മറ്റുള്ളവർ ലളിതമായി ജീവിക്കുന്നതു കാണാനാണ് എല്ലാവർക്കും ഇഷ്ടം. ആരായാലും--‘ജനകീയക്കവലയിലെ നേതാക്കളാ‘യാലും ‘ജനിമോക്ഷക്കവലയിലെ താടിക്കാരാ‘യാലും--പുൽക്കുടിലിൽ കഴിയണം, കാട്ടുകിഴങ്ങുകളും വെട്ടുകിളികളും തിന്നണം. എന്നാലേ ആദരം കിട്ടൂ. അതുകൊണ്ട് സഖാക്കൾ അങ്ങനെയായിരിക്കണമെന്നും, അതു ബോധ്യപ്പെടുത്താൻ സ്വത്ത് വെളിപ്പേടുത്തണമെന്നും പൊളിറ്റ് ബ്യൂറോ നിർദ്ദേശിച്ചിരിക്കുന്നു. ഇ പി ജയരാജനെ തള്ളിയിരിക്കുകയാണ് ബ്യൂറോ.
പണ്ട് വിപ്ലവകാരികൾ അങ്ങനെ ആയിരുന്നു. കട്ടൻ ചായയും പരിപ്പു വടയും വിഴുങ്ങി അവർ കമ്യൂണിസം കൃഷി ചെയ്തു. അടുത്തയിടെ ഭാഷക്കു കൈവന്ന ഹൃദ്യമായ രൂപകം ആണ് ‘കട്ടൻ ചായയും പരിപ്പു വടയും.’ അതു കഴിച്ചാലേ കമ്യൂണിസ്റ്റാകൂ എന്നു ശഠിച്ചാൽ, കമ്യൂണിസത്തിന് ആളെ കിട്ടില്ലെന്ന പ്രവചനം തെറ്റാവണമെന്നില്ല--പ്രവാചകൻ ജയരാജൻ ആയതുകൊണ്ടുമാത്രം. ഒറ്റമുണ്ടും പരുത്തിക്കുപ്പായവും അണിയണം കോൺഗ്രസ്സുകാരനാകണം എങ്കിൽ, പിന്നെ കോൺഗ്രസ്സിന്റെ പൊടി പോലും കാണില്ല.
എന്നാലും അവരുടെയൊക്കെ ജീവിതം ലളിതവിനീതമാണെന്നു മറ്റുള്ളവർ വിചാരിക്കണം. ആ വിചാരം ഉറപ്പിക്കാൻ ചിലർ കുപ്പായം അവിടവിടെ കീറുന്നു, കേവ്യർ ഇഷ്ടപ്പെടുമ്പോഴും കട്ടൻ കഴിക്കുന്നു, ഹോണ്ടയുണ്ടെങ്കിലും അംബാസഡറിൽ ഞെരിയുന്നു. പണമുണ്ടെന്നു മറ്റുള്ളവർക്കു തോന്നരുത്. പണം ജനത്തിന് ഇഷ്ടമാണ്; പക്ഷേ പണക്കാരെ ഇഷ്ടമല്ല. ഗാന്ധി അതു മനസ്സിലാക്കി. ദരിദ്രൻ ഗാന്ധിയുടെ നാരായണനായി; ദരിദ്രന്റെ ഉടുതുണി--ഇല്ലായ്മ--അദ്ദേഹത്തിന്റെ വേഷമായി. ഫലമോ? ജയരാജൻ പറഞ്ഞതല്ലേ ശരി, ഗാന്ധിക്ക് കോണമേ പാടുള്ളുവെങ്കിൽ, ഗാന്ധിപ്പണിക്ക് ആളെ കിട്ടാതാവുമെന്നു വന്നു.
ഏറെ പണമിറക്കി ഗാന്ധിയുടെ ദാരിദ്ര്യം പ്രദർശിപ്പിക്കാൻ സരോജിനി നായ്ഡു ഉണ്ടായിരുന്നു. അത്രയില്ലെങ്കിലും, കീറാൻ ഒരു കുപ്പായം വാങ്ങാൻ, എന്തെങ്കിലും പദവിയുള്ളവർക്ക് വരുമാനവുമുണ്ടാകും. അതില്ലാതെ കൊടിപിടിക്കുന്ന പതിനായിരങ്ങൾക്കോ? കടം കൊള്ളുകയോ കവരുകയോ ചെയ്യാതെ അവർക്ക് കട്ടൻ ചായയും കുടിലും ഉണ്ടാവില്ല. അതെങ്ങനെയെങ്കിലും ഉണ്ടായാലോ, ബഹുജനമനുഷ്യൻ--ഒർടേഗ ഗേസറ്റിന്റെ Mass Man--അസഭ്യം പറയും: സുഖലോലുപൻ, അഴിമതി വീരൻ! എന്തിനെയും സംശയിക്കുന്ന, എല്ലാറ്റിന്റെയും ലഘുസാധാരണഘടകം മാത്രം മനസ്സിലാകുന്ന, ബഹുജനമനുഷ്യനെ സുഖിപ്പിക്കാനുള്ള ജാടയാണ് കട്ടനും കീറക്കുപ്പായവും. ഒന്ന് ആദ്യം തിരിച്ചറിയണം: രന്തിദേവന്റെ പരിത്യാഗശീലം നോർമലല്ല. എന്നിട്ടു വേണം പൊതുപ്രവർത്തകർക്കെല്ലാം സത്യസന്ധമായ ഉപജീവനത്തിനു വഴിയുണ്ടാക്കാൻ. അതുണ്ടായാലേ കവർച്ചക്കരെ ഓടിച്ചിട്ടു പിടിക്കാൻ പറ്റൂ. മുഴുവൻസമയരാഷ്ട്രീയം വ്യാപിക്കുമ്പോൾ, കവർച്ച കൂടും.
കവർച്ചയും പട്ടിണിയും ഒരുപോലെ കൂടിയ കാലത്ത് ഫ്രാൻസിലെ ഒരു റാണി ചോദിക്കുകയുണ്ടായി: “കഞ്ഞി കുടിക്കാനില്ലെങ്കിൽ, പാൽക്കഞ്ഞി കുടിച്ചുകൂടേ?” അവരുടെ തല പോയി. ആ അനുഭവം ഉണ്ടാകാതിരിക്കാൻ, ഇടക്കിടെ ആസ്തി വെളിപ്പെടുത്തുന്നതു കൊള്ളാം. പരിമിതി അറിഞ്ഞുകൊണ്ടു വേണമെന്നു മാത്രം. എന്നോളം തുറന്ന വരുമാനം ഒരിക്കലും ഇല്ലാതിരുന്ന ചിലരുടെ ചിലവ് കാണുമ്പോൾ പണം വായുവിൽനിന്നു വരുമെന്നു തോന്നും. വരുമാനവും വരുമാനമാർഗ്ഗവും തമ്മിലുള്ള പൊരുത്തക്കേട് ഏറെ പഴയതാകുന്നു. അതുകൊണ്ട് കട്ടൻ കുടിച്ചിരുന്നവർ ഷാമ്പെയിനിൽ കുളിക്കാൻ തുടങ്ങുമ്പോൾ മതി നമ്മുടെ സദാചാരകോമരം ഉറഞ്ഞുതുള്ളാൻ എന്നു വെക്കണം.
(മംഗളവാദ്യം എന്ന പംക്തിയിൽ സെപ്റ്റംബർ പതിനഞ്ചാം തിയതി മനോരമയിൽ പ്രസിദ്ധപ്പെടിത്തിയത്)
Wednesday, September 16, 2009
Wednesday, September 9, 2009
നിരോധനത്തിന്റെ നീളുന്ന വഴികള്‍
പറിഞ്ചു മാഷ് ഈണത്തില്‍ രണ്ടു വരി ചൊല്ലി. പിന്നെ അറച്ചുനിന്നു. അടുത്ത രണ്ടു വരിയില്‍ അക്ഷരങ്ങള്‍ ബന്ധമില്ലാത്ത ബിന്ദുക്കളായി മാറിയിരുന്നു. കാളിദാസന്‍ രോധിക്കപ്പെട്ടിരുന്നു. ബിന്ദുക്കളുടെ അര്‍ത്ഥം മാഷ് ഇങ്ങനെ പറഞ്ഞു: ശിവന്റെ ബീജം വഹിക്കാന്‍ പാര്‍വതിക്കേ കഴിയൂ. “കുട്ടികള്‍ അത് അറിയരുതെന്നാകും,“ എന്നു പറയുമ്പോള്‍ മാഷിന്റെ മുഖത്ത് ചിരി പോലെ ഒരു ചലനം കണ്ടു.
അഭിഭാഷകനായ അശോക് ദേശായി നിരോധനത്തിനെതിരെ ഉന്നയിച്ച വാദം അതായിരുന്നു. “സാങ്കല്പിക ബാലിക”ക്കു--Figurative Schoolgirl--വേണ്ടിയെഴുതുന്നതല്ല എല്ലാ പുസ്തകവും. പ്രശസ്തമായ ആ വാദം വിജയ് ടെണ്ടുള്‍ക്കറുടെ ‘സഖാറാം ബൈന്‍ഡര്‍‘ എന്ന നിരോധിക്കപ്പെട്ട നാടകത്തിന്റെ അവതാരികയിലും അദ്ദേഹം ആവര്‍ത്തിച്ചു. നാടകം രക്ഷപ്പെട്ടു.
എന്നാലും, ഞാന്‍ മുതിരുമ്പോള്‍ നിരോധനവും നിരോധും വളരുകയായിരുന്നു. ‘സൃഷ്ടിക്കൊരു തടസ്സം‘ എന്ന അര്‍ത്ഥത്തില്‍ ‘നിരോധ്‘ എത്ര മനോഹരമായ പദം! ആദിയില്‍ സൃഷ്ടി വചനത്തോടെയായിരുന്നു. വിശ്വാസത്തെയും വികാരത്തെയും മുറിപ്പെടുത്തുന്നുവെന്നു പറഞ്ഞ്, ഓരോ തമാശക്കാര്‍ ഓരോ ഘട്ടത്തില്‍ അതു നിരോധിച്ചു. നിരോധിച്ചപ്പോള്‍ കരുത്തും കൌതുകവും കൂടി. അതുകൊണ്ടാകും, റുഷ്ദിയുടെ ‘സാത്താനിക പദ്യങ്ങള്‍‘ കണ്ടെടുത്തു നോക്കിയപ്പോള്‍, പത്തെഴുപതു പേജാകുമ്പോഴേക്കും ക്ഷീണം തോന്നി. കസാന്‍സാക്കിസ്സിനെ ഉപജീവിച്ചുള്ള പി എം ആന്റണിയുടെ ‘ആറാം തിരുമുറിവു‘ മറിച്ചുനോക്കിയപ്പോള്‍ ഉറങ്ങിപ്പോയി. അതു നിരോധിച്ചതു പക്ഷേ ഉറക്കം വരുത്തുന്നതുകൊണ്ടായിരുന്നില്ല.
നല്ല ശമരിയക്കാരനായിരുന്ന കസാന്‍സാക്കിസ്സിന്റെ ‘അന്ത്യപ്രലോഭനം‘ നിരോധിക്കാമെങ്കില്‍, പിന്നെ എന്തു നിരോധിച്ചുകൂടാ? സുവിശേഷം ചിലയിടങ്ങളില്‍ ചില ഘട്ടങ്ങളില്‍ നിരോധിച്ചിട്ടുണ്ടത്രേ. റിച്മണ്ട് നഗരത്തിലെ ഹെന്‍റൈക്കോ ലൈബ്രറിയില്‍ നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ അലമാര കണ്ടു. അതില്‍ ഓര്‍വെലിന്റെ കമ്യൂണിസ്റ്റ്വിരുദ്ധമെന്നു പേരു കേട്ട ‘മൃഗസങ്കേത‘വും ‘1984‘ഉം കണ്ടു. രണ്ടും സോവിയറ്റ് യൂണിയനില്‍ നിരോധിക്കപ്പെട്ടിരുന്നു. കുറച്ചിട അമേരിക്കയിലും!
‘ഫെബ്രുവരി 29‘ എന്ന തിയതി നിരോധിക്കപ്പെട്ടു, അടിയന്തരാവസ്ഥയില്‍. അന്നാണ് മൊറാര്‍ജി ദേശായിയുടെ പിറന്നാള്‍. ‘തുഗ്ലക്കി‘ല്‍ ചോ രാമസ്വാമി അത് അച്ചടിക്കാന്‍ നോക്കിയപ്പോള്‍, സെന്‍സര്‍ വെട്ടി. ചോ അത് ഷാ കമ്മിഷനില്‍ പറഞ്ഞപ്പോള്‍, ആരോ പാടി, “കരയുന്നൂ പുഴ ചിരിക്കുന്നൂ...”. കമ്മിഷനില്‍ ‘ഒപ്പിനിയന്‍’ എഡിറ്റര്‍ ഗോരേവാല എത്തിയത് ഗീതാശ്ലോകം വെട്ടിയെന്നു പറയാനായിരുന്നു. സന്യാസിയെപ്പോലിരുന്നു ഐ സി എസ്സുകാരനായ ഗോരേവാല. ചിരി വരാത്ത ജസ്റ്റിസ് ഷാ കണ്ണിറുക്കിച്ചോദിച്ചു: “ഭരണഘടനയുടെ ആമുഖം വെട്ടിയോ?” ഭരണഘടന തന്നെ വെട്ടിയില്ലേ?
