Tuesday, October 6, 2009

വീണ്ടും അന്വേഷണത്തിന്റെ ആരംഭം

വീണ്ടും ഒരപകടം. വീണ്ടും ഒരന്വേഷണം. വീണ്ടും അന്വേഷിക്കാൻ ഒരു ന്യായാധിപൻ. വിഷയം എന്തായാലും, ഇരിക്കുകയോ
നിൽക്കുകയോ ചെയ്യുന്ന ഒരു ന്യായാധിപൻ അന്വേഷിച്ചാലേ സ്വർണ്ണപ്പാത്രംകൊണ്ടു മൂടിയിരിക്കുന്ന സത്യത്തിന്റെ മുഖം വെളിപ്പെടുകയുള്ളു.

ഞാൻ ആദ്യമായി തെളിവു കൊടുക്കാൻ ഹാജരായ കമ്മിഷന്റെ അധ്യക്ഷൻ ന്യാ‍യാധിപനായിരുന്നില്ല. വിമാനം തകർന്നതായിരുന്നു വിഷയം. ഒരു പട്ടാളക്കാരന്റെ അകമ്പടിയോടെ ഞാൻ സാക്ഷി പറയാൻ എത്തിയപ്പോൾ, വാതിൽക്കൽ വന്ന് കമ്മിഷൻ മുഖ്യൻ എയർ മാർഷൽ ഡി സുബ്ബയ്യ പറഞ്ഞു: “സർ, ഇതിലേ...” അതായിരുന്നു ഞാൻ വി ഐ പി ആണെന്നു തെറ്റിദ്ധരിച്ച ഒരേയൊരവസരം. വിമാനം തകർന്ന സ്ഥലത്ത്, നൂറു കോണുകളിൽനിന്ന് വീണ്ടും വീണ്ടും സുബ്ബയ്യ അതുപോലൊരു വിമാനം പറത്തി നോക്കി. അതു മതിയായിരുന്നു കാര്യവും കാരണവും സ്ഥാപിച്ചെടുക്കാൻ. ആരും വേറൊരു അന്വേഷണം ആവശ്യപ്പെട്ടില്ല.

എസ് ആർ പി നേതാവും മുൻ ന്യായാധിപനുമായിരുന്ന എൻ ശ്രീനിവാസനെതിരെ കൂട്ടുകാർ ഉയർത്തിയ ആരോപണത്തെപ്പറ്റി നടന്ന അന്വേഷണമായിരുന്നു എന്റെ രണ്ടാമത്തെ വേദി. ഞാൻ കൈക്കൂലി വാങ്ങുകയോ കൊടുക്കുകയോ ചെയ്തിരുന്നില്ല. സാക്ഷിയുടെ സാക്ഷിയായിട്ടായിരുന്നു എന്റെ അവതാരം. വക്കീലിന്റെ ചോദ്യം: “പത്രത്തിലെ ആ റിപ്പോർട്ട് എഴുതിയത് ആർ?“ എന്റെ മറുപടി: “പത്രം വായനക്കാരോടു പറയാത്ത കാര്യം വേറൊരാളോടു പറയുന്നതു ചതിയാവും.” കറുത്ത കുപ്പായം ഒന്നു കൂടി വലിച്ചു കേറ്റി, വക്കീൽ എന്നെ തുറിച്ചുനോക്കി. സൂക്ഷിക്കണം, നിൽക്കുന്നത് സാക്ഷിക്കൂട്ടിലാണ്!

രാജീവ് ഗാന്ധിയുടെ വധവുമായി എനിക്കൊരു ബന്ധവുമുണ്ടായിരുന്നില്ല. അതിൽ വിദേശഹസ്തമുണ്ടായിരുന്നോ എന്ന് അന്വേഷിച്ച കമ്മിഷന്റെ മുമ്പിൽ ഞാൻ ആറു മണിക്കൂർ അഞ്ചു വാലും മടക്കി നിന്നു. അടുത്തൂൺ പറ്റിയ ജസ്റ്റിസ് എം സി ജയിന്റെ മുമ്പിലിട്ട് എന്നെ നെടുകെയും കുറുകെയും വിസ്തരിച്ചു. ഒടുവിൽ ഞാൻ ഞാനാണെന്ന് ആരു പറയുന്നു എന്നായി ഒരു വക്കിലിന്റെ ചോദ്യം. ഒരു പുസ്തകത്തിന്റെ ചട്ടയിൽ ഞാൻ ഒരു പത്രപ്രവർത്തകനാണെന്നു പറഞ്ഞുപോയിരുന്നു. അത് ആരു പറഞ്ഞു എന്ന ചോദ്യത്തിനു മുമ്പിൽ ഞാൻ മോഹാലസ്യപ്പെട്ടു. രണ്ടുകൊല്ലം കഴിഞ്ഞ്, ആ കമ്മിഷന്റെ റിപ്പോർട്ടിൽ ഇല്ലാതിരുന്ന ഒരു വരി ഉദ്ധരിച്ചുവന്ന പത്രക്കഥയുടെ മുഴക്കത്തിൽ, ഐ കെ ഗുജറാലിന്റെ മന്ത്രിസഭ മറിഞ്ഞു.

ഇതെന്നല്ല, എന്തും അന്വേഷിക്കാൻ ഒരു ന്യായാധിപൻ വേണം. പരിസ്ഥിതിവിദഗ്ധനോ പ്രൊഫസറോ പൊതുപ്രവർത്തകനോ പോര. അവർക്കൊന്നും പ്രാപ്തിയില്ല, വസ്തുനിഷ്ഠതയില്ല. ന്യൂയോർക്കിലെ ലോകവാണിജ്യസൌധങ്ങൾ വിമാനമിടിച്ചു തകർത്തത് അന്വേഷിച്ച കമ്മിഷന്റെ മുഖ്യൻ തോമസ് കീൻ ആയിരുന്നു, ഒരു സെനറ്റർ. പക്ഷേ അവർക്ക് അവരുടെ വഴി, നമുക്ക് നമ്മുടെ ജഡ്ജി വഴി. ശരിയാണ്, നിയമവാഴ്ച വേണം; പക്ഷേ എന്തും നിയമജ്ഞർക്കു വിടാൻ നിശ്ചയിക്കുമ്പോൾ, അല്പം യമം ആകാം. ആസ്പത്രിയിൽ തിരക്കു കൂടുന്നതുപോലെ, കോടതിയിൽ ജനം ചേക്കേറുന്നതും സാമൂഹ്യാരോഗ്യത്തിന്റെ സൂചനയല്ല എന്നാണ് എന്റെ സ്വകാര്യമായൊരു
സുവർണ്ണസിദ്ധാന്തം. ഭിഷഗ്വരന്മാർക്കും അഭിഭാഷകന്മാർക്കും രസിക്കില്ല. മാപ്പ്, യുവർ ഓണർ! .

(മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ ഒക്റ്റോബർ ആറാം തിയതി പ്രസിദ്ധീകരിച്ചത്)