Friday, January 8, 2016

പിഴക്കുന്ന വാക്കിനുവേണ്ടി



പിഴക്കുന്ന വാക്കിനുവേണ്ടി
കെ ഗോവിന്ദൻ കുട്ടി

വാക്കുകൊണ്ട് അർഥവും സംഗീതവും നിവേദിക്കുമായിരുന്നു കാളിദാസൻ.  എന്നിട്ടും താൻ "തനുവാഗ്വിഭവ"നാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിദേവനം.  എഴുതാൻ തുടങ്ങുന്പോൾ ആദ്യം പ്രാർഥിക്കും:  വാക്കു പിഴക്കരുതേ!  വാക്കും അർഥവും ജഗത്തിന്റെ പ്രാണതത്വത്തെപ്പോലെ ഒന്നായിരിക്കട്ടെ!  ആ വിനയവും വിശുദ്ധിയും വിദ്യയുമായി ബന്ധപ്പെട്ട നമ്മുടെ ചടങ്ങുകളിൽ കാണാം.  

അങ്ങനെ വിനയവും വിശുദ്ധിയും വാക്കിൽ കടന്നുകൂടരുതെന്നു നിർബ്ബന്ധമുള്ളതുപോലെ തോന്നും വി എസ് അച്യുതാനന്ദന്റെ വർത്തമാനം കേട്ടാൽ.  ആരെയും അധിക്ഷേപിക്കുന്പോൾ അദ്ദേഹം കാടും കടലും കയറും.  അധിക്ഷേപിക്കാനവസരമുണ്ടെങ്കിൽ അദ്ദേഹം അടങ്ങിയിരിക്കില്ല.  തന്റേതല്ലാത്ത പ്രസ്ഥാനത്തിൽ അധിക്ഷേപം അർഹിക്കാത്ത എന്തെങ്കിലും ഉള്ളതായി അദ്ദേഹം കരുതുമായിരിക്കില്ല.  അനുകരണീയമല്ലാത്ത ശീലിലും ശൈലിയിലും അദ്ദേഹം അധിക്ഷേപമങ്ങനെ തുടർന്നുപോകുന്നു.  ആരെയായാലും എന്തെങ്കിലും കൊള്ളിച്ചു പറയുന്നതു കേട്ട് ജനം കയ്യടിക്കുന്നു.  അതാണല്ലോ ജനത്തിന്റെ സാമാന്യസ്വഭാവം:  ചീത്ത കേട്ടു രസിക്കുക, അതേ സമയം ചീത്തയെ വെറുക്കുക.

സാമാന്യബോധമുള്ളവരാരും ഇഷ്ടപ്പെടാനിടയില്ലാത്തതാണ് ഭാര്യയെ കൊന്ന കേസിലും മറ്റും ജയിലിൽ കിടക്കുന്ന ഒരാൾ മുഖ്യമന്ത്രിയുടെ "നേരന്പോക്കി"നെപ്പറ്റി നടത്തുന്ന പ്രലപനം.  തടവുകാരന് ഇനി നഷ്ടപ്പെടാൻ ഇരുന്പഴി മാത്രമേ ഉള്ളു.  എന്തു പറഞ്ഞാലും ഇതുവരെ ഏറ്റുവാങ്ങിയതിനെക്കാൾ കൂടുതൽ ശിക്ഷ കിട്ടാനില്ല.  അപ്പോൾ പിന്നെ എന്തും പറയാം എന്നാായിരിക്കും അയാളുടെ ധാരണ.  ആ ധാരണ വെച്ചുകൊണ്ട്, ജയിലിൽ ഏറെ കാലം കഴിഞ്ഞിട്ട്, ഒരു ചാൻസ് കിട്ടിയപ്പോൾ, അയാൾ മുഖ്യമന്ത്രിക്കെതിരെ ഒരു ലൈംഗികാരോപണം ഉന്നയിക്കുന്നു.  ഒരു അന്വേഷണക്കമ്മിഷൻ, ന്യായാധിപനും അഭിഭാഷകരും ഉദ്യോഗസ്ഥരും ഉൽസാഹശാലികളായ മാധ്യമലേഖകരും ഉൾപ്പടെ, അയാളുടെ തെറി കേട്ടിരിക്കേണ്ടിവരുന്നു.  കുറ്റവാളിക്കുപോലും അയാളുടെ ഭാഗം പറയാൻ അവസരം വേണം.  പക്ഷേ നമ്മുടെ നാട്ടിൽ നമ്മുടെ കാലത്ത് കമ്മിഷൻ മുന്പാകെ അവതരിപ്പിക്കപ്പെടുന്ന തെറിക്കൂത്ത് തടയാൻ വ്യവസ്ഥയൊന്നുമില്ലേ?  

