Friday, January 8, 2016

പിന്നെയും പിന്നെയും മദ്യചിന്തകൾ


പിന്നെയും പിന്നെയും മദ്യചിന്തകൾ
കെ ഗോവിന്ദൻ കുട്ടി


ബിജു രമേശിന്റെ ബാറുകളിൽ പലതിലും പോയിട്ടുണ്ടെങ്കിലും അദ്ദേഹത്തെ പരിചയപ്പെടാനുള്ള ഭാഗ്യം ഇതുവരെ കൈവന്നില്ല. രമേശൻ കോൺ ട്രാകറ്ററുമായി ഒരിക്കൽ, ഒരിക്കൽ മാത്രം, സംസാരിക്കാൻ ഇട വന്നിരുന്നു. രാജധാനിയിൽ പരിചയപ്പ്പെടാൻ കൊള്ളാവുന്നവരായി അദ്ദേഹത്തിന്റെ സ്വാധീനത്തിൽ വീഴാത്ത അധികാരും കാണില്ലെന്നായിരുന്നു എനിക്കു കിട്ടിയ ഉപദേശം. ഇന്ത്യൻ എക്സ്പ്രസ്സിനുവേണ്ടി സ്ഥലം നോക്കുന്പോൾ ആരോ അദ്ദേഹത്തിന്റെ ഉള്ളൂരിലുള്ള കെട്ടിടം ചൂണ്ടിക്കാട്ടി. കെ കരുണാകരൻ കുറച്ചിട താമസിച്ചു ശുദ്ധമാക്കിയ സ്ഥലം.

ഒരു ദിവസം കോൺ ട്രാക്റ്ററുടെ ഫോൺ വന്നു. ഉപചാരവും വളച്ചുകെട്ടുമില്ലാത്ത സംസാരം. അദ്ദേഹം ഒരു സംഖ്യ പറഞ്ഞു. "വലിയ കന്പനിയല്ലേ, നല്ല വില ഇടണം. നിങ്ങൾക്കും അതു നന്നായിരിക്കും." ആ ഇടപാട് നടന്നില്ല. എനിക്കൊരു നന്മയും ഉണ്ടായുമില്ല. എളിമയിൽനിന്ന് പണത്തിന്റെ പൊലിമയിലേക്കു മിന്നിക്കയറിയവരുമായി ഞാൻ നടത്തിയ അപൂർവം സംഭാഷണങ്ങളിൽ ഒന്നതായിരുന്നു. രമേശന്റെ ബിസിനസ്സിന് കുറെക്കൂടി ചേലും ചൈതന്യവും പകർന്നത് മകൻ ബിജു രമേശ് ആയിരുന്നു.


