കുഴപ്പമില്ല. മലയാളത്തിൽ ഇത്രയേറെ വീശുന്ന വാക്ക് വേറെ ഇല്ല. പരീക്ഷ എങ്ങനെ? കുഴപ്പമില്ല. വണ്ടിയിൽ തിരക്ക്? കുഴപ്പമില്ല. സ്വർണ്ണവില കൂടിയാൽ? കുഴപ്പമില്ല. ആരോഗ്യം? കുഴപ്പമില്ല. രണ്ടു തന്നാലോ? കുഴപ്പമില്ല. എങ്ങനെയായാലും കുഴപ്പമില്ല. അതാണ് കുഴപ്പം. എല്ലാം അറിയാനുള്ള ചോദ്യത്തിന് ഒന്നും പറയാത്ത മറുപടി.
വാമൊഴിയിലായാലും ഇങ്ങനെ ഒന്നും പറയാതെ പറഞ്ഞുകൊണ്ടേ പോകേണ്ട കാര്യമില്ല. ചില കാരണങ്ങൾ ആലോചിച്ചുനോക്കാം.. ഒന്നുകിൽ, കുഴപ്പമില്ലെന്നു മൊഴിയുന്നവൻ മണ്ടൻ, കേട്ടതെന്ത്, കേൾക്കാത്തതെന്ത് എന്നു മനസ്സിലാകാത്തവൻ.. അല്ലെങ്കിൽ, ചോദിക്കുന്നവനോട് കാര്യം പറയേണ്ടെന്നു കരുതുന്നവൻ, എല്ലാം കുഴപ്പത്തിൽ ഒഴുക്കുന്നവൻ. അതുമല്ലെങ്കിൽ, നേരു പറഞ്ഞാൽ നെറികേടാവുമെന്നു പേടിക്കുന്നവൻ, പരപക്ഷബഹുമാനം മൂത്തവൻ.
ഒടുവിലെ ചേരിക്കാരന്റെ ഉള്ളിലിരിപ്പിൽ കുഴപ്പമില്ലെന്നു തോന്നുന്നു, പരീക്ഷ നന്നായെന്നോ സന്തോഷം തോന്നുന്നെന്നോ പറയാൻ പാടില്ല. അത് വലുപ്പമായി കാണും ചോദിക്കുന്നവൻ. അതുമല്ല, തോൽക്കുമെന്നോ ദേഹം കുഴയുന്നുവെന്നോ മറുപടി കേൾക്കണമെന്നായിരിക്കും അയാളുടെ മോഹം.. അയാളെ ഇക്കിളിപ്പെടുത്താൻ വേണ്ടിയാണ് “കുഴപ്പമില്ലാത്ത” ഉത്തരം..
അങ്ങനെ കാണിക്കുന്ന നയത്തിനും വിനയത്തിനും പ്രേരകമായ നാട്ടുമുറയെ തള്ളിപ്പറയുകയുണ്ടായി ജർമ്മൻ ചിന്തകൻ ഷോപ്പൻഹോവർ. കള്ളനും മണ്ടനും അങ്ങനെയല്ലാത്തവരോടൊപ്പം നിൽക്കാൻ സൌകര്യം ഒരുക്കുന്നതത്രേ ആ നാട്ടുമുറ. ഹരിശ്ചന്ദ്രനും ഐൻസ്റ്റീനും സത്യസന്ധനും ബുദ്ധിമാനും ആണെന്ന് അവകാശപ്പെട്ടാൽ, അഹമ്മതിയായി കൂട്ടില്ലേ? അതുകൊണ്ട്, മണ്ടൻ കളി കളിച്ചാൽ കുഴപ്പമില്ല.
വരമൊഴിയിലും വാമൊഴിയിലും വ്യക്തത വരുത്തുകയാണ് ഭാഷ ഉപയോഗിക്കുന്നവരുടെ കടമ. അതില്ലാതെ പോകുമ്പോൾ , സംവേദനം അവതാളത്തിലാകുന്നു., പൈങ്കിളി ചിണുങ്ങുകയും ഗീർവാണം മുഴങ്ങുകയും ചെയ്യുന്നു. എന്നാലും കുഴപ്പമില്ലെന്നോ? എന്തിനെയും “ഭയങ്കര“മാക്കുന്നതാണ് ആ സന്ദർഭം. സന്തോഷം ഭയങ്കരം, സൌന്ദര്യം ഭയങ്കരം, സ്നേഹം ഭയങ്കരം, സ്വാദ് ഭയങ്കരം, സർവം ഭയങ്കരം. അഭയമായിരുന്നു ഒരിക്കൽ മുദ്രയും മന്ത്രവും. ഇപ്പോൾ ‘ഭയങ്കര‘മാണ് ലക്ഷ്യവും മാർഗ്ഗവും.
ഇംഗ്ലിഷിൽ വാക്കിന്റെ വിപണിയിൽ ഇറങ്ങുന്ന ‘കുന്നംകുള‘ങ്ങളെ പൊളിച്ചുകാട്ടാൻ കുറച്ചുകാലമായി ഒരു സമ്മാനം കൊടുത്തു വരുന്നു. Plain English Campaign എന്നു പറയും. ഒട്ടും ലളിതമല്ലാത്ത പ്രയോഗത്തിനാണ് സമ്മാനം. ഒരിടക്ക് വീണ്ടും വീണ്ടും സമ്മാനം നേടിയത് അമേരിക്കൻ പ്രസിഡന്റായിരുന്ന ബുഷ് ആയിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ പ്രതിരോധ സെക്രട്ടറി സമ്മാനം തട്ടിയെടുത്തു. ഒരു ഇംഗ്ലിഷ് പ്രൊഫസർക്ക് സമ്മാനം പ്രഖ്യാപിച്ചപ്പോൾ, അവർ തട്ടിക്കേറി. ഒറ്റ മൂച്ചിൽ അവർ എഴുതിയ പ്രതിഷേധത്തിന് വീണ്ടും സമ്മാനം കൊടുക്കണമെന്ന് വാദമുണ്ടായി.. അവരൊക്കെ പറഞ്ഞത് പരിഭാഷക്ക് അതീതമായിരുന്നു. പരിഭാഷയിൽ ചോർന്നുപോകുന്നത് കവിത മാത്രമല്ല, ഊളത്തരവുമാകുന്നു. മലയാളത്തിൽ അങ്ങനെയൊരു സമ്മാനം ഏർപ്പെടുത്തിയാൽ, ആർക്കൊക്കെ കിട്ടും? എപ്പോഴെങ്കിലും എനിക്കും അതു തരപ്പെട്ടേക്കുമെന്നാണ് ഭാര്യയുടെ പക്ഷം.
വാക്കിന്റെയും പൊരുളിന്റെയും പിമ്പേ പോയി, ഒരു ദിവസം ഞാൻ ഡോക്റ്റർ സ്കറിയ സക്കറിയെ ശല്യപ്പെടുത്തി. എഴുത്തച്ഛൻ ഇല്ലാത്ത സാധനത്തിനു വാക്ക് കണ്ടെത്തിയെന്നായിരുന്നു എന്റെ വാദം. “കാലത്തെക്കളയാതെ ചൊല്ലു നീ കിളിപ്പെണ്ണേ/നീലത്തെ വെന്ന നിറമുള്ള ഗോവിന്ദൻ തന്റെ/ലീലകൾ കേട്ടാൽ മതിയാകയില്ലൊരിക്കലും /പാലോടു പഴം പഞ്ചതാരയും തരുവൻ ഞാൻ.” അഞ്ഞൂറു കൊല്ലം മുമ്പ് പഞ്ചസാര ഉണ്ടായിരുന്നില്ല. തത്ത പഞ്ചസാര കഴിച്ചിരുന്നുമില്ല. വസ്തുവില്ലെങ്കിൽ, പ്രതീകമെങ്ങനെ?
ഡോക്റ്റർ സ്കറിയ സക്കറിയ ഗുണ്ടർട്ടുമായും മറ്റും ആലോചിച്ചു. പഴയ ദ്രാവിഡഭാഷകളിൽ പഞ്ചസാരയുടെ ആദിരൂപം കാണാമത്രേ.. വാക്കും അർത്ഥവും ശിവപാർവതിമാരെപ്പോലെ ഒട്ടിയിരിക്കുന്നതാണെന്ന് ഒരു വാദം. രണ്ടും തമ്മിലുള്ള ബന്ധം, പുതിയ കുടുംബത്തെപ്പോലെ, അയഞ്ഞതായിരിക്കുമെന്ന് വേറൊരു വാദമുണ്ടെന്ന് ഡോക്റ്റർ സ്കറിയ പറഞ്ഞു. കരിമ്പും ശർക്കരയും കൽക്കണ്ടവുംഅന്നു നുണയാമായിരുന്നു, ശരി, പക്ഷേ പഞ്ചസാര? അത് ഉണ്ടാക്കുന്ന വഴിയും, തിന്നുന്ന തത്തയും, അന്നുണ്ടായിരുന്നോ? ഇല്ലെങ്കിൽ, നാം ചൊല്ലുന്ന ഭാരതത്തിലെ ചില ഭാഗങ്ങൾ എഴുത്തച്ഛന്റെ പറ്റിൽ എഴുതിപ്പിടിപ്പിച്ചതാകും. കുഴപ്പമില്ല.
(ഡിസംബർ പതിനഞ്ചിന് മംഗളവാദ്യം എന്ന പംക്തിയിൽ മനോരമയിൽ വന്നത്)