വ്യവസ്ഥയൊന്നും കണ്ടില്ലെന്നതു കഷ്ടം.  അതു കണ്ടു രസിക്കാനും കണ്ടതിൽ കയറിപ്പിടിച്ച് ആഘോഷിക്കാനും അച്യുതാനന്ദൻ ഉൾപ്പടെ ആളുണ്ടായി എന്നതാണ് കൂടുതൽ കഷ്ടം.  ഇര മറ്റുള്ളവരായാൽ അച്യുതാനന്ദൻ കത്തിക്കയറും.  ഇന്നതേ പറഞ്ഞുകൂടൂ എന്നില്ല.  അല്ലെങ്കിൽ തടവുകാരന്റെ വൈകിവന്ന തെറിപ്പാട്ടു കേട്ട് അദ്ദേഹത്തിന്റെ പ്രായവും പക്വതയും പരിചയവുമൊക്കെയുള്ള ഒരാൾ ഇങ്ങനെയൊക്കെ  നാക്കിട്ടടിക്കുമോ?  ആ മട്ടും മാതിരിയും കണ്ടാലറിയാം, ആരോപണം അദ്ദേഹത്തിനു സുഖിച്ചിരിക്കുന്നു.  മുന്പൊരിക്കൽ ഇതുപോലൊരു പ്രയോഗം അദ്ദേഹം കാച്ചിയിരുന്നു.  ആളുകൾ കുശുകുശുക്കിയിരുന്ന ഒരു കാര്യമെടുത്തിട്ട്, വയോധികനായ പ്രതിപക്ഷനേതാവ് എഴുപതു കഴിഞ്ഞ മുഖ്യമന്ത്രിയോടു പറഞ്ഞു, പരസ്യമായിത്തന്നെ:  'അയാൾ ഇപ്പോൾ നിങ്ങളുടെ ഗൺ മാൻ അല്ല, ഗൺ മോൻ ആണ്.  കവിതയിൽ തിരുകിവെക്കൂന്നുവെന്ന് ആനന്ദവർദ്ധനൻ പറഞ്ഞ അഭിവ്യഞ്ജനയുടെ, വ്യംഗ്യത്തിന്റെ, ഭംഗിയൊന്നുമായിരുന്നില്ല ആ പച്ച കുത്തുവാക്കിൽ ആസ്വദിക്കാനുണ്ടായിരുന്നത്.  സാമൂഹ്യമര്യാദ പുലർത്താൻ ഇഷ്ടപ്പെടുന്നവരുടെ രീതി അതല്ല.
ഇത്തരം വെടിവട്ടം ഒരുക്കിയാൽ നാലാൾ ചിരിക്കുമെന്നാണ് സങ്കല്പം.  അച്യുതാനന്ദനുമായി സ്തീരമായി നിഴൽ യുദ്ധം ചെയ്യുന്ന പിണറായി വിജയൻ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനിടെ ഒരിക്കൽ ഒരു പ്രയോഗം നടത്തി, പിന്നെ അതായി തിരഞ്ഞെടുപ്പു ചർച്ച.  പരനാറി!  അതിന്റെ പേരിലായിരുന്നു തോൽ വി എന്നുപോലും പറഞ്ഞു പരത്തി ചിലർ. അത്തരം പ്രയോഗം ലെനിന്റെ കാലം മുതലേ പ്രചരിച്ചതാണ്.  പാർട്ടിയുമായി തെറ്റിപ്പോകുന്ന ആൾക്ക് രക്ഷപ്പെടാനും വളരാനും വേണ്ട സാമൂഹ്യമായ ഇടം കൊടുക്കാതിരിക്കാനാണ് പതിറ്റാണ്ടുകളായി ചില ഹീനപദാവലി സ്വീകരിച്ചത്. പാർടി വിടുന്നയാൾക്കെതിരെ സാന്പത്തികവും സദാചാരപരവുമയ കുറ്റം ആരോപിച്ചാലേ നേതൃത്വത്തിന് തൃപ്തിയാകൂ.  അസാന്മാർഗികമായ പ്രവൃത്തിയിൽ ഏർപ്പെടുന്നവരേ പാർടി വിട്ടുപോകൂ എന്നു പോലും തോന്നിപ്പോകും.  ആ കാലത്തിന്റെ ഓർമ്മ  കഴുകിക്കളയില്ല അച്യുതാനന്ദനെപ്പോലുള്ളവർ.  

ഒരേ നേരം പല അങ്കമുഖങ്ങളിൽ അദ്ദേഹം വെട്ടിമുന്നേറും.  ഉമ്മൻ ചാണ്ടിയുടെ രാജിയിൽ കുറഞ്ഞൊന്നും കേരളത്തെ തൃപ്തിപ്പെടുത്തില്ല എന്നു ശഠിക്കുന്നതോടൊപ്പം അദ്ദേഹം "കുലം കുത്തി" ആയ വെള്ളപ്പള്ളി നടേശനെതിരെയും തിരിയും.  നടേശാന്റെ ഉടുപ്പിനെയും കീശയെയും പറ്റി പറഞ്ഞപ്പോൾ, നടേശനും തിരിച്ചടിച്ചു.  കാളിദാസനെപ്പോലെ നാക്കു പിഴക്കരുതെന്ന പ്രാർഥനയൊന്നും നടേശൻ ചൊല്ലുക പതിവില്ല.  അച്യുതാനന്ദന്റെ പഴയ തൊഴിലിനെപ്പറ്റിയായിരുന്നു ശ്രീനാരായണപ്രസ്ഥാനം നയിക്കുന്നയാളുടെ ദുസ്സൂചന.  താൻ എടുത്തു വീശുന്ന വാൾ വാക്ക്  തനിക്കു നേരേ പ്രയോഗിക്കാനും ചിലപ്പോൾ ആൾ കണ്ടേക്കുമെന്ന് പ്രതിപക്ഷ നേതാവ് മനസ്സിലാക്കിക്കാണുമോ ആവോ?  

പട്ടാളക്കാരുമായി ഇടപഴകിയിട്ടുള്ളവർക്കറിയാം, പുറത്തു പറഞ്ഞാൽ കേൾവിക്കാർ മുഷിയാനിടയുള്ള ചില വാക്കുകൾ സൈന്യത്തിൽ സർവസാധാരണമായി ഉപയോഗിക്കുന്നു.  ആംഗലത്തിൽ നിർബ്ബാധം എടുത്തു പെരുമാറുന്ന ആ വാക്കുകൾക്ക് തൽസമമോ തൽഭവമോ ആയ വാക്കുകൾ നാട്ടുഭാഷകളിൽ ഉണ്ടെന്നു തോന്നുന്നില്ല.  സ്വാതന്ത്ര്യം വന്നപ്പോൾ, ഇംഗ്ലിഷുകാർ പോയപ്പോൾ, കല്പനകളിൽ ചിലതൊക്കെ ഹിന്ദിയിലായി.  വഴക്കു പറയാനുള്ള പുളിച്ച പദാവലി അതോടൊപ്പം മാറിയോ എന്നറിയില്ല.  എന്തായാലും കരസൈന്യാധിപനായി പെൻഷൻ പറ്റി ബി ജെ പിയിൽ ചേർന്ന് മന്ത്രിയായ വി കെ സിംഗ് അങ്ങനെയൊരു വാക് പ്രയോഗത്തിൽ മുറിവേറ്റിരിക്കുന്നു.  

ദലിതരെ ബാധിക്കുന്നതാണ് പ്രശ്നം.  പ്രത്യേകിച്ചു പ്രകോപനമൊന്നുമില്ലാതെ, ബ്ലഡി എന്നു പറയുന്ന ലാഘവത്തോടെ ജനറൽ പറഞ്ഞുപോയതാണ് കോലാഹലത്തിനുള്ള കാരണം.  ചൊക്ലിപ്പട്ടിയെ ആരെങ്കിലും കല്ലെറിഞ്ഞാൽ പ്രധാനമന്ത്രിയെ എങ്ങനെ കുറ്റപ്പെടുത്തും?  അതായിരുന്നു സിംഗിന്റെ സൈനിക ചോദ്യം.  ഒറ്റക്കേൾവിയിൽ അപകടമൊന്നും തോന്നില്ല.  പക്ഷേ  ഓരോരുത്തർ അതിനെ വ്യാഖ്യാനിചുവന്നപ്പോൾ, ദലിതരോടുള്ള മോശമായ പെരുമാറ്റം പട്ടിയെ കല്ലെറിയുന്നതുമായി താരതമ്യപ്പെടുത്തിക്കളഞ്ഞു ജനറൽ സിംഗ് എന്ന് ആലങ്കാരികന്മാർ കണ്ടുപിടിച്ചു.  പിന്നെ സിംഗിന്റെ രാജിക്കുള്ള മുറവിളിയായി.

വായിൽ കൊള്ളാത്തതു വിളിച്ചുപറയാതിരിക്കാൻ എല്ലാവരും കാളിദാസനാണോ?  പുലഭ്യവും പരിഹാസവും കേട്ടാൽ ചിരിക്കാൻ നാലാളുണ്ടാവും എവിടെയും, എപ്പോഴും.  ചിരിക്കുന്നവർ ആ ചിരിയോടെ കാര്യം മറക്കും.  പൊല്ലാപ്പ് ചുമക്കേണ്ടതോ ഒരു മൂച്ചിന് എന്തെങ്കിലും തട്ടിവിട്ട് ആളാകാൻ ശ്രമിക്കുന്ന നേതാവും.  ഒന്നുകിൽ കാളിദാസനെപ്പോലെ വാക്കും അർഥവും തമ്മിലുള്ള ഐക്യം ഉറപ്പുവരുത്താനുള്ള പ്രതിഭ വേണം.  അതൊരു സാംസ്കാരികവിതാനമാണ്.  അവിടെ എല്ലാവരും എത്തിയെന്നു വരില്ല.  എത്താത്തവർക്ക് വാക്ക് ചീയാതെയും പിഴക്കാതെയും പ്രയോഗിക്കാനുള്ള ഭാഗ്യമുണ്ടാകണേ എന്നു തന്നോടു തന്നെ പ്രാർഥിക്കാം.  അല്ലെങ്കിൽ ബാലകൃഷ്ണപിള്ളക്കു പറ്റിയതുപോലെ പറ്റും.  കേരളത്തിന്റെ കാര്യം നേടണമെങ്കിൽ പഞ്ചാബ് മോഡൽ പ്രതിഷേധം വേണമെങ്കിൽ അങ്ങനെയാകും എന്നു പറഞ്ഞതിന് മന്ത്രിപദം പോയ ആളാണ് പിള്ള.  അന്നോ ഇന്നോ അതിലൊരു വിഭജനവാദത്തിന്റെ അനുരണനം കേൾക്കാനില്ല.  പറഞ്ഞു കത്തിക്കേറിയപ്പോൾ ഒരു കയ്യടി കിട്ടാവുന്ന ഒരു നന്പർ കിടക്കട്ടേ എന്നു കരുതി.  പിഴച്ചു.  പണി പോകുമെന്നു വന്നപ്പോൾ, പത്രോസ് യേശുവിനെ ചെയ്തതു പോലെ, പിള്ള നേരം വെളുക്കും മുന്പ് മൂന്നു വട്ടം തന്നെത്തന്നെ തള്ളിപ്പറഞ്ഞു.  പക്ഷേ വൈകിപോയിരുന്നു.  പണി പോയി.  

മര്യാദയുടെയും ആത്മരക്ഷയുടെയും പേരിൽ ആരും പാലിക്കേണ്ടതാവും വാക് മിതത്വം.  സംസ്ക്കാരത്തിന്റെ നിദാനം അതാകുന്നു.  ആപത്തൊഴിവാക്കാനുള്ള ഒരു വഴിയും അതു തന്നെ.  നാക്കൊന്നു പിഴച്ചതേയുള്ളു, കുംഭകർണന്റെ ജീവൻ പോയി.  വാക്കു തെറ്റിക്കാനും നാക്കു പിഴപ്പിക്കാനും പലരും നോക്കും.  ആരാധകർ ആർപ്പു വിളിച്ച് പ്രചോദിപ്പിക്കും, വർഗ്ഗവൈരികൾ പ്രകോപിപ്പിക്കും.  അവരുടെ വഴിയേ പോയി അസഭ്യം വിളിച്ചുപറഞ്ഞാൽ ചരിത്രം സമ്മാനിക്കുന്നത് സല്പേരാവില്ല.  അതുകൊണ്ട്, വാക്കു പിഴക്കാതിരിക്കാൻ കാളിദാസനെപ്പോലെ നാവിൽ കാളിയെക്കൊണ്ടു കുത്തിക്കുറിപ്പിക്കുക, അല്ലെങ്കിൽ, നല്ല മാവിലകൊണ്ട് പല്ലു തേക്കുക!     

No comments: