Tuesday, June 28, 2011

മുച്ചീട്ടുകളിക്കാരന്റെ മക്കൾ

ഒറ്റവീർപ്പിൽ ചോദ്യവും പാതി ഉത്തരവും പരത്തിപ്പറഞ്ഞുകൊണ്ട് അവതാരക അരങ്ങു തകർത്തു. പങ്കെടുക്കുന്നവരും കേട്ടിരിക്കുന്നവരും തലയാട്ടി. അര മണിക്കൂർ നീണ്ട ആലോചനക്കുശേഷം പിരിയുമ്പോൾ എല്ലാവർക്കും ഒരേ മനസ്സായിരുന്നു: തട്ടിപ്പ് തെറ്റാണ്; നടപടി വേണം; പണം പോയവർക്ക് അതു തിരിച്ചുകിട്ടണം.

ടെലിവിഷൻ അണക്കുമ്പോൾ ഭാര്യയും ഞാനും ഊറിച്ചിരിച്ചുപോയി. ആർക്കും എതിരായി ഒന്നും പറയാനില്ലാത്ത ആ പ്രപഞ്ചസത്യത്തെപ്പറ്റി ഇത്ര ആലോചിക്കാനെന്തിരിക്കുന്നു? തട്ടിപ്പ് കൊള്ളാമെന്നോ തട്ടിപ്പുകാരനെ ആദരിക്കണമെന്നോ കബളിപ്പിക്കപ്പെടുന്നയാൾക്ക് പോയ പണം തിരികെ കിട്ടരുതെന്നോ ആരും വിചാരിക്കില്ല. എന്നിട്ടും ഇതൊക്കെ ഏതാണ്ടൊരു നിയമം പോലെ നടന്നുവരുന്നു.

കേരളത്തിൽ അതു നടക്കുന്നതിലാണ് പലർക്കും അത്ഭുതം. എല്ലാവരും സാക്ഷരരായ നാടല്ലേ? ഉപഭോക്താക്കളെല്ലാം കൊള്ളാവുന്ന അഭിരുചിയുള്ളവരായതുകൊണ്ട്, എന്തു സാധനവും വിറ്റുനോക്കാൻ വിപണനവിദഗ്ധർ തിരഞ്ഞെടുക്കുന്ന നാടല്ലേ? അവിടെ ഇങ്ങനെയൊക്കെ, നിയമം പോലെ, നിർബ്ബാധമായും ഏറെക്കുറെ നിത്യമായും, തട്ടിപ്പ് നടക്കുമോ? നടക്കും. അതു തെളിയിക്കാൻ പൊലിസും വക്കീലും വേണ്ട.

ഇനി അക്ഷരാഭ്യാസവും വകതിരിവും ഏറിയതുകൊണ്ടാകുമോ തട്ടിപ്പും കേരളീയതയുടെ ഭഗമാകുന്നത്‌? പലപ്പോഴും ജീവിതത്തിനു നിയാമകമാകുന്നത് യുക്തിയും സത്യവുമല്ല, മണ്ടത്തരവും വിരോധാഭാസവുമാണെന്നു തോന്നും. അക്ഷരാഭ്യാസം കൂടിയ നാട്ടിൽ തന്നെയാണല്ലോ ആത്മഹത്യയും മദ്യപാനവും കൂടിയിരിക്കുന്നത്! ഒറ്റ നോട്ടത്തിൽത്തന്നെ കള്ളമാണെന്നു മനസ്സിലാക്കാവുന്ന ഔഷധങ്ങളും അനുഗ്രഹങ്ങളും ഇവിടെ നന്നായി ചിലവാകുന്നു! അനുഗ്രഹം വിറ്റഴിക്കാൻ ഭാണ്ഡവുമായി മറുനാട്ടിൽനിന്നെത്തുന്നവർക്കും കേരളത്തിലെ പ്രബുദ്ധത പർണ്ണശാല പണിതു കൊടുക്കും!

ആ നിലക്കു വേണം പണം ഇരട്ടിപ്പിക്കുന്നവരുടെ വളർച്ച നോക്കിക്കാണാൻ. പണം വരണ്ട വായുവിൽനിന്ന് ഉണ്ടാവില്ലെന്നാണ് ജ്യോഫ്രി ക്രൌതർ എന്ന പഴയൊരു ധനശാസ്ത്രജ്ഞന്റെ മൊഴി. മുച്ചീട്ടുകളി ഇവിടെ തകൃതിയായത് അക്കാര്യം അറിയാഞ്ഞിട്ടല്ലല്ലോ. തോട്ടിറമ്പിലും പൂരപ്പറമ്പിലും തൂവാല വിരിച്ച്, മൂന്നു ചീട്ട് നിരത്തി, പണം വാരുകയും കോരുകയും ചോരുകയും ചെയ്യുന്നതു കാണിച്ചുതരുന്ന മുച്ചീട്ടുകളിക്കാരൻ നമ്മുടെ നായകസങ്കല്പത്തിൽ പെടും. അങ്ങനെയൊരു മുച്ചീട്ടുകളിക്കാരന്റെ മകളെ ബഷീർ പോലും നായികയായി
വാർത്തെടുക്കുകയുണ്ടായി.

എല്ലാം വെറുതെ കിട്ടണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം എവിടെയും കുറവല്ല. കേരളത്തിൽ അവർക്ക് ഭൂരിപക്ഷം കാണും. തോറ്റുപോകുന്നവർക്ക് പിഴച്ചുപോകാനുള്ള വക സൌജന്യമായി കൊടുക്കുന്നത് സാമൂഹ്യസുരക്ഷയുടെ ഭാഗം തന്നെ. ആ വഴിയേ കേരളം നടത്തിയ മുന്നേറ്റത്തെ ഒരിടക്ക് നൊബേൽ ജേതാവായ അമർത്യ സെൻ പോലും
പ്രകീർത്തിക്കുകയുണ്ടായി. പക്ഷേ സൌജന്യം ആവശ്യമുള്ളവരാണ് എല്ലാവരും എന്നു വന്നാലോ? വലിയ സൌകര്യമുള്ളവർക്കു പോലും എന്തെങ്കിലും സൌജന്യം കിട്ടിയേ തീരൂ. അവരെ പ്രീണിപ്പിക്കാൻ “ജനകീയക്കവലയിലെ നേതാക്കൾ” മത്സരിക്കുന്നു. അതുകൊണ്ട് എല്ലാവർക്കും എന്തെങ്കിലും പെൻഷൻ കിട്ടുന്നു. പാവപ്പെട്ടവനും പണക്കാരനും റേഷൻ കിട്ടുന്നു. ഇരുപതു രൂപ വില വരുന്ന അരി ഒരു രൂപക്ക് കൊടുക്കേണ്ടാത്തവരായി ആരെങ്കിലും ഉണ്ടോ എന്ന അന്വേഷണത്തിലാണ് കേരളം.

വെറുതെ എല്ലാം കിട്ടണമെന്ന ആഗ്രഹത്തിൽനിന്ന് ഏറെ അകലെയല്ല ഉള്ള പണം കണ്ണടച്ചു തുറക്കുമ്പോഴേക്കും പത്തിരട്ടിയാക്കാനുള്ള ശ്രമം. നമുക്കറിയാം, ഗോപിനാഥ് മുതുകാടിനുപോലും പറ്റുന്നതല്ല ആ പണി. പക്ഷേ അതു പറ്റുമെന്നു വിശ്വസിക്കാനാണ് സാക്ഷരകേരളത്തിന് ഇഷ്ടം. സായുധവിപ്ലവത്തിലൂടെ സമത്വസുന്ദരമായ സമൂഹം സൃഷ്ടിക്കാൻ തുനിഞ്ഞിറങ്ങിയ അതേ അഭിനിവേശത്തോടെ, മാനത്ത് മാഞ്ചിയം കൃഷി ചെയ്തും ഒന്നു വെച്ചാൽ രണ്ടും, രണ്ടു വെച്ചാൽ നാലും, നാലു വെച്ചാൽ നാനൂറും കിട്ടുമെന്ന് വിചാരിച്ചും പണപ്പെരുക്കത്തിന്റെ വഴി തെടുകയാണ് നമ്മൾ. ഓർമ്മയില്ലേ, അറിയാത്തതോ ഇല്ലാത്തതോ ആയ മാഞ്ചിയം കൃഷിഭൂമി വാങ്ങാൻ ആളുകൾ അഹമഹമികയാ മുന്നോട്ടു വന്നത് പതിനഞ്ചുകൊല്ലം മുമ്പായിരുന്നു.

മാധ്യമങ്ങൾക്ക് അന്നും നല്ല കോളായിരുന്നു. പരസ്യം കൊടുക്കാൻ പ്രമോട്ടർമാർ തള്ളിക്കേറിച്ചെന്നപ്പോൾ, “സത്യമേ പറയൂ, ധർമ്മമേ ആചരിക്കൂ” എന്നു നിർബ്ബന്ധമുള്ള പത്രങ്ങൾ ഒരു വ്യവസ്ഥ വെച്ചു. വിശ്വസിക്കാൻ വിഷമമുള്ളതുകൊണ്ടോ, അതോ, പെട്ടെന്ന് അച്ചടിക്കണമെന്നതുകൊണ്ടോ, അത്തരം പരസ്യങ്ങൾക്ക് പതിവിൽ കവിഞ്ഞ കൂലി ഈടാക്കിയിരുന്നുവത്രേ. ഞാൻ ജോലി ചെയ്തിരുന്ന ശൃംഖലക്കുവേണ്ടി ഒരു വൈസ് പ്രസിഡന്റ് എന്നെ ചെന്നെയിൽ ഒരു ഭൂമിപതിയുടെ ആപ്പീസ്സിൽ കൊണ്ടൊപോയതോർക്കുന്നു. എന്നെ വിരട്ടാനെന്നോണം ഭൂമിപതി ഫുൾ സ്യൂട്ടിൽ ആണ് പ്രത്യക്ഷപ്പെട്ടത്. മോഹനസുന്ദരവാഗ്ദാനങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഞങ്ങളുടെ വൈസ് പ്രസിഡന്റ് ഇരുന്ന ഇരുപ്പിൽ വീർക്കുന്നതു പോലെ തോന്നി. ഞാൻ കൊച്ചിയിൽ തിരിച്ചെത്തി ഏറെ ദിവസം കഴിയും മുമ്പ്, വാഗ്ദത്തപരസ്യം വരും മുമ്പ്, ഭൂമിപതി അകത്തായി. ഒരു പുതു നടിയുടെ പടം പത്രത്തിൽ കൊടുക്കാൻ വേണ്ടി പണം തട്ടിയതിന്റെ പേരിൽ പണ്ടൊരിക്കൽ ഒരു പത്രത്തിൽനിന്ന് പുറത്താക്കിയ വീരനാണ് വൈസ് പ്രസിഡന്റ് എന്ന് പിന്നീടു കേട്ടു.

പരസ്യം കിട്ടിയിരുന്നെങ്കിൽ ഞങ്ങളും അച്ചടിക്കുമായിരുന്നു. ധർമ്മവിചാരം
തൽക്കാലം സോക്സിനുള്ളിൽ കുത്തിക്കേറ്റിവെക്കും, അത്ര തന്നെ. അത്ര തന്നെയേ എല്ലാ പത്രങ്ങളും ചെയ്തുള്ളു. കൊള്ളാവുന്ന കൂലി കിട്ടുമെന്നുവന്നപ്പോൾ, കിട്ടിയ പരസ്യം അടിച്ചുവിട്ടു, സത്യവും ധർമ്മവുമൊന്നും കാര്യമായി നോക്കാതെ. വലിയ ആദായം കിട്ടുമെന്നു കണ്ടപ്പോൾ, കറുത്തതും വെളുത്തതുമായ പണം മുടക്കിയവർ ചെയ്തതും അതുതന്നെയല്ലേ? പണം ഒഴുക്കാൻ ആളുണ്ടാകുമെന്നു കണ്ടപ്പോൾ, മാഞ്ചിയക്കാരനും മണി ചെയിൻകാരനും ചെയ്തതും വേറൊന്നല്ലല്ലോ. പോയാൽ പത്തു തെങ്ങ്, ആയാൽ ഒരു തീരം നിറയെ തോപ്പ്--അതാണ് എന്നും പ്രമാണം.

നമ്മൾ എത്ര വേഗം എല്ലാം മറക്കുന്നുവെന്നു നോക്കുക. ഉദാഹരണം ബ്ലേഡ്.
എൺപതുകൾക്കുമുമ്പ് താടി വടിക്കാനോ ഞരമ്പു മുറിക്കാനോ ഉപയോഗിച്ചിരുന്ന സാധനമായിരുന്നു ബ്ലേഡ്. എൺപതുകളുടെ തുടക്കത്തിൽ ശബ്ദകോശത്തിൽ ബ്ലേഡിന് പുതിയൊരു വ്യാഖ്യാനം എഴുതിച്ചേർത്തു. മോഹിപ്പിക്കുന്ന പലിശ വാഗ്ദാനം ചെയ്ത്, തിരിച്ചുകൊടുക്കാനുദ്ദേശമില്ലാത്ത വലിയ നിക്ഷേപം വാങ്ങിപ്പോകുന്ന വിരുതന്മാരുടെ വിദ്യയായി പിന്നീട് ബ്ലേഡ് അറിയപ്പെട്ടു. കുരുക്കിൽ പെട്ടുപോയ ഒരു പാവത്തിനെ രക്ഷിക്കാൻ പറ്റുമോ എന്നു നോക്കി ഒരു പൊലിസ് മേധാവിയുടെ സഹായം തേടിച്ചെന്നപ്പോൾ, സരസനായ അദ്ദേഹം സംഗതിയുടെ ഗുട്ടൻസ് എന്നെ പറഞ്ഞു മനസ്സിലാക്കി. കരാറിൽ മൂന്നു കൊല്ലം പലിശ കൊടുക്കാം, മുതൽ കൊടുക്കുമെന്ന് പറഞ്ഞിട്ടില്ല. അത് അറിഞ്ഞോ അറിയാതെയോ വാഗ്ദത്തഭൂമിയിലേക്ക് കുനികുത്തിയെത്തിയ നിക്ഷേപകരെപ്പറ്റി എന്തു പറയും?

അതിനും മുമ്പു തുടങ്ങിയതാണ് ഭാഗ്യക്കുറി. അതിനും മുമ്പു തുടങ്ങിയത് ഒരു പക്ഷേ മുച്ചീട്ടുകളി മാത്രമേയുള്ളു. അധ്വാനത്തിന്റെ മഹിമ വാഴ്ത്തുന്ന കമ്യൂണിസത്തിന്റെ കാലഘട്ടത്തിൽ കേരളത്തിൽ തുടങ്ങിയതാണ് നറുക്കിട്ട് ഭാഗ്യവാന്മാരെ സൃഷ്ടിക്കുന്ന വിദ്യ. അറുപതുകളിൽ. അതിനും മുമ്പ് പത്രപ്രവർത്തകർ ഒരു ഭാഗ്യക്കുറി നടത്തിയെന്ന് വി ബാലറാം എന്ന പ്രശസ്തലേഖകൻ പറയുമായിരുന്നു. അന്ന് ഒന്നാം സമ്മാനം ആന ആയിരുന്നു. ഞാൻ ടിക്കറ്റ് എടുക്കുകയും ഒന്നാം സമ്മാനം അടിക്കുകുയും ചെയ്തിരുന്നെങ്കിൽ, ആനയെ കെട്ടാൻ എങ്ങനെ സ്ഥലം കണ്ടെത്തുമെന്ന പരിഭ്രമം എന്നെ ഇന്നും വിട്ടുമാറിയിട്ടില്ല. ബാലറാം എന്നെ സമാധാനിപ്പിച്ചു: “പേടിക്കണ്ട. ആനയുടെ നറുക്ക് ആർക്കും വീണില്ല.“

ഇപ്പോഴും അങ്ങനെ ആണല്ലോ. ഒന്നാം സമ്മാനമായി പ്രഖ്യാപിക്കാറുള്ള ബെൻസ് കാറും ബില്യൻ ഡോളറും നേടിക്കൊടുക്കുന്ന നറുക്ക് മിക്കപ്പോഴും ആർക്കും കിട്ടാറില്ലത്രേ.
ബെൻസ് കിട്ടാനുള്ള സാധ്യത നന്നേ കുറവാണെന്ന് സാന്റിയാഗോ മാർട്ടിനെപ്പോലെ ടിക്കറ്റെടുക്കുന്ന ഓരോ ദുർമ്മോഹിക്കും അറിയാം. തന്റെ ബാങ്ക് പൊളിച്ച് നാട്ടുകാരെ നന്നാക്കാൻ മാർട്ടിൻ മുന്നിട്ടിറങ്ങുമെന്ന് ആരും കരുതിയിട്ടില്ല. പണം കൊടുക്കുന്നതിനെപ്പറ്റിയും വാങ്ങുന്നതിനെപ്പറ്റിയും എന്തെങ്കിലും പറഞ്ഞു തരാൻ ധനശാസ്ത്രത്തിന്റെ സ്ഥാപകനായ ആഡം സ്മിത് വേണമെന്നില്ല. സ്മിത് പറഞ്ഞു, “നമുക്ക് അത്താഴത്തിനുള്ള വക കിട്ടുന്നത് വെട്ടുകാരന്റെയോ വാറ്റുകാരന്റെയോ വെപ്പുകാരന്റെയോ(butcher, brewer, baker) ദയാവായ്പുകൊണ്ടല്ല, അവർക്ക് സ്വന്തം കാര്യം നോക്കാനുള്ള താല്പര്യം കൊണ്ടത്രേ.”