‘പാകിസ്താനിലെ ജിന്ന’യെ വാഴ്ത്തുന്ന വോള്‍പെര്‍ട്ടിന്റെ പുസ്തകം പാകിസ്താനില്‍ നിരോധിക്കപ്പെട്ടു. ബി ജെ പിക്കാരന്റെ ജിന്നാപുസ്തകം ബി ജെ പി ദേശത്ത് നിരോധിക്കപ്പെട്ടു. നിരോധനത്തിന്റെ വഴി എന്നും അങ്ങനെയായിരിക്കും--ദുരൂഹം. ടി എന്‍ ശേഷനെയും തിരഞ്ഞെടുപ്പുവിശേഷത്തെയും പറ്റി ഞാന്‍ തല്ലിക്കൂട്ടിയ ഒരു പുസ്തകം ലോകമെങ്ങും നിരോധിക്കപ്പെട്ടു--തമിഴനെ കൊഞ്ഞനം കാട്ടിയതിന്റെ പേരില്‍. തലൈവിയും കലൈഞ്ജരുമുള്‍പ്പടെ അഞ്ചു പേരായിരുന്നു ഹരജിക്കാര്‍. കേസ് സുപ്രിം കോടതിയിലെത്തിയപ്പോള്‍ എനിക്കു കിടിലോല്‍ക്കിടിലമായി.
പ്രകാശനം പാടില്ലെന്നായിരുന്നു ആദ്യത്തെ കല്പന. പ്രകശനമില്ലാതെ ഞങ്ങള്‍ ഒരു ചര്‍ച്ച നടത്തി. ജസ്റ്റിസ് എച് ആര്‍ ഖന്ന നയിച്ച ചര്‍ച്ചയില്‍ അഡ്വാനിയും അരുണ്‍ ശൌരിയും പങ്കെടുത്തു. ശൌരി പറഞ്ഞു: “കിട്ടാവുന്ന പുസ്തകമെല്ലാം വങ്ങിക്കൂട്ടി നിരോധനം പൊളിക്കണം.” അതു കേട്ടപ്പോള്‍, പണം മുടക്കിയ പ്രസാധകന്‍ കെ പി ആര്‍ നായര്‍, കറുത്ത താടിക്കിടയിലൂടെ വെളുത്ത പല്ലിന്റെ നിര കാട്ടി, ചിരിക്കുകയായിരുന്നു.
(സെപറ്റംബർ എട്ടിന് മനൊരമയിൽ പ്രസിദ്ധപ്പെടുത്തിയത്)

Tuesday, September 1, 2009
കൊഞ്ചിക്കാന്‍ ഒരു മലയാളം
ചിരിക്കാന്‍ എനിക്കു മലയാളം വേണം. കരയാനും. എന്റെ മകന്റെ മലയാളം അറിയാത്ത മകളെ ഞാന്‍ കൊഞ്ചിക്കാറില്ല. കൊഞ്ചിക്കാന്‍ എനിക്കു മലയാളം വേണം. ഓണം വരുമ്പോള്‍ ആര്‍പ്പു വിളിക്കാനും, “വീരാ വിരാടാ കുമാരാ വിഭോ“ എന്ന കൈകൊട്ടിക്കളിപ്പാട്ടു കേള്‍ക്കാനും മലയാളം വേണം. ഇംഗ്ലിഷില്‍ കൈകൊട്ടിക്കളിയില്ല. എന്നിട്ടും, തരം കിട്ടുമ്പോഴൊക്കെ ഞാന്‍ എനിക്കു വഴങ്ങുന്നതോ വഴങ്ങാത്തതോ ആയ ഇംഗ്ലിഷ് കാച്ചുന്നു. ഇംഗ്ലിഷ് കാച്ചുമ്പോള്‍, എന്റെ ചുണ്ടു ചുളിയുന്നു, നാവു കുഴയുന്നു, കണ്ണു വിടരുന്നു.
ചില നേരങ്ങളില്‍ ചില മനുഷ്യര്‍ ഇംഗ്ലിഷേ കാച്ചൂ. വിലകൂടിയ ഭക്ഷണം വിളമ്പുന്നയിടങ്ങളില്‍ ചെന്നാല്‍, മലയാളം നാണക്കേടാകും. പൊലിസായി കള്ളനെ പിടിക്കാനിറങ്ങുന്ന താരരാജന്‍ ഇംഗ്ലിഷിലേ പറയൂ: പോക്കറ്റടിക്കാരനോട് “You're under arrest!" എന്ന്, പൊലിസുകാരനോട് “Come on, moooove!" എന്ന്. വികാരം വരുമ്പോള്‍ രണ്ടു കൂട്ടര്‍ക്കും മലയാളം തിരിയില്ല. നിയമസഭയില്‍ അധ്യക്ഷന്റെ കസാലയില്‍ കേറിയാല്‍, പിന്നെ ആംഗലമേ വരൂ: Order, Order! ടെലവിഷനില്‍ “എഴുത്തച്ഛനെടുത്ത ഭാഷക്കണക്കു” കൊള്ളില്ല, ആംഗലഭംഗി തന്നെ വേണം. ക്വിസ് പരിപാടിക്കു വരുന്നവരെ കണ്ടിട്ടില്ലേ, ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും ഇടക്കും തലക്കും അവര്‍ ഓരോ OK കൊളുത്തിയിടും. ആളുകളെ തരം തിരിക്കാന്‍, ഒറ്റ വീര്‍പ്പില്‍ നാലു ഗണത്തിലായി, എട്ട് OK പറഞ്ഞിരുന്നു തോമസ് ഹാരിസ് എന്ന മനോരോഗചികിത്സകന്‍. ഒടുവിലത്തെ തരത്തില്‍ പെടുത്തിയവര്‍, തന്നെത്തന്നെ കൊല്ലാന്‍ കാത്തിരിക്കുന്നവരായിരുന്നു: I'm not OK, You're not OK."
ഇംഗ്ലിഷ് സംസാരിക്കാന്‍ പഠിക്കാനാണ് ഇപ്പോഴത്തെ ജ്വരം. പഠിപ്പിക്കുന്നതാണ് വലിയ വ്യാപാരം. സംസാരമാം സാഗരം പല തരം കാണാം: Spoken English, Communicative English, Professional English. എല്ലാം സംസാരം തന്നെ. തൊണ്ണൂറു മണിക്കൂറു കൊണ്ട് പഠിപ്പിച്ചുകൊടുക്കാമെന്നു പറയുന്നു ഒരു ബന്ധു. തൊള്ളായിരം മാസം കൊണ്ട് മലയാളം തന്നെ വിഷമം എന്നാണ് അനുഭവം. ഇപ്പോഴും ദീര്‍ഘം വേണോ ഹ്രസ്വം വേണോ എന്നു സംശയം വരുമ്പോള്‍, പന്മന രാമചന്ദ്രന്‍ നായരെ വിളിക്കും. ഭാഷയുടെ കാര്യത്തിലൊഴിച്ചാല്‍, ‘എന്റെ’ ദീര്‍ഘമായും ‘നിന്റെ’ ഹ്രസ്വമായും ഉപയോഗിക്കാമെന്നു വെച്ചിരിക്കുന്നു.
മലയാളം പറയരുത്; പറയുന്നെങ്കില്‍ തെറ്റിച്ചു പറയണം; പോത്തന്‍ ജോസഫിന്റെ വാക്ക് കടം കൊണ്ടാല്‍, ഭാര്യയെ മാനഭംഗപ്പെടുത്തുന്ന മട്ടില്‍ പറയണം. ഓണത്തെ ഓനം ആക്കണം. അങ്ങനെ പറയുന്നവര്‍ വാഴുന്നു, അങ്ങനെ പറയുന്നവരെ മാമുനിമാര്‍ വാഴ്ത്തുന്നു. അതാണ് പുതിയ മലയാളി ഭാവുകത്വം. ഞാന്‍ ഞാനാണെന്നു പറയാനുള്ള നാണമാണ് അതിന്റെ സ്ഥായീഭാവം. പരിഹസിക്കേണ്ടാ, ലോകം “ഇത്തിരി വട്ടം മാത്രം കാണ്മവര്‍, ഇത്തിരി വട്ടം ചിന്തിക്കുന്നവര്‍” അല്ലാതാകുന്നു, ഒന്നായിക്കൊണ്ടിരിക്കുന്നു എന്നു അഭിമാനിക്കുക. അങ്ങാടിയില്‍ വില്പനക്കു വരാത്തതും പണം കൊണ്ടു വാങ്ങാന്‍ പറ്റാത്തതുമായ പഴഞ്ചന്‍ മലയാളിമൊഴി ഇനി ചിലവാവില്ല.
ആറായിരം ഭാഷകള്‍ അര നൂറ്റാണ്ടിനകം ഇല്ലാതാകും. മൂന്നു കോടി ആളുകള്‍ മുക്കുകയും മൂളുകയും ചെയ്യുന്ന മലയാളം അവയില്‍ പെടണമെങ്കില്‍ ഒരു സുനാമി തന്നെ വഴി വിട്ടു വരണം. പക്ഷേ രക്ഷപ്പെടുന്ന മലയാളവും മാറും. ഊണും ഉടുപ്പും കളിയും കുളിയുമെല്ലാം മാറിയില്ലേ? മാറാത്തതെന്തുണ്ട്? കവിഞ്ഞാല്‍, കൃഷ്ണന്റെ പീലിയും കലിക്കോലും പീതാംബരമാരാരും! പിന്നെ? പിന്നെയൊന്നുമില്ല. മലയാളം മാറുമ്പോള്‍, അക്ഷരവും ആംഗ്യവും ആംഗലീകരിക്കപ്പെടും. ഓണം വരുമ്പോള്‍, തോളു കുലുക്കി, ചുണ്ടു വിഴുങ്ങി, നമ്മള്‍ പറയും: ഓനം. പഴുത്തുപോയവര്‍ പറയുന്നെങ്കില്‍, സാരമില്ല, പറയട്ടെ: നമ്മുടെ അക്ഷരങ്ങളാണ് നമ്മള്‍, നമ്മുടെ ആംഗ്യങ്ങളാണ് നമ്മള്‍.
(മംഗളവാദ്യം എന്ന പംക്തിയിൽ മനോരമയിൽ സപ്റ്റംബർ ഒന്നിന് പ്രസിദ്ധീകരിച്ചത്)
Wednesday, August 26, 2009
ഖലനും നായകനും വേഷം മാറുമ്പോള്‍
“അതേ“ എന്നാല്‍ “ഒരു പക്ഷേ.” “ഒരു പക്ഷേ” എന്നാല്‍ “അല്ല.” “അല്ല“ എന്നു പറയാന്‍ പാടില്ല. അതാണ് നയതന്ത്രത്തിന്റെയും ജസ്വന്ത് സിംഗിന്റെയും ഭാഷാക്രമം. ഒരിക്കല്‍ അദ്ദേഹം എന്തിനെപ്പറ്റിയോ ഒളിച്ചും വളച്ചും സംസാരിച്ചു. കേള്‍വിക്കാരില്‍ ഒരാള്‍ കേണു: “ഇനി അതിന്റെ അര്‍ത്ഥം ഒന്നു പറഞ്ഞാട്ടെ.” അങ്ങനെയൊരു അവ്യക്തസുന്ദരത ജിന്നയുടെ കാര്യത്തിലില്ല. നേരത്തേ അഡ്വാനി പറഞ്ഞതല്ലേ? നെഹ്രുവിരോധികള്‍ നാട്ടുമൊഴിയാക്കാന്‍ നോക്കിയിരുന്നതല്ലേ? ആ ചരിത്രദര്‍ശനത്തില്‍ പുതുമയില്ല.
അവരുടെ വിപരീതചരിത്രദര്‍ശനത്തിനാണ് പുതുമ. പഴയ കാലത്തെയും കാര്യക്കാരെയും കണ്ടമാനം പുതുക്കിയെടുക്കുന്നതാണ് റിവൈവലിസം. അഡ്വാനിയുടെ പാര്‍ട്ടിക്കെതിരെ എന്നും ഉയര്‍ന്നുകേട്ട പരാതിയും അതു തന്നെ. പരാതിക്കാരില്‍ മുമ്പര്‍ പഴയ പ്രതിമകളെ എറിഞ്ഞുടക്കുന്നവരാണ്. പ്രതിമകള്‍ എറിഞ്ഞുടച്ചാല്‍ എളുപ്പം കേമത്തം കിട്ടും. അതായിരുന്നു എന്നും ചരിത്രസംസ്ക്കരണത്തിന്റെ കീഴ്വഴക്കം--ഖലനെ നായകനാക്കുന്നതല്ല.
