വീണ്ടും എം വി ജയരാജനെപ്പറ്റിത്തന്നെ ചിന്തിക്കണം. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും ഉന്നതന്യായപീഠത്തോട് ആദരം വളർത്തുന്ന മട്ടിൽ ഒരു നടപടി അതിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു. ഉന്നതന്യായപീഠം ഇങ്ങനെയൊരു നിലപാട് എടുത്തിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു പ്രതികരണം? ഇഷ്ടമല്ലാത്ത ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതിയെ, ആവുന്നത്ര ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട്, ശുംഭന്മാർ എന്നു വിളിച്ചതുപോലെ, ഉന്നതന്യായപീഠവും അപഹസിക്കപ്പെടുമായിരുന്നോ? ആ സാധ്യാസാധ്യതകൾ ജയരാജനെ വീണ്ടും ചർച്ചാവിഷയമാക്കാൻ പോന്നതാകുന്നു.
ഹൈക്കോടതിയുടെയോ കീഴ്ക്കോടതിയുടേയോ സുപ്രിം കോടതിയുടെയോ തീർപ്പ് എന്തിനെപ്പറ്റിയും എന്തുമാകട്ടെ, അത് അംഗീകരിക്കുകയും അല്ലാത്തപ്പോൾ അതിനെതിരെ നിയമപ്രകാരമുള്ള നീക്കം നടത്തുകയുമാണ് രാഷ്ട്രീയമായ മര്യാദ. ഒരു കോടതിയുടെയും ഒരു തീർപ്പിനും ശാശ്വതസാധുത ഉണ്ടാകണമെന്നില്ല. കാലം മുന്നോട്ടു പോകുകയും അഭിരുചികളും അവകാശസങ്കല്പങ്ങളും മാറുകയും അവക്കുവേണ്ടി ജനകീയപ്രസ്ഥാനങ്ങൾ ഉയരുകയും ചെയ്യുമ്പോൾ, ഓരോ തീർപ്പും അതിന്റെ പിന്നിലെ നിയമപരമായ കാഴ്ചപ്പാടും പുതിയൊരു രീതിയിൽ കാണാൻ സാധിക്കും. പക്ഷേ ഇഷ്ടമല്ലാത്ത വിധിക്കോ തീർപ്പിനോ എതിരെ തെറിപ്പറയും സായുധസമരവും എഴുന്നള്ളിക്കുന്നതല്ല ജനാധിപത്യത്തിന്റെയോ സംസ്ക്കാരത്തിന്റെയോ വഴി. വേറെ വാക്കുകളിൽ പറഞ്ഞാൽ, ജയരാജന്റെ വഴിയല്ല പുരോഗതിയും നീതിയും കാംക്ഷിക്കുന്ന ജനം പിന്തുടരേണ്ടതെന്നർഥം.
എം വി ജയരാജൻ വഴി ഉന്നയിക്കപ്പെടുന്ന നിയമ-സാമൂഹ്യപ്രശ്നം ജയരാജൻ ഉൾപ്പെട്ട മൂന്നു സംഭവങ്ങൾകൊണ്ട് ചിത്രീകരിക്കാമെന്നു തോന്നുന്നു. ഒന്ന്, പാതയോരത്തെ യോഗം. രണ്ട്, പൊലിസിനെ തല്ലാനുള്ള അഹ്വാനം. മൂന്ന്, ഭാഗ്യക്കുറിയിലെ മാർക്സിസം. ഈ മൂന്നു കാര്യങ്ങളിലും ജയരാജൻ നിർവചിച്ച വഴിക്കേ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനു ചിന്തിക്കാൻ കഴിയുന്നുള്ളൂ. പ്രസ്ഥാനത്തിന്റെ അപചയത്തിനും, ആ പ്രസ്ഥാനം കേരളത്തിൽ പ്രബലമായതുകൊണ്ട് കേരളത്തിന്റെ പൊതുവായ
അപകർഷത്തിനും വഴി വെട്ടുന്നതാണ് ജയരാജന്റെ രീതി.