ബിജു രമേശ് സാധാ ബിസിനസ്സുകാരനല്ല. ആരെയും കഴിയുന്നത്ര മുഷിപ്പിക്കാതിരിക്കുകയാണ് സാധാ ബിസിനസ്സുകാരന്റെ സ്വഭാവം. വാദവും വിവാദവുമല്ല, ലാഭമാണ് ബിസിനസ്സുകാരന്റെ ലക്ഷ്യം. ലാഭത്തിനുവേണ്ടി കളിക്കുന്പോൾ നിലവിലുള്ള നിയമം പലതും ലംഘിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യേണ്ടിവരും. ഞാൻ ജോലി ചെയ്തിരുന്ന ഒരു സ്ഥാപനത്തിന്റെ ഉടമയെപ്പറ്റി മിത്രങ്ങൾ പറയാറുണ്ട്, "രാം നാഥ് ഗോയങ്ക ലംഘിക്കാത്തതായി ഒരു ഇന്ത്യൻ നിയമവുമില്ല." എന്നിട്ടും അധികാരകേന്ദ്രങ്ങളെ അദ്ദേഹം വെല്ലുവിളിച്ചു രസിച്ചു. വേണ്ടിവരുന്പോൾ അധികാരികളെ ഇക്കിളിപ്പെടുത്തുകയും ചെയ്യുമായിരുന്നു എന്നു പറയേണ്ടല്ലോ.ബിജു രമേശനെപ്പറ്റിയുള്ള പ്രകരണത്തിൽ ഗോയങ്ക കടന്നുവന്നത് ആനുഷംഗികം മാതം. വേണമെങ്കിൽ ബിജുവിന് ഒച്ച വെക്കാതെ കുടിയന്മാരെ സുഖിപ്പിച്ച് പത്തു കിട്ടുകിൽ നൂറു മതിയെന്നും ശതമാകിൽ സഹസ്രം മതിയെന്നും ജപിച്ച് കഴിയാമായിരുന്നു. പക്ഷേ സർക്കരിന്റെ മദ്യനയത്തിന്റെ പേരിൽ അദ്ദേഹത്തിനു നഷ്ടപ്പെട്ടത് ആ അവസരമായിരുന്നു. എത്ര ബാറുകൾ? ഓരോ ദിവസവും ഓരോ ബാറിൽനിന്നും ഉണ്ടാവുന്ന അറ്റാദായം എത്ര? കണക്കാക്കാവുന്നതേയുള്ളു. പക്ഷേ എന്റെ കൈവശം കണക്കില്ല. സാങ്കല്പികമായി, അൻപതുലക്ഷം ഒരു നാളത്തെ നഷ്ടം എന്നു കരുതുക. അത്ര പണം പോയാൽ തല തിരിയാത്ത ആളുണ്ടാവില്ല. തല തിരിയാതെ, ബിസിനസ്സുകാരുടെ പതിവു തെറ്റിച്ച്, അധികാരകേന്ദ്രങ്ങളെ ചൊടിപ്പിക്കാനും സത്യത്തിനുവേണ്ടി പ്രക്ഷോഭം തുടങ്ങാനുമായിരുന്നു ബിജുവിന്റെ ഭാവം.ഒളിഞ്ഞും വളഞ്ഞുമല്ല ബിജുവിന്റെ നില്പ്. എന്തും വിശ്വസിക്കാൻ തയ്യാറായി നിൽക്കുന്ന നിരാശാവാദികളെപ്പോലും അന്ധാളിപ്പിക്കുന്ന വേഗത്തിലും ശൈലിയിലുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ മുന്നേറ്റം. ആർക്കെതിരെ എപ്പോൾ എന്ത് ആരോപണം വരുമെന്ന് പലർക്കും ഉറപ്പില്ലാതായി. ഒരു നൂറ്റാണ്ടു മുന്പ് സ്മാർത്തവിചാരത്തിനു വിധേയയായ കുറിയേടത്ത് താത്രി എന്ന നന്പൂതിരി യുവതിയുടെ കഥ ഓർമ്മ വരുന്നു. സ്മാർത്തന്മാർ വിചാരം ആഘോഷിച്ചുപോയപ്പോൾ, കേമന്മാരും കൂളന്മാരും പേർ ചൊല്ലി തള്ളപെട്ടു. ആരാന്റമ്മക്ക് ഭ്രാന്ത് ഇളകുന്പോൾ കാണാൻ നല്ല ചേല് എന്ന മട്ടിൽ നാട്ടുകാരും പിടിക്കപ്പെടാത്ത പ്രമാണികളും കരഘോഷം ഉയർത്തി. ഒടുവിൽ താത്രി ഒരു അടവ് പ്രയോഗിച്ചു. "ഇനിയും പറയണോ നന്പൂരീ?" നന്പൂരി നിർബ്ബന്ധിച്ചെങ്കിൽ താത്രി പറയുമായിരുന്ന പേർ ആരുടേതായിരിക്കും? നന്പൂരിയുടെ? അതോ സാക്ഷാൽ രാജാവിന്റെ തന്നെയോ?കെ ബാബുവിന്റെ പേരിലുള്ള ആരോപണം കെ എം മാണിയുടെ പേരിലുള്ള ആരോപണത്തിന്റെ തന്നെ വഴിക്കു നീങ്ങിയാൽ പുത്തൻ ചന്തക്കു ചുറ്റും സമാധാനം വാഴുമെന്ന് ആരും ധരിക്കില്ല. സമാധാനത്തിനുപകരം ജനഹൃദയത്തെ മഥിക്കുക ''ഇനി ആർ" എന്ന ചോദ്യമായിരിക്കും. ജനനായകരാകട്ടെ, താത്രിയുടെ ചോദ്യത്തിനു മുന്നിൽ വിളറിനിന്ന സ്മാർത്തനെയും രാജാവിനെയും പോലെയും ആയിരിക്കും. അങ്ങനെ നോക്കിയാൽ, ബിജു രമേശ് ഒരു തരം സംക്രമപുരുഷനായി മാറുന്നു. അദ്ദേഹത്തിനു പറയാൻ വയ്യാത്ത പേർ അധികം ഇല്ലെന്ന ധാരണക്കാണല്ലോ ഇപ്പോൾ ജനപ്രിയം.


