Wednesday, September 23, 2009

അജണ്ടയുണ്ടോ? ഇല്ലെങ്കിൽ വേണ്ട

അജണ്ട ഉണ്ടോ? ഉണ്ടെങ്കിൽ വിശ്വാസ്യത കുറയും. ഇങ്ങനെ ഒരു മൊഴി കുഴച്ചെടുത്തത് കഴിഞ്ഞ ദിവസം ഒരു ടെലവിഷൻ ചർച്ചയിൽ പങ്കെടുത്തപ്പോഴായിരുന്നു. മാധ്യമലോകം നിയന്ത്രണരേഖ കടക്കുന്നോ എന്നായിരുന്നു ചോദ്യം. ക്ഷുഭിതനായ ഒരാൾ വിധിച്ചു: “മാധ്യമങ്ങൾ രാഷ്ട്രീയ അജണ്ടയോടെ പ്രവർത്തിക്കുന്നു.” അതൊരു നല്ല വാക്കായിരുന്നില്ല. നേരും നന്മയും നിറഞ്ഞ രാഷ്ട്രീയം കരുപ്പിടിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു എന്നായിരുന്നില്ല വിവക്ഷ. മാർക്സിസ്റ്റ് പാർട്ടിയെ വളഞ്ഞിട്ടു തല്ലുകയാണ് അവന്മാരുടെയൊക്കെ അജണ്ട എന്നായിരുന്നു പരാതി. അതല്ല. ആയിരുന്നെങ്കിൽ, വിശ്വസിക്കാൻ ആളുകൾ കുറഞ്ഞേനെ.

മാർക്സിസ്റ്റ് പാർട്ടിയെ എന്നല്ല, ആരെയും, തല്ലുന്നതോ താലോലിക്കുന്നതോ ശീലമാക്കിയാൽ, ആളുകൾ ഗൌനിക്കില്ല. കോൺഗ്രസ് പത്രത്തിൽ ഖാദിനേതാക്കളെ വാഴ്ത്തിയാൽ, ആരെങ്കിലും വിഴുങ്ങുമോ? മാർക്സിസ്റ്റ് മാധ്യമത്തിൽ അവർക്കെതിരെ തൊടുക്കുന്ന പൊളിയമ്പുകൾ എത്രകണ്ട് കൊള്ളും? സോവിയറ്റ് യൂണിയനിൽ അജണ്ടയുണ്ടായിരുന്നവയാണ് പ്രാവ്ദയും ഇസ്വെസ്റ്റിയയും. പ്രാവ്ദ എന്നാൽ വാർത്ത; ഇസ്വെസ്റ്റിയ എന്നാൽ സത്യം. പ്രാവ്ദയിൽ ഇസ്വെസ്റ്റിയയും, ഇസ്വെസ്റ്റിയയിൽ പ്രാവ്ദയും ഇല്ലെന്നാ‍യിരുന്നു വിരുദ്ധവാണി.

ഞാൻ ജോലി ചെയ്തിരുന്ന പത്രം ഒരിക്കൽ പ്രധാനമന്ത്രി നരസിംഹ റാവുവിനെ എതിർക്കുന്നത് അജണ്ടയാക്കി. മുംബെയിലെ ഒരു വക്കീൽ നട്ടുനനച്ച ഒരു റാവുവിരുദ്ധക്കഥ ഞാൻ ആദിമദ്ധ്യാന്തപ്പൊരുത്തമില്ലാത്ത വാർത്തയാക്കിയെഴുതി. ഓഹരിവീരൻ ഹർഷദ് മേത്ത റാവുവിന് ഒരു കോടി നിറച്ച സ്യൂട്കേസ് ദക്ഷിണ കൊടുത്തുവെന്ന പൊള്ളുന്ന കഥയുമായി എന്റെ എഡിറ്റർ മുംബെയിൽനിന്ന് പറന്നു വരികയായിയിരുന്നു. ഞങ്ങളുടെ അജണ്ട അറിയാവുന്നവർ നെറ്റി ചുളിച്ചു. പക്ഷേ കഥ തള്ളണോ കൊള്ളണോ എന്ന് റാവു ആദ്യം ശങ്കിച്ചു. ഏത് സത്യം? ഏത് അസത്യം? ഞാൻ ആൽബേർ കാമ്യുവിന്റെ വചനം ഓർത്തു: “സത്യം ഇല്ല. സത്യങ്ങളേ ഉള്ളു,“

‘പലരെയും പരീക്ഷിച്ചുനോക്കി; ഇനി ബി ജെ പിയെ പരീക്ഷിക്കുക‘ എന്ന മുദ്രാവാക്യം ഡൽഹിയിലെ വരേണ്യലേഖകരുടെ അജണ്ടയായിരുന്നു, തൊണ്ണൂറുകളുടെ തുടക്കത്തിൽ. ‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും, അവിടെല്ലാം‘ താമര പൂക്കുമ്പോലെയായിരുന്നു കഥാരചന. പക്ഷേ അജണ്ട വോട്ടർമാർക്കു പിടിച്ചില്ല. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ, ഭരിക്കാൻ വേണ്ടതിന്റെ പകുതിപോലും എണ്ണം തികയാതെ, ബി ജെ പി പിന്നെയും ഭജനത്തിനു പോയി. വേറൊരു തിരഞ്ഞെടുപ്പിൽ അജണ്ട കർക്കശമായപ്പോൾ, സർവേക്കാരന്റെ ഫലപ്രവചനം എഡിറ്റർ ഹിതകരമായി മാറ്റിയെഴുതി. ഫലം അറിഞ്ഞപ്പോൾ അജണ്ട പൊളിഞ്ഞു.

വേറൊരു ലേഖകൻ അജണ്ടക്കു ചേർന്ന നുണ കൊരുത്തതോർക്കുന്നു. ആന്റണി-കോൺഗ്രസ്സുകാർ സഖാക്കളെ മൊഴി ചൊല്ലാനിരുന്ന കാലം. അതൊഴിവാക്കി ഭരണം നിലനിർത്തുകയായിരുന്നു മാർക്സിസ്റ്റ് മാധ്യമത്തിന്റെ അജണ്ട. അത് വെണ്ടക്കയിൽ ആന്റണിയെ വിരട്ടി: ‘സി ബി ഐ കോൺഗ്രസ്സുകാരെ കൊല്ലാൻ വരുന്നു!‘ ടി കെ രാമകൃഷ്ണൻ ആ രഹസ്യം യോഗത്തിൽ പറഞ്ഞപ്പോൾ, മരണം മുന്നിൽ കണ്ടു വിരളേണ്ട ഉമ്മൻ ചാണ്ടി ഊറിചിരിച്ചത്രേ. ഗുണപാഠം: അജണ്ട വേണ്ടാ. വിശ്വാസ്യത ഞെരിഞ്ഞാൽ, വാഷിംഗ്ടൺ പോസ്റ്റ് എഡിറ്റർ ആയിരുന്ന ബെൻ ബ്രാഡ്‌ലി പറഞ്ഞപോലെ, സത്യം മാത്രമാണ് രക്ഷ.


(സെപ്റ്റംബർ 22ന് മനോരമയിൽ പ്രസിദ്ധീകരിച്ചത്)

Thursday, September 17, 2009

കിഴക്കമ്പലത്തിന്റെ രണ്ടു വീക്ഷണങ്ങള്‍

കൂനും കള്ളുനാറ്റവും ആരിലും ആദരമോ വിശ്വാസമോ ഉളവാക്കില്ല. കുഴഞ്ഞ സംസാരവും പിന്‍പറ്റി നില്‍ക്കുന്ന ശീലവും കൂടിയായാല്‍ പറയുകയും വേണ്ട. ശ്രദ്ധിക്കപ്പെടാത്ത വസ്ത്രവുമായി, കൂനിക്കൂടി, പിന്‍പറ്റി നിന്നു ആനന്ദ് കുമാര്‍. രാധാകൃഷ്ണന്റെ നാവ് നന്നേ കുഴഞ്ഞിരുന്നു. വലിയൊരു കുംഭകോണത്തിന്റെ കഥ പറയാന്‍ വന്നതായിരുന്നു രണ്ടുപേരും. രാധാകൃഷ്ണന്‍ റിസര്‍വ് ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍, ആനന്ദ് കുമാര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രവങ്കൂറിലേയും. കണക്കിലെ കള്ളം കണ്ടാല്‍ ഉടന്‍ കേറിപ്പിടിക്കാന്‍ രണ്ടുപേര്‍ക്കും സാധാരണയില്‍ കവിഞ്ഞ വൈഭവമുണ്ടെന്ന് പിന്നീടേ മനസ്സിലായുള്ളൂ.

വളരെ ഉയര്‍ന്ന നിലയില്‍ എത്തേണ്ട ആളായിരുന്നു രാധാകൃഷ്ണന്‍. പക്ഷേ ആപ്പീസിലും പുറത്തും അദ്ദേഹം പറയുന്നതെല്ലാം കാര്യമായെടുക്കാന്‍ ആളുകള്‍ മടിച്ചു. പറയാനുള്ളതൊക്കെ പറഞ്ഞൊപ്പിക്കാന്‍ തന്നെ അദ്ദേഹത്തിനായിരുന്നില്ല. അമൃതാഞ്ജനം തേച്ചുപിടിപ്പിച്ച മൂക്കും മുറുക്കിച്ചുവപ്പിച്ച ചുണ്ടും മതിയായിരുന്നില്ല മദ്യത്തിന്റെ സ്വാധീനം മറച്ചുവെക്കാന്‍. ഒന്നും മിണ്ടാതെ ഒതുങ്ങിനിന്നിരുന്ന ആനന്ദ് കുമാറിനെ പരിചയപ്പെടുത്തിയപ്പോള്‍, സംസാരിച്ചുനോക്കാമെന്നു തോന്നി--വേറൊരു ദിവസം, രാധകൃഷ്ണന്റെ കുഴഞ്ഞാട്ടത്തിന് അവസരം കൊടുക്കാതെ.

ഭൂമിയുടെ ഗര്‍ഭഗൃഹത്തിന്റെ ആകൃതിയും പ്രകൃതിയും പഠിച്ച്, ശാസ്ത്രഗവേഷണ കൌണ്‍സിലില്‍ ജോലി നേടിയ ശേഷം, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂറില്‍ ചേര്‍ന്ന കര്‍ണ്ണാടകക്കാരനായിരുന്നു ആനന്ദ് കുമാര്‍. വിക്ക് സംസാരത്തിനേ ഉള്ളുവെന്ന് ഇ എം എസ് പറയാറുള്ളതുപോലെ, ആനന്ദ് കുമാറിന്റെ തോളിനു മാത്രമേ കൂന് ഉണ്ടായിരുന്നുള്ളു. ബൌദ്ധികമായും ധാര്‍മ്മികമായും എപ്പോഴും എവിടെയും നീണ്ടുനിവര്‍ന്നുനിന്നു. സന്തോഷിപ്പിക്കാന്‍ പറ്റാത്ത മേലധികാരികളെ കിട്ടിയതുകൊണ്ട്, ഉദ്യോഗക്കയറ്റത്തിനു സമയമാകുമ്പോള്‍ ആനന്ദ് കുമാര്‍ വീണ്ടും വീണ്ടും തഴയപ്പെട്ടു. എന്തിനും ഏതിനും വഴങ്ങിക്കൊടുത്തു ശീലിക്കാത്തതുകൊണ്ട്,
സ്വാധീനവും കേമത്തവും ഉള്ള പദവികളിനിന്ന് ഒഴിവാക്കപ്പെട്ടു. ടി പത്മനാഭന്റെ നിധി ചാല സുഖമാ എന്ന കഥയിലെ രാമനാഥന്റെ ഒരംശം ചേര്‍ന്നിരുന്നു ആനന്ദ് കുമാറില്‍.

