Tuesday, March 24, 2009

ശേഷം നവീനം!

രൂപത്തിലും സ്വഭാവത്തിലും ഒരു മാറ്റവുമില്ലാത്തവനായിരിക്കുന്നു നവീന്‍ ചാവ്‌ള. എന്തും കഴിയുമെന്നു പറയുന്ന
കാലത്തിന്, മൂന്നു പതിറ്റാണ്ടുകൊണ്ട് ഉണ്ടാക്കാന്‍ കഴിഞ്ഞത് മുഖത്തെ പേശികളില്‍ ഒരു വലിവ്,
ചില ചുറ്റുകളും ചുളിവുകളും, അത്ര മാത്രം. ശിരസ്സുമുഴുവന്‍ പരന്നുകിടക്കുന്ന കഷണ്ടി അറുപതു കഴിഞ്ഞിട്ടും
അതേപോലെ വിളങ്ങുന്നു. താന്‍ ആര്‍ക്കു കൂറ് പുലര്‍ത്തുന്നുവോ, ആ ആള്‍ക്കോ കക്ഷിക്കോ വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍
യമമോ നിയമമോ ഒന്നും പ്രതിബന്ധമാകരുതെന്നു നിഷ്കര്‍ഷിക്കുന്ന പ്രകൃതി പുരാതനവും നവീനവുമാണ്.
ആ അര്‍ഥത്തില്‍ അദ്ദേഹം നിത്യനവീനന്‍ തന്നെ.

ഞാന്‍ ആദ്യം കാണുമ്പോള്‍ നവീന്‍ ചാവ്‌ള പട്യാല ഹൌസിലെ കോടതിമുറികളിലൊന്നില്‍,
സാക്ഷിമണ്ഡപത്തില്‍ ‍നിവര്‍ന്നിരിക്കുകയായിരുന്നു. ന്യായവേദിയില്‍, ഭാവത്തിന്റെ മേഘമൊന്നും
ഒരിക്കലും പടര്‍ന്നുകയറാത്ത കൊച്ചുമുഖവുമായി ജസ്റ്റിസ് ജെ സി ഷാ. വിസ്തരിക്കാന്‍ കാത്തുനില്‍ക്കുന്നവരില്‍
അക്ഷമനും അരപ്പട്ടക്കു താഴെ അടിക്കാന്‍ ‍ഉത്സാഹമുള്ളയാളുമായ പി എന്‍ ലേഖി. ക്രിമിനല്‍ വക്കീല്‍
എന്ന നിലക്കും കലാനിരൂപകന്‍ എന്ന നിലക്കും ഏറെ പ്രശസ്തനായ കാള്‍ കണ്ടലാവാല. തന്റെ വിസ്താരത്തിന്റെ
വലയില്‍, ‍രക്ഷപ്പെടാന്‍ വയ്യാത്ത വിധം വീണുപോകുന്ന സാക്ഷികളും പ്രതികളും വിരളുകയും വെകിളി പിടിക്കുകയും
ചെയ്യുമ്പോള്‍, അക്ഷോഭ്യനായി, നീണ്ടുവളഞ്ഞ മൂക്കിന്റെ മുകളിലൂടെ പ്രപഞ്ചത്തെ വീക്ഷിച്ചുകൊണ്ട്, നിലകൊള്ളുന്ന
കണ്ടലാവാലയെ കാണാനും കേള്‍ക്കാനും രസമായിരുന്നു--അദ്ദേഹത്തിന്റെ ചോദ്യക്കുരുക്കുകളില്‍
പിണഞ്ഞുപോകാത്തവര്‍ക്കൊഴികെ.

ഏതു ചോദ്യവും കൊലക്കുരുക്കാകാവുന്ന പരുവത്തിലായിരുന്നു ചാവ്‌ള. അദ്ദേഹത്തിനു മുമ്പും പിമ്പും വിസ്താരത്തിനു
വശംവദരായ വീരന്‍മാരും വീരകളും വെള്ളം കുടിക്കുകയോ വിങ്ങിപ്പൊട്ടുകയോ ചെയ്തിട്ടുണ്ട്. ചാവ്‌ളക്കാണെങ്കില്‍,
ഉത്തരം മുട്ടാവുന്ന ചോദ്യങ്ങള്‍ എത്രയോ ഉണ്ടായിരുന്നു താനും. അടിയന്തരാവസ്ഥയുടെ ലഹരി പിടിച്ച മാസങ്ങളില്‍,
ഡല്‍ഹിയുടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ കിഷന്‍ ചന്ദ് എന്ന ഒരു ഇണ്ണാമന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ സര്‍വാധികാര്യക്കാരായിരുന്നു സമര്‍ഥനും സഞ്ജയ് ഗാന്ധിയുടെ ആരാധകനുമായിരുന്ന നവീന്‍ ചാവ്‌ള. തനിക്കും തന്റെ മേധാവിക്കും വേണ്ടി
മറുപടി പറയാന്‍ ബാധ്യസ്ഥനെന്നോണം ഹാജരായ ആ ചെറുപ്പക്കാരന്റെ കഴണ്ടി അന്നും തിളങ്ങിയിരുന്നു.

ചാവ്‌ള ചമ്മന്തിയാവുന്നതു കാണാന്‍ കാത്തിരുന്നവര്‍, പക്ഷേ, നിരാശരായി. ലേഖിയുടെ പഞ്ചാബിത്തങ്ങളെ അദ്ദേഹം
ടിക് ഓഫ് ചെയ്തു. കണ്ടലാവാലയുടെ കുശാഗ്രതകളെ അദ്ദേഹം, ഉരുളക്കും, ഉരുളയില്ലാത്തപ്പോഴും, ഉപ്പേരി
കൊടുത്തുകൊണ്ടു നേരിട്ടു. സൌമ്യമാണെങ്കിലും ആര്‍ക്കും സങ്കോചമുണ്ടാക്കാന്‍ പോന്ന മട്ടിലുള്ള ജസ്റ്റിസ് ഷായുടെ
നിരീക്ഷണങ്ങള്‍ക്ക്, അതേ ഭാവത്തില്‍, അതേ ഈണത്തില്‍, അദ്ദേഹം പ്രതിനിരീക്ഷണങ്ങള്‍ നല്‍കി. രക്ഷപ്പെടാനുള്ള
ഒരു മന്ത്രസിദ്ധി ചാവ്‌ളക്ക് ഉണ്ടായിരുന്നതുപോലെ.

പിന്നെ ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിച്ചത് അസാധ്യമെന്നു കരുതിയ ഒരു വേഷം കെട്ടിയപ്പോഴായിരുന്നു.
അധികാരത്തിന്റെ അകത്തളങ്ങളില്‍, ആള്‍പ്പിടുത്തത്തിലും ഒടി വെപ്പിലും കേമനായി കറങ്ങുന്ന ഒരാള്‍,
വേറൊരാളുടെ ജീവിതത്തിന്റെ ഗതിവിഗതികള്‍ കണ്ടറിയുകയും രേഖപ്പെടുത്തുകയും ചെയ്യാന്‍ ക്ഷമ കാണിക്കാറില്ല.
അതും ആ ‘വേറൊരാള്‍’ മദര്‍ തെരേസ ആകുമ്പോള്‍. അത് അദ്ദേഹം ചെയ്തു. നവീന്‍ ചാവ്‌ളയെന്ന അധികാരവ്യാപാരി
മദര്‍ തെരേസയുടെ ജീവചരിത്രകാരനായി. അപ്പോള്‍ അത്ഭുതവും സന്തോഷവും തോന്നി. പക്ഷേ അതൊന്നും
അധികാരവ്യാപരത്തിന്റെ അവസാനമായിരുന്നില്ല. പുള്ളിപ്പുലിക്കൊരിക്കലും അതിന്റെ പുള്ളികള്‍ മാച്ചുകളയാന്‍
പട്ടില്ല. വാസ്തവത്തില്‍, ‍പല വിവാദങ്ങള്‍ക്കും ഇടവെക്കാവുന്ന നിലപാടുകള്‍ എടുത്തുകൊണ്ട്, തിരഞ്ഞെടുപ്പു കമിഷണറും മുഖ്യതിരഞ്ഞെടുപ്പു കമിഷണറും ആയി അരങ്ങേറാന്‍ ചാവ്‌ള്‍ ഉടുത്തുകെട്ടുകയായിരുന്നു, മദര്‍ തെരേസയുടെ
അപോസ്തലനായി കഴിയുമ്പോഴും.

തിരഞ്ഞെടുപ്പുകമിഷണര്‍ എന്ന നിലയില്‍ വാദവും വിവാദവും ഉണ്ടാക്കുന്നതില്‍ ആദിപുരുഷനോ അഗ്രഗണ്യനോ
അല്ല നവീന്‍ ചാവ്‌ള. തിരഞ്ഞെടുപ്പു കമിഷണര്‍ ആയി വന്നവരെല്ലാം ആദ്യമൊക്കെ നിയമപണ്ഡിതരോ നിയമജ്ഞാനമുള്ള
ഉദ്യോഗസ്ഥരോ ആയിരുന്നു. അവരൊന്നും നിയമപാലനവും നിയമലംഘനവും വിവാദമാക്കാന്‍ ശ്രദ്ധിച്ചില്ല.
സൊല്ലയൊന്നുമില്ലാതെ, ആരുമായും കോര്‍ക്കതെ, തിരഞ്ഞെടുപ്പ് ഒരു ആവണി അവിട്ടം പോലെ നടത്തിയെടുക്കുക--
അത്രയേ അവര്‍ ഉദ്ദേശിച്ചിരുന്നുള്ളു. ആരുമായും കോര്‍ക്കാനും, സൊല്ലയെ സന്തോഷത്തോടെ സ്വീകരിക്കാനും
തയ്യാറായി ടി എന്‍ ‍ശേഷന്‍ 1990ല്‍ മുഖ്യതിരഞ്ഞെടുപ്പുകമിഷണര്‍ ആയപ്പോള്‍ പുതിയ ഒരു യുഗം ഉണരുകയായിരുന്നു.

രണ്ടു പ്രധാനകാര്യങ്ങള്‍ ‍അദ്ദേഹത്തിന്റെ കാലത്തുണ്ടായി. ഒന്ന്, നിര്‍വാചന്‍ സദന്‍, ആരും സാരമാക്കാതെ,
മങ്ങിമയങ്ങിക്കിടക്കുന്ന വെറുമൊരു ഭരണഘടനാസ്ഥാപനം അല്ലാതായി. അതിന്റെ നില്പും നോക്കും നീക്കവും
എപ്പോഴും എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ചു തുടങ്ങി. രണ്ട്, മാമൂല്‍ എന്ന് എല്ലാവരും എഴുതിത്തള്ളിയിരുന്ന ചില
നഗ്നമാ‍യ തിരഞ്ഞെടുപ്പുനിയമലംഘനങ്ങള്‍ ശിക്ഷിക്കപ്പെടുമെന്നായി. ശിക്ഷിക്കപ്പെട്ടാല്‍, തിരഞ്ഞെടുപ്പ് അസാധുവാകുക
മാത്രമല്ല, കുറ്റവാളി അകത്താകുകയും ചെയ്യാമെന്നായി. മൂന്നാമതൊരു കാര്യം പറയണമെങ്കില്‍, ശേഷന്റെ തന്റേടവും
ഭരണഘടനയുടെ സംരക്ഷണവും കൂടിയായപ്പോള്‍, തിരഞ്ഞെടുപ്പു കമിഷനും സര്‍ക്കാരും തമ്മില്‍ തമ്മില്‍ വെട്ടാന്‍ തഞ്ചം
നോക്കിയിരിക്കുന്ന വൈരികളെപ്പോലെയായി. സര്‍ക്കാരിനെ അദ്ദേഹം വിരട്ടിയപ്പോള്‍, ശേഷന്‍ നാട്ടാര്‍ക്കു മുഴുവന്‍
മാതൃകാവേഷമായതുപോലെ തോന്നി. സ്വാഭാവികമായും, അത് അദ്ദേഹത്തിന് ഹരം പകര്‍ന്നു.

വരണ്ടിരുന്ന ഒരു വൈകുന്നേരം, പണ്ടാര റോഡിലെ ഒരു വസതിയില്‍, ഭീമമായ സംരാക്ഷണത്തില്‍ കഴിയുന്ന ശേഷനെ
ഞാന്‍ പോയി കണ്ടു. അദ്ദേഹത്തിന്റെ അഹങ്കാരം പടം വിടര്‍ത്തി ആടുന്ന കാലം. തലേന്നാള്‍ ഞങ്ങളുടെ പത്രത്തിന്റെ
ചെന്നൈ ലേഖികയെ പത്രസമ്മേളനത്തില്‍നിന്ന് അദ്ദേഹം ഇറക്കിവിട്ടിരുന്നു. അതിനുമുമ്പ് എത്രയോ ലേഖകരോട്
നേരിട്ടോ ഫോണിലോ തട്ടിക്കയറിയിരുന്നു. ചില നേരങ്ങളില്‍ ആരേയും കാണീല്ലെന്നു പറയും. ചില നേരങ്ങളില്‍ ഫോണില്‍ അന്വേഷിക്കുന്നവരോട് ആള്‍ ഇല്ലെന്ന് താന്‍ തന്നെ പറയുമായിരുന്നു. കൂടുതല്‍ ചോദ്യമായാല്‍ ശബ്ദം ഉയരുകയും
കള്ളി പൊളിയുകയും ചെയ്യും. ആളുകളെ ശകാരിക്കുന്നതിലും കാത്തുനിര്‍ത്തുന്നതിലും അദ്ദേഹം ഒരു തരം ആത്മസാക്ഷാല്‍ക്കാരം കണ്ടിരുന്നു. ഒച്ച ഉയര്‍ത്തിയും കണ്ണുരുട്ടിയും മുഖത്തെ പേശികള്‍ വലിച്ചുമുറുക്കിയും സംസാരിക്കുമ്പോള്‍, വ്യാഖ്യാനിക്കാന്‍ വയ്യാത്ത
ഏതോ നാടകത്തിനുവേണ്ടിയാണോ ഇതെല്ലാം ചെയ്യുന്നതെന്നു തോന്നിപ്പോകും. അത്തരം ഒരാളെയാണ് നേരിടാന്‍ പോകുന്നതെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെ, അത്രയൊന്നും ക്ഷമയില്ലാത്ത ഞാന്‍, ഫലത്തില്‍ രാഷ്ട്രത്തോടു മുഴുവന്‍ പോര്‍ വിളിച്ചു നില്‍ക്കുന്ന മുഖ്യതിരഞ്ഞെടുപ്പു കമിഷണറോട് സംസാരിക്കണമെന്നു ഞാനും എന്റെ എഡിറ്ററും കൂടി തീരുമാനിച്ചു.

പെട്ടെന്ന് ആര്‍ക്കും പിടികിട്ടാത്ത, പിടി കിട്ടിയാ‍ല്‍ സങ്കല്പിക്കാന്‍ വയ്യാ‍ത്ത അര്‍ഥതലങ്ങളുള്ള, ഒരു പ്രഖ്യാപനം ശേഷന്‍
നടത്തിയ ദിവസം വൈകുന്നേരമായിരുന്നു ആ സമാഗമം. തന്റെ പദവിയുടെ കാര്യത്തില്‍ സര്‍ക്കാരുമായി കോര്‍ത്ത്,
അക്കാര്യത്തില്‍ അനുകൂലമായ തീര്‍പ്പുണ്ടാകുന്നതുവരെ തിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നായിരുന്നു പ്രഖ്യാപനം.
ജനാധിപത്യസംവിധാനത്തെ ഒറ്റയടിക്ക് ആപ്പിലാക്കി അട്ടത്തുവെക്കുന്ന ഒരാളുടെ അസാധ്യമായ ഭരണഘടനാപരമായ
പ്രഖ്യാപനം. ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ അങ്ങനെയൊരു വൈതരണി സങ്കല്പിച്ചുകാണില്ല. അതെങ്ങനെ തരണം
ചെയ്യുമെന്ന ചിന്തയിലായിരുന്നു സര്‍ക്കാരും നിയമധുരന്ധരന്മാരും. കാര്യം മുഴുവന്‍ മനസ്സിലാകാത്തവര്‍ക്കും മറ്റുള്ളവര്‍ക്കും
ഇതൊക്കെ കാണാന്‍ നല്ല ചേലായിരുന്നു. അവരെല്ലാം ശേഷന്റെ ശേഷിയേയും ശേമുഷിയേയും വാ തോരാതെ വാഴ്ത്തി.

വട്ടക്കഴുത്തുള്ള ബനിയനും ഒറ്റമുണ്ടും ധരിച്ച്, കാല്‍ നീട്ടി നിലത്തിരുന്നുകൊണ്ടാണ്, അദ്ദേഹം എന്നോട് സംസാരിച്ചത്.
കഴുത്തുവെട്ടിച്ച് ഇടം വലം നോക്കിയും, മൂളിയും, ഒറ്റവാക്കിലോ വാക്യത്തിലോ മറുപടി പറഞ്ഞും അദ്ദേഹം തന്റെ പ്രാഭവം
വെളിവാക്കുകയായിരുന്നു, ഒരു പക്ഷേ എന്നെ അളക്കുകയും ഇളക്കുകയുമായിരുന്നു. ആ സന്ദര്‍ശനവും അതേപ്പറ്റി ഞാന്‍
എഴുതിയ റിപ്പോര്‍ടും ഞങ്ങളെ അടുപ്പിച്ചു. ഒടുവില്‍ അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനവുംവിവരിക്കുന്ന ഒരു പുസ്തകം
ഞാന്‍ എഴുതുകയും ചെയ്ത.

അതിനിടെ രസസദൃശമായ അദ്ദേഹത്തിന്റെ കോപത്തിന്റെ ഉത്ഥാനപതനങ്ങള്‍ എത്ര തവണ കണ്ടു! കേമത്തം ഭാവിച്ചു
ചെല്ലുന്നവരെ ചുമ്മാ ഭര്‍ത്സിക്കും. പ്രകോപനം കാര്യമായൊന്നും വേണ്ടിവരില്ല. തിരിച്ചൊന്നും പറയാന്‍ എതിരാളിക്ക് അവസരം
കൊടുക്കാതെയായിരിക്കും കാച്ച്. ഫോണിലായാലും നേരിട്ടായാലും നാലാള്‍ കാണാനുണ്ടായാല്‍, ശബ്ദത്തിലും പദപ്രയോഗത്തിലും
രോഷം ഏറിയിരിക്കും. ഇന്ന ആളെന്നില്ല, അദ്ദേഹത്തെ ചോദ്യം ചെയ്യുകയോ വെട്ടിലാക്കുകയോ ചെയ്യുന്ന ആരേയും അദ്ദേഹം
നിര്‍ത്തി പൊരിക്കും.

ഒരു ദിവസം നേരമ്പോക്ക് പറഞ്ഞുകൊണ്ടിരിക്കേ, ഒട്ടൊക്കെ മുതിര്‍ന്ന ഒരു ലേഖകന്‍ രസത്തിനുവേണ്ടി
ചോദിച്ചു: അടിയന്തരാവസ്ഥയെപ്പറ്റി എന്തു തോന്നുന്നു? നിര്‍ദ്ദോഷമായ ആ ചോദ്യത്തില്‍ ശേഷന്‍ അപകടം മണത്തു.
പിന്നെ ഒരു അട്ടഹാസമായിരുന്നു. ഉച്ചസ്ഥായിയില്‍ തുടങ്ങി ആകശസ്ഥായിയില്‍ എത്തിനില്‍ക്കുന്ന ആക്രോശം. സ്ഥലം വിടുക,
ഒരു നിമിഷത്തിനകം നിങ്ങളുടെ നിഴല്‍ എന്റെ പുരയിടത്തിനപ്പുറത്തേക്കു മാറ്റുക, അല്ലെങ്കില്‍ പൊലിസ് നടപടി നേരിടാന്‍
തയ്യാറാകുക. അങ്ങനെ പോയി ശേഷഭാഷണം. നാവിറങ്ങിപ്പോയ പോലെ നില്‍ക്കുകയായിരുന്നു ചോദ്യം ചോദിച്ച ആള്‍.
ശേഷന്റെ മട്ടും മാതിരിയും കണ്ടപ്പോള്‍ സ്ഥലം വിടുകയാണ് ബുദ്ധിയെന്ന് അദ്ദേഹം ഉടനേ മനസ്സിലാക്കി.

പലരിലും അദ്ദേഹം അസുഖകരമായ ഓര്‍മ്മകള്‍ അനാവശ്യമായി നിക്ഷേപിച്ചു. പക്ഷേ അകലെനിന്നു നോക്കിയ സാധാരണക്കാര്‍
അദ്ദേഹത്തിന്റെ കോപങ്ങളും കല്പനകളും ഏറെ ഇഷ്ടപ്പെട്ടു. മാധ്യമങ്ങള്‍ക്ക് നല്ല കോളായി. അവര്‍ ദിവസവും തുരുതുരാ എഴുതി, എതിര്‍ത്തും സ്തുതിച്ചും. റോടറി യോഗങ്ങളിലും ക്യാമ്പസ് ചര്‍ച്ചകളിലും അദ്ദേഹം നിറഞ്ഞുനിന്നു. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്ന നേതാവായുള്ള ഒരു ഉദ്യോഗസ്ഥന്റെ പരിണാമം ഇത്ര പെട്ടെന്ന് ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ ഹിപൊക്രിസിയും നിയമ-
പാലനത്തിലെ കോമാളിത്തവും ഇതുപോലെ വെളിപ്പെടുത്തിയ തിരഞ്ഞെടുപ്പ് കമിഷണറും മുമ്പ് ഉണ്ടായിട്ടില്ല. ജനത്തിന് ഹരം പകര്‍ന്നതും അതുതന്നെ.

