പുര ഓല മേഞ്ഞിരുന്ന കാലത്ത് ചോർച്ച പതിവായിരുന്നു. എത്ര നന്നായി കെട്ടിയാലും അവിടവിടെ ചോർന്നുകൊണ്ടിരിക്കും. ചോർച്ച അടച്ചും അടക്കാതെയും ആളുകൾ ജീവിച്ചു ശീലിച്ചു പോന്നു. ഓലക്കു പകരം മേൽക്കൂര ഓടു മേഞ്ഞു തുടങ്ങിയപ്പോൾ, ചോർച്ച കുറെ നിന്നു. എന്നാലും എന്തെങ്കിലും പൊട്ടിവീണ് ഓടു തകർന്നോ, അല്ലെങ്കിൽ രണ്ട് ഓടിന്റെ ഇടയിലൂടെയോ, വെള്ളം ചോർന്നു കൊണ്ടിരുന്നു. ചെറിയ തോതിലാണെങ്കിലും ചോർച്ച ഒരു ശീലമായി തുടർന്നു. പുതിയ മേച്ചിൽ സങ്കേതങ്ങൾ വന്നപ്പോഴേ ചോർച്ച നിന്നുള്ളു.
വാസ്തവത്തിൽ പുതിയ സങ്കേതങ്ങൾ ചോർച്ച എളുപ്പമാക്കിയിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ അനുഭവം. ഇന്ത്യയിലും അമേരിക്കയിലും അത് ഒരേ സമയം തെളിഞ്ഞിരിക്കുന്നു. അമേരിക്കയിൽ സർക്കാരിനെ വട്ടത്തിലാക്കുന്ന മട്ടിൽ രഹസ്യങ്ങൾ ഒന്നൊന്നായി ചോർന്നു കോണ്ടിരിക്കുന്നു. ആഭ്യന്തര നയത്തിലും വിദേശബന്ധത്തിലും പരുങ്ങൽ ഉണ്ടാക്കാവുന്ന കാര്യങ്ങൾ പുറത്താവുന്നു; അതാകട്ടെ, സ്ഥിരീകരിക്കാനോ നിഷേധിക്കാനോ വയ്യാത്ത രീതിയിലാണു താനും. കാരണം എപ്പോഴും ഭാഗികമായിരിക്കും. ഭാഗികമായി എല്ലാ ചോർച്ചയും സത്യമായിരിക്കുകയും ചെയ്യും. പകുതി നിഷേധിക്കപ്പെടുമ്പോൾ പകുതി സ്ഥിരീകരിക്കപ്പെടുമെന്നതാണല്ലോ ഫലപ്രദമായ ചോർത്തയുടെ രീതിശാസ്ത്രം.
ഏതു ഭരണകൂടത്തിനും പുറത്തു പറയാൻ കൊള്ളാത്തതു പലതും ഉണ്ടാകും. ശത്രുവിനെ ഒതുക്കാനുള്ള സൂത്രങ്ങൾ എപ്പോഴും രഹസ്യമായിരിക്കണമല്ലോ. രഹസ്യാത്മകതയും അത്ഭുതത്തിന്റെ അംശവുമാണ് ശത്രുവിനോടുള്ള സമീപനത്തിലെ നിർണ്ണായകഘടകം. ശത്രുവിന്റെ ശക്തിയും ദൌർബ്ബല്യവും മനസ്സിലാക്കാനും അതിനു മറുമരുന്നു കാണാനും ധർമ്മനീതിക്കു നിരക്കാത്തതു പലതും ചെയ്യേണ്ടി വരും. അതു ഫലപ്രദമാകുകയും രഹസ്യമായിരിക്കുകയും ചെയ്യുന്നിടത്തോളം കുഴപ്പമില്ല. ഉള്ളുകള്ളി പുറത്തായാലോ, സർവത്ര ബഹളമാകും. രഹസ്യമായി അതിനെ അനുകൂലിക്കുന്നവർ പോലും പരസ്യമായി അതിനെ തള്ളീപ്പറയും. അതുകൊണ്ടാണ് സുരക്ഷിതത്വത്തിന്റെ കാര്യങ്ങളെല്ലാം പുറത്തുവിട്ടാൽ കുറ്റമാക്കുന്ന ഔദ്യോഗികരഹസ്യനിയമം എല്ലായിടത്തും എല്ലാ കാലത്തും നിലവിലിരുന്നത്. അതുകൊണ്ടുതന്നെയാണ് രഹസ്യം ചോർത്തുന്ന മാധ്യമപ്രവർത്തനത്തിൽ ധീരതയുടെയും അപസർപ്പകത്വത്തിന്റെയും അംശം കലർന്നതും.
അമേരിക്കൻ സർക്കാരിനെ മുഴുവൻ വിരട്ടി നിർത്തിയിരിക്കയാണ് വിക്കി-ലീക്സിന്റെ സ്ഥാപകൻ. പ്രതിരോധത്തിന്റെയും ആഭ്യന്തരസുരക്ഷയുടെയും വിദേശബന്ധത്തിന്റെയും ഇരുണ്ട വശങ്ങൾ അദ്ദേഹം ഒന്നൊന്നായി പുറത്തുകൊണ്ടുവന്നിരിക്കുന്നു. പുറത്തുവന്നത് വരാനിരിക്കുന്നതിനെക്കാൾ എത്രയോ ചെറുതാണെന്ന സൂചന എവിടെയും ഭയവും സംശയവും വളർത്തുന്നതു കാണാം. കടലാസ്സുകെട്ടുകളിൽ എഴുതിനിറച്ച രഹസ്യങ്ങൾ സൂക്ഷിക്കാൻ വഴി പലതുമുണ്ട്. തിയറിയുടെ തലത്തിലെങ്കിലും, കടലാസ്സിൽ കുറിച്ചിട്ട ഔദ്യോഗികരഹസ്യങ്ങൾ തീർത്തും ബന്തവസ്സായി വെക്കാനും, ഏതു ചോർച്ചക്കാരന്റെയും പിടിക്കപ്പുറത്താക്കി നിർത്താനും കഴിയും. ടെലഫോണിലും പല തരം രഹസ്യഭാഷ ഉപയോഗിച്ച് ചോർച്ചക്കാരെ പരാജയപ്പെടുത്തുന്ന പതിവുണ്ട്. അങ്ങനെ ഗൂഢഭാഷ ഉണ്ടാക്കുന്നതും പൊളിക്കുന്നതും ഇന്റലിജൻസ് ലോകത്തെ ഒരു വിശിഷ്ടവൈദഗ്ധ്യമായി മാറി.
അദൃശ്യമായ രീതിയിൽ അക്ഷരങ്ങളെയും അക്കങ്ങളെയും ചിത്രങ്ങളെയും ശേഖരിക്കുന്ന സങ്കേതം കമ്പ്യൂട്ടർ വഴിയും ഇന്റർനെറ്റു വഴിയൂം ഉരുത്തിരിഞ്ഞതോടെ, രഹസ്യക്കാർക്ക് രസമായി. ഇഷ്ടം പോലെ എന്തും എഴുതിവെക്കാം. ഭൂമിയുടെ അരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക്, എന്തിന്, മാനത്തിന്റെ ഒരറ്റത്തുനിന്ന് ഭൂമിയുടെ ഒരു അറ്റത്തേക്ക്, ആരെയും കൂസാതെ ഇമ വെട്ടുന്ന വേഗത്തിൽ വിവരം കൈമാറാം. ലോകത്തെ മുഴുവൻ ഒരേ സമയം വളരെ അടുത്ത അയൽ പക്കവും ഒരിക്കലും തമ്മിൽ കാണാൻ വയ്യാത്ത അകൽച്ചയുമാക്കിയതായി തോന്നി, ആ സങ്കേതത്തിന്റെ വരവോടെ. അകന്നിരിക്കെത്തന്നെ അയൽ ക്കാരാകുക, അടുത്തിരിക്കെത്തന്നെ ആയിരം രഹസ്യങ്ങൾ ഉള്ളിലൊതുക്കിയിരിക്കുക--അതൊക്കെ സംഭവിക്കുന്നെന്നു തോന്നിയപ്പോഴാണ് ചോർത്താൻ വയ്യാത്തതായി ഒന്നുമില്ലെന്നു തെളിയിക്കുന്ന പുതിയ സങ്കേതത്തിന്റെ ഉത്ഭവം. എല്ലാവരെയും നഗ്നരാക്കി നിർത്തുന്നതാണ് ഈ സങ്കേതം.
അമേരിക്കയിൽ നടന്നതിന്റെ വിദൂരമായ അനുകരണം പോലുമാകുന്നില്ല ഇന്ത്യയിൽ നടന്ന നീരാ റാഡിയ സംഭാഷണങ്ങളുടെ ചോർച്ച. ആരെയും കൂച്ചുവിലങ്ങിടാൻ വേണ്ട വിവരങ്ങളൊന്നും അതു വഴി പുറത്തു വന്നിട്ടില്ല. മാധ്യമപ്രവരരും മന്ത്രിമാരും ന്യായാധിപരും വ്യവസായപ്രതിഭകളും, എല്ലാവരും, എന്തിനും പോന്നവരാണെന്ന സൂചനയേ ഇതു വരെ ആ സംഭാഷണങ്ങളിൽനിന്നു കിട്ടിയിട്ടുള്ളൂ. പക്ഷേ എന്തിനും പോന്നവർ എന്തൊക്കെയോ ചെയ്തുകാണുമെന്ന സംശയം ബലപ്പെടുത്തുന്നതാണ് ചോർച്ച തടയണമെന്ന രത്തൻ ടാറ്റയുടെ ഹരജി. ആരുടെയും സംഭാഷണം കണ്ടമാനം ഒളിച്ചുകേൾക്കരുതെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശവും ആ സംശയത്തിന്റെയും ഭയത്തിന്റെയും നിഴലിൽ വെച്ചു വേണം മനസ്സിലാക്കാൻ. എല്ലായിടത്തും അധികാരതിന്റെ അടിത്തറ രഹസ്യം ചേർത്തു വിളക്കിയെടുത്തതാണെന്നു കാണാം, സൂക്ഷിച്ചു നോക്കിയാൽ.
വ്യക്തികളെപ്പറ്റി പറയുമ്പോൾ, ഒളിച്ചുവെക്കാൻ ഒന്നുമില്ലാത്തവർക്ക് ജീവിതത്തിൽ ലാഘവം അനുഭവപ്പെടുമെന്ന് പറയാറുണ്ട്. പച്ച മലയാളത്തിൽ പറഞ്ഞാൽ, രഹസ്യമില്ലാത്തവർക്ക് എളുപ്പം ഉറങ്ങാൻ കഴിയും. വലിയൊരു പരിധി വരെ, ഇത് സമൂഹത്തെപ്പറ്റിയും--സർക്കാരിനെപ്പറ്റിയും--പറയാം. സർക്കാർ ചെയ്യുന്നതൊന്നും ഒളിച്ചുവെക്കേണ്ടതല്ല എന്നതാണ് പുതിയ ജനാധിപത്യത്തിന്റെ പ്രമാണം. ഔദ്യോഗികനിയമത്തിന്റെ വ്യാപ്തി കുറച്ചും വിവരാവകാശനിയമം വ്യപകമാക്കിയും ആ പ്രമാണം പ്രാവർത്തികമാക്കി വരികയാണ്. സുതാര്യതയാണ് പുതിയ മുദ്രാവാക്യം. പിടിക്കപ്പെടുമെന്നറിഞ്ഞാൽ, ഏതു കള്ളനും കക്കാൻ ഒന്ന് അറയ്ക്കും എന്ന സങ്കല്പമാണ് അതിന്റെ അടിസ്ഥാനം. അതുകൊണ്ട് രഹസ്യങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യതയെ നമുക്ക് തിമിർത്തും കൊണ്ടാടാം.
പുര മേയുന്ന പുതിയ സങ്കേതം ചോർച്ച ഒഴിവാക്കാൻ സഹായിക്കുന്നുവെന്നു പറഞ്ഞുകൊണ്ടു തുടങ്ങിയതാണ് ഈ കുറിപ്പ്. പറഞ്ഞുപറഞ്ഞുവന്നപ്പോൾ, വാർത്താവിനിമയത്തിന്റെ പുതിയ സങ്കേതം, വാർത്തയെ, വിവരത്തെ, രഹസ്യത്തത്തന്നെ, ആർക്കും മനസ്സിലാക്കാവുന്ന പൊതുമുതലാക്കിയിരിക്കുന്നുവെന്ന നിഗമനത്തിൽ എത്തി. ആ കണ്ടെത്തൽ പേടിപ്പെടുത്തുന്നതല്ല, ആഘോഷിക്കേണ്ടതു തന്നെ. ഒന്നും ഒളിച്ചുവെക്കാനില്ലാത്ത ലോകത്തെപ്പറ്റിയുള്ള സ്വപ്നമെങ്കിലും ആ ചിന്ത പോഷിപ്പിക്കും. ഒളിഞ്ഞിരിക്കുന്നതു ചോർത്തിനോക്കുന്നതാണല്ലോ എല്ലാവരുടെയും കമ്പം--ചാരന്മാരുടെയും പ്രചാരകന്മാരുടെയും പത്രപ്രവർത്തകരുടെയും ശാസ്ത്രജ്ഞരുടെയും സൂഫി-സന്യാസിമാരുടെയും.
(malayalam news)
Monday, February 7, 2011
വീഴാനാണെങ്കിൽ, താജിലുമാകാം
വീഴാനാണെങ്കിൽ, കുണ്ടും കുഴിയും നിറഞ്ഞ വഴി വേണമെന്നില്ല. നടപ്പാതയിൽ പൊടുന്നനവേ കാണാതാവുന്ന സിമന്റ് പലക വേണമെന്നില്ല. വീഴാനാണെങ്കിൽ, എവിടെയും വീഴാം. താജിന്റെ പുൽത്തകിടിയിൽ പോലും വീഴാം. വീണു. എല്ലൊടിഞ്ഞു. രണ്ടെണ്ണം.
വീഴ്ച കണ്ടുനിന്നിരുന്ന ഭാഷാശാസ്ത്രജ്ഞ്നായ ഒരാൾ പറഞ്ഞു:“വെറും വീഴ്ചയല്ല, പഞ്ചനക്ഷത്രപതനം.” വാസ്തവത്തിൽ തെളിഞ്ഞ മാനത്തുനിന്ന് നക്ഷത്രങ്ങൾ വീഴുന്നതുപോലെത്തന്നെ തോന്നി. കടൽത്തിരകൾ പൊട്ടിച്ചിരിക്കുന്നതുപോലെ തോന്നി, എന്റെ വീഴ്ച കണ്ട്. ജപ്പാനിലെ കേമനായ ഒരു വാസ്തുശില്പി രൂപകല്പന ചെയ്തതാണത്രേ കോവളത്തെ താജിന്റെ പുൽത്തകിടി. വീഴാനാണെങ്കിൽ അതും മതിയെന്ന് ഞാൻ വീണ്ടും ഓർത്തു.
അപ്പോൾ ആസ്പത്രിയിൽ എന്നെ കാണാൻ വന്ന അറിവുള്ള ഒരാൾ ഓർമ്മിപ്പിച്ചു: എല്ലൊടിയാൻ വീഴണമെന്നില്ല. കയ്യൊന്നു തിരിഞ്ഞാൽ മതി, കാലൊന്നു വലിഞ്ഞാൽ മതി, എല്ലു പൊട്ടാം. വീണാലും പൊട്ടണമെന്നില്ല. താജിന്റെ പുൽത്തകിടിയിൽ വീണു കിടക്കുന്ന എന്നെ നോക്കാൻ ഓടിവന്ന ഒരാളും വീണിരുന്നു. ഒന്നും പറ്റാതെ അയാൾ എണീറ്റു പോയി. എനിക്കു ചിരിക്കാനായില്ല. അത്ഭുതമേ തോന്നിയുള്ളു. വീണാലും എല്ലൊടിയാതിരിക്കാം. വീഴാതെയും ഒടിയാം. നമുക്ക് എന്തു ചെയ്യാൻ കഴിയും?
താജല്ലേ, വക്കീലിനെ ഇറക്കി വ്യവഹാരമാകാമെന്ന് ഒരാൾ പറഞ്ഞു. അശ്രദ്ധ തെളിയിക്കാൻ പാടാകുമെന്ന് വേറൊരാൾ ഉപദേശിച്ചു. ഉപഭോക്തൃനിയമം നിലവിൽ വന്ന കാലത്ത് മെഡിക്കൽ കോളെജിൽ അപകടം പിണഞ്ഞ ഒരാളുടെ കേസ്സുമായി ഡൽഹിയിൽ പോയതോർത്തു. ഏറാടിയായിരുന്നു ന്യായാധിപൻ. വക്കീലിനും കോടതിക്കുമൊഴിച്ചാൽ, ആർക്കും അതുകൊണ്ട് ഒരു ഫലവുമുണ്ടായില്ല. അശ്രദ്ധ തെളിഞ്ഞില്ല. വ്യവഹാരം വേണ്ടെന്നു വെക്കാൻ തീരുമാനിച്ചത് പെട്ടെന്നായിരുന്നില്ല. ഓരോരോ ഞായം മനസ്സിൽ വന്നുകൊണ്ടിരുന്നു. വീട്ടിൽ വരുന്നൊരാൾ പടിക്കൽ കെട്ടിമറിഞ്ഞുവീണാൽ, അയാളുടെ ഭാരം മുഴുവൻ ഞാൻ ഏൽക്കണോ? ഞാൻ വിളിച്ചു വരുത്തി ജോലിക്കു വെച്ച ആളാണെങ്കിൽ, ശരി, ഭാരം ഞാനും താങ്ങേണ്ടിവരും. അല്ലാത്ത അവസരത്തിൽ, ഒരു കാണിയുടെ ധാർമ്മികോത്തരവാദിത്വമല്ലേ എനിക്കുള്ളൂ? അതല്ല, അമേരിക്കൻ രീതിയിൽ, അറിഞ്ഞോ അറിയാതെയോ അപകടത്തിനു വേദിയൊരുക്കുന്ന ആർക്കും അതിന്റെ ഉത്തരവാദിത്വത്തിനിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ലെന്ന വാദവും മുഴങ്ങി.
പക്ഷേ എനിക്ക് വ്യവഹാരത്തിനു മനസ്സു വന്നില്ല. എന്നെ ആസ്പത്രിയിൽ എത്തിച്ചു പോയ താജിലെ ഉദ്യോഗസ്ഥൻ പിന്നെ തിരിഞ്ഞു നോക്കാത്തതിൽ കാലുഷ്യം തോന്നി. എനിക്കു പരിചയമുള്ള വലിയൊരു മാനേജർ ഒഴിഞ്ഞുമാറിയതു കണ്ടപ്പോഴും വിഷമം തോന്നി. പക്ഷേ അതിനെയൊക്കെ നിസ്സാരമാക്കുന്ന വിധത്തിൽ എന്റെയുള്ളിൽ നന്ദി നിറയുകയായിരുന്നു. നന്ദി തോന്നുമ്പോൾ വ്യവഹാരത്തിനു മനസ്സു വരില്ല.
അത്രയേറെ അടുപ്പമൊന്നുമില്ലാത്ത പലരും സഹായത്തിനെത്തി. റൂബിനും ഗൌരിയും നേരം പുലരും വരെ ആസ്പത്രിയിൽ കൂട്ടിരുന്നു. എന്റെയൊപ്പം ഗൌരി ഒരിടക്ക് ജോലി ചെയ്തിരുന്നെന്നേയുള്ളു. റൂബിനുമായി പരിചയപ്പെട്ടിട്ട് ഏറെക്കാലമായില്ല. തമ്പാനെയാകട്ടെ, ഏതാനും മണിക്കൂർ മുമ്പ് കണ്ടിരുന്നതേയുള്ളു, ആദ്യമായി. അവരുടെ സൌമനസ്യത്തിന്റെ ഓർമ്മയിലും നന്ദിയിലും വ്യവഹാരചിന്ത കെട്ടുപോയി. ഞാൻ ആവശ്യപ്പെടാത്ത സൌഹൃദങ്ങൾ കിട്ടിയാൽ, പിന്നെ എന്തു വേണം?
അനന്തപുരി ആസ്പത്രിയിൽ എന്നെ കണ്ടപ്പോൾ ഡോ രാധാകുമാരി ഒരു തരത്തിൽ സന്തോഷിക്കുകയായിരുന്നു. ഞാൻ അനന്തപുരിയിലാണെന്നു കേട്ടപ്പോൾ, അവർ പേടിച്ചു: ഒന്നുകിൽ മാർത്താണ്ഡ പിള്ളയെ കാണാനാകും, അല്ലെങ്കിൽ ബാഹുലേയനെ. ഒന്നുകിൽ തലച്ചോറിനു കേട്, അല്ലെങ്കിൽ ഹൃദയത്തിന്. രണ്ടുമില്ല, എല്ലൊടിഞ്ഞതേയുള്ളു എന്നു മനസ്സിലായപ്പോൾ, എന്തിനോടെല്ലാമോ നന്ദി പറഞ്ഞു--അവരും ഞാനും. എന്റെ പൊട്ടിയ എല്ലുകൾ കൂട്ടിച്ചേർത്ത ഡോ ഗോപാൽ ആസ്പത്രി രഹസ്യം പങ്കിടാൻ എത്രയോ നേരം എന്റെ മുറിയിൽ തങ്ങി. വിശ്വസിക്കാൻ കൊള്ളാവുന്ന ആളാണു ഞാനെന്ന ധാരണ ഉളവാക്കി. ആ ധാരണ നേടാൻ വേണ്ടിയല്ലേ എല്ലാവരും ജീവിതം മുഴുവൻ വിനിയോഗിക്കുന്നത്?
നഴ്സുമാർ എന്റെ കൂട്ടുകരായി. അവർ എന്നെ അങ്കിൾ എന്നു വിളിക്കുന്നതു കേട്ടപ്പോൾ, ഒരു കരിയർ മുഴുവൻ ആസ്പത്രിയിൽ, ഓപ്പറേഷൻ തിയേറ്ററിൽ, കഴിച്ച ഡോ മോഹനൻ അത്ഭുതപ്പെട്ടു. അവർ ജോലി ക്ഴിഞ്ഞു പോകുമ്പോൾ, എന്നോട് പ്രത്യേകം യാത്ര പറഞ്ഞു. പുതിയൊരു പിതൃപുത്രീബന്ധം പിറന്നതുപോലെ. ഓരോ ബന്ധത്തിന്റെയും പിറവിയുടെ പേരിൽ എനിക്ക് അകമഴിഞ്ഞ നന്ദി തോന്നി.
മുഷിഞ്ഞ ഒരു വൈകുന്നേരം എന്നെ കാണാൻ വന്ന ഡോ രാജശേഖരൻ നായർ കവിതയും മസ്തിഷ്കശാസ്ത്രവും മനുഷ്യന്റെ പരമമായ നിസ്സഹായതയും ഉപന്യസിക്കുന്ന കൂട്ടത്തിൽ, ഊറിച്ചിരിച്ചുകൊണ്ടുതന്നെ ഇങ്ങനെയും പറഞ്ഞു: “ഇതല്ലേ? ഇവിടേയല്ലേ? നന്നായി. താഴോട്ടോ മേലോട്ടോ ആയിരുന്നെങ്കിൽ, സംഗതി പോക്ക്. ഫീമറോ ഹിപ്പോ പൊട്ടിയെങ്കിൽ, ആറുമാസത്തിൽ കുറയാതെ കിടന്നേനെ. ഇതു സാരമില്ല. നന്ദി പറയുക.” ഞാൻ നന്ദി പറഞ്ഞു, പറ്റാതെ പോയ ആയിരം അപകടങ്ങൾക്ക്.
ഞാൻ പെട്ടെന്ന് വടക്കൻ വീരഗാഥ പാടി. കണ്ണപ്പൻ ചേകവരെ ഓർത്തു. കുട്ടികൾക്ക് സൌഭദ്രം എന്ന പുത്തൂരം അടവ് പറഞ്ഞുകൊടുക്കുമ്പോൾ, അദ്ദേഹം ഓർമ്മിപ്പിച്ചു: “മൂന്നു പന്തിപ്പഴുതു ഞാൻ കാണുന്നു. ഏതിലും തല വീഴാം. വീഴും.” ഒന്നും പറ്റാതെ പോകുന്ന പന്തിപ്പഴുതുകളുടെ പേരിൽ നന്ദി പറയുക. ഞാൻ പെട്ടെന്ന് അയ്യപ്പപ്പണിക്കരെയും ഓർത്തു. ഞങ്ങൾ ഒരിക്കൽ നടത്താൻ ശ്രമിച്ച മസ്ത്ഷ്കപഠനകേന്ദ്രത്തിന്റെ യോഗത്തിൽ അദ്ദേഹം അധ്യക്ഷനായിരുന്നു. ഭ്രൂണത്തിന്റെ ഉത്ഭവത്തിനിടയിൽ, മസ്ത്ഷ്കത്തിന്റെ വികാസത്തിനിടയിൽ, വീഴ്ത്താതെ പോകുന്ന ആയിരം പന്തിപ്പഴുതുകളുടെ പേരിൽ ഞാൻ നന്ദി പറഞ്ഞു. അയ്യപ്പപ്പണിക്കരുടെ കുസൃതി പൊട്ടി: “പതിവില്ലാതൊരു വിനയം കേൾക്കുന്നല്ലോ. പ്രായമാകുകയാണോ?” ആണോ? നന്ദി തോന്നാൻ പ്രായമാകണോ?

പേടിയും പേടിച്ചിരിയും
ആറ്റൂർ രവി വർമ്മയുടെ കവിത ഞാൻ അധികം വായിച്ചിരുന്നില്ല. വായിച്ചപ്പോൾ അദ്ദേഹത്തിന്റെ പേടിയും പേടിച്ചിരിയും എന്നെയും ആവേശിക്കുന്നതുപോലെ തോന്നി. പക്ഷേ എന്നെ കീഴ്പ്പെടുത്തിയത്, തണുത്ത കൈകൾകൊണ്ട് പിന്നിൽനിന്ന് പിടാലിയിൽ ആരോ പിടിക്കുന്നുവെന്ന ആറ്റൂർ പേടിയായിരുന്നില്ല. ആസ്പത്രിക്കിടക്കയിൽ കിടന്ന് ഞാൻ നട്ടുനനച്ച പേടിക്ക് കുറെക്കൂടി ലൌകികത്വം ഉണ്ടായിരുന്നു. ശസ്ത്രക്രിയയുടെ തലേന്നാൾ ഞാൻ മോഹനനെ വിളിച്ചു. മോഹനൻ പെട്ടെന്ന് ഓർത്തു പറഞ്ഞു: :“വേണ്ടപ്പെട്ട ആൾ തന്നെയാണല്ലോ അനെസ്തേഷ്യ മേധാവി.“ എന്നുവെച്ചാൽ, എന്നെ ബോധം കെടുത്തേണ്ട വകുപ്പിന്റെ മേധാവി എന്നെപ്പറ്റി നല്ലതു മാത്രം വിചാരിക്കേണ്ട ആളായിരുന്നില്ല. ഇരുപത്തിരണ്ടുകൊല്ലം പഴയതാണ് കഥ. ഒരിക്കലും ബോധം തിരിച്ചുകിട്ടാതെ പോയ ഒരാളുടെ കഥ ഞാൻ പൊലിപ്പിച്ച് എഴുതിയിരുന്നു. ആരെയും പേരെടുത്ത് വിചാരണ ചെയ്തില്ലെങ്കിലും, അനെസ്തേഷ്യ വിഭാഗത്തിന് അതൊന്നും ഇഷ്ടപ്പെട്ടുകാണില്ല. അന്ന് അവിടെ മേധാവി ആയിരുന്നയാൾ ഇപ്പോൾ എന്നെ ബോധം കെടുത്തുന്ന വിഭാഗത്തിന്റെ മേധാവി. മോഹനന്റെ തുറന്ന തമാശയും എന്റെ രഹസ്യമായ പേടിയും കൊഴുത്തു. കരുതിക്കൂട്ടി ഒരു ഡോക്റ്ററും ഒരു രോഗിയെയും ദ്രോഹിക്കില്ല. എന്നാലും മനസ്സിലാക്കാവുന്ന, പറഞ്ഞൊതുക്കാവുന്ന അബദ്ധം വന്നുകൂടേ? ബോധം കെടാൻ പോകുന്ന രോഗിക്കാണെങ്കിൽ ഒന്നും പറയാനും ചെയ്യാനും വയ്യ താനും. എന്റെ പേടി ഞാൻ ഭാര്യയോടു പോലും പങ്കിട്ടില്ല. മോഹനൻ മനസ്സിലാക്കിയോ എന്തോ? ഏതായാലും രാവിലെത്തന്നെ എത്തി അദ്ദേഹം തിയേറ്ററിനു ചുറ്റും കറങ്ങി, ശസ്ത്രക്രിയ കഴിയുവോളം. ബോധം തെളിഞ്ഞ് ഞാൻ ഭാര്യയുടെയും മോഹനന്റെയും മുഖം കണ്ടപ്പോൾ, പേടിച്ചതൊന്നും നടന്നില്ലല്ലോ എന്നോർത്ത് ഉള്ളുകൊണ്ട് ചിരിച്ചു പോയി. ഒരുതരം ആറ്റൂർ പേടിച്ചിരി. പേടി പിന്നെയും പടർന്നു. ഒന്നു മയങ്ങി ഉണർന്നപ്പോൾ, ലോകം കീഴ്മേൽ മറിഞ്ഞിരിക്കുന്നു. ഞാനും കിടക്കുന്ന കട്ടിലും ലംബമായി നിൽക്കുന്നു! . കസാലയിൽ ഇരിക്കുന്ന ഭാര്യ എത്രയോ താഴെ പോയിരിക്കുന്നു. തട്ടിൽ തൂങ്ങുന്ന ഫാൻ ചുമരിലേക്കു മാറിയിരിക്കുന്നു. എല്ലാം തകിടം മറിഞ്ഞിരിക്കുന്നു! സത്യം എന്തെന്ന് എനിക്കറിയാം, പക്ഷേ അതും കാണുന്ന കാഴ്ചയും തമ്മിൽ പൊരുത്തപ്പെടുത്താൻ കഴിയാതായിരിക്കുന്നു! പൊരുത്തമില്ലായ്മയെ പേടിച്ച് ഉറങ്ങാൻ വയ്യാതായിരിക്കുന്നു! ബോധം കെടുത്താൻ ഉപയോഗിക്കുന്ന പ്രൊപൊഫോൽ എന്ന മരുന്നിന്റെ പാർശ്വഫലമായിരിക്കുമെന്ന് ഡോക്റ്റർ പറഞ്ഞു. അല്പം കഴിഞ്ഞാൽ മാറുമെന്ന് ആശ്വസിപ്പിച്ചു. പരതിപ്പരതിപ്പോയപ്പോൾ, പ്രൊപൊഫോലിന്റെ വേറൊരു വശം പിടി കിട്ടി. അതു കഴിച്ചാൽ ചിലർക്ക് ജനനേന്ദ്രിയം എപ്പോഴും മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുന്നതുപോലെ തോന്നുമത്രേ! വയസ്സുകാലത്ത് അങ്ങനെയൊരനുഭവം ഉണ്ടാകാതെ പോയതിന്റെ പേരിൽ പിന്നെയും പേടിച്ചിരി. എല്ലാം തല തിരിഞ്ഞു കണ്ടിരുന്ന ഭ്രാന്തൻ കുഞ്ഞപ്പുവിനെ ഓർത്തു. അലക്ഷ്യമായി നടന്നുപോകുമ്പോൾ കുഞ്ഞപ്പു കുണ്ടനിടവഴിയിലോ കുന്നിൻപുറത്തോ ഒരു നിമിഷം സംശയിച്ചു നിൽക്കും. പിന്നെ തല കുത്തി, കാൽ രണ്ടും മാനത്തേക്കു നീട്ടി, ശീർഷാസനത്തിൽ അമരും. “ഹര ഹരോ ഹര ഹര!