നമുക്ക് അറിയാത്തതാണോ ഈ പച്ചപ്പരമാർഥം? നമുക്ക് കൊള്ളലാഭം ഉണ്ടാക്കിത്തരാനോ സ്വയം നഷ്ടം മുഴുത്ത് മുടിയാനോ ഒരു മാർട്ടിനും ആപ്പിൾ കൃഷിക്കാരനും തുനിയില്ലെന്നത് മൂന്നു തരം. എന്നാലും ഭൂതം കാക്കാത്ത നിധി തേടിപ്പോകുന്ന മണ്ടൻ പയ്യനെപ്പോലെ, സാക്ഷരതയും അതിലുമപ്പുറവുമുള്ള മലയാളി ബ്ലേഡിലും ചെയിനിലും കുടുങ്ങിപ്പോകുന്നു. അവരെ കുടുക്കാനും കുടുങ്ങിക്കഴിഞ്ഞാൽ “അയ്യോ പാവം” എന്നു മുറവിളി കൂട്ടാനും സദാചാരനിഷ്ഠമായ മാധ്യമം എപ്പോഴും ബദ്ധശ്രദ്ധമായിരിക്കും. അതുകൊണ്ട് നമുക്ക് നമ്മുടെ പ്രിയപ്പെട്ട ചാനൽ ചർച്ചയിലേക്ക് തിരിച്ചു പോകാം. അവതാരകയുടെ ചോദ്യം ഉത്തരമായി അനർഗ്ഗളം മുഴന്നിക്കൊണ്ടിരിക്കുന്നു: കേരളത്തിൽ കമ്യൂണിസവും ഭാഗ്യക്കുറിയും ഭക്തിയും ഒരുപോലെ പടരുന്നു....”


(malayalam news june 27)

Thursday, June 23, 2011

കാലസ്ഥലികളിൽ മറുപിറവി

ഹുമായൂണിന്റെ ശവകുടീരത്തിനുമുമ്പിൽ ഷാൻ മറി അന്തിച്ചു നിന്നു. നാലു നൂറ്റാണ്ടിനപ്പുറം നടന്ന മരണത്തെപ്പറ്റി എന്റെ ഗീർവാണം നീണ്ടുപോയപ്പോൾ കനഡക്കാരനായ ആ സ്നേഹിതനു വീർപ്പു മുട്ടി. മുന്നൂറുകൊല്ലത്തിലേറെയൊന്നും തന്റെ നാടിന്റെ ചരിത്രം നീളുന്നില്ലല്ലോയെന്ന് മറി മന്ത്രിക്കുന്നതു കേട്ടു. ഇംഗ്ലിഷുകാരും ഫ്രഞ്ചുകാരും വെട്ടിപ്പിടിച്ച കനഡയിൽ പഴമയുടെ ഓർമ്മയായി ഇനിയും നിലനിൽക്കുന്നത് ചില പേരുകൾ മാത്രം. മിസിസ്വാഗ, ടൊറൊന്റൊ, ഓട്ടവ, എന്നൊക്കെ കുറെ സ്ഥലനാമങ്ങൾ പൈതൃകത്തിന്റെ ശബ്ദമായി, അനാംഗലീകൃതമായി, ഇന്നും കേൾക്കുന്നു.

അതിനപ്പുറം ഓർമ്മ നീളാത്ത മറിയെ ഞാൻ മുഗളർക്കുമുമ്പുള്ള ലോദിയുടെ സ്മാരകത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. പിന്നെ പതിമൂന്നം നൂറ്റാണ്ടിലെ അടിമവംശത്തിന്റെ മീനാരങ്ങൾ കണ്ടു. കാലത്തിന്റെ ചക്രവാളം തൊട്ടുകിടക്കുന്ന ചരിത്രത്തിന്റെ നേർ അവകാശിയെന്ന കേമത്തം എന്റെ ഉള്ളിൽ വിങ്ങി. പിന്നെ ഞാൻ ചൂളുന്ന ഇരയെ പീഡിപ്പിക്കുന്ന കൌതുകത്തോടെ മറി കാണാത്ത കേരളത്തെപ്പറ്റി പറഞ്ഞു. ദൈവപുത്രന്റെ വരവിനുമുമ്പത്തെ കേരളത്തെപ്പറ്റി കേട്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ അവിശ്വാസംകൊണ്ടു തിളങ്ങി.

ബുദ്ധന്റെയും മഹാവീരന്റെയും സാക്ഷ്യസങ്കേതങ്ങൾ സംസാരവിഷയമായി. എന്തൊക്കെയോ വാങ്ങാനും വിൽക്കാനും കേരളക്കരയിൽ വന്നുപോയിരുന്നവരെപറ്റി പറഞ്ഞു. ഗ്രീക്കുകാർ, റോമക്കാർ, മധ്യേഷ്യക്കാർ. അവരിൽ ചിലർ അതിനെ മലബാർ എന്നു വിളിച്ചു. മറ്റു ചിലർക്ക് അത് മുസിരിസ് ആയിരുന്നു. അതുതന്നെയായിരുന്നുവത്രേ രാമായണത്തിലെയും ഭാരതത്തിലെയും മുരചിപ്പട്ടണം. ലോകനാഗരികതകൾക്ക് വിനിമയവേദി ഒരുക്കിയ മുരചിയെന്ന ഇതിഹാസകേന്ദ്രത്തിന്റെ കഥ കേട്ടുകേൾവിയല്ല.

മുരചിയുടെ പെരുമയും പഴമയും ചരിത്രവും പൈതൃകവും തിരഞ്ഞുവരുന്ന പുതിയ ലോകസഞ്ചാരിക്കുവേണ്ടി കാഴ്ചക്കൊരുക്കാൻ കഴിഞ്ഞ കേരളസർക്കാർ ഒരു പരിപാടി സ്വപ്നസൌരഭമുള്ള തയ്യാറാക്കുകയുണ്ടായി. ധനവിനിയോഗത്തെപ്പറ്റി ആലോചിക്കാത്ത നേരത്തൊക്കെ തോമസ് ഐസക് അതിനെപ്പറ്റി കിനാവു കണ്ടു. കേന്ദ്രസർക്കാർ അതിനുവേണ്ടി വൻ തോതിൽ പണം വാഗ്ദാനം ചെയ്തു. ഐക്യരാഷ്ട്രസംഘടന അതിൽ താല്പര്യം കാണിച്ചു. പക്ഷേ നിർവഹണത്തിനുവേണ്ട സ്ഥിരം സംവിധാനം ഉണ്ടാക്കാതിരുന്നതുകൊണ്ട്, സെക്രട്ടേറിയറ്റിൽ ഫയൽ തള്ളുകയും മുക്കുകയും ചെയ്യുന്ന വേന്ദ്രന്മാർ അതിനെയും ഒരു വിനോദമാക്കി. ഭരണം മാറിയപ്പോൾ മുൻ ഗണനാക്രമം മാറി, മുസിരിസ് പൈതൃകപദ്ധതി പഴതായിപ്പോയി.

പരപുഛവും അഭ്യസൂയയും കരളിൽ കുടിവെച്ചുനടക്കുന്ന നമ്മുടെ സർക്കാർ
സ്ഥാപനങ്ങൾക്കു പറഞ്ഞിട്ടുള്ളതല്ല ഇത്തരം ബൃഹത്തായ, ഭാവനയും കാര്യക്ഷമതയും ഒരുപോലെ ആവശ്യപ്പെടുന്ന പദ്ധതികൾ. ലോകത്തെ മുഴുവൻ നമ്മുടെ മുറ്റത്തു വരുത്താൻ പോരുന്നതാണ് മുസിരിസ് പൈതൃകപദ്ധതി. എത്രയോ രാജ്യങ്ങളുടെ തനിമയും ഓർമ്മയുമായി അതു ബന്ധപ്പെട്ടിരിക്കുന്നു. അവരൊക്കെ തുടക്കത്തിലേ താല്പര്യം കാണിക്കുകയുമുണ്ടായി. പക്ഷേ തൻപോരിമയും അസൂയയും തികഞ്ഞ ഭാവനാരാഹിത്യവും കൈമുതലായുള്ളവർ അവർ വഴിയേ ഈ പരിപാടി കെട്ടുപോകാവൂ എന്നു നിർബ്ബന്ധിക്കുകയായിരുന്നു. സമഗ്രവും സൂക്ഷംവുമായ ആസൂത്രണവും
നിർവഹണവുമുണ്ടെങ്കിൽ മഹത്തായ ഒരു ലോകസംരംഭമാകാമായിരുന്ന ഒരു പദ്ധതി അങ്ങനെ, കവി പറഞ്ഞ പോലെ, ആശയത്തിന്റെയും യാഥാർഥ്യത്തിന്റെയും നടുവിൽ വീഴുന്ന വെറും നിഴലായി ഒതുങ്ങിപ്പോകുന്നു.

എല്ലാ പതനങ്ങളിൽനിന്നും എന്തെങ്കിലുമൊരു നന്മ ഉയർന്നുവരാം; എല്ലാ അപഭ്രംശങ്ങളിൽനിന്നും പുതിയൊരു താളവും ലയവും ഉരുത്തിരിയാം. എന്നും തീർത്തും ശരിയായില്ലെങ്കിലും, അതാണല്ലോ പഴയ സങ്കല്പം. മുരചിപ്പട്ടണത്തിന്റെ കാര്യത്തിൽ അതു ശരിയായിരിക്കുന്നുവെന്നു പറയണം. പുരാവൃത്തത്തിൽ പൊതിഞ്ഞ അതിന്റെ മായികതയും ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും അധിഷ്ഠിതമായ വാസ്തവികതയും ആവാഹിച്ചെടുത്ത ഒരു പുസ്തകം ഉണ്ടായിരിക്കുന്നു മുരചിപ്പട്ടണത്തെപ്പറ്റി. പല രൂപങ്ങളിൽ, പല ഭാവങ്ങളിൽ, പല മൊഴികളിൽ മുരചി ഒരു എഴുത്തുകാരനെ ആവേശിച്ചതിന്റെ നഖചിത്രങ്ങളുടെ സഞ്ചയമാണ് സേതുവിന്റെ പുതിയ നോവലായ മറുപിറവി എന്ന ആ പുസ്തകം.

ഇതിഹാസസമാനമായ കാലവും പ്രമേയവും മറുപിറവി കൈകാര്യം ചെയ്യുന്നു. മൂവായിരം കൊല്ലം മുന്നൂ‍റ്റിയെഴുപതു പേജിൽ അവതരിക്കുന്നു. ഒരു ലക്ഷം ശ്ലോകത്തിന്റെ ധാരാളിത്തം കുരുക്ഷേത്രത്തിന്റെ കഥ പറയാൻ നിയോഗിക്കപ്പെട്ട കൃഷ്ണദ്വൈപായനന് അനുവദിക്കപ്പെട്ടിരുന്നു. ആയിരം കഥാപാത്രങ്ങളും അതിലുമേറെ ഉപാഖ്യാനങ്ങളുമായി, യുദ്ധത്തിന്റെ ദാരുണമായ പരിണാമത്തിൽ ഊന്നിയ പുരാണം അദ്ദേഹം പാടിപ്പോയി. സേതുവിന്റെ മറുപിറവി മുഴുവൻ ഉപാഖ്യാനങ്ങളാണ്; കേന്ദ്രീകൃതമായ ഒരു കഥാഖ്യാനമില്ല; മുഖ്യകഥാപാത്രം എന്നു പറയാവുന്ന ഒരാളും അതിലില്ല. ഉപാഖ്യാനങ്ങളാകട്ടെ, ഒന്നിനൊന്നു പ്രധാനവും, മുരചിയിലെ കാലപ്രവാഹത്തിനിടയിൽ അപ്രധാനവും, ആകുന്നു. പ്രധാനമായതൊന്നേയുള്ളു--കോലം മാറുകയും എന്നിട്ടും അലങ്കോലമാകാത്ത അനുസ്യൂതത്വത്തോടുകൂടി നിലകൊള്ളുകയും ചെയ്യുന്ന മുരചിപ്പട്ടണം എന്ന മുസിരിസ്.

മലയാളത്തിലെ ആഖ്യായികകളിൽ കൈകാര്യം ചെയ്യപ്പെടുന്ന കാലവും സ്ഥലവും വിദൂരമോ വിശാലമോ ആകാറില്ല. കൊച്ചുകേരളത്തിലും ചുറ്റുവട്ടത്തും കടന്നുപിടിച്ചൊതുക്കാവുന്ന കാലഖണ്ഡത്തിലും പ്രതിഷ്ഠിക്കപ്പെട്ട പാത്രങ്ങളും സംഭവങ്ങളുമാണ് പൊതുവേ അവയുടെ അസംസ്കൃതവസ്തുക്കൾ. മറുപിറവി മുരചിപ്പട്ടണം വരെ വ്യപിച്ചുകിടക്കുന്നതു കാണാം. ജീവിതം ചേന്ദമംഗലത്തൊതുങ്ങുന്ന അച്ചുമാനും കടൽ എത്തിക്കുന്ന തുറകളെല്ലാം സന്ദർശിക്കുന്ന അഡ്രിയാനും നൈലിന്റെ കരയിലിരുന്ന് ലോകവിനോദസഞ്ചാരം സംഘടിപ്പിക്കുന്ന ആസാദും യരൂശലേമിലെ മരുഭൂമിയിൽ പൂക്കൃഷി പരീക്ഷിച്ചു വിജയിപ്പിച്ച ബസലേലും ഒക്കെ ബൃഹത്തായ ഒരു സ്ഥലകാലസമുച്ചയം ഒരുക്കുന്നു. അവരെപ്പോലെ എത്രയോ കഥാപാത്രങ്ങൾ അവരവരുടെ കൊച്ചുവേഷങ്ങൾ ആടിത്തകർത്ത്, ആദിമധ്യാന്തപ്പൊരുത്തം തീർക്കാൻ കാത്തുനിൽക്കാതെ, വരുന്നു, വന്നപോലെ പോകുന്നു.

മുരചി കൂടാതെ, ആദ്യന്തം കാണുന്ന ഒരു കഥാപാത്രമേയുള്ളു മറുപിറവിയിൽ--‍അറുപതുകളുടെ അവസാനത്തിലെത്തിനിൽക്കുന്ന ചേന്ദമംഗലത്തുകാരൻ അരവിന്ദൻ. അയാളുടെ ഓർമ്മയിലൂ‍ടെ, വായനയിലൂടെ, ഭാവനയിലൂടെ മുരചി ഇതൾ വിടർത്തുന്നു. ചേരചരിതം, കുരുമുളകു കൃഷി, ചവിട്ടുനാടകം, നാവികസദാചാരം, നെയ്ത്തിന്റെ ഉത്ഭവം, ഗോവിന്ദൻ വലിയച്ചന്റെ ദൈന്യത്തിൽ കലാശിച്ച വീരസാഹസികത്വം, പാലിയം സത്യാഗ്രഹം, കമ്യൂണിസത്തിന്റെ അപചയം, പട്ടണം ഉദ്ഖനനം--അങ്ങനെ പരസ്പരബന്ധം ആവശ്യമില്ലാത്ത സംഭവങ്ങളുടെ ഒരു ഘോഷയാത്രക്ക് മനസ്സുകൊണ്ട് സാക്ഷിയാകുകയാണ് അരവിന്ദൻ. അപ്പപ്പോഴത്തെ ആവശ്യത്തിനുള്ള കഥകളും പാത്രങ്ങളും അരവിന്ദന്റെ കല്പനയിൽ അവതരിക്കുന്നുവെന്നു മാത്രം.

