ഒരു പിരിച്ചുവിടലിന്റെ കഥ
ഇരുപത്തഞ്ചു കൊല്ലം കൊണ്ട് പഴക്കം ഉണ്ടായിരുന്നില്ല. പണ്ടു തോന്നിയിരുന്ന ചൂടും വെളിച്ചവും കഴിഞ്ഞ ആഴ്ച മണമ്പൂർ രാജൻ ബാബു വിളിച്ചപ്പോഴും തോന്നി. പണ്ടും കൂടെക്കൂടെ കണ്ടിരുന്ന ആളല്ല. അഞ്ചാറു തവണയിൽ കൂടുതൽ കണ്ടിട്ടേ ഉണ്ടാവില്ല. അത്ര തവണ ഫോണിൽ സംസാരിച്ചു കാണും. പിന്നെ അദ്ദേഹം പ്രസിദ്ധീകരിക്കുന്ന “ഇന്ന്” എന്ന ഇൻലന്റ് മാസിക അയച്ചു തരുമായിരുന്നു. പിന്നെ അതും നിന്നു.
എത്രയോ കാലത്തിനുശേഷം “ഇന്ന്” വീണ്ടും കിട്ടിയപ്പോൾ, ട്വിറ്റർ അല്ല, ഇന്റർനെറ്റ് അല്ല, കമ്പ്യൂട്ടർ തന്നെ ഇല്ലാതിരുന്ന കാലത്ത് രാജൻ ബാബു തുടങ്ങിയ ആ സംരംഭത്തിന്റെ കാലാതിവർത്തിയായ പുതുമയെപ്പറ്റി ആലോചിച്ചുപോയി. ട്വിറ്റർ പോലുള്ള പുതിയ ആശയവേദികളിൽ നടക്കുന്ന ഹ്രസ്വവിനിമയം അതിനെപ്പറ്റി കേട്ടുകേൾവി പോലും ഇല്ലതിരുന്ന കാലത്ത് “ഇന്നി”ൽ നടന്നിരുന്നു. സാഹിത്യമായിരുന്നു മുഖ്യവിഷയം എന്നേയുള്ളു. ഇരുപത്തെട്ടുകൊല്ലം മുമ്പു തുടങ്ങിയ ആ മാസിക പതിനായിരത്തിൽ താഴെ വരിക്കാരുമായി ഇന്നും തുടരുന്നു. മാസികകളുടെ ലോകത്ത് ബാലമരണം കൂടിയിട്ടും മണമ്പൂർ രാജൻ ബാബുവിന്റെ മാനസസന്തതിക്ക് ആയുസ്സറ്റില്ല.
കഴിഞ്ഞ ആഴ്ച “ഇന്ന്” വീണ്ടും തപാലിൽ കിട്ടിയപ്പോൾ, എങ്ങനെ എന്നെ തേടിപ്പിടിച്ചു എന്നറിയാൻ ഞാൻ രാജൻ ബാബുവിനെ വിളിച്ചു. തേടിപ്പിടിച്ചതു തന്നെയായിരുന്നു. പിന്നെ അദ്ദേഹം പത്തിരുപത്തഞ്ചുകൊല്ലം മുമ്പ് ഞങ്ങൽ ബന്ധപ്പെടാൻ ഇടയായ അവസരം ഓർത്തു പറഞ്ഞു. “എന്നെ രക്ഷിച്ച ആളല്ലേ?” എന്നു കേട്ടപ്പോൾ രക്ഷകപദം ഏറ്റെടുക്കാനുള്ള അല്പത്വമോ അതു തട്ടിക്കളയാനുള്ള പക്വതയോ എനിക്കുണ്ടായില്ല. രാജൻ ബാബു “രക്ഷപ്പെട്ട“ സാഹചര്യത്തെപ്പറ്റി ഞങ്ങൾ ഓർമ്മ പങ്കിട്ടു.
