കാക്ക കുറുകിയാൽ വിരുന്നു കാണുമെന്നൊരു തിയറിയുണ്ട്, കാൾ യൂങിന്റെ. ശകുനമെന്നൊക്കെ നമ്മൾ പറയുന്നതിനെ അദ്ദേഹം വിളിച്ചു, synchronicity. ആ തിയറി ആവിഷ്ക്കരിക്കുമ്പോൾ യൂങിന് മനോരോഗം തുടങ്ങിയിരുന്നുവെന്നത് വേറെ കഥ. ഏതാണ്ട് അതുപോലൊരു അർഥപൂർണ്ണമായ യാദൃച്ഛികത്വം അനുഭവപ്പെട്ടു, കണ്ണൂരിലെ കമ്യൂണിസത്തിന്റെ തകർച്ചയുടെ വ്യാഖ്യാനവും ട്രോട്സ്കിയുടെ രണ്ടു പുതിയ ജീവചരിത്രങ്ങളുടെ നിരൂപണവും വായിച്ചപ്പോൾ. വ്യാഖ്യാനത്തിൽ മുന്തിനിന്നത് എം വി രാഘവന്റേതായിരുന്നു. എം വി ആർ പറഞ്ഞു: കണ്ണൂരിൽ കണ്ടത് ഗുണ്ടായിസത്തിനുള്ള ശിക്ഷയായിരുന്നു. ഗുണ്ടായിസവും ഒരു ഇസമാണല്ലോ.
എം വി ആറിന്റെ പഴയ രണ്ടു വിശദീകരണങ്ങൾ ഓർത്തുപോയി. ഒന്ന് ഇ കെ നായനാരുടെ തിരഞ്ഞെടുപ്പിനെപ്പറ്റിയായിരുന്നു. സി പി എം തീർത്തും ഒറ്റപ്പെട്ടുപോയിരുന്ന എഴുപതുകളുടെ തുടക്കം. ഇരിക്കൂറിലെ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സെക്രട്ടറി ജയിക്കേണ്ടത് മാനസികമായ ആവശ്യമായിരുന്നു. നീണ്ടകരയിലൊഴിച്ചൊരിടത്തും കൊടി കെട്ടാൻ തുണിയില്ലാത്ത ആറെസ്പിയുടെ സ്ഥാനാർഥി ഇരിക്കൂറിൽ തോൽക്കേണ്ടതും അതുപോലെ സി പി എമ്മിന്റെ--എം വി ആറിന്റെ--ആവശ്യമായിരുന്നു. വോട്ടെടുപ്പ് പകുതിയായപ്പോൾ അദ്ദേഹം മുസ്ലിം ഭൂരിപക്ഷമുള്ള ഒന്നുരണ്ടു കേന്ദ്രങ്ങൾ കയറിയിറങ്ങി. വിദഗ്ധമായി ഒച്ച വെച്ചു, ബഹളമായി, കല്ലേറായി; പൊലിസ് സുപ്രണ്ട് സി എ ചാലിയുടെ കനിവോടെ എം വി ആർ കസ്റ്റഡിയിലായി. വോട്ടു ചെയ്യാനിരുന്ന എത്രയോ സ്ത്രീകൾ ബഹളം കാരണം പിന്നെ പുറത്തിറങ്ങിയില്ല. ഇംശാ അല്ലാ, തോൽവി ഉറപ്പാക്കിയിരുന്ന നായനാർ ജയിച്ചു.
ഞാനോർക്കുന്ന രണ്ടാമത്തെ എം വി ആർ വ്യാഖ്യാനം കേട്ടത് പാർട്ടി അദ്ദേഹത്തെ വേട്ടയാടുമ്പോഴായിരുന്നു. ചെറുതാഴത്ത് അദ്ദേഹത്തിന് ചോറു കൊടുത്ത ഒരു സഖാവിന് താക്കിതു കിട്ടി. ശിഷ്യനായിരുന്ന കോടിയേരിയും കോട്ടമുറിക്കലും നിയമസഭയിൽ വെച്ച് അദ്ദേഹത്തെ കൈകാര്യവും കാൽകാര്യവും ചെയ്തു. അപ്പോൾ, ഭൂതവും ഭാവിയും കൂട്ടിയും കിഴിച്ചും, എം വി ആർ ചോദിച്ചു:
“പാർട്ടിയിലായിരുന്നെങ്കിൽ, പാർട്ടിക്കുവേണ്ടി ഇതൊക്കെ ഞാനും ചെയ്യുമായിരുന്നില്ലേ?“ പിന്നെ, അർത്ഥം വെച്ചു ചിരിച്ച്, അദ്ദേഹം തന്നെ ഉത്തരം പറഞ്ഞു: കൂടെക്കഴിഞ്ഞാൽ പനി അറിയില്ല.”