ഫെർണാണ്ടോ പെസൊവ എന്ന പോർട്ടുഗീസ് എഴുത്തുകാരൻ പ്രയോഗിച്ചുനോക്കിയ ഭ്രമജനകമായ ഒരു തന്ത്രമുണ്ട്: ഒരാളിൽത്തന്നെ ഒളിഞ്ഞിരിക്കുന്ന പല ആളുകളെ പുറത്തിറക്കുക, അവരെ തമ്മിൽ ഇടപഴക്കുക. ബഹുകർതൃത്വം എന്ന് അർഥം പറയാവുന്ന heteronym എന്ന സങ്കേതമനുസരിച്ച് ഒരാൾ പലരായി കഥ പറാഞ്ഞുപോകുന്നു. സേതുവിന്റെ നോവലിലെ കപ്പൽ കമ്പനി ജോലിക്കാരനായിരുന്ന അരവിന്ദൻ, മുരചിയുടെ ആവേശത്തിൽപെട്ട് എഴുത്തു തുടങ്ങുന്നു. അരവിന്ദന്റെ രചനയാണ് മറുപിറവിയിലെ ഒരു ഖണ്ഡം. അതാകട്ടെ ഘടനയിലും ശൈലിയിലും നോവലിന്റെ മറ്റുഭാഗങ്ങളിൽനിന്ന് വേറിട്ടുനിൽക്കുകയും ചെയ്യുന്നു.

പുതിയ ജീവിതത്തിന്റെ ശീലുകളും പഴമയുടെ സങ്കല്പങ്ങളും തമ്മിൽ ഉരസുന്നതുകാണാം മറുപിറവിയുടെ ഓരങ്ങളിൽ. മെഡിക്കൽ ബുള്ളറ്റിനു കാതോർത്തു ജീവിക്കേണ്ടിവരുന്ന സായന്തനത്തിൽ മാത്രം കഴിഞ്ഞ കാലത്തെ ഓർത്തെടുക്കാൻ വേണ്ടി നാട്ടിലെത്തുന്ന അരവിന്ദന്റെ മുരചിപ്പട്ടണത്തിലേക്കും അതിനുചുറ്റുമുള്ള സ്മൃതിസഞ്ചാരമാണ് മറുപിറവി. കണ്ടോ കാണാതെയോ മറന്ന കാലത്തിലേക്കും സ്ഥലത്തിലേക്കും തിരിഞ്ഞുനോക്കാനുള്ള മനുഷ്യവാസനയുടെ ആവിഷ്ക്കാരത്തിന് പുതിയൊരു രൂപം കൊടുത്തതാണ് അതിന്റെ വിശേഷത.

ആ വാസനയുടെ പ്രേരണകൊണ്ടെഴുതിയ ഈ നോവൽ, അതിന്റെ നിയോഗം സംക്ഷേപിച്ചുകൊണ്ട്, ഇങ്ങനെ കാവ്യാത്മകമായി അവസാനിക്കുന്നു: “ഇത് ഏതോ പൂർവികൻ കൊതിച്ച മടക്കയാത്രയാണ്. ആരൊക്കെയോ ബാക്കിവെച്ചുപോയ മോഹങ്ങളുടെ ഭണ്ഡവും പേറി വരുന്നവന്റെ സാഫല്യം ഈ കാഴ്ചകളാണ്, ഈ ചിത്രങ്ങളാണ്. അവയെ വരും തലമുറക്കായി കാത്തുവെച്ച് അയാൾ കപ്പൽ കയറുമ്പോൾ, ആദ്യകാലസഞ്ചാരികളെ വരവേറ്റ കടപ്പുറം പതിയെ കൈ വീശുന്നുണ്ടാകും. കടൽക്കാറ്റിൽ ഏതോ നേർത്ത ഈണവും. പക്ഷേ അത് അയാളിൽ അവസാനിച്ചേക്കില്ല. പിന്നീടെന്നോ ഒർ എഴുത്തുകാരൻ, ശില്പി, പാട്ടുകാരൻ, അങ്ങനെ ആരൊക്കെയോ ഒരിക്കലും മുറിയാത്ത കണ്ണീകൾ ഇണക്കിച്ചേർക്കാനായി കാലത്തിന്റെ ഉൾവിളി കേട്ട്....”

(malayalam news june 20)

Monday, June 13, 2011

പരസ്യം എന്ന വർത്തമാനം

വർത്തമാനപത്രം മിക്കവാറും അതല്ലാതായിരിക്കുന്നു. ഓരോ ദിവസത്തെയും പത്രം അക്കാര്യം തെളിയിക്കുന്നു, വർത്തമാനപത്രം അതല്ലാതായിരിക്കുന്നുവെന്ന കാര്യം. എന്നാലും അതു സമ്മതിച്ചുകൊടുക്കാൻ നമുക്ക് മടി. വർത്തമാനപത്രം അതല്ലാതാകുന്നതെങ്ങനെ?

പരസ്യമാണ് ദിനപത്രം നിറയേ. എന്നാലും നമ്മൾ അതിനെ വർത്തമാനപത്രം എന്നേ വിളിക്കൂ. പത്രപ്രവർത്തകൻ എന്നാൽ വർത്തമാനം ശേഖരിക്കുകയും പാകം ചെയ്തു കൊടുക്കുകയും ചെയ്യുന്നയാൾ എന്നേ ഇന്നും അർഥമാകൂ. പരസ്യം ശേഖരിക്കുകയോ പത്രം വിൽക്കുകയോ ചെയ്യുന്നയാളെ ആരും പത്രപ്രവർത്തകൻ എന്നു വിളിക്കാറില്ല. നിരീക്ഷകൻ എന്നോ വിമർശകൻ എന്നോ പറഞ്ഞാലും വർത്തമാനം വായിച്ച് ഉദാരമായി അഭിപ്രായം തട്ടിമൂളിക്കുന്നയാൾ എന്നേ ഉദ്ദേശിക്കുന്നുള്ളൂ. പരസ്യം നോക്കി അതിന്റെ ഭംഗിയോ കപടതയോ വിലയിരുത്തുന്നത് നിരീക്ഷകന്റെ പണിയായി കൂട്ടുന്നില്ല.

പക്ഷേ പരസ്യത്തിന്റെ അംശം വർത്തമാനപത്രത്തിൽ എത്രയും കൂട്ടാനാണ് എല്ലാവരുടെയും ശ്രമം. പത്രം പച്ച പിടിക്കണമെങ്കിൽ പരസ്യം വേണം. അതേ സമയം പരസ്യവും വർത്തമാനവും തമ്മിലുള്ള അനുപാതം വർത്തമാനത്തിനനുകൂലമായി
നിലനിർത്താൻ പത്രാധിപന്മാർ പണ്ടൊക്കെ യുദ്ധം തന്നെ ചെയ്തിരുന്നു. അമ്പത്തഞ്ചു ശതമാനം വാർത്തയും നാല്പത്തഞ്ചു ശതമാനം പരസ്യവും എന്ന അനുപാതം ഒരു തരത്തിലും മാറ്റാൻ സമ്മതിക്കില്ലെന്ന് പുതുതായി ചുമതലയേറ്റ ഒരു പത്രാധിപർ ലേഖകന്മാർക്ക് ഉറപ്പു നൽകിയിരുന്നതു ഞാൻ ഓർക്കുന്നു.

അതു പറയുമ്പോൾ അദ്ദേഹം പഴയ ഒരു കുരുട്ടുമൊഴി ഓർത്തിരിക്കണം: “രണ്ടു പരസ്യങ്ങൾക്കിടയിൽ കുത്തിത്തിരുകുന്നതാണ് വാർത്ത.” അന്നന്നത്തെ വർത്തമാനം പാകം ചെയ്തു നിരത്തുന്നവർക്കറിയാം, ഏതെല്ലാം പരസ്യം എവിടെയെല്ലാം കൊടുക്കുമെന്ന് പരസ്യവിഭാഗം വരച്ചു വെച്ചിരിക്കുന്ന ഡമ്മിയനുസരിച്ച്, അവശേഷിക്കുന്ന സ്ഥലത്തേ എഴുതിപ്പിടിപ്പിക്കാൻ പറ്റുകയുള്ളു. ആദ്യമൊക്കെ ഒന്നാം പേജിൽ ചില പത്രങ്ങൾ വാർത്തയേ കൊടുത്തിരുന്നില്ലത്രേ. പിന്നെപ്പിന്നെ, ഒന്നാം പേജിൽ പരസ്യം കൊടുക്കുകയില്ലെന്ന് ചില പത്രാധിപർ വിജയപൂർവം ശഠിച്ചു. അവർ അധികം വാണില്ല. ഒടുവിൽ, ഒന്നാം പേജിൽ കൊടുക്കാനുള്ള പരസ്യം ഏറുന്നതിനാൽ, വേണ്ടപ്പോൾ രണ്ട് ഒന്നാം പേജ് ആകാം എന്ന നിലയിൽ എത്തിയിരിക്കുന്നു. മാത്രമല്ല, രണ്ടോ നാലോ പേജ് പരസ്യക്കാർക്ക് ഇഷ്ടമുള്ളതെല്ലാം എഴുതിനിറക്കാൻ വിട്ടുകൊടുക്കുന്ന സമ്പ്രദായവും എല്ലാവർക്കും സമ്മതമായിരിക്കുന്നു.

പരസ്യം വർത്തമാനമായി വരുന്നതാണ് പുതിയ പ്രവണത. വിദൂരമായിപ്പോലും പരസ്യമാകുമോ എന്നു തോന്നുന്ന ഒന്നും തൊടില്ല എന്നൊരു അയിത്താചരണം പാലിച്ചുപോന്നിരുന്നു പഴയ പത്രപ്രവർത്തകർ. പുതിയ സംസ്ക്കാരത്തിൽ, പരസ്യത്തെ എങ്ങനെ വിശ്വാസ്യതയുള്ള വർത്തമാനമാക്കി അവതരിപ്പിക്കാൻ കഴിയുമെന്ന പരീക്ഷണവും ഗവേഷണവും തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. ആ നിലക്ക്, മാധ്യമത്തിന്റെ ഉള്ളടക്കം അപഗ്രഥിക്കുന്ന പണ്ഡിതന്മാർ സദാചാരവിചാരം നടത്തേണ്ടത് വർത്തമാനത്തെപ്പറ്റിയല്ല, പരസ്യത്തെപ്പറ്റിയാകുന്നു. നേരു പറഞ്ഞാൽ, ഒരു പത്രത്തിന്റെ സ്വഭാവം നിർണ്ണയിക്കുന്നത് അതിലെ വാർത്തയല്ല, പരസ്യമാണെന്നു വരുന്നു.

അടിസ്ഥാനപരമായ വർത്തമാനം എല്ലായിടത്തും ഒന്നു തന്നെ. അച്യുതാനന്ദൻ കയ്യില്ലാത്ത ബനിയിനിട്ട് ഉലാത്താൻ ഇറങ്ങി എന്ന വാർത്ത ജയ് ഹിന്ദിലും കൈരളിയിലും ഇന്ത്യ വിഷനിലും ഒരു പോലിരിക്കും. അതിനു കൊടുക്കുന്ന പ്രാധാന്യവും ചായ്‌വും ചെറുതായൊന്നു ഭേദപ്പെട്ടിരിക്കാമെന്നു മാത്രം. ആ ഭേദഭാവമാകട്ടെ, പ്രവചനീയമാകും താനും. അതിനുമപ്പുറം, ഏതു പരസ്യം കൊടുക്കാം, എങ്ങനെ, എത്രത്തോളം കൊടുക്കാം എന്നു നിശ്ചയിക്കുന്നതിലായിരിക്കും, ആയിരിക്കണം, മാധ്യമത്തിന്റെ മൂല്യവിചിന്തനം അടങ്ങിയിരിക്കുന്നത്. വർത്തമാനത്തിന്റെ കാര്യത്തിലാണെങ്കിൽ, സഞയ് ഗാന്ധിയുടെ പേർ അച്ചടിക്കുകയില്ലെന്ന തീവ്രവാദപരമായ നിലപാടെടുത്തുകൊണ്ട് എടത്തട്ട നാരായണൻ എന്ന പത്രാധിപർ കുറച്ചിടെ തന്റെ മൂല്യബോധം പ്രകടിപ്പിക്കുകയുണ്ടായി. പരസ്യത്തിന്റെ കാര്യത്തിൽ, പുതിയ സാഹചര്യത്തിൽ, അങ്ങനെയൊരു ഭേദഭാവമോ മൂല്യചിന്തനമോ ഇല്ലെന്നതാണ് വാസ്തവം. ഏതു പരസ്യവും എത്ര വേണമെങ്കിലും കേറും ഏതു മാധ്യമത്തിലും--ജയ് ഹിന്ദിലും കൈരളിയിലും, ഒരു സൊല്ലയുമില്ലാതെ. ദീപസ്തംഭത്തെപ്പറ്റിയും പണത്തെപ്പറ്റിയുമുള്ള പഴയ നമ്പ്യാർ ഫലിതം ഇവിടെ വാസ്തവമാകുന്നു.

പരസ്യചിന്തകർക്കെന്ന പോലെ,വർത്തമാനക്കാർക്ക് എല്ലാവർക്കും അറിയാവുന്നതാണ് പരസ്യത്തിന്റെ പ്രകൃതം. തീർത്തും ആവശ്യമുള്ളതല്ലാത്തതൊന്നിന് ആഗ്രഹം ജനിപ്പിക്കുന്നതാണ് പരസ്യം. കുടിവെള്ളത്തിനും പ്രാണവായുവിനും മുലപ്പാലിനും പരസ്യമാവശ്യമില്ലെന്നാണല്ലോ ധാരണ. അവിടെയും പരസ്യം കടന്നു വരുന്നു, ഒരു കുപ്പിയിലെ വെള്ളത്തിന്റെ വിശുദ്ധിയും ഒരു സങ്കേതത്തിലെ വായുവിന്റെ സമൃദ്ധിയും ഒരു ആഹാരക്രമം വഴി ഉണ്ടാകുന്ന മുലപ്പാലിന്റെ മേന്മയും ഊന്നിപ്പറഞ്ഞുകൊണ്ട്. പരസ്യം ഉണ്ടായാലേ സാധനം നന്നാകൂ എന്നായിരിക്കുന്നു പലരുടെയും ധാരണ. അതിന്റെ
തുടർച്ചയാകുന്നു എന്തും പരസ്യപ്പെടുത്തണമെന്ന ചിന്ത. പരസ്യപ്പെടുത്തുന്നതാകട്ടെ സത്യമായി പരിണമിക്കുകയും ചെയ്യുന്നു, വായനക്കാരുടെ മനസ്സിലെങ്കിലും.

കാണാതെ പോകുന്ന സാധനങ്ങളും കരാർ പണിയുമൊക്കെയായിരുന്നു പണ്ടൊക്കെ പരസ്യത്തിന്റെ പ്രധാനവിഷയം. എന്തും പരസ്യമാകുന്ന കാലം തുടങ്ങിയിട്ട് അധികമായിട്ടില്ല. മായാവതിയുടെ മായാജാലത്തിന്റെ മുഴുപേജ് പരസ്യം രണ്ടും മൂന്നും ദിവസം മലയാളത്തിൽ അടിച്ചുമിന്നിക്കുന്ന രീതി കണ്ടിരുന്നെങ്കിൽ ജഗജീവൻ റാം പോലും കണ്ണു തള്ളിപ്പോകുമായിരുന്നു. തിരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയപരസ്യത്തിന്റെ തുടക്കം രാജിവ് ഗാന്ധിയുടെ രംഗപ്രവേശത്തോടെയായിരുന്നു. അങ്ങനെ വന്നുവന്ന്, പരസ്യം ചെയ്താൽ ആവശ്യമില്ലാത്തതെന്തും വിറ്റഴിക്കാമെന്ന് മിക്കവരും ധരിച്ചുവശായിരിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പരസ്യമെന്ന ഒരു ആചാരമില്ലാതെ ഒന്നും വയ്യെന്നായിരിക്കുന്നു. അതാണല്ലോ അത്യാചാരം.

ആവശ്യമില്ലാത്തതാകുമ്പോൾ പരസ്യം ഏറും. അതുകൊണ്ടാകും, അലങ്കാരം ആവശ്യമെന്ന മട്ടിൽ പരസ്യപ്പെടുത്തുന്നു. നമ്മുടെ പരസ്യത്തിന്റെ നല്ലൊരു പങ്ക് ആടക്കും ആഭരണത്തിനുമാകും. ചുളിയാത്ത തൊലിയും കിളിരുന്ന കഷണ്ടിയും വാഗ്ദാനം ചെയ്യുന്ന പരസ്യം വായിക്കുമ്പോൾ അതൊക്കെ അങ്ങനെ നടക്കുമോ എന്ന് ആരും ചോദിക്കാറില്ല. മാറില്ലെന്ന് ഉറപ്പായ രോഗം ഒരു കിണറ്റിലെ വെള്ളം ജപിച്ചുകഴിച്ചാൽ ഭേദപ്പെടുമെന്നു കേട്ടാൽ രോഗി ചോദ്യം ചെയ്യാൻ ഇറങ്ങുമോ പരീക്ഷിച്ചുനോക്കാമെന്നു വിചാരിക്കുമോ?

യയാതിയെപ്പോലെ യൌവ്വനം നഷ്ടപ്പെട്ടവർക്ക് പൌരുഷം വീണ്ടെടുത്തുകൊടുക്കുന്ന ഔഷധങ്ങളുടെ പരസ്യം പൊടി പാറുന്നു. ചില ധീരന്മാർ അവക്ക് “ഗ്യാരണ്ടി” പോലും
നൽകുന്നു. ലളിതമായ വർത്തമാനബോധം വെച്ചു നോക്കിയാൽ, നഷ്ടയൌവ്വനത്തിന്റെ പുനരാദാനം പരസ്യമാകേണ്ടതല്ല; അതു വാർത്ത തന്നെയാകുന്നു. പക്ഷേ വിശ്വാസമില്ലാത്തതുകൊണ്ടോ പണം വാരുന്നുവെന്നതുകൊണ്ടോ, അതൊക്കെ പരസ്യമായേ പത്രങ്ങളിൽ വരാറുള്ളു. അങ്ങനെയൊരെണ്ണം, പരിശോധനയിൽ നിഷ്ഫലമെന്നു കണ്ടതുകൊണ്ട്, കുറച്ചിടെ നിരോധിച്ചതായി കേട്ടിരുന്നു. ഇപ്പോൾ ആ പരസ്യം വീണ്ടും വന്നിരിക്കുന്നു. നിർമ്മാതാക്കൾക്കും വില്പനക്കാർക്കും
ഉപയോക്താക്കൾക്കും അത്ര തൃപ്തി നൽകുന്ന സാധനം അധികം കാണില്ല. പരസ്യം ഇവിടെ സത്യദർശനമാകുന്നു.

ഈ നാടൻ അമൃതിന്റെ വിദേശിമാതൃകയായ വയാഗ്ര കഴിഞ്ഞ പത്തു പതിനഞ്ചുകൊല്ലത്തിനുള്ളിൽ ഒരു സംസ്കൃതിയുടെ ആത്മാവായി മാറുകയായിരുന്നു,
സർഗ്ഗാത്മകമായ പരസ്യം വഴി. അതിന്റെ ഫലശ്രുതി എന്തുമാകട്ടെ, കഴിഞ്ഞ കൊല്ലം വില്പന അഞ്ചു ശതമാനം കുറഞ്ഞുവത്രേ. ഫലസിദ്ധി അനുഭവപ്പെടുന്നവരെക്കാൾ
കൂടുതൽ, ഒരു തവണ ഉപയോഗിച്ചുനോക്കിയാലെന്താ എന്നു കരുതുന്നവരാണത്രേ അധികവും. ഒരു തവണത്തെ ഉപയോഗത്തിനുശേഷം വീണ്ടും അമൃതു തേടി വരാത്തവരുടെ എണ്ണം ഏറെയാണെന്നു സാക്ഷ്യപ്പെടുത്തുന്നു ന്യൂയോർക്കിലെ വിദഗ്ധനായ ജെഡ് കാമിനെട്സ്കി. ജനസംഖ്യയിലും അമൃതിന്റെ സ്വാധീനം കാണുന്നില്ല. അപ്പോൾ അതിന്റെ അത്ഭുതസിദ്ധിയൊക്കെ പരസ്യവാക്യത്തിൽ ഒതുങ്ങുന്നതായിരുന്നോ? എന്നൊന്നും ആരും പറയുന്നില്ല്ല. എന്നാലും വില്പന കുറയുന്നത് ഒന്നുകിൽ ആവശ്യം ഇല്ലാതാകുന്നതുകൊണ്ടോ അല്ലെങ്കിൽ ഫലം ഇല്ലെന്നു തെളിയുന്നതുകൊണ്ടോ ആയിരിക്കണം. ഫലം ഉണ്ടാകുമെന്ന പരസ്യം സത്യമാണെന്ന വിചാരം സത്യമായിരുന്നു. എപ്പോഴെങ്കിലും, എപ്പോഴെങ്കിലും മാത്രം, പുലരുന്നതാണ് സത്യം. അതുവരെ പരസ്യം തന്നെയായിരിക്കും സത്യം.

(malayalam news june 13)

Monday, June 6, 2011

ഓർമ്മകൾ പുറത്താകുമ്പോൾ

പേർഷ്യയിലെ സൈറസ് ചക്രവർത്തിക്ക് അദ്ദേഹത്തിന്റെ പട്ടാളക്കാരുടെയെല്ലാം പേർ ഓർമ്മയുണ്ടായിരുന്നു. റോമൻ പടത്തലവൻ ലൂഷ്യസ് സ്കിപ്പോവിന് നാട്ടുകാരുടെ മുഴുവൻ പേരും ഓർക്കാൻ കഴിഞ്ഞിരുന്നു. അക്ഷരശ്ലോകമത്സരത്തിൽ താനും മറ്റുള്ളവരും അപ്പപ്പോൾ കെട്ടിയുണ്ടാക്കിയ കവിതകളെല്ലാം കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഓർമ്മയിൽ തങ്ങിനിൽക്കുമായിരുന്നു. കൈക്കുളങ്ങര രാമ വാര്യർ ഒരിക്കൽ വായിച്ചുനോക്കുന്ന കൃതി പിന്നീട് എപ്പോൾ വേണമെങ്കിലും അക്ഷരം പ്രതി ഉദ്ധരിക്കുമായിരുന്നു. പത്തു വയസ്സിൽ പഠിച്ച വേദം എഴുപതു കൊല്ലത്തിനുശേഷവും എന്റെ അഛൻ ഏറെ പിഴക്കാതെ ഉരുവിടുമായിരുന്നു. അങ്ങനെയൊന്നും ഓർത്തിരിക്കേണ്ട കാര്യം എനിക്കില്ല.

പലവട്ടം ഉരുവിട്ടോ ആവർത്തിച്ചെഴുതിയോ, ഓരോന്നങ്ങനെ ഓർമ്മയിൽ കരുതിവെക്കേണ്ട കാര്യമില്ല. വിരലൊന്നമർത്തിയാൽ ഓർക്കേണ്ടതും ഓർക്കേണ്ടാത്തതും ഇപ്പോൾ ഒരുപോലെ മുന്നിൽ തെളിയുന്ന സ്ഥിതിയായിരിക്കുന്നു. വലുത്താക്കുകയും ചെറുതാക്കുകയും ചെയ്യാവുന്ന രൂപങ്ങളും രേഖകളും അക്ഷരകോടികളും കയ്യിലൊതുങ്ങുന്നതോ മേശപ്പുറത്തു സ്ഥാപിക്കുന്നതോ ആയ വെള്ളിത്തിരയിൽ ഇഷ്ടപ്പെട്ട നിറത്തിൽ തെളിഞ്ഞുവരുന്നു. വേണ്ടപ്പോൾ വായിക്കാം; വേണ്ടെങ്കിൽ വേറൊരവസരത്തിൽ വായിക്കാനായി തൽക്കാലം മായ്ച്ചുകളയാം. ഇനി ഓർമ്മയുടെ ഭാരം മുഴുവൻ ഉള്ളിൽ കൊണ്ടുനടക്കേണ്ട. നമ്മുടെ സ്വന്തമെന്നു കരുതിയ, കൈവിടാൻ വയ്യെന്നു കരുതിയ ഓർമ്മ പൂർണ്ണമായും പുറത്താക്കപ്പെട്ടിരിക്കുന്നു. നിഷ്കൃഷ്ടമായി, സംസ്കൃതീകരിച്ചു പറഞ്ഞാൽ, ഓർമ്മ ബാഹ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. സൂക്ഷിച്ചു പറയണം, ബഹിഷ്കരിക്കപ്പെടുകയല്ല, ബാഹ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു.

ഈ സ്ഥിതി കണ്ടു പേടിച്ചിട്ടാകണം, ഓർമ്മയെപ്പറ്റി, ഓർമ്മക്ക് ആക്കം കുട്ടുന്ന വഴികളെപ്പറ്റി, ഒരു പുസ്തകവുമായെത്തിയിരിക്കുന്നു ജോഷ്വ ഫോയെർ എന്നൊരു ചെറുപ്പക്കാരൻ പത്രപ്രവർത്തകൻ. അമേരിക്കയിൽ ഓർമ്മമത്സരത്തിൽ പടി പടിയായി പങ്കെടുത്തു ജയിച്ചുകൊണ്ടിരിക്കുന്ന ആ ഇരുപത്തിമൂന്നുകാരന്റെ പുസ്തകം വമ്പിച്ച രീതിയിൽ വിറ്റഴിയുന്നുവത്രേ. ഓർമ്മയുടെ ബാഹ്യവൽക്കരണത്തെച്ചൊല്ലിയുള്ള സാംക്രമികമായ ഭീതിയും അതിന്റെ അത്ഭുതകരമായ വില്പനക്കു നിദാനമാകാം. ഓർമ്മ കൂട്ടാനുള്ള പല വഴികളും ചർച്ച ചെയ്യുന്നതാണ്, ഐൻസ്റ്റീനോടൊപ്പം നിലാവിൽ ഉലാത്തുമ്പോൾ, എന്ന് അർഥം വരുന്ന തലക്കെട്ടോടുകൂടിയ ആ പുസ്തകം. നമ്മുടെ ബ്രഹ്മി ചേർത്ത മരുന്നുകളെപ്പറ്റി അതിൽ പരാമർശമില്ലെങ്കിൽ, അതിനെപ്പറ്റി വായിച്ചറിയാൻ പ്രായമായിട്ടില്ല ജോഷ്വക്ക് എന്നു കരുതിയാൽ മതി.

മനുഷ്യൻ രൂപപ്പെടുത്തിയെടുത്തിട്ടുള്ള ഓർമ്മയന്ത്രംകൊണ്ട് സാധിക്കുന്നത് ചില്ലറ കാര്യമല്ല. തമ്പുരാന്റെയോ വാര്യരുടെയോ പ്രതിഭയും അധ്വാനവുമില്ലാതെത്തന്നെ, അവർ ഓർത്തെടുത്തിരുന്ന ശ്ലോകങ്ങൾ കയ്യിലൊതുങ്ങുന്ന കമ്പ്യൂട്ടറിൽ ഒന്നമർത്തിയാൽ വരി വരിയായി പുറത്തെടുക്കാം. തമ്പുരാനും വാര്യരും, അവരെപ്പോലെത്തന്നെ സൈറസ് ചക്രവർത്തിയും ലൂഷ്യസ് സ്കിപ്പോവും, ഒരു തരം ശ്രുതിസംസ്ക്കാരത്തിന്റെ പ്രയോക്താക്കളായിരുന്നു. പറയുക, കേൾക്കുക, കേട്ടതോർത്ത് പറയുക--ഭാഷയുടെ സാധ്യത അവിടെ ഒതുങ്ങിയിരുന്നപ്പോൾ ഓർമ്മയായിരുന്നു നിലനില്പിന്റെ അടിസ്ഥാനം. ഇലയിലും ഇഷ്ടികയിലും ചെപ്പേടിലും ഓലയിലും കടലാസിലും ഉരുവിടുന്നതെല്ലാം കുറിച്ചുവെക്കാമെന്നായപ്പോൾ, ഉള്ളിൽ എല്ലാം കൊണ്ടു നടക്കണമെന്ന വ്യഥ ഒഴിവായി. മറ്റൊരു രീതിയിൽ പറഞ്ഞാൽ, അതായിരുന്നു ഓർമ്മയുടെ ബാഹ്യവൽക്കരണത്തിന്റെ ആദ്യത്തെ പ്രധാനപദം. മനുഷ്യന്റെ മസ്തിഷ്കത്തെക്കാൾ എത്രയോ ചെറിയ ഒരു യന്ത്രത്തിൽ എത്രയോ മസ്ത്ഷ്കങ്ങൾക്ക് ഓർത്തുവെക്കാൻ കഴിയാത്ത വിവരം ഒതുക്കിവെക്കാമെന്നായതോടെ ഓർമ്മിക്കുന്ന മനുഷ്യന്റെ പ്രാമാണ്യം പോയി. ഓർമ്മ തലയിൽ പേറി നടക്കാതെ, കീശയിലോ സഞ്ചിയിലോ ഒതുക്കിക്കെട്ടി കയ്യും വീശി പോകുന്ന മനുഷ്യൻ കേമനായി.

തമ്പുരാന്റെയോ വാര്യരുടെയോ ഓർമ്മയുടെ കേമത്തം ഞാൻ കണ്ടറിഞ്ഞതല്ല. പക്ഷേ ഓർമ്മ അഛനിലും മറ്റു പലരിലും വാണരുളുന്നത് ഞാൻ കണ്ടിരിക്കുന്നു. കാൽ നൂറ്റാണ്ടായി കാണാത്ത ഒരാളെ കാണുമ്പോൾ, പേരെടുത്തു വിളിച്ച് അയാളെ അത്ഭുതപ്പെടുത്താൻ ഓർമ്മ എന്നെ സഹായിച്ചിട്ടുണ്ട്. അങ്ങനെ ആരെയെങ്കിലും പേരെടുത്തു വിളിച്ചുനോക്കൂ, അയാൾക്ക് പ്രത്യേകം സന്തോഷമാകും, തന്റെ പേരും
ഓർക്കപ്പെടാവുന്നതാണെന്ന് അയാൾ അഭിമാനിക്കും. എപ്പോഴെങ്കിലും കണ്ടിട്ടുള്ള ഒരാളുടെ പേർ പിന്നീട് അയാളുടെ മുമ്പിലിരുന്ന് തപ്പുന്നതാണ് അനാദരം.
ഓർമ്മയില്ലായ്മ അപ്പോൾ ഓർമ്മ പതറുന്നയാളുടെ പോരായ്മയായല്ല, ഓർക്കപ്പെടാതെ പോകുന്നയാൾ സഹിക്കുന്ന അവഗണനയായി മാറുന്നു.

ഓർമ്മയില്ല്ലാത്തവരെ ഞാൻ എത്രയോ കണ്ടിരിക്കുന്നു. കാലത്തിന്റെ കലവറയിൽനിന്ന് എന്തെങ്കിലും ഓർത്തെടുത്തു പറഞ്ഞുവരുമ്പോൾ, തപ്പിത്തടഞ്ഞ്, “ഓർമ്മ നിൽക്കുന്നില്ല” എന്നു തന്നെത്തന്നെ ശപിക്കുന്ന കാരണവരുടെ ദൈന്യം അന്നൊന്നും അത്ര സാരമായെടുത്തിരുന്നില്ല. ശസ്ത്രക്രിയക്കിടയിൽ ഉണ്ടായ കുഴപ്പം കാരണം ബോധം നഷ്ടപ്പെട്ട് ആറുകൊല്ലം കിടന്ന റൂസ് വെൽറ്റിന്റെ പ്രശ്നം ഓർമ്മയുടെ പ്രശ്നമായിരുന്നില്ല. അന്തപ്പനായിരുന്നുവെന്നു തോന്നുന്നു ഓർമ്മ തകർന്ന നിലയിൽ ഞാൻ ആദ്യം കണ്ട ആൾ. കപ്പൽ നിർമ്മാണശാലയിൽ എഞ്ചിനീയറായിരുന്ന അന്തപ്പന്, അദ്ദേഹം തന്നെ രൂപകല്പന ചെയ്ത വീടിന്റെ ഭൂമിശാസ്ത്രം പോലും തിരിയാതായി, ഓർമ്മയില്ലായ്മ വഷളായപ്പോൾ. അന്തപ്പന് ആരോടെങ്കിലും ദേഷ്യം തോന്നുമ്പോൾ അടിക്കാൻ ഓങ്ങുന്ന കൈ എന്തിനു പൊങ്ങിയെന്ന് ഓർക്കാത്തതുകൊണ്ട് അടിക്കാതെ പോകുമായിരുന്നു. പിന്നീടു വായിച്ചറിഞ്ഞു, അതിനെക്കാൾ എത്രയോ കുറവാ‍ണ് ക്ലൈവ് വെയറിംഗ് എന്ന പേരു കേട്ട ബ്രിട്ടിഷ് സംഗീതശാസ്ത്രജ്ഞന്റെ ഓർമ്മത്തുണ്ടിന്റെ നീളം. അദ്ദേഹത്തിന്റെ ഒരോർമ്മയും ഒരു സെക്കന്റിലേറെ നീളുന്നില്ല പോലും. ഒരു സെക്കന്റിനെക്കാൾ സ്ഥായിയെന്നു പറയാവുന്ന വിചാരം എന്തെങ്കിലുമുണ്ടെങ്കിൽ, അത് ക്ലൈവിന്റെ സംഗീതത്തെപ്പറ്റിയും ഭാര്യ ഡെബോറയെപ്പറ്റിയുമായിരിക്കും. അവിടെയൊക്കെ ഓർമ്മ ബാഹ്യവൽക്കരിക്കപ്പെടുകയല്ല, തർക്കപ്പെടുകയാണെന്നു കാണാം. ബുദ്ധിനാശത്തിന്റെ മൂർദ്ധന്യമായി ഗീത കണക്കാക്കുന്ന സ്മൃതിവിഭ്രമം അല്ലെങ്കിൽ സ്മൃതിഭ്രംശം അതു തന്നെയാണോ?

അവരുടെ സ്ഥിതി മെച്ചപ്പെടുത്താൻ ഓർമ്മയന്ത്രം ഉപകരിക്കുന്നില്ല. കണ്ണട വെച്ചാൽ കാഴ്ചയും, ഇയർഫോൺ വെച്ചാൽ കേൾവിയും മെച്ചപ്പെടുന്നുണ്ട്. ഹൃദയത്തിന്റെ താളം ശരിപ്പെടുത്താൻ പേസ് മേക്കർ ഉണ്ട്. പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്ന ഒരു തരം അരപ്പട്ട ഉണ്ട്. അതുപോലെ ക്ലൈവ് വെയറിംഗിന്റെ ശിഥിലമായ ഓർമ്മയെ ക്രമീകരിച്ചെടുക്കുന്ന യന്ത്രം ഇതുവരെ ഉണ്ടായിട്ടില്ല. താമസിയാതെ അങ്ങനെ ഒന്ന് ഉണ്ടാകുമെന്നു തന്നെ കരുതണം. ഓർമ്മ മുഴുവനും തകരാറിലായിരിക്കയണെങ്കിലും, കീശയിലോ മേശപ്പുറത്തോ സഞ്ചിയിലോ ഒതുക്കിവെച്ചിട്ടുള്ള ഓർമ്മയന്ത്രത്തിൽ വിരൽ അമർത്താനുള്ള ഓർമ്മ ശേഷിച്ചിട്ടുള്ളവർക്ക് എന്തും ഏതും ഓർത്തെടുക്കാവുന്ന സ്ഥിതി ആവും. അവിടെ ഓർമ്മ മെച്ചപ്പെടുത്താനുള്ള അഭ്യാസങ്ങളൊന്നും വേണ്ടി വരില്ല. പക്ഷേ എന്തും ഏതും എന്നു പറഞ്ഞാൽ ശരിയാകുമോ?

തലയിൽ സൂക്ഷിക്കുന്ന ഓർമ്മയും കീശയിലെ യന്ത്രത്തിൽ ഒതുക്കിയിരിക്കുന്ന ഓർമ്മയും ഒരു പോലെയാകുമോ? തലയിൽ മങ്ങിയും മിന്നിയും വിളങ്ങുന്ന ഓർമ്മ തിരിച്ചറിവാണ്, വികാരമാണ്. അത് ഒരു തുടർച്ചയാണ്, ഒടുക്കമോ തുടക്കമോ ഇല്ലാത്ത തുടർച്ച. അമ്മ ശാസിച്ചതും ദേവാലയത്തിൽ നമസ്കരിച്ചതും ഇഷ്ടപ്പെട്ട പെൺകുട്ടിയുടെ മുടിയിഴ പറന്ന് തന്റെ കവിളിൽ വീണതും യൂദാസിനെ വെറുത്തതും--അതൊക്കെ ഓർമ്മയായി തലയിൽ തിളങ്ങുന്നു, ഓർമ്മിക്കുന്നയാളുടെ ഭാവം നിർണയിക്കുന്നു. ആ ആളുകളെയും സ്ഥലങ്ങളെയും സംഭവങ്ങളെയും പറ്റിയുള്ള വിവരമെല്ലാം ഓർമ്മയന്ത്രത്തിൽ
പകർത്തിവെക്കാൻ പറ്റും. പക്ഷേ അതെല്ലാം പേർത്തെടുത്താൽ, അവയുടെ സവിശേഷമായ സംഘാതത്തിൽനിന്നുളവായ അനുഭൂതി വീണ്ടും യന്ത്രികമായി സൃഷ്ടിക്കാൻ പറ്റുമോ? പറ്റില്ല. ആ പുനസ്സൃഷ്ടിയാണ് ഓർമ്മ. ആ
ഓർമ്മയാണ് വ്യക്തിത്വം. മറവിതൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും ഓടിയെത്തി ഉണർത്തുന്ന ആ ഓർമ്മയുടെ മരണം ആരെയും ആരും അല്ലാതാക്കുന്നു. അതുകൊണ്ടായിരിക്കും ഓർമ്മയില്ലായ്മ പരമമായ ദൈന്യമായി പലരും കണക്കാക്കുന്നു. ഓർമ്മയുടെ മരണം ഏറ്റവും ഭയാനകമായ അവസ്ഥയായി മലയാള മനോരമയുടെ മുഖ്യപത്രാധിപരായിരുന്ന കെ എം മാത്യുവിന്റെ എട്ടാമത്തെ മോതിരം എന്ന ആത്മകഥയിൽ ചിത്രീകരിക്കപ്പെട്ടതോർക്കുന്നു.

ജോഷ്വ ഫോയറിന്റെയോ ഓർമ്മപ്പെരുക്കത്തിനുള്ള തന്ത്രം തേടുന്ന മുതിർന്ന ഗവേഷകരുടെയോ ഉപദേശമില്ലാതെത്തന്നെ ചില നേരങ്ങളിൽ ചില മനുഷ്യർ ഓർമ്മയെ വിളക്കിയെടുക്കുന്നതു കാണാം. കരിമ്പുഴ രാമചന്ദ്രൻ എന്ന കവിയും ഞാനും ആറാം ക്ലാസിൽ ഒരുമിച്ചു പഠിച്ചിരുന്നു. അര നൂറ്റാണ്ട് തമ്മിൽ കാണാതെയും
കേൾക്കാതെയുമിരുന്നിട്ട് ഒരു ദിവസം രാമചന്ദ്രൻ എന്നെ വിളിച്ചു. വീട്ടിൽ വരുത്തി ഊണു തന്നു. ഓർമ്മകളിൽ അര നൂറ്റാണ്ടിന്റെ പഴക്കം കഴുകിപ്പോകുകയായിരുന്നു. കീശയിലെ ഓർമ്മയന്ത്രത്തിനു കഴിയുമെന്നു തോന്നുന്നില്ല, പുനസ്സൃഷ്ടിക്കപ്പെട്ട അനുഭവം, നിസ്സരമായ സംഭവം--പിണങ്ങിയതും പന്തയത്തിൽനിന്നു പിന്മാറിയതും പല്ലു പൊന്തിയ മാഷെപ്പറ്റി ആരോ എന്തോ പറഞ്ഞതിന് ഞങ്ങൾക്ക് അടി കിട്ടിയതും--
വാർദ്ധക്യത്തിൽ ബാല്യത്തിന്റെ ചേതന ഉണർത്തി. കുചേലനെ കാണാൻ ചെന്ന കൃഷ്ണനായി എന്നെ അവതരിപ്പിച്ച്, “ഗോവിന്ദൻ കുട്ടി, ഹേ, ഞാൻ, വിളിയിതു ഗുരുവായൂരിൽനിന്നോർമ്മയുണ്ടോ....?” എന്നു തുടങ്ങുന്ന ഒരു സ്രഗ്ധര രാമചന്ദ്രൻ ഉള്ളു തുറന്നുചൊല്ലിയപ്പോൾ, ഓർമ്മയിൽ കർപ്പൂരം കലരുകയായിരുന്നു. കമ്പ്യൂട്ടറിൽ പകർത്താൻ വയ്യാത്ത ഒരു തരം ഓർമ്മക്കർപൂരം!

(malayalam news june 6)

Monday, May 30, 2011

പഴയ വിഷയം: പണവും പെണ്ണും

ഫ്രാൻസിസ് ടി മാവേലിക്കരയുടെ ദ്രാവിഡവൃത്തം എന്ന നാടകത്തിൽ വിവരിക്കുന്ന ഒരു സംഭവം ഫ്രഞ്ചിൽ ഒരു സവിശേഷപദംകൊണ്ട് സൂചിപ്പിക്കപ്പെടുന്നു. Droit de seigneur. ഉച്ചാരണം സൂക്ഷിക്കണം. ദ്രോ ദെ സെന്യൂർ എന്നൊക്കെ പറയാം. ഉച്ചാരണത്തെക്കാൾ സൂക്ഷിക്കേണ്ടതാണ് അർഥം. മലയാളത്തിൽ ആ അർഥം സൂചിപ്പിക്കാൻ പല വാക്കുകൾ വേണം. ഫ്രാൻസിസ് മാവേലിക്കരയുടെ നാടകനിഗമനമനുസരിച്ച് അര നൂറ്റാണ്ടുമുമ്പുവരെയെങ്കിലും കേരളത്തിൽ നിലനിന്നിരുന്ന സമ്പ്രദായമാണത്രേ മലയാളത്തിൽ ഒറ്റ വാക്കിൽ പറയാൻ വയ്യാത്ത ആ പരിപാടി.

ആ പരിപാടിയെന്തെന്നോ? പുലയച്ചെറുക്കൻ കെട്ടിക്കൊണ്ടുവരുന്ന പെണ്ണിനെ ആദ്യരാത്രിയിൽ തമ്പുരാൻ അനുഭവിക്കുക--കാര്യമായ എതിർപ്പോ ചെറുത്തുനില്പോ ഇല്ലാതെ. നാടുവാഴി സാമന്തന്റെ വധുവിനെ ആദ്യരാത്രിയിൽ ഒരു അവകാശമെന്നോണം അനുഭവിച്ചറിയുന്ന ആചാരവുമായി അതിനെ ഇടതട്ടിച്ചുനോക്കുക. അവർ അതിനെ ഒരു പേരിട്ടു വിളിച്ച് പവിത്രമാക്കി. കേരളത്തിൽ പരസ്യമായി വെറുപ്പോടെ ഓർക്കപ്പെടുന്ന ആ ആചാരം ഫ്രഞ്ചുകാരിൽ ചിലർ ഇപ്പോഴും ചില വികൃതികളുടെ ന്യായീകരണമായി ഉന്നയിക്കുന്നു.

അന്തർദ്ദേശീയനാണയനിധിയുടെ തലവനായിരുന്ന ഡൊമിനിക് സ്റ്റ്രോസ് കാഹ്ൻ എന്ന ഫ്രഞ്ചുകാരൻ ഒരു ഹോട്ടൽ പരിചാരികയെ കഷ്ടപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടു കേട്ടതാണ് ദ്രോ ദെ സെന്യൂർ എന്ന ഫ്രഞ്ചു പദം. സംഭവം പുറത്തായ ഉടനേ, വിമാനം കേറിയ കാഹ്ൻ പിടിയിലായി, അമേരിക്കയിൽ ജയിലിലായി. ഫ്രാൻസിൽ രാഷ്ട്രപതി ആകാനിരുന്ന അദ്ദേഹത്തിന്റെ ഭാവി പോയി. സദാചാരയോദ്ധാക്കൾ അദ്ദേഹത്തെ വേട്ടയാടി. പക്ഷേ അദ്ദേഹത്തെ ന്യായീകരിക്കാൻ ആളുണ്ടായി. കേരളത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയോ പി ശശിയോ പി ജെ ജോസഫോ ചെയ്തതായി പറയുന്ന കാര്യങ്ങളെപ്പോലും പരസ്യമായി ന്യായീകരിക്കാൻ ആരും ധൈര്യപ്പെടാത്തതാണ് നമ്മുടെ ധാർമ്മികകാലാവസ്ഥ എന്നോർക്കണം.

നമ്മുടെ നാട്ടിൽ നോക്കിയാൽ ആപത്താകാം. നോക്കി ചിരിച്ചാൽ പറയുകയും വേണ്ട. തൃശൂർ തീവണ്ടിയാപ്പീസിൽ മുഴിഞ്ഞു കാത്തുനിൽക്കുകയായിരുന്നു. ഏതോ ഒരു
പെൺകുട്ടി എന്നെ സൂക്ഷിച്ചുനോക്കുന്നതു കണ്ടു. ആദ്യം ഞാൻ ഗൌനിച്ചില്ല. പിന്നെയും പിന്നെയും എന്റെ നേരെ നോക്കുന്നതു കണ്ടപ്പോൾ, പരിചയം ഇല്ലെങ്കിലും ചിരിക്കണം എന്നു തോന്നി. പുറത്തൊക്കെ അതാണ് പതിവ്. കണ്ടുമുട്ടുമ്പോൾ, കണ്ണിൽ കണ്ണ് കൊണ്ടുവെന്നു തോന്നുമ്പോൾ, വഴി മാറി പോകുന്നവരും പരിചയം ഇല്ലാത്തവരും ചെറുതായൊന്നു ചിരിക്കുന്നു, കാലാവസ്ഥയെപ്പറ്റിയോ കുശലം ചോദിച്ചോ എന്തെങ്കിലും ഉരിയാടുന്നു, അവരവരുടെ വഴിക്ക് നീങ്ങുന്നു. അതാണ് മര്യാദ. ആ മര്യാദ മനസ്സിൽ വെച്ചുകൊണ്ട്, എന്റെ നേരെ നോക്കുന്നുവെന്നു കരുതിയ പെൺകിടാവിനെ നോക്കി ഞാൻ ചിരിച്ചെന്നു വരുത്തി. അതു കണ്ടപാടേ അവർ മുഖം തിരിക്കുകയും കൂടെയുണ്ടായിരുന്ന ഒരു സ്ത്രീയോട് അടക്കം പറയുകയും ചെയ്തു. എനിക്കു പേടിയായി. പീഡനക്കാരനായി മുദ്ര കുത്തിയാലോ? പരാതി അന്വേഷിക്കുന്നതിനുമുമ്പ് അടി വീഴും. എനിക്കാണെങ്കിൽ അതു താങ്ങാൻ ത്രാണിയില്ല താനും. പീഡനമെന്ന പരാതിയാണെങ്കിൽ ആരും എന്തും വിശ്വസിച്ചുപോകുന്നതാണ് നമ്മുടെ കാലാവസ്ഥ.

ഫ്രാൻസിലെ രാഷ്ട്ര-ധന-വിദഗ്ധനായ കാഹ്ൻ നേടിയ പിന്തുണയൊന്നും ആർക്കും ഇവിടെ കിട്ടുകയില്ല. ബെർണാർഡ് ഹെൻറി ലെവി എന്നൊരു തത്വചിന്തകൻ രംഗത്തു വന്നു, വേട്ടയാടപ്പെടുന്ന നേതാവിനു പിന്തുണയുമായി. തത്വചിന്തകന്റെ വാദം ദ്വിമുഖമായിരുന്നു. ഒന്നാമതായി, അന്തർദ്ദേശീയതലത്തിൽ അനുഷ്ഠിക്കപ്പെട്ട ആ മാനഭംഗശ്രമത്തിന്റെ പേരിൽ, ഒരു നേതാവിനെ ഒരു സാധാരണക്കാരനെപ്പോലെ കൈകാര്യം ചെയ്തതു ശരിയായില്ല. രണ്ടാമതായി, ഒരു പരിചാരികയെ മാത്രം ജോലിക്ക് ഏർപ്പെടുത്തിയ ഹോട്ടൽ ഭരണവ്യവസ്ഥ ശരിയായിരുന്നില്ല. രണ്ടു പരിചാരികമാർ ഉണ്ടായിരുന്നെങ്കിൽ, ഇങ്ങനെ നടക്കുമായിരുന്നില്ല. അങ്ങനെയാകാം. പക്ഷേ രണ്ടു പരിചാരികമാരെയും ഒപ്പം പീഡിപ്പിക്കാൻ പ്രാപ്തനാണ് കഥാപാത്രം എന്നു വന്നാലോ?

ഫ്രഞ്ച് ധന-രാഷ്ടീയ-വിദഗ്ധനെ ന്യായീകരിക്കുന്ന കൂട്ടത്തിൽ പറഞ്ഞു കേട്ടതാണ് മേലാൾ കീഴാളന്റെ പെണ്ണിനെ രുചിച്ചുനോക്കുന്ന സമ്പ്രദായത്തിന്റെ പഴമയും സ്വീകാര്യതയും. ആരും അതിനെ പ്രകടമായി പവിത്രീകരിച്ചുകണ്ടില്ലെങ്കിലും, ആ ആചാരത്തെപ്പറ്റി ഈ പ്രകരണത്തിൽ പറയുന്നതു തന്നെ ഉദ്ദേശ്യം വെളിപ്പെടുത്തുന്നുണ്ടല്ലോ. സമത്വത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി വിപ്ലവം നടന്നതും ഉദാത്തവും ഉദാരവുമായ ചിന്തകൾ ഉയർത്തിപ്പിടിച്ച റൂസ്സോയും വാൾടയറും ജീവിച്ചതും ഫ്രാൻസിലായിരുന്നു എന്നത് രസവിരുദ്ധമായ ഓർമ്മ. ആ ഓർമ്മയെ പുതിയ അനുഭവവുമായി ചേർത്തു കാണുക. ഹോട്ടൽ മുറിയിൽ പരിചാരികയെ കടന്നു പിടിച്ച് കാരാഗൃഹത്തിലായ ഭർത്താവിനെ നിലവിലുള്ള ഭാര്യ തള്ളിപ്പറഞ്ഞില്ല. നിലവിലുള്ള ഭാര്യയും പിരിഞ്ഞുപോയ ഭാര്യയും അദ്ദേഹത്തെ ആക്ഷേപിച്ചില്ലെന്നു മാത്രമല്ല, പെണ്ണുങ്ങളെ മെരുക്കിയെടുക്കാൻ അദ്ദേഹത്തിനുള്ള കഴിവിനെപ്പറ്റി അവർ തൊങ്ങൽ പിടിപ്പിച്ച വാക്കുകളിൽ സംസാരിക്കുകയും ചെയ്തിരിക്കുന്നു. ലോകം മുഴുവൻ പഴിച്ചാലും തങ്ങൾ ഭർത്താവിന്റെ ഒപ്പം നിൽക്കുമെന്ന ആ നിശ്ചയദാർഢ്യം പതിവ്രത്യത്തിന്റെ പുതിയൊരു മാനം കാഴ്ച വെക്കുന്നു. വീഞ്ഞും പാട്ടും തണലും തരുണീമണിയുമുണ്ടെങ്കിൽ ലോകത്തോട് കോർത്തുനിൽക്കാമെന്നു പാടിയത് ഒരു പശ്ചിമേഷ്യൻ കവിയായിരുന്നു.

സ്ത്രീകളെപ്പറ്റി രണ്ടു നല്ല വാക്ക് പറയേണ്ടതാണ് ഈ അവസരം. പീഡിപ്പിക്കപ്പെട്ടവരെ ഉദ്ദേശിച്ചല്ല ഈ പ്രസ്താവം. അവരെപ്പറ്റി നല്ലതു പറഞ്ഞതുകൊണ്ടായില്ലല്ലോ. അവർക്കു വേണ്ടത് നീതിയും സഹാനുഭൂതിയും സഹായവുമാണ്. സഹാനുഭൂതിക്കാണെങ്കിൽ ഒരു കുറവുമുണ്ടായിട്ടില്ല. നല്ല വാക്ക് പ്രത്യേകം പറയേണ്ടത് ശിക്ഷിക്കപ്പെടുകയോ രക്ഷപ്പെടുകയോ ചെയ്യുന്ന പീഡകരുടെ ഭാര്യമാരെപ്പറ്റിയാകുന്നു. അഗ്നിയില്ലാത്ത ഒരു തരം പരീക്ഷയിലൂടെ കടന്നു പോകുകയായിരുന്നു അവരെല്ലാം. അവരാരും ഇഷ്ടപ്പെട്ടുകാണില്ല ഭർത്താക്കന്മാരുടെ പെരുമാറ്റത്തെ. ചീത്തപ്പേരിൽ പങ്കാളികളാകാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ? ഭർത്താവിന്റെ സ്നേഹമോ ആനുകൂല്യമോ വേറൊരു സ്ത്രീക്ക് കിട്ടുന്നത് ഏതെങ്കിലും ഭാര്യ പൊറുക്കുമോ? കിടപ്പുമുറിയിൽ മാത്രമല്ല പൂമുഖത്തും കലഹം പൊട്ടേണ്ടതായിരുന്നു.

പൊട്ടിയില്ല. കിടപ്പുമുറിയിൽ ഭർത്താവിനെ അവരിൽ ആരെങ്കിലുമൊക്കെ ഭർത്സിച്ചുകാണും. പക്ഷേ പീഡകനെന്ന പട്ടം ചാർത്തിക്കിട്ടുന്ന ഭർത്താവിനെ ഒരു ഭാര്യയും ഇതുവരെ പരസ്യമായി ശകാരിക്കുന്നതു കേട്ടിട്ടില്ല. നാട്ടിലെങ്ങും ചീത്ത വിളിക്കപ്പെടുന്ന ഒരാളെ വീട്ടിലും ചീത്ത വിളിച്ചു ശല്യപ്പെടുത്തേണ്ടെന്നു കരുതിയാകാം. എന്തായാലും ഭർത്താവ് നാണം കെട്ടിരിക്കുന്ന നേരത്ത് ഭാര്യ കൂടി പുളിച്ച തെറിയുമായി നേരിടാതിരുന്നത് ആരുടെയോ ഭാഗ്യം! ഭാര്യയുടെ സൌമനസ്യം! അതിന്റെ പേരിൽ രണ്ടു നല്ല വാക്ക് പറയേണ്ടേ? പദവിയും പ്രശസ്തിയും സമ്പത്തുമുള്ള ഭർത്താവിനെ ഒരു പീഡനകഥ മാത്രം മുൻ നിർത്തി ശത്രുവായി പ്രഖ്യാപിക്കാനും എളുപ്പമല്ല എന്ന് അർഥം വെച്ച് ചിലർ പറയുന്നതു കേൾക്കാം. അതിൽ അല്പമൊക്കെ ശരിയും കാണാം. എന്തൊക്കെയായാലും അവമാനത്തിന്റെ മുഹൂർത്തത്തിൽ ഭർത്താവിനെ പരസ്യമായി പഴി പറയാതിരുന്ന ഭാര്യമാരുടെ മനോബലം കുറച്ചു കാണാൻ വയ്യ. ചിലരാകട്ടെ, ഭർത്താവിന്റെ വികൃതികളെ ന്യായീകരിക്കുകയും പുകഴ്ത്തുകയും ചെയ്തിരിക്കുന്നു!

ഒരു സത്യം കൂടി വീണ്ടും വെളിവാകുന്നു. പണ്ട് നമ്പ്യാർ പറഞ്ഞത് ലക്കിടിയിലും അമ്പലപ്പുഴയിലും മാത്രമല്ല, അദ്ദേഹത്തിന്റെ കാലത്തു മാത്രമല്ല, എന്നും എവിടെയും ശരിയായിരിക്കുന്നു: പണവും പെണ്ണും തന്നെ വഴക്കിനു കാരണം. കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകിൽ സുലഭം. ആ ഉലകിൽ കോഴിക്കോടും കണ്ണൂരും ചെന്നെയും കാലിഫോർണിയയും പാരിസും തീർച്ചയായും ഉൾപ്പെടും. പെണ്ണിനെ പീഡിപ്പിച്ചാൽ, പണം തിരിമറി ചെയ്താൽ, വക്കാണമാവുമെന്ന് മൂന്നു തരം. കുടുംബന്ധം മാറട്ടെ, രതിസംസ്കാരം മാറട്ടെ, കാളവണ്ടിയിൽനിന്ന് ക്വാണ്ടം ബലതന്ത്രത്തിലേക്ക് എത്തട്ടെ, ഗുഹയിൽ കഴിഞ്ഞിരുന്നവൻ ബഹിരാകാശത്തിൽ വിനോദസഞ്ചാരത്തിനിറങ്ങട്ടെ--എന്തൊക്കെയായാലും, പണം തട്ടുന്നതും സ്ത്രീകളോട് പരാക്രമം കാട്ടുന്നതും ഇന്നും അക്രമമായി തുടരുന്നു, എന്നുമെന്ന പോലെ. ആ വിചിത്രസ്വരമുള്ള ഫ്രഞ്ച് പദവും ആ തത്വചിന്തകന്റെ വിതണ്ഡവാദവും വിചിത്രവും വിതൺദവുമായേ ലോകം കണക്കാക്കുകയുള്ളു. ധർമ്മസന്ധിയിൽ വാ മൂടിയ ആചാര്യന്മാർ പണ്ടുമുണ്ടായിരുന്നു. സ്ത്രീയുടെ തുണിയുരിഞ്ഞപ്പോൾ കുനിഞ്ഞിരുന്ന അവരുടെ മൌനത്തിന് മഹാഭാരതം ഇന്നേ വരെ മാപ്പു കൊടുത്തിട്ടില്ല. ചരിത്രം കണ്ട ഏറ്റവും ഭയാനകമായ യുദ്ധത്തിനു കാരണമായ ആ ചെയ്തി--സ്ത്ര്രീപീഡനം--തികഞ്ഞ ദുരാചാരത്തിന്റെ പട്ടികയിൽത്തന്നെ കിടക്കുന്നു, ഇന്നും എങ്ങും.


(malayalam news may 30)

Monday, May 23, 2011

കല്പാന്തകാലത്തോളം

ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി. ഇനി മുഖ്യമന്ത്രിയാകാതിരിക്കാതിരികാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. ആയുസ്സ് ഏറെയില്ലാത്ത മന്ത്രിസഭയെന്ന് ഒരു കൂട്ടം പണ്ഡിതർ പറയുന്നു. അഞ്ചുകൊല്ലവും തികക്കുമെന്നാണ് മറ്റൊരു കൂട്ടരുടെ മതം. ആ രണ്ടിൽ മൂന്നും ശരിയാകാം നമ്മുടെ കാലാവസ്ഥയിൽ. ഉറപ്പിച്ചു പറയാവുന്ന ഒരു കാര്യം ഇതു തന്നെ: കാലാവധിവരെ പോകാൻ പറ്റിയാൽ, ഒരു വട്ടം കൂടി കസാല കേറാമോ എന്നു നോക്കും ഉമ്മൻ ചാണ്ടി. അത് അദ്ദേഹത്തിന്റെ ദൌർബല്യവും ആവശ്യവും ആകുന്നു.

ഉമ്മൻ ചാണ്ടിയുടെ ദോഷമല്ല ഈ സ്ഥിതിക്ക് നിദാനം. അദ്ദേഹം നല്ല മനുഷ്യനാകുന്നു, മറ്റു പലരെയും പോലെ. മറ്റു പലരെയും പോലെ, അദ്ദേഹവും മുഖ്യമന്ത്രി ആകാൻ ആഗ്രഹിക്കുന്നു. (തരപ്പെട്ടാൽ മുഖ്യമന്ത്രി ആകാൻ ആഗ്രഹിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ?) ഒരിക്കൽ മുഖ്യമന്ത്രി ആയിക്കഴിഞ്ഞാൽ, പിന്നെ മുഖ്യമന്ത്രി അല്ലാതാകുക എന്നതാണ് പരമമായ ദൈന്യം. ശിവനേ, മർത്യനു തൃഷ്ണ തീരലുണ്ടോ എന്നു ചോദിച്ചയാളുടെ ഉള്ളിൽ ഇതു തന്നെയായിരുന്നു വിചാരം. മുഖ്യമന്ത്രി ആകാൻ ആഗ്രഹിക്കുന്നതും, ആഗ്രഹം നിറവേറിയാൽ, അത് കല്പാന്തകാലത്തോളം നിലനിർത്താൻ ശ്രമിക്കുന്നതും ആരുടെയും ദൌർബല്യമാകുന്നു.

അങ്ങനെ ആ പദവി നിലനിർത്തേണ്ടത് ആവശ്യമാക്കിത്തീർക്കുന്നത് ഒപ്പം ഉള്ളവരും എതിരാളികളുമാകുന്നു. ചിലർക്കെങ്കിലും, ചിലപ്പോഴെങ്കിലും മുഖ്യമന്ത്രിയായതു മതിയെന്നു തോന്നുമായിരിക്കും. ആ പട്ടികയിൽ പെടുന്നവർ അധികം കാണില്ല. മഹാന്മാരും ത്യാഗിവര്യന്മാരുമായ എ കെ ആന്റണിയും വി എസ് അച്യുതാനന്ദനും ആ പട്ടികയിൽ പെടുന്നവരല്ല. നിൽക്കള്ളിയില്ലാതായപ്പോൾ സ്ഥലം കാലിയാക്കിയതായിരുന്നു ആന്റണി പോലും. അദ്ദേഹത്തിനു മുമ്പും പിമ്പും മുഖ്യമന്ത്രിപദം ഒഴിഞ്ഞുപോയവരെല്ലാം ഒഴിവാക്കപ്പെട്ടവരായിരുന്നുവെന്ന് സമീപകാലചരിത്രം. മുഖ്യമന്ത്രിപദം വിടേണ്ടിവന്ന അവസരത്തിൽ, തന്റെ ഒപ്പം നിന്നവർ തന്നെ മുന്നിൽനിന്നും പിന്നിൽനിന്നും കുത്തിവീഴ്ത്തിയെന്ന് കെ കരുണാകരൻ പുത്തരിക്കണ്ടം മൈതാനത്ത് പരിദേവനം ചെയ്തപ്പോൾ, ജനതതി പരിഹാസബാഷ്പം പൊഴിച്ചതോർമ്മയുണ്ടല്ലോ. താൻ ഇനി മുഖ്യമന്ത്രിയാകാൻ ഇല്ല എന്നു പറാഞ്ഞുപോയ ഒരാളേ ഉണ്ടായിരുന്നുള്ളു: സി അച്യുതമേനോൻ. അദ്ദേഹത്തെപ്പറ്റിയും ചിലർ പറയുമായിരുന്നു: “കിട്ടാത്ത മുന്തിരി പുളിക്കും.”