ഇന്നും മലപ്പുറത്ത് താമസിക്കുന്ന മണമ്പൂർക്കരൻ രാജൻ ബാബു അന്ന് മലപ്പുറത്തെ എം എസ് പി ആപ്പിസ്സിൽ ഗുമസ്തനായിരുന്നു. പൊലിസൂകാരനു ബാധകമായ അച്ചടക്കച്ചട്ടം സിവിലിയൻ ജീവനക്കാർക്ക് ബാധകമാകേണ്ട കാര്യമില്ല. പണ്ടൊരിക്കൽ ഡൽഹിയിൽ വെച്ച് ഇതുപോലൊരു പ്രശ്നം കൈകാര്യം ചെയ്യേണ്ടിവന്നതോർത്തു. അതിർത്തിപ്രദേശങ്ങളിൽ റോഡു പണിയുന്ന സംഘടന(ബി ആർ ഒ) എന്നും സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. അതിലെ പട്ടാളക്കാരല്ലാത്ത ജീവനക്കാർക്ക്, പട്ടാളക്കാർക്കുള്ള ആനുകൂല്യങ്ങൾ പട്ടാളക്കരുടെ അച്ചടക്കച്ചട്ടം ബാധകമാക്കുന്നതിനെതിരെ പ്രക്ഷോഭമുണ്ടായി. സുനിൽ എന്ന ഒരു മലയാളി ചെറുപ്പക്കാരനായിരുന്നു അതിന്റെ നായകൻ എന്നോർക്കുന്നു. സുനിലിനെതിരെയും മറ്റും കർക്കശമായ സൈനികനിയമമനുസരിച്ച് നടപടി തുടങ്ങിയപ്പോൾ, ഞാൻ ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതി. പിന്നീട് എന്തുണ്ടായെന്ന് ഓർമ്മയില്ല.
രാജൻ ബാബു അപകടത്തിലായതും അതുപോലൊരു കാര്യത്തിലായിരുന്നു. അദ്ദേഹം എഴുതിയ, അലെഗറി എന്നു പറയാവുന്ന, ഒരു കഥ എം എസ് പി നേതൃത്വത്തെ വിറളി പിടിപ്പിച്ചു. ഊരും പേരും എടുത്തു പറഞ്ഞിരുന്നില്ല. ഉദാത്തമായ കഥ എന്നു പറയാനും പറ്റിയിരുന്നില്ല. ഏറിവന്നാൽ, വിമർശനമായി, ഇങ്ങനെ പറയാമയിരുന്നു: താൻ ജോലി ചെയ്യുന്ന സ്ഥാപനത്തെ താറടിക്കുന്ന മട്ടിൽ എന്തെങ്കിലും എഴുതിപ്പിടിപ്പിക്കുന്നതു കൊള്ളില്ല. പഴയ ധർമ്മനീതിയനുസരിച്ച്, അത് മര്യാദയല്ല. അത്രയേ പറയാനാവൂ. അതെഴുതിയ ആളെ ഉപദേശിക്കാം, താക്കീതു ചെയ്യാം, കൊല്ലം തോറും അനുവദിക്കുന്ന വർദ്ധനവ് തടയാം. പക്ഷേ കഥാകാരനെ രായ്ക്കുരാമാനം പിരിച്ചുവിടില്ല. രാജൻ ബാബുവിനെ പിരിച്ചു വിട്ടു.
സായുധസേനയിലെ അച്ചടക്കം പ്രപഞ്ചനിയമം പോലെ അലംഘനീയമാണെന്നു കരുതുന്ന കെ ജെ ജോസഫ് ആയിരുന്നു അന്നത്തെ എം എസ് പി കമൻഡാന്റ്. പിന്നീട് അദ്ദേഹം ഡി ജി പി ആയപ്പോഴും ആ വഴക്കം തുടരാൻ നോക്കി. രാജൻ ബാബുവിനെ ഇനി അവിടെ വെച്ചിരിക്കില്ലെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഇരുമ്പുലക്ക ആയിരുന്നു. അതൊന്നു വളച്ചുനോക്കാൻ കലാപ്രേമിയും സാധുശീലനുമായ അന്നത്തെ ഡി ജി പി എം കെ ജോസഫിനായില്ല. കലാപകരിയായ കഥാകൃത്തിനെ പുറത്താക്കാനുള്ള നടപടി മുന്നോട്ടുനീങ്ങുമ്പോൾ, ലിബറലിസത്തിന്റെ യോദ്ധാവായ ആഭ്യന്തരമന്ത്രി വയലാർ രവി നിശ്ശബ്ദനായിരുന്നു.
