Friday, January 8, 2016

കത്തുകൾ--എഴുത്തുകാരും വിലാസക്കാരും



കത്തുകൾ--എഴുത്തുകാരും വിലാസക്കാരും
കെ ഗോവിന്ദൻ കുട്ടി


മനുഷ്യാവസ്ഥയെ നിർവചിക്കുന്നതാണ് കത്ത്. മനുഷ്യൻ എഴുതാൻ പഠിച്ചതും അക്ഷരമാല ഉണ്ടാക്കിയതും കത്തിനുവേണ്ടിയാണെന്നു പറയാം. കത്ത് എഴുതുക, വായിക്കുക, ശേഖരിക്കുക, കീറിക്കളയുക--അതൊക്കെയാകുന്നു ആദിമകാലം മുതലേ മനുഷ്യന്റെ വ്യായാമം. പുതിയ നിയമത്തിൽ പേരു പറയാവുന്നവരൊക്കെ കത്തെഴുതുന്നവരാണെന്നു തോന്നുന്നു. മനുഷയപുത്രന്റെ പ്രസ്ഥാനം പ്രചരിപ്പിക്കാൻ ആദ്യം മുന്നിട്ടിറങ്ങിയ പൗലോസിന്റെ ലിഖിതങ്ങൾ ഏറെ. പലതും വിലാസക്കാരുടെ പേരിൽ അറിയപ്പെട്ടു.

യുദ്ധത്തിന്റെ ചരിതമായ മഹാഭാരതത്തിലും രാമായണത്തിലും കത്തു കൈമാറുന്ന ശിപായിമാർ പ്രത്യക്ഷപ്പെടുന്നില്ല. അവിടെ ദൂതിനായി സഞയനും ഉദ്ധവനും കൃഷ്ണനും നേരിട്ടിറങ്ങുകയാണ്. യുദ്ധത്തെയും സമധാനത്തെയും പറ്റിയുള്ള വിവരം പങ്കുവെക്കാൻ കത്തു മതിയാവില്ലെന്നൊരു ധാരണ ഉണ്ടായിരുന്നുവോ എന്തോ?

എഴുതാനുള്ള ലിപികളും സാമഗ്രികളും സാങ്കേതികവിദ്യയും അന്നില്ലായിരുന്നതുകൊണ്ടല്ല, തീർച്ച. നെടുനെടുങ്കൻ ശ്ലോകങ്ങൾ കുറിച്ചെടുക്കാൻ കുടവയറുള്ള കൂലിയെഴുത്തുകാരും ഓലയും ആണിയും അന്നുണ്ടായിരുന്നു. പനയോല വേണോ ഭൂർജ്ജപത്രം വേണോ എന്നേ ആലോചിക്കേണ്ടിയിരുന്നുള്ളു. ശകുന്തള ദുഷ്യന്തനു കത്തെഴുതിയത് താമരയിതളിലായിരുന്നു. ഇഷ്ടികയും മരത്തൊലിയും നീലനദിയുടെ തീരത്ത് എഴുത്തും വായനയുമായി നടന്നിരുന്നവർക്ക് വിട്ടുകൊടുത്തു.

അങ്ങനെയൊക്കെയാണെങ്കിലും കത്ത് മധ്യേഷ്യയിലെവിടെനിന്നോ വന്നതാണെന്നു തോന്നുന്നു. അന്നും ഇന്നും നമ്മുടെ ജീവിതത്തെ മുഴുവൻ ബാധിക്കുന്ന ആ രണ്ടക്ഷരവാക്കിന്റെ തുടക്കം തന്നെ നോക്കുക. നമ്മൾ ഖരമായി ഉപയോഗിക്കുന്ന അതിന്റെ ആദ്യാക്ഷരം ഒന്നുകൂടി അമർത്തി, ഒട്ടൊക്കെ അതിഖരമാക്കിയാൽ, ഹിന്ദിയും ഉർദുവുമായി. കത്ത് അപ്പോൾ ഖത് ആവും. അതിന്റെ ഉറവിടം പേർഷ്യനോ അറബിയോ ആണല്ലോ. വിരഹത്തെ മധുരീകരികുന്ന ഈണത്തിൽ എസ് എ ജമീൽ ജനപ്രിയമാക്കിയ ഗാനപത്രത്തെ കത്തു പാട്ടെന്നല്ല, ഖത്തു പാട്ട് എന്നു തന്നെ പറഞ്ഞാലല്ലേ ശേലുള്ളു?

പതിനെട്ടാം നൂറ്റാണ്ടിൽ ചെസ്റ്റർഫീൽഡ് പ്രഭു തന്റെ മകനയച്ച കത്തുകളായിരിക്കും രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്കയച്ച കത്തിനെക്കാൾ ആഴമേറിയതും അറിയപ്പെടുന്നതും. ചെസ്റ്റർഫീൽഡ് മകനയച്ച പത്രപരന്പര ലോകത്തിനു മുഴുവൻ ഉപയോഗപ്പെടുമാറ് പ്രസിദ്ധീകരിച്ചത് മകന്റെ ഭാര്യയായിരുന്നു. അവർ അതിനുകൊടുത്ത തലക്കെട്ട് ഇങ്ങനെയായിരുന്നു: "വിശ്വമാനവനും മാന്യനുമാകാനുള്ള കലയെപ്പറ്റി" ചെസ്റ്റർഫീൽഡ് മകനയച്ച കത്തുകൾ. പലരും അതിനെ ലൗകികവിജയത്തിനുള്ള കൈപ്പുസ്ത്റ്റകമായി കണ്ടു. രമേശ് ചെന്നിത്തലയുൾപ്പടെ ആരും തല കുലുക്കി സമ്മതിക്കുമെന്നുറപ്പിക്കാവുന്നതാവും ചെസ്റ്റഫ്രീൽഡിന്റെ കത്തുകളിലെ ഈ വാക്യം: "പ്രഗൽഭനായ മനുഷ്യൻ തന്റെ പ്രാഭവം കാണിക്കുക മാന്യമായ വാക്കിലൂടെയും ഉറച്ച പ്രവൃത്തിയിലൂടെയുമായിരിക്കും."

നമ്മുടെ നൂറ്റാണ്ടിൽ കത്തെഴുതിയും കത്തു കിട്ടിയും പേരെടുത്ത രണ്ടാളുകളേ ഓർക്കുക. അഛനും മകളും. ഒരഛൻ മകൾക്കയച്ച കത്തുകൾ എന്ന പേരിൽ തലമുറകളെയും സ്ഥലകാലസീമകളെയും ബന്ധിപ്പിച്ചുകൊണ്ട് നെഹ്രു ജയിലിൽനിന്നെഴുതിയ കത്തുകളുടെ വിലാസക്കാരിയാകാൻ കഴിഞ്ഞതാണ് ഇന്ദിര ഗാന്ധിയുടെ ഒരു ഭാഗ്യം. ഭാഷയുടെ ഭംഗികൊണ്ടും ചരിത്രാവഗാഹംകൊണ്ടും ശ്രദ്ധിക്കപ്പെട്ട ആ പുസ്തകം കത്തുകളായി രൂപപ്പെടുത്തിയത് എഴുത്തുകാരന്റെ രൂപഭാവഭദ്രതയെപ്പറ്റിയുള്ള സങ്കല്പം സൂചിപ്പിക്കുന്നു. ജനക്കൂട്ടങ്ങളുടെ മനസ്സറിഞ്ഞുനീങ്ങാനും അതേ സമയം തന്റെ ധാർമ്മികമായ നിലപാടിൽ ഉറച്ചുനിൽക്കാനും നെഹ്രുവിനെ പഠിപ്പിച്ച ഗാന്ധി ഒരു കത്തെഴുത്തുകാരനായി അറിയപ്പെട്ടില്ല. പക്ഷേ തനിക്കു കിട്ടിയിരുന്ന നൂറു കണക്കിനു കത്തുകളിൽ ഒന്നുപോലും അദ്ദേഹം മറുകുറി എഴുതാതെ തള്ളിയില്ല.