മദ്യം വഴി വരുന്ന പണത്തിന്റെ സുലഭതയാണ് ബിജു രമേശ് ആവുന്നതിന്റെ പ്രാധാന്യം. ആ വരവിന്റെ ചിത്രണം പത്രങ്ങളുടെ പിന്നാന്പുറക്കാഴ്ച്ചകളായേ കണ്ടിട്ടുള്ളു. കണക്കിന്റെ കൃത്യത അതിനുണ്ടാകണമെന്ന് ആരും നിർബ്ബന്ധിച്ചിട്ടില്ല. എവിടെനിന്നെല്ലാമോ സ്പിരിറ്റ് ഒളിഞ്ഞും തെളിഞ്ഞും കടത്തിക്കൊണ്ടു വരുന്നു. അതിൽ ഓരോരോ തോതിൽ വെള്ളം ചേർക്കുന്നു. വേണ്ടതിൽ കൂടുതൽ വെള്ളം ചേർന്നാൽ ലഹരി കുറയാതിരിക്കാൻ കിട്ടാവുന്ന മരുന്ന് ഒഴിക്കുന്നു. ആനയെ മയക്കാൻ പോന്നതായിരിക്കും ചിലപ്പോൾ ആ മരുന്ന്. വൈപ്പിനിൽ ഒരിക്കൽ കുടിച്ചവർ കുടിച്ചവർ കറങ്ങിവീണത് മദ്യത്തിൽ ആകാവുന്നതിനെക്കാൾ എത്രയോ ഏറെ മരുന്ന് ഒഴിച്ചതുകൊണ്ടായിരുന്നുവത്രേ. അത് ഒഴിക്കുന്നവർക്ക് ബോധം ഉണ്ടായിരുന്നില്ലെന്നത് കഥയുടെ രണ്ടാം ഭാഗം.


പത്തുപതിനെട്ടു കൊല്ലം മുന്പ് ഞാൻ അവതരിപ്പിച്ചിരുന്ന കാഴ്ചവട്ടം എന്ന ടെലിവിഷൻ പരിപാടിയിൽ അതിഥിയായി വന്നത് സുനിൽ എന്ന മദ്യവ്യാപാരി ആയിരുന്നു. അന്ന് ചാരായം നിരോധിക്കപ്പെട്ട് അധികം കാലം ആയിരുന്നില്ല. തിരുവനന്തപുരത്ത് ഒരു റേഞ്ച് കള്ളു ഷാപ്പ് സുനിൽ ഒന്നര കോടിക്കോ മറ്റോ ലേലത്തിൽ പിടിച്ചു. അടുത്ത കൊല്ലം കിസ്ത് ഇരട്ടിയായി. അതിന്റെ അടുത്ത കൊല്ലം അതിന്റെയും ഇരട്ടിയും. പിന്നെയും കിസ്ത് ഇരട്ടിച്ചപ്പോൾ സുനിൽ കളം മാറിപ്പോയി. അത്ര വലിയ തുക പിരിച്ചെടുക്കൻ പറ്റുമെന്ന ധാർഷ്ട്യം സുനിലിനുണ്ടായിരുന്നില്ല. കൂടുതൽ കൂടുതൽ തുക ഈടാക്കിക്കൊണ്ടിരുന്ന സർക്കാരിനറിയാമായിരുന്ന ചില വെറും വസ്തുതകൾ സുനിൽ നിരത്തി.ലാഭമുണ്ടെങ്കിലേ കച്ചവടം നടക്കൂ. ലാഭം വേണമെങ്കിൽ കൂടുതൽ കൂടുതൽ കള്ളു വിൽക്കണം. ഒരു കൊല്ലം കൊണ്ട് ചെത്തിക്കിട്ടാവുന്ന കള്ളിന്റെ അളവ് ഇരട്ടിക്കുകയോ ചെത്താവുന്ന തെങ്ങുകൾ പെട്ടെന്ന് പൊട്ടിമുളക്കുകയോ ചെയ്യില്ല. അപ്പോൾ കള്ളിൽ വെള്ളം ചേർക്കണം. ലഹരി കൂട്ടാനോ നില നിർത്താനോ മരുന്ന് ചേർക്കണം. മരുന്ന് കണ്ണു പൊട്ടിക്കുകയോ കരൾ പിളർക്കുകയോ ചെയ്താലോ? "ഹേയ്, സുരക്ഷിതമായ രീതിയിലേ ഞങ്ങൾ മായം ചേർക്കുകയുള്ളു" എന്നായിരുന്നു സുനിലിന്റെ സിദ്ധാന്തം. സർക്കാരിനും അതു ബോധ്യമായിരുന്നുവെന്നുവേണം കരുതാൻ, മറ്റൊരു ദുരന്തം കൂടി ഉണ്ടാകുന്നതു വരെ.

അങ്ങനെ വെള്ളം ചേർത്ത വെള്ളത്തിൽ നിന്നുണ്ടാവുന്ന ആദായം, നറുക്കു വീഴുന്ന ഭാഗ്യക്കുറി ടിക്കറ്റിൽനിന്നു കിട്ടുന്ന ആദായത്തെക്കാൾ അധികമാവില്ല. അതിനെക്കാൾ കുറഞ്ഞിരിക്കും മറ്റേതു രംഗത്തെയും വ്യാപാരശിഷ്ടം. പലപ്പോഴും ആവശ്യമുള്ള സാധനങ്ങളെക്കാളും വില കൂടുതലായിരിക്കും അനാവശ്യസാധനങ്ങൾക്ക്. ലഹരി പകരുകയും ആരോഗ്യം നശിപ്പിക്കുകയും ചെയ്യുന്ന മദ്യത്തിന്റെ വിലയും അതുവഴി ഉണ്ടാകുന്ന ലാഭവും ഇത്ര ഉയർന്നിരിക്കുന്നതിനെപ്പറ്റി വിലയുടെ തിയറി രചിക്കുന്പോൾ ജോൺ മേയ്നാർഡ് കീൻസ് ആലോചിച്ചിരുന്നുവോ ആവോ? അത്യ്യാവശ്യസേവനങ്ങൾക്കു കൊടുക്കുന്നതിനെക്കാൾ എത്രയോ കൂടുതലല്ലേ ആടിടുന്നവരും പാടിടുന്നവരും വസൂലാക്കുന്ന പ്രതിഫലം?