ആനന്ദ് കുമാറിനെ ഒതുക്കിയത് ബാങ്കിന്റെ പരിശോധനാവിഭാഗത്തിലായിരുന്നു. കുഴപ്പമുണ്ടാക്കാന്‍ കൂടുതല്‍ സൌകര്യമുള്ള ലാവണം. ഓരോ ശാഖയിലേയും തരികിടയും തിരിമറിയും പുറത്തുകൊണ്ടുവരാം. എറണാകുളത്തെ മുഖ്യശാഖ പരിശോധിക്കാന്‍ ആനന്ദ് കുമാറിനെ നിയോഗിച്ചപ്പോള്‍, മുതിര്‍ന്നവരും കീഴ്ശാന്തികളും പുറത്തുള്ള ഭക്തശിരോമണികളും--എല്ലാവരും--മുന്നറിയിപ്പു നല്‍കി, “കുളമാക്കും.” കുളമാക്കി.

ബാങ്കില്‍ എന്നേ സംസാരമായിക്കഴിഞ്ഞിരുന്ന കിഴക്കമ്പലം ടെക്സ്റ്റയില്‍സിന്റെ എക്കൌണ്ടില്‍ ആനന്ദ് കുമാര്‍ കൈവെക്കുമോ എന്നായിരുന്നു പലരുടെയും ശങ്ക, പലരുടെയും പേടി. സര്‍വാധികാര്യക്കാരായിരുന്ന ജനറല്‍ മാനേജര്‍ നെടുങ്ങാടിക്ക് ശങ്കയേ ഉണ്ടായിരുന്നില്ല: കുലം മുടിക്കാന്‍ ഇറങ്ങിയവനാണ്; കുളം തോണ്ടും. കരുതിയിരിക്കാന്‍ എറണാകുളത്തെ ബാങ്ക് മാനേജര്‍ക്കു മാത്രമല്ല, കിഴക്കമ്പലത്തിന്റെ ഉടമയായ എം സി ജേക്കബിനും വിവരം കിട്ടി. ഓരോ ദിവസവും അവര്‍ കരുതിയിരുന്നു.

ചെറുതും വലുതുമായ എക്കൌണ്ടുകള്‍ പരിശോധിച്ചും, ചെറിയ ചെറിയ പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടിയും ഇന്‍സ്പെക്റ്റര്‍ ആനന്ദ് കുമാര്‍ കാലയാപനം ചെയ്തു. കൂനിക്കൂടിയിരുന്ന് ലെഡ്ജറുകളും രശീതികളും നോക്കിക്കൊണ്ട് മിണ്ടാതിരിക്കുന്നതിനിടയില്‍ ആഴ്ചകള്‍ ‍പലതു കഴിഞ്ഞു. കിഴക്കമ്പലത്തേക്ക് അദ്ദേഹത്തിന്റെ കണ്ണുകള്‍ പോയതേയില്ല. പല ദിവസം കരുതിയിരുന്ന ജേക്കബ് ഒരു ദിവസം ക്ഷമ കെട്ട് അങ്ങോട്ട് ഇടിച്ചുകയറി ചോദിച്ചു: “എപ്പോഴാണ് എന്റെ എക്കൌണ്ടിന്റെ പരിശോധന? എനിക്ക് സിംഗപ്പൂരില്‍ പോകണം...”
“അതിനെന്താ, പോയിട്ടുവരൂ. നിങ്ങളുടെ എക്കൌണ്ടിനെപ്പറ്റി എന്തെങ്കിലും സംശയം വന്നാല്‍ നിങ്ങളെ വിളിക്കാം. നിങ്ങളോട് ചോദിക്കാതെ ഒരു നിഗമനവും ഉണ്ടാവില്ല. സമയമെടുത്തേക്കും. നിങ്ങള്‍ പോയിട്ടുവരൂ.“

അപ്പോള്‍, അതാണ് പരിപാടിയല്ലേ, സമയമെടുത്തുതന്നെ പരിശോധിക്കാന്‍? അങ്ങനെ പോയി ചിലരുടെ ചിന്ത. നേരത്തേ വ്യവസായ ഡയറക്റ്റര്‍ ആയിരുന്ന, ശാസ്ത്രസാഹിത്യപ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളായ കെ ആര്‍ രാജന്‍ പറഞ്ഞറിഞ്ഞതാണ്, ബുദ്ധിമാനും ഉത്സാഹശാലിയുമായ എം സി ജേക്കബിന് ആളുകളെ സ്വാധീനിക്കുന്ന വ്യക്തിത്വം ഉണ്ടായിരുന്നു. സി പി ഐ നേതാക്കളില്‍ ചിലര്‍ ‍അദ്ദേഹവുമായി കൂടുതല്‍ അടുപ്പമുള്ളവരായിരുന്നു. അബു എന്നൊരു പാര്‍ടിബന്ധു തുടങ്ങിയ തുണിപ്പണി തോറ്റുപോകുമ്പോഴും കിഴക്കമ്പലം കുതിച്ചുകയറുകയായിരുന്നു. ആ കിഴക്കമ്പലത്തേക്കായിരുന്നു ആനന്ദ് കുമാറിന്റെ നീക്കം.

കേള്‍വിയും സംസാരവും തടസ്സപ്പെട്ട പാവങ്ങളെ അണിനിരത്തിക്കൊണ്ട് ഒരു വ്യവസായം തുടങ്ങിയ ധീരനും ധിഷണാശാലിയുമായ സംരംഭകന്‍ ആയിരുന്നു കിഴക്കമ്പലത്തിന്റെ സ്ഥാപകന്‍. ശബ്ദശൂന്യമായ ഒരു ലോകത്തില്‍ കഴിയുന്നആ മനുഷ്യാത്മാക്കളുടെ മാര്‍ഗ്ഗ്ഗദര്‍ശിയും അഭയദായകനുമായിരുന്നു അദ്ദേഹം. അങ്ങനെയായിരുന്നു അദ്ദേഹത്തെപ്പറ്റിയുള്ള ചിത്രീകരണം. അങ്ങനെയുള്ള ഒരു സ്ഥാപനത്തിന്റെ എക്കൌണ്ടില്‍ എന്തു പരിശോധിക്കാന്‍? പലതും പരിശോധിക്കാന്‍ ഉണ്ടായിരുന്നു.

കിഴക്കമ്പലവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ എക്കൌണ്ടുകളെല്ലാം ആനന്ദ് കുമാര്‍ ആദ്യം ഒരു ശൃംഖലയില്‍ പെടുത്തി. ഓരോരുത്തരുടേയും ഇടപാടുകളും ഓരോരുത്തര്‍ക്കും ബാങ്ക് അനുവദിച്ച ആനുകൂല്യങ്ങളും പരിശോധിച്ചു തുടങ്ങി. മാതൃസ്ഥാപനമായ കിഴക്കമ്പലം ടെക്സ്റ്റയില്‍സ് വാസ്തവത്തില്‍ മൂകരും ബധിരരുമായ അതിലെ തൊഴിലാളികളുടേതായിരുന്നു. അവരായിരുന്നു അതിന്റെ ഓഹരിയുടമകള്‍. സൌജന്യനിരക്കില്‍ ബാങ്ക് വായ്പ അനുവദിച്ചത് അവര്‍ക്കായിരുന്നു. വായ്പ് തിര്‍ച്ചടക്കാനുള്ള ബാധ്യതയും അവര്‍ക്കു തന്നെ. അവരുടെ രക്ഷിതാവും ഉപദേശകനും ഭരണകര്‍ത്താവുമായി ജേക്കബ്. നിരക്ഷരരും പാവപ്പെട്ടവരുമായ നെയ്ത്തുതറി ഉടമകള്‍, അവര്‍ക്കുവേണ്ടി എല്ലാ ഇടപാടുകളും നടത്താന്‍ ജെക്കബിന് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുകയായിരുന്നു.

ആ പ്രഹേളിക ആനന്ദ് കുമാര്‍ പൊളിച്ചെഴുതി. ഉടമകള്‍ കൂലിക്കാരായ സഹകരണസംഘമായിരുന്നില്ല ആ സംരംഭം. തറിയുടമളുമായായിരുന്നു ബാങ്കിന്റെ ഇടപാട്. അവരുടെ പേരില്‍ വായ്പ തേടുന്നു, അവരുടെ പേരില്‍ അനുവദിക്കപ്പേടുന്നു, അവര്‍ സ്വാഭാവികമായും തിരിച്ചടക്കാന്‍ ബാധ്യസ്ഥരാകുന്നു. അനിവദിക്കപ്പെടുന്ന വായ്പ അവര്‍ക്കുവേണ്ടി കൈകാര്യം ചെയ്യുന്നത് മൂന്നമതൊരാളാണെന്നു മാത്രം. അതില്‍ കയറി പിടിച്ചു ആനന്ദ് കുമാര്‍.

അന്വേഷിച്ചുചെന്നപ്പോള്‍ ചില തറി ഉടമകള്‍ ഉണ്ടോ എന്നുപോലും സംശയമായി. ഇല്ല്ലാത്ത ഒരാള്‍ക്ക്, കുറഞ്ഞ പലിശക്കായാലും അല്ലെങ്കിലും, വായ്പ കൊടുക്കുന്നതെങ്ങനെ? ഇടപാടുകാരനുമായി പരിചയപ്പെടുകയാണ് ഏതു ബാങ്കിംഗ് സ്ഥാപനത്തിന്റെയും ആദ്യധര്‍മ്മം. വായുവില്‍നിന്നുണ്ടാകുന്നതല്ല പണം എന്നു ജ്യോഫ്രി ക്രൌതര്‍, ‘പണത്തിന്റെ രൂപരേഖ’ എന്ന വിഖ്യാതമായ പഴയ പുസ്തകത്തില്‍ പറഞ്ഞതുപോലെ, വായുവില്‍ നിലകൊള്ളുന്നവരുമായി ബാങ്കുകള്‍ക്ക് ഇടപാട് നടത്താന്‍ പറ്റില്ല. അങ്ങനെ, കടം കൊടുത്ത/എടുത്ത ചില പേരുകാരുടെ ഉത്ഭവവും ഉണ്മയും അന്വേഷണവിഷയമായി. എല്ലായ്പോഴുമെന്നപൊലെ, ആ അന്വേഷണത്തിനും അവസാനമുണ്ടായിരുന്നില്ല.