പഴയ വിഗ്രഹങ്ങള്‍ തകര്‍ക്കാന്‍ എന്തു രസം? “ചെളിയില്‍ പദമൂന്നിയെന്തിനോ വെളിവായിക്കഴുകുന്ന” രാമന്‍. വഴിവിട്ട അഭിരുചികളുള്ള ഗാന്ധി. ഭാര്യയെ തല്ലുന്ന ഐന്‍സ്റ്റൈന്‍. മരണശേഷം വിചാരണ നേരിടുന്ന ഫോര്‍മോസസ് മാര്‍പ്പാപ്പ. കറുത്ത വര്‍ഗ്ഗത്തിന്റെ വീര്യം കെടുത്തുന്ന ലിങ്കണ്‍. അങ്ങനെ പഴയ പ്രതിമകളെ ഇളക്കിനോക്കുകയും തള്ളിയിടുകയും ചെയ്യുന്നതാവും എന്നും ചരിത്രത്തിന്റെ വഴി.
ജസ്വന്ത് സിംഗിന്റെ വഴി അതല്ല. അദ്ദേഹത്തിന്റെ വഴിയേ പോകാന്‍ ധൈര്യം വേണം. അധികമാരും ധൈര്യപ്പെട്ടിട്ടില്ല. പഴയ ഖലന്മാരെ ജ്ഞാനസ്നാനം ചെയ്യിച്ച് നായകരായി അവതരിപ്പിക്കാന്‍ ശ്രമം കുറച്ചേ നടന്നിട്ടുള്ളു. ഭാസന്‍, തുട മുറിഞ്ഞു മരിച്ച ദുര്യോധനന്റെ ദൈന്യം തൊട്ടുകാണിച്ചു, പക്ഷേ ഖലനെ നായകനാക്കിയില്ല. ശൂര്‍പ്പണഖയുടെ അവമാനത്തില്‍ നൊന്തവര്‍ പലരുണ്ടായി; ആരും രാക്ഷസിയെ രക്ഷാദേവിയാക്കിയില്ല. എം ടി മാത്രം ചതിയന്‍ ചന്തുവിനെ ചതിക്കപ്പെട്ട കഥാപുരുഷനാക്കി. സ്റ്റാലിന്റെ ഓര്‍മ്മയെ അരിയിട്ടുവാഴ്ച നടത്താന്‍ ആരും കാര്യമായി മെനക്കെട്ടിട്ടില്ല. പൊളിറ്റ് ബ്യൂറോ എങ്ങനെ സഖാവിന്റെ സെക്രട്ടേറിയറ്റ് ആയി മാറി എന്നു സ്ഥാപിക്കുന്നു ഒടുവില്‍ ഇറങ്ങിയ ജീവചരിത്രം. “ഹിറ്റ്ലറുടെ യുദ്ധ“ത്തില്‍ ഫ്യൂററുടെ മനുഷ്യസ്നേഹത്തെപ്പറ്റി ഉപന്യസിച്ച ഡേവിഡ് ഇര്‍വിംഗ്, കുഴപ്പമായപ്പോള്‍, അഭിപ്രായം മാറ്റി. ചില രാജ്യങ്ങള്‍ ഹിറ്റ്ലര്‍ പ്രശംസ തന്നെ നിരോധിച്ചു--ഗുജറാത്തില്‍ നരേന്ദ്ര മോഡി ജസ്വന്ത് സിഗിനെ നേരിട്ടതുപോലെ. ഖലന്മാരെ നായകരാക്കാന്‍ എന്തൊരു പ്രയസം!
ഈ ജ്ഞാനഘട്ടത്തില്‍ വേണം ജസ്വന്ത് സിഗിന്റെ വിപരീതചരിത്രത്തെ കാണാന്‍. ആ വഴിയേ പോയാല്‍, ദൂരം ഏറെ കിടക്കുന്നു. ഭിന്ദ്രന്‍വാല പുണ്യാത്മാവും ഇന്ദിര ഗാന്ധിയുടെ ഘാതകര്‍ രക്തസാക്ഷികളും ആയെന്നു പറയുന്നു കേണല്‍ പി ജി ഈപ്പന്‍. അവരില്‍ രണ്ടു പേര്‍ക്കു വേണ്ടി അന്നേ ചിലര്‍ ദയാഹര്‍ജി കൊടുത്തിരുന്നല്ലോ. വീണ്ടും വിപരീതചരിത്രദര്‍ശനമോ? ഓപ്പറേഷന്‍ ബ്ലുസ്റ്റാറിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തില്‍, അതിന്റെ ഇഴ പിരിച്ചെടുക്കുന്ന തിരക്കിലാണ് കേണല്‍ ഈപ്പന്‍, സുവര്‍ണ്ണക്ഷേത്രത്തിനു കാവല്‍ നിന്ന കെ സി മാമ്മന്‍ മാപ്പിളയുടെ അനിയന്റെ കൊച്ചുമകന്‍.
(ആഗസ്റ്റ് ഇരുപത്തഞ്ചിന് മനോരമയിൽ പ്രസിദ്ധീകരിച്ചത്)
Friday, August 21, 2009
രോഗം, ചികിത്സ, മരണം: ഒരു കഥ
കേരളത്തിലെ എന്‍ സി സിയുടെ ചുമതല ഉണ്ടായിരുന്ന കേണല്‍ സുബ്രഹ്മണ്യം ഒരു ദിവസം മരിച്ചു. മരണം അപ്പോഴെങ്കിലും ഒഴിവാക്കാമായിരുന്നുവെന്ന് മെഡിക്കല്‍ ബിരുദാനന്തരബിരുദമുള്ള അദ്ദേഹത്തിന്റെ മകനും മറ്റും വാദിച്ചു. കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ട ഡോക്റ്റര്‍ എന്റെ സുഹൃത്തായിരുന്നതുകൊണ്ട് വാര്‍ത്ത, അല്ലെങ്കില്‍ വാദം, ഞാന്‍ തല്‍ക്കാലം മറച്ചുവെച്ചു.
ഡോക്റ്റര്‍ മാത്രമല്ല, ആസ്പത്രി മേധാവിയും എനിക്കു വേണ്ടപ്പെട്ട ആളായിരുന്നു. അതിനെപ്പറ്റി ഒട്ടൊക്കെ ആധികാരികതയോടെ ഉന്നയിക്കപ്പെട്ട ആരോപണം എനിക്കൊരു പരീക്ഷണമായിരുന്നു, പ്രത്യക്ഷമായ സത്യവും വ്യക്തിപരമായ ഇഷ്ടവും തമ്മിലുള്ള സംഘട്ടനമായിരുന്നു.
മരിക്കുമ്പോള്‍ കേണല്‍ സുബ്രഹ്മണ്യം ആരോഗ്യവാനായിരുന്നത്രേ. ഒരു ദിവസം ഉറക്കമില്ലായ്മയും തലവേദനയുമായി അദ്ദേഹം ശ്രീ ചിത്ര മെഡിക്കല്‍ സെന്ററില്‍ എത്തി. പരിശോധനക്കുശേഷം ഡിസ്പിരിന്‍ കഴിക്കാന്‍ പറഞ്ഞ് അദ്ദേഹത്തെ പറഞ്ഞയച്ചു. കൂടുതല്‍ പരിശോധന വേണമെങ്കില്‍, കിടക്ക ഒഴിവു വരുന്ന മുറക്ക് ആസ്പത്രിയില്‍ രണ്ടു ദിവസം കിടത്തി പരിശോധിക്കാം. ആ നിര്‍ദ്ദേശം കേട്ട് വീട്ടിലേക്കു മടങ്ങിയ കേണല്‍ സുബ്രഹ്മണ്യം രണ്ടോ മൂന്നോ ദിവസത്തിനകം ബോധരഹിതനാവുകയും മരിക്കുകയും ചെയ്തു. ആദ്യം ആസ്പത്രിയില്‍ എത്തിയപ്പോള്‍ തന്നെ വേണ്ട ചികിത്സ കൊടുത്തിരുന്നുവെങ്കില്‍ മരണം ഒഴിവാക്കാന്‍ കഴിയുമെന്നായിരുന്നു ബന്ധുക്കളുടെ വാദം.
രോഗത്തിന്റെ ഗൌരവം മനസ്സിലാക്കാനുള്ള പക്വതയും പരിചയവും കേണല്‍ സുബ്രഹ്മണ്യത്തെ ആദ്യം പരിശോധിച്ച ഡോക്റ്റര്‍ക്കുണ്ടായിരുന്നില്ല; അങ്ങനത്തെ ഒരാള്‍ ന്യൂറോളജി വിഭാഗത്തിന്റെ മേധാവി ആകരുതായിരുന്നു; രോഗിയെ ഉടനേ ആസ്പത്രിയില്‍ തീവ്രപരിചരണത്തിനുവേണ്ടി കിടത്തേണ്ടതായിരുന്നു; ഡിസ്പിരിന്‍ കൊടുത്തതുകൊണ്ട് രക്തസ്രാവം ഉണ്ടായിക്കാണും; മരണം വാസ്തവത്തില്‍ അവരൊക്കെ കൂടി മാടി വിളിക്കുകയായിരുന്നു--അങ്ങനെ പോയി ബന്ധുക്കളുടെയും മിത്രങ്ങളുടേയും പരാതികളും ആരോപണങ്ങളും. അവരില്‍ ഒരാള്‍ ഡോക്റ്റര്‍ കൂടിയായപ്പോള്‍ ആരോപണത്തിന് വിധിന്യായത്തിന്റെ സ്വരവും ഭാവവും ഉണ്ടായി.
ആരോപണത്തിനു വിധേയനായ ഡോക്റ്റര്‍ പക്ഷേ അത്ര മോശക്കാരനൊന്നുമായിരുന്നില്ല. മോശക്കാരനാകാതിരിക്കാന്‍ കാരണം എന്റെ മിത്രമായതല്ല. ബനാറസില്‍നിന്ന് ന്യൂറോളജിയില്‍ ബിരുദാനന്തരബിരുദം നേടിയ വിജയവാഡക്കാരന്‍ പി കെ മോഹന്‍ എഴുപതുകളുടെ നടുവില്‍ തിരുവനന്തപുരത്തെത്തിയത് ശ്രീ ചിത്രയോടൊപ്പം വളരാനായിരുന്നു. ഭിഷഗ്വരന്റെ ധര്‍മ്മബോധമായിരുന്നു മോഹന്റെ ആത്മബലം. ശ്രീ ചിത്രയില്‍നിന്നു വിട്ടിട്ടും, വൈകുന്നേരങ്ങളില്‍ വീട്ടില്‍ വെച്ച് താളം തെറ്റുന്ന തലച്ചോറുകള്‍ പരിശോധിച്ച് പണം വാരാന്‍ മോഹന്‍ കൂട്ടാക്കിയില്ല. ഏതെങ്കിലും രോഗിയുടെ കാര്യത്തില്‍ അദ്ദേഹം ഉപേക്ഷ വരുത്തുക അസാധ്യമായിരുന്നു. പിശുക്കി സംസാരിക്കുകയും പിശുക്കിപ്പിശുക്കി ചിരിക്കുകയും ചെയ്തിരുന്ന ആ മെലിഞ്ഞ കഷണ്ടിക്കാരന്‍ പരുക്കനായ സത്യത്തെ ഒരിക്കലും മയപ്പേടുത്തി കാണിക്കാറില്ല. സ്വന്തക്കാരുമായി സല്ലപിക്കാനിരുന്നാലും തലച്ചോറിനുള്ളില്‍ പെരുത്തുവരുന്ന മുഴ കണ്ടെത്തിയ ഭാവമായിരിക്കും ഭര്‍ത്താവിന്റെ മുഖത്ത് എന്നായിരുന്നു മഞ്ജുളയുടെ സരസമായ പരാതി.