പണം അത്ര പൊട്ടിമുളക്കുന്പോൾ, അപ്പോൾ മാത്രം, അതിന്റെ ഉടമസ്ഥരിൽനിന്ന് അധികാരകേന്ദ്രങ്ങളും അധികാരകേന്ദ്രങ്ങളിൽനിന്ന് പണത്തിന്റെ ഉടമസ്ഥരും ചിലതൊക്കെ പ്രതീക്ഷിക്കും. പാർടി ആപ്പീസിലെ ഫോൺ ബില്ലടക്കാനോ പോസ്റ്റർ അടിക്കാനോ ടക്സിക്കൂലി കൊടുക്കാനോ അധികാരികൾ അബ്കാരികളെ നിയോഗിക്കുന്നു. ചെറുതും വലുതുമായ നിയമലംഘനങ്ങൾ നടക്കുന്പോൾ മുഖം വെട്ടിച്ചുപോകാൻ അബ്കാരികൾ അധികാരികളോടഭ്യർഥിക്കുന്നു. നമ്മുടെ രാഷ്ട്രീയയന്ത്രത്തിൽ വേണ്ടപ്പോഴൊക്കെ ഇന്ധനം നിറക്കാൻ ചന്ദ്രസേനന്മാരും നാരായണന്മാരും പാപ്പന്മാരും രമേശന്മാരും ഉണ്ണിമാരും ഉണ്ടാകണമല്ലോ. ചിലപ്പോൾ ആ ഇന്ധനത്തെ സംഭാവന എന്നു വിളിക്കും. ചിലപ്പോൾ അതിനെ മാമൂൽ എന്നോ ഉപഹാരമെന്നോ വിളിക്കും. ചിലപ്പോൾ അത് ശിക്ഷിക്കപ്പെടേണ്ട കൈക്കൂലിയും ആകും. എന്തു പേരിട്ടു വിളിച്ചാലും മദ്യത്തിൽനിന്നുണ്ടാകുന്ന പണവും അധികാരവും തമ്മിൽ നമ്മുടെ നാട്ടിൽ, നമ്മുടെ കാലഘട്ടത്തിൽ, ഉരുത്തിരിഞ്ഞുവന്നിരിക്കുന്ന ബന്ധത്തിന്റെ നിറവും മണവും തീർത്തും സത്യസന്ധതയുടേതല്ല. മൂന്നു നിറത്തിലും ചുവപ്പായും വെള്ളയായും കാവിയായുമൊക്കെ അതു പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും.

മദ്യം നിരോധിക്കുന്പോൾ നിഷേധിക്കപ്പെടുന്നത് ആ ഇന്ധനമാകും. സർക്കാരിനും നഷ്ടം ചെറുതാവില്ല. നികുതിയിനത്തിലും വ്യാപാരലാഭമായും മദ്യം നേടിക്കൊടുക്കുന്ന തുക സർക്കാരിന്റെ വരുമാനത്തിൽ നല്ലൊരംശം തന്നെ. അതുവേണ്ടെങ്കിൽ മദ്യവ്യാപാരം സ്വകാര്യമേഖലക്ക് വിട്ടുകൊടുത്തുകൂടേ? വിഷമദ്യം ദുരന്തം വരുത്തിവെക്കുന്നുവെന്നതാണല്ലോ വ്യാപാരം സർക്കാർ ഏറ്റെടുക്കാൻ ഉന്നയിച്ച കാരണം. സ്വകാര്യമേഖലയിൽ മദ്യത്തിന്റെ നിർമാണത്തിനും വിതരണത്തിനും ആരോഗ്യകരമായ നിബന്ധനകൾ പുലർത്തിയാൽ പോരേ? പക്ഷേ ആ വാദമുഖമൊന്നും മദ്യം കുടിക്കാനും കുടിപ്പിക്കാനുമുള്ള ആസക്തി തീർക്കുന്നില്ല.