ശേഷനു മുമ്പ് സ്ഥാനാര്‍ഥികള്‍ മിക്കവരും ‍തിരഞ്ഞെടുപ്പുചിലവിന്റെ കണക്ക് കൊടുത്തിരുന്നില്ല. കൊടുത്തിരുന്ന കണക്കാകട്ടെ,
യാഥാര്‍ഥ്യത്തെ കോക്രി കാണിക്കുന്നതായിരുന്നു. അത് അദ്ദേഹം നിയമത്തിന്റെ മാന്ത്രികനണ്ഡം കാണിച്ച് മാറ്റി. കണക്ക്
കൊടുക്കാതിരുന്നാലും, കള്ളക്കണക്ക് കൊടുത്താലും, മത്സരിക്കാനുള്ള അവസരം പോലും നഷ്ടപ്പെടുമെന്നായപ്പോള്‍,
എല്ലാവരും നല്ല കുട്ടികളാകാന്‍ നിര്‍ബന്ധിതരായി. ചിലവ് കുറഞ്ഞു.

സംസ്ഥാനങ്ങളുടെ സഭയാണ് രാജ്യസഭ. രാജ്യം എന്നുവെച്ചാല്‍ ഹിന്ദിയില്‍ സംസ്ഥാനം. അതുകൊണ്ട് അതാത് സംസ്ഥാനത്ത് താമസിക്കുന്നവരെയാണ് അവിടത്തെ നിയമസഭാംഗങ്ങള്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കേണ്ടത്. പക്ഷേ മന്‍ മോഹന്‍ സിംഗ്
ഗുവഹടിയിലും ഒ രാജഗോപാല്‍ ഭോപാലിലും താമസക്കാരണെന്ന മട്ടില്‍ അസമില്‍നിന്നും മധ്യപ്രദേശില്‍നിന്നും രാജ്യസഭയിലേക്ക്
തിരഞ്ഞെടുക്കപ്പെട്ടു. പണ്ടുപണ്ട് തുടങ്ങിയ ഒരു നഗ്നമായ നിയമലംഘനം. ആരും ചോദ്യം ചെയ്യാതെ, തിരുത്താതെ അത് തുടര്‍ന്നുപോന്നു. ആ അസത്യവും അനൌചിത്യവും ശേഷന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ‍എല്ലാവരും വിരണ്ടു. അങ്ങനെ
നിയമത്തെത്തന്നെ തിരുത്തി നിയമലംഘനം ഇല്ലാതാക്കി. ഇത്തരം പരിപാടികളുമായി മുന്നോട്ടുപായുന്ന തിരഞ്ഞെടുപ്പു കമിഷണറെ
നിലക്കുനിര്‍ത്താനുള്ള വഴികളെപ്പറ്റി ആലോചനയായി. കമിഷനില്‍ രണ്ടുപേരെക്കൂടി അംഗങ്ങള്‍ ആക്കി ശേഷന് കടിഞ്ഞാണിട്ടു.

പഴയ പോലെ ശൌര്യം കാണിക്കാന്‍ കഴിയാതായാല്‍ അദ്ദേഹം ഇറങ്ങിപ്പോകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.
പുതുതായി വന്ന കമിഷണര്‍മാരെ എങ്ങനെയെല്ലാം ഒതുക്കിയെടുക്കാം എന്നായി പിന്നെ അദ്ദേഹത്തിന്റെ ചിന്ത. എല്ലാ തന്ത്രങ്ങളും
വിളയുന്ന അദ്ദേഹത്തിന്റെ ഫലഭൂയിഷ്ഠമായ മസ്തിഷ്കത്തില്‍ അവരെ നേരിടനുള്ള സൂത്രങ്ങളും ഉദിച്ചു. അവരില്‍ ഒരാളെ--കൃഷ്ണമൂര്‍ത്തിയെ--
ഭരണഘടനാപരമായി കുരങ്ങുകളിപ്പിച്ചതിന്റെ കഥ ശേഷന്‍ തന്നെ സരസമായി വിവരിച്ചുതന്നത് ഓര്‍ത്തുപോകുന്നു.

എവിടെവെച്ചോ, എപ്പോഴൊ, തനിക്ക് കിട്ടിയ പ്രശസ്തി രാഷ്ട്രീയമായ ജനകീയാംഗീകാരമായി അദ്ദേഹം ധരിച്ചുവശായി.
അദ്ദേഹം വഴി, ഒരു ഒറ്റയാള്‍പട്ടാളം വഴി എന്നോണം, പുതിയൊരു രാഷ്ട്രീയക്രമം ഉരുത്തിരിയുമെന്നും അദ്ദേഹം
വിശ്വസിച്ചിരുന്നു, ആ കാലഘട്ടത്തില്‍. അങ്ങനെയാണ് പെന്‍ഷന്‍ പറ്റിയതിനുശേഷം രാഷ്ട്രത്തെ നയിക്കാന്‍
അദ്ദേഹം മുന്നിട്ടിറങ്ങിയത്. പലരുമായും ആലോചിച്ചു. പലരുടേയും സഹായം തേടി. എന്നിട്ടാണ് രാഷ്ട്രപതി
തിരഞ്ഞേടുപ്പില്‍ മത്സരിച്ചത്.

തോറ്റു തുന്നം പാടുമെന്ന് ഉറപ്പായിട്ടും മത്സരിക്കാന്‍ പോയതെന്തേ എന്ന് പിന്നീടൊരിക്കല്‍ ചെന്നെയില്‍ അദ്ദേഹത്തിന്റെ
വസതിയില്‍ ചെന്നപ്പോള്‍ ചോദിച്ചു. ശേഷന്‍ ഖിന്നനും കുപിതനും ആയിരുന്നു. സഹായിക്കാമെന്നു പറഞ്ഞവര്‍ എല്ലാം
കാലു വാരി. പക്ഷേ അതുകൊണ്ട് നേരത്തേ പ്രഖ്യാപിച്ച തീരുമാനം മാറ്റാന്‍ പറ്റുമോ? അങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ
വിശദീകരണം. സിനിസിസം ഒന്നുകൂറ്റി കടുക്കട്ടെ എന്നു കരുതി, ഞാന്‍ പഴയ ഒരു കഥ ഓര്‍മ്മിപ്പിച്ചു. തിരഞ്ഞെടുപ്പുചിലവ്
നിയന്ത്രിക്കുന്ന യജ്ഞത്തില്‍ അദ്ദേഹം ഏര്‍പ്പെട്ടിരിക്കേ, കുശലത്തിനുവേണ്ടി അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയ ഒരു
തെലുഗു നേതാവ്നിസ്സാരമായി പറഞ്ഞു: “എട്ടുകോടി വേണ്ടിവന്നു ലോക് സഭയില്‍ എത്താന്‍.” അത് വെറും
കോഴിത്തീറ്റയാണെന്നേ തോന്നൂ, ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന കണക്കുമായി തട്ടിച്ചുനോക്കിയാല്‍.


ശേഷന്‍ ഒന്നും മിണ്ടിയില്ല. മനുഷ്യന്റെ നിസ്സഹായതയെപ്പറ്റി ഏതോ ഒരു ശ്ലോകം ചൊല്ലി. ഇനിയും കുറേ
ദൂരം സഞ്ചരിക്കാന്‍ അധികാരത്തിന്റെ വഴി തുറന്നുകിട്ടിയിരിക്കുന്ന നവീന്‍ ചാവ്‌ളക്ക് തല്‍ക്കാലം കുണ്ഠിതത്തിനു
കാരണമില്ല. എന്നുതന്നെയല്ല, രൂപത്തിലും സ്വഭാവത്തിലും മാറ്റമില്ലത്തവനായ സ്ഥിതിക്ക്, അദ്ദേഹത്തില്‍നിന്ന്
വിവാദങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശരാകേണ്ടി വരികയുമില്ല. ശേഷനോളം ശബ്ദവും വെളിച്ചവും
ഉണ്ടാക്കണമെന്നുണ്ടെങ്കില്‍, നവീനമായ തന്ത്രങ്ങള്‍ കണ്ടെത്തേണ്ടിവരുമെന്നു മാത്രം. ‍

(തേജസ്സില്‍ മാര്‍ച്ച് 20ന് പ്രസിദ്ധീകരിച്ചത്)