Thursday, September 17, 2009

കിഴക്കമ്പലത്തിന്റെ രണ്ടു വീക്ഷണങ്ങള്‍

കൂനും കള്ളുനാറ്റവും ആരിലും ആദരമോ വിശ്വാസമോ ഉളവാക്കില്ല. കുഴഞ്ഞ സംസാരവും പിന്‍പറ്റി നില്‍ക്കുന്ന ശീലവും കൂടിയായാല്‍ പറയുകയും വേണ്ട. ശ്രദ്ധിക്കപ്പെടാത്ത വസ്ത്രവുമായി, കൂനിക്കൂടി, പിന്‍പറ്റി നിന്നു ആനന്ദ് കുമാര്‍. രാധാകൃഷ്ണന്റെ നാവ് നന്നേ കുഴഞ്ഞിരുന്നു. വലിയൊരു കുംഭകോണത്തിന്റെ കഥ പറയാന്‍ വന്നതായിരുന്നു രണ്ടുപേരും. രാധാകൃഷ്ണന്‍ റിസര്‍വ് ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍, ആനന്ദ് കുമാര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രവങ്കൂറിലേയും. കണക്കിലെ കള്ളം കണ്ടാല്‍ ഉടന്‍ കേറിപ്പിടിക്കാന്‍ രണ്ടുപേര്‍ക്കും സാധാരണയില്‍ കവിഞ്ഞ വൈഭവമുണ്ടെന്ന് പിന്നീടേ മനസ്സിലായുള്ളൂ.

വളരെ ഉയര്‍ന്ന നിലയില്‍ എത്തേണ്ട ആളായിരുന്നു രാധാകൃഷ്ണന്‍. പക്ഷേ ആപ്പീസിലും പുറത്തും അദ്ദേഹം പറയുന്നതെല്ലാം കാര്യമായെടുക്കാന്‍ ആളുകള്‍ മടിച്ചു. പറയാനുള്ളതൊക്കെ പറഞ്ഞൊപ്പിക്കാന്‍ തന്നെ അദ്ദേഹത്തിനായിരുന്നില്ല. അമൃതാഞ്ജനം തേച്ചുപിടിപ്പിച്ച മൂക്കും മുറുക്കിച്ചുവപ്പിച്ച ചുണ്ടും മതിയായിരുന്നില്ല മദ്യത്തിന്റെ സ്വാധീനം മറച്ചുവെക്കാന്‍. ഒന്നും മിണ്ടാതെ ഒതുങ്ങിനിന്നിരുന്ന ആനന്ദ് കുമാറിനെ പരിചയപ്പെടുത്തിയപ്പോള്‍, സംസാരിച്ചുനോക്കാമെന്നു തോന്നി--വേറൊരു ദിവസം, രാധകൃഷ്ണന്റെ കുഴഞ്ഞാട്ടത്തിന് അവസരം കൊടുക്കാതെ.

ഭൂമിയുടെ ഗര്‍ഭഗൃഹത്തിന്റെ ആകൃതിയും പ്രകൃതിയും പഠിച്ച്, ശാസ്ത്രഗവേഷണ കൌണ്‍സിലില്‍ ജോലി നേടിയ ശേഷം, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂറില്‍ ചേര്‍ന്ന കര്‍ണ്ണാടകക്കാരനായിരുന്നു ആനന്ദ് കുമാര്‍. വിക്ക് സംസാരത്തിനേ ഉള്ളുവെന്ന് ഇ എം എസ് പറയാറുള്ളതുപോലെ, ആനന്ദ് കുമാറിന്റെ തോളിനു മാത്രമേ കൂന് ഉണ്ടായിരുന്നുള്ളു. ബൌദ്ധികമായും ധാര്‍മ്മികമായും എപ്പോഴും എവിടെയും നീണ്ടുനിവര്‍ന്നുനിന്നു. സന്തോഷിപ്പിക്കാന്‍ പറ്റാത്ത മേലധികാരികളെ കിട്ടിയതുകൊണ്ട്, ഉദ്യോഗക്കയറ്റത്തിനു സമയമാകുമ്പോള്‍ ആനന്ദ് കുമാര്‍ വീണ്ടും വീണ്ടും തഴയപ്പെട്ടു. എന്തിനും ഏതിനും വഴങ്ങിക്കൊടുത്തു ശീലിക്കാത്തതുകൊണ്ട്,
സ്വാധീനവും കേമത്തവും ഉള്ള പദവികളിനിന്ന് ഒഴിവാക്കപ്പെട്ടു. ടി പത്മനാഭന്റെ നിധി ചാല സുഖമാ എന്ന കഥയിലെ രാമനാഥന്റെ ഒരംശം ചേര്‍ന്നിരുന്നു ആനന്ദ് കുമാറില്‍.