ഒരൊറ്റ വാദം മതി മദ്യം വാറ്റാതിരിക്കാനും വിളന്പാതിരിക്കാനും. അത് കരൾ പിളർക്കുകയും തല തിരിക്കുകയും ചെയ്യുന്നു. ഭരണഘടനയുടെ മാർഗ്ഗനിർദ്ദേശകതത്വങ്ങളും ഗുരുവചനങ്ങളും സുധീരന്റെ സൂത്രങ്ങളും ഉദ്ധരിക്കാതെത്തന്നെ പറയാം, മദ്യം വിഷം തന്നെ. പക്ഷേ മനുഷ്യനിൽ അന്തർനിഹിതമായ ഒരു സ്വഭാവവൈരുദ്ധ്യത്തിന് അത് അടിവര ഇടുന്നു. ശാന്തി കാംക്ഷിച്ചുകൊണ്ടു തന്നെ മനുഷ്യൻ യുദ്ധം ചെയ്യുന്നതു പോലെ, വിഷമെന്നറിഞ്ഞുകൊണ്ടുതന്നെ മനുഷ്യൻ മദ്യം സേവിക്കുന്നു. സാധാരണ മനുഷ്യൻ മാത്രമല്ല, മുനിയും മഹാശയനും വല്ലപ്പോഴുമെങ്കിലുമൊന്നു പൂസാവാൻ ഇഷ്ടപ്പെടുന്നു. അല്പം നേരത്തേക്കെങ്കിലും തന്റെ സ്വബോധം നഷ്ടപ്പെട്ടുകാണാൻ മനുഷ്യനു വാസനയുണ്ടെന്നാകുന്നു എന്റെ മതം. അതിനെ ശുദ്ധീകരിക്കാം, പക്ഷേ പാനീയവും ഭക്ഷണവും അതതു കാലത്തെ സുധീരന്മാർ നിശ്ചയിക്കുന്നതേ ആകാവൂ എന്നു ശഠിക്കുന്ന തത്വശാസ്ത്രത്തിനെന്തു പേർ പറയും? പാനീയമെന്ന നിലക്കും ബിംബകമെന്ന നിലക്കും മദ്യം മനുഷ്യാവസ്ഥയിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.

നമ്മുടെ ഒരു ദേവീസ്തവമില്ലേ, അത് കുടിച്ചു കണ്ണു കലങ്ങിയ ദേവിയെ അവതരിപ്പിക്കുന്നു. നമ്മുടെ പ്രിയംകരനായ കൃഷ്ണനില്ലേ, പുള്ളി തരം കിട്ടുന്പോഴൊക്കെ മിനുങ്ങിയിരുന്നു. ജ്യേഷ്ഠൻ രാമൻ മുഴുക്കുടിയനായിരുന്നു. മലയാളത്തിൽ രാമകഥയും കൃഷ്ണകഥയും പാടിയ എഴുത്തഛനെപ്പറ്റി നമ്മൾ പറഞ്ഞുപരത്തിയ ഒരു വിശേഷം അദ്ദേഹത്തിന്റെ മദ്യപാനമായിരുന്നു. ചങ്ങന്പുഴയാകട്ടെ, യവനമദ്യദേവതയായ ബേക്കസ്സിന് ഒരു മംഗളസ്രഗ്ധര സമർപ്പിക്കുകയും ചെയ്തു. ആ പ്രകരണത്തിൽ അവരുടെ കൂട്ടത്തിൽ കൂട്ടേണ്ട മദ്യപാനിയല്ലാതിരുന്ന ജി ശങ്കരക്കുറുപ്പിനെ. എന്നാലും അദ്ദേഹവും "മദകര മധു നുകർന്നു മേൽക്കുമേൽ" വിഹരിക്കുകയായിരുന്നു. വൈലോപ്പിള്ളി തെളിച്ചു തന്നെ പറഞ്ഞു: "സാഹിതിയുടെ വാതിലിൽ മുട്ടും സ്നേഹിതനല്ലോ മദ്യം."


No comments: