജരാനരയും മുടി കൊഴിച്ചിലും ബാധിക്കില്ല. എന്റെ സ്നേഹിതൻ കാച്ചിയെടുത്തിരിക്കുന്ന എണ്ണ തേച്ചാൽ വരണ്ട മണ്ടയിലും മുടി വളരും. അതോടുകൂടി മനുഷ്യന്റെ പദവി ഉയരും. മനുഷ്യന് അമരത്വം നൽകുന്ന കണ്ടുപിടുത്തം എന്നൊരു അപ്രസ്തുതപ്രശംസയോടെ ഞാൻ എഴുതാൻ ഉദ്ദേശിച്ച ലേഖനം അല്പം വൈകിപ്പോയി. അക്ഷമനായ കണ്ടുപിടുത്തക്കാരൻ വേറൊരു ലേഖകനെ വിളിച്ച് വാർത്ത ചോർത്തി. “കഷണ്ടിക്ക് മരുന്ന്” എന്ന വെണ്ടക്കയോടുകൂടി വന്ന വാർത്ത ഇന്ത്യ മുഴുവൻ പരന്നത് ഒരാഴ്ചകൊണ്ടായിരുന്നു. പിന്നെ എണ്ണ പര്യവേക്ഷണത്തിനായി നാനാജാതിമതസ്ഥരായ ആളുകൾ നാടിന്റെ നാനാഭാഗങ്ങളിൽനിന്നും അംബുജവിലാസം റോഡിലേക്ക് ഇരച്ചുകയറുകയായിരുന്നു. എത്ര മുടി എവിടെയൊക്കെ വളർന്നുവെന്ന് ആർക്കും കണക്കു വെക്കാൻ നേരമുണ്ടായിരുന്നില്ല.

കാതലായ പ്രശ്നം ഇവിടെ അതല്ല. ആർ എന്ത് എത്ര വേഗം എന്തുകൊണ്ട് വിശ്വസിക്കുന്നു? നല്ലതെന്നു നാം കരുതുന്ന പല കാര്യങ്ങളും ആളുകൾ നേരെയങ്ങു വിഴുങ്ങാത്തതുകൊണ്ട്, ബോധവൽക്കരണം ദുഷ്കരമാകുന്നതും അതിനുവേണ്ടി പുതിയ സങ്കേതങ്ങൾ ആവിഷ്ക്കരിക്കേണ്ടിവരുന്നതും നാം ദിവസേന കാണുന്നതാണല്ലോ. നികുതി കൊടുക്കണമെന്നും പുക വലിക്കരുതെന്നും ഇടതു വശം ചേർന്നു നടക്കണമെന്നുമൊക്കെ ആളുകളെ പറഞ്ഞു മനസ്സിലാക്കാനുള്ള പാട് ബോധവൽക്കരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കൊക്കെ അറിയാം. അവർ അതിനു മെനക്കെട്ടുകൊണ്ടിരിക്കുമ്പോൾ ഇതാ വരുന്നു, അഴിമതിക്കെതിരെയുള്ള അണ്ണ ഹസാരെയുടെ സമരവും അഹംഹമികയാ അതിനെ പിൻതാങ്ങാനുള്ള ആളുകളുടെ ഇരച്ചുകയറ്റവും! എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്ന് ആരറിഞ്ഞു!

(malayalam news april)