സപ്തസോദരികളിൽ ഒന്നാണ് അരുണാചൽ പ്രദേശ്. അതും, ആറു വടക്കുകിഴക്കൻ സംസ്ഥാനങ്ങളും, സിക്കിമും, സിലിഗുറിയിലെ ഇടുങ്ങിയ ഇടനാഴിവഴി ഇന്ത്യയുമായി ചേർന്നുകിടക്കുന്നു. കോഴിക്കഴുത്തു പോലുള്ള ആ വഴി മുറിഞ്ഞാൽ, അവരും ഇന്ത്യയും തമ്മിലുള്ള ബന്ധം അറ്റുപോവും. അവിടെ പ്രധാനമന്ത്രി പോയതിനെ ചൈന എതിർക്കുന്നു. ദലായ് ലാമയുടെ അടുത്ത മാസത്തെ പരിപാടിയോടുള്ള എതിർപ്പായിരുന്നു തുടക്കം. ചൈനക്കുനേരെ ശകാരവും, ഭക്തരെ ഹരം പിടിപ്പിക്കുന്ന കാലചക്രക്രിയയുമായി, വരിഷ്ഠലാമ അരുണാചലിൽ എത്തിയാൽ, എന്നും അവിടെ നോട്ടമിട്ടിട്ടുള്ള ചൈന ധ്യാനത്തിൽ മുഴുകുമോ?
കോഴിക്കഴുത്തില്‍നിന്ന് നാല്പതു കിലോമീറ്റർ നീങ്ങിയാൽ കളിമ്പോംഗ് ആയി--പഴയ പട്ടുപാതയിലെ കച്ചവടത്താവളം. അവിടത്തെ ഹിമലായൻ ഹോട്ടലിന്റെ മുറ്റത്തുനിന്നു നോക്കിയാൽ പടുതയിട്ട കഞ്ചൻജംഘ കാണാം. മാനത്തുനിന്ന് ഊർന്നുവീണതോ ഭൂമിയിൽനിന്നു പറന്നുപൊങ്ങിയതോ എന്നറിയാത്ത ആ ശൃംഗശൃംഖലയുടെ അപ്പുറത്തും ഇപ്പുറത്തുമായി, ബുദ്ധവിഹാരങ്ങൾ ശരണം ഉരുവിടുന്നു. “കാലം മറന്ന ചുമടുപോലെ” കിടക്കുന്ന ടിബറ്റിലെ ജനം ആയിരത്തിമുന്നൂറു കൊല്ലം മുമ്പു കേട്ടതാണ് പത്മസംഭവനും ശാന്തരക്ഷിതനും ചൊല്ലിക്കൊടുത്ത ബുദ്ധവാക്യം. അവരുടെ പിന്മുറക്കാരിലൊരാളെ--തായെ ദോർജിയെ--കാണാൻ പോയതായിരുന്നു ഭാര്യയും ഞാനും, ശമർ റിമ്പോച്ചെയുടെ അതിഥികളായി.
ശമർ റിമ്പോച്ചെയുടെ ഗുരു കർമ്മാപ്പയുടെ രണ്ടാമത്തെ അവതാരമായിരുന്നു തായെ ദോര്‍ജി. വേറൊരു അവതാരത്തെ തായ് സിതു റിമ്പോച്ചെ എന്ന വേറൊരു ശിഷ്യൻ നേരത്തേ കണ്ടെത്തിയിരുന്നു. ചൈനയുമായി സിതുപ്പ നടത്തിയ ആ ഒത്തുകളിയിൽ ദലായ് ലാമയും കൂട്ടുകൂടി. ദലായ് ലാമ, സിതുപ്പ തിരിച്ചറിഞ്ഞ അവതാരത്തെ ആശീർവദിച്ചു. അതിനു മറുകളിയായി ശമർപ്പ കണ്ടെത്തിയതായിരുന്നു തായെ ദോർജിയെ. പിന്നീട് ആദ്യത്തെ അവതാരത്തെക്കൂടി ദലായ് ലാമയുടെ ഒത്താശയോടെ ഇന്ത്യയിൽ എത്തിച്ചു, ഇന്ത്യയും ചൈനയും അറിയാതെ. അതോടെ “ഒന്നായ നിന്നെയിഹ രണ്ടായി കണ്ട” സ്ഥിതിയായി. ഒരേ ഗുരുവിന്റെ പൈതൃകത്തിനുവേണ്ടി രണ്ട് അവതാരങ്ങൾ പോരടിക്കുകയായി. വാസ്തവത്തിൽ, ശാന്തിമന്ത്രത്തിന്റെ നിറവിൽ, അവതാരങ്ങളെ വെച്ചുള്ള ബോധിസത്വന്മാരുടെ പാവക്കൂത്തായിരുന്നു എന്നും ടിബറ്റിലെ ബുദ്ധരാഷ്ട്രീയം. ഹിമാലയത്തിലെ ഇന്ത്യൻ താഴ്വാരം അതിന്റെ രംഗവേദിയും.
ഹിമാലയം മറികടന്ന് ദലായ് ലാമയും കർമ്മാപ്പയും ഇന്ത്യയിൽ വന്നിട്ട് അമ്പതു കൊല്ലമായി. കർമ്മാപ്പ, ജീവിച്ചിരുന്നിടത്തോളം കാലം, ധ്യാനത്തിൽ മുഴുകിയിരുന്നു. ദലായ് ലാമ ധ്യാനത്തിന് രാഷ്ട്രീയമാനം നല്‍കി, ലോകഗുരുവായി. ഇന്ത്യയിലിരുന്ന് ചൈനയുടെ ശത്രുത വില പേശി വാങ്ങരുതെന്നു അദ്ദേഹത്തോടു പറയാൻ ഇന്ത്യയുടെ നാവ് പൊങ്ങാതായി. “ഹിസ് ഹോളിനസ്” എന്നു പറയുമ്പോൾ ഇന്ത്യൻ സർക്കാർ ഓച്ഛാനിക്കും. ചെറിയ ഒരു ഉദാഹരണം. ദലായ് ലാമക്ക് ബുള്ളറ്റു കൊള്ളാത്ത ഒരു കാറു കൊടുക്കണമെന്നു വന്നു. സൌത് ബ്ലോക്കിലെ ധ്വരമാർ മൊഴിഞ്ഞു: ബി എം ഡബ്ല്യു തന്നെ വേണം. പ്രധാനമന്ത്രിക്ക് അംബാസഡർ മതി; ആർക്കും അതു പോരേ? ചോദ്യം അപശ്രുതിയായിരുന്നു.
ബോധിസത്വന്റെ പരിവ്രാജനം തടയാൻ പറ്റില്ല. അപ്പോൾ ചൈന കെറുവിക്കും. അപ്പോൾ നമുക്കു വീണ്ടും കൃഷ്ണന്റെ ദശാവതാരങ്ങളിൽ ബുദ്ധനെ പെടുത്തിയ ജയദേവനോടൊപ്പം ജയ പാടാം: “കേശവ! ധൃതബുദ്ധശരീര! ജയ, ജഗദീശ! ഹരേ!“
(ഒക്റ്റോബർ 21ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചത്)