ഗാന്ധിയുടെ കത്തുകൾ പല രൂപത്തിൽ സഞ്ചരിച്ചു. അധികവും പോസ്റ്റ് കാർഡുകളായിരുന്നു. പിന്നെ ഇൻലന്റും കവറും. എന്റെ കുട്ടിക്കാലത്ത് കവറിനു പറഞ്ഞുകേട്ടിരുന്ന വാക്കാണ് ലക്കോട്ട്. അങ്ങനെയൊരു വാക്ക് ശബ്ദതാരാവലിയിലുണ്ടോ എന്നു പരിശോധിക്കാൻ ഇടയായില്ല, ഇതുവരെ. കാർഡിൽ കത്തെഴുതിയാൽ വിലാസക്കാരനല്ലാതെ ആരെങ്കിലും അതു വായിച്ചെടുക്കുമോ എന്ന ഭയം ആർക്കും ഉണ്ടായിരുന്നില്ല. വായിക്കാൻ പോയിട്ട് അത് വിലാസക്കാർക്ക് എത്തിച്ചുകൊടുക്കാൻ പോലും തപാൽ ശിപായി വേലുവിന്റെ മകന് നേരമുണ്ടായിരുന്നില്ല.

കട്ടിയുള്ള കണ്ണടയും കാക്കി ട്രൗസറുമായി വേലു സൈക്കിളിൽ മണിയടിച്ചു നാടുമുഴുവൻ കറങ്ങി. വേലുവില്ലാത്തപ്പോൾ മടക്കിക്കുത്തിയ മുണ്ടും കാക്കി കുപ്പായവുമണിഞ്ഞ പണിക്കർ പ്രത്യക്ഷപ്പെട്ടു. പണിക്കർ, ചക്രവാളം വരെ നീണ്ടു പോകുന്ന റെയിൽ പാളങ്ങളെ പിൻ തുടർന്ന വിശ്വം എന്ന ഉറൂബ് കഥാപാത്രത്തെപ്പോലെ, അങ്ങനെ നടന്നുകൊണ്ടിരുന്നു. പണിക്കർ പോയപ്പോൾ വേലുവും പോയിരുന്നു. പിന്നെ വന്ന ആൾ ചെറുപ്പക്കാരനും കാക്കി ഇടാൻ മടിച്ചിരുന്ന ആളുമായിരുന്നു. ഒരു ദിവസം അയാളെ പറഞ്ഞയച്ചുവെന്നു കേട്ടു. കത്തുകളെല്ലാം വിലാസക്കാർക്കെത്തിക്കുന്നതിനുപകരം അയാൾ അതൊക്കെ ഓരോന്നായി തോട്ടിലൊഴുക്കിക്കളയുമായിരുന്നത്രേ. ഏറെക്കാലത്തിനുശേഷം കത്തയക്കാൻ തപാല്പെട്ടിയും സ്റ്റാന്പും കാക്കിയും വേണ്ടെന്നായി. അയക്കാനുനുദ്ദേശിക്കുന്ന കത്ത് വീട്ടിൽ വന്നു ശേഖരിച്ച് വിലാസക്കാരനെത്തിച്ച് രശീതി വാങ്ങിക്കുന്ന സന്പ്രദായം ഒരു വിപ്ലവമായിരുന്നു.

ആ സന്പ്രദായത്തിൽ, കൂലിക്കത്ത് എന്ന ഐതിഹാസികപ്രാധാന്യമുള്ള ഒരിനത്തിനു സ്ഥാനമുണ്ടായിരുന്നില്ല. അയക്കാനുള്ള കൂലി നേരത്തേ വസൂലാക്കുന്ന കോരിയർ പ്രസ്ഥാനം വന്നതോടെ സ്റ്റാന്പൊട്ടിക്കാതെ കത്തെഴുതുന്ന ആളുകൾ പരുങ്ങലിലായി. എന്നാലും ചിലർ തപാൽ ആപ്പീസിൽ കൂലി അടിക്കേണ്ട ചില കത്തുകൾ വീഴും. അത് സർക്കാർ ചിലവിൽ കൈകാര്യം ചെയ്യണം. സർക്കാരായതുകൊണ്ട് കൂലിക്കത്തും കീറിക്കളയില്ല. വിലാസം തെറ്റിയെഴുതുന്ന കത്തുകളും കൂലി ആരിൽനിന്നും ഈടാക്കാൻ പറ്റാത്ത കത്തുകളും ഡെഡ് ലെറ്റർ ഓഫിസിലേക്കു പോകും. എന്ത് എങ്ങനെ ചെയ്യണമെന്ന് അവർ ആലോചിക്കട്ടെ. അങ്ങനെ ഒരു നിസ്സഹായത അനുഭവിക്കേണ്ടിവരുന്നില്ല എന്നതാണ് കോരിയർ പ്രസ്ഥാനത്തിന്റെ വിജയം.

നേരത്തേത്തന്നെ കൂലി വാങ്ങി, അയക്കുന്ന ആളെയും കിട്ടേണ്ട ആളെയും ഉറപ്പുവരുത്തുന്ന കോരിയർ ഏജൻസികളിപ്പോലും കുളത്തിലാക്കുന്ന ചിലർ ഊമക്കത്തുകളുടെ പിന്നിൽ അധിവസിക്കുന്നു. എത്ര ശ്രദ്ധിച്ചാലും പിടിക്കപ്പെടാത്ത വിലാസങ്ങളിൽനിന്ന് കത്തുകൾ ഉത്ഭവിക്കാം. അഴിമതി ആരോപണങ്ങൾ ഉന്നയിക്കാനോ ആഭസത്തരങ്ങൾ വിളിച്ചുപറയാനോ ചില പേടിത്തൊണ്ടന്മാരും വിരുതന്മാരും ഉപയോഗിക്കുന്നതാണ് ഊമക്കത്ത് എന്ന തന്ത്രം. സർക്കാർ ആപ്പിസുമായി ബന്ധപ്പെട്ടു ജോലി ചെയ്യുകയും എല്ലാവരെയും സന്തോഷിപ്പിക്കണമെന്നു നിർബ്ബന്ധം പിടിക്കാതിരിക്കുകയും ചെയ്യുന്ന എന്നെപ്പോലുള്ളവർക്ക് അത്തരം പത്രമാരണത്തിന്റെ ഇരയാകേണ്ടിവരും, കൂടെക്കൂടെ. അഹിതമായ രാഷ്ട്രീയബന്ധങ്ങളും ധാർഷ്ട്യവും എന്നിലാരോപിച്ചുകൊണ്ട് എത്രയോ ഊമക്കത്തുകൾ ഡൽഹിവരെ സഞ്ചരിച്ചിരിക്കുന്നു! അവയിൽ ചില ഊമകളെ ഞാൻ ആ ഘട്ടങ്ങളിൽ ചാലപ്പുറത്തും പൂജപ്പുരയിലും പതിവായി കണ്ടിരുന്നു.