ആനന്ദ് കുമാറിനെ ഒതുക്കിയത് ബാങ്കിന്റെ പരിശോധനാവിഭാഗത്തിലായിരുന്നു. കുഴപ്പമുണ്ടാക്കാന്‍ കൂടുതല്‍ സൌകര്യമുള്ള ലാവണം. ഓരോ ശാഖയിലേയും തരികിടയും തിരിമറിയും പുറത്തുകൊണ്ടുവരാം. എറണാകുളത്തെ മുഖ്യശാഖ പരിശോധിക്കാന്‍ ആനന്ദ് കുമാറിനെ നിയോഗിച്ചപ്പോള്‍, മുതിര്‍ന്നവരും കീഴ്ശാന്തികളും പുറത്തുള്ള ഭക്തശിരോമണികളും--എല്ലാവരും--മുന്നറിയിപ്പു നല്‍കി, “കുളമാക്കും.” കുളമാക്കി.

ബാങ്കില്‍ എന്നേ സംസാരമായിക്കഴിഞ്ഞിരുന്ന കിഴക്കമ്പലം ടെക്സ്റ്റയില്‍സിന്റെ എക്കൌണ്ടില്‍ ആനന്ദ് കുമാര്‍ കൈവെക്കുമോ എന്നായിരുന്നു പലരുടെയും ശങ്ക, പലരുടെയും പേടി. സര്‍വാധികാര്യക്കാരായിരുന്ന ജനറല്‍ മാനേജര്‍ നെടുങ്ങാടിക്ക് ശങ്കയേ ഉണ്ടായിരുന്നില്ല: കുലം മുടിക്കാന്‍ ഇറങ്ങിയവനാണ്; കുളം തോണ്ടും. കരുതിയിരിക്കാന്‍ എറണാകുളത്തെ ബാങ്ക് മാനേജര്‍ക്കു മാത്രമല്ല, കിഴക്കമ്പലത്തിന്റെ ഉടമയായ എം സി ജേക്കബിനും വിവരം കിട്ടി. ഓരോ ദിവസവും അവര്‍ കരുതിയിരുന്നു.

ചെറുതും വലുതുമായ എക്കൌണ്ടുകള്‍ പരിശോധിച്ചും, ചെറിയ ചെറിയ പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടിയും ഇന്‍സ്പെക്റ്റര്‍ ആനന്ദ് കുമാര്‍ കാലയാപനം ചെയ്തു. കൂനിക്കൂടിയിരുന്ന് ലെഡ്ജറുകളും രശീതികളും നോക്കിക്കൊണ്ട് മിണ്ടാതിരിക്കുന്നതിനിടയില്‍ ആഴ്ചകള്‍ ‍പലതു കഴിഞ്ഞു. കിഴക്കമ്പലത്തേക്ക് അദ്ദേഹത്തിന്റെ കണ്ണുകള്‍ പോയതേയില്ല. പല ദിവസം കരുതിയിരുന്ന ജേക്കബ് ഒരു ദിവസം ക്ഷമ കെട്ട് അങ്ങോട്ട് ഇടിച്ചുകയറി ചോദിച്ചു: “എപ്പോഴാണ് എന്റെ എക്കൌണ്ടിന്റെ പരിശോധന? എനിക്ക് സിംഗപ്പൂരില്‍ പോകണം...”
“അതിനെന്താ, പോയിട്ടുവരൂ. നിങ്ങളുടെ എക്കൌണ്ടിനെപ്പറ്റി എന്തെങ്കിലും സംശയം വന്നാല്‍ നിങ്ങളെ വിളിക്കാം. നിങ്ങളോട് ചോദിക്കാതെ ഒരു നിഗമനവും ഉണ്ടാവില്ല. സമയമെടുത്തേക്കും. നിങ്ങള്‍ പോയിട്ടുവരൂ.“

അപ്പോള്‍, അതാണ് പരിപാടിയല്ലേ, സമയമെടുത്തുതന്നെ പരിശോധിക്കാന്‍? അങ്ങനെ പോയി ചിലരുടെ ചിന്ത. നേരത്തേ വ്യവസായ ഡയറക്റ്റര്‍ ആയിരുന്ന, ശാസ്ത്രസാഹിത്യപ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളായ കെ ആര്‍ രാജന്‍ പറഞ്ഞറിഞ്ഞതാണ്, ബുദ്ധിമാനും ഉത്സാഹശാലിയുമായ എം സി ജേക്കബിന് ആളുകളെ സ്വാധീനിക്കുന്ന വ്യക്തിത്വം ഉണ്ടായിരുന്നു. സി പി ഐ നേതാക്കളില്‍ ചിലര്‍ ‍അദ്ദേഹവുമായി കൂടുതല്‍ അടുപ്പമുള്ളവരായിരുന്നു. അബു എന്നൊരു പാര്‍ടിബന്ധു തുടങ്ങിയ തുണിപ്പണി തോറ്റുപോകുമ്പോഴും കിഴക്കമ്പലം കുതിച്ചുകയറുകയായിരുന്നു. ആ കിഴക്കമ്പലത്തേക്കായിരുന്നു ആനന്ദ് കുമാറിന്റെ നീക്കം.

കേള്‍വിയും സംസാരവും തടസ്സപ്പെട്ട പാവങ്ങളെ അണിനിരത്തിക്കൊണ്ട് ഒരു വ്യവസായം തുടങ്ങിയ ധീരനും ധിഷണാശാലിയുമായ സംരംഭകന്‍ ആയിരുന്നു കിഴക്കമ്പലത്തിന്റെ സ്ഥാപകന്‍. ശബ്ദശൂന്യമായ ഒരു ലോകത്തില്‍ കഴിയുന്നആ മനുഷ്യാത്മാക്കളുടെ മാര്‍ഗ്ഗ്ഗദര്‍ശിയും അഭയദായകനുമായിരുന്നു അദ്ദേഹം. അങ്ങനെയായിരുന്നു അദ്ദേഹത്തെപ്പറ്റിയുള്ള ചിത്രീകരണം. അങ്ങനെയുള്ള ഒരു സ്ഥാപനത്തിന്റെ എക്കൌണ്ടില്‍ എന്തു പരിശോധിക്കാന്‍? പലതും പരിശോധിക്കാന്‍ ഉണ്ടായിരുന്നു.

കിഴക്കമ്പലവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ എക്കൌണ്ടുകളെല്ലാം ആനന്ദ് കുമാര്‍ ആദ്യം ഒരു ശൃംഖലയില്‍ പെടുത്തി. ഓരോരുത്തരുടേയും ഇടപാടുകളും ഓരോരുത്തര്‍ക്കും ബാങ്ക് അനുവദിച്ച ആനുകൂല്യങ്ങളും പരിശോധിച്ചു തുടങ്ങി. മാതൃസ്ഥാപനമായ കിഴക്കമ്പലം ടെക്സ്റ്റയില്‍സ് വാസ്തവത്തില്‍ മൂകരും ബധിരരുമായ അതിലെ തൊഴിലാളികളുടേതായിരുന്നു. അവരായിരുന്നു അതിന്റെ ഓഹരിയുടമകള്‍. സൌജന്യനിരക്കില്‍ ബാങ്ക് വായ്പ അനുവദിച്ചത് അവര്‍ക്കായിരുന്നു. വായ്പ് തിര്‍ച്ചടക്കാനുള്ള ബാധ്യതയും അവര്‍ക്കു തന്നെ. അവരുടെ രക്ഷിതാവും ഉപദേശകനും ഭരണകര്‍ത്താവുമായി ജേക്കബ്. നിരക്ഷരരും പാവപ്പെട്ടവരുമായ നെയ്ത്തുതറി ഉടമകള്‍, അവര്‍ക്കുവേണ്ടി എല്ലാ ഇടപാടുകളും നടത്താന്‍ ജെക്കബിന് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുകയായിരുന്നു.