പുറത്ത് ബഹളം തുടങ്ങി. പ്രധാനമായും അത് ഇടതുപക്ഷസംഘടനകളുടെ സമരമായിരുന്നു. അതേ കാരണം കൊണ്ടാകാം, ഭരണകക്ഷികളുടെ സമീപനം തണുപ്പനായിരുന്നു. കമ്യൂണിസ്റ്റുകാരനെ രക്ഷിക്കാൻ കോൺഗ്രസ്സുകാരൻ ആഭ്യന്തരമന്ത്രി എന്തിനു മെനക്കെണം എന്ന മട്ടിലായിരുന്നു പോക്കെന്നു തോന്നുന്നു. പ്രസ്താവനകളും പ്രമേയങ്ങളും ഇറങ്ങിക്കൊണ്ടേയിരുന്നു. തിരുനല്ലൂർ കരുണാകരന്റെ നേതൃത്വത്തിൽ ഒരു സമരസമിതി രൂപം കൊണ്ടു. അതിനും സത്യഗ്രഹം നടത്തുകയോ പ്രതിഷേധയോഗം ഒരുക്കുകയോ മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളു. അതൊന്നും ഗൌനിക്കുന്ന കൂട്ടത്തിലായിരുന്നില്ല കെ ജെ ജോസഫ്. കേസ്സിനു പോയാൽ സമയം എടുക്കും. കോടതി അനുകൂലമായ നിലപാടല്ല എടുക്കുന്നതെങ്കിൽ, പിന്നെ ഒരു പ്രതിഷേധത്തിനും അവസരമുണ്ടാവില്ല. രാജൻ ബാബു മലപ്പുറത്തെ എം എസ് പി ക്യാമ്പിൽനിന്നു പുറത്താക്കപ്പെട്ട്, മണമ്പൂർക്ക് കുടിയേറേണ്ട പരുവത്തിലായിരുന്നു.
ആയിടെ വിപ്ലവത്തിന്റെ വർത്തമാനവുമായി രണ്ട് എൻ ജി ഒ യൂണിയൻ സുഹൃത്തുക്കൽ എന്റെ ആപ്പീസ്സിൽ വന്നു. ഒരാൾ റഹിം ആയിരുന്നുവെന്നാണ് ഓർമ്മ. രാജൻ ബാബുവിനെ രക്ഷിക്കാനുള്ള പ്രസ്താവനസമരത്തിൽ മുഴുകിയുരുന്ന ആളായിരുന്നു റഹിം. ഘോരമായ മുദ്രാവാക്യം വിളിക്കുമെങ്കിലും, വെളുക്കെ ചിരിച്ചുകൊണ്ടു മാത്രം സംസാരിക്കുന്ന റഹിം കാര്യം പറഞ്ഞപ്പോൾ, രാജൻ ബാബുവിന്റെ വിധ്വംസകമായ കഥ ഒന്നു വായിക്കണമെന്നു തോന്നി. റഹിം അതു സംഘടിപ്പിച്ചുതന്നയുടനേ, അതിന്റെ ഉള്ളടക്കം ഒരു റിപ്പോർട്ടാക്കി. ഇംഗ്ലിഷ് പ്രയോഗം കടമെടുത്താൽ, കഥ പറയുന്നതായിരുന്നു ആ കഥ. അതു വായിച്ചവർക്കാർക്കും കഥാകൃത്തിനെ, ശകാരിച്ചാൽത്തന്നെ, കുഴിവെട്ടി മൂടണമെന്നുണ്ടാവില്ല. ആഭ്യന്തരമന്ത്രിയും കഥയുടെ കഥ വായിക്കാൻ അവസരം ഒരുക്കി. അദ്ദേഹത്തിന്റെ അഭിമാനത്തെയും അധികാരത്തെയും പരാമർശിക്കുന്ന ചില വരികളും പത്രക്കഥയിൽ കുത്തിക്കേറ്റിയിരുന്നു.
രാജൻ ബാബുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനം വീണ്ടും പരിശോധിക്കാൻ ആഭ്യന്തരമന്ത്രി ഉത്തരവായി. പക്ഷേ അപ്പോഴേക്കും, തന്ത്രപരമായി, പൊലിസ് നേതൃത്വം പിരിച്ചുവിടുന്ന കല്പന ഇറക്കിക്കഴിഞ്ഞിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഉത്തരവിന് പുല്ലുവില പോലും കല്പിക്കാത്ത പൊലിസ് സേനയോ എന്ന പ്രകോപനപരമായ ചോദ്യം വേറൊരു റിപ്പോർട്ടായപ്പോൾ, വയലാർ രവി ചൊടിച്ചു.
രാഷ്ട്രീയമായും വ്യക്തിപരമായും കേവലമായ മനുഷ്യാവകാശത്തിന്റെ പേരിലും രാജൻ ബാബുവിനെ തിരിച്ചെടുപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. അങ്ങനെ നോക്കുമ്പോൾ, “എന്നെ രക്ഷിച്ച ആളല്ലേ?” എന്ന കഴിഞ്ഞ ആഴ്ച കേട്ട ചോദ്യം, വാസ്തവത്തിൽ, എത്തിക്കേണ്ടത് വയലാർ രവിക്കായിരുന്നു. അദ്ദേഹം രസിക്കും, തീർച്ച.
അന്ന് രവി തോൽക്കാൻ നിശ്ചയിച്ചിരുന്നