മലയാളം മാത്രം അറിയുന്ന മലയാളിക്ക് അത്ര പരിചിതമായ ഒരു സംജ്ഞാനാമമാവില്ല റൂപ്പർട് മർഡോക്. പക്ഷേ, എന്തൊരു വിരോധാഭാസം!, ഇളം രാവുകളിൽ മലയാളി കണ്ടും കേട്ടും രസിക്കുന്ന പല പരിപാടികളും അദ്ദേഹത്തിന്റെ ഉല്പന്നമാകുന്നു. ഇന്ത്യക്കാർക്ക് പൊതുവേ വിജ്ഞാനവും വിനോദവും പകരുന്ന ചാനലും അദ്ദേഹത്തിന്റെ വേറൊരു കമ്പനി തന്നെ. മർഡോക് ആണ് സ്റ്റാർ ന്യൂസിന്റെ ഉടമ. സ്റ്റാർ ന്യൂസിന്റേതാണ് ഏഷ്യാനെറ്റ്. കാണികളെ രസിപ്പിക്കുകയും അറിവുള്ളവരാക്കുകയും ചെയ്യുന്ന ഈ മാധ്യമപ്രവരർ ഇപ്പോഴും സദാചരവും സത്യസന്ധതയും മുദ്രാവാക്യമായി കരുതുന്നുവെന്നാണ് പരക്കെയുള്ള വിശ്വാസം. അവയുടെ ഉടമസ്ഥൻ അതിന്റെയൊക്കെ തടവുകാരനണെന്ന് അദ്ദേഹം പോലും പറയില്ല.
ഇവയെക്കാൾ എത്രയോ ഏറെ വ്യാപ്തിയുള്ള പല മാധ്യമങ്ങളും ഇംഗ്ലണ്ടിലും അമേരിക്കയിലും മർഡോക് നിയന്ത്രിക്കുന്നവയായുണ്ട്. തന്റെ മാധ്യമസാമ്രാജ്യം ആവുന്നത്ര വലുതാക്കുകയാണ് സ്വാഭാവികമായും അദ്ദേഹത്തിന്റെ ജീവിതദൌത്യം. നാലു പതിറ്റാണ്ടു മുമ്പു തുടങ്ങിയ ആ ദൌത്യം എൺപതാം വയസ്സിലും തുടരുന്നു--
നിർബ്ബാധമല്ലെന്നു മാത്രം. എന്നു തന്നെയല്ല, ബാധ പെട്ടെന്ന് കൂടുതലായതുപോലെ തോന്നുന്നു താനും. നൂറ്ററുപത്തെട്ടു കൊല്ലം ബ്രിട്ടണിൽ വിലസിയ ഒരു പത്രം അദ്ദേഹം പൊടുന്നനവേ കഴിഞ്ഞ ദിവസം അടച്ചു പൂട്ടി. ഉജ്വലമായ പാരമ്പര്യമുള്ള ലണ്ടനിലെ ടൈംസും സൺഡേ ടൈംസും താമസിയാതെ പൂട്ടിയേക്കുമെന്നും കേൾക്കുന്നു.
എൺപതുകളുടെ തുടക്കത്തിൽ ഞാൻ കേട്ടു പരിചയിച്ചതാണ് ആസ്റ്റ്രേലിയക്കാരനായ മർഡോക്കിന്റെ പേർ. ധീരതക്കും അപ്രമാദിത്വത്തിനും അപരനാമമായി മാറിയ സൺ ഡേ ടൈംസ് അദ്ദേഹം പിടിച്ചടക്കിയത് എത്ര എളുപ്പത്തിലായിരുന്നു! പ്രേമത്തിലും യുദ്ധത്തിലും സാക്ഷാൽക്കാരവും വിജയവും മാത്രമേ നിയാമകമായുള്ളു എന്നു പറയാറുള്ളതു പോലെ, മാധ്യമലോകത്തെ അശ്വമേധത്തിൽ തടസ്സമായി നിൽക്കാൻ ഒരു വിശ്വാസത്തെയും സദാചാരത്തെയും അദ്ദേഹം അനുവദിച്ചിരുന്നില്ല.
ആംഗലപ്രയോഗത്തിന്റെയും അന്വേഷണാത്മകപത്രപ്രവർത്തനത്തിന്റെയും ആചാര്യനായി കരുതപ്പെടുന്ന ഹർൾഡ് ഇവാൻസിനെ സൺ ഡേ ടൈംസിന്റെ എഡിറ്റർ പദവിയിൽനിന്ന് പറഞ്ഞു വിടുകയായിരുന്നു ആ പത്രം കയ്യടക്കിയപ്പോൾ മർഡോക്കിന്റെ ആദ്യത്തെ നടപടി. അതിനുവേണ്ടി അദ്ദേഹം അറിയുന്ന വഴിയെല്ലാം നോക്കി. എഡിറ്ററെയും അടുത്ത സഹപ്രവർത്തകരെയും തമ്മിലടിപ്പിച്ചു. എഡിറ്ററെക്കാൾ തനിക്കു വിശ്വസ്തൻ പത്രാധിപശ്രേണിയിലെ രണ്ടാമനോ മൂന്നാമനോ ആണെന്ന് അദ്ദേഹം പരസ്യമായ സൂചന നൽകി. തന്റേടവും ആത്മാഭിമാനവുമുള്ള ഇവാൻസിനെ ഒതുക്കി പുറത്താക്കുകയായിരുന്നു തന്ത്രം. അതു തന്നെ സംഭവിച്ചു. അങ്ങനെ പുറത്താക്കപ്പെട്ട ഇവാൻസ് എഴുതിയ Good Times, Bad Times എന്ന പുസ്തകം മാധ്യമനിയന്ത്രണത്തിലെ
ലജ്ജാവഹമായ വിക്രിയകളുടെ സമകാലീനചരിത്രമായി.
എഡിറ്റർമാരെ പറഞ്ഞുവിടുന്ന രീതികളുമായി ഏതാണ്ടൊക്കെ പൊരുത്തപ്പെട്ടുകഴിഞ്ഞതാണ് ഇന്ത്യയിലെ മാധ്യമരംഗം. ബി ജി വർഗീസിനെ ഹിന്ദുസ്ഥാൻ ടൈംസിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള കടലാസ് അദ്ദേഹത്തിനു കിട്ടിയത് ഒരു വൈകുന്നേരം കോണിയിറങ്ങിപ്പോകുമ്പോഴായിരുന്നു. അതിനുമുമ്പ് മുൾഗാവ്ക്കറെ നിർവീര്യനാക്കാൻ അദ്ദേഹത്തെ പുതിയൊരു പ്രസിദ്ധീകരണത്തിന്റെ അധിപനാക്കി; അതായപ്പോൾ, പ്രസിദ്ധീകരണം നിർത്തി. അരുൺ ശൌരി ഇന്ത്യൻ എക്സ്പ്രസ്സിൽനിന്ന് രണ്ടു തവണ പുറത്താക്കപ്പെട്ടു. പ്രാൺ ചോപ്രയെ സ്റ്റേറ്റ്സ്മാനിൽനിന്നു പിരിച്ചുവിടാൻ നിയമനം സംബന്ധിച്ച ചട്ടങ്ങൾ തന്നെ ഭേദഗതി ചെയ്തു. ഫ്രീ പ്രസ് ജർണലിന്റെ എഡിറ്റർ സി എസ് പണ്ഡിറ്റിന് ശമ്പളം വാങ്ങാൻ തന്റെ പ്യൂണിന്റെ പിന്നിൽ വരി
നിൽക്കേണ്ടി വന്നു. ഏഷ്യൻ ഏജിൽനിന്ന് താൻ പുറത്തായ വിവരം പത്രത്തിൽനിന്ന് പേര് നീക്കിയ കാര്യം ഒരു ദുഷ്പ്രഭാതത്തിൽ ഒരു സഹപ്രവർത്തകൻ വിളിച്ചു പറഞ്ഞപ്പോഴേ എം ജെ അക് ബർ അറിഞ്ഞുള്ളു.
അതിനെക്കാളൊക്കെ ഹീനവും വിജയകരവുമായിരുന്നു ലോകത്തെ ഏറ്റവും ശക്തമായ പത്രത്തിന്റെ ഏറ്റവും ശക്തനായ എഡിറ്റർ എന്ന ഖ്യാതി നേടിയ ഹരൾഡ് ഇവാൻസിനെ പുകച്ചു പുറത്താക്കാൻ മർഡോക് നടത്തിയ നീക്കങ്ങൾ. പത്രത്തിന്റെ ഉള്ളടക്കവും പത്രപ്രവർത്തനത്തിന്റെ ശൈലിയും വിപളവാതംകമായി മാറ്റിയെടുത്ത ഇവാൻസ് ഒരിക്കൽ ഒരു നായകശില്പമായതു പോലെയായിരുന്നു. മർഡോക്കിനു വേണ്ടത് അതൊന്നുമായിരുന്നില്ല. അങ്ങനെ ഒരു എഡിറ്ററും തന്റെ ചിലവിൽ ഹീറോ ആവണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ തീട്ടൂരം. എഡിറ്റർ ദയനീയമായി പുറത്തായി. വേറൊരു പ്രശസ്തനായ എഡിറ്റർ, ആൻഡ്രു നീൽ, പറഞ്ഞു: “മർഡോക്കിന്റെ മാധ്യമത്തിൽ മാനേജരുമില്ല, എഡിറ്ററുമില്ല; അവിടെ ഉള്ളത് സന്ദേശവാഹകൻ മാത്രം.” അതാകാനും എത്രയോ എഡിറ്റർമാരും മാനേജർമാരും എപ്പോഴും തയ്യാറായിരിക്കും, എവിടെയും. അതുകൊണ്ടാണല്ലോ ഇവാൻസ് പോയിട്ടും പത്രം നിലനിന്നത്. ആ പത്രം നിലനിന്നുവെന്നു മാത്രമല്ല, ലോകമാധ്യമത്തിന്റെ പല ദിശകളിലും മർഡോക്ക് വെന്നിക്കൊടി നാട്ടി.
എല്ലാ വിജയങ്ങളും പരാജയങ്ങളുടെ മുന്നോടിയാണെന്നു പറയുന്ന സിനിസിസത്തിന് അടിവരയിട്ടുകൊണ്ട്, ലോകമെങ്ങും കൊടി നാട്ടി മുന്നേറിക്കൊണ്ടിരുന്ന മർഡോക് പതറിത്തുടങ്ങിയിരിക്കുന്നു. ബ്രിട്ടണിലെ ഒരു ടെലിവിഷൻ ചാനൽ കയ്യേറാനുള്ള ശ്രമം അദ്ദേഹം ഉപേക്ഷിച്ചിരിക്കുന്നു. ലണ്ടന്റെ ജിഹ്വയെന്നു പേരെടുത്ത പത്രം അടച്ചുപൂട്ടുന്ന കാര്യം ആലോചിച്ചു തുടങ്ങിയിരിക്കുന്നു. ബ്രിട്ടനിൽ അദ്ദേഹത്തിന്റെ മാധ്യമവ്യാപാരം ഭരിച്ചിരുന്ന റെബേക്ക ബ്രൂക്സ് എന്ന നാല്പത്തിമൂന്നുകാരി നാട്ടുകാരുടെ നിർബ്ബന്ധത്തിനു വഴങ്ങി ഒഴിഞ്ഞുപോയിരിക്കുന്നു. ആദ്യമൊന്നു മസിലു പിടിച്ചുനോക്കിയെങ്കിലും, ഒടുവിൽ ഒരു ബ്രിട്ടിഷ് പാർലമെന്റ് സമിതിയുടെ മുമ്പിൽ ഹാജരായി വിചാരണ നേരിടാൻ അമേരിക്കൻ പൌരത്വം നേടിയിട്ടുള്ള മർഡോക് വഴിപ്പെട്ടിരിക്കുന്നു. മർഡോക് സ്വീകരിച്ചിട്ടുള്ള മാധ്യമശൈലിയെപ്പറ്റിയുള്ള ആ വിചാരണ എവിടെയെല്ലാം എത്തിച്ചേരുമെന്ന് കണ്ടറിയാം.
വേറെ ആർക്കും കിട്ടാത്തതും എരിവുള്ളതുമായ വാർത്ത വിപണനം ചെയ്യുന്ന ഒരു മാധമപ്രതിഭയെ ഇർവിംഗ് വാലസിന്റെ The Almighty എന്ന നോവലിൽ
കണ്ടതോർക്കുന്നു. ഭ്രമാത്മകമായ വാർത്തക്ക് ക്ഷാമം ആയപ്പോൾ, അദ്ദേഹം സ്വന്തമായി ഒരു ഭീകരസംഘം രൂപീകരിക്കുകയും ഉദ്വേഗജനകമായ സംഭവങ്ങൾ അരങ്ങേറ്റാൻ അതിനെ ഉപയോഗിക്കുകയും ചെയ്തു. മറ്റാർക്കും മണത്തറിയാൻ കഴിയാത്ത ആ സംഭവങ്ങളുടെ സാക്ഷ്യം അദ്ദേഹത്തിന്റെ പത്രത്തിനു മാത്രം അവകാശപ്പെട്ടതായിരുന്നു.