ആർക്കും ഒന്നും മതിയാവുമെന്ന ധാരണ ജനത്തിനില്ല. മതിയെന്നു പറയുന്നവർ തന്നെ പൊളി പറയുന്നുവെന്നാണ് വിശ്വാസം. ഒരു തവണ കിട്ടിയ സ്ഥാനം രണ്ടം വട്ടവും മൂന്നാം വട്ടവും കിട്ടിയില്ലെങ്കിൽ, തഴഞ്ഞതാണെന്നാകും പരിഹാസം. കസാലകളിയിൽ കാൽ തെറ്റി വീണുപോയ പാവം എന്നായിരിക്കും ജാട തുളുമ്പുന്ന അനുകമ്പയുടെ പ്രകടനം. രണ്ടു ഘട്ടത്തിലും നഷ്ടത്തിന്റെയും പരാജയത്തിന്റെയും വേദനയും മാനഹാനിയും ഉൾച്ചേർന്നിരിക്കുന്നതുകാണാം. അതുകൊണ്ടാകും, ഭരിച്ചു മടുത്തു എന്ന് അപൂർവമായി തോന്നുന്നവർ പോലും, ഒറ്റപ്പെട്ടവരെന്നും നഷ്ടപ്പെട്ടവരെന്നും പരിഹസിക്കപ്പെടാതിരിക്കാൻ വേണ്ടി, വീണ്ടും വീണ്ടും കസാല പിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആ ശ്രമം സാമൂഹ്യമായ, സമൂഹത്തിന്റെ മുന്നിൽ ആളാവാൻ വേണ്ടതായ എന്ന അർഥത്തിൽ, സാമൂഹ്യമായ ഒരു ആവശ്യമായി മാറുന്നു.

അധികാരത്തിനുവേണ്ടി ഒപ്പം നിൽക്കുന്നവരെ മുന്നിൽനിന്നും പിന്നിൽനിന്നും കുത്തിമലർത്തുകയോ, അതില്ലെങ്കിൽ ഉറക്കം പോകുമെന്നു പേടിക്കുകയോ ചെയ്യുന്നവരായി ജവാഹർലാൽ നെഹ്രുവോ മൻ മോഹൻ സിംഗോ അറിയപ്പെട്ടിട്ടില്ല. ഭരതനെപ്പോലെ കയ്യിൽ കിട്ടിയ കസാലയിൽ ഇരിക്കാൻ മടിച്ചവരായിരുന്നു അവർ എന്നല്ല ഉദ്ദേശം. പകിടകളിയിൽ മറ്റുള്ളവരോളം ഭ്രാന്തമായി മുഴുകിയിരുന്നില്ല അവർ എന്നേ ഉദ്ദേശിച്ചുള്ളു. അവർക്കും ഒരിക്കൽ കിട്ടിയ അധികാരം കയ്യടക്കിവെക്കാൻ വീണ്ടും വീണ്ടും ശ്രമിക്കേണ്ടി വന്നു. നെഹ്രു ഖിന്നനായിരുന്നു, രോഗാതുരനായിരുന്നു. എന്നിട്ടും കസാല വിടാതെ മരണം വരെ പിടിച്ചുനിന്നു.

മരണം വരെയേ വൈരം പാടുള്ളു എന്ന് അർഥം വരുന്ന ഒരു ഉപദേശം കൊടുക്കുന്നുണ്ട് വിഭീഷണന് രാമൻ. മരണാന്താനി വൈരാണി. അതിനെ വികലമാക്കിയാൽ, മരണം വരെ പദവി എന്ന സ്ഥിതി വരും. കക്ഷിരാഷ്ട്രീയത്തിൽ പരാങ്മുഖനെന്ന് പലരും തെറ്റിദ്ധരിച്ച മൻ മോഹൻ സിംഗ് പ്രധാനമന്ത്രിയായപ്പോൾ എത്ര കാലം ഉണ്ടാകുമെന്നായിരുന്നു എവിടെയും മുഴങ്ങിയ ചോദ്യം. രണ്ടാമതൊരു ഹൃദയശസ്ത്രക്രിയ കൂടിയായപ്പോൾ എല്ലാവരും കരുതി, ഇനിയൊരു ഊഴം അദ്ദേഹത്തിനില്ല. സമയമായപ്പോൾ അദ്ദേഹം വീണ്ടുമൊരൂഴത്തിനു റെഡിയായി. തള്ളപ്പെട്ടുവെന്നോ ഒറ്റപ്പെട്ടുവെന്നോ നാലാളെക്കൊണ്ടു പറയിക്കാതിരിക്കാൻ വേണ്ടിയെങ്കിലും എല്ലാവർക്കും കളിച്ചും നേടിയും മുന്നേറിക്കൊണ്ടിരിക്കേണ്ടിയിരിക്കുന്നു.

ഇത് പ്രധാനമന്ത്രിപദത്തിന്റെയോ മുഖ്യമന്ത്രിപദത്തിന്റെയോ സാദാ മന്ത്രിപദത്തിന്റെയോ മാത്രം കാര്യമല്ല. ഏതു സ്ഥാനത്തിരിക്കുന്നയാളും ആ സ്ഥാനമോ ആളോ ഇല്ലാതാകുന്നതുവരെ അവിടെയിരിക്കും, ഇരിക്കണം എന്നതാണ് അലിഖിതമായ, പക്ഷേ ഏറെക്കുറെ അലംഘ്യമായ, വ്യവസ്ഥ. ഒരാൾ കസാലയിൽ കയറിപ്പറ്റിയാൽ, അയാൾ കൂദാശയായിട്ടേ പുറത്ത് കാത്തുനിൽക്കുന്ന ജനക്കൂട്ടത്തിൽ ഒരാൾക്ക് ഗതി കിട്ടുകയുള്ളു. അതുകൊണ്ട് പിടിച്ചുനിൽക്കാൻ സ്ഥാനം കിട്ടിയവരും, പയറ്റിവീഴ്ത്താൻ കാത്തുനിൽക്കുന്നവരും നിരന്തരം ശ്രമിക്കുന്നു. ആ കളിയുടെ കഥയാണ് നമ്മുടെ പ്രധാനഭക്ഷണം.

എല്ലായിടത്തും ഇങ്ങനെയൊക്കെയാണെങ്കിലും ചിലർ ചില ചട്ടവട്ടങ്ങൾ ഉണ്ടാക്കി അതിനെ ക്രമീകരിച്ചിരിക്കുന്നു. പ്രസിഡന്റായി അടുപ്പിച്ച് രണ്ടു വട്ടമേ സാധ്യമാകൂ. മൂന്നാം വട്ടം ശ്രമിക്കുകയോ തഴയുഅപ്പെടുകയോ ചെയ്യുന്ന പ്രശ്നമില്ല. ഒരു സ്ഥാപനത്തിന്റെ മേധാവിയായി ഒരാൾ വന്നാൽ, മരണം വരെ അയാൾ അവിടെ അള്ളിപ്പിടിച്ചുകൊള്ളണമെന്നില്ല. ഡയറക്റ്റർ ആയി പ്രവർത്തിക്കുന്ന ഒരാൾ, നിശ്ചിതകാലാവധിക്കുശേഷം സ്വമേധയാ സ്ഥാനമൊഴിഞ്ഞ്, തന്റെ പഴയ ലാവണത്തിലേക്കു പോകുന്നു, പഠിപ്പിക്കാനോ ഗവേഷണത്തിനോ വീണ്ടും ഒരുങ്ങിക്കൊണ്ട്. മറ്റൊരാൾ ഡയറക്റ്റർ സ്ഥാനം ഏറ്റെടുക്കുന്നു. അതിനൊരു ചന്തമുണ്ട്; കാലുഷ്യം ഒഴിവാക്കുന്ന ഒരു ക്രമമുണ്ട്. അതിനു പക്ഷേ മതി എന്നു വല്ലപ്പോഴെങ്കിലും തോന്നണം. സ്ഥാനം ഒഴിഞ്ഞുപോകുന്നത് തോൽവി ആണെന്നു തോന്നരുത്.

കെ കരുണാകരനോട് ഞാൻ ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ ചോദിക്കുകയുണ്ടായി. “ഒരു പുരുഷായുസ്സിൽ നേടേണ്ട രാഷ്ട്രീയാധികാരമൊക്കെ ലീഡർ നേടിയല്ലോ. മന്ത്രി, കേന്ദ്രമന്ത്രി, പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി. അങ്ങനെയങ്ങനെ. ഇതുകൊണ്ടൊന്നും മതിയായില്ലേ? ഇനിയും കളി തുടരണമോ?...” ചിരിച്ചുകൊണ്ട് ഉത്തരം പറയേണ്ട ആ ചോദ്യത്തിനുമുന്നിൽ അദ്ദേഹം ഗൌരവം പൂണ്ടു. ലീഡർ പറഞ്ഞു: “എനിക്ക് അധികാരം അധികാരത്തിനു വേണ്ടിയുള്ളതല്ല. ജനങ്ങളെ സേവിക്കാൻ വേണ്ടിയുള്ളതാണ് അതുകൊണ്ട് ഞാൻ അധികാരരാഷ്ട്രീയത്തിൽ ഇപ്പോഴും മുഴുകിയിരിക്കുന്നു.“ അത്രയും പറഞ്ഞ് അദ്ദേഹം പതിവു പോലെ കണ്ണിറുക്കി. ചോദ്യം മുട്ടിയപോലെ എന്റെ കണ്ണു തള്ളിപ്പോയി.

ഇത് രാഷ്ട്രീയത്തെ മാത്രം ബധിക്കുന്നതല്ല. കന്തകാലത്തോളം കണ്ണു നട്ടിരിക്കുന്ന നമ്മൾ ഒന്നിനെയും ഒരു ജന്മംകൊണ്ട് അവസാനിപ്പിക്കുകയില്ല. വീണ്ടും വീണ്ടും വീണ്ടും നേതാവായും നടികർതിലകമായും പംക്തികാരനായും സാമൂഹ്യസേവികയായും ഒരാൾ അവതരിക്കുന്നതും അരങ്ങു തകർക്കുന്നതും ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. നടനായും മോഡലായും അവതാരകനായും പിന്നെ പലതുമായും ഒരേ മുഖത്തെ, ഒരേ ശബ്ദത്തെ, എഴുന്നള്ളിച്ചാൽ തൃപ്തിപ്പെടുത്താവുന്നവരാണ് നമ്മുടെ പ്രേക്ഷകവൃന്ദം. അവർക്ക് മടുക്കുന്നില്ലെന്ന് നമ്മൾ വിശ്വസിക്കുന്നു. ആ വിശ്വാസത്തിന്റെ ബലത്തിൽ, പ്രായമായിട്ടും യൌവ്വനം നടിച്ച് രംഗത്തുവരാൻ നടീനടന്മാർ ബദ്ധപ്പെടുന്നു. അത് അവരുടെ
ദൌർബല്യവും ആവശ്യവുമാകുന്നു. ഇടക്ക് രംഗത്ത് അധികം വരാതെ പോയ ഒരു നടൻ വിഷാദരോഗിയായിയെന്ന് കേട്ടിട്ടുണ്ട്.

തനിക്ക് പ്രായമായില്ലെന്നു വരുത്താൻ ഒറിസയിലെ ഒരു മുഖ്യമന്ത്രി തന്റെ ചുറ്റും ചുറുപ്പക്കാരികളെ അണി നിരത്തിയിരുന്നുവത്രേ. അധികാരത്തിന്റെ മഴനിഴൽ പ്രദേശത്ത് കഴിഞ്ഞുകൂടുന്ന മറ്റുള്ളവർക്കും ഇതു ബാധകമാകുന്നു. “തനിക്ക് ഇപ്പോഴും ഇത് ആകും” എന്നു തെളിയിക്കാനാകും രാഷ്ട്രീയനിരീക്ഷകരുടെയും പംക്തികാരന്മാരുടെയും വെപ്രാളം. അമ്പതുകൊല്ലം രാഷ്ട്രീയനിരീക്ഷണം നടത്തുകയും പംക്തി എഴുതുകയും ചെയ്ത ആദരണീയനായ നിഖിൽ ചക്രവർത്തി അമ്പത്തൊന്നാമത്തെ കൊല്ലവും അതു തുടർന്നു. അതുകൊണ്ടുകൂടിയാകാം, അദ്ദേഹം എന്നും ആദരണീയനായിരുന്നു. തനിക്ക് ഇനി പുതുതായൊന്നും പറയാനില്ലെന്നു തോന്നുകയോ പറയില്ലെന്നു നിശ്ചയിക്കുകയോ ചെയ്താൽ ചിലപ്പോൾ ആ ആദരണീയതക്ക് ഊനം തട്ടിയേക്കും. വായനക്കാർ, അവരിൽ അധികാരവ്യാപാരികൾ വിശേഷിച്ചും, മറന്നുപോയേക്കും. “സാർ ഇപ്പോൾ എഴുതുന്നില്ലേ? നേതാക്കന്മാരൊന്നും കാണാൻ വരാറില്ലേ?” അനുതാപം നിറഞ്ഞ ആ ചോദ്യത്തിനൊരു മുടന്തൻ മറുപടിയെന്നോണം ഞാനും എഴുതിക്കൊണ്ടേ പോകുന്നു, ആരെങ്കിലും വായിച്ചാലും ഇല്ലെങ്കിലും, മതി വന്നാലും ഇല്ലെങ്കിലും.

ചാവി മുറുക്കിയ ചെണ്ടക്കാരൻ പാവയെപ്പോലെയാണ് നമ്മളിൽ മിക്കവരും. ഒരിക്കൽ തുടങ്ങിവെച്ചാൽ കൊട്ട് നിർത്താതെ തുടരുന്നു. നമ്മൾ വിചാരിച്ചാൽ പോലും കൊട്ട്
നിൽക്കില്ല. ഇനി കൊട്ടാൻ വയ്യെന്ന് മിക്കവർക്കും തോന്നുകയുമില്ല. എല്ലാ രംഗത്തും ഇതുതന്നെ നില. ഹൃദയശസ്ത്രക്രിയയിൽ അത്ഭുതകരമായ കൈപ്പുണ്യമുണ്ടായിരുന്ന പി കെ ആർ വാര്യരോട് ഞാൻ ഒരിക്കൽ ചോദിച്ചു: “ശസ്ത്രക്രിയ ചെയ്യുമ്പോൾ പഴയ പോലെ വിശ്വാസം തോന്നുന്നുണ്ടോ?“ അദ്ദേഹം പറഞ്ഞു: “ഇല്ല. നിർത്തി. ഞാൻ നേരത്തേ നിശ്ചയിച്ചിരുന്നു. സൂചിയിൽ നൂൽ കോർക്കാൻ വിഷമം തോന്നിത്തുടങ്ങിയാൽ നിർത്തും. ഇപ്പോൾ സൂചിയിൽ നൂൽ കോർക്കേണ്ടെന്നതു വേറെ കാര്യം. ഏതായാലും ഞാൻ മതിയാക്കി.” എല്ലാവരും പി കെ ആർ വാര്യരല്ല. വേറൊരു ഡോക്റ്റർ തീരെ അവശനായിട്ടും തന്റെ പേരിൽ മറ്റൊരാളെക്കൊണ്ട് ശസ്ത്രക്രിയ ചെയ്യിച്ച് പേരെടുത്തിരുന്നതായി കേട്ടിട്ടുണ്ട്. എനിക്ക് എല്ലാം എന്നും കഴിയും എന്ന അഹംഭാവമാണ് നമ്മുടെ പിൻബലവും മുൻബലവും.

ഇതൊന്നും കേട്ട് അത്ഭുതപ്പെടേണ്ട. അനശ്വരതയാണ് നമ്മുടെ സ്വപ്നം. ജരയും നരയും നിവാരണം ചെയ്ത്, കാലത്തെ കയ്യിലൊതുക്കി, കല്പാന്തകാലത്തോളം ഒരേ വേഷം ആടിത്തിമിർക്കാൻ ശ്രമിക്കുന്നതാണ് നമ്മുടെ പാരമ്പര്യം. നമുക്ക് ഒന്നും ഒരിക്കലും മതിയാവുന്നില്ല. മതിയാവുന്നവർ, നാലാളെ ഭ്രമിപ്പിക്കാൻ വേണ്ടി, പിന്നെയും പിന്നെയും ആട്ടം തുടരുന്നു.

(malayalam news may 23)

Monday, May 16, 2011

അത്ഭുതത്തിന്റെയും പ്രവചനത്തിന്റെയും വഴികൾ

സോമവാരം
അത്ഭുതത്തിന്റെയും പ്രവചനത്തിന്റെയും വഴികൾ
കെ ഗോവിന്ദൻ കുട്ടി

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ തുടങ്ങിയതാണ് പ്രവചനം. എല്ലാവരും അവനവന്റെ ഇഷ്ടവും യുക്തിയുമനുസരിച്ച് അവരവരുടെ പ്രവചനം നടത്തി, ഓരോരോ ഘട്ടത്തിൽ. മുച്ചീട്ടുകളിക്കാരൻ കമിഴ്ത്തിയോ, മന:പൂർവം മലർത്തിയോ, നിലത്തിടുന്ന ശീട്ടിന്റെ മുകളിൽ നാണ്യം വെച്ചു ഭാഗ്യം പരീക്ഷിക്കുന്ന കുട്ടിയുടെ അഭിനിവേശത്തോടെ എല്ലാവരും ഓരോന്നു പ്രവചിച്ചു. ചിലർ ഉറക്കെ പറഞ്ഞു; പ്രവചനം സമർഥിക്കാൻ ശ്രമിച്ചു. ചിലർ പ്രവചനം ഉള്ളിലൊതുക്കി കാത്തിരുന്നു, ഫലം വരുമ്പോൾ അതു തന്നെ തങ്ങൾ പറഞ്ഞിരുന്നതെന്നു മേനി നടിക്കാൻ.

വാസ്തവത്തിൽ സഹനശീലമുള്ള മനുഷ്യന് എന്തും അടക്കാൻ കഴിയും, പ്രവചിക്കാനുള്ള വാസന ഒഴികെ. തിരഞ്ഞെടുപ്പിനു മുമ്പ് പല ഘട്ടങ്ങളായി പ്രവചനം വന്നു. വോട്ടു രേഖപ്പെടുത്തി പോകുന്നവരെ തടഞ്ഞുനിർത്തി ഓരോന്നു ചോദിച്ച് പിന്നെയും പ്രവചനം നടത്തി. അതിനുശേഷം വോട്ട് എണ്ണുന്നതു വരെ ഓരോ തരം ഗണിതവും പ്രവചനവും പഠനമുറികളിലും പ്രസംഗപീഠങ്ങളിലും കേൾക്കാമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ ചില പണ്ഡിതർ പ്രവചിച്ചു: “ഒരു കാര്യം ഉറപ്പിക്കാം. തൂക്കു നിയമസഭ ഉണ്ടാവില്ല. ജനവിധി അസന്ദിഗ്ധമാകുന്നു.“ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവർ മട്ടു മാറ്റി. “ഈ മട്ടു പോയാൽ, കേരളം അടുത്തൊന്നും കാണാത്ത മട്ടിൽ, രണ്ടു മുന്നണികളും ഒപ്പത്തിനൊപ്പം 70-70 ആയി നില കൊള്ളാം.“ പിന്നെ അതും മാറി. ഒരു മുന്നണി 72ഉം മറ്റേ മുന്നണി 68ഉം ആയി. നന്നേ നേരിയ ആ ബലാബലം വരുത്തിവെക്കാവുന്ന രാഷ്ട്രീയസംഘർഷം പ്രവചനാതീതമെന്ന് അവർ വീണ്ടും പ്രവചിച്ചു.

അവരെ കുറ്റം പറയുകയല്ല. പ്രവചിക്കാനുള്ള വാസന, നിയന്ത്രണാതീതമായിരിക്കുന്നതു പോലെ, ബഹുമാന്യവുമാകുന്നു. കവിടി നിരത്തി, വെറ്റില നിവർത്തി, മഷി നോക്കി, ഗൌളിയുടെ ശബ്ദം ശ്രദ്ധിച്ച്, ശകുനം തിരിച്ചറിഞ്ഞ്, അല്ലെങ്കിൽ ഉള്ളം കയ്യിലെ വരകളോ മുഖത്തെ വളവുകളോ വായിച്ചെടുത്ത്, വരാനിരിക്കുന്നത് നേരത്തേ കണ്ടു പറയുന്നവർ എവിടെയും ആദരിക്കപ്പെടുന്നു. തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ, നക്ഷത്രം നോക്കിയോ കൈവര കണ്ടോ ഫലം പറയാൻ നിങ്ങൾക്ക് അറിയുമെന്ന് പുളു അടിച്ചു നോക്കുക. മലർക്കെ തുറന്ന പത്തു കൈകളെങ്കിലും നിങ്ങൾക്കു നേരെ നീളും. അവയിൽ പലതും ഉല്പതിഷ്ണുഹസ്തങ്ങളുമാകും. നീളുന്ന ഓരോ കയ്യിന്റെ പിന്നിലും വെമ്പുന്ന ഒരു ഹൃദയവും കുനിയുന്ന ഒരു തലയും ഉണ്ടായിരിക്കും.

ഞാനൊരിക്കൽ ഭാര്യയുമൊത്ത് പല്ലനയിൽ പോയി, ഭാവി വർത്തമാനത്തിൽ അറിയാൻ. മനുഷ്യരുടെ പ്രശ്നങ്ങളെല്ലാം അഞ്ചോ ആറോ ആയി തിരിക്കാമെന്നും അതിൽ പെടാത്തതല്ല എന്റെ വിഷമം എന്നും അറിയാമായിരുന്നു. എന്നാലും എന്റെ കാര്യം വേറൊരാളുടെ മുഖത്തുനിന്ന് കേൾക്കുമ്പോൾ എന്തോ ഒരു സമാധാനം. അതു കേൾക്കുന്ന പാടേ, അതു പറയുന്ന മുഖത്തിന് ദിവ്യത്വം കിട്ടും. കുമാരനാശാന്റെ ബോട്ടു മറിഞ്ഞ സ്ഥലത്തുനിന്ന് ഏറെ അകലെയല്ലാതെ ഒരു വീട്ടിൽ അക്കാലത്ത് ആരുടെയും ഭാവി ചെറിയ ചിലവിൽ പറഞ്ഞു കൊടുക്കാൻ കഴിവുള്ള ഒരാൾ പ്രത്യക്ഷപ്പെട്ടിരുന്നു. എനിക്കു വശമില്ലാത്ത തമിഴിലായിരുന്നു പ്രവചനം. വീരപാണ്ഡ്യകട്ടബൊമ്മനിൽ ശിവാജി ഗണേശൻ മൊഴിഞ്ഞിരുന്ന വാക്കുകളുടെ ഗതിയിൽ എന്തൊക്കെയോ കേട്ടു, നമ്രശിരസ്കരായിരിക്കുന്ന ഭാര്യയും ഞാനും. ഉത്തരം കേട്ടാൽ മതി, ചോദ്യരൂപത്തിൽ അത് അങ്ങോട്ടു പറഞ്ഞുകൊടുക്കേണ്ടേന്നു മാത്രം ഞാൻ ഭാര്യയെ ബോധ്യപ്പെടുത്തി.
സംശയം ചോദിക്കാൻ എന്റെ ഊഴമായപ്പോൾ, സംശയമില്ലാതെ ഞാൻ മിണ്ടാതിരുന്നു. എന്റെ വിനയവും എന്റെ മൌനവും വാസ്തവത്തിൽ ഒരു പ്രകോപനമായിരുന്നു. പ്രവാചകൻ എന്നെ ശപിച്ചു: “നീ മുടിഞ്ഞുപോകും...!“ ഭാര്യ ക്ഷുഭിതയായി.

ഭാര്യയെ സമധാനിപ്പിക്കാൻ അന്ന് എനിക്ക് എന്റെ വാക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാം പ്രവചിച്ചുകളായമെന്ന അഹന്തയെ നോവിക്കുമ്പോൾ പ്രവാചകർ മുഷിയും. കാര്യമാക്കേണ്ട. പക്ഷേ ആ വാക്കുകൾ ഭാര്യയുടെ ഈർഷ്യക്ക് ഉത്തരമായില്ല. അന്നാകട്ടെ, എനിക്ക് മാർടിൻ റീസിനെപ്പോലുള്ള ശാസ്ത്രജ്ഞ്നമാരുടെ ഗീർവാണം അറിയുമായിരുന്നുമില്ല. വാനനിരീക്ഷണത്തിൽ വിശേഷിച്ചും ശാസ്ത്രത്തിൽ പൊതുവേയും മുഴുകിക്കഴിയുന്ന ബ്രിട്ടിഷ് ബുദ്ധിജീവിയായ മാർട്ടിൻ റീസ്, ശാസ്ത്രത്തിന്റെ വെല്ലുവുളികൾ എന്ന തന്റെ പ്രശസ്തമായ പ്രഭാഷണപരമ്പരയിൽ ഒരു ഭാഗത്തെ പേരിട്ടത് “നമുക്ക് ഒരിക്കലും അറിയാൻ കഴിയാത്ത കാര്യങ്ങൾ” എന്നായിരുന്നു.

ഞാൻ അദ്ദേഹത്തിന്റെ ചില ആശയങ്ങൾ കുറിച്ചു വെച്ചു. നമ്മുടെ കമ്പ്യൂട്ടർ എത്ര ശക്തമായാലും, ഭാവിയുടെ സ്വഭാവം അറിയാവുന്നതിന് പരിധിയുണ്ട്. വാച്ചിന്റെ ഭാഗങ്ങളെല്ലാം അഴിച്ചുനോക്കിയാലും, സമയത്തിന്റെ സ്വഭാവം മനസ്സിലാവില്ല. ഒരു അണുവിനെക്കാൾ, ഒരു നക്ഷത്രത്തെക്കാൾ, എത്രയോ സങ്കീർണ്ണമായിരിക്കുന്നു ഔരു കീടത്തിന്റെ ഘടന. ശാസ്ത്രത്തിന്റെ ഓരോ മുന്നേറ്റവും നേരത്തേ ചോദിക്കാൻ സാധ്യമല്ലാതിരുന്ന കുറെ ചോദ്യങ്ങൾ തുറന്നു വിടുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങളെയും അറിയാൻ വയ്യാത്ത ഭാവിയെയും പറ്റി അന്ന് ഞാൻ ഭാര്യയോടു സംസാരിച്ചിരുന്നെകിൽ, എന്നെ ശപിച്ച സിദ്ധന്റെ കോപത്തിനു മറുപടിയാകുമായിരുന്നോ? അറിയില്ല.

പ്രവചനം വാസനയും മാന്യതയും ആയിരിക്കുന്നതു പോലെത്തന്നെ മനുഷ്യവ്യക്തിത്വത്തെ സ്വാധീനിക്കുന്നതാണ് ഇല്ലായ്മയിൽനിന്ന് എന്തെങ്കിലും കണ്ടെടുക്കാനുള്ള സിദ്ധി. ഇല്ലാത്തത് ഉണ്ടെന്നു വരുത്തുമ്പോൾ, ഓരോ തവണയും, അത്ഭുതം മുളപൊട്ടി വളരുന്നു. ആളുകളെ ആകർഷിക്കാൻ അത്ഭുതം കാട്ടാമെന്ന് യേശു നമ്മെ ഓർമ്മിപ്പിക്കുന്നു. ആദ്യമാദ്യം സായി ബാബ ഭസ്മവും മോതിരവുമൊക്കെ വായുവിൽനിന്ന് കണ്ടെടുത്തിരുന്നുവത്രേ. അതൊക്കെ തനിക്കുമാവാമെന്ന് യുക്തിവാദിയായ എ റ്റി കോവൂർ പറഞ്ഞു. ബംഗളൂരിലെ ഒരു ഇംഗ്ലിഷ് പ്രൊഫസർ, എച് ഡി നരസിംഹയ്യ, സായി ബാബയെ വെല്ലുവിളിച്ചു. ബാബ ഗൌനിച്ചതേയില്ല. അദ്ദേഹത്തിന്റെ അനുയായികളുടെ എണ്ണം വർദ്ധിച്ചുകോണ്ടേ പോയി. എന്റെ ഒരു എഡിറ്റർ ജീവിതകാലം മുഴുവൻ അദ്ദേഹത്തിന്റെ അന്തേവാസിയായി പുട്ടപ്പർതിയിൽ കൂടി. ഞങ്ങൾ ഒരിക്കൽ ബാബയെ വൈറ്റ് ഫീൽഡിൽ കണ്ടപ്പോൾ, പ്രശനമെഴുതിയ കുറിപ്പ് അദ്ദേഹത്തിനു കൈമാറുകയോ അദ്ദേഹം ഞങ്ങൾക്ക് വായുവിൽനിന്നു കണ്ടെടുത്ത എന്തെങ്കിലും തരികയോ ഉണ്ടായില്ല. ഗോപിനാഥ് മുതുകാട് അരങ്ങു തകർക്കാൻ തുടങ്ങിയപ്പോഴേക്കും വായുഭസ്മത്തിന്റെ കാലം കഴിഞ്ഞിരുന്നു.

സായി ബാബയെയെന്നല്ല ആരെയും വെല്ലുവിളിക്കുന്ന കൂട്ടത്തിലല്ല മുതുകാട്. ആളുകളെ അത്ഭുതപ്പെടുത്തിപ്പോകുക. ഉള്ളത് ഇല്ലെന്നു തോന്നിക്കുക. ഇല്ലാത്തത് ഉണ്ടെന്നു തോന്നിക്കുക. അത്രയേ അദ്ദേഹത്തിനുദ്ദേശമുള്ളൂ. അതാകട്ടെ വലിയ കാര്യവുമാകുന്നു. വേണമെങ്കിൽ, അത് ദിവ്യസിദ്ധികൊണ്ട് സാധിക്കുന്നതാണെന്നും പറയാം. ഇല്ലാത്തത് ഉണ്ടാക്കുന്നതിൽ ഒരു തരം അമാനുഷത്വം കാണാനാണ് മനുഷ്യവാസന. ഇല്ലാത്ത ഒരു സാധനം, ഇല്ലെന്നറിയുന്നവർക്കു പോലും, ഉണ്ടെന്നു തോന്നിക്കുന്ന മസ്തിഷ്കവ്യാപാരമായിരുന്നു ഒരു തവണ കാലിഫോർണിയയിലെ മനശ്ശാസ്ത്രഗവേഷകനായ മൈക്കേൽ ഗസനിഗ സംഘടിപ്പിച്ച സമ്മേളനത്തിലെ വാദവിഷയം.

അത്ഭുതം എങ്ങനെ ഉണ്ടാകുന്നു? എല്ലാവർക്കും ലഭ്യമായ നിറക്കൂട്ടുകൊണ്ട് വേറെ
ആർക്കും സാധ്യമല്ലാത്ത രീതിയിൽ ചിത്രം വരച്ച് ലോനാർഡോ ഡാ വിഞ്ചി ലോകത്തെ അത്ഭുതപ്പെടുത്തി. നിങ്ങൾക്കും എനിക്കും അറിയാവുന്ന വാക്കുകൾ ചേർത്ത് നസ്രുൾ ഇസ്ലാം ഉണ്ടാക്കിയ പദജാലം പറഞ്ഞറിയിക്കാൻ വയ്യാത്ത ഭക്തിയും സ്നേഹവും ഉളവാക്കി. നമുക്ക് അറിയാത്ത ഏതോ അത്ഭുതപ്രക്രിയയിൽ പല നിറങ്ങളുള്ള മേഘങ്ങളും ചെടികളും പല കാമനകളുള്ള പ്രാണികളും ഉണ്ടായി. പക്ഷേ അവയെക്കാൾ കൂടുതൽ നമ്മെ അത്ഭുതപ്പെടുത്തുന്നത് വാഴക്കുന്നത്തിന്റെയും മുതുകാടിന്റെയും ചെപ്പടിവിദ്യകളും സായി ബാബയുടെ ആശീർവാദങ്ങളുമാണെന്നു മാത്രം. ഏതു വഴിക്കായാലും ഓരോ തവണ നാം അത്ഭുതം കൂറുമ്പോഴും മസ്തിഷ്കത്തിലെ ചില സവിശേഷകോശങ്ങൾ കൂടുതൽ ഉന്മിഷിത്താകുന്നുവെന്നാണ് ശാസ്ത്രമതം. അത്ഭുതം തോന്നിക്കുന്നതിനെ, ഭവിയുടെ സ്വരൂപം നേരത്തേ പറയുന്നവനെ, നമ്മൾ ആരാധിക്കുന്നു.


(malayalam news may 16)