ആ മോഹന് പിഴവ് പറ്റിയിരിക്കുന്നു! ഒരാളുടെ മരണത്തിന് വഴിയൊരുക്കിയ പിഴവ്! അത് അറിഞ്ഞുകഴിഞ്ഞാല്‍ നാലാളെ അറിയിക്കുക കേവലമായ പത്രധര്‍മ്മമാകുന്നു. പ്രതിയായ മോഹനോട് അതിനെപ്പറ്റി ചോദിച്ചാല്‍, പിന്നെ എന്തെങ്കിലും എഴുതുക വിഷമമായിരിക്കും. ചോദിക്കാതെ എന്തെങ്കിലും എഴുതുന്നത് ശരിയല്ല. ചോദിച്ചിട്ടായാലും ചോദിക്കാതെയായാലും, എഴുതുന്നതെന്തും സുഹൃത്തായ മോഹന്റെ ജോലിയേയും ഭാവിയേയും ബാധിക്കും. അതുകൊണ്ട് എഴുതാതിരിക്കുന്നതിന്റെ വിമ്മിഷ്ടവുമായി ഞാന്‍ പൊരുത്തപ്പെടാന്‍ നിശ്ചയിച്ചു. വിമ്മിഷ്ടം കൂട്ടാനെന്നോണം കേണല്‍ സുബ്രഹ്മണ്യത്തിന്റെ ബന്ധുക്കള്‍ ഓരോ ദിവസവും വിളിച്ചുചോദിച്ചു: വാര്‍ത്ത എന്തുകൊണ്ട് വന്നില്ല? മരണത്തിലുള്ള ദു:ഖത്തേക്കാള്‍ എത്രയോ തീവ്രമായിരുന്നു മരണം വരുത്തിവെച്ചവരെന്ന് അവര്‍ വിശ്വസിച്ചവരോട് ബന്ധുക്കള്‍ക്കു തോന്നിയ വൈരം.
ചെയ്യേണ്ടതു ചെയ്യാന്‍ വയ്യാത്തതിന്റെ ദൈന്യമായിരുന്നു എന്റെ വിധി. മനുഷ്യന്റെ ആദിമവേദനയും ആ സംഘര്‍ഷം തന്നെ. അതിനെപ്പറ്റി ഏറ്റവും കഠിനമായി വിലപിച്ചത് ദുര്യോധനന്‍ ആയിരുന്നു. ജാനാമി ധര്‍മ്മം ന ച മേ പ്രവൃത്തി, ജാനാമ്യധര്‍മ്മം ന ച മേ നിവൃത്തി. ചെയ്യേണ്ടത് അറിയാം, പറ്റുന്നില്ല; ചെയ്യരുതെന്നറിയാം, ചെയ്തുപോകുന്നു. കേണല്‍ സുബ്രഹ്മണ്യത്തിന്റെ മരണത്തിന് കാരണമായ ഉപേക്ഷയോ കഴിവുകേടോ പുറത്തുകൊണ്ടുവരണം. വാര്‍ത്ത വൈകുന്നതിനെപ്പറ്റിയുള്ള ഓരോ ചോദ്യവും എന്റെ ധര്‍മ്മബോധം ചോര്‍ന്നുപോകുന്നതിന്റെ വിളംബരമായിരുന്നു. ഏതു നേരത്തും കിടന്നാല്‍ ഉറങ്ങിപ്പോകുന്ന എനിക്ക് ഓരോ രാത്രിയും ഭയാനകമായി.
കുറേ കൊല്ലം മുമ്പുണ്ടായ അതുപോലത്തെ ഒരു ധര്‍മ്മസങ്കടം ഓര്‍ത്തുപോയി. ആകാശവാണിയില്‍ എന്റെ ഡയറക്റ്ററും അഭ്യുദയകാംക്ഷിയുമായിരുന്ന എസ് സി ഭട് വാര്‍ത്താവിതരണവകുപ്പിന്റെ പരസ്യവിഭാഗമായ ഡി എ വി പിയുടെ തലവനായിരിക്കുമ്പോള്‍, അദ്ദേഹത്തെ ചെറുതായൊന്നു വെട്ടിലാക്കിയ ഒരു ഇടപാട് നടന്നു. അദ്ദേഹത്തിന്റെ ജോയ്ന്റ് ഡിറക്റ്ററായിരുന്ന കെ ജി രാമകൃഷ്ണന്‍ വിവരമെല്ലാം പൊടിപ്പും തൊങ്ങലും വെച്ച് എനിക്ക് ചോര്‍ത്തിത്തന്നു. മിടുക്കനായ എഡിറ്ററും റിപ്പോര്‍ടറുമായിരുന്ന കെ ജി ആര്‍ അധികാരകേന്ദ്രങ്ങളെ ധിക്കരിക്കുന്ന ഉദ്യോഗസ്ഥനെന്ന ഖ്യാതിയും നേടിയിരുന്നു.
കെ ജി ആര്‍ തന്ന വാര്‍ത്ത എന്നെ ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന ഭട്ടിനെ മുറിപ്പെടുത്താനുള്ള അമ്പല്ലാതെ മറ്റൊന്നുമായിരുന്നില്ല. അത് അച്ചടിക്കുന്നത് വ്യക്തിപരമായ കൃതഘ്നതയാവും; അച്ചടിക്കാതിരിക്കുന്നത് ധര്‍മ്മഭീരുത്വവും. ഒടുവില്‍, പലപ്പോഴും ചെയ്തിട്ടുള്ളതുപോലെ, ശീലത്തിലും ശൈലിയിലും ഒരുപോലെ സൌമ്യനായ എക്സ്പ്രസ് ന്യൂസ് സര്‍വീസ് എഡിറ്റര്‍ ഏ എന്‍ ദര്‍ എന്തു പറയുമെന്നറിയാന്‍ നോക്കി. കുതികാല്‍ വെട്ടിനും കുതിരപ്പന്തയത്തിനും ആളല്ലാത്ത ദര്‍ തരുന്ന ഏത് ഉപദേശവും കണ്ണടച്ച് സ്വീകരിക്കാവുന്നതായിരുന്നു.
അന്ന് പക്ഷേ ദര്‍ സാഹബ് തന്ന ഉപദേശം ഉപദേശമായിരുന്നില്ല. ഭട്ടിനേയും കെ ജി ആറിനേയും അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ടാകണമെന്നില്ല, ദര്‍ സാഹബ് പറഞ്ഞു, “ഇവിടെ കുട്ടി സ്വന്തം തീരുമാനം എടുക്കണം. എന്ത് ശരിയെന്നു തോന്നുന്നുവോ, അത് മടിക്കാതെ ചെയ്യുക. ഞാന്‍ പറഞ്ഞുതന്ന് ചെയ്താല്‍, അതൊരുതരം ഒളിച്ചോട്ടമായിരിക്കും. അതുകൊണ്ട് പ്രശ്നം തീരില്ല.” ഞാന്‍ ശരിയാണെന്നു കരുതി കെ ജി ആര്‍ തന്ന കഥ എഴുതി. ഒരാഴ്ച ഭട്ടിനെ കാണാന്‍ പോയില്ല. കണ്ടപ്പോള്‍, പഴയ ഇഷ്ടത്തില്‍ അല്പം പോലും മായം ചേര്‍ക്കാതെ, അദ്ദേഹത്തിന് അനുകൂലമല്ലാത്ത കഥയെപ്പറ്റി ഒരക്ഷരം മിണ്ടാതെ, ഒരു മണിക്കൂര്‍ സംസാരിച്ചു. ഒടുവില്‍, പിരിയുമ്പോള്‍ അദ്ദേഹം അതെടുത്തിട്ടു, തികഞ്ഞ ലാഘവത്തോടെ. അദ്ദേഹത്തോട് ചോദിച്ചിരുന്നെങ്കില്‍, കെ ജി ആര്‍ അവതരിപ്പിച്ചതിന്റെ മറുവശം കൂടി കാണിച്ചുതരുമായിരുന്നു. ഏതായാലും സാരമില്ല. ആരൊക്കെ എവിടെയൊക്കെ നില്‍ക്കുന്നുവെന്ന് മനസ്സിലായല്ലോ എന്നു പറഞ്ഞുകോണ്ട് ഭട് പുഞ്ചിരിച്ചപ്പോള്‍ ഞാന്‍ വേറെ എവിടേക്കോ നോക്കുകയായിരുന്നു.
അത് ഓര്‍ത്തുകൊണ്ടുതന്നെ, കേണല്‍ സുബ്രഹ്മണ്യത്തിന്റെ കാര്യം വന്നപ്പോള്‍, ഒരു കാര്യം ഉറപ്പിച്ചു: കഥ അടിക്കണമോ വേണ്ടയോ എന്നു നിശ്ചയിക്കുന്നതിനുമുമ്പ് അതിനെപ്പറ്റി മോഹന്റെ പക്ഷം നേരിട്ട് ആരായുന്ന പ്രശ്നമില്ല. ഞാന്‍ എന്നെത്തന്നെ പേറ്റിക്കുന്നതുപോലെ തൂന്നി. മോഹനോട് ചോദിക്കുന്നതിനു പകരം കാണുന്ന ഡോക്റ്റര്‍മാരോടെല്ലാം കേണല്‍ സുബ്രഹ്മണ്യത്തിന്റെ മരണത്തിനു പിന്നിലെ സാധ്യതകള്‍ ആരാഞ്ഞു. ഓരോ ആളും ഓരോരോ രീതിയില്‍ ഊഹവും അനുമാനവും നടത്തി. എനിക്ക് തീരുമാനമെടുക്കുവാന്‍ ആയില്ലെന്നു മാത്രം. ഓരോ തവണയും ‘എന്തുകൊണ്ട്’ എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ എന്റെ ആത്മാവ് ചൂളിപ്പോയി. പേരു മാറ്റിപ്പറഞ്ഞ്, ഞാന്‍ ശ്രീ ചിത്രയിലെ വേറൊരു ഡോക്റ്ററെ വിളിച്ചു. പിന്നെ, അറ്റകൈക്ക്, ശ്രീ ചിത്ര മേധാവിയായിരുന്ന എം എസ് വല്യത്താനോടുതന്നെ സംസാരിച്ചു. എനിക്കു നല്ല പരിചയമുണ്ടായിരുന്നു അദ്ദേഹത്തെ.
ആ ഫോണ്‍ സംസാരത്തില്‍, രോഗിയുടെ ബന്ധുക്കളുമായി പലവട്ടം നടത്തിയ സംഭാഷണത്തിലൊന്നും പുറത്തുവരാതിരുന്ന ചില കാര്യങ്ങള്‍ മനസ്സിലായി. കേണല്‍ സുബ്രഹ്മണ്യത്തിന്റെ മരണസാഹചര്യത്തെപ്പറ്റി വിശദമായ അന്വേഷണം നടന്നുകഴിഞ്ഞിരിക്കുന്നു. രാഷ്ട്രപതി തന്നെ ഉത്തരവിട്ടതായിരുന്നു ആ അന്വേഷണം. അന്വേഷണം നടത്തിയതോ, പ്രഗല്‍ഭനായ ന്യൂറോസര്‍ജന്‍ കേണല്‍ ബി രാമമൂര്‍ത്തി. രോഗിക്ക് കിട്ടാവുന്നതും കിട്ടേണ്ടതുമായ ചികിത്സയെല്ലാം ശ്രീ ചിത്രയില്‍നിന്ന് തക്കനേരത്ത് കിട്ടിയിരുന്നുവെന്ന് കേണല്‍ രാമമൂര്‍ത്തി റിപ്പോര്‍ട് ചെയ്തുകഴിഞ്ഞതായി വല്യത്താന്‍ പറഞ്ഞു.
പിന്നെ, തീരുമാനം തനിയേ ഉണ്ടാവുകയായിരുന്നു. കേണല്‍ സുബ്രഹ്മണ്യത്തിന്റെ ബന്ധുക്കളുടെ സംശയവും ആരോപണവും വിവാദകഥയാക്കി വിളമ്പേണ്ടെന്ന തീരുമാനം. “കഥ കണ്ടില്ലല്ലോ, കഥ കണ്ടില്ലല്ലോ...“ എന്ന് ഓരോ ദിവസവും ചോദ്യരൂപത്തില്‍ സമ്മര്‍ദ്ദം വരുമ്പോള്‍, ആത്മനിന്ദയോടെ ഞാന്‍ ഒഴിഞ്ഞുമാറിയിരുന്നതില്‍ ഒടുവില്‍ സന്തോഷം തോന്നി. ആദ്യത്തെ ആവേശത്തില്‍ എന്തെങ്കിലും എഴുതിയിരുന്നെങ്കില്‍, അതൊക്കെ ചിലരുടെ സല്പേരില്‍ മായ്ക്കാന്‍ വയ്യാത്ത ചളിയായി നില്‍ക്കുമായിരുന്നു. ഏതായാലും, തീരുമാനം ഏടുത്തുകഴിഞ്ഞപ്പോള്‍ മോഹനോട് നേരിട്ടു സംസാരിക്കുന്നത് എളുപ്പവും ആവശ്യവുമായി. കഥ കേട്ടപ്പോള്‍ മോഹന്‍ ചെറുതായൊന്നു ചിരിച്ചതേയുള്ളു, പതിവില്ലാത്ത വിധം ഉദാരതയോടെ.
മസ്തിഷ്കത്തിന്റെ ഘടനയും ഭാവവും മോഹന്‍ എനിക്കു മനസ്സിലാകുന്ന രീതിയില്‍ വിവരിച്ചു. മരുന്നുകൊണ്ടും മന്ത്രം കൊണ്ടും ശസ്ത്രക്രിയകൊണ്ടും ചെയ്യാവുന്ന കാര്യങ്ങള്‍ വിവരിച്ചു. മനുഷ്യന്റെ അറിവിനേയും അഹങ്കാരത്തേയും പരിഹസിക്കുന്ന മട്ടില്‍, മരുന്നില്ലെന്ന് എഴുതിത്തള്ളുന്ന രോഗം മാറുന്നതും മരണം ഉറപ്പായെന്നു കരുതിയ രോഗി സുഖപ്പെടുന്നതും വിവരിച്ചു. കേണല്‍ സുബ്രഹ്മണ്യ്യത്തിനുണ്ടായതുപോലെ താല്‍ക്കാലികമായ ഒരു മസ്തിഷകാഘാതത്തിനുശേഷം പഴയപോലെ ആളുകള്‍ ജീവിതം തുടരുന്നതും ആദ്യത്തെ ആഘാതത്തില്‍ തന്നെ രോഗികള്‍ മരിക്കുന്നതും വിവരിച്ചു. ഈ ഘട്ടങ്ങളിലൊക്കെ ഡോക്റ്റര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ എറെ; ചെയ്യാന്‍ കഴിയാത്തത് അതിലുമെത്രയോ ഏറെ. ചികിത്സയുടെ പരിധിയെപ്പറ്റി, അല്ലെങ്കില്‍ മരുന്ന് എന്ന മാരണത്തെപ്പറ്റി, Medical Nemesis: Limits of Medicine എന്ന പുസ്തകമെഴുതിയ ഇവാന്‍ ഇല്ലിച് എന്ന ഓസ്റ്റ്രിയന്‍ തത്വചിന്തകന്റെ അതിശയോക്തി തീരെ അപ്രസക്തമല്ല.
കേണല്‍ സുബ്രഹ്മണ്യത്തിന്റെ കാര്യത്തില്‍ തന്നെ ന്യായീകരിച്ചുകൊണ്ട് താന്‍ തന്നെ അവസാനവിധി പറയാന്‍ മോഹന്‍ മുതിര്‍ന്നില്ല. തന്റെ അറിവും പരിചയവും വെച്ച് ചെയ്യണമെന്നു തോന്നിയത് ചെയ്തു. മറിച്ചൊന്നു ചെയ്യണമെന്നു തോന്നിയില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഫലം വേറൊന്നാകുമായിരുന്നോ എന്നറിയില്ല. മനുഷ്യന്റെ എല്ലാ പരിമിതികളും വെച്ചായിരുന്നു തന്റെ സമീപനം. ദൈവം ചമയാന്‍ ശ്രമിക്കുന്ന മണ്ടന്‍ ഡോക്റ്ററോ, ഡോക്റ്ററില്‍നിന്ന് ദൈവസദൃശമായ അത്ഭുതം പ്രതീക്ഷിക്കുന്ന പാവം രോഗിയോ തന്റെ കൂട്ടുകാരില്‍ പെടില്ല. ചുരുങ്ങിയ വാക്കുകളില്‍ അങ്ങനെയൊക്കെ പറഞ്ഞൊപ്പിച്ച മോഹന്‍, മനുഷ്യന്റെ പരമമായ നിസ്സഹായത തെളിയിക്കുകയായിരുന്നു കുറെ കൊല്ലം കഴിഞ്ഞ് മുംബയിലെ ഒരു ഹോട്ടലില്‍ വെച്ചുണ്ടായ തന്റെ ആകസ്മികമായ മരണത്തിലൂടെ.
മോഹന്റെ വിശദീകരണത്തിനു മുമ്പുതന്നെ കേണല്‍ സുബ്രഹ്മണ്യത്തിന്റെ ബന്ധുക്കളുടെ ഭാഷ്യം കഥയാക്കേണ്ടെന്നു തീരുമാനിച്ചിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഒരു കാര്യം ഒന്നുകൂടി ഉറപ്പാകുന്നു: കഥ പറയുന്നതിനേക്കാള്‍ എത്രയോ വിഷമമാണ് ഏതെങ്കിലുമൊരു കഥ പറയേണ്ടെന്നു വെക്കാന്‍. കേട്ട ഗാനങ്ങളേക്കാള്‍ കേള്‍ക്കാത്ത ഗാനങ്ങള്‍ മധുരതരമായിരിക്കുന്നതുപോലെ, പറയേണ്ടെന്നു വെച്ചു വിട്ടുകളഞ്ഞ കഥകളുടെ കഥ കൂടുതല്‍ കൌതുകകരമായിരിക്കും. പക്ഷേ ഒരാള്‍ പറയേണ്ടെന്നു വെച്ചതുകൊണ്ട് ഒരു കഥയും പറയപ്പെടാതിരിക്കണമെന്നില്ല. ഞാന്‍ പൂഴ്ത്തിയെന്ന് കേണല്‍ സുബ്രഹ്മണ്യത്തിന്റെ ബന്ധുക്കള്‍ക്കു തോന്നാവുന്ന കഥ വേറൊരാള്‍ പ്രവാചകന്റെ അഭിനിവേശത്തോടെ പുറത്തുകൊണ്ടുവന്നു. എട്ടുകോളത്തില്‍ നീണ്ടുകിടന്ന ശീര്‍ഷകത്തിന്റെ താഴെ മോഹനും ശ്രീ ചിത്രയും വരുത്തിവെച്ച വിനയുടെ കഥ പടം വിടര്‍ത്തിയാടി. എന്തോ കാരണത്താല്‍ അതൊരു പരമ്പരയായില്ല. ഒരു കഥയില്‍ എല്ലാം അവസാനിച്ചു.
ഇല്ല, എല്ലാം ഒരു കഥയില്‍ അവസാനിച്ചില്ല. കഥയുടെ പ്രണെതാക്കളും പ്രക്ഷേപരും ഒന്നും മറക്കുകയോ മടിച്ചിരിക്കുകയോ ചെയ്തില്ല. വാസ്തവത്തില്‍ അവര്‍ അത്രയേറെ വേദനിക്കുകയും, വേദന അതിനു കാരണക്കാരെന്ന് അവര്‍ ധരിച്ച ആളുകളോടുള്ള വൈരാഗ്യമായി വികസിക്കുകയും ചെയ്തിരുന്നു. സംഭവം കഴിഞ്ഞ് കുറേ കൊല്ലങ്ങള്‍ക്കുശേഷം ഡല്‍ഹിയില്‍ ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ സീനിയര്‍ എഡിറ്റര്‍ ആയിരിക്കുമ്പോള്‍ പത്രാദിപര്‍ക്കുള്ള കത്തുകളില്‍ ഒന്ന് ശ്രീ ചിത്രയെ വിമര്‍ശിക്കുന്നതായി കണ്ടു. വിമര്‍ശിച്ചതുകൊണ്ടല്ല, അനവസരത്തില്‍ അങ്ങനെ ഒരു കത്ത് വന്നതുകൊണ്ട് ഒന്നുകൂടെ വായിച്ചുനോക്കി.
ശ്രീ ചിത്രയുടെ ഗവേഷണ-വികസന സംരംഭങ്ങളെ നിസ്സാരമാക്കുന്ന മട്ടില്‍, അവരുടെ ഉല്പന്നങ്ങള്‍ എത്രയോ കുറഞ്ഞ വിലക്ക് ജപ്പാനില്‍നിന്നും കൊറിയയില്‍നിന്നുമെല്ലാം വരുത്തികൊടുക്കാമെന്ന് അവകാശപ്പെട്ടിരുന്ന ഒരു ഡോക്റ്റര്‍ അക്കാലത്ത് രംഗത്തുണ്ടായിരുന്നു. അയാളുടെ അവകാശവാദം ഇടക്കിടെ പല നഗരങ്ങളില്‍നിന്നും ഒറ്റക്കോളത്തില്‍ പ്രസിദ്ധീകരിച്ചുകാണുകയും ചെയ്തിരുന്നു. അങ്ങനെയൊരു റിപ്പോര്‍ടിന്റെ ചുവടൊപ്പിച്ചായിരുന്നു ശ്രീ ചിത്രയെ വിമര്‍ശിച്ചുകൊണ്ടുള്ള ആ കത്തിന്റെ വരവ്.
വെറുതേ ഒന്ന് അന്വേഷിച്ചുനോക്കി, അതിന്റെ ഉത്ഭവം. കത്തിന്റെ ഉള്ളടക്കം നോക്കിയാല്‍, അതിന്റെ കര്‍ത്താവ് നിക്ഷിപ്തതാല്പര്യമുള്ള ആരോ ആവാനേ തരമുണ്ടായിരുന്നുള്ളു. അത് ഉറപ്പിക്കണമെങ്കില്‍ കത്തിന്റെ അസ്സല്‍ കാണണം. അതിനകം അസ്സല്‍ കാണാതായിരിക്കുന്നു. കത്തുകള്‍ കൈകാര്യം ചെയ്തിരുന്ന സ്ത്രീ പരുങ്ങുന്നതു കണ്ടപ്പോള്‍, പഴയ സംഭവവുമായുള്ള ബന്ധം ഓര്‍മ്മ വന്നു. കത്തുകള്‍ അച്ചടിക്കാന്‍ തിരഞ്ഞെടുക്കുന്ന ആള്‍ തന്നെ വേറെ പേരുകളില്‍ കത്തുകള്‍ എഴുതി അച്ചടിക്കുന്നത് തൂക്കിക്കൊല്ലേണ്ട പാതകമൊന്നുമല്ലെങ്കിലും, പ്രോത്സാഹിപ്പിക്കാന്‍ കൊള്ളുന്ന പതിവ് അല്ല. എഡിറ്ററോ ഞാനോ ഒന്നും പറഞ്ഞില്ല. ആര്‍ എന്തു ചെയ്തു എന്ന് ഞങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ, മനസ്സിലാകേണ്ടവര്‍ക്കെല്ലാം കാര്യം മനസ്സിലായി. അതു മതിയല്ലോ.
(തേജസ്സിൽ ആഗസ്റ്റ് ഇരുപതിൻ പ്രസിദ്ധീകരിച്ചത്)
Wednesday, August 19, 2009
എന്തിനീ അലംകൃതി?
ചോദ്യം ചോദിച്ചിരുന്നേയുള്ളു സോക്രട്ടിസും നചികേതസ്സും. പ്ലാറ്റോവിനെക്കൊണ്ടും യമനെക്കൊണ്ടും ഉത്തരം പറയിപ്പിക്കുന്നതായിരുന്നു അവരുടെ വഴക്കം. ചോദ്യവും ഉത്തരവും ഒരാൾ തന്നെ പറയുന്ന സ്ഥിതി, പക്ഷേ, തീർത്തും സാങ്കല്പികമല്ല. തനിക്കെതിരെ കേസ് എടുക്കരുതെന്നു പറയുന്ന ഹരജിക്കാരനും കേസ് എടുക്കേണ്ടെന്ന് നേരത്തേ പറഞ്ഞുവെച്ച എതിർകക്ഷിയും തമ്മിലുള്ള ഐകമത്യം യാഥാർത്ഥ്യമായിരിക്കുന്നു. പ്രത്യക്ഷത്തിൽ വിപരീതമെന്നു തോന്നുന്ന രണ്ടു ഘടകങ്ങളെ ഒന്നാക്കിക്കൊണ്ട്, ഭരണത്തിലും ന്യായനിർവഹണത്തിലും അങ്ങനെ പുതിയൊരു സംസ്ക്കാരം ഉണ്ടാകുന്നു. ഇനി, അന്തിമമായ സത്യം വൈരുദ്ധ്യമല്ല, ഏകീഭാവമാണെന്നു വരുമോ?
അതുപോലെ, ഒരു പക്ഷേ, അതിനെക്കാളും, രസകരവും പ്രധാനവുമാകുന്നു എതിർകക്ഷി ആകേണ്ടയാൾക്ക് അരങ്ങു കാണാൻ അവസരം കൊടുക്കാത്ത നിയമതന്ത്രം. പിണറായി വിജയനെതിരെ കേസ് എടുക്കാമെന്നു കല്പന പുറപ്പെടുവിച്ച ആർ എസ് ഗവായിയുടെ നിലപാടിനെതിരെയാണ് വെല്ലുവിളി. അത് ഏറ്റുപിടിക്കാനാകട്ടെ, അവസരമേ ഇല്ല. അതാണ് ഗവർണർ ഗവായ് ആകുന്നതിന്റെ പ്രാധാന്യം. ഏതാണ്ടിതുപോലൊരു ഗതികേടായിരുന്നു ജോസഫ് കെ.യുടെയും. അറിയാത്ത കുറ്റത്തിന് അദൃശ്യനായ ന്യായാധിപന്റെ മുന്നിൽ വിചാരണ നേരിട്ടയാളായിരുന്നു കാഫ്കയുടെ ആ കഥാപാത്രം.
