Tuesday, January 10, 2012

സമന്മാരിൽ ഒരുവൻ

കഴിഞ്ഞ കൊല്ലത്തെ വാർത്താതാരത്തെ തിരഞ്ഞെടുക്കുന്ന മനോരമ ന്യൂസിന്റെ പരിപാടിയിൽ ഉയർന്നതാണ് ചോദ്യം. മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൈ കടത്തുന്നു, എല്ലാം മുഖ്യമന്ത്രിമയമാകുന്നു എന്നൊക്കെയായിരുന്നു ഒരു വാദം. മന്ത്രി കെ സി ജോസഫും മുൻ മന്ത്രി വിജയകുമാറും ഉണ്ടായിരുന്നു. പക്ഷേ മുഖ്യമന്ത്രി എല്ലാവരെയും കവച്ചുവെക്കുന്ന, എല്ലാവരുടെയും അധികാരം കവരുന്ന ഒരാളായി മാറുകയല്ലേ എന്ന ചോദ്യത്തോടെ പ്രതികരിക്കാനുള്ള ഊഴം എന്റേതായിരുന്നു.

അറപ്പ് ലവലേശമില്ലാതെ ഉമ്മൻ ചാണ്ടിയെ പിൻ തുണച്ചുകൊണ്ടുതന്നെ ഞാൻ സംസാരിച്ചു. മുഖ്യമന്ത്രിയെ മറ്റു മന്ത്രിമാരുമായി തെറ്റിക്കാനുള്ള ഒരു അവസരമായി പരിപാടി മാറരുതെന്നു പറഞ്ഞുകൊണ്ടായിരുന്നു എന്റെ തുടക്കം. പല വകുപ്പുകളിലും
മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിനെതിരെ പട തുടങ്ങിയെന്നായിരുന്നു സംസാരം. വാസ്തവത്തിൽ ആ പട അടച്ചു പിടിച്ച സംസാരത്തിൽ ഒതുങ്ങാനുള്ളതുപോലും ഇല്ലായിരുന്നു. മുഖ്യമന്ത്രി മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തിൽ അഭിപ്രായം പറയുകയോ തീരുമാനം എടുക്കുകയോ ചെയ്താൽ ഏകാധിപത്യപ്രവണതയായി. ഞാനൊന്നും കേട്ടില്ല, കണ്ടില്ല, ഞാനൊന്നും മിണ്ടില്ല എന്ന മട്ടിൽ ഇരിക്കുന്ന കുരങ്ങന്മാരുടെ നിലപാട് മുഖ്യമന്ത്രിയും സ്വീകരിച്ചാൽ, ഏകാധിപത്യപ്രവണതയെപ്പറ്റിയൊരു ആരോപണം ഉണ്ടാവില്ല; പക്ഷേ ഇങ്ങനെയൌർ അനങ്ങാപ്പാറ ഉണ്ടോ എങ്ങാനും എന്നാകും അപ്പോൾ വിമർശകരുടെ ചോദ്യം.

വേണ്ടപ്പോൾ മറ്റുള്ളവരുടെ വകുപ്പുകളിലും ഇടപെടാൻ കഴിവുണ്ടാകുകയും ആ കഴിവ് വേണ്ടപ്പോൾ പ്രകടിപ്പിക്കുകയും ചെയ്താലേ മുഖ്യമന്ത്രി മുഖ്യമന്ത്രി ആകൂ. ആരെങ്കിലുമൊക്കെ മുറുമുറുത്തേക്കാം. ആരെങ്കിലും ഏകാധിപത്യപ്രവണതയെപ്പറ്റി
വിമർശനം ഉയർത്തിയേക്കാം. അതൊന്നും ഗൌനിക്കാതെ, താൻ ഇടപെടേണ്ട വിഷയമാണെന്നു തോന്നുമ്പോൾ, അതിൽ ഇടപെടാൻ തന്റേടം കാണിക്കാത്ത മുഖ്യമന്ത്രി സ്വന്തമോ മറ്റുള്ളവരുടേതോ ആയ തടവിൽ പാർക്കുന്ന ആളാകാനേ തരമുള്ളു. മുഖ്യമന്ത്രിയുടെ അധികാരം ഉൾക്കൊള്ളാനോ പ്രയോഗിക്കാനോ കഴിയാത്ത ആളുകൾ മുഖ്യമന്ത്രിയും മറ്റും ആകുന്നതാണ് നമ്മുടെ കാലഘട്ടത്തിൽ രാഷ്ട്രീയത്തിന്റെ ദൈന്യം. ആ ദൈന്യം വരുത്തെവെക്കുന്നതോ, നമ്മൾ ഏറെ പാടിപ്പുകഴ്ത്തുന്ന മുന്നണിരാഷ്ട്രീയത്തിന്റെ പ്രത്യാഘാതമാണു താനും.

കോൺഗ്രസ്സിനെ തോല്പിക്കാൻ സി പി എം “ഏതു ചെകുത്താനെ”യും കൂട്ടുപിടിച്ച അറുപതുകളുടെ അവസാനത്തിനുശേഷം ആ പാർട്ടി ആലോചനയിലായിരുന്നു. അങ്ങനെ എല്ലാവരെയും കൂട്ടുപിടിച്ച് മന്ത്രിസഭ ഉണ്ടാക്കിയാൽ എല്ലാം കൊണ്ടും ബോറാവും എന്ന തോന്നൽ അന്നു മുതലേ ബലപ്പെട്ടു വന്നു. ചുരുക്കിപ്പറയട്ടെ, അതിന്റെ ഫലമായി ഒരു പതിറ്റാണ്ടിലേറെ സി പി എം അധികാരത്തിനു പുറത്തായി. അധികാരത്തിൽനിന്ന് ഏറെ വിട്ടുനിൽക്കുന്നത് ആരെ സംബന്ധിച്ചായാലും അത്ര സുഖമുള്ള ഏർപ്പാടല്ല. അങ്ങനെ പുതിയൊരു മുന്നണീസമവാക്യത്തിന്റെ ബലത്തിൽ എൺപതുകളിൽ സി പി എം വീണ്ടും മന്ത്രിസഭ ഉണ്ടാക്കി. ആ കാലഘട്ടത്തിലേതാണ് മുഖ്യമന്ത്രിയുടെ അധികാരത്തെപ്പറ്റിയുള്ള ഈ കഥ.

ഏതോ ഒരു ഫയൽ കാണണമെന്ന് മുഖ്യമന്ത്രിക്കു തോന്നി. ഇ കെ നായനാരായിരുന്നു മുഖ്യമന്ത്രി. നായനാർക്ക് കാണണമെന്നു തോന്നിയതായിരിക്കണമെന്നില്ല. സ്പിരിറ്റ് കുംഭകോണം സംബന്ധിച്ചതോ മറ്റോ ആയ ആ ഫയൽ എന്തെങ്കിലും ആപത്ത് ഒളിച്ചുവെച്ചിട്ടുണ്ടോ എന്നു മനസ്സിലാ‍ക്കാൻ മുഖ്യമന്ത്രിയുടെ മുന്നിലും പിന്നിലും ഇടവും വലവും നിന്നിരുന്ന പാർട്ടിക്കാർക്ക് തിടുക്കമായി. അവർ മുഖ്യമന്ത്രിയുടെ ആപ്പിസിലേക്ക് ഫയൽ വിളിപ്പിച്ചു. തൊട്ടാൽ പൊട്ടുകയോ പൊള്ളുകയോ ചെയ്യാമായിരുന്ന ആ ഫയൽ അപ്പോൾ വ്യവസായമന്ത്രി പി സി ചാക്കോ താഴിട്ടു പൂട്ടിവെച്ചിരിക്കുകയായിരുന്നു.

എന്തുവന്നാലും ആ സന്ദിഗ്ധഘട്ടത്തിൽ ഫയൽ വിട്ടുകൊടുക്കില്ലെന്നായി ചാക്കോ. മുഖ്യമന്ത്രി ചോദിക്കുമ്പോഴൊക്കെ ചോദിക്കുന്നതെല്ലാം സമർപ്പിക്കാൻ ബാധ്യതയുള്ള ആളല്ല മന്ത്രി എന്ന് അന്നത്തെ കോൺഗ്രസ്സുകാർ വാദിച്ചു. മന്ത്രിയായിരുന്ന വക്കം പുരുഷോത്തമൻ ആ വാദം ഘോരമായിത്തന്നെ അവതരിപ്പിച്ചുവത്രേ മന്ത്രിസഭായോഗത്തിൽ. മുഖ്യമന്ത്രി മന്ത്രിസഭയുടെ മൊത്തം പ്രതിനിധിയോ നേതാവോ അല്ല, അധികാരം പൂർണമായും കയ്യാളുന്ന മന്ത്രിയോ മറ്റു മന്ത്രിമാരുടെ വകുപ്പിൽ ഇടപെടാൻ സ്വാതന്ത്ര്യം ഉള്ള ആളോ അല്ല; മുഖ്യമന്ത്രി മറ്റുള്ളവരെപ്പോലെയേ ആകുന്നുള്ളു. സമന്മാരെക്കാൾ വലിയവനല്ല, സമന്മാരിൽ ഒരുവനാണ് മുഖ്യമന്ത്രി എന്ന് അന്നൊരു ധാരണ ഉണ്ടായതായി കേട്ടിരുന്നു.

മുഖ്യമന്ത്രി എന്ന പദവിയുടെ അപനിർമ്മാണമായിരുന്നു ആ ധാരണ. ഭൂരിപക്ഷം സമ്മതിദായകരുടെ പിന്തുണയോടെ, ആലോചിച്ചുറപ്പിച്ച നയവും പരിപാടിയും
നിർബ്ബാധം നടപ്പാക്കാൻ ഒരു കക്ഷി ഉണ്ടാകുകയാണ് പാർലമെന്ററി ജനാധിപത്യത്തിലെ ഒരു പ്രധാന വ്യവസ്ഥ. ഒരു കക്ഷിയെയും ജനങ്ങൾ കണ്ണടച്ചു വിശ്വസിക്കാതായതോടെ ആ വ്യവസ്ഥ പോയി. പല കക്ഷികളും ഒരേ സമയം അധികാരത്തിൽ പങ്കാളികളായതോടെ, ഏറ്റവും വലിയ കക്ഷിയുടെ പ്രാമാണ്യവും അതിന്റെ ലീഡറുടെ ഗ്ലാമറും ഇല്ലാതായി. മുഖ്യമന്ത്രി മറ്റു മന്ത്രിമാരെപ്പോലെ പ്രവർത്തിക്കണം. അവരുടെ യോഗത്തിൽ അധ്യക്ഷനായിരിക്കാം എന്നു മാത്രം. വിവാദം വരുമ്പോൾ ഒരു ഫയൽ വരുത്തി പരിശോധിക്കാനുള്ള അവകാശം പോലും ഇല്ലാത്ത ഒരു മണ്ണുണ്ണിയെപ്പോലെയായിത്തുടങ്ങി മുഖ്യമന്ത്രി.

കേന്ദ്രത്തിൽ സംഭവിച്ചതും ഇതു തന്നെ. പേരുകളും പദവികളും മാറിയെന്നു മാത്രം. വിശദാംശങ്ങളിലേക്കു കടക്കേണ്ട. ഇന്ദിര ഗാന്ധിക്കുശേഷം ഉണ്ടായ പ്രധാനമന്ത്രിമാരിൽ എത്ര പേർ പ്രധാനമന്ത്രിക്കുണ്ടാകേണ്ട അധികാരം വിനിയോഗിക്കാൻ സന്നദ്ധരായി എന്ന് കണക്കു കൂട്ടി നോക്കുക. ഏറ്റവും ദുർബ്ബലമായ ഒരു കക്ഷിയുടെ പല നേതാക്കളിൽ ഒരാൾ പൊടുന്നനവേ പ്രധാനമന്ത്രിയായതും അത്ര തന്നെ പൊടുന്നനവേ
അധികാരത്തിൽനിന്ന് ഇറങ്ങിപ്പോയതും പഴയ കഥയല്ല. ആർക്കും പ്രധാനമന്ത്രിയുടെ വിലയും നിലയും ഉണ്ടായിരുന്നില്ലെന്നതാണ് കാര്യവും കാരണവും. സോണിയ ഗാന്ധിയെ കോൺഗ്രസ് നേതാവാക്കിയപ്പോൾ, പ്രധാനമന്തിയാക്കാൻ ആളെ വേറെ നോക്കണമെന്ന് മറ്റൊരു കക്ഷി ശഠിച്ചു. ആരുടെ ശാഠ്യവും വകവെച്ചു കൊടുക്കേണ്ടതായിത്തീർന്നിരുന്നു അപ്പോഴേക്കും നമ്മുടെ പാർലമെന്ററി രാഷ്ട്രീയം. അതിന്റെ ഫലം അതിനെക്കാൾ വഷളായിരുന്നു. പ്രധാനമന്ത്രിയെക്കാൾ പ്രധാനമാണ് പ്രധാനമന്ത്രിയാകാൻ പറ്റാത്ത ആളുടെ പദവി എന്ന സ്ഥിതി വരെ എത്തി.

ഈ നിലക്ക് നോക്കിയാൽ ഉമ്മൻ ചാണ്ടിക്കെതിരെ ഉന്നയിക്കുന്ന ആരോപണത്തിനു മറുപടിയാകും. സ്വന്തം നിയമസഭാകക്ഷിയുടെ ബലത്തിൽ അഹങ്കരിക്കാവുന്ന പതനത്തിലല്ല കോൺഗ്രസ്. രണ്ടോ മൂന്നോ ആളുകൾ പിണങ്ങിയാൽ പിരണ്ടുവീഴാവുന്നതാണ് മന്ത്രിസഭ. എന്നിട്ടും മുഖ്യമന്ത്രിയുടെ പദവിയും അധികാരവും ഒട്ടൊക്കെ വീണ്ടെടുക്കാൻ കഴിഞ്ഞുവെന്നതാണ് ഉമ്മൻ ചാണ്ടി ആകുന്നതിന്റെ പ്രാധാന്യം.

(malayalam news jan 9)