ആ പ്രഹേളിക ആനന്ദ് കുമാര്‍ പൊളിച്ചെഴുതി. ഉടമകള്‍ കൂലിക്കാരായ സഹകരണസംഘമായിരുന്നില്ല ആ സംരംഭം. തറിയുടമളുമായായിരുന്നു ബാങ്കിന്റെ ഇടപാട്. അവരുടെ പേരില്‍ വായ്പ തേടുന്നു, അവരുടെ പേരില്‍ അനുവദിക്കപ്പേടുന്നു, അവര്‍ സ്വാഭാവികമായും തിരിച്ചടക്കാന്‍ ബാധ്യസ്ഥരാകുന്നു. അനിവദിക്കപ്പെടുന്ന വായ്പ അവര്‍ക്കുവേണ്ടി കൈകാര്യം ചെയ്യുന്നത് മൂന്നമതൊരാളാണെന്നു മാത്രം. അതില്‍ കയറി പിടിച്ചു ആനന്ദ് കുമാര്‍.

അന്വേഷിച്ചുചെന്നപ്പോള്‍ ചില തറി ഉടമകള്‍ ഉണ്ടോ എന്നുപോലും സംശയമായി. ഇല്ല്ലാത്ത ഒരാള്‍ക്ക്, കുറഞ്ഞ പലിശക്കായാലും അല്ലെങ്കിലും, വായ്പ കൊടുക്കുന്നതെങ്ങനെ? ഇടപാടുകാരനുമായി പരിചയപ്പെടുകയാണ് ഏതു ബാങ്കിംഗ് സ്ഥാപനത്തിന്റെയും ആദ്യധര്‍മ്മം. വായുവില്‍നിന്നുണ്ടാകുന്നതല്ല പണം എന്നു ജ്യോഫ്രി ക്രൌതര്‍, ‘പണത്തിന്റെ രൂപരേഖ’ എന്ന വിഖ്യാതമായ പഴയ പുസ്തകത്തില്‍ പറഞ്ഞതുപോലെ, വായുവില്‍ നിലകൊള്ളുന്നവരുമായി ബാങ്കുകള്‍ക്ക് ഇടപാട് നടത്താന്‍ പറ്റില്ല. അങ്ങനെ, കടം കൊടുത്ത/എടുത്ത ചില പേരുകാരുടെ ഉത്ഭവവും ഉണ്മയും അന്വേഷണവിഷയമായി. എല്ലായ്പോഴുമെന്നപൊലെ, ആ അന്വേഷണത്തിനും അവസാനമുണ്ടായിരുന്നില്ല.

അക്കവും അക്ഷരവുമിട്ട് ആനന്ദ് കുമാര്‍ തയ്യറാക്കിയ റിപ്പോര്‍ട്, പൊട്ടാന്‍ നേരം നോക്കിയിരിക്കുന്ന പണപ്പടക്കം പോലെ, പരിശോധനാവിഭാഗത്തിന്റെ അലമാരയില്‍ ഒളിച്ചിരിപ്പായി. പുറത്തെടുത്തുവായിക്കാനും തുടര്‍നടപടികള്‍ ആവശ്യപ്പെടാനും ആര്‍ക്കും സന്തോഷം തോന്നിയില്ല. അങ്ങനെ ഒരു രേഖയേ ഇല്ലെന്നു നടിച്ചാല്‍ രേഖ ഇല്ലാതാകുമെന്നായിരുന്നു നിലവിലുള്ള തത്വശാസ്ത്രം. ഏതായാലും ഒരു തീരുമാനം ഉടന്‍ ഉണ്ടായി: ആനന്ദ് കുമാറിനെ ഇനിഒരു പരിശോധനക്കും അയക്കേണ്ട. വെറുതെ ഇരുത്താന്‍ വയ്യാത്തതുകൊണ്ട്, കൂടുതല്‍ അറിവും പരിചയവും നേടാന്‍ വേണ്ടി, പരിശീലനത്തിനയച്ചു. ആ പരിശീലനത്തിനിടയിലായിരുന്നു ഞാനുമായുള്ള സമാഗമം.