അക്കവും അക്ഷരവുമിട്ട് ആനന്ദ് കുമാര്‍ തയ്യറാക്കിയ റിപ്പോര്‍ട്, പൊട്ടാന്‍ നേരം നോക്കിയിരിക്കുന്ന പണപ്പടക്കം പോലെ, പരിശോധനാവിഭാഗത്തിന്റെ അലമാരയില്‍ ഒളിച്ചിരിപ്പായി. പുറത്തെടുത്തുവായിക്കാനും തുടര്‍നടപടികള്‍ ആവശ്യപ്പെടാനും ആര്‍ക്കും സന്തോഷം തോന്നിയില്ല. അങ്ങനെ ഒരു രേഖയേ ഇല്ലെന്നു നടിച്ചാല്‍ രേഖ ഇല്ലാതാകുമെന്നായിരുന്നു നിലവിലുള്ള തത്വശാസ്ത്രം. ഏതായാലും ഒരു തീരുമാനം ഉടന്‍ ഉണ്ടായി: ആനന്ദ് കുമാറിനെ ഇനിഒരു പരിശോധനക്കും അയക്കേണ്ട. വെറുതെ ഇരുത്താന്‍ വയ്യാത്തതുകൊണ്ട്, കൂടുതല്‍ അറിവും പരിചയവും നേടാന്‍ വേണ്ടി, പരിശീലനത്തിനയച്ചു. ആ പരിശീലനത്തിനിടയിലായിരുന്നു ഞാനുമായുള്ള സമാഗമം.

സാധാരണഗതിയില്‍, ഇങ്ങനെയൊരു കഥ പത്രത്തില്‍ വന്നാല്‍ എവിടെയും നല്ല പുകില്‍ ആകും. പത്രസമ്മേളനമുണ്ടാകും, നിഷേധപ്രസ്താവന ഇറങ്ങും, അനുരഞ്ജനശ്രമം നടക്കും, വക്കീല്‍ നോടിസ് വരും. ആദ്യം പറഞ്ഞ മൂന്നുമുണ്ടായില്ല. കുറെ കഴിഞ്ഞ് നാലാമത്തെ സാധനം വന്നു: വക്കീല്‍ നോടിസ്. കോടതിയില്‍ നിറഞ്ഞും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ അത്രതന്നെ നിറയാതെയുമിരുന്ന ടി സി എന്‍ മേനോന്‍ ‍കിഴക്കമ്പലം ടെക്സ്റ്റയില്‍സിനുവേണ്ടി അയച്ചതായിരുന്നു നോടിസ്. ബാങ്കിന്റെ രേഖ ഉദ്ധരിച്ച്, ബാങ്കിന്റെ ഇടപാടിനെ ചോദ്യം ചെയ്യുന്ന പത്രക്കഥയെപ്പറ്റി ബാങ്ക് ഒന്നും പറയാതിരുന്നത് ദുരൂഹമല്ലെങ്കിലും രസകരമായി.

ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററായിരുന്ന എന്‍ ബി ബാനര്‍ജി മാത്രം അനൌപചാരികമായി ഇത്രയും പറഞ്ഞു: “ആ വ്യവസായസംരംഭം ഒന്നു കണുക. നന്നായി നടക്കുന്നു. ബാങ്ക് കൊടുത്ത വായ്പ സുരക്ഷിതമായി, ലാഭകരമായി, സുരക്ഷിതമായി, വീനിയോഗിക്കപ്പെടുന്നു. അത്ര പോരേ ഏതു ബാങ്കിനും?” അത്ര മതിയായിരിക്കും, ഒരു തരത്തില്‍ നോക്കിയാല്‍. വേറൊരു തരത്തില്‍ നോക്കുന്നതായിരുന്നു ആനന്ദ് കുമാറിന്റെ റിപ്പോര്‍ട്. സി ബി ഐ മേധാവികളും വേറൊരു തരത്തില്‍ നോക്കി. ആനന്ദ് കുമാര്‍ കണ്ടെത്തിയ കാര്യങ്ങളുടെ വെളിച്ചത്തില്‍ സി ബി ഐ പലയിടത്തും മിന്നല്‍ പരിശോധന നടത്തി. പിന്നെ ബാങ്ക് ആ സ്ഥാപനത്തിനെതിരെ കേസെടുത്തെന്നു കേട്ടു. സ്ഥാപനമാകട്ടെ പിന്നീടും വളരുകയും, അതിന്റെ സേവനങ്ങളെ വാഴ്ത്തുന്ന കഥകള്‍ പിന്നീടും വരികയും ചെയ്തു.

ഈ കഥയുടെ ശേഷപത്രമായി ഒരു കാര്യം. ആനന്ദ് കുമാര്‍ സ്ഥലം മാരിപ്പോയി. പിന്നെ പിരിഞ്ഞു. രാധാകൃഷ്ണന്‍ കുഴഞ്ഞുമറിഞ്ഞ കഥകള്‍ പിന്നെയും പറഞ്ഞുതന്നുകൊണ്ടിരുന്നു. ഒരു ദിവസം, കുടുംബത്തെ തേടിപ്പിടിച്ച്, അദ്ദേഹത്തെ ഡോക്റ്റര്‍ വി കെ രാമചന്ദ്രന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി, കുടി നിര്‍ത്താന്‍. രണ്ടാഴ്ചക്കുശേഷം പുറത്തിറങ്ങുമ്പോള്‍ രാധാകൃഷ്ണന്‍ സുമുഖനും പ്രസന്നനുമായിരുന്നു. അമൃതാഞ്ജനത്തിന്റെ മണമോ മുറുക്കാന്റെ ചുവപ്പോ ആവശ്യമായിരുന്നില്ല. ഒരു ദിവസം അതൊക്കെ വീണ്ടും തിരിച്ചുവന്നു. അതു കണ്ടപ്പോള്‍, കുറെ നേരം കരയിലിരുന്ന് വീണ്ടും വെള്ളത്തിലേക്ക് നീന്തിയിറങ്ങുന്ന അരയന്നത്തെ ഉപമേയവും വാസവദത്തയെ ഉപമാനവുമാക്കിയുള്ള ആശാന്‍ വരികള്‍ സുഖകരമായി തോന്നിയില്ല.

(കാലക്ഷേപം എന്ന പംക്തിയിൽ തേജസ്സിൽ സെപ്തംബർ പതിനേഴിന് പ്രസിദ്ധീകരിച്ചത്)
...

Wednesday, September 16, 2009

ലാളിത്യം കൊള്ളാം--മറ്റുള്ളവരിൽ

മറ്റുള്ളവർ ലളിതമായി ജീവിക്കുന്നതു കാണാനാണ് എല്ലാവർക്കും ഇഷ്ടം. ആരായാലും--‘ജനകീയക്കവലയിലെ നേതാക്കളാ‘യാലും ‘ജനിമോക്ഷക്കവലയിലെ താടിക്കാരാ‘യാലും--പുൽക്കുടിലിൽ കഴിയണം, കാട്ടുകിഴങ്ങുകളും വെട്ടുകിളികളും തിന്നണം. എന്നാലേ ആദരം കിട്ടൂ. അതുകൊണ്ട് സഖാക്കൾ അങ്ങനെയായിരിക്കണമെന്നും, അതു ബോധ്യപ്പെടുത്താൻ സ്വത്ത് വെളിപ്പേടുത്തണമെന്നും പൊളിറ്റ് ബ്യൂറോ നിർദ്ദേശിച്ചിരിക്കുന്നു. ഇ പി ജയരാജനെ തള്ളിയിരിക്കുകയാണ് ബ്യൂറോ.

പണ്ട് വിപ്ലവകാരികൾ അങ്ങനെ ആയിരുന്നു. കട്ടൻ ചായയും പരിപ്പു വടയും വിഴുങ്ങി അവർ കമ്യൂണിസം കൃഷി ചെയ്തു. അടുത്തയിടെ ഭാഷക്കു കൈവന്ന ഹൃദ്യമായ രൂപകം ആണ് ‘കട്ടൻ ചായയും പരിപ്പു വടയും.’ അതു കഴിച്ചാലേ കമ്യൂണിസ്റ്റാകൂ എന്നു ശഠിച്ചാൽ, കമ്യൂണിസത്തിന് ആളെ കിട്ടില്ലെന്ന പ്രവചനം തെറ്റാവണമെന്നില്ല--പ്രവാചകൻ ജയരാജൻ ആയതുകൊണ്ടുമാത്രം. ഒറ്റമുണ്ടും പരുത്തിക്കുപ്പായവും അണിയണം കോൺഗ്രസ്സുകാരനാകണം എങ്കിൽ, പിന്നെ കോൺഗ്രസ്സിന്റെ പൊടി പോലും കാണില്ല.

എന്നാലും അവരുടെയൊക്കെ ജീവിതം ലളിതവിനീതമാണെന്നു മറ്റുള്ളവർ വിചാരിക്കണം. ആ വിചാരം ഉറപ്പിക്കാൻ ചിലർ കുപ്പായം അവിടവിടെ കീറുന്നു, കേവ്യർ ഇഷ്ടപ്പെടുമ്പോഴും കട്ടൻ കഴിക്കുന്നു, ഹോണ്ടയുണ്ടെങ്കിലും അംബാസഡറിൽ ഞെരിയുന്നു. പണമുണ്ടെന്നു മറ്റുള്ളവർക്കു തോന്നരുത്. പണം ജനത്തിന് ഇഷ്ടമാണ്; പക്ഷേ പണക്കാരെ ഇഷ്ടമല്ല. ഗാന്ധി അതു മനസ്സിലാക്കി. ദരിദ്രൻ ഗാന്ധിയുടെ നാരായണനായി; ദരിദ്രന്റെ ഉടുതുണി--ഇല്ലായ്മ--അദ്ദേഹത്തിന്റെ വേഷമായി. ഫലമോ? ജയരാജൻ പറഞ്ഞതല്ലേ ശരി, ഗാന്ധിക്ക് കോണമേ പാടുള്ളുവെങ്കിൽ, ഗാന്ധിപ്പണിക്ക് ആളെ കിട്ടാതാവുമെന്നു വന്നു.

ഏറെ പണമിറക്കി ഗാന്ധിയുടെ ദാരിദ്ര്യം പ്രദർശിപ്പിക്കാൻ സരോജിനി നായ്ഡു ഉണ്ടായിരുന്നു. അത്രയില്ലെങ്കിലും, കീറാൻ ഒരു കുപ്പായം വാങ്ങാൻ, എന്തെങ്കിലും പദവിയുള്ളവർക്ക് വരുമാനവുമുണ്ടാകും. അതില്ലാതെ കൊടിപിടിക്കുന്ന പതിനായിരങ്ങൾക്കോ? കടം കൊള്ളുകയോ കവരുകയോ ചെയ്യാതെ അവർക്ക് കട്ടൻ ചായയും കുടിലും ഉണ്ടാവില്ല. അതെങ്ങനെയെങ്കിലും ഉണ്ടായാലോ, ബഹുജനമനുഷ്യൻ--ഒർടേഗ ഗേസറ്റിന്റെ Mass Man--അസഭ്യം പറയും: സുഖലോലുപൻ, അഴിമതി വീരൻ! എന്തിനെയും സംശയിക്കുന്ന, എല്ലാറ്റിന്റെയും ലഘുസാധാരണഘടകം മാത്രം മനസ്സിലാകുന്ന, ബഹുജനമനുഷ്യനെ സുഖിപ്പിക്കാനുള്ള ജാടയാണ് കട്ടനും കീറക്കുപ്പായവും. ഒന്ന് ആദ്യം തിരിച്ചറിയണം: രന്തിദേവന്റെ പരിത്യാഗശീലം നോർമലല്ല. എന്നിട്ടു വേണം പൊതുപ്രവർത്തകർക്കെല്ലാം സത്യസന്ധമായ ഉപജീവനത്തിനു വഴിയുണ്ടാക്കാൻ. അതുണ്ടായാലേ കവർച്ചക്കരെ ഓടിച്ചിട്ടു പിടിക്കാൻ പറ്റൂ. മുഴുവൻസമയരാഷ്ട്രീയം വ്യാപിക്കുമ്പോൾ, കവർച്ച കൂടും.