കത്തുരാഷ്ട്രീയം പൊടിപൊടിച്ച ഒരു കാലത്ത് അർജ്ജുൻ സിംഗ് എന്ന കോൺഗ്രസ്സുകാരനും നിരാശനായ പ്രധാനമന്ത്രിപദകാംക്ഷിയും തൊട്ടതിനും പിടിച്ചതിനും കത്തെഴുതുന്ന പതിവുണ്ടാക്കി. ഏതാണ്ടൊരു ഓട്ടിസം പിടിച്ച കുട്ടിയെപ്പോലെ അദ്ദേഹം പ്രധാനമന്ത്രിമൽസരത്തിൽ ജയിച്ചുകേറിയ നരസിംഹറാവുവിനെതിരെ ഒളിയന്പും തെളിയന്പും എയ്ത് കത്തെഴുതിക്കൊണ്ടേയിരുന്നു. ചിലപ്പോൾ സോണിയ ഗാന്ധിക്കുള്ള കത്ത് ചോർത്തിക്കൊടുത്തു. മറ്റു ചിലപ്പോൾ "തുറന്ന കത്ത്" എന്ന വികൃതവേഷത്തിൽ അത് മാധ്യമങ്ങൾക്ക് എത്തിച്ചു. തുറന്ന കത്താവുന്പോൾ, വിലാസക്കാരനെത്താതെത്തന്നെ അത് നാലുപാടും വീശാൻ വിധിക്കപ്പെട്ടവർക്ക് വിതരണം ചെയ്യാമല്ലോ.

രമേശ് ചെന്നിത്തല ഉമ്മൻ ചാണ്ടിയെ പഴി പറഞ്ഞ് സോണിയ ഗാന്ധിക്കെഴുതിയ കത്ത് ഊമക്കത്തല്ല, കൂലിക്കത്തല്ല, തുറന്ന കത്തുമല്ല. അങ്ങനെ ഒരു കത്തേ ഇല്ലെന്നും തന്റെ പേരിൽ ഒരു സർ റിയലിസ്റ്റ് ലിഖിതം പോലെ പ്രചരിക്കുന്നതാണ് ഈ അപഖ്യാതിയെന്നും രമേശ് പറഞ്ഞുനോക്കാൻ തുടങ്ങി. അപ്പോൾ ഇതാ വരുന്നു ഹൈ കമാണ്ടിന്റെ വെളിപാട്: "കത്തുണ്ട്. -മെയിൽ രൂപത്തിൽ. ഉടൻ വിശദീകരിക്കാം."

ഇല്ലാത്ത കത്ത് ഉണ്ടാവുകയും ഉള്ള കത്ത് ഇല്ലെന്നു പറയാൻ നോക്കി പരിഹസിക്കപ്പെടുകയും ചെയ്യുന്നതാണ് വർത്തമാനയാഥാർഥ്യം. പക്ഷേ ആഴ്ച്കകളോളം പഴക്കമുള്ള ഒരു കത്ത് വിലാസക്കാരല്ലാത്തവർ കൊണ്ടു നടക്കുന്നതിന്റെ ഗുട്ടൻസ് ഇനിയും തെളിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ഇ മെയിൽ വിലാസത്തിൽ കയറി അടുപ്പമുള്ള ആർക്കും അടിച്ചുവിടാവുന്നതാണ്, കൂട്ടക്കാരിൽ പലർക്കും ഉള്ള മനസ്സിരിലിരിപ്പ് വിവരിക്കുന്ന ഒരു കത്ത്. പക്ഷേ ആഭ്യന്തരമന്ത്രിയുടേതാണ് വിലാസം എന്നോർക്കണം. പിന്നെ ഓർക്കാനൊന്നുകൂടിയുണ്ട്: താൻ അങ്ങനെയൊരു കത്തയച്ചിട്ടില്ലെന്ന് ഒഴുക്കനായി പറയുന്നതല്ലാതെ, കള്ളക്കത്തിന്റെ സൃഷ്ടികർത്താവിനെ മൂന്നുനാൾക്കകം തുറുങ്കിലടക്കുമെന്ന പ്രഖ്യാപനമൊന്നും രമേശിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഏ കെ ആന്റണിയോടൊപ്പം അടിയന്തരമായി അമേരിക്കയിൽ പോകേണ്ടിവന്നത് മറ്റു കാര്യങ്ങളിലേക്കു ശ്രദ്ധ തിരിക്കാൻ ഒരവസരമായി.







വീണ്ടും കുറെ മദ്യവിചാരം



വീണ്ടും കുറെ മദ്യവിചാരം
കെ ഗോവിന്ദൻ കുട്ടി


മനുഷ്യവാസമുള്ള ലോകം മിക്കവാറും പിടിച്ചടക്കിയ ശേഷം കുടിച്ചു മരിക്കുകയായിരുന്നു അലക്സാണ്ടർ. കുടിയിൽ അലക്സാണ്ടറെ കടത്തിവെട്ടാൻ പ്രാപ്തൻ ഒരാളേ ഉണ്ടായിരുന്നുള്ളു: സേനാനായകൻ ഹെഫാസ്റ്റ്യൻ. കുടി കാരണമോ എന്തോ ചക്രവർത്തിയുടെ പ്രിയപ്പെട്ട സൈന്യധിപൻ നേരത്തേ മരിച്ചു പോയി.

അലക്സാണ്ടറെ ദൈവമായി കണക്കാക്കാൻ മടിച്ച അറേബ്യിയ ആക്രമിക്കാൻ കോപ്പുകൂട്ടുകയായ്രിരുന്നു ക്രിസ്തുവിനുമുന്പ് മുന്നൂറ്റി ഇരുപത്തിമൂന്നിലെ ഒരു ജൂൺ വൈകുന്നേരം അദ്ദേഹം. പടയുടെ മുന്നേറ്റക്രമങ്ങളും ഭടന്മാരുടെ നീക്കങ്ങളൂം അദ്ദേഹം നിർണയിക്കുകയും വിശദീകരിക്കുകയും ചെയ്തു. അതിനിടെ ഒന്നു വീശണമെന്നു തോന്നി. ഉഷാറായി തിരിച്ചു വരുന്പോഴേക്കും ഒരു ദുർന്നിമിത്തം ഉണ്ടായി. തല തിരിഞ്ഞ ഒരു പടയാളി ചക്രവർത്തിയുടെ കിരീടം എടുത്ത് തലയിൽ വെച്ചുനോക്കി. ആപത്തിന്റെ അടയാളമായിരുന്നു ആ വിവരക്കേട്.

ഉമ്മൻ ചാണ്ടിയും സുധീരനും അതിൽനിന്നു മനസ്സിലാക്കാവുന്ന ഒരു കാര്യം: കുടിയുടെ വിശേഷങ്ങളിൽ ഇടപെടുന്പോൾ കസാലയുടെ സ്ഥിതിയും കുതികാൽ വെട്ടിന്റെ സാധ്യതകളും കണക്കിലെടുക്കണം.

അവസാനത്തെ ആക്രമണത്തിനു മുന്പായി, നാവികമേധാവിയായ നിയാർക്കസിനെ സോപ്പിടാൻ ചക്രവർത്തി ഒരു വിരുന്നൊരുക്കി. അലക്സാണ്ടർ പതിവു പോലെ കുടിച്ചു കുന്നൻ കായയായി. അത്താഴം കഴിഞ്ഞ് പോകുന്പോൾ മീഡിയസ് എന്ന ആശ്രിതന്റെ വിരുന്നിൽ കൂടി പങ്കെടുത്തിട്ടു വേണം പള്ളിക്കുറുപ്പ് തുടങ്ങാൻ എന്ന് അപേക്ഷ ഉണ്ടായി. വെള്ളം കണ്ടാൽ വിടാത്ത കുതിരയായിരുന്നു അലക്സാണ്ടർ. മീഡിയസ്സിന്റെ മദ്യവും അകത്താക്കി കിടന്നപ്പോൾ, അത് അവസാനത്തെ അത്താഴമാകുമെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. രാവിലെ പനി വന്നു. പനി കൂടിക്കൂടി പോയി. പിന്നെ മരിച്ചു.

സുധീരനും ചാണ്ടിക്കും ചരിത്രസത്യം പോലെ എടുത്തു വിളന്പാവുന്ന മറ്റൊരു കാര്യം: കുടിച്ചാൽ പനി വരാം. തട്ടിപ്പോകാം. അലക്സാണ്ടറാണെങ്കിൽ പോലും അധികാരം നഷ്ടപ്പെടാം. അതുകൊണ്ട് മദ്യം വാറ്റരുത്, വിൽക്കരുത്, വീശരുത്.

അലക്സാണ്ടറുടേ ഉദാഹരണത്തിൽനിന്ന് പഠിക്കാവുന്ന രണ്ടു പാഠങ്ങൾ കൂടി എഴുതി പിടിപ്പിക്കാം. ഒന്ന്, ലോകം പിടിച്ചടക്കാൻ നോക്കുന്നത് ബുദ്ധിയല്ല. രണ്ട്, ലോകം പിടിച്ചടക്കുന്പോൾ, പിടിയിലായ സ്ഥലം നോക്കി നടത്താൻ ഏർപ്പാടുണ്ടാക്കണം. അങ്ങനെ ഒന്നും നോക്കി നടത്തുന്നതിൽ അലക്സാണ്ടർക്ക് ഉൽസാഹമുണ്ടായിരുന്നില്ല. നാടും മേടും കയ്യേറുക, പിന്നെ വന്ന വഴിക്ക് മടങ്ങുക. അതായിരുന്നു അദ്ദേഹത്തിന്റെ ചിട്ട. ഭരണവും കൈകാര്യകർതൃത്വവും അദ്ദേഹത്തിനു പറഞ്ഞിട്ടുള്ളതായിരുന്നില്ല.

കുടിയനായ അലക്സാണ്ടർ മറ്റുള്ളവർ കുടിക്കണമെന്നു നിർബ്ബന്ധിച്ചിരുന്നോ എന്നറിയില്ല. ഇഷ്ടമില്ലാത്തവരും സുധീരന്മാരും അലക്സാണ്ടാറുടെ സദസ്സിൽ പൂസായി അഭിനയിച്ചിരുന്നിരിക്കണം. രാജാവിനെ രസിപ്പിക്കുന്നതാകണമല്ലോ സദസ്യരുടെ ചരണവും പരിചരണവും. അധികാരം പിടിച്ചെടുക്കുകയും അടക്കുകയും ചെയ്യുന്നവരുടെ സ്വഭാവം സ്വതവേ മറ്റുള്ളവരെക്കൊണ്ട് തങ്ങളെ അനുകരിപ്പിക്കുകയാണല്ലോ. അതിനപ്പുറം, പിടിച്ചടക്കപ്പെടുന്നവരുടെ ഇഷ്ടവും ശീലവും എന്താണോ, അതിനെതിരായി പ്രവർത്തിക്കാൻ അവരെ പ്രേരിപ്പിക്കുക.

ഉദാഹരണം: കാലാ പാനീ എന്ന ചിത്രത്തിൽ ആന്തമാനിലെ ജയിലിൽ പാർക്കുന്ന ഒരു സ്വാതന്ത്ര്യഭടനെക്കൊണ്ട് ഇറച്ചി തീറ്റിക്കാൻ നോക്കുന്ന ഒരു രംഗം ഉണ്ട്. താൻ ഇറച്ചി തിന്നുന്ന കൂട്ടത്തിലല്ല എന്നു ശഠിച്ചപ്പോൾ, ഇറച്ചിയല്ല, അമേധ്യം തന്നെ തീറ്റിക്കുമെന്നായി അധികാരത്തിനെ കാവൽക്കാരൻ. ഒടുവിൽ തീട്ടം തിന്നേണ്ടിവന്നയാൾ കടലിൽ ചാടി ചത്തു.
അധികാരം പിടിച്ചടക്കുന്നവരുടെ രീതി ഉദാഹരിക്കാൻ ഇക്കാര്യം ഉന്നയിച്ചുവെന്നേയുള്ളു. അധികാരികളുടെ നാൾ വഴി പേരേടു നോക്കിയാൽ ഇതിനു സമാനമായ പ്രവൃത്തികൾ പലതും കാണാം.

അധികാരത്തിന്റെ അത്ര തന്നെ രൗദ്രമല്ലാത്ത വഴിയാണ് ഇഷ്ടപ്പെട്ടതും ശീലിച്ചതുമായ സാധനങ്ങളും സേവനങ്ങളും നിഷേധിക്കുക. ഭാഷയിലൂടെയും വേസത്തിലൂടെയും എന്ന പോലെ ഭക്ഷണത്തിലൂടെയും സാംസ്കാരികപരിക്രമം നടക്കുന്നതു കാണാം ചരിത്രത്തിലുടനീളം. നികുതി കൊടുക്കുന്നതും വഴി നടക്കുന്നതും പുര കെട്ടുന്നതും ക്രമീകരിക്കുന്നതു പോലെ, അധികാരത്തിന്റെ അവകാശമാകുന്നു സംസാരിക്കുന്ന ഭാഷയും കഴിക്കുന്ന ഭക്ഷണവും നിയന്ത്രിക്കുന്നത് എന്ന ധാരണ ആഴത്തിൽ വേരോടിയിരിക്കുന്നു. പച്ച മലയാളത്തിൽ പറഞ്ഞാൽ, നിങ്ങൾ എന്തു കഴിക്കണം, എന്തു കുടിക്കരുത് എന്നു നിശ്ചയിക്കുന്നത് ഞാനായിരിക്കും എന്നർഥം.

കെന്റക്കി ഫ്രൈഡ് ചിക്കൻ കെന്റക്കിയിലല്ലാത്ത പാചകശാലകളിൽ ഉണ്ടാക്കിയാൽ എങ്ങനെയിരിക്കുമെന്ന് കോഴികളെ അപ്പാടെ വിഴുങ്ങുന്ന വന്പൻ കോഴികൾ പറഞ്ഞു തരും. സ്വാദെന്തായാലും കെന്റക്കിയെന്ന പേരിലുള്ള കോഴിയെ പൊരിച്ചോ പച്ചക്കോ ഇവിടെ വിൽക്കാൻ പാടില്ലെന്ന് ഒരു കൂട്ടർ നിർബ്ബന്ധിച്ചാലോ? പശുവിന്റെ ഇറച്ചി വിൽക്കാനോ തിന്നാനോ പാടില്ലെന്ന് വേറൊരു കൂട്ടർക്കും നിർബ്ബന്ധിക്കാം? ആരോഗ്യകാരണം വേണമെങ്കിൽ എടുത്തും വിളന്പാം, ഇഷ്ടം പോലെ.

സസ്യാഹാരം കഴിക്കുന്നവരുടേ ഇടയിൽ വയറിലെ അർബ്ബുദം അധികം കാണുന്നില്ല എന്നു കേൾക്കുന്നു. മാംസ്യാഹാരം നിർബ്ബന്ധമായുള്ളവർക്കത്രേ കൂടുതൽ ആപൽസാധ്യത. ചില ജീവികൾക്ക് ചിലർ കല്പിക്കുന്ന പവിത്രത അതോടൊപ്പം എഴുതുക. അപ്പോൾ മനുഷ്യന്റെ അന്നമായി മൃഗങ്ങളെ കൊല്ലുന്ന ഏർപ്പാട് നിർത്തണമെന്ന് വാദിക്കുന്ന പ്രസ്ഥാനത്തിന് വലിയ കരുത്തായി. അങ്ങനെ ഒരു വാദവുമായി ബിംബിസാരന്റെ യാഗശാലയിൽ കയറിച്ചെന്ന ഗൗതമബുദ്ധന്റെ വചനം പുസ്തകത്തിലെ അക്ഷരമായി അവസാനിച്ചു. വെള്ളം അതിന്റെ വിതാനം കണ്ടെത്തുന്നു എന്ന ബലതന്ത്രതത്വം പോലെ, ഭക്ഷണം അതിന്റെ രീതി സ്വയം ഉണ്ടാക്കുന്നുവെന്നു കരുതണം. ദോശയും ഇഡ്ഡലിയും കെന്റക്കിയിൽ എന്തുകൊണ്ട് ഹരമായിട്ടില്ല എന്നാലോചിക്കാൻ ഈ തത്വത്തിന്റെ പിൻ ബലം വേണമെങ്കിൽ അതുമാകാം.

മനുഷ്യന്റെ അന്നത്തിനായി വധിക്കപ്പെടുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും വക്കാലത്തുമായി നടക്കുന്നവർ കെ പി സി സി പ്രസിഡന്റായാലത്തെ സ്ഥിതി എന്താകും? അമേരിക്കൻ പ്രസിഡന്റ് ചെയ്തിട്ടുള്ളതു പോലെ, ജൈവധർമ്മം എന്നു വിളിക്കാവുന്ന ബയോ എതിക്സ് ക്രമീകരിക്കാനും ചിന്താവിഷയമാക്കാനും സ്ഥിരമായ ഒരു സമിതി ഉണ്ടാക്കുമായിരിക്കാം. കിളികളെയും നാൽക്കാലികളെയും ചുട്ടു തിന്നാമോ? തിന്നാനുള്ളവയായതുകൊണ്ട്, അവയുടെ തൂക്കവും വലുപ്പവും കൂട്ടാനുള്ള വഴികൾ കണ്ടെത്തണം. അങ്ങനെ ചെയ്യുന്പോൾ ഭാരം കൂടി പറക്കാനുള്ള കഴിവ് കിളികൾക്ക് നഷ്ടമാകും. പറക്കാത്ത കിളികളെ തിന്നാൽ, കിളികളെ തിന്നുന്നതുകൊണ്ടുള്ള ഗുണം പോലും ഇല്ലാതാകുമെന്ന് വാദിക്കുന്നു പീറ്റർ സിംഗറെപ്പോലുള്ള ജൈവധർമ്മവിചക്ഷണർ.

അങ്ങനെ ഒരു സമിതി ആലോചിച്ചു നിശ്ചയിക്കേണ്ടതാണ് നമ്മൾ എന്തു കുടിക്കരുത്, എന്തു കഴിക്കണം എന്ന ചോധ്യത്തിനുള്ള ഉത്തരം. ജൈവധർമ്മസമിതിയുടെ രൂപത്തിലല്ലെങ്കിലും അങ്ങനെ ഒരു ചോദ്യം ഉന്നയിക്കാനും ഉത്തരം കണ്ടെത്താനും വിദൂരമായ ഒരു ശ്രമം ഭരണഘടനയുടെ നിർമ്മാണത്തോടൊപ്പം ഇന്ത്യയിലും തുടങ്ങി. പൂർണമായ മദ്യനിരോധനമാണ് ആശാസ്യം എന്ന് ഭരണഘടനയിൽ മാർഗനിർദ്ദേശകതത്വമെന്ന നിലയിൽ എഴുതിവെക്കുകയുമുണ്ടായി.
അത് മാർഗനിർദ്ദേശകതത്വം മാത്രമാക്കാനുള്ള കാരണം അന്നേ വ്യക്തമായിരുന്നു: പൗരന്റെ അഭിരുചിയെയും അവകാശത്തെയും ബാധിക്കുന്ന ആ വ്യ്വസ്ഥ അത്ര എളുപ്പത്തിലൊന്നും നടപ്പാക്കാൻ പറ്റില്ല.

ഭരണപരമായ സാധ്യാസാധ്യതകൾ വിശദമായി ചർച്ച ചെയ്യുന്നില്ല. കള്ളവാറ്റ് പൊടിപൊടിക്കും, സ്പിരിറ്റ് ഒഴുക്ക് എട്ടു വഴിക്കും നടക്കും എന്നൊക്കെ എല്ലാവർക്കും അറിയാം. ബിയറും വൈനും നിരോധിക്കുമെന്ന വിളംബരം വൈകാതെ വരും എന്നാണ് സൂചന. മധുരകോമളകാന്തപദാവലികൊണ്ട് അലങ്കരിച്ചെഴുന്നള്ളിക്കുന്ന കള്ളിന്റെ കാര്യമോ? കള്ളൂം ചെത്താതാകുമോ, കുടിക്കാതാകുമോ? പട്ടാളത്തിലും പള്ളിയിലും മെസ്സും അൾത്താരയും വരണ്ടുപോകുമോ? അതോ അപ്പം മതി, വീഞ്ഞു വേണ്ട എന്നും കുടിക്കാത്ത കൂലിപ്പട്ടാളം മതി എന്നും നാം തൃപ്തിയോടെ സുധൂരമായി നിശ്ചയിക്കുമോ? അതിനെക്കാളൊക്കെ പ്രധാനം ഞാൻ എന്തു കുടിക്കരുതെന്ന് തീരുമാനിക്കാനുള്ള അവകാശം കയ്യടക്കുന്ന അധികാരത്തിന്റെ ആപത്താകുന്നു.

പിന്നെയും പിന്നെയും മദ്യചിന്തകൾ


പിന്നെയും പിന്നെയും മദ്യചിന്തകൾ
കെ ഗോവിന്ദൻ കുട്ടി


ബിജു രമേശിന്റെ ബാറുകളിൽ പലതിലും പോയിട്ടുണ്ടെങ്കിലും അദ്ദേഹത്തെ പരിചയപ്പെടാനുള്ള ഭാഗ്യം ഇതുവരെ കൈവന്നില്ല. രമേശൻ കോൺ ട്രാകറ്ററുമായി ഒരിക്കൽ, ഒരിക്കൽ മാത്രം, സംസാരിക്കാൻ ഇട വന്നിരുന്നു. രാജധാനിയിൽ പരിചയപ്പ്പെടാൻ കൊള്ളാവുന്നവരായി അദ്ദേഹത്തിന്റെ സ്വാധീനത്തിൽ വീഴാത്ത അധികാരും കാണില്ലെന്നായിരുന്നു എനിക്കു കിട്ടിയ ഉപദേശം. ഇന്ത്യൻ എക്സ്പ്രസ്സിനുവേണ്ടി സ്ഥലം നോക്കുന്പോൾ ആരോ അദ്ദേഹത്തിന്റെ ഉള്ളൂരിലുള്ള കെട്ടിടം ചൂണ്ടിക്കാട്ടി. കെ കരുണാകരൻ കുറച്ചിട താമസിച്ചു ശുദ്ധമാക്കിയ സ്ഥലം.

ഒരു ദിവസം കോൺ ട്രാക്റ്ററുടെ ഫോൺ വന്നു. ഉപചാരവും വളച്ചുകെട്ടുമില്ലാത്ത സംസാരം. അദ്ദേഹം ഒരു സംഖ്യ പറഞ്ഞു. "വലിയ കന്പനിയല്ലേ, നല്ല വില ഇടണം. നിങ്ങൾക്കും അതു നന്നായിരിക്കും." ആ ഇടപാട് നടന്നില്ല. എനിക്കൊരു നന്മയും ഉണ്ടായുമില്ല. എളിമയിൽനിന്ന് പണത്തിന്റെ പൊലിമയിലേക്കു മിന്നിക്കയറിയവരുമായി ഞാൻ നടത്തിയ അപൂർവം സംഭാഷണങ്ങളിൽ ഒന്നതായിരുന്നു. രമേശന്റെ ബിസിനസ്സിന് കുറെക്കൂടി ചേലും ചൈതന്യവും പകർന്നത് മകൻ ബിജു രമേശ് ആയിരുന്നു.


ബിജു രമേശ് സാധാ ബിസിനസ്സുകാരനല്ല. ആരെയും കഴിയുന്നത്ര മുഷിപ്പിക്കാതിരിക്കുകയാണ് സാധാ ബിസിനസ്സുകാരന്റെ സ്വഭാവം. വാദവും വിവാദവുമല്ല, ലാഭമാണ് ബിസിനസ്സുകാരന്റെ ലക്ഷ്യം. ലാഭത്തിനുവേണ്ടി കളിക്കുന്പോൾ നിലവിലുള്ള നിയമം പലതും ലംഘിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യേണ്ടിവരും. ഞാൻ ജോലി ചെയ്തിരുന്ന ഒരു സ്ഥാപനത്തിന്റെ ഉടമയെപ്പറ്റി മിത്രങ്ങൾ പറയാറുണ്ട്, "രാം നാഥ് ഗോയങ്ക ലംഘിക്കാത്തതായി ഒരു ഇന്ത്യൻ നിയമവുമില്ല." എന്നിട്ടും അധികാരകേന്ദ്രങ്ങളെ അദ്ദേഹം വെല്ലുവിളിച്ചു രസിച്ചു. വേണ്ടിവരുന്പോൾ അധികാരികളെ ഇക്കിളിപ്പെടുത്തുകയും ചെയ്യുമായിരുന്നു എന്നു പറയേണ്ടല്ലോ.



ബിജു രമേശനെപ്പറ്റിയുള്ള പ്രകരണത്തിൽ ഗോയങ്ക കടന്നുവന്നത് ആനുഷംഗികം മാതം. വേണമെങ്കിൽ ബിജുവിന് ഒച്ച വെക്കാതെ കുടിയന്മാരെ സുഖിപ്പിച്ച് പത്തു കിട്ടുകിൽ നൂറു മതിയെന്നും ശതമാകിൽ സഹസ്രം മതിയെന്നും ജപിച്ച് കഴിയാമായിരുന്നു. പക്ഷേ സർക്കരിന്റെ മദ്യനയത്തിന്റെ പേരിൽ അദ്ദേഹത്തിനു നഷ്ടപ്പെട്ടത് ആ അവസരമായിരുന്നു. എത്ര ബാറുകൾ? ഓരോ ദിവസവും ഓരോ ബാറിൽനിന്നും ഉണ്ടാവുന്ന അറ്റാദായം എത്ര? കണക്കാക്കാവുന്നതേയുള്ളു. പക്ഷേ എന്റെ കൈവശം കണക്കില്ല. സാങ്കല്പികമായി, അൻപതുലക്ഷം ഒരു നാളത്തെ നഷ്ടം എന്നു കരുതുക. അത്ര പണം പോയാൽ തല തിരിയാത്ത ആളുണ്ടാവില്ല. തല തിരിയാതെ, ബിസിനസ്സുകാരുടെ പതിവു തെറ്റിച്ച്, അധികാരകേന്ദ്രങ്ങളെ ചൊടിപ്പിക്കാനും സത്യത്തിനുവേണ്ടി പ്രക്ഷോഭം തുടങ്ങാനുമായിരുന്നു ബിജുവിന്റെ ഭാവം.



ഒളിഞ്ഞും വളഞ്ഞുമല്ല ബിജുവിന്റെ നില്പ്. എന്തും വിശ്വസിക്കാൻ തയ്യാറായി നിൽക്കുന്ന നിരാശാവാദികളെപ്പോലും അന്ധാളിപ്പിക്കുന്ന വേഗത്തിലും ശൈലിയിലുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ മുന്നേറ്റം. ആർക്കെതിരെ എപ്പോൾ എന്ത് ആരോപണം വരുമെന്ന് പലർക്കും ഉറപ്പില്ലാതായി. ഒരു നൂറ്റാണ്ടു മുന്പ് സ്മാർത്തവിചാരത്തിനു വിധേയയായ കുറിയേടത്ത് താത്രി എന്ന നന്പൂതിരി യുവതിയുടെ കഥ ഓർമ്മ വരുന്നു. സ്മാർത്തന്മാർ വിചാരം ആഘോഷിച്ചുപോയപ്പോൾ, കേമന്മാരും കൂളന്മാരും പേർ ചൊല്ലി തള്ളപെട്ടു. ആരാന്റമ്മക്ക് ഭ്രാന്ത് ഇളകുന്പോൾ കാണാൻ നല്ല ചേല് എന്ന മട്ടിൽ നാട്ടുകാരും പിടിക്കപ്പെടാത്ത പ്രമാണികളും കരഘോഷം ഉയർത്തി. ഒടുവിൽ താത്രി ഒരു അടവ് പ്രയോഗിച്ചു. "ഇനിയും പറയണോ നന്പൂരീ?" നന്പൂരി നിർബ്ബന്ധിച്ചെങ്കിൽ താത്രി പറയുമായിരുന്ന പേർ ആരുടേതായിരിക്കും? നന്പൂരിയുടെ? അതോ സാക്ഷാൽ രാജാവിന്റെ തന്നെയോ?



കെ ബാബുവിന്റെ പേരിലുള്ള ആരോപണം കെ എം മാണിയുടെ പേരിലുള്ള ആരോപണത്തിന്റെ തന്നെ വഴിക്കു നീങ്ങിയാൽ പുത്തൻ ചന്തക്കു ചുറ്റും സമാധാനം വാഴുമെന്ന് ആരും ധരിക്കില്ല. സമാധാനത്തിനുപകരം ജനഹൃദയത്തെ മഥിക്കുക ''ഇനി ആർ" എന്ന ചോദ്യമായിരിക്കും. ജനനായകരാകട്ടെ, താത്രിയുടെ ചോദ്യത്തിനു മുന്നിൽ വിളറിനിന്ന സ്മാർത്തനെയും രാജാവിനെയും പോലെയും ആയിരിക്കും. അങ്ങനെ നോക്കിയാൽ, ബിജു രമേശ് ഒരു തരം സംക്രമപുരുഷനായി മാറുന്നു. അദ്ദേഹത്തിനു പറയാൻ വയ്യാത്ത പേർ അധികം ഇല്ലെന്ന ധാരണക്കാണല്ലോ ഇപ്പോൾ ജനപ്രിയം.


മദ്യം വഴി വരുന്ന പണത്തിന്റെ സുലഭതയാണ് ബിജു രമേശ് ആവുന്നതിന്റെ പ്രാധാന്യം. ആ വരവിന്റെ ചിത്രണം പത്രങ്ങളുടെ പിന്നാന്പുറക്കാഴ്ച്ചകളായേ കണ്ടിട്ടുള്ളു. കണക്കിന്റെ കൃത്യത അതിനുണ്ടാകണമെന്ന് ആരും നിർബ്ബന്ധിച്ചിട്ടില്ല. എവിടെനിന്നെല്ലാമോ സ്പിരിറ്റ് ഒളിഞ്ഞും തെളിഞ്ഞും കടത്തിക്കൊണ്ടു വരുന്നു. അതിൽ ഓരോരോ തോതിൽ വെള്ളം ചേർക്കുന്നു. വേണ്ടതിൽ കൂടുതൽ വെള്ളം ചേർന്നാൽ ലഹരി കുറയാതിരിക്കാൻ കിട്ടാവുന്ന മരുന്ന് ഒഴിക്കുന്നു. ആനയെ മയക്കാൻ പോന്നതായിരിക്കും ചിലപ്പോൾ ആ മരുന്ന്. വൈപ്പിനിൽ ഒരിക്കൽ കുടിച്ചവർ കുടിച്ചവർ കറങ്ങിവീണത് മദ്യത്തിൽ ആകാവുന്നതിനെക്കാൾ എത്രയോ ഏറെ മരുന്ന് ഒഴിച്ചതുകൊണ്ടായിരുന്നുവത്രേ. അത് ഒഴിക്കുന്നവർക്ക് ബോധം ഉണ്ടായിരുന്നില്ലെന്നത് കഥയുടെ രണ്ടാം ഭാഗം.


പത്തുപതിനെട്ടു കൊല്ലം മുന്പ് ഞാൻ അവതരിപ്പിച്ചിരുന്ന കാഴ്ചവട്ടം എന്ന ടെലിവിഷൻ പരിപാടിയിൽ അതിഥിയായി വന്നത് സുനിൽ എന്ന മദ്യവ്യാപാരി ആയിരുന്നു. അന്ന് ചാരായം നിരോധിക്കപ്പെട്ട് അധികം കാലം ആയിരുന്നില്ല. തിരുവനന്തപുരത്ത് ഒരു റേഞ്ച് കള്ളു ഷാപ്പ് സുനിൽ ഒന്നര കോടിക്കോ മറ്റോ ലേലത്തിൽ പിടിച്ചു. അടുത്ത കൊല്ലം കിസ്ത് ഇരട്ടിയായി. അതിന്റെ അടുത്ത കൊല്ലം അതിന്റെയും ഇരട്ടിയും. പിന്നെയും കിസ്ത് ഇരട്ടിച്ചപ്പോൾ സുനിൽ കളം മാറിപ്പോയി. അത്ര വലിയ തുക പിരിച്ചെടുക്കൻ പറ്റുമെന്ന ധാർഷ്ട്യം സുനിലിനുണ്ടായിരുന്നില്ല. കൂടുതൽ കൂടുതൽ തുക ഈടാക്കിക്കൊണ്ടിരുന്ന സർക്കാരിനറിയാമായിരുന്ന ചില വെറും വസ്തുതകൾ സുനിൽ നിരത്തി.



ലാഭമുണ്ടെങ്കിലേ കച്ചവടം നടക്കൂ. ലാഭം വേണമെങ്കിൽ കൂടുതൽ കൂടുതൽ കള്ളു വിൽക്കണം. ഒരു കൊല്ലം കൊണ്ട് ചെത്തിക്കിട്ടാവുന്ന കള്ളിന്റെ അളവ് ഇരട്ടിക്കുകയോ ചെത്താവുന്ന തെങ്ങുകൾ പെട്ടെന്ന് പൊട്ടിമുളക്കുകയോ ചെയ്യില്ല. അപ്പോൾ കള്ളിൽ വെള്ളം ചേർക്കണം. ലഹരി കൂട്ടാനോ നില നിർത്താനോ മരുന്ന് ചേർക്കണം. മരുന്ന് കണ്ണു പൊട്ടിക്കുകയോ കരൾ പിളർക്കുകയോ ചെയ്താലോ? "ഹേയ്, സുരക്ഷിതമായ രീതിയിലേ ഞങ്ങൾ മായം ചേർക്കുകയുള്ളു" എന്നായിരുന്നു സുനിലിന്റെ സിദ്ധാന്തം. സർക്കാരിനും അതു ബോധ്യമായിരുന്നുവെന്നുവേണം കരുതാൻ, മറ്റൊരു ദുരന്തം കൂടി ഉണ്ടാകുന്നതു വരെ.

അങ്ങനെ വെള്ളം ചേർത്ത വെള്ളത്തിൽ നിന്നുണ്ടാവുന്ന ആദായം, നറുക്കു വീഴുന്ന ഭാഗ്യക്കുറി ടിക്കറ്റിൽനിന്നു കിട്ടുന്ന ആദായത്തെക്കാൾ അധികമാവില്ല. അതിനെക്കാൾ കുറഞ്ഞിരിക്കും മറ്റേതു രംഗത്തെയും വ്യാപാരശിഷ്ടം. പലപ്പോഴും ആവശ്യമുള്ള സാധനങ്ങളെക്കാളും വില കൂടുതലായിരിക്കും അനാവശ്യസാധനങ്ങൾക്ക്. ലഹരി പകരുകയും ആരോഗ്യം നശിപ്പിക്കുകയും ചെയ്യുന്ന മദ്യത്തിന്റെ വിലയും അതുവഴി ഉണ്ടാകുന്ന ലാഭവും ഇത്ര ഉയർന്നിരിക്കുന്നതിനെപ്പറ്റി വിലയുടെ തിയറി രചിക്കുന്പോൾ ജോൺ മേയ്നാർഡ് കീൻസ് ആലോചിച്ചിരുന്നുവോ ആവോ? അത്യ്യാവശ്യസേവനങ്ങൾക്കു കൊടുക്കുന്നതിനെക്കാൾ എത്രയോ കൂടുതലല്ലേ ആടിടുന്നവരും പാടിടുന്നവരും വസൂലാക്കുന്ന പ്രതിഫലം?

പണം അത്ര പൊട്ടിമുളക്കുന്പോൾ, അപ്പോൾ മാത്രം, അതിന്റെ ഉടമസ്ഥരിൽനിന്ന് അധികാരകേന്ദ്രങ്ങളും അധികാരകേന്ദ്രങ്ങളിൽനിന്ന് പണത്തിന്റെ ഉടമസ്ഥരും ചിലതൊക്കെ പ്രതീക്ഷിക്കും. പാർടി ആപ്പീസിലെ ഫോൺ ബില്ലടക്കാനോ പോസ്റ്റർ അടിക്കാനോ ടക്സിക്കൂലി കൊടുക്കാനോ അധികാരികൾ അബ്കാരികളെ നിയോഗിക്കുന്നു. ചെറുതും വലുതുമായ നിയമലംഘനങ്ങൾ നടക്കുന്പോൾ മുഖം വെട്ടിച്ചുപോകാൻ അബ്കാരികൾ അധികാരികളോടഭ്യർഥിക്കുന്നു. നമ്മുടെ രാഷ്ട്രീയയന്ത്രത്തിൽ വേണ്ടപ്പോഴൊക്കെ ഇന്ധനം നിറക്കാൻ ചന്ദ്രസേനന്മാരും നാരായണന്മാരും പാപ്പന്മാരും രമേശന്മാരും ഉണ്ണിമാരും ഉണ്ടാകണമല്ലോ. ചിലപ്പോൾ ആ ഇന്ധനത്തെ സംഭാവന എന്നു വിളിക്കും. ചിലപ്പോൾ അതിനെ മാമൂൽ എന്നോ ഉപഹാരമെന്നോ വിളിക്കും. ചിലപ്പോൾ അത് ശിക്ഷിക്കപ്പെടേണ്ട കൈക്കൂലിയും ആകും. എന്തു പേരിട്ടു വിളിച്ചാലും മദ്യത്തിൽനിന്നുണ്ടാകുന്ന പണവും അധികാരവും തമ്മിൽ നമ്മുടെ നാട്ടിൽ, നമ്മുടെ കാലഘട്ടത്തിൽ, ഉരുത്തിരിഞ്ഞുവന്നിരിക്കുന്ന ബന്ധത്തിന്റെ നിറവും മണവും തീർത്തും സത്യസന്ധതയുടേതല്ല. മൂന്നു നിറത്തിലും ചുവപ്പായും വെള്ളയായും കാവിയായുമൊക്കെ അതു പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും.

മദ്യം നിരോധിക്കുന്പോൾ നിഷേധിക്കപ്പെടുന്നത് ആ ഇന്ധനമാകും. സർക്കാരിനും നഷ്ടം ചെറുതാവില്ല. നികുതിയിനത്തിലും വ്യാപാരലാഭമായും മദ്യം നേടിക്കൊടുക്കുന്ന തുക സർക്കാരിന്റെ വരുമാനത്തിൽ നല്ലൊരംശം തന്നെ. അതുവേണ്ടെങ്കിൽ മദ്യവ്യാപാരം സ്വകാര്യമേഖലക്ക് വിട്ടുകൊടുത്തുകൂടേ? വിഷമദ്യം ദുരന്തം വരുത്തിവെക്കുന്നുവെന്നതാണല്ലോ വ്യാപാരം സർക്കാർ ഏറ്റെടുക്കാൻ ഉന്നയിച്ച കാരണം. സ്വകാര്യമേഖലയിൽ മദ്യത്തിന്റെ നിർമാണത്തിനും വിതരണത്തിനും ആരോഗ്യകരമായ നിബന്ധനകൾ പുലർത്തിയാൽ പോരേ? പക്ഷേ ആ വാദമുഖമൊന്നും മദ്യം കുടിക്കാനും കുടിപ്പിക്കാനുമുള്ള ആസക്തി തീർക്കുന്നില്ല.

ഒരൊറ്റ വാദം മതി മദ്യം വാറ്റാതിരിക്കാനും വിളന്പാതിരിക്കാനും. അത് കരൾ പിളർക്കുകയും തല തിരിക്കുകയും ചെയ്യുന്നു. ഭരണഘടനയുടെ മാർഗ്ഗനിർദ്ദേശകതത്വങ്ങളും ഗുരുവചനങ്ങളും സുധീരന്റെ സൂത്രങ്ങളും ഉദ്ധരിക്കാതെത്തന്നെ പറയാം, മദ്യം വിഷം തന്നെ. പക്ഷേ മനുഷ്യനിൽ അന്തർനിഹിതമായ ഒരു സ്വഭാവവൈരുദ്ധ്യത്തിന് അത് അടിവര ഇടുന്നു. ശാന്തി കാംക്ഷിച്ചുകൊണ്ടു തന്നെ മനുഷ്യൻ യുദ്ധം ചെയ്യുന്നതു പോലെ, വിഷമെന്നറിഞ്ഞുകൊണ്ടുതന്നെ മനുഷ്യൻ മദ്യം സേവിക്കുന്നു. സാധാരണ മനുഷ്യൻ മാത്രമല്ല, മുനിയും മഹാശയനും വല്ലപ്പോഴുമെങ്കിലുമൊന്നു പൂസാവാൻ ഇഷ്ടപ്പെടുന്നു. അല്പം നേരത്തേക്കെങ്കിലും തന്റെ സ്വബോധം നഷ്ടപ്പെട്ടുകാണാൻ മനുഷ്യനു വാസനയുണ്ടെന്നാകുന്നു എന്റെ മതം. അതിനെ ശുദ്ധീകരിക്കാം, പക്ഷേ പാനീയവും ഭക്ഷണവും അതതു കാലത്തെ സുധീരന്മാർ നിശ്ചയിക്കുന്നതേ ആകാവൂ എന്നു ശഠിക്കുന്ന തത്വശാസ്ത്രത്തിനെന്തു പേർ പറയും? പാനീയമെന്ന നിലക്കും ബിംബകമെന്ന നിലക്കും മദ്യം മനുഷ്യാവസ്ഥയിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.

നമ്മുടെ ഒരു ദേവീസ്തവമില്ലേ, അത് കുടിച്ചു കണ്ണു കലങ്ങിയ ദേവിയെ അവതരിപ്പിക്കുന്നു. നമ്മുടെ പ്രിയംകരനായ കൃഷ്ണനില്ലേ, പുള്ളി തരം കിട്ടുന്പോഴൊക്കെ മിനുങ്ങിയിരുന്നു. ജ്യേഷ്ഠൻ രാമൻ മുഴുക്കുടിയനായിരുന്നു. മലയാളത്തിൽ രാമകഥയും കൃഷ്ണകഥയും പാടിയ എഴുത്തഛനെപ്പറ്റി നമ്മൾ പറഞ്ഞുപരത്തിയ ഒരു വിശേഷം അദ്ദേഹത്തിന്റെ മദ്യപാനമായിരുന്നു. ചങ്ങന്പുഴയാകട്ടെ, യവനമദ്യദേവതയായ ബേക്കസ്സിന് ഒരു മംഗളസ്രഗ്ധര സമർപ്പിക്കുകയും ചെയ്തു. ആ പ്രകരണത്തിൽ അവരുടെ കൂട്ടത്തിൽ കൂട്ടേണ്ട മദ്യപാനിയല്ലാതിരുന്ന ജി ശങ്കരക്കുറുപ്പിനെ. എന്നാലും അദ്ദേഹവും "മദകര മധു നുകർന്നു മേൽക്കുമേൽ" വിഹരിക്കുകയായിരുന്നു. വൈലോപ്പിള്ളി തെളിച്ചു തന്നെ പറഞ്ഞു: "സാഹിതിയുടെ വാതിലിൽ മുട്ടും സ്നേഹിതനല്ലോ മദ്യം."