കാലാകാലമായി കമ്മ്യൂണിസ്റ്റ് പാർട്ടി എതിർത്തുപോരുന്നതാണ് ഗവർണർ പദവി. പർലമെന്ററി വ്യാമോഹം മൂത്തപ്പോൾ, സമീപനം ഒന്നു മയപ്പെടുത്തിയെന്നേയുള്ളു. എന്നാലും ഓരോ നേരത്ത് കലി കേറുമ്പോൾ, അന്നന്നത്തെ രാജ് ഭവൻ നിവാസിക്കെതിരെ അരിവാൾ വീശും. വിജയനെതിരെ നീങ്ങിയ ഗവായിയുടെ വഴി തടയാൻ അവരിറങ്ങിയത് കഴിഞ്ഞ ദിവസമായിരുന്നു. പിറ്റേ ദിവസം ആ പരിപാടി കൊള്ളില്ലെന്നു തീരുമാനിച്ചു. ഭാഗ്യം! ഭരണവും ഭരണത്തിനെതിരെ സമരവും ഒരേ സമയം വേണ്ടെന്നു ബോധ്യമായല്ലോ.
പൊതുവെ പറഞ്ഞാൽ, കേരളത്തിലെ ഗവർണർമാർ ഭാഗ്യവാന്മാരായിരുന്നു. ഇടക്കും തലക്കും ഒരു ഓലപ്പാമ്പിനെ കടത്തിവിട്ടതൊഴിച്ചാൽ, രാജ് ഭവനെ പ്രതിപക്ഷം ഒരിക്കലും ശല്യപ്പെടുത്തിയില്ല. ഈയിടെയായി എല്ലാവർക്കും ഉപദ്രവവും ഉപകാരവുമായിരിക്കുന്ന എക്കൌണ്ടന്റ് ജനറൽ, രാജ് ഭവന്റെ വരവുചിലവു നോക്കുമ്പോൾ, ചില പ്രത്യേക ശീലുകളും ശീലങ്ങളും പാലിച്ചുപോന്നിട്ടുണ്ട്. മീഡിയയുടെ നീളുന്ന നാസികയും കവടിയാറിലേക്ക് അധികം കയറിക്കണ്ടിട്ടില്ല. ഒരു ഗവണർക്ക് വേണ്ട പോലെ ചികിത്സ കിട്ടിയില്ലെന്ന് ആക്ഷേപമുണ്ടായി. വേറൊരാൾ തൂപ്പുകാരോട് തട്ടിക്കേറിയെന്ന് ആരോ പുറുപിറുത്തു. ഇനിയുമൊരാളുടെ ചെറുകിടവ്യസായതാല്പര്യത്തെപ്പറ്റി സംസാരമുണ്ടാക്കാൻ ശ്രമം നടന്നു. വിദൂരമായ ഒരു ഹവാലാ ആരോപണമുണ്ടായപ്പോൾ, ഒരു ഗവർണർ നേരത്തേ പിരിഞ്ഞുപോയി. അത്രയൊക്കെയേ ഉണ്ടായിട്ടുള്ളു. മറ്റിടങ്ങളിൽ ഗവർണർമാർ ഒളിച്ചോടിയ ചരിത്രമുണ്ട്.
എന്നാലും ഗവർണർ പദത്തിനെതിരെ കമ്മ്യൂണിസ്റ്റുകാർ പുലർത്തിപ്പോന്ന എതിർപ്പ് തികഞ്ഞ ഭോഷ്ക്കാണെന്നു പറയാൻ വയ്യ. ഗവർണർക്ക് ജോലി രണ്ടേയുള്ളു. ഒന്ന്, നിയമസഭ പസ്സാക്കുന്ന ബില്ലുകൾ ഒപ്പിടുക. രണ്ട്, മന്ത്രിമാരെ സത്യപ്രതിജ്ഞ ചെയ്യിക്കുക. ആണ്ടുതോറും നിയമേന നടത്തുന്ന ആ പ്രസംഗമുണ്ടാല്ലോ, അതിനെ വലിയൊരു നയമായോ പ്രഖ്യാപനമായോ കൂട്ടേണ്ട. ഭൂരിപക്ഷം സംശയമാകുമ്പോഴും മന്ത്രിസഭ അവധി എടുത്തുപോകുമ്പോഴും മാത്രമേ രാജ് ഭവൻ സജീവമകേണ്ടതുള്ളു. അങ്ങനെയൊരു പ്രതിസന്ധി അധികം വരാറുമില്ല. ഇത്തരം ചെറിയ താൽക്കാലികജോലി ചെയ്യാൻ വേറെ ആരെയെങ്കിലും ഏർപ്പെടുത്താം. പിന്നെ എന്തിനീ ഗവർണർ എന്ന അലംകൃതി? അതിന്റെ ചിലവോ? കൊച്ചുകേരളത്തിൽത്തന്നെ രണ്ടുമൂന്നു കോടി രൂപ കാണിക്കുന്നു. അപ്പോൾ മഹാ മഹാരാഷ്ട്രയിൽ എന്തായിരിക്കും സ്ഥിതി? നാടായാലും നാട്ടുകാരനായാലും, ആവശ്യത്തിനല്ല, അലങ്കാരത്തിനാണ് കൂടുതൽ പണം ചിലവാക്കുക എന്നു സമാധാനിക്കാം. .
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഉണ്ടായിവരുന്ന ബന്ധവിശേഷത്തിൽ, കേന്ദ്രത്തിന്റെ സ്ഥാനപതിയായി ഒരാൾ ഓരോ സംസ്ഥാനത്തിന്റെയും തലസ്ഥാനത്ത് അട്ടിപ്പേറാവണമെന്ന നില ഇല്ലാതായിരിക്കുന്നു. പിരിഞ്ഞുപോകുന്ന ഒരു സംസ്ഥാനത്തെ
പിടിച്ചുനിർത്താൻ ഒരു ഗവർണർ വേണ്ട. കമ്മ്യ്യൂണിസ്റ്റുകാരുടെ ഭാഗത്തുനിന്ന് എതിർപ്പു വന്നു എന്നതുകൊണ്ടുമാത്രം ഗവർണർ പദം പുണ്യമാവുന്നില്ല. അന്നന്ന് ഭരിക്കുന്നവർ, ഒതുക്കുകയോ ശുശ്രൂഷിക്കുകയോ ചെയ്യണമെന്നു വിചാരിക്കുന്നവരെ കുടിയിരുത്താനുള്ള ലാവണമായേ രാജ് ഭവൻ പൊതുവെ ഉപകരിച്ചിട്ടുള്ളു. അവരിൽ പലരും ഷെഡ്ഡിൽ കയറ്റേണ്ട രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരുമായിരിക്കും. പിരിഞ്ഞുപോകുന്ന ഒരു വീരസൈനികനും ന്യായാധിപനും വല്ലപ്പോഴും കണ്ടേക്കാം. കേരളത്തിൽ ഒരു അധ്യാപകൻ ഗവർണർ ആയി വന്നത് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പാണ്ഡിത്യംകൊണ്ടല്ല, ചരൺ സിംഗുമായുള്ള ബന്ധംകൊണ്ടായിരുന്നു.
ഇത്തരം അലംകൃതികൾ വേണമെന്നായിരിക്കുന്നു, ജനാധിപത്യം തിളങ്ങാനും വിളങ്ങാനും. സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ് രാജ്യസഭ. അതാത് സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയവർ വേണം അവിടെനിന്നു തിരഞ്ഞേടുക്കപ്പെടാൻ എന്നായിരുന്നു വ്യവസ്ഥ. ഒരു തിരഞ്ഞെടുപ്പുകമ്മിഷണർ അതു നടപ്പാക്കാൻ നോക്കിയപ്പോൾ, നിയമം മാറ്റി. ഇല്ലെങ്കിൽ ഒ രാജഗോപാൽ മുതൽ മൻ മോഹൻ സിംഗ് വരെ കുടുങ്ങിയേനെ. എന്തായാലും, രാജ്യസഭയും ലോകസഭയും ഒരുപോലായി. ഒരു വ്യത്യാസം മാത്രം: രാജ്യസഭ ചർച്ച ചെയ്താലും ഇല്ലെങ്കിലു,, ലോകസഭ വിചാരിച്ചത് നിയമമാകും. രാഷ്ട്രീയക്കാരല്ലാത്തവർ മാത്രമായിരുന്നു ആദ്യമൊക്കെ രാജ്യസഭയിലേക്കു നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്ന അംഗങ്ങൾ. പിന്നെ, വേറെ വഴിയൊന്നുമില്ലെങ്കിൽ, രാഷ്ട്രീയക്കാരനെയും കുത്തിക്കേറ്റാമെന്നായി. ആറുകൊല്ലത്തിനുള്ളിൽ ഒരക്ഷരവും മിണ്ടാതെ രവി ശങ്കർ, എം എഫ് ഹുസൈൻ തുടങ്ങിയവർ രാജ്യസഭയിൽനിന്നു പിരിഞ്ഞുപോകുമ്പോൾ, സിനിമയിലെ ഭീകരത ഓർക്കാതെ, ഒരു പത്രം ഇങ്ങനെ ഒരു ശീർഷകം കൊടുത്തു: Silence of the Lambs.
രാജ്യസഭ എന്ന അലംകൃതിയുടെ ഒരു ഗുണം മറക്കരുത്: ഉപരാഷ്ട്രപതിക്ക് അധ്യക്ഷനായിരിക്കാൻ അത് ഒരു സുവർണ്ണവസരം നൽകുന്നു. ആ അധ്യക്ഷപദവിയല്ലാതെ വിശേഷിച്ചൊരു കൃത്യബാഹുല്യവും ഉള്ള ആളല്ല ഉപരാഷ്ട്രപതി. രാഷ്ട്രപതിയുടെ അഭാവത്തിൽ മാത്രമേ അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യേണ്ടൂ. ബി ഡി ജത്തിക്കു മാത്രമേ ആ ഭാഗ്യമുണ്ടായുള്ളു. ഫക്രുദ്ദീൻ അലി അഹമ്മദ് മരണപ്പെട്ടപ്പോൾ കൈകാര്യകർതൃത്വം കിട്ടിയ ഉപരാഷ്ട്രപതി ജത്തി ഒന്നു മസിലു പിടിക്കാൻ നോക്കി. ഒരു നിമിഷം. പ്രധാനമന്ത്രി ദേശായി ഒന്നു കണ്ണുരുട്ടിയപ്പോൾ, എല്ലാം വഴിക്കു വഴിയായി. വാസ്തവത്തിൽ, ഉപരാഷ്ട്രപതി ഗവർണറെക്കാളും തൊഴിൽരഹിതനാകുന്നു. എല്ലാം ജനാധിപത്യത്തിന്റെ അലംകൃതികളാകുന്നു--കിന്നരി പോലെ, കസവു പോലെ, പുളിയിലക്കര പോലെ.
അത്തരം അലംകൃതിയുടെ സ്വഭാവം വികലമായ രീതിയിൽ വ്യക്തമാക്കുന്നാതാണ് വിജയന്റെ ഹരജി. അങ്ങനെ ഉദ്ദേശിച്ചു ചെയ്തതാണെന്നു തോന്നുന്നില്ല; പക്ഷേ, ഗവർണറുടെ ചോദ്യം ചെയ്യപ്പെടുന്ന നടപടി വിശദീകരിക്കാൻ ഒരവസരം പോലും ഗവർണർക്കു കൊടുക്കേണ്ടെന്ന് ഒരു വിഭാഗം നിയമജ്ഞരും രാഷ്ട്രീയപ്രവർത്തകരും വാദിക്കാൻ തുടങ്ങുമ്പോൾ, അ ചോദ്യം പിന്നെയും ഉയരുന്നു: എന്തിനീ അലംകൃതി?
(മലയാളമനോരമയിൽ ആഗസ്റ്റ് പതിനെട്ടിന് മംഗളവാദ്യം എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചത്)

Friday, August 7, 2009
വാർത്തകളിൽ മുടി പൊഴിയാത്ത കാലം
എന്തിനോടെല്ലാമോ അരിശപ്പെട്ടിരുന്നു രാം നാഥ് ഗോയെങ്ക, ഇന്ത്യന്‍ എക്സ്പ്രസിന്റെ സ്ഥാപകന്‍. എതിര്‍ക്കുന്നവരെ ചെറുക്കാനും അധികാരത്തിന്റെ വടി വീശുന്നവരുമായി കോര്‍ത്തുനില്‍ക്കാനും അദ്ദേഹത്തിന് എന്നും ഇഷ്ടമായിരുന്നു. അപ്പോഴെല്ലാം അരിശം മുഖത്തെ മാംസപേശികളിലും സ്വരത്തിന്റെ തിരകളിലും തുള്ളിത്തെറിച്ചുനില്‍ക്കും. ഒരിക്കലും ഗോയെങ്കയെ അരിശപ്പെടുത്തിയിരിക്കാന്‍ ഇടയില്ലാത്ത ഒരു കാര്യമേ കാണൂ. തന്റെ മണ്ടയില്‍ ഒരു മുടി പോലുമില്ലെന്ന ചിന്ത അദ്ദേഹത്തെ ഒരിക്കലും ആവേശിച്ചിരുന്നില്ല. ആ മണ്ടയില്‍ മുടി മുളപ്പിക്കാന്‍ കുറച്ച് എണ്ണ വേണമെന്ന് അദ്ദേഹത്തിന്റെ മകളുടെ മകന്‍ മനോജ് സൊന്താളിയ ആവശ്യപ്പെട്ടപ്പോള്‍ ചിരിക്കാതിരിക്കാന്‍ വിഷമമായി.
അങ്ങനെ ഒരാവശ്യമുന്നയിച്ച പലരില്‍ ഒരാള്‍ മാത്രമായിരുന്നു സൊന്താളിയ. എത്ര ഊഷരമായ മണ്ടയിലും മുടി മുളപ്പിക്കാന്‍ പോന്ന ഒരു തൈലം തയ്യാറായിരിക്കുന്നുവെന്ന വാര്‍ത്ത നാടാകെ പരന്നിരുന്നു, പൊളിയായും പാട്ടായും പുരാവൃത്തമായും. ഗോയെങ്കയുടെ പൂര്‍ണ്ണവും നിത്യവുമായ കഷണ്ടിയില്‍ പോലും അത് പരീക്ഷിച്ചുനോക്കാം എന്ന നില വന്നപ്പോള്‍ ഞാന്‍ സൊന്താളിയയോട് പറഞ്ഞു, ഏറേക്കുറെ ധാര്‍ഷ്ട്യത്തോടെത്തന്നെ: “ശേഷിക്കുന്ന ജീവിതകാലം മുഴുവനും തലയില്‍ ആ തൈലം തളം കെട്ടി നിര്‍ത്തിയാലും, രാംനാഥ്ജിയുടെ മണ്ടയില്‍ ഒരു മുടിയും മുളക്കാന്‍ പോകുന്നില്ല...” മുത്തഛനെ ഇടതൂര്‍ന്ന മുടിയോടുകൂടി മനസ്സില്‍ കണ്ടപ്പോഴായിരിക്കണം, സൊന്താളിയ ഊറിച്ചിരിച്ചു.
ആ എണ്ണയെപ്പറ്റി ഞാന്‍ പറഞ്ഞത് ഒന്നുമറിയാതെയല്ല. അതിന്റെ ഐന്ദ്രജാലികമായ ഉത്ഭവവും വികാസവും ആദ്യം കണ്ടറിഞ്ഞവരില്‍ പി രാജനും തോമസ് വര്‍ഗീസും ഞാനും ഉണ്ടായിരുന്നു. നേരുപറഞ്ഞാല്‍, രാജനേയും എന്നേയും ആ അത്ഭുതലോകത്തേക്കു കൂട്ടിക്കൊണ്ടുപോയ സുഹൃത്തും മാര്‍ഗ്ഗദര്‍ശിയും തത്വചിന്തകനുമായിരുന്നു തോമസ് വര്‍ഗീസ്. വിശ്വസിക്കുന്നതെന്തും വാദിച്ചുറപ്പിക്കുന്നതാണ് അന്ന് മാതൃഭൂമിയിലായിരുന്ന രാജന്റെ ശീലം. കാര്‍ഷികശാസ്ത്രവും കമ്യൂണിസവും യുക്തിവാദവും പരിസ്ഥിതിസ്നേഹവുമെല്ലാം ഉള്‍ച്ചേര്‍ന്നിരുന്നു തോമസ് വര്‍ഗീസില്‍. ഒരു വൈകുന്നേരം തോമസ് വര്‍ഗീസ് രാജനേയും എന്നേയും അംബുജവിലാസം റോഡിലെ അത്ഭുതലോകത്തേക്കു കൈ പിടിക്കാതെത്തന്നെ കൊണ്ടുപോയി. ഏതു കഷണ്ടിയെയും എണ്ണയിട്ട് ഫലഭൂയിഷ്ഠമാക്കാം എന്ന വിശ്വാസവും അതൊപ്പിച്ചുള്ള പ്രവര്‍ത്തനവുമായിരുന്നു അവിടത്തെ അത്ഭുതം.
അന്നു വൈകുന്നേരം ഗോപാലകൃഷ്ണന്‍ നായരുടെ അംബുജവിലാസം റോഡിലെ വസതിയില്‍ ആര്‍ഭാടമായി പറയാന്‍ സുഹൃത്തുക്കളുടേ സാന്നിധ്യവും മദ്യത്തിന്റെ സൌലഭ്യവും മാത്രമേ ഉണ്ടായിരുന്നുള്ളു. ഏതോ വളം നിര്‍മ്മണശാലയില്‍ ജോലി ചെയ്തിരുന്ന, ചുരുളന്‍ മുടിയുള്ള ഗോപാലകൃഷ്ണന്‍ നായര്‍ ചെങ്കോട്ടുകോണം സ്വാമിയുടെ ശിഷ്യനായും മറ്റും കഴിയുന്ന കാലം. സ്വാമിയുടെ ആശീര്‍വാദത്തോടെ കുറേ പച്ചമരുന്നുകളും മറ്റും ചേര്‍ത്ത് അദ്ദേഹം ഒരു എണ്ണ കാച്ചി. ആ എണ്ണക്ക് അനൂപ് എന്നു പേരിട്ടു. അനൂപ് തേച്ചാല്‍മുടി വളരുമെന്നു കണ്ടു. താമസിയാതെ അത് പാട്ടായി, പുരാവൃത്തമായി.
ഗോപാലകൃഷ്ണന്‍ നായരുടെ ഒരു മകള്‍ക്ക് പനങ്കുല പോലത്തെ മുടിയുണ്ടായിരുന്നു. ആ മുടിയും അനൂപുമായി ഒരു മായിക ബന്ധം എല്ലാവരുടേയും മനസ്സില്‍ പടര്‍ന്നുവളര്‍ന്നു. ഒരു ദിവസം അല്പം എണ്ണ ഒരു പൂച്ചയുടെ തലയില്‍ വീഴാന്‍ ഇടയായി. എണ്ണ വീണ ഭാഗത്ത് മുടി കൂടുതല്‍ തഴച്ചുവിടര്‍ന്നു. പക്ഷേ രോമകൂപങ്ങള്‍ ഉള്ള സ്ഥലത്ത് അനൂപ് തേച്ചാലേ മുടി മുളക്കുകയും വളരുകയും ചെയ്യൂ എന്ന് ഗോപാലകൃഷ്ണന്‍ നായര്‍ ഒരു ശാസ്ത്രജ്ഞന്റെ ഗൌരവത്തോടെ മുന്നറിയിപ്പു നല്‍കി. ഉള്ളം കയ്യിലോ ചുമരിലോ എണ്ണ പുരട്ടിയാല്‍ രോമം വളരാനുള്ള സാധ്യത തീരെ കുറവായിരുന്നു.
അമ്മ ആയുഷ്കാലം മുഴുവന്‍ നീലിഭൃംഗാദി തേച്ചുകുളിച്ചിരുന്നത് ഞാന്‍ ഓര്‍ത്തു. അമരിയോ കയ്യോന്നിയോ സീതയുടെ മുടിയായി വേലിപ്പുറത്ത് പടര്‍ന്നുപിടിക്കുന്ന ഉഴിഞ്ഞയോ എല്ലാമോ ചേര്‍ത്ത എണ്ണ തേച്ചാല്‍ മുടി വളരുമെന്ന അഷ്ടാംഗഹൃദയഭാവനയെപ്പറ്റി ഞാന്‍ ചോദിച്ചു. അതൊന്നുമല്ല ഇത് എന്ന ഒരുതരം ശങ്കരസിദ്ധാന്തം ഗോപലകൃഷ്ണന്‍ നായരും ഉരുവിട്ടു. എത്ര പേര്‍ ഇത് തേച്ചു, എത്ര പേരുടെ മുടി വളര്‍ന്നു, എത്ര വളര്‍ന്നു, എന്നൊക്കെ ഞാന്‍ ചോദിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹം മുഷിഞ്ഞു. ഉത്തരം പറയേണ്ട ആള്‍ മുഷിഞ്ഞു തുടങ്ങിയാല്‍ ചോദ്യം നിര്‍ത്തുന്ന മര്യാദ അന്നും ഞാന്‍ പഠിച്ചിരുന്നില്ല. ഒടുവില്‍, ഓളം കേറിയ മനസ്സുമായി പിരിയുമ്പോള്‍, എന്തൊക്കെ വിശ്വസിച്ചുവെന്നോ എന്തെഴുതുമെന്നോ ഉറപ്പിക്കവുന്ന നിലയിലായിരുന്നില്ല ഗോപാല്‍കൃഷണന്‍ നായരും ഞാനും.
പിന്നീടൊരു ദിവസം അന്യര്‍ക്കാര്‍ക്കും കയറാന്‍ അനുമതിയില്ലാത്തഅംബുജവ്ലാസം റോഡിലെ പരീക്ഷണശാലയിലേക്ക് തോമസ് വര്‍ഗീസ് രാജനേയും എന്നേയും കൂട്ടിക്കൊണ്ടുപോയി. മുറ്റത്ത് കൂട്ടിയ രണ്ടുമൂന്ന് അടുപ്പുകളും അവക്കുമുകളില്‍ എണ്ണ കാച്ചാന്‍ വെച്ചിരുന്ന ചെമ്പുപാത്രങ്ങളും ചേര്‍ന്നതായിരുന്നു പരീക്ഷണശാല. ഏറെ നാള്‍ കഴിയും മുമ്പേ, അവിടത്തെ ഉല്‍പന്നത്തിനുവേണ്ടി ഇന്ത്യ മുഴുവന്‍ കാത്തുനില്‍ക്കുമെന്നോ കരിഞ്ചന്ത തുറാന്നിടുമെന്നൊ അപ്പോള്‍ സങ്കല്പിക്കാന്‍ പോലും കഴിഞ്ഞില്ല. വരാനിരിക്കുന്ന സംഭവങ്ങള്‍ മിക്കപ്പോഴും അവയുടെ നിഴല്‍ നേരത്തേ വീഴ്ത്താറില്ല എന്നാണ് എന്റെ അനുഭവം.
ഏതായാലും എന്റെ ഉദാസീനതയും പത്രത്തിന്റെ തിരക്കും ഒക്കെപ്പടെക്കൂടി ഞാന്‍ എഴുതാന്‍ ഉദ്ദേശിച്ചിരുന്നത് വൈകി. തോമസ് വര്‍ഗീസിന് പരിഭവമായി. ഇത്രയൊക്കെയായിട്ട് ഒന്നുമെഴുതാതിരിക്കുന്നതില്‍ പരിഭവിക്കതിരിക്കുമോ? ഗോപാലകൃഷ്ണന്‍ നായര്‍ക്ക് ക്ഷമ കെട്ടു. അപരിഹാര്യമായ അസൂയയോടു ചേര്‍ത്തു പറയാറുള്ള കഷണ്ടിക്ക് മരുന്നു കണ്ടെത്തിയെന്ന വാര്‍ത്ത നാടുനീളെ പടരാതിരിക്കുമ്പോള്‍, ഏതു ശാസ്ത്രജ്ഞന്റേയും ക്ഷമ കെടില്ലേ? സ്വാഭാവികമായി ഗോപാലകൃഷ്ണന്‍ നായര്‍ വാര്‍ത്ത ഉടന്‍ കൊടുക്കാന്‍ പുതിയ ഒരു വേദി തേടി ഇറങ്ങി. ചരിത്രപ്രധാനമായ ഒരു പ്രഭാതത്തില്‍, അല്പസ്വല്പം കഷണ്ടി ഉണ്ടായിരുന്ന മലയാള മനോരമയിലെ കെ രംഗനാഥ് കഷണ്ടിക്ക് മരുന്ന് എത്തിയെന്ന വിളംബരം നടത്തി. യു എന്‍ ഐ എന്ന വാര്‍ത്താ ഏജന്‍സിയും ഉണ്ടായിരുന്നു ഇന്ത്യയെങ്ങും ആ വാര്‍ത്ത എത്തിക്കാന്‍.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കേട്ടവര്‍ കേട്ടവര്‍ ആ കഥ പാടിപ്പരത്തി. പത്രങ്ങളില്‍ തലക്കെട്ടുകള്‍ വന്നു. പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും വാര്‍ത്ത വളര്‍ന്നു. വേണ്ടവരും വേണ്ടാത്തവരും മുടി മുളപ്പിക്കുന്ന മരുന്നിനായി സര്‍പ്പസദൃശമായ ക്യൂവില്‍ തിക്കിക്കേറി. തിരക്ക് നിയന്ത്രിക്കാന്‍ പൊലിസ് ഇറങ്ങി. ആവശ്യക്കാര്‍ സ്വാധീനമുള്ളവരുടെ പടിക്കല്‍ കാത്തുകിടന്നു. മരുന്നിന്റെ വിതരണത്തിനുള്ള ഏജന്‍സിക്കായി ഏതോ ഒരു ജില്ല കലക്റ്റര്‍ പോലും ശ്രമം നടത്തി. അപ്പോഴെല്ലാം വൈകിവന്ന അംഗീകാരത്തിന്റെ സ്തോഭത്തോടെ, അംബുജവിലാസം റോഡിലെ വീട്ടിന്റെ അകത്തളത്തിലും വരാന്തയിലും ഗോപാലകൃഷണന്‍ നായര്‍ തന്നോടുതന്നെ എന്തൊക്കെയോ മന്ത്രിച്ചുകോണ്ട് ഉലാത്തുകയായിരുന്നു.
എന്റെ കഥ വരാന്‍ വൈകി. വന്നപ്പോള്‍ അത് വാരാന്ത്യപ്പതിപ്പിലെ ഒരു ഫീചര്‍ ആയിട്ടായിരുന്നു. വാര്‍ത്ത നേരത്തേ പൊട്ടിപ്പടാര്‍ന്നിരുന്നല്ലോ. അതിനുമുമ്പേ എഴുതിയതുതന്നെ ഫീചര്‍ രൂപത്തിലായിരുന്നു. പരുക്കന്‍ കടലാസില്‍, പടരുന്ന പലതരം നിറത്തിലുള്ള മഷിയില്‍ അച്ചടിച്ച പളപളപ്പുള്ള ചിത്രീകരണം ഗോപാലകൃഷ്ണന്‍ നായരുടെ കണ്ടുപിടുത്തത്തിന്റെ ഐതിഹാസികമായ പ്രാധാന്യം എടുത്തുകാട്ടി. മനുഷ്യനും ദൈവവും തമ്മിലുള്ള ഒരു വ്യത്യാസം ഒരു ദൈവത്തിനും കഷണ്ടിയില്ലെന്നതാണ്. അങ്ങനെയാണെങ്കില്‍, കഷണ്ടി മാറ്റി മനുഷ്യനെ ദൈവത്തോളം ഉയര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ ഉപലബ്ധി. അതിനുമപ്പുറം, മുടിയുടെ പേരില്‍ എന്തൊക്കെ പുകില്‍ ഉണ്ടാായിരിക്കുന്നു? ഒരിക്കല്‍ ദൈവങ്ങളും അസുരന്മാരും അതിനുള്ള മരുന്നിനുവേണ്ടി പോരടിക്കുകയും കടല്‍ കടയുകയും ഉണ്ടായി. ആ പോരാട്ടത്തിന്റേയും മനുഷ്യയജ്ഞത്തിന്റേയുമൊക്കെ ആത്യന്തികപരിണാമം ഇതാ വന്നിരിക്കുന്നു...അങ്ങനെ പോയി ഫീചര്‍.
രണ്ടു ദിവസം കഴിഞ്ഞ് തോമസ് വര്‍ഗീസ് പറഞ്ഞു: “ഗോപാലകൃഷ്ണന്‍ നായര്‍ക്ക് അത് മുഴുവനുമങ്ങ് ബോധിച്ചിട്ടില്ല. ‘എന്തൊക്കെയോ എഴിതിവെച്ചിരിക്കുന്നു. പുകഴ്ത്തുകയാണോ പാര വെക്കുകയാണോ?’ അതാണ് പുള്ളിക്കാരന്റെ ചോദ്യം? എന്തു പറയുന്നു?" ഒന്നും പറഞ്ഞില്ല. പിന്നെ ഒരു വിശദീകരണം പോലെ പറഞ്ഞു: “വായിക്കുന്നവര്‍ക്കു തോന്നുന്നതെന്തോ, അതാകും എഴുതിയിരിക്കുന്നതും. അതല്ലാതെ എഴുതിയിട്ടുള്ളതിനൊന്നും അര്‍ഥമോ പ്രാധാന്യമോ ഇല്ല.” എന്റെ ഗീര്‍വാണം തോമസ് വര്‍ഗീസില്‍ ഏശിയില്ല. ഏശിയാലും ഇല്ലെങ്കിലും,അതിനെ കാര്യമായി എടുക്കേണ്ടിയിരുന്നില്ല. കാരണം അതിനകം ഗോപാലകൃഷ്ണന്‍ നായരും അദ്ദേഹത്തിന്റെ കണ്ടുപിടുത്തവും നാടേങ്ങും ആഘോഷിക്കപ്പെടാന്‍ തുടങ്ങിയിരുന്നു. അമൃതം കിട്ടിയ ആവേശത്തോടെ പത്രങ്ങള്‍ അതിനെപ്പറ്റി എഴുത്ത് തുടങ്ങിയിരുന്നു. എന്റെ അര്‍ഥാന്തരന്യാസം വെറും സത്യപ്രസ്താവനയായി മാറുകയായിരുന്നു. ഗോപാലകൃഷ്ണന്‍ നായര്‍ കുടിലില്‍നിന്ന് കൊട്ടാരത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ഏതാനും കൊല്ലങ്ങള്‍ക്കുശേഷം കേരളത്തിലെ ആദായനികുതിദായകരില്‍ ഒന്നാമനായി അദ്ദേഹം എന്നും കേള്‍ക്കുകയുണ്ടായി.
അനൂപ് എന്ന അത്ഭുതം പൊട്ടിവിരിയുന്ന നാളുകളില്‍, മുടി മുളപ്പിച്ചുകിട്ടാനുള്ള തത്രപ്പാടില്‍ വീട്ടിനുമുന്നിലും ടെലിഫോണിലും തിക്കിത്തിരക്കിയെത്തുന്നവരുടെ ബഹളത്തില്‍നിന്ന് അല്പം മാറിനില്‍ക്കാന്‍ ഗോപാലകൃഷ്ണന്‍ നായര്‍ക്ക് എവിടെയെങ്കിലും പോകണമായിരുന്നു. പാലോട്ടെ സസ്യശേഖരമാകട്ടെയെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചു. എനിക്ക് നന്നായറിയാമായിരുന്ന ഏ ന്‍ നമ്പൂതിരി അതിന്റെ മേധാവി ആണെന്നത് കൂടുതല്‍ സൌകര്യമായി. ഗോപാലകൃഷ്ണന്‍ നായരും ഞാനും ഭാര്യമാരോടൊപ്പം, നമ്പൂതിരിയുടെ അതിഥിയായി, പകല്‍ മുഴുവന്‍ വടവൃക്ഷങ്ങളും മുളങ്കൂട്ടങ്ങളും ഭീമപത്രങ്ങളും സോമലതകളും ദശപുഷ്പങ്ങളും കണ്ടുനടന്നു.
ഉച്ചതിരിഞ്ഞ് മരച്ചുവട്ടില്‍ വിശ്രമിക്കുമ്പോള്‍ ഗോപാലകൃഷ്ണന്‍ നായര്‍ പുതിയൊരു കണ്ടുപിടുത്തത്തിന്റെ സാധ്യതയെപ്പറ്റി പറഞ്ഞു. വാസ്തവത്തില്‍, സാധ്യതയല്ല, കണ്ടുപിടുത്തം തന്നെയായിരുന്നു അത്, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം. അര്‍ബ്ബുദത്തിനുള്ള പച്ചമരുന്ന്. ഫലസാധ്യതയെപ്പറ്റി അദ്ദേഹത്തിനു സംശയമേ ഉണ്ടായിരുന്നില്ല. കുത്തിക്കുത്തി ചോദിച്ചപ്പോള്‍ അത്ഭുതൌഷധത്തിന്റെ പേര്‍ പറഞ്ഞു: കൈത, അതേ, ആറ്റുവക്കിലൊക്കെ കാണുന്ന, വാള്‍ പോലെ നീണ്ട, മുള്ളുള്ള ഇലകളോടുകൂടിയ നമ്മുടെ കൈത തന്നെ.
പണ്ടുപണ്ട് മേലാകെ മുനയുള്ള കൊച്ചുകുരുക്കളുമായെത്തിയ ഒരാളോട്, കൈതയില ഉണക്കി കരിച്ചുപൊടിച്ച്, എരുമനെയ്യില്‍ ചാലിച്ച്,
പുരട്ടാന്‍ കൊടക്കാട്ടില്‍ ശങ്കരന്‍ വൈദ്യര്‍ പറയുന്നതു കേട്ട ഓര്‍മ്മ ഞാന്‍ അവിടെ വിളമ്പി. മറ്റുള്ളവര്‍ പറയുന്നതിന്റെ സര്‍വപ്രാധാന്യം കുറച്ചുകാണിക്കുന്ന മട്ടിലുള്ള എന്റെ പതിവുപെരുമാറ്റം അവിടേയും സംഗതി കുളമാക്കി.
അതൊന്നും ഗൌനിക്കാതെ ഗോപാലകൃഷ്ണന്‍ നായര്‍ ഉദാരമായി നമ്പൂതിരിയോടു പറാഞ്ഞു; “താല്പര്യമുണ്ടെങ്കില്‍ നൊബേല്‍ സമ്മാനം നേടിക്കോളൂ. ഇതിനെപ്പറ്റി ഒരു പ്രബന്ധം എഴുതി സമര്‍പ്പിക്കൂ. എനിക്കൊന്നും വേണ്ട. പ്രബന്ധത്തില്‍ എന്നോടുള്ള കടപ്പാട് ഒന്നു സൂചിപ്പിച്ചാല്‍ മാത്രം മതി.” നൊബേല്‍ ശാസ്ത്രജ്ഞന്മാരോടൊപ്പം വിസ്കോണ്‍സിന്‍ സര്‍വകലാശാലയില്‍ ഏറെ കാലം ഗവേഷണം നടത്തി തിരിച്ചുവന്ന നമ്പൂതിരിയുടെ വേറൊരു പേരായിരുന്നു വിനയം. ഒരു വെളിപാടു ഉളവാക്കുന്ന വിസ്മയത്തോടെ, വിനയത്തോടെ, അദ്ദേഹം ഗോപാലകൃഷ്ണന്‍ നായരുടെ വാക്കുകള്‍ കേട്ടിരുന്നു. ഇടക്ക് ഒന്നോ രണ്ടോ തവണ മൂളുകയും ദീര്‍ഘശ്വാസം വിടുകയും ചെയ്തു. ഉന്നയിക്കാന്‍ ഉദ്ദേശിച്ച സംശയം അര്‍ദ്ധവാക്യത്തില്‍ ഒതുക്കി. ഏതു മണ്ണിലും വളരുന്ന നിത്യകല്യാണി എന്നുകൂടി പേരുള്ള ശവംനാറിയില്‍നിന്ന് രക്താര്‍ബ്ബുദത്തിന് കൈകണ്ട മരുന്ന് ഉണ്ടാക്കാമെങ്കില്‍, കൈതയുടെ ശക്തിയും പരിശോധിച്ചുനോക്കണം എന്നായിരുന്നിരിക്കും നമ്പൂതിരിയുടെ ചിന്ത.
പക്ഷേ മരിക്കുന്നതിനുമുമ്പ് അങ്ങനെ ഒരു ഗവേഷണപ്രബന്ധം നമ്പൂതിരി എഴുതിയതായി പറഞ്ഞുകേട്ടിട്ടില്ല. നൊബേല്‍ സമ്മാനത്തിന് അദ്ദേഹത്തെ പരിഗണിച്ചിരുന്നെങ്കില്‍ നമ്മളൊക്കെ അറിയുമായിരുന്നു. അര്‍ബ്ബുദഗവേഷണം അവഗണിക്കപ്പെട്ടപ്പോള്‍, മുടി മുളപ്പിക്കുന്ന മരുന്നിലുള്ള അഭിനിവേശം അര്‍ബ്ബുദം പോലെ പടരുകയും പകരുകയും ചെയ്തു. മരിച്ചാലും വേണ്ടില്ല, മുടി വളര്‍ന്നാല്‍ മതി എന്നൊരു ചിന്തയും മോഹവും മനുഷ്യമനശ്ശാസ്ത്രത്തിന്റെ ഭഗമാണെന്നു തോന്നുന്നു. ഗോപാലകൃഷ്ണന്‍ നായരുടെ മരുന്ന് വില്‍ക്കാനും വാങ്ങാനും സ്ഥാപനങ്ങളും ആളുകളും തിക്കിക്കേറിയെത്തിയത് അതിന്റെ തെളിവായിരുന്നു.
(ആഗസ്റ്റ് ആറിന് തേജസ്സിൽ പ്രസിദ്ധീകരിച്ചത്)

Subscribe to:
Posts (Atom)