കവർച്ചയും പട്ടിണിയും ഒരുപോലെ കൂടിയ കാലത്ത് ഫ്രാൻസിലെ ഒരു റാണി ചോദിക്കുകയുണ്ടായി: “കഞ്ഞി കുടിക്കാനില്ലെങ്കിൽ, പാൽക്കഞ്ഞി കുടിച്ചുകൂടേ?” അവരുടെ തല പോയി. ആ അനുഭവം ഉണ്ടാകാതിരിക്കാൻ, ഇടക്കിടെ ആസ്തി വെളിപ്പെടുത്തുന്നതു കൊള്ളാം. പരിമിതി അറിഞ്ഞുകൊണ്ടു വേണമെന്നു മാത്രം. എന്നോളം തുറന്ന വരുമാനം ഒരിക്കലും ഇല്ലാതിരുന്ന ചിലരുടെ ചിലവ് കാണുമ്പോൾ പണം വായുവിൽനിന്നു വരുമെന്നു തോന്നും. വരുമാനവും വരുമാനമാർഗ്ഗവും തമ്മിലുള്ള പൊരുത്തക്കേട് ഏറെ പഴയതാകുന്നു. അതുകൊണ്ട് കട്ടൻ കുടിച്ചിരുന്നവർ ഷാമ്പെയിനിൽ കുളിക്കാൻ തുടങ്ങുമ്പോൾ മതി നമ്മുടെ സദാചാരകോമരം ഉറഞ്ഞുതുള്ളാൻ എന്നു വെക്കണം.

(മംഗളവാദ്യം എന്ന പംക്തിയിൽ സെപ്റ്റംബർ പതിനഞ്ചാം തിയതി മനോരമയിൽ പ്രസിദ്ധപ്പെടിത്തിയത്)

Wednesday, September 9, 2009

നിരോധനത്തിന്റെ നീളുന്ന വഴികള്‍

പറിഞ്ചു മാഷ് ഈണത്തില്‍ രണ്ടു വരി ചൊല്ലി. പിന്നെ അറച്ചുനിന്നു. അടുത്ത രണ്ടു വരിയില്‍ അക്ഷരങ്ങള്‍ ബന്ധമില്ലാത്ത ബിന്ദുക്കളായി മാറിയിരുന്നു. കാളിദാസന്‍ രോധിക്കപ്പെട്ടിരുന്നു. ബിന്ദുക്കളുടെ അര്‍ത്ഥം മാഷ് ഇങ്ങനെ പറഞ്ഞു: ശിവന്റെ ബീജം വഹിക്കാന്‍ പാര്‍വതിക്കേ കഴിയൂ. “കുട്ടികള്‍ അത് അറിയരുതെന്നാകും,“ എന്നു പറയുമ്പോള്‍ മാഷിന്റെ മുഖത്ത് ചിരി പോലെ ഒരു ചലനം കണ്ടു.

അഭിഭാഷകനായ അശോക് ദേശായി നിരോധനത്തിനെതിരെ ഉന്നയിച്ച വാദം അതായിരുന്നു. “സാങ്കല്പിക ബാലിക”ക്കു--Figurative Schoolgirl--വേണ്ടിയെഴുതുന്നതല്ല എല്ലാ പുസ്തകവും. പ്രശസ്തമായ ആ വാദം വിജയ് ടെണ്ടുള്‍ക്കറുടെ ‘സഖാറാം ബൈന്‍ഡര്‍‘ എന്ന നിരോധിക്കപ്പെട്ട നാടകത്തിന്റെ അവതാരികയിലും അദ്ദേഹം ആവര്‍ത്തിച്ചു. നാടകം രക്ഷപ്പെട്ടു.

എന്നാലും, ഞാന്‍ മുതിരുമ്പോള്‍ നിരോധനവും നിരോധും വളരുകയായിരുന്നു. ‘സൃഷ്ടിക്കൊരു തടസ്സം‘ എന്ന അര്‍ത്ഥത്തില്‍ ‘നിരോധ്‘ എത്ര മനോഹരമാ‍യ പദം! ആദിയില്‍ സൃഷ്ടി വചനത്തോടെയായിരുന്നു. വിശ്വാസത്തെയും വികാരത്തെയും മുറിപ്പെടുത്തുന്നുവെന്നു പറഞ്ഞ്, ഓരോ തമാശക്കാര്‍ ഓരോ ഘട്ടത്തില്‍ അതു നിരോധിച്ചു. നിരോധിച്ചപ്പോള്‍ കരുത്തും കൌതുകവും കൂടി. അതുകൊണ്ടാകും, റുഷ്ദിയുടെ ‘സാത്താനിക പദ്യങ്ങള്‍‘ കണ്ടെടുത്തു നോക്കിയപ്പോള്‍, പത്തെഴുപതു പേജാകുമ്പോഴേക്കും ക്ഷീണം തോന്നി. കസാന്‍സാക്കിസ്സിനെ ഉപജീവിച്ചുള്ള പി എം ആന്റണിയുടെ ‘ആറാം തിരുമുറിവു‘ മറിച്ചുനോക്കിയപ്പോള്‍ ഉറങ്ങിപ്പോയി. അതു നിരോധിച്ചതു പക്ഷേ ഉറക്കം വരുത്തുന്നതുകൊണ്ടായിരുന്നില്ല.

നല്ല ശമരിയക്കാരനായിരുന്ന കസാന്‍സാക്കിസ്സിന്റെ ‘അന്ത്യപ്രലോഭനം‘ നിരോധിക്കാമെങ്കില്‍, പിന്നെ എന്തു നിരോധിച്ചുകൂടാ? സുവിശേഷം ചിലയിടങ്ങളില്‍ ചില ഘട്ടങ്ങളില്‍ നിരോധിച്ചിട്ടുണ്ടത്രേ. റിച്മണ്ട് നഗരത്തിലെ ഹെന്‍റൈക്കോ ലൈബ്രറിയില്‍ നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ അലമാര കണ്ടു. അതില്‍ ഓര്‍വെലിന്റെ കമ്യൂണിസ്റ്റ്വിരുദ്ധമെന്നു പേരു കേട്ട ‘മൃഗസങ്കേത‘വും ‘1984‘ഉം കണ്ടു. രണ്ടും സോവിയറ്റ് യൂണിയനില്‍ നിരോധിക്കപ്പെട്ടിരുന്നു. കുറച്ചിട അമേരിക്കയിലും!

‘ഫെബ്രുവരി 29‘ എന്ന തിയതി നിരോധിക്കപ്പെട്ടു, അടിയന്തരാവസ്ഥയില്‍. അന്നാണ് മൊറാര്‍ജി ദേശായിയുടെ പിറന്നാള്‍. ‘തുഗ്ലക്കി‘ല്‍ ചോ രാമസ്വാമി അത് അച്ചടിക്കാന്‍ നോക്കിയപ്പോള്‍, സെന്‍സര്‍ വെട്ടി. ചോ അത് ഷാ കമ്മിഷനില്‍ പറഞ്ഞപ്പോള്‍, ആരോ പാടി, “കരയുന്നൂ പുഴ ചിരിക്കുന്നൂ...”. കമ്മിഷനില്‍ ‘ഒപ്പിനിയന്‍’ എഡിറ്റര്‍ ഗോരേവാല എത്തിയത് ഗീതാശ്ലോകം വെട്ടിയെന്നു പറയാനായിരുന്നു. സന്യാസിയെപ്പോലിരുന്നു ഐ സി എസ്സുകാരനായ ഗോരേവാല. ചിരി വരാത്ത ജസ്റ്റിസ് ഷാ കണ്ണിറുക്കിച്ചോദിച്ചു: “ഭരണഘടനയുടെ ആമുഖം വെട്ടിയോ?” ഭരണഘടന തന്നെ വെട്ടിയില്ലേ?

‘പാകിസ്താനിലെ ജിന്ന’യെ വാഴ്ത്തുന്ന വോള്‍പെര്‍ട്ടിന്റെ പുസ്തകം പാകിസ്താനില്‍ നിരോധിക്കപ്പെട്ടു. ബി ജെ പിക്കാരന്റെ ജിന്നാപുസ്തകം ബി ജെ പി ദേശത്ത് നിരോധിക്കപ്പെട്ടു. നിരോധനത്തിന്റെ വഴി എന്നും അങ്ങനെയായിരിക്കും--ദുരൂഹം. ടി എന്‍ ശേഷനെയും തിരഞ്ഞെടുപ്പുവിശേഷത്തെയും പറ്റി ഞാന്‍ തല്ലിക്കൂട്ടിയ ഒരു പുസ്തകം ലോകമെങ്ങും നിരോധിക്കപ്പെട്ടു--തമിഴനെ കൊഞ്ഞനം കാട്ടിയതിന്റെ പേരില്‍. തലൈവിയും കലൈഞ്ജരുമുള്‍പ്പടെ അഞ്ചു പേരായിരുന്നു ഹരജിക്കാര്‍. കേസ് സുപ്രിം കോടതിയിലെത്തിയപ്പോള്‍ എനിക്കു കിടിലോല്‍ക്കിടിലമായി.

പ്രകാശനം പാടില്ലെന്നായിരുന്നു ആദ്യത്തെ കല്പന. പ്രകശനമില്ലാതെ ഞങ്ങള്‍ ഒരു ചര്‍ച്ച നടത്തി. ജസ്റ്റിസ് എച് ആര്‍ ഖന്ന നയിച്ച ചര്‍ച്ചയില്‍ അഡ്വാനിയും അരുണ്‍ ശൌരിയും പങ്കെടുത്തു. ശൌരി പറഞ്ഞു: “കിട്ടാവുന്ന പുസ്തകമെല്ലാം വങ്ങിക്കൂട്ടി നിരോധനം പൊളിക്കണം.” അതു കേട്ടപ്പോള്‍, പണം മുടക്കിയ പ്രസാധകന്‍ കെ പി ആര്‍ നായര്‍, കറുത്ത താടിക്കിടയിലൂടെ വെളുത്ത പല്ലിന്റെ നിര കാട്ടി, ചിരിക്കുകയായിരുന്നു.

(സെപറ്റംബർ എട്ടിന് മനൊരമയിൽ പ്രസിദ്ധപ്പെടുത്തിയത്)

Tuesday, September 1, 2009

കൊഞ്ചിക്കാന്‍ ഒരു മലയാളം



ചിരിക്കാന്‍ എനിക്കു മലയാളം വേണം. കരയാനും. എന്റെ മകന്റെ മലയാളം അറിയാത്ത മകളെ ഞാന്‍ കൊഞ്ചിക്കാറില്ല. കൊഞ്ചിക്കാന്‍ എനിക്കു മലയാളം വേണം. ഓണം വരുമ്പോള്‍ ആര്‍പ്പു വിളിക്കാനും, “വീരാ വിരാടാ കുമാരാ വിഭോ“ എന്ന കൈകൊട്ടിക്കളിപ്പാട്ടു കേള്‍ക്കാനും മലയാളം വേണം. ഇംഗ്ലിഷില്‍ കൈകൊട്ടിക്കളിയില്ല. എന്നിട്ടും, തരം കിട്ടുമ്പോഴൊക്കെ ഞാന്‍ എനിക്കു വഴങ്ങുന്നതോ വഴങ്ങാത്തതോ ആയ ഇംഗ്ലിഷ് കാച്ചുന്നു. ഇംഗ്ലിഷ് കാച്ചുമ്പോള്‍, എന്റെ ചുണ്ടു ചുളിയുന്നു, നാവു കുഴയുന്നു, കണ്ണു വിടരുന്നു.