സാധാരണഗതിയില്‍, ഇങ്ങനെയൊരു കഥ പത്രത്തില്‍ വന്നാല്‍ എവിടെയും നല്ല പുകില്‍ ആകും. പത്രസമ്മേളനമുണ്ടാകും, നിഷേധപ്രസ്താവന ഇറങ്ങും, അനുരഞ്ജനശ്രമം നടക്കും, വക്കീല്‍ നോടിസ് വരും. ആദ്യം പറഞ്ഞ മൂന്നുമുണ്ടായില്ല. കുറെ കഴിഞ്ഞ് നാലാമത്തെ സാധനം വന്നു: വക്കീല്‍ നോടിസ്. കോടതിയില്‍ നിറഞ്ഞും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ അത്രതന്നെ നിറയാതെയുമിരുന്ന ടി സി എന്‍ മേനോന്‍ ‍കിഴക്കമ്പലം ടെക്സ്റ്റയില്‍സിനുവേണ്ടി അയച്ചതായിരുന്നു നോടിസ്. ബാങ്കിന്റെ രേഖ ഉദ്ധരിച്ച്, ബാങ്കിന്റെ ഇടപാടിനെ ചോദ്യം ചെയ്യുന്ന പത്രക്കഥയെപ്പറ്റി ബാങ്ക് ഒന്നും പറയാതിരുന്നത് ദുരൂഹമല്ലെങ്കിലും രസകരമായി.

ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററായിരുന്ന എന്‍ ബി ബാനര്‍ജി മാത്രം അനൌപചാരികമായി ഇത്രയും പറഞ്ഞു: “ആ വ്യവസായസംരംഭം ഒന്നു കണുക. നന്നായി നടക്കുന്നു. ബാങ്ക് കൊടുത്ത വായ്പ സുരക്ഷിതമായി, ലാഭകരമായി, സുരക്ഷിതമായി, വീനിയോഗിക്കപ്പെടുന്നു. അത്ര പോരേ ഏതു ബാങ്കിനും?” അത്ര മതിയായിരിക്കും, ഒരു തരത്തില്‍ നോക്കിയാല്‍. വേറൊരു തരത്തില്‍ നോക്കുന്നതായിരുന്നു ആനന്ദ് കുമാറിന്റെ റിപ്പോര്‍ട്. സി ബി ഐ മേധാവികളും വേറൊരു തരത്തില്‍ നോക്കി. ആനന്ദ് കുമാര്‍ കണ്ടെത്തിയ കാര്യങ്ങളുടെ വെളിച്ചത്തില്‍ സി ബി ഐ പലയിടത്തും മിന്നല്‍ പരിശോധന നടത്തി. പിന്നെ ബാങ്ക് ആ സ്ഥാപനത്തിനെതിരെ കേസെടുത്തെന്നു കേട്ടു. സ്ഥാപനമാകട്ടെ പിന്നീടും വളരുകയും, അതിന്റെ സേവനങ്ങളെ വാഴ്ത്തുന്ന കഥകള്‍ പിന്നീടും വരികയും ചെയ്തു.

ഈ കഥയുടെ ശേഷപത്രമായി ഒരു കാര്യം. ആനന്ദ് കുമാര്‍ സ്ഥലം മാരിപ്പോയി. പിന്നെ പിരിഞ്ഞു. രാധാകൃഷ്ണന്‍ കുഴഞ്ഞുമറിഞ്ഞ കഥകള്‍ പിന്നെയും പറഞ്ഞുതന്നുകൊണ്ടിരുന്നു. ഒരു ദിവസം, കുടുംബത്തെ തേടിപ്പിടിച്ച്, അദ്ദേഹത്തെ ഡോക്റ്റര്‍ വി കെ രാമചന്ദ്രന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി, കുടി നിര്‍ത്താന്‍. രണ്ടാഴ്ചക്കുശേഷം പുറത്തിറങ്ങുമ്പോള്‍ രാധാകൃഷ്ണന്‍ സുമുഖനും പ്രസന്നനുമായിരുന്നു. അമൃതാഞ്ജനത്തിന്റെ മണമോ മുറുക്കാന്റെ ചുവപ്പോ ആവശ്യമായിരുന്നില്ല. ഒരു ദിവസം അതൊക്കെ വീണ്ടും തിരിച്ചുവന്നു. അതു കണ്ടപ്പോള്‍, കുറെ നേരം കരയിലിരുന്ന് വീണ്ടും വെള്ളത്തിലേക്ക് നീന്തിയിറങ്ങുന്ന അരയന്നത്തെ ഉപമേയവും വാസവദത്തയെ ഉപമാനവുമാക്കിയുള്ള ആശാന്‍ വരികള്‍ സുഖകരമായി തോന്നിയില്ല.