അങ്ങനെയൊരു ചോദ്യം ട്രോട്സ്കി ചോദിച്ചുവോ എന്നറിയില്ല. റോബർട് സർവിസ് എഴുതിയ ജീവചരിത്രത്തിൽ പറയുന്ന രണ്ടു കാര്യം
അടിവരയിട്ടു വായിക്കണം. ഒന്ന്, 1918നും 1922നുമിടയിൽ ട്രോട്സ്കിയുടെ നേതൃത്വത്തിൽ നടന്ന ക്രൂരത വെച്ചു നോക്കുമ്പോൾ, അദ്ദേഹം അനുഭവിച്ച യാതന ഒന്നുമല്ല. സ്റ്റാലിന്റെ ദൂതൻ ട്രോട്സ്കിയെ തലക്കടിച്ചുകൊല്ലുന്നതിനുമുമ്പുതന്നെ അദ്ദേഹത്തിന്റെ നാലു മക്കളും കൊല്ലപ്പെട്ടിരുന്നു; എട്ടു സെക്രട്ടറിമാർ പിന്നീടു കൊല ചെയ്യപ്പെട്ടു. രണ്ട്, സ്റ്റാലിനോടൊത്ത് പ്രവർത്തിക്കാനിടയായ ചുരുങ്ങിയ കാലയളവിൽ ട്രോട്സ്കി കാണിച്ച നിഷ്ഠുരത സ്റ്റാലിന്റെ മാർഗ്ഗത്തെ വെല്ലുന്നതായിരുന്നു. സർവിസിന്റെ നിഗമനം: പാർട്ടിയിൽ തുടരാനായിരുന്നെങ്കിൽ ട്രോട്സ്കിയും സ്റ്റാലിൻ ചെയ്തതൊക്കെ ചെയ്യുമായിരുന്നു! പോവഴി മറിച്ചായിരുന്നെങ്കിൽ, “സ്റ്റാലിൻ ചരിത്രം വികൃതമാക്കിയതെങ്ങനെ?” എന്ന ട്രോട്സ്കിയുടെ പുസ്തകം എഴുതപ്പെടുമായിരുന്നില്ലെന്നോ?
ട്രോട്സ്കിയെ ആരാധിക്കുന്നവർക്ക് ഇതൊന്നും രസിക്കില്ല. പാർട്ടിയെ ഇതൊട്ട് അത്ഭുതപ്പെടുത്തുകയുമില്ല. പാർട്ടിക്കുവേണ്ടി എന്തും ചെയ്യണം; ചെയ്യുന്നതെന്തും പുണ്യമാകും എന്ന ദ്വന്ദ്വാത്മകപ്രമാണം പുലരുവോളം, ശാരീരികവും സംഘടനാപരവുമായ ശക്തിവിനിയോഗത്തിന് ധർമ്മശോഭ ഉണ്ടാവും. “ചതിച്ച ദൈവ“ത്തെപ്പറ്റി പ്രശസ്തരായ മുൻ കമ്യൂണിസ്റ്റുകാർ എഴുതിയ പുസ്തകത്തിന്റെ ആമുഖത്തിൽ റിച്ചർഡ് ക്രോസ്മാൻ പറഞ്ഞു: “അനുയായികളിൽനിന്ന് പരമമായ ത്യാഗം ആവശ്യപ്പെടുന്നതാണ് കമ്യൂണിസത്തിന്റെ ആകർഷകത്വം.” പരമമായ ത്യാഗത്തിനു തയ്യാറാക്കുന്ന മാനസികഘടനയിൽ പരമമായ പീഡനം നടത്താനുള്ള വാഞ്ഛയും ഉൾപ്പെടും. പാർട്ടിയിൽ ഇതിനകം തുടങ്ങിയിരിക്കുന്ന നവീകരണധ്യാനത്തിൽ ഇതിനെപ്പറ്റി ഒരു രണ്ടാം നോട്ടം ഉണ്ടാകാൻ, പക്ഷേ, ഇടയില്ല.
(നവംബർ 24ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)