ചില നേരങ്ങളില്‍ ചില മനുഷ്യര്‍ ഇംഗ്ലിഷേ കാച്ചൂ. വിലകൂടിയ ഭക്ഷണം വിളമ്പുന്നയിടങ്ങളില്‍ ചെന്നാല്‍, മലയാളം നാണക്കേടാകും. പൊലിസായി കള്ളനെ പിടിക്കാനിറങ്ങുന്ന താരരാജന്‍ ഇംഗ്ലിഷിലേ പറയൂ: പോക്കറ്റടിക്കാരനോട് “You're under arrest!" എന്ന്, പൊലിസുകാരനോട് “Come on, moooove!" എന്ന്. വികാരം വരുമ്പോള്‍ രണ്ടു കൂട്ടര്‍ക്കും മലയാളം തിരിയില്ല. നിയമസഭയില്‍ അധ്യക്ഷന്റെ കസാലയില്‍ കേറിയാല്‍, പിന്നെ ആംഗലമേ വരൂ: Order, Order! ടെലവിഷനില്‍ “എഴുത്തച്ഛനെടുത്ത ഭാഷക്കണക്കു” കൊള്ളില്ല, ആംഗലഭംഗി തന്നെ വേണം. ക്വിസ് പരിപാടിക്കു വരുന്നവരെ കണ്ടിട്ടില്ലേ, ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും ഇടക്കും തലക്കും അവര്‍ ഓരോ OK കൊളുത്തിയിടും. ആളുകളെ തരം തിരിക്കാന്‍, ഒറ്റ വീര്‍പ്പില്‍ നാലു ഗണത്തിലായി, എട്ട് OK പറഞ്ഞിരുന്നു തോമസ് ഹാരിസ് എന്ന മനോരോഗചികിത്സകന്‍. ഒടുവിലത്തെ തരത്തില്‍ പെടുത്തിയവര്‍, തന്നെത്തന്നെ കൊല്ലാന്‍ കാത്തിരിക്കുന്നവരായിരുന്നു: I'm not OK, You're not OK."

ഇംഗ്ലിഷ് സംസാരിക്കാന്‍ പഠിക്കാനാണ് ഇപ്പോഴത്തെ ജ്വരം. പഠിപ്പിക്കുന്നതാണ് വലിയ വ്യാപാരം. സംസാരമാം സാഗരം പല തരം കാണാം: Spoken English, Communicative English, Professional English. എല്ലാം സംസാരം തന്നെ. തൊണ്ണൂറു മണിക്കൂറു കൊണ്ട് പഠിപ്പിച്ചുകൊടുക്കാമെന്നു പറയുന്നു ഒരു ബന്ധു. തൊള്ളായിരം മാസം കൊണ്ട് മലയാളം തന്നെ വിഷമം എന്നാണ് അനുഭവം. ഇപ്പോഴും ദീര്‍ഘം വേണോ ഹ്രസ്വം വേണോ എന്നു സംശയം വരുമ്പോള്‍, പന്മന രാമചന്ദ്രന്‍ നായരെ വിളിക്കും. ഭാഷയുടെ കാര്യത്തിലൊഴിച്ചാല്‍, ‘എന്റെ’ ദീര്‍ഘമായും ‘നിന്റെ’ ഹ്രസ്വമായും ഉപയോഗിക്കാമെന്നു വെച്ചിരിക്കുന്നു.

മലയാളം പറയരുത്; പറയുന്നെങ്കില്‍ തെറ്റിച്ചു പറയണം; പോത്തന്‍ ജോസഫിന്റെ വാക്ക് കടം കൊണ്ടാല്‍, ഭാര്യയെ മാനഭംഗപ്പെടുത്തുന്ന മട്ടില്‍ പറയണം. ഓണത്തെ ഓനം ആക്കണം. അങ്ങനെ പറയുന്നവര്‍ വാഴുന്നു, അങ്ങനെ പറയുന്നവരെ മാമുനിമാര്‍ വാഴ്ത്തുന്നു. അതാണ് പുതിയ മലയാളി ഭാവുകത്വം. ഞാന്‍ ഞാനാണെന്നു പറയാനുള്ള നാണമാണ് അതിന്റെ സ്ഥായീഭാവം. പരിഹസിക്കേണ്ടാ, ലോകം “ഇത്തിരി വട്ടം മാത്രം കാണ്മവര്‍, ഇത്തിരി വട്ടം ചിന്തിക്കുന്നവര്‍” അല്ലാതാകുന്നു, ഒന്നായിക്കൊണ്ടിരിക്കുന്നു എന്നു അഭിമാനിക്കുക. അങ്ങാടിയില്‍ വില്പനക്കു വരാത്തതും പണം കൊണ്ടു വാങ്ങാന്‍ പറ്റാത്തതുമായ പഴഞ്ചന്‍ മലയാളിമൊഴി ഇനി ചിലവാവില്ല.

ആറായിരം ഭാഷകള്‍ അര നൂറ്റാണ്ടിനകം ഇല്ലാതാകും. മൂന്നു കോടി ആളുകള്‍ മുക്കുകയും മൂളുകയും ചെയ്യുന്ന മലയാളം അവയില്‍ പെടണമെങ്കില്‍ ഒരു സുനാമി തന്നെ വഴി വിട്ടു വരണം. പക്ഷേ രക്ഷപ്പെടുന്ന മലയാളവും മാറും. ഊണും ഉടുപ്പും കളിയും കുളിയുമെല്ലാം മാറിയില്ലേ? മാറാത്തതെന്തുണ്ട്? കവിഞ്ഞാല്‍, കൃഷ്ണന്റെ പീലിയും കലിക്കോലും പീതാംബരമാരാരും! പിന്നെ? പിന്നെയൊന്നുമില്ല. മലയാളം മാറുമ്പോള്‍, അക്ഷരവും ആംഗ്യവും ആംഗലീകരിക്കപ്പെടും. ഓണം വരുമ്പോള്‍, തോളു കുലുക്കി, ചുണ്ടു വിഴുങ്ങി, നമ്മള്‍ പറയും: ഓനം. പഴുത്തുപോയവര്‍ പറയുന്നെങ്കില്‍, സാരമില്ല, പറയട്ടെ: നമ്മുടെ അക്ഷരങ്ങളാണ് നമ്മള്‍, നമ്മുടെ ആംഗ്യങ്ങളാണ് നമ്മള്‍.

(മംഗളവാദ്യം എന്ന പംക്തിയിൽ മനോരമയിൽ സപ്റ്റംബർ ഒന്നിന് പ്രസിദ്ധീകരിച്ചത്)

Wednesday, August 26, 2009

ഖലനും നായകനും വേഷം മാറുമ്പോള്‍


“അതേ“ എന്നാല്‍ “ഒരു പക്ഷേ.” “ഒരു പക്ഷേ” എന്നാല്‍ “അല്ല.” “അല്ല“ എന്നു പറയാന്‍ പാടില്ല. അതാണ് നയതന്ത്രത്തിന്റെയും ജസ്വന്ത് സിംഗിന്റെയും ഭാഷാക്രമം. ഒരിക്കല്‍ അദ്ദേഹം എന്തിനെപ്പറ്റിയോ ഒളിച്ചും വളച്ചും സംസാരിച്ചു. കേള്‍വിക്കാരില്‍ ഒരാള്‍ കേണു: “ഇനി അതിന്റെ അര്‍ത്ഥം ഒന്നു പറഞ്ഞാട്ടെ.” അങ്ങനെയൊരു അവ്യക്തസുന്ദരത ജിന്നയുടെ കാര്യത്തിലില്ല. നേരത്തേ അഡ്വാനി പറഞ്ഞതല്ലേ? നെഹ്രുവിരോധികള്‍ നാട്ടുമൊഴിയാക്കാന്‍ നോക്കിയിരുന്നതല്ലേ? ആ ചരിത്രദര്‍ശനത്തില്‍ പുതുമയില്ല.

അവരുടെ വിപരീതചരിത്രദര്‍ശനത്തിനാണ് പുതുമ. പഴയ കാലത്തെയും കാര്യക്കാരെയും കണ്ടമാനം പുതുക്കിയെടുക്കുന്നതാണ് റിവൈവലിസം. അഡ്വാനിയുടെ പാര്‍ട്ടിക്കെതിരെ എന്നും ഉയര്‍ന്നുകേട്ട പരാതിയും അതു തന്നെ. പരാതിക്കാരില്‍ മുമ്പര്‍ പഴയ പ്രതിമകളെ എറിഞ്ഞുടക്കുന്നവരാണ്. പ്രതിമകള്‍ എറിഞ്ഞുടച്ചാല്‍ എളുപ്പം കേമത്തം കിട്ടും. അതായിരുന്നു എന്നും ചരിത്രസംസ്ക്കരണത്തിന്റെ കീഴ്വഴക്കം--ഖലനെ നായകനാക്കുന്നതല്ല.

പഴയ വിഗ്രഹങ്ങള്‍ തകര്‍ക്കാന്‍ എന്തു രസം? “ചെളിയില്‍ പദമൂന്നിയെന്തിനോ വെളിവായിക്കഴുകുന്ന” രാമന്‍. വഴിവിട്ട അഭിരുചികളുള്ള ഗാന്ധി. ഭാര്യയെ തല്ലുന്ന ഐന്‍സ്റ്റൈന്‍. മരണശേഷം വിചാരണ നേരിടുന്ന ഫോര്‍മോസസ് മാര്‍പ്പാപ്പ. കറുത്ത വര്‍ഗ്ഗത്തിന്റെ വീര്യം കെടുത്തുന്ന ലിങ്കണ്‍. അങ്ങനെ പഴയ പ്രതിമകളെ ഇളക്കിനോക്കുകയും തള്ളിയിടുകയും ചെയ്യുന്നതാവും എന്നും ചരിത്രത്തിന്റെ വഴി.

ജസ്വന്ത് സിംഗിന്റെ വഴി അതല്ല. അദ്ദേഹത്തിന്റെ വഴിയേ പോകാന്‍ ധൈര്യം വേണം. അധികമാരും ധൈര്യപ്പെട്ടിട്ടില്ല. പഴയ ഖലന്മാരെ ജ്ഞാനസ്നാനം ചെയ്യിച്ച് നായകരായി അവതരിപ്പിക്കാന്‍ ശ്രമം കുറച്ചേ നടന്നിട്ടുള്ളു. ഭാസന്‍, തുട മുറിഞ്ഞു മരിച്ച ദുര്യോധനന്റെ ദൈന്യം തൊട്ടുകാണിച്ചു, പക്ഷേ ഖലനെ നായകനാക്കിയില്ല. ശൂര്‍പ്പണഖയുടെ അവമാനത്തില്‍ നൊന്തവര്‍ പലരുണ്ടായി; ആരും രാക്ഷസിയെ രക്ഷാദേവിയാക്കിയില്ല. എം ടി മാത്രം ചതിയന്‍ ചന്തുവിനെ ചതിക്കപ്പെട്ട കഥാപുരുഷനാക്കി. സ്റ്റാലിന്റെ ഓര്‍മ്മയെ അരിയിട്ടുവാഴ്ച നടത്താന്‍ ആരും കാര്യമായി മെനക്കെട്ടിട്ടില്ല. പൊളിറ്റ് ബ്യൂറോ എങ്ങനെ സഖാവിന്റെ സെക്രട്ടേറിയറ്റ് ആയി മാറി എന്നു സ്ഥാപിക്കുന്നു ഒടുവില്‍ ഇറങ്ങിയ ജീവചരിത്രം. “ഹിറ്റ്ലറുടെ യുദ്ധ“ത്തില്‍ ഫ്യൂററുടെ മനുഷ്യസ്നേഹത്തെപ്പറ്റി ഉപന്യസിച്ച ഡേവിഡ് ഇര്‍വിംഗ്, കുഴപ്പമായപ്പോള്‍, അഭിപ്രായം മാറ്റി. ചില രാജ്യങ്ങള്‍ ഹിറ്റ്ലര്‍ പ്രശംസ തന്നെ നിരോധിച്ചു--ഗുജറാത്തില്‍ നരേന്ദ്ര മോഡി ജസ്വന്ത് സിഗിനെ നേരിട്ടതുപോലെ. ഖലന്മാരെ നായകരാക്കാന്‍ എന്തൊരു പ്രയസം!

ഈ ജ്ഞാനഘട്ടത്തില്‍ വേണം ജസ്വന്ത് സിഗിന്റെ വിപരീതചരിത്രത്തെ കാണാന്‍. ആ വഴിയേ പോയാല്‍, ദൂരം ഏറെ കിടക്കുന്നു. ഭിന്ദ്രന്‍വാല പുണ്യാത്മാവും ഇന്ദിര ഗാന്ധിയുടെ ഘാതകര്‍ രക്തസാക്ഷികളും ആയെന്നു പറയുന്നു കേണല്‍ പി ജി ഈപ്പന്‍. അവരില്‍ രണ്ടു പേര്‍ക്കു വേണ്ടി അന്നേ ചിലര്‍ ദയാഹര്‍ജി കൊടുത്തിരുന്നല്ലോ. വീണ്ടും വിപരീതചരിത്രദര്‍ശനമോ? ഓപ്പറേഷന്‍ ബ്ലുസ്റ്റാറിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തില്‍, അതിന്റെ ഇഴ പിരിച്ചെടുക്കുന്ന തിരക്കിലാണ് കേണല്‍ ഈപ്പന്‍, സുവര്‍ണ്ണക്ഷേത്രത്തിനു കാവല്‍ നിന്ന കെ സി മാമ്മന്‍ മാപ്പിളയുടെ അനിയന്റെ കൊച്ചുമകന്‍.

(ആഗസ്റ്റ് ഇരുപത്തഞ്ചിന് മനോരമയിൽ പ്രസിദ്ധീകരിച്ചത്)






Friday, August 21, 2009

രോഗം, ചികിത്സ, മരണം: ഒരു കഥ



കേരളത്തിലെ എന്‍ സി സിയുടെ ചുമതല ഉണ്ടായിരുന്ന കേണല്‍ സുബ്രഹ്മണ്യം ഒരു ദിവസം മരിച്ചു. മരണം അപ്പോഴെങ്കിലും ‍ ഒഴിവാക്കാമായിരുന്നുവെന്ന് മെഡിക്കല്‍ ബിരുദാനന്തരബിരുദമുള്ള അദ്ദേഹത്തിന്റെ മകനും മറ്റും വാദിച്ചു. കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ട ഡോക്റ്റര്‍ എന്റെ സുഹൃത്തായിരുന്നതുകൊണ്ട് വാര്‍ത്ത, അല്ലെങ്കില്‍ വാദം, ഞാന്‍ തല്‍ക്കാലം മറച്ചുവെച്ചു.

ഡോക്റ്റര്‍ മാത്രമല്ല, ആസ്പത്രി മേധാവിയും എനിക്കു വേണ്ടപ്പെട്ട ആളായിരുന്നു. അതിനെപ്പറ്റി ഒട്ടൊക്കെ ആധികാരികതയോടെ ഉന്നയിക്കപ്പെട്ട ആരോപണം എനിക്കൊരു പരീക്ഷണമായിരുന്നു, പ്രത്യക്ഷമായ സത്യവും വ്യക്തിപരമായ ഇഷ്ടവും തമ്മിലുള്ള സംഘട്ടനമായിരുന്നു.


മരിക്കുമ്പോള്‍ കേണല്‍ സുബ്രഹ്മണ്യം ആരോഗ്യവാനായിരുന്നത്രേ. ഒരു ദിവസം ഉറക്കമില്ലായ്മയും തലവേദനയുമായി അദ്ദേഹം ശ്രീ ചിത്ര മെഡിക്കല്‍ സെന്ററില്‍ എത്തി. പരിശോധനക്കുശേഷം ഡിസ്പിരിന്‍ കഴിക്കാന്‍ പറഞ്ഞ് അദ്ദേഹത്തെ പറഞ്ഞയച്ചു. കൂടുതല്‍ പരിശോധന വേണമെങ്കില്‍, കിടക്ക ഒഴിവു വരുന്ന മുറക്ക് ആസ്പത്രിയില്‍ രണ്ടു ദിവസം കിടത്തി പരിശോധിക്കാം. ആ നിര്‍ദ്ദേശം കേട്ട് വീട്ടിലേക്കു മടങ്ങിയ കേണല്‍ സുബ്രഹ്മണ്യം രണ്ടോ മൂന്നോ ദിവസത്തിനകം ബോധരഹിതനാവുകയും മരിക്കുകയും ചെയ്തു. ആദ്യം ആസ്പത്രിയില്‍ എത്തിയപ്പോള്‍ തന്നെ വേണ്ട ചികിത്സ കൊടുത്തിരുന്നുവെങ്കില്‍ മരണം ഒഴിവാക്കാന്‍ കഴിയുമെന്നായിരുന്നു ബന്ധുക്കളുടെ വാദം.

രോഗത്തിന്റെ ഗൌരവം മനസ്സിലാക്കാനുള്ള പക്വതയും പരിചയവും കേണല്‍ സുബ്രഹ്മണ്യത്തെ ആദ്യം പരിശോധിച്ച ഡോക്റ്റര്‍ക്കുണ്ടായിരുന്നില്ല; അങ്ങനത്തെ ഒരാള്‍ ന്യൂറോളജി വിഭാഗത്തിന്റെ മേധാവി ആകരുതായിരുന്നു; രോഗിയെ ഉടനേ ആസ്പത്രിയില്‍ തീവ്രപരിചരണത്തിനുവേണ്ടി കിടത്തേണ്ടതായിരുന്നു; ഡിസ്പിരിന്‍ കൊടുത്തതുകൊണ്ട് രക്തസ്രാവം ഉണ്ടായിക്കാണും; മരണം വാസ്തവത്തില്‍ അവരൊക്കെ കൂടി മാടി വിളിക്കുകയായിരുന്നു--അങ്ങനെ പോയി ബന്ധുക്കളുടെയും മിത്രങ്ങളുടേയും പരാതികളും ആരോപണങ്ങളും. അവരില്‍ ഒരാള്‍ ഡോക്റ്റര്‍ കൂടിയായപ്പോള്‍ ആരോപണത്തിന് വിധിന്യായത്തിന്റെ സ്വരവും ഭാവവും ഉണ്ടായി.

ആരോപണത്തിനു വിധേയനായ ഡോക്റ്റര്‍ പക്ഷേ അത്ര മോശക്കാരനൊന്നുമായിരുന്നില്ല. മോശക്കാരനാകാതിരിക്കാന്‍ കാരണം എന്റെ മിത്രമായതല്ല. ബനാറസില്‍നിന്ന് ന്യൂറോളജിയില്‍ ബിരുദാനന്തരബിരുദം നേടിയ വിജയവാഡക്കാരന്‍ പി കെ മോഹന്‍ എഴുപതുകളുടെ നടുവില്‍ തിരുവനന്തപുരത്തെത്തിയത് ശ്രീ ചിത്രയോടൊപ്പം വളരാനായിരുന്നു. ഭിഷഗ്വരന്റെ ധര്‍മ്മബോധമായിരുന്നു മോഹന്റെ ആത്മബലം. ശ്രീ ചിത്രയില്‍നിന്നു വിട്ടിട്ടും, വൈകുന്നേരങ്ങളില്‍ വീട്ടില്‍ വെച്ച് താളം തെറ്റുന്ന തലച്ചോറുകള്‍ പരിശോധിച്ച് പണം വാരാന്‍ മോഹന്‍ കൂട്ടാക്കിയില്ല. ഏതെങ്കിലും രോഗിയുടെ കാര്യത്തില്‍ അദ്ദേഹം ഉപേക്ഷ വരുത്തുക അസാധ്യമായിരുന്നു. പിശുക്കി സംസാരിക്കുകയും പിശുക്കിപ്പിശുക്കി ചിരിക്കുകയും ചെയ്തിരുന്ന ആ മെലിഞ്ഞ കഷണ്ടിക്കാരന്‍ പരുക്കനായ സത്യത്തെ ഒരിക്കലും മയപ്പേടുത്തി കാണിക്കാറില്ല. സ്വന്തക്കാരുമായി സല്ലപിക്കാനിരുന്നാലും തലച്ചോറിനുള്ളില്‍ ‍പെരുത്തുവരുന്ന മുഴ കണ്ടെത്തിയ ഭാവമായിരിക്കും ഭര്‍ത്താവിന്റെ മുഖത്ത് എന്നായിരുന്നു മഞ്ജുളയുടെ സരസമായ പരാതി.

ആ മോഹന് പിഴവ് പറ്റിയിരിക്കുന്നു! ഒരാളുടെ മരണത്തിന് വഴിയൊരുക്കിയ പിഴവ്! അത് അറിഞ്ഞുകഴിഞ്ഞാല്‍ നാലാളെ അറിയിക്കുക കേവലമായ പത്രധര്‍മ്മമാകുന്നു. പ്രതിയായ മോഹനോട് അതിനെപ്പറ്റി ചോദിച്ചാല്‍, പിന്നെ എന്തെങ്കിലും എഴുതുക വിഷമമായിരിക്കും. ചോദിക്കാതെ എന്തെങ്കിലും എഴുതുന്നത് ശരിയല്ല. ചോദിച്ചിട്ടായാലും ചോദിക്കാതെയായാലും, എഴുതുന്നതെന്തും സുഹൃത്തായ മോഹന്റെ ജോലിയേയും ഭാവിയേയും ബാധിക്കും. അതുകൊണ്ട് എഴുതാതിരിക്കുന്നതിന്റെ വിമ്മിഷ്ടവുമായി ഞാന്‍ പൊരുത്തപ്പെടാന്‍ നിശ്ചയിച്ചു. വിമ്മിഷ്ടം കൂട്ടാനെന്നോണം കേണല്‍ സുബ്രഹ്മണ്യത്തിന്റെ ബന്ധുക്കള്‍ ഓരോ ദിവസവും വിളിച്ചുചോദിച്ചു: വാര്‍ത്ത എന്തുകൊണ്ട് വന്നില്ല? മരണത്തിലുള്ള ദു:ഖത്തേക്കാള്‍ എത്രയോ തീവ്രമായിരുന്നു മരണം വരുത്തിവെച്ചവരെന്ന് അവര്‍ വിശ്വസിച്ചവരോട് ബന്ധുക്കള്‍ക്കു തോന്നിയ വൈരം.

ചെയ്യേണ്ടതു ചെയ്യാന്‍ വയ്യാത്തതിന്റെ ദൈന്യമായിരുന്നു എന്റെ വിധി. മനുഷ്യന്റെ ആദിമവേദനയും ആ സംഘര്‍ഷം തന്നെ. അതിനെപ്പറ്റി ഏറ്റവും കഠിനമായി വിലപിച്ചത് ദുര്യോധനന്‍ ആയിരുന്നു. ജാനാമി ധര്‍മ്മം ന ച മേ പ്രവൃത്തി, ജാനാമ്യധര്‍മ്മം ന ച മേ നിവൃത്തി. ചെയ്യേണ്ടത് അറിയാം, പറ്റുന്നില്ല; ചെയ്യരുതെന്നറിയാം, ചെയ്തുപോകുന്നു. കേണല്‍ സുബ്രഹ്മണ്യത്തിന്റെ മരണത്തിന് കാരണമായ ഉപേക്ഷയോ കഴിവുകേടോ പുറത്തുകൊണ്ടുവരണം. വാര്‍ത്ത വൈകുന്നതിനെപ്പറ്റിയുള്ള ഓരോ ചോദ്യവും എന്റെ ധര്‍മ്മബോധം ചോര്‍ന്നുപോകുന്നതിന്റെ വിളംബരമായിരുന്നു. ഏതു നേരത്തും കിടന്നാല്‍ ഉറങ്ങിപ്പോകുന്ന എനിക്ക് ഓരോ രാത്രിയും ഭയാനകമായി.

കുറേ കൊല്ലം മുമ്പുണ്ടായ അതുപോലത്തെ ഒരു ധര്‍മ്മസങ്കടം ഓര്‍ത്തുപോയി. ആകാശവാണിയില്‍ എന്റെ ഡയറക്റ്ററും അഭ്യുദയകാംക്ഷിയുമായിരുന്ന എസ് സി ഭട് വാര്‍ത്താവിതരണവകുപ്പിന്റെ പരസ്യവിഭാഗമായ ഡി എ വി പിയുടെ തലവനായിരിക്കുമ്പോള്‍, അദ്ദേഹത്തെ ചെറുതായൊന്നു വെട്ടിലാക്കിയ ഒരു ഇടപാട് നടന്നു. അദ്ദേഹത്തിന്റെ ജോയ്ന്റ് ഡിറക്റ്ററായിരുന്ന കെ ജി രാമകൃഷ്ണന്‍ വിവരമെല്ലാം പൊടിപ്പും തൊങ്ങലും വെച്ച് എനിക്ക് ചോര്‍ത്തിത്തന്നു. മിടുക്കനായ എഡിറ്ററും റിപ്പോര്‍ടറുമായിരുന്ന കെ ജി ആര്‍ അധികാരകേന്ദ്രങ്ങളെ ധിക്കരിക്കുന്ന ഉദ്യോഗസ്ഥനെന്ന ഖ്യാതിയും നേടിയിരുന്നു.

കെ ജി ആര്‍ തന്ന വാര്‍ത്ത എന്നെ ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന ഭട്ടിനെ മുറിപ്പെടുത്താനുള്ള അമ്പല്ലാതെ മറ്റൊന്നുമായിരുന്നില്ല. അത് അച്ചടിക്കുന്നത് വ്യക്തിപരമായ കൃതഘ്നതയാവും; അച്ചടിക്കാതിരിക്കുന്നത് ധര്‍മ്മഭീരുത്വവും.‍ ഒടുവില്‍, പലപ്പോഴും ചെയ്തിട്ടുള്ളതുപോലെ, ശീലത്തിലും ശൈലിയിലും ഒരുപോലെ സൌമ്യനായ എക്സ്പ്രസ് ന്യൂസ് സര്‍വീസ് എഡിറ്റര്‍ ഏ എന്‍ ദര്‍ എന്തു പറയുമെന്നറിയാന്‍ നോക്കി. കുതികാല്‍ വെട്ടിനും കുതിരപ്പന്തയത്തിനും ആളല്ലാത്ത ദര്‍ തരുന്ന ഏത് ഉപദേശവും കണ്ണടച്ച് സ്വീകരിക്കാവുന്നതായിരുന്നു.

അന്ന് പക്ഷേ ദര്‍ സാഹബ് തന്ന ഉപദേശം ഉപദേശമായിരുന്നില്ല. ഭട്ടിനേയും കെ ജി ആറിനേയും അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ടാകണമെന്നില്ല, ദര്‍ സാഹബ് പറഞ്ഞു, “ഇവിടെ കുട്ടി സ്വന്തം തീരുമാനം എടുക്കണം. എന്ത് ശരിയെന്നു തോന്നുന്നുവോ, അത് മടിക്കാതെ ചെയ്യുക. ഞാന്‍ പറഞ്ഞുതന്ന് ചെയ്താല്‍, അതൊരുതരം ഒളിച്ചോട്ടമായിരിക്കും. അതുകൊണ്ട് പ്രശ്നം തീരില്ല.” ഞാന്‍ ശരിയാണെന്നു കരുതി കെ ജി ആര്‍ തന്ന കഥ എഴുതി. ഒരാഴ്ച ഭട്ടിനെ കാണാന്‍ പോയില്ല. കണ്ടപ്പോള്‍, പഴയ ഇഷ്ടത്തില്‍ അല്പം പോലും മായം ചേര്‍ക്കാതെ, അദ്ദേഹത്തിന് അനുകൂലമല്ലാത്ത കഥയെപ്പറ്റി ഒരക്ഷരം മിണ്ടാതെ, ഒരു മണിക്കൂര്‍ സംസാരിച്ചു. ഒടുവില്‍, പിരിയുമ്പോള്‍ അദ്ദേഹം അതെടുത്തിട്ടു, തികഞ്ഞ ലാഘവത്തോടെ. അദ്ദേഹത്തോട് ചോദിച്ചിരുന്നെങ്കില്‍, കെ ജി ആര്‍ അവതരിപ്പിച്ചതിന്റെ മറുവശം കൂടി കാണിച്ചുതരുമായിരുന്നു. ഏതായാലും സാരമില്ല. ആരൊക്കെ എവിടെയൊക്കെ നില്‍ക്കുന്നുവെന്ന് മനസ്സിലായല്ലോ എന്നു പറഞ്ഞുകോണ്ട് ഭട് പുഞ്ചിരിച്ചപ്പോള്‍ ഞാന്‍ വേറെ എവിടേക്കോ നോക്കുകയായിരുന്നു.

അത് ഓര്‍ത്തുകൊണ്ടുതന്നെ, കേണല്‍ സുബ്രഹ്മണ്യത്തിന്റെ കാര്യം വന്നപ്പോള്‍, ഒരു കാര്യം ഉറപ്പിച്ചു: കഥ അടിക്കണമോ വേണ്ടയോ എന്നു നിശ്ചയിക്കുന്നതിനുമുമ്പ് അതിനെപ്പറ്റി മോഹന്റെ പക്ഷം നേരിട്ട് ആരായുന്ന പ്രശ്നമില്ല. ഞാന്‍ എന്നെത്തന്നെ പേറ്റിക്കുന്നതുപോലെ തൂന്നി. മോഹനോട് ചോദിക്കുന്നതിനു പകരം കാണുന്ന ഡോക്റ്റര്‍മാരോടെല്ലാം കേണല്‍ സുബ്രഹ്മണ്യത്തിന്റെ മരണത്തിനു പിന്നിലെ സാധ്യതകള്‍ ആരാഞ്ഞു. ഓരോ ആളും ഓരോരോ രീതിയില്‍ ഊഹവും അനുമാനവും നടത്തി. എനിക്ക് തീരുമാനമെടുക്കുവാന്‍ ആയില്ലെന്നു മാത്രം. ഓരോ തവണയും ‘എന്തുകൊണ്ട്’ എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ എന്റെ ആത്മാവ് ചൂളിപ്പോയി. പേരു മാറ്റിപ്പറഞ്ഞ്, ഞാന്‍ ശ്രീ ചിത്രയിലെ വേറൊരു ഡോക്റ്ററെ വിളിച്ചു. പിന്നെ, അറ്റകൈക്ക്, ശ്രീ ചിത്ര മേധാവിയായിരുന്ന എം എസ് വല്യത്താനോടുതന്നെ സംസാരിച്ചു. എനിക്കു നല്ല പരിചയമുണ്ടായിരുന്നു അദ്ദേഹത്തെ.

ആ ഫോണ്‍ സംസാരത്തില്‍, രോഗിയുടെ ബന്ധുക്കളുമായി പലവട്ടം നടത്തിയ സംഭാഷണത്തിലൊന്നും പുറത്തുവരാതിരുന്ന ചില കാര്യങ്ങള്‍ മനസ്സിലായി. കേണല്‍ സുബ്രഹ്മണ്യത്തിന്റെ മരണസാഹചര്യത്തെപ്പറ്റി വിശദമായ അന്വേഷണം നടന്നുകഴിഞ്ഞിരിക്കുന്നു. രാഷ്ട്രപതി തന്നെ ഉത്തരവിട്ടതായിരുന്നു ആ അന്വേഷണം. അന്വേഷണം നടത്തിയതോ, പ്രഗല്‍ഭനായ ന്യൂറോസര്‍ജന്‍ ‍കേണല്‍ ബി രാമമൂര്‍ത്തി. രോഗിക്ക് കിട്ടാവുന്നതും കിട്ടേണ്ടതുമായ ചികിത്സയെല്ലാം ശ്രീ ചിത്രയില്‍നിന്ന് തക്കനേരത്ത് കിട്ടിയിരുന്നുവെന്ന് കേണല്‍ രാമമൂര്‍ത്തി റിപ്പോര്‍ട് ചെയ്തുകഴിഞ്ഞതായി വല്യത്താന്‍ പറഞ്ഞു.

പിന്നെ, തീരുമാനം തനിയേ ഉണ്ടാവുകയായിരുന്നു. കേണല്‍ സുബ്രഹ്മണ്യത്തിന്റെ ബന്ധുക്കളുടെ സംശയവും ആരോപണവും വിവാദകഥയാക്കി വിളമ്പേണ്ടെന്ന തീരുമാനം. “കഥ കണ്ടില്ലല്ലോ, കഥ കണ്ടില്ലല്ലോ...“ എന്ന് ഓരോ ദിവസവും ചോദ്യരൂപത്തില്‍ സമ്മര്‍ദ്ദം വരുമ്പോള്‍, ആത്മനിന്ദയോടെ ഞാന്‍ ഒഴിഞ്ഞുമാറിയിരുന്നതില്‍ ഒടുവില്‍ സന്തോഷം തോന്നി. ആദ്യത്തെ ആവേശത്തില്‍ എന്തെങ്കിലും എഴുതിയിരുന്നെങ്കില്‍, അതൊക്കെ ചിലരുടെ സല്പേരില്‍ മായ്ക്കാന്‍ വയ്യാത്ത ചളിയായി നില്‍ക്കുമായിരുന്നു. ഏതായാലും, തീരുമാനം ഏടുത്തുകഴിഞ്ഞപ്പോള്‍ മോഹനോട് നേരിട്ടു സംസാരിക്കുന്നത് എളുപ്പവും ആവശ്യവുമായി. കഥ കേട്ടപ്പോള്‍ മോഹന്‍ ചെറുതായൊന്നു ചിരിച്ചതേയുള്ളു, പതിവില്ലാത്ത വിധം ഉദാരതയോടെ.

മസ്തിഷ്കത്തിന്റെ ഘടനയും ഭാവവും മോഹന്‍ എനിക്കു മനസ്സിലാകുന്ന രീതിയില്‍ വിവരിച്ചു. മരുന്നുകൊണ്ടും മന്ത്രം കൊണ്ടും ശസ്ത്രക്രിയകൊണ്ടും ചെയ്യാവുന്ന കാര്യങ്ങള്‍ വിവരിച്ചു. മനുഷ്യന്റെ അറിവിനേയും അഹങ്കാരത്തേയും പരിഹസിക്കുന്ന മട്ടില്‍, മരുന്നില്ലെന്ന് എഴുതിത്തള്ളുന്ന രോഗം മാറുന്നതും മരണം ഉറപ്പായെന്നു കരുതിയ രോഗി സുഖപ്പെടുന്നതും വിവരിച്ചു. കേണല്‍ സുബ്രഹ്മണ്യ്യത്തിനുണ്ടായതുപോലെ താല്‍ക്കാലികമായ ഒരു മസ്തിഷകാഘാതത്തിനുശേഷം പഴയപോലെ ആളുകള്‍ ജീവിതം തുടരുന്നതും ആദ്യത്തെ ആഘാതത്തില്‍ തന്നെ രോഗികള്‍ മരിക്കുന്നതും വിവരിച്ചു. ഈ ഘട്ടങ്ങളിലൊക്കെ ഡോക്റ്റര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ എറെ; ചെയ്യാന്‍ കഴിയാത്തത് അതിലുമെത്രയോ ഏറെ. ചികിത്സയുടെ പരിധിയെപ്പറ്റി, അല്ലെങ്കില്‍ മരുന്ന് എന്ന മാരണത്തെപ്പറ്റി, Medical Nemesis: Limits of Medicine എന്ന പുസ്തകമെഴുതിയ ഇവാന്‍ ഇല്ലിച് എന്ന ഓസ്റ്റ്രിയന്‍ തത്വചിന്തകന്റെ അതിശയോക്തി തീരെ അപ്രസക്തമല്ല.

കേണല്‍ സുബ്രഹ്മണ്യത്തിന്റെ കാര്യത്തില്‍ തന്നെ ന്യായീകരിച്ചുകൊണ്ട് താന്‍ തന്നെ അവസാനവിധി പറയാന്‍ മോഹന്‍ മുതിര്‍ന്നില്ല. തന്റെ അറിവും പരിചയവും വെച്ച് ചെയ്യണമെന്നു തോന്നിയത് ചെയ്തു. മറിച്ചൊന്നു ചെയ്യണമെന്നു തോന്നിയില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഫലം വേറൊന്നാകുമായിരുന്നോ എന്നറിയില്ല. മനുഷ്യന്റെ എല്ലാ പരിമിതികളും വെച്ചായിരുന്നു തന്റെ സമീപനം. ദൈവം ചമയാന്‍ ശ്രമിക്കുന്ന മണ്ടന്‍ ഡോക്റ്ററോ, ഡോക്റ്ററില്‍നിന്ന് ദൈവസദൃശമായ അത്ഭുതം പ്രതീക്ഷിക്കുന്ന പാവം രോഗിയോ തന്റെ കൂട്ടുകാരില്‍ പെടില്ല. ചുരുങ്ങിയ വാക്കുകളില്‍ അങ്ങനെയൊക്കെ പറഞ്ഞൊപ്പിച്ച മോഹന്‍, മനുഷ്യന്റെ പരമമായ നിസ്സഹായത തെളിയിക്കുകയായിരുന്നു കുറെ കൊല്ലം കഴിഞ്ഞ് മുംബയിലെ ഒരു ഹോട്ടലില്‍ വെച്ചുണ്ടായ തന്റെ ആകസ്മികമായ മരണത്തിലൂടെ.

മോഹന്റെ വിശദീകരണത്തിനു മുമ്പുതന്നെ കേണല്‍ സുബ്രഹ്മണ്യത്തിന്റെ ബന്ധുക്കളുടെ ഭാഷ്യം കഥയാക്കേണ്ടെന്നു തീരുമാനിച്ചിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഒരു കാര്യം ഒന്നുകൂടി ഉറപ്പാകുന്നു: കഥ പറയുന്നതിനേക്കാള്‍ എത്രയോ വിഷമമാണ് ഏതെങ്കിലുമൊരു കഥ പറയേണ്ടെന്നു വെക്കാന്‍. കേട്ട ഗാനങ്ങളേക്കാള്‍ കേള്‍ക്കാത്ത ഗാനങ്ങള്‍ മധുരതരമായിരിക്കുന്നതുപോലെ, പറയേണ്ടെന്നു വെച്ചു വിട്ടുകളഞ്ഞ കഥകളുടെ കഥ കൂടുതല്‍ കൌതുകകരമായിരിക്കും. പക്ഷേ ഒരാള്‍ പറയേണ്ടെന്നു വെച്ചതുകൊണ്ട് ഒരു കഥയും പറയപ്പെടാതിരിക്കണമെന്നില്ല. ഞാന്‍ പൂഴ്ത്തിയെന്ന് കേണല്‍ സുബ്രഹ്മണ്യത്തിന്റെ ബന്ധുക്കള്‍ക്കു തോന്നാവുന്ന കഥ വേറൊരാള്‍ പ്രവാചകന്റെ അഭിനിവേശത്തോടെ പുറത്തുകൊണ്ടുവന്നു. എട്ടുകോളത്തില്‍ നീണ്ടുകിടന്ന ശീര്‍ഷകത്തിന്റെ താഴെ മോഹനും ശ്രീ ചിത്രയും വരുത്തിവെച്ച വിനയുടെ കഥ പടം വിടര്‍ത്തിയാടി. എന്തോ കാരണത്താല്‍ അതൊരു പരമ്പരയായില്ല. ഒരു കഥയില്‍ എല്ലാം അവസാനിച്ചു.

ഇല്ല, എല്ലാം ഒരു കഥയില്‍ അവസാനിച്ചില്ല. കഥയുടെ പ്രണെതാക്കളും പ്രക്ഷേപരും ഒന്നും മറക്കുകയോ മടിച്ചിരിക്കുകയോ ചെയ്തില്ല. വാസ്തവത്തില്‍ അവര്‍ അത്രയേറെ വേദനിക്കുകയും, വേദന അതിനു കാരണക്കാരെന്ന് അവര്‍ ധരിച്ച ആളുകളോടുള്ള വൈരാഗ്യമായി വികസിക്കുകയും ചെയ്തിരുന്നു. സംഭവം കഴിഞ്ഞ് കുറേ കൊല്ലങ്ങള്‍ക്കുശേഷം ഡല്‍ഹിയില്‍ ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ സീനിയര്‍ എഡിറ്റര്‍ ആയിരിക്കുമ്പോള്‍ പത്രാദിപര്‍ക്കുള്ള കത്തുകളില്‍ ഒന്ന് ശ്രീ ചിത്രയെ വിമര്‍ശിക്കുന്നതായി കണ്ടു. വിമര്‍ശിച്ചതുകൊണ്ടല്ല, അനവസരത്തില്‍ അങ്ങനെ ഒരു കത്ത് വന്നതുകൊണ്ട് ഒന്നുകൂടെ വായിച്ചുനോക്കി.

ശ്രീ ചിത്രയുടെ ഗവേഷണ-വികസന സംരംഭങ്ങളെ നിസ്സാരമാക്കുന്ന മട്ടില്‍, അവരുടെ ഉല്പന്നങ്ങള്‍ എത്രയോ കുറഞ്ഞ വിലക്ക് ജപ്പാനില്‍നിന്നും കൊറിയയില്‍നിന്നുമെല്ലാം വരുത്തികൊടുക്കാമെന്ന് അവകാശപ്പെട്ടിരുന്ന ഒരു ഡോക്റ്റര്‍ അക്കാലത്ത് രംഗത്തുണ്ടായിരുന്നു. അയാളുടെ അവകാശവാദം ഇടക്കിടെ പല നഗരങ്ങളില്‍നിന്നും ഒറ്റക്കോളത്തില്‍ പ്രസിദ്ധീകരിച്ചുകാണുകയും ചെയ്തിരുന്നു. അങ്ങനെയൊരു റിപ്പോര്‍ടിന്റെ ചുവടൊപ്പിച്ചായിരുന്നു ശ്രീ ചിത്രയെ വിമര്‍ശിച്ചുകൊണ്ടുള്ള ആ കത്തിന്റെ വരവ്.

വെറുതേ ഒന്ന് അന്വേഷിച്ചുനോക്കി, അതിന്റെ ഉത്ഭവം. കത്തിന്റെ ഉള്ളടക്കം നോക്കിയാല്‍, അതിന്റെ കര്‍ത്താവ് നിക്ഷിപ്തതാല്പര്യമുള്ള ആരോ ആവാനേ തരമുണ്ടായിരുന്നുള്ളു. അത് ഉറപ്പിക്കണമെങ്കില്‍ കത്തിന്റെ അസ്സല്‍ കാണണം. അതിനകം അസ്സല്‍ കാണാതായിരിക്കുന്നു. കത്തുകള്‍ കൈകാര്യം ചെയ്തിരുന്ന സ്ത്രീ പരുങ്ങുന്നതു കണ്ടപ്പോള്‍, പഴയ സംഭവവുമായുള്ള ബന്ധം ഓര്‍മ്മ വന്നു. കത്തുകള്‍ അച്ചടിക്കാന്‍ തിരഞ്ഞെടുക്കുന്ന ആള്‍ തന്നെ വേറെ പേരുകളില്‍ കത്തുകള്‍ എഴുതി അച്ചടിക്കുന്നത് തൂക്കിക്കൊല്ലേണ്ട പാതകമൊന്നുമല്ലെങ്കിലും, പ്രോത്സാഹിപ്പിക്കാന്‍ കൊള്ളുന്ന പതിവ് അല്ല. എഡിറ്ററോ ഞാനോ ഒന്നും പറഞ്ഞില്ല. ആര്‍ എന്തു ചെയ്തു എന്ന് ഞങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ, മനസ്സിലാകേണ്ടവര്‍ക്കെല്ലാം കാര്യം മനസ്സിലായി. അതു മതിയല്ലോ.

(തേജസ്സിൽ ആഗസ്റ്റ് ഇരുപതിൻ പ്രസിദ്ധീകരിച്ചത്)