പാതയോരത്ത് യോഗം കൂടുന്ന കാര്യം എടുക്കുക. എന്തിനുവേണ്ടി ഇങ്ങനെ യോഗം കൂടി വഴിപോക്കരെ വിരട്ടുന്നു? പ്രസക്തവും അടിയന്തരവുമായ ഒരു പ്രശ്നത്തിന്റെ പേരിൽ ആളുകൾ ഇളകി മറിഞ്ഞ് പാതയോരത്തുകൂടെ ഒഴുകുന്നത് വല്ലപ്പോഴും സംഭവിക്കുന്നതാണ്, അന്നന്നത്തെ കാര്യപരിപാടിയല്ല. എന്തെങ്കിലും പ്രതിഷേധം നാട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്താനാണ് പാതയോരത്തെ യോഗമെങ്കിൽ, അതിന് മറ്റുള്ളവരെ മെനക്കെടുത്താത്ത സ്ഥലം തിരഞ്ഞെടുക്കണം. ഒരു സായാഹ്നയോഗത്തിനു കൂടാവുന്നിടത്തോളം ആളുകളെ ഇരുത്തുകയോ നിർത്തുകയോ ചെയ്യാൻ പാകത്തിലുള്ള ഒരിടം മിക്ക പ്രദേശങ്ങളിലും കാണും. ആദരിക്കാനായാലും അപലപിക്കാനായാലും, യോഗമെല്ലാം അവിടെയേ പാടുള്ളു എന്നു നിശ്ചയിക്കണം. പ്രതിഷേധം പോലും ചിട്ടയോടെ നടത്തുന്നതാണ് പുതിയ വഴി, ജനാധിപത്യത്തിന്റെ വഴി.
നിലവിലുള്ള സ്ഥിതി മാറ്റിമറിക്കുകയാണ് ജയരാജന്റെ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സ്വാഭാവികമായും മാറ്റം ലക്ഷ്യത്തെയും മാർഗ്ഗത്തെയും ഒരുപോലെ ബാധിക്കുകയും ചെയ്യും. ഒരു കാലത്ത് കമ്പ്യൂട്ടറിനെതിരെയുള്ള പ്രതിഷേധമായിരുന്നു ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവരുടെ നിത്യത്തൊഴിൽ. എന്തെല്ലാമാണ് അന്ന് അവർ പറഞ്ഞു പരത്തിയത്! ആ പറച്ചിലൊന്നും ഒന്നും മനസ്സിലാക്കിയിട്ടായിരുന്നില്ല. വിദ്യാഭ്യാസം കുറഞ്ഞവരോ ഇല്ലാത്തവരോ ആയ ലക്ഷോപലക്ഷം സാധാരണമനുഷ്യരുടെ മനസ്സിൽ കമ്പ്യൂട്ടറിനെ ഒരു രാക്ഷസനാക്കി പ്രതിഷ്ഠിക്കാനായിരുന്നു ഇടുങ്ങിയ കാഴ്ചപ്പാടും ജീവിതത്തെപ്പറ്റി യാന്ത്രികമായ സങ്കല്പവും ഉള്ള നേതാക്കളുടെ ഉദ്ദേശം. റെയിൽ വേയിലും ബാങ്കിലും ഇൻഷൂറൻസ് കമ്പനിയിലും കമ്പ്യൂട്ടർ പിടിപ്പിക്കുന്നതായിരുന്നു അന്നത്തെ മുന്തിയ പാപം. പിന്നെപ്പിന്നെ എ കെ ജി ഭവനിലും ജോലി നടക്കണമെങ്കിൽ കമ്പ്യൂട്ടർ വേണമെന്നായി. വേഗത്തിൽ, വൃത്തിയായി, കുറഞ്ഞ ചിലവിൽ കാര്യം നടത്തുക വിപ്ലവത്തിന്റെ കൂടി ആവശ്യമാകും.
പുതിയ സാമൂഹ്യലക്ഷ്യങ്ങൾ തിരിച്ചറിയുക മാത്രമല്ല, പ്രതിഷേധത്തിന്റെ മാർഗ്ഗം
നിർവചിക്കുന്നതും സ്വബോധമുള്ള ഏതു രാഷ്ട്രീയപ്രസ്ഥാനത്തിന്റെയും ധർമ്മമാകുന്നു. പ്രതിഷേധിക്കാൻ ഇടം ഇടുന്നതു തന്നെയാണല്ലോ ജനാധിപത്യത്തിന്റെ ആദ്യലക്ഷണം. അപരിഷ്കൃതസമൂഹത്തിൽ പ്രതിഷേധം എന്തിനോടു പ്രതിഷേധിക്കുന്നുവോ അതിന്റെ ഉന്മൂലനമായിരുന്നു. ശാരീരികമായ ഉന്മൂലനം. വർഗ്ഗശത്രുവിന്റെ ഉന്മൂലനത്തെപ്പറ്റി ഇപ്പോൾ പഴയ വീറോടെ എല്ലാവരും പറയുന്നില്ല. ശത്രുവുമായി സഹവസിക്കാം എന്ന നില വന്നിരിക്കുന്നു. അതാണ് പറഞ്ഞത്, മാറ്റം ലക്ഷ്യത്തെയും മാർഗ്ഗത്തെയും ഒരുപോലെ ബാധിക്കും, ബാധിക്കണം.
വർഗ്ഗസമരത്തെപ്പറ്റിയും സായുധവിപ്ലവത്തെപ്പറ്റിയും പണിമുടക്കിനെപ്പറ്റിയും പാതയോഗത്തെപ്പറ്റിയും കാലാകാലമായി നിലനിന്നുപോരുന്ന ചിന്ത മാറ്റുകയാണ് പുതിയ സാഹചര്യത്തിൽ വിപ്ലവത്തിന്റെ ആവശ്യം. അതു മാറ്റേണ്ടത് കോടതിയുടെ കല്പനയിലൂടെയല്ല. ജനങ്ങളുടെ പേരിൽ പ്രസംഗവുമായി രംഗത്തു വരുന്നവർ തന്നെ വേണം സാമൂഹ്യപുരോഗതിയുടെ വഴി കാണീച്ചുകൊടുക്കാൻ. അതു ചെയ്യുന്നില്ലെന്നു മാത്രമല്ല, പ്രാകൃതമെന്നു പറയാവുന്ന ഒരു ആചാരത്തെ ഉത്സാഹത്തോടെ തള്ളീപ്പറയാൻ ഒരു കോടതി മുന്നോട്ടുവന്നാൽ, കോടതിയെ ശുംഭന്മാർ എന്നു വിളിച്ച് ആക്ഷേപിക്കാനാണ് ജയരാജന്റെ മാതൃക പ്രോത്സാഹനം നൽകുക.
ഇഷ്ടമല്ലാത്തതിനെ തള്ളിപ്പറയുകയും തല്ലിയൊതുക്കുകയുമാണ് മൂപ്പരുടെ മാർഗ്ഗം എന്നു വന്നിരിക്കുന്നു. ഒരു സാഹചര്യത്തിൽ തോക്കെടുത്ത് ഉപയോഗിച്ച പൊലിസ് ഉദ്യോഗസ്ഥനെ കണ്ടാൽ തല്ലിക്കൊളാൻ അനുയായികളോട് ആവശ്യപ്പെട്ടത് ജയരാജൻ ആയിരുന്നു. ആ ഉദ്യോഗസ്ഥനെപ്പറ്റി സർക്കാർ അന്വേഷിച്ചതാണ്. സ്ഥലം മാറ്റം ഒഴികെ മറ്റൊന്നും ചെയ്യേണ്ടതായി സർക്കാരിനു തോന്നിയില്ല. അങ്ങനെയുള്ള ഒരു ഉദ്യോഗസ്ഥനെ യൂനിഫോർമിലല്ലാതെ കണ്ടാൽ തല്ലണം എന്നായിരുന്നു ജയരാജന്റെ ആഹ്വാനം. എതിർപ്പുള്ളതിനെയെല്ലാം തല്ലിപ്പൊളിക്കുന്നത് പണ്ടത്തെ മനുഷ്യന്റെ ശൈലിയായിരുന്നു. ജയരാജൻ സമൂഹത്തെ പണ്ടത്തെ നിലയിലേക്കു വലിച്ചിഴക്കാൻ ശ്രമിക്കുകയാണ്.
ഭാഗ്യക്കുറിയുടെ കാര്യം പറഞ്ഞാൽ ജയരാജനും അദ്ദേഹത്തിന്റെ പാർട്ടിക്കും പൊള്ളൂം. ഭാഗ്യക്കുറിക്കാരെ മൂന്നാക്കി വിഭജിക്കാം. വല്ലപ്പോഴും പാർട്ടിക്ക് ഒരു കൈവായ്പ ചോദിക്കാവുന്നവരാണ് ആദ്യത്തെ വിഭാഗം ഭാഗ്യക്കുറിക്കാർ. ജയരാജന്റെ തൊഴിലാളിശക്തിയിൽ ഒരു ഭാഗം വേറൊരു തരം ഭാഗ്യക്കുറിക്കാരാണ്--ടക്കറ്റ് വിറ്റ് ഉപജീവനം കഴിക്കുന്നവർ. ചുളുവിൽ ലക്ഷങ്ങൾ അടിച്ചെടുക്കാമെന്നു മോഹിക്കുന്ന ഭാഗ്യാന്വേഷകരാണ് മൂന്നാമത്തെ വിഭാഗം. ഭാഗ്യക്കുറിയുടെ തുടർച്ചക്കുവേണ്ടി നിരന്തരം ശബ്ദിക്കുന്നയാളാണ് ജയരാജൻ. ഭാഗ്യക്കുറി നിന്നാൽ വില്പനക്കാരുടെ ഉപജീവനം നിലച്ചുപോകുമെന്നാണ് ആശങ്ക. സാന്റിയാഗോ മാർട്ടിന്മാരുടെ ലാഭം ആവിയായിപ്പോകുമെന്ന്, എന്തോ, ആരും പറഞ്ഞു കേട്ടില്ല.
ഒരു രൂപയിട്ട് ഒരു കോടി രൂപ അടിക്കാമെന്ന വ്യാമോഹം, ദുർമ്മോഹം, വളർത്തുന്നത് എന്തു മാർക്സിസമാണ്? ഭാഗ്യക്കുറി വഴി എന്തു സാമൂഹ്യസമീകരണമാണ് നടന്നിട്ടുള്ളത്? വാസ്തവത്തിൽ ഭാഗ്യം ഉള്ളതോ ഇല്ലാത്തതോ ആയ ടിക്കറ്റുകൾ അടിച്ചു വിൽക്കുന്നവരാണ് യഥാർഥത്തിൽ ഭാഗ്യം കൊയ്യുന്നവർ. ഭാഗ്യം കൊയ്താലല്ലേ കോടിക്കണക്കിനു രൂപ ഓരോ പാർട്ടിക്ക് വായപ കൊടുക്കാൻ പറ്റൂ. ഭാഗ്യക്കുറി ടിക്കറ്റ് കൊണ്ടുനടന്നു വിൽക്കുന്നവർക്കു വേണ്ടിയാണ് ജയരാജന്റെ വാദം. വികൃതിയോടെ തോന്നുന്നു, പൊലിസുകാർക്കു പിഴക്കാൻ വേണ്ടി കള്ളന്മാരെ ഉണ്ടാക്കിക്കൊണ്ടിരിക്കണം എന്നായിരിക്കും നമ്മുടെ അടുത്ത വാദം.
മാർക്സിസം പോകുന്ന പോക്ക് നോക്കൂ. തെറി പറയുന്നതും തല്ലുന്നതുമൊക്കെ ധീരതയുടെ രീതിയും വിപ്ലവത്തിന്റെ ഭാവവുമാണെന്നായിരുന്നു ധാരണ. സൂക്ഷിച്ചുനോക്കിയാൽ, രീതിയും ഭാവവും ഏറെ മാറിയിട്ടുണ്ടെങ്കിലും, ധാരണ ഇപ്പോഴും അതൊക്കെത്തന്നെ. തെറിയുടെയും പാതയോഗത്തിന്റെയും ഭാഗ്യക്കുറിയുടേയുമൊക്കെ കാര്യത്തിൽ, ജയരാജൻ പഴയ ധാരണയുമായി മുന്നോട്ടു പോകുന്നു. പാർട്ടിക്ക് അനുഗമിക്കാതെ പറ്റില്ല. തെറി പറയുകയും തല്ലാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നവരാണല്ലോ വിപ്ലവത്തിന്റെ മുന്നണി നേതാക്കൾ. പക്ഷേ ആ മുന്നേറ്റത്തിൽ ഒരു കയറ്റവും നടക്കുന്നില്ല, നിന്നിടത്ത് നിൽക്കുകയോ പിന്നാക്കം പോകുകയോ മാത്രമേ ചെയ്യുന്നുള്ളു എന്നു മനസ്സിലാകാൻ ഇനിയും കാലം എടുക്കും.
(malayalam news nov 21)