“ എന്നു പറഞ്ഞുകൊണ്ടിരിക്കും. ലോകത്തെ കീഴ്മേൽ മറിഞ്ഞു കാണാൻ ആയിരുന്നു കുഞ്ഞപ്പുവിന് ഇഷ്ടം. കുഞ്ഞപ്പുവിന്റെ ബോധാബോധമണ്ഡലം മസ്തിഷ്ക്കശാസ്ത്രജ്ഞർ പഠിക്കുകയുണ്ടായില്ല. എല്ലാവരിലും ഒരു കുഞ്ഞപ്പുവുണ്ടെന്നു തോന്നുന്നു. വല്ലപ്പോഴും എല്ലാം തല തിരിഞ്ഞു കാണാൻ ഇഷ്ടപ്പെടുന്ന കുഞ്ഞപ്പു. അതായിരിക്കണം കുടിയന്മാരും സിദ്ധന്മാരും ലഹരിസാധനം കഴിക്കുന്നതിന്റെ ഉദ്ദേശം. ഓരോരുത്തർക്കും ഓരോന്നായിരിക്കും അനുഭവം. ചില സാധനങ്ങൾ കഴിച്ചാൽ വായുവിൽ നീന്തുന്നതുപോലെ ലഘുത്വം തോന്നുമത്രേ. കൊച്ചിയിലെ നേവൽ ബേസിൽ ദേവാലയജോലിയുമായി വന്ന ഒരാൾ ബ്രോഡ് വേയിൽ മാർവാഡി ഭോജനാലയം തുറാന്നു. കാണുമ്പോഴെല്ലാം അദ്ദേഹം പറയും: “ആനന്ദ് ഹേ...” എപ്പോഴും അനുഭവപ്പെടുന്ന ആ ആനന്ദത്തിന്റെ രഹസ്യം ഭംഗ് എന്ന പദാർഥമായിരുന്നുവെന്നാണ് അനുഭവജ്ഞനായ അജിത് സിംഗിന്റെ നിഗമനം. അതൊന്നും കഴിക്കാതെയും സാധാരണമനുഷ്യർക്ക് കാണാൻ വയ്യാത്ത കാര്യങ്ങൾ ആധ്യാത്മികസിദ്ധികളുള്ളവർക്ക് അനുഭവവേദ്യമാകുമെന്ന് പറയപ്പെടുന്നു. ജി ശങ്കരക്കുറുപ്പു പോലും താൻ അറിയുന്ന സത്യം ഇല്ലെന്നു പറയുന്ന “നാവെനിക്കവിശ്വാസ്യം” എന്ന് എഴുതിയല്ലോ. ആ നാവ് ഇടമറുകിന്റെ ആയിരുന്നിരിക്കണം, എല്ലാം മനുഷ്യന്റെ വരണ്ട യുക്തികൊണ്ട് മനസ്സിലാക്കിക്കളയാം എന്ന് അഹങ്കരിക്കുന്ന ഭൌതികവാദിയുടെ. ആധ്യാത്മികാനുഭവങ്ങളെ മുഴുവൻ രോഗാവസ്ഥ എന്നു തള്ളിപ്പറയുന്നതിനെ വില്യം ജെയിംസ് ഒരു നൂറ്റാണ്ടു മുമ്പ് വിളിച്ചത് മെഡിക്കമെറ്റീരിയലിസം എന്നായിരുമതാനുഭവത്തിന്റെ വൈവിധ്യങ്ങൾ എന്ന പുസ്തകത്തിൽ. മതാനുഭവമല്ലാബോധമണ്ഡലത്തിൽ വ്യതിയാനങ്ങൾ വരുത്തുന്ന ചില സാധങ്ങളെപ്പറ്റിയും ഡോക്റ്റർ പറഞ്ഞു. ഉദാഹരണം കേറ്റാമിൻ. കേറ്റാമിൻ കൊടുത്ത് ബോധം കെടുത്തിയ ഒരാൾ, ബോധം തെളിഞ്ഞപ്പോൾ വീപാണ്ഡ്യകട്ടബൊമ്മന്റെ പേച്ച് ഉര ചെയ്യാൻ തുടങ്ങി പോലും! സത്യം സത്യമല്ലാതായി തോന്നിപ്പിക്കുന്ന ഒരു തരം ഗൂണമുണ്ട് അത്തരം മരുന്നുകൾക്ക്. അവാസ്തവീകരണം എന്നാണ് ആ പ്രക്രിയയുടെ പേർ. DEREALIZATION. ബോധോദയത്തിന്റെ നേരേ വിപരീതമാണ് ആ പ്രക്രിയ. ബോധോദയം പോലെ, പക്ഷേ തീർത്തും വിരുദ്ധമായി, അബോധോദയം. ഏതാണ്ടങ്ങനെയൊന്നായിരുന്ന് എല്ലാം കീഴ്മേൽ മറിഞ്ഞു കാണലും. അക്ഷരാർഥത്തിൽ തല തിരിഞ്ഞു കാണൽ. അല്പനേരത്തേക്കാണെങ്കിൽ ആ കാഴ്ച, ആ അവാസ്തവീകരണം, രസമായിരിക്കും. യന്ത്ര ഉഴിഞ്ഞാലിൽ ആടുമ്പോലെ, കുഞ്ഞപ്പുവിന്റെ മട്ടിൽ തല കുത്തി നിൽക്കുമ്പോലെ, ആവശ്യത്തിലേറെ മിന്നിച്ചാലെന്ന പോലെ. പക്ഷേ ആ അവാസ്തവീകരണം സ്ഥിരമായാലോ? ലഹരി ഇറങ്ങി, മരുന്നിന്റെ ഒതുങ്ങി, കാഴ്ചയും കേൾവിയുമൊക്കെ സാധാരണഗതിയിലാകുന്നു. അതാകുന്നു പ്രകൃതിയുടെ ഇന്ദ്രജാലം. അതു നടന്നില്ലെങ്കിലോ? എല്ലാം തല തിരിഞ്ഞുതന്നെ നിന്നാലോ? നിന്നില്ല. ഭാഗ്യം. ആറ്റൂരിന്റെ പേടിച്ചിരിയിലേക്കു പോകാം. മീശ പിരിച്ചും കണ്ണുരുട്ടിയും ലാത്തി വീശിയും വരുന്ന ചുവന്ന തൊപ്പി എന്തൊക്കെ ചെയ്യുമോ എന്നായിരുന്നു പേടി. ഒടുവിൽ അയാൾ ട്രാഫിക് ഐസ്ലന്റിൽ കയറി, വാഹനങ്ങളെയും യാത്രക്കാരെയും വഴി തിരിച്ചുവിടാൻ തുടങ്ങിയപ്പോൾ ചിരി വന്നു. പേടിച്ചിരി.
(malayalam news)
(malayalam news)
റദ്ദാക്കപ്പെടുന്ന മൂല്യങ്ങൾ, ഇങ്ങനെയും
ഒരു റിപ്പബ്ലിക് ദിനത്തിലായിരുന്നു കെ പി ഹോർമിസിന്റെ മരണം. അദ്ദേഹത്തിന്റെ ഓർമ്മക്കായി, പതിവുപോലെ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലും അദ്ദേഹം സ്ഥാപിച്ച ഫെഡറൽ ബാങ്ക് ഒരു പരസ്യം കൊടുത്തു. പതിവുപോലെ ഇംഗ്ലിഷിൽ. മുമ്പും വാക്കുകൾ ഇംഗ്ലിഷ് ആയിരുന്നോ എന്നറിയില്ല. ഇത്തവണ അങ്ങനെ ആയിരുന്നു. മലയാളപത്രത്തിൽ ഇങ്ങനെ ഒരു പരസ്യം ഇംഗ്ലിഷിൽ കൊടുക്കുന്നതിലെ തമാശ മിന്നി മറഞ്ഞതേയുള്ളു. ഓർമ്മക്കുറിപ്പിൽ ഇളിച്ചുകാട്ടിയ ഇംഗ്ലിഷ് വാക്കുകളിലെ തമാശ എന്റെ ഉള്ളിൽ പൊട്ടിപ്പൊട്ടി പടർന്നു. ഇത്തരം പരസ്യം വായിക്കുന്ന ദുശ്ശീലമുള്ളവരുടെ ഉള്ളിലും അതു പൊട്ടിയളിഞ്ഞിരിക്കും. ഒരു പരസ്യവാക്യം ഇതായിരുന്നു: They set aside values, for generations to follow. ഹോർമിസിനെപ്പോലുള്ളവർ വരും തലമുറകൾക്ക് പിന്തുടരാനായി, മൂല്യങ്ങൾ റദ്ദാക്കിയെന്നർഥം. അവർക്ക് മൂല്യങ്ങൾ വേണ്ടെന്നു മാത്രമല്ല, പിന്മുറക്കാരെ മൂല്യങ്ങളിൽനിന്ന് വേർപെടുത്തണമെന്ന് നിർബ്ബന്ധവുമുണ്ടായിരുന്നെന്ന് വ്യംഗ്യം. ഹോർമിസ് എന്തെല്ലാമായിരുന്നില്ലെങ്കിലും, മൂല്യങ്ങൾ വെട്ടിനിരത്തിക്കളയുന്ന ഒരാളായി അറിയപ്പെടാൻ ആഗ്രഹിച്ചുകാണില്ല. അദ്ദേഹം പടുത്ത സ്ഥാപനം അങ്ങനെ ഓർക്കുന്നതും തമാശയല്ലേ? ഒരു പ്രയോഗത്തിലെ തെറ്റിൽ കേറിപ്പിടിച്ചു കളിക്കുന്നത് കൊള്ളില്ല. പക്ഷേ ആ തെറ്റു വരുത്താനുള്ള ചിലവൊന്നു കണക്കാക്കി നോക്കൂ. നാട്ടുകാരുടെ പണം, പരസ്യം അടിക്കുന്ന മാധ്യമത്തിനു ഗുണം. തെറ്റു വിറ്റു പിഴക്കുന്നവർക്കും ഗുണം തന്നെ. തെറ്റു വരുന്നതല്ല കുറ്റം. അറിയാത്ത ഭാഷയോ പ്രയോഗമോ വിളമ്പാൻ ഒരുമ്പെട്ട് വിപരീതാർഥം എഴുന്നള്ളിക്കുന്നതാണ് കഷ്ടം. നമുക്ക് അതാണല്ലോ ഇഷ്ടം, നന്നേ വശമില്ലാത്ത ഭാഷയും പ്രയോഗവും വേണ്ടാത്തിടത്തും കാച്ചുന്നത്. പരന്ത്രീസ് പറയുന്നതാണ് ഗമയെന്ന് പറയുന്നവരും കേൾക്കുന്നവരും പറയാനറിയാത്തവരും ഒരുപോലെ കരുതി വശായിരിക്കുന്നു. പണ്ടൊരിക്കൽ എന്റെ അനുജൻ പഠിപ്പിച്ചിരുന്ന ഒരു ട്യൂടോറിയൽ കോളെജിന്റെ പ്രിൻസിപ്പൽക്ക് ഇംഗ്ലിഷ് ആയിരുന്നു പഥ്യം. ഒരു സ്കൂളിലെ ശിപായിപ്പണി പോയപ്പോൾ അദ്ദേഹം തുടങ്ങിയതായിരുന്നു കോളെജ്. ഒരു ദിവസം നോടിസ് ബോർഡിൽ ഇങ്ങനെ ഒരു കുറിപ്പ് കണ്ടു: All students will be paid their fees on December 31. ഫീസ് വാങ്ങാൻ കുട്ടികൾ ഉടനേ പ്രിൻസിപ്പലുടെ മുറിയിൽ തിക്കിക്കേറുമെന്ന് ആരോ മുന്നറിയിപ്പു നൽകിയപ്പോൾ അദ്ദേഹം അന്ധാളിച്ചു പോയി. പിന്നെ അദ്ദേഹത്തിന് എന്നും ഇഷ്ടമായിരുന്ന കർമ്മണിപ്രയോഗം തൊട്ടിട്ടില്ലെന്നാണ് കേൾവി. അദ്ദേഹത്തിനു മാത്രമല്ല മലയാളികളിൽ നല്ലൊരു വിഭാഗത്തിനും കർമ്മണിപ്രയോഗത്തിലാണ് കമ്പം. ഇംഗ്ലിഷിൽത്തന്നെ കഴിയുമെങ്കിൽ കർത്തരിപ്രയോഗം കൊണ്ട് കഴിച്ചുകൂട്ടണമെന്നാണ് പഴയ നിയമം. മലയാളത്തിന് അത്ര പോലും വഴങ്ങാത്തതാണ് കർമ്മണിപ്രയോഗം. അതുകൊണ്ട് നമ്മൾ “സിമന്റ് വിൽക്കപ്പെടും”, “ഇവിടെ വിഷം കൊടുക്കപ്പെടും”, “ഫീസ് നൽകപ്പെടും” എന്നൊക്കെയുള്ള അറിയിപൂകൾ നോക്കി ആനന്ദതുന്ദിലരായി നിലകൊള്ളുന്നു. ക്ലാസിക് ഭാഷയായി കാണാൻ നമ്മൾ ആഗ്രഹിക്കുന്ന മലയാളത്തോട് നമുക്കുള്ള ഉള്ളിരുപ്പ് തെളിയിക്കുന്നതാണ് ഈ പ്രയോഗവും പ്രവൃത്തിയും. ജനങ്ങൾക്ക് പ്രിയം ഏറിവരുന്ന ചില ടി വി പരിപാടികൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവ അവതരിപ്പിക്കുന്ന കുട്ടികൾ ഇംഗ്ലിഷിന്റെ പൊട്ടും പൊടിയും എടുത്തെറിയുന്നതു കാണുമ്പോൾ ജനം ശരിക്കും കോൾമയിർ കൊള്ളുന്നു. അവർ ഇംഗ്ലിഷ് വാക്കുകൾ ഇംഗ്ലിഷിനെക്കാൾ ഇംഗ്ലിഷ് ആയും, മലയാളം കടിച്ചുപൊട്ടിച്ചും തകർക്കുമ്പോൾ , ജനം കയ്യടിക്കുന്നു. നാട്ടിലെ മൊഴി അറിയില്ലെന്നും സ്വന്തം നാട്ടിൽ പ്രവാസിയാണെന്നും പറയുമ്പോൾ തോന്നുന്ന അഭിമാനമാണ് പുതിയ കൊളോണിയലിസത്തിന്റെ അടയാളം. ടി വിയിലെന്നല്ല, എവിടെയും ഈ അസുഖം കാണാം. നമ്മുടെ നിയമസഭയിൽ അധ്യക്ഷ പദവിയിൽ കയറിയിരുന്നാൽ, ഇംഗ്ലിഷ് പറയുന്നവരായാലും അല്ലെങ്കിലും, ഇടക്കിടെ അടിക്കുന്ന ഒരു പദമുണ്ട്: Order, Order. അവിടെ ചുറ്റും തൂക്കിയിട്ടുള്ള ബോർഡുകൾ കണ്ടിട്ടില്ലേ? അധികവും ഇംഗ്ലിഷിൽ തന്നെ. ഇംഗ്ലിഷ് വായിച്ചു ശീലമാക്കാത്തവരും കല്യാണക്കുറി അടിക്കുമ്പോൾ കണ്ടു മടുത്ത ആംഗലം എടുത്തു പെരുമാറുന്നു. മലയാളത്തിൽ ക്ഷണിച്ചാൽ അതിഥികൾക്ക് മാനക്കേടും വധൂവരന്മാരുടെ മുഖത്തെ ചായക്കൂട്ടിന് മങ്ങലും ഏറ്റാലോ? കാഴ്ചയിലും ശബ്ദത്തിലും പൌരുഷം ഇഷ്ടപ്പെടുന്ന മലയാളികൾ കയ്യടിച്ചു വാഴ്ത്തുന്ന നായകനാണ് സുരേഷ് ഗോപി. പൊലിസ് ആയും മറ്റുമുള്ള അദ്ദേഹത്തിന്റെ ഡയലോഗ് കേൾക്കുമ്പോൾ കാണികൾക്ക് ഹരം. ആ ഹരം തിമിർക്കണമെങ്കിൽ, ഡയലോഗിൽ രണ്ടു മൂന്ന് ഇംഗ്ലിഷ് വാക്കുകൾ വറുത്തിടണം. “Come on.. .Move.. …” എന്നൊക്കെ കോൺസ്റ്റബിൾമാരോടും “You’re under arrest...” എന്ന് വൻ പുള്ളികളോടും പറയുമ്പോൾ, എന്തൊരു ശൌര്യം! അതു മലയാളത്തിൽ മൊഴിഞ്ഞാൽ ആരെങ്കിലും വിരളുമോ? വിരട്ടാൻ ഇംഗ്ലിഷ് തന്നെ പേശണം. നമുക്കെല്ലാം ഇംഗ്ലിഷുകാരാകരുതോ ?
ഇംഗ്ലിഷിനോട് എതിർപ്പുണ്ടായിട്ടല്ല. നല്ല ഭാഷ. ലോകഭാഷ. ഇംഗ്ലിഷ് എന്നല്ല, ഗ്ലോബിഷ് എന്നുവരെ അതിനെ ചിലർ വിളിക്കാൻ തുടങ്ങിയിരിക്കുന്നു. അത്രക്കുണ്ട് അതിന്റെ വ്യാപ്തി. അതുകൊണ്ടാണല്ലോ മുക്കിലും മൂലയിലും, പണ്ട് ടൈപ് റൈറ്റിംഗ്-ഷോർട് ഹാന്റ് പരിശീലനകേന്ദ്രങ്ങൾ ഉണ്ടായിരുനപോലെ, ഇപ്പോൾ ഇംഗ്ലിഷ് സംസാരിക്കാനും, അല്പമൊക്കെ എഴുതിനോക്കാനും, അഭ്യസിപ്പിക്കുന്ന സ്ഥാപനങ്ങൾ പൊങ്ങിവന്നിരിക്കുന്നത്. വളരെ നല്ലത്. പക്ഷേ ഇംഗ്ലിഷ് നന്നായി പറയണമെന്നു തോന്നുന്നതു പോലെ, മലയാളവും നന്നായി ഉച്ചരിക്കണമെന്നൊരു നിർബ്ബന്ധം നമുക്ക് ഇല്ലാത്തതു പോലെ. അതുകൊണ്ടായിരിക്കും, നേരത്തേ ചൂണ്ടിക്കാട്ടിയ പരസ്യവാക്യത്തിലെന്ന പോലെ, ഇംഗ്ലിഷിൽ മണ്ടത്തരം തട്ടിമൂളിക്കുന്നതുപോലും, മലയാളത്തിൽ ഭംഗിയായി ഒരു വാക്യം എഴുതുന്നതിനെക്കാൾ കേമത്തമായി വന്നുചേർന്നിരിക്കുന്നത്. ഇത് വെറും ഭാഷാപ്രേമത്തിന്റെ കാര്യമല്ല. നമ്മുടെ സ്വത്വം നിർവചിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് ഭാഷ. അതിനോട് നിന്ദ തോന്നുകയും വേറൊന്നിനോട് കാമം മൂക്കുകയും ചെയ്യുന്നതിന്റെ മനശ്ശാസ്ത്രം അന്വേഷിച്ചുനോക്കുന്നത് രസമായിരിക്കും. കുറച്ചുനേരത്തേക്കെങ്കിലും താനല്ലാത്തതെന്തോ ആകാൻ മനുഷ്യന് ഉണ്ടെന്നു ഞാൻ കരുതുന്ന വാസന മലയാളികളിൽ കൂടുതൽ കണ്ടേക്കുമോ? ഇംഗ്ലിഷിനോടുള്ള പ്രണയവും മദ്യത്തോടുള്ള ആസക്തിയും ആത്മഹത്യയോടുള്ള അഭിനിവേശവും ആ അപരത്വവാഞ്ഛയുടെ സൂചനയാണോ?

നീതി, ന്യായം, നിയമം
യാദൃച്ഛികത എന്ന ആശയം എന്നെ കൂടുതൽ രസിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. നീതിയെയും ന്യായത്തെയും പറ്റിയുള്ള ഒരു പുസ്തകം---അമർത്യ സെൻ എഴുതിയ The Idea of Justice(നീതി എന്ന ആശയം)---വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ന്യായാധിപന്മാർ കൂട്ടിൽ കയറാൻ ഇടയാക്കുന്ന കേസുകൾ പൊട്ടിപ്പുറപ്പെടുമ്പോൾ. നീതിയും ന്യായവും തമ്മിൽ ഇന്ത്യൻ ചിന്തകർ കല്പിക്കുന്ന വ്യത്യാസവും, ഭഗവദ് ഗീതയിൽ കൃഷ്ണൻ എടുക്കുന്ന നിലപാറ്റും, “ലോകം തുലയുന്നെങ്കിൽ തുലയട്ടെ, നീതി നടപ്പാക്കുക” എന്ന് ആജ്ഞാപിച്ച ഫെർഡിനാന്റ് ഒന്നാമൻ എന്ന റോമൻ ചക്രവർത്തിയുടെ വീക്ഷണവും, പരോപകാരം ചെയ്യാൻ നിഹിതമായ ഒരു വാസന മനുഷ്യനുണ്ടൊ എന്ന ചോദ്യവും അങ്ങനെ എന്തെല്ലാമോ കാര്യങ്ങളും പരിശോധിക്കുന്നതാണ് ആ പുസ്തകം. അതിലൂടെ കടന്നുപോകുമ്പോൾ ന്യായാധിപന്മാർ കാടു കയറുന്നതും കൂട്ടിൽ കയറാവുന്ന പരുവത്തിലാകുന്നതും കണ്ട് ഞാൻ രസിച്ചിരുന്നു. മനുഷ്യന്റെ സാമൂഹികക്രമത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും യുക്തിസഹമായ സംഭവമാണ് നിയമവാഴ്ചയുടെ ഉത്ഭവം. “നിങ്ങൾ എത്ര ഉയർന്നവനാകട്ടെ, നിയമം നിങ്ങളെക്കാൾ ഉയർന്നിരിക്കുന്നു” എന്ന പ്രമാണം ആകുന്നു അതിന്റെ കാതൽ. അതു നടപ്പാകണമെങ്കിൽ, നിയമത്തിന്റെ വാഴ്ചയും നീതിയുടെ പാലനവും ഉറപ്പുവരുത്തേണ്ട ന്യായപീഠം ഒരേ സമയം സംയമവും പ്രത്യുല്പന്നമതിത്വവും അനുഷ്ഠിക്കണം. ന്യായപീഠം ന്യായം ചെയ്താൽ മാത്രം പോരാ, ന്യായസ്ഥമാണെന്നു തോന്നിക്കുകയും വേണം. അതാണ് പഴമൊഴി. അതാണ് ശരിയും. ആപത്ക്കരമായ രണ്ടു പ്രവണതകൾ നീതിനിർവഹണത്തിൽ വേരൂന്നിവരുന്നതായി കാണാം. ഒന്നിനൊന്ന് ആപൽക്കരമായ പ്രവണതകൾ. ആദ്യത്തേത് ന്യായപീഠത്തിന്റെ കർത്തവ്യത്തെപ്പറ്റിയുള്ള സങ്കല്പവുമായി ബന്ധപ്പെട്ടതാകുന്നു. ന്യായാധിപൻ നിയമവും തെളിവും വ്യാഖ്യാനിച്ചും വിലയിരുത്തിയും ഇരുന്നാൽ പോരാ, സാമൂഹ്യയാഥാർഥ്യങ്ങൾ കണ്ടറിഞ്ഞ്, പൊതുജീവിതം ആരോഗ്യപൂർണമാക്കാൻ നിയമം വഴി മുൻ കൈ എടുക്കുകയും വേണമെന്ന ചിന്താഗതി ബലപ്പെട്ടു വന്നിരിക്കുന്നു. അതു വേണ്ടതു തന്നെ. പക്ഷേ സമൂഹത്തിന്റെ ആരോഗ്യത്തിന്റെയും സദാചാരത്തിന്റെയും മാതൃക തിട്ടപ്പെടുത്താനും അതു നിലവിൽ വരുത്താനും കോടതി വേണമെന്നു വന്നാലോ? എന്തിനും കോടതിയിൽ പോകാം, പോകണം, പോയാലേ കാര്യം നടക്കൂ എന്ന സ്ഥിതി കൊള്ളില്ല. എന്നല്ല, ആപൽക്കരമാണെന്നുതന്നെ പറയണം. കാരണം, എന്തും നടക്കണമെങ്കിൽ കോടതി വിചാരിക്കണം എന്നു വരുമ്പോൾ, ന്യായാധിപന് അദ്ദേഹം അറിയാതെതന്നെ രാജാവിന്റെ സ്വഭാവം ഉണ്ടായിപ്പോകുന്നു. സമൂഹത്തിലെ ആശയപരമായ സംഘട്ടനങ്ങളുടെയും സമന്വയങ്ങളുടെയും ആകത്തുകയായി ഉരുത്തിരിയേണ്ട ചിന്തയും നിർണ്ണയവും കോടതിയുടെ കല്പനയായി വരുമ്പോൾ, ജനഹിതത്തിൽ ഒരു തരം കയ്യേറ്റം നടക്കുന്നതുപോലെ തോന്നും. അഭിലഷണീയമല്ല ആ സ്ഥിതി. ഉദാഹരണമായി, ആനയെ എഴുന്നള്ളിക്കുന്നതും മരുന്നുമണി നടത്തുന്നതും വഴിയോരത്ത് യോഗം കൂടുന്നതും നിരോധിച്ചുകൊണ്ട് കോടതി ഉത്തരവു പുറപ്പെടുവിക്കുമ്പോഴത്തെ സ്ഥിതി വിലയിരുത്തുക. ഉത്തരവിന് അനുകൂലമായി പലതും പറയാൻ കാണും. പ്രാകൃതമായ, പുതിയ നാഗരികയാഥാർഥ്യങ്ങൾക്കു നിരക്കാത്തതും സാങ്കേതികസിദ്ധികളെ കൊഞ്ഞനം കാട്ടുന്നതുമായ ആചാരങ്ങൾ അവസാനിക്കണമെന്നു വാദിക്കാം. പക്ഷേ അതു വാദിച്ചും പ്രതിവാദിച്ചും തീരുമാനിക്കേണ്ട കാര്യമാണ്, ഒരു ന്യായാധിപന്റെ കല്പനയിൽ ഒതുക്കേണ്ടതല്ല. ആ വാദത്തെയും പ്രതിവാദത്തെയും കരുപ്പിടിപ്പിക്കാവുന്ന അഭിപ്രായപ്രകടനം കോടതിയിൽനിന്നുണ്ടാകട്ടെ; അതിനു പകരം കോടതിയുടെ ഉത്തരവുകൊണ്ട് കാര്യം നടത്താമെന്നു വരുമ്പോൾ എവിടെയോ എന്തെല്ലാമോ അട്ടിമറിയുന്നു. വാസ്തവത്തിൽ കോടതിക്ക് ഇടപെടേണ്ടിവരുന്ന സ്ഥിതി എത്ര കുറഞ്ഞിരിക്കുന്നോ, അത്രയും ബലപ്പെട്ടിരിക്കും നിയമവാഴ്ച എന്നുപോലും, ഒട്ടൊക്കെ വിരോധാഭാസമെന്ന മട്ടിൽ, പറയാം. നിയമം പൊതുവേ അനുസരിക്കപ്പെടുകയും, അതിനെപ്പറ്റി ഭിന്നാഭിപ്രായം ഉണ്ടാകാതെ വരികയും ചെയ്യുമ്പോഴാണല്ലോ നിയമം മാതൃകാപരമായി വാഴുക. അതല്ലാതെ, എന്തിലും ഏതിലും ഇടപെടാമെന്ന ധാരണയും ഇടപെടുമ്പോഴത്തെ അഭിനിവേശവും കോടതിക്ക് വേറൊരു പരിവേഷം നൽകുന്നു. കെട്ടിക്കിടക്കുന്ന കേസ്സുകൾ കൂടുതൽ കെട്ടിക്കിടക്കാൻ അത് ഇടയാക്കുമെന്നത് ഒരു പാർശ്വഫലമേ ആകുന്നുള്ളു. ` രണ്ടാമത്തെ, കൂടുതൽ ആപൽക്കരമായ, പ്രവണത ന്യായപീഠത്തിൽ അന്യായം നടക്കുന്നുവെന്ന ധാരണ വ്യാപകമാകുന്നതാണ്. വേറിട്ട രണ്ടു വഴികളിലൂടെയാണ് ഈയിടെ ആ ധാരണ ശക്തമായത്. ആദ്യം ശാന്തിഭൂഷൺ എന്ന മുതിർന്ന അഭിഭാഷകൻ ഔപചാരികമായി ഒരു ആരോപണം ഉന്നയിച്ചു: മുഖ്യന്യാധിപന്മാരായവരിൽ പലരും അഴിമതിക്കാരായിരുന്നു പോലും. വെറുതെ എന്തെങ്കിലും പറഞ്ഞുപോകുന്ന ആളല്ല ശാന്തിഭൂഷൺ. എന്നിട്ട് എന്തുണ്ടായി? പകൽ പോലെ തെളിഞ്ഞ, സ്വാഭാവികമായ ഒരു പ്രതിഭാസമായി നമ്മ്ല് അതിനെ ചെവിക്കൊണ്ട്, സ്വാഭാവികമായി, അതു മറക്കുകയും ചെയ്തു. ഇതിലൊക്കെ എന്തിരിക്കുന്നു എന്ന മട്ടിൽ! ` മുഖ്യന്യായാധിപനായിരുന്ന കെ ജി ബാലകൃഷ്ണൻ ആപ്പിലായത് ആയിടക്കാണ്. ആരോപണം ശരിയോ തെറ്റോ എന്ന ചോദ്യത്തെക്കാൾ പ്രധാനമാണ്, ആപൽക്കരമാണ്, ആരോപണം ഉന്നയിക്കാമെന്നു വരുന്ന സ്ഥിതി. ആരോപണത്തിനപ്പുറം നിന്നാലേ ചില പദവികൾക്ക് അവയുടെ ശോഭയും ഗരിമയും ഉണ്ടാകൂ. മുഖ്യന്യായാധിപന്റെ പദവി അവയിൽ ഒന്നാകുന്നു. പക്ഷേ ആരോപണം വന്നാലെന്ത്? വന്നില്ലെങ്കിലെന്ത്? എന്ന മട്ടിൽ ബാലകൃഷ്ണൻ തന്റെ കോട്ടും സ്യൂട്ടുമായി നടക്കുന്നു. അദ്ദേഹത്തെ വിടുതലാക്കേണ്ടവരുടെ നോട്ടം വേറെ എവിടേയോ തറച്ചിരിക്കുന്നു. കോടതിക്ക് കൈക്കൂലി കൊടുത്തുവെന്ന് വേറൊരാൾക്കുവേണ്ടി കൈക്കൂലി കൊടുത്തുവെന്ന് ഊറ്റം കൊള്ളുന്ന മട്ടിൽ വെളിപ്പെടുത്തിയ വേറൊരു മിശിഹ ശാന്തിഭൂഷണോളം പ്രശസ്തിയോ വിശ്വാസ്യതയോ ഉള്ള ആളല്ല. പൊള്ളുന്ന വെളിപാടുകളുമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള നമ്മുടെ സാക്ഷാൽ റഉഫ് മുമ്പൊന്നും സത്യവാചകങ്ങളുമായോ സാമൂഹ്യപ്രതിരോധങ്ങളുമായോ ബന്ധപ്പെട്ടുകണ്ട ആളല്ല. എന്നാലും ന്യായാധിപന്മാർക്കു കൈക്കൂലി കൊടുത്തുവെന്ന അദ്ദേഹത്തിന്റെ സാക്ഷ്യവും നാം കൊണ്ടാടുന്നു. എന്ത് ആരോപണവും ശരി ആകുന്നുവെന്നല്ല, ശരി
ആകണമെന്നു നാം ആഗ്രഹിക്കുന്നുവെന്നതാണ് പരമമായ ദൈന്യം.
(malayalam news feb 7, 2011)
ആകണമെന്നു നാം ആഗ്രഹിക്കുന്നുവെന്നതാണ് പരമമായ ദൈന്യം.
(malayalam news feb 7, 2011)
Subscribe to:
Posts (Atom)