(കാലക്ഷേപം എന്ന പംക്തിയിൽ തേജസ്സിൽ സെപ്തംബർ പതിനേഴിന് പ്രസിദ്ധീകരിച്ചത്)
...

Wednesday, September 16, 2009

ലാളിത്യം കൊള്ളാം--മറ്റുള്ളവരിൽ

മറ്റുള്ളവർ ലളിതമായി ജീവിക്കുന്നതു കാണാനാണ് എല്ലാവർക്കും ഇഷ്ടം. ആരായാലും--‘ജനകീയക്കവലയിലെ നേതാക്കളാ‘യാലും ‘ജനിമോക്ഷക്കവലയിലെ താടിക്കാരാ‘യാലും--പുൽക്കുടിലിൽ കഴിയണം, കാട്ടുകിഴങ്ങുകളും വെട്ടുകിളികളും തിന്നണം. എന്നാലേ ആദരം കിട്ടൂ. അതുകൊണ്ട് സഖാക്കൾ അങ്ങനെയായിരിക്കണമെന്നും, അതു ബോധ്യപ്പെടുത്താൻ സ്വത്ത് വെളിപ്പേടുത്തണമെന്നും പൊളിറ്റ് ബ്യൂറോ നിർദ്ദേശിച്ചിരിക്കുന്നു. ഇ പി ജയരാജനെ തള്ളിയിരിക്കുകയാണ് ബ്യൂറോ.

പണ്ട് വിപ്ലവകാരികൾ അങ്ങനെ ആയിരുന്നു. കട്ടൻ ചായയും പരിപ്പു വടയും വിഴുങ്ങി അവർ കമ്യൂണിസം കൃഷി ചെയ്തു. അടുത്തയിടെ ഭാഷക്കു കൈവന്ന ഹൃദ്യമായ രൂപകം ആണ് ‘കട്ടൻ ചായയും പരിപ്പു വടയും.’ അതു കഴിച്ചാലേ കമ്യൂണിസ്റ്റാകൂ എന്നു ശഠിച്ചാൽ, കമ്യൂണിസത്തിന് ആളെ കിട്ടില്ലെന്ന പ്രവചനം തെറ്റാവണമെന്നില്ല--പ്രവാചകൻ ജയരാജൻ ആയതുകൊണ്ടുമാത്രം. ഒറ്റമുണ്ടും പരുത്തിക്കുപ്പായവും അണിയണം കോൺഗ്രസ്സുകാരനാകണം എങ്കിൽ, പിന്നെ കോൺഗ്രസ്സിന്റെ പൊടി പോലും കാണില്ല.

എന്നാലും അവരുടെയൊക്കെ ജീവിതം ലളിതവിനീതമാണെന്നു മറ്റുള്ളവർ വിചാരിക്കണം. ആ വിചാരം ഉറപ്പിക്കാൻ ചിലർ കുപ്പായം അവിടവിടെ കീറുന്നു, കേവ്യർ ഇഷ്ടപ്പെടുമ്പോഴും കട്ടൻ കഴിക്കുന്നു, ഹോണ്ടയുണ്ടെങ്കിലും അംബാസഡറിൽ ഞെരിയുന്നു. പണമുണ്ടെന്നു മറ്റുള്ളവർക്കു തോന്നരുത്. പണം ജനത്തിന് ഇഷ്ടമാണ്; പക്ഷേ പണക്കാരെ ഇഷ്ടമല്ല. ഗാന്ധി അതു മനസ്സിലാക്കി. ദരിദ്രൻ ഗാന്ധിയുടെ നാരായണനായി; ദരിദ്രന്റെ ഉടുതുണി--ഇല്ലായ്മ--അദ്ദേഹത്തിന്റെ വേഷമായി. ഫലമോ? ജയരാജൻ പറഞ്ഞതല്ലേ ശരി, ഗാന്ധിക്ക് കോണമേ പാടുള്ളുവെങ്കിൽ, ഗാന്ധിപ്പണിക്ക് ആളെ കിട്ടാതാവുമെന്നു വന്നു.

ഏറെ പണമിറക്കി ഗാന്ധിയുടെ ദാരിദ്ര്യം പ്രദർശിപ്പിക്കാൻ സരോജിനി നായ്ഡു ഉണ്ടായിരുന്നു. അത്രയില്ലെങ്കിലും, കീറാൻ ഒരു കുപ്പായം വാങ്ങാൻ, എന്തെങ്കിലും പദവിയുള്ളവർക്ക് വരുമാനവുമുണ്ടാകും. അതില്ലാതെ കൊടിപിടിക്കുന്ന പതിനായിരങ്ങൾക്കോ? കടം കൊള്ളുകയോ കവരുകയോ ചെയ്യാതെ അവർക്ക് കട്ടൻ ചായയും കുടിലും ഉണ്ടാവില്ല. അതെങ്ങനെയെങ്കിലും ഉണ്ടായാലോ, ബഹുജനമനുഷ്യൻ--ഒർടേഗ ഗേസറ്റിന്റെ Mass Man--അസഭ്യം പറയും: സുഖലോലുപൻ, അഴിമതി വീരൻ! എന്തിനെയും സംശയിക്കുന്ന, എല്ലാറ്റിന്റെയും ലഘുസാധാരണഘടകം മാത്രം മനസ്സിലാകുന്ന, ബഹുജനമനുഷ്യനെ സുഖിപ്പിക്കാനുള്ള ജാടയാണ് കട്ടനും കീറക്കുപ്പായവും. ഒന്ന് ആദ്യം തിരിച്ചറിയണം: രന്തിദേവന്റെ പരിത്യാഗശീലം നോർമലല്ല. എന്നിട്ടു വേണം പൊതുപ്രവർത്തകർക്കെല്ലാം സത്യസന്ധമായ ഉപജീവനത്തിനു വഴിയുണ്ടാക്കാൻ. അതുണ്ടായാലേ കവർച്ചക്കരെ ഓടിച്ചിട്ടു പിടിക്കാൻ പറ്റൂ. മുഴുവൻസമയരാഷ്ട്രീയം വ്യാപിക്കുമ്പോൾ, കവർച്ച കൂടും.

കവർച്ചയും പട്ടിണിയും ഒരുപോലെ കൂടിയ കാലത്ത് ഫ്രാൻസിലെ ഒരു റാണി ചോദിക്കുകയുണ്ടായി: “കഞ്ഞി കുടിക്കാനില്ലെങ്കിൽ, പാൽക്കഞ്ഞി കുടിച്ചുകൂടേ?” അവരുടെ തല പോയി. ആ അനുഭവം ഉണ്ടാകാതിരിക്കാൻ, ഇടക്കിടെ ആസ്തി വെളിപ്പെടുത്തുന്നതു കൊള്ളാം. പരിമിതി അറിഞ്ഞുകൊണ്ടു വേണമെന്നു മാത്രം. എന്നോളം തുറന്ന വരുമാനം ഒരിക്കലും ഇല്ലാതിരുന്ന ചിലരുടെ ചിലവ് കാണുമ്പോൾ പണം വായുവിൽനിന്നു വരുമെന്നു തോന്നും. വരുമാനവും വരുമാനമാർഗ്ഗവും തമ്മിലുള്ള പൊരുത്തക്കേട് ഏറെ പഴയതാകുന്നു. അതുകൊണ്ട് കട്ടൻ കുടിച്ചിരുന്നവർ ഷാമ്പെയിനിൽ കുളിക്കാൻ തുടങ്ങുമ്പോൾ മതി നമ്മുടെ സദാചാരകോമരം ഉറഞ്ഞുതുള്ളാൻ എന്നു വെക്കണം.

(മംഗളവാദ്യം എന്ന പംക്തിയിൽ സെപ്റ്റംബർ പതിനഞ്ചാം തിയതി മനോരമയിൽ പ്രസിദ്ധപ്പെടിത്തിയത്)