അതിനെ അനുസ്മരിപ്പിക്കുമാറ്, വായനക്കാരെ ഞെട്ടിക്കാനും രസിപ്പിക്കാനും പുതിയ വഴികൾ കണ്ടെത്താൻ മർഡോക്കിന്റെ എഡിറ്റർമാരും
റിപ്പോർട്ടർമാരും മാനേജർമാരും നിയോഗിക്കപ്പെട്ടു. സാധാരണക്കാരും അല്ലാത്തവരുമായ ആളുകളുടെ സ്വകാരജീവിതത്തിൽ നുഴഞ്ഞുകയറി, ചൊടിപ്പിക്കുകയോ ഇക്കിളിപ്പെടുത്തുകയോ ചെയ്യുന്ന വർത്തമാനം അച്ചടിക്കുന്ന വഴക്കം അവർ തുടങ്ങിവെച്ചു. അതിന്റെ തുടർച്ചെയ്ന്നോണം, ബ്രിട്ടിഷ് രാജ്ഞിയുടെയും പ്രധാനമന്ത്രിയുടെയും സ്വകാര്യങ്ങളിലേക്കുപോലും മർഡോക്കിന്റെ
അപസർപ്പകലേഖകർ കയറിച്ചെന്നിരിക്കുന്നു. പ്രധാനമന്ത്രിയായിരുന്ന ഗോർഡൺ ബ്രൌണിന്റെ കുട്ടികളുടെ അസുഖത്തെപ്പറ്റിപ്പോലും അവർ വാർത്ത കത്തിച്ചു. തികഞ്ഞ നിസ്സഹായതയോടെ ബ്രൌൺ വിലപിച്ചു: “എന്നെപ്പോലെ സംരക്ഷണമുള്ള ഒരാൾക്ക് രക്ഷയില്ലെങ്കിൽ, സാധാരണപൌരന്റെ സ്ഥിതി എന്തായിരിക്കും?”
വാർത്ത ശേഖരിക്കുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും പഴയ വഴക്കങ്ങളൊന്നും മർഡോക്കിനു ബാധകമല്ല. ആളുകളെ രസിപ്പിക്കണം. അതു വഴി മാധ്യമത്തിന്റെ വ്യാപ്തിയും ശക്തിയും വളരണം. അത്രയേ ലക്ഷ്യമുള്ളു. സത്യാവസ്ഥയെപ്പറ്റിയും സദാചാരത്തെപ്പറ്റിയും ഉള്ള വേവലാതിയൊന്നും അതിനു തടസ്സമാവില്ല.
എൺപതുകളുടെ തുടക്കത്തിൽ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു പത്രം പണ്ടൊന്നും കേൾക്കാത്ത കുറെ ഹിറ്റ്ലർ കഥകൾ പുറത്തിറക്കി. അതൊക്കെ വ്യാജമായിരുന്നുവെന്ന് ഉടനേ തെളിഞ്ഞു. മർഡോക് കുലുങ്ങിയില്ല. അത്ഭുതാവഹമായ സമചിത്തതയോടെ അദ്ദേഹം പറഞ്ഞു: “അതിനെന്താ? നമ്മളൊക്കെ വിനോദവ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവരല്ലേ?”
വിനോദവും വ്യവസായവും വളരാൻ അദ്ദേഹത്തിന്റെ പ്രതിഭ മാത്രം പോരായിരുന്നുവെന്നതാണ് വാസ്തവം. അപ്പപ്പോൾ അതാതു നാട്ടിലെ അധികാരികൾ അദ്ദേഹത്തിന് കൂട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഉത്തമസുഹൃത്താണ് ബ്രിട്ടണിലെ ഇപ്പോഴത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ. എവിടെയൊക്കെ അദ്ദേഹത്തിന്റെ സൌഹൃദം വ്യാപിച്ചിരിക്കുന്നുവെന്ന് വഴിയേ തെളിയും. ആ സൌഹൃദശൃംഖലയുണ്ടായിട്ടും മർഡോക്കിന്റെ വിനോദത്തിന് ഭംഗം വരാൻ തുടങ്ങിയിരിക്കുന്നുവെന്നത് ജനവിധിയുടെ ബലം തന്നെ. അലസമായി രസിക്കാനും അന്യരുടെ രഹസ്യം കേട്ടും കണ്ടും ഇക്കിളി കൊള്ളാനും കാത്തിരിക്കുന്ന ജനത്തിന്റെ പിന്തുണകൊണ്ടാണ് മർഡോക്കിന്റെ മാധ്യമവ്യാപാരം ഇതു വരെ പിഴച്ചതെന്നുകൂടി, ഒരു വിരോധാഭാസമായി, ഇവിടെ പറഞ്ഞുവെക്കണം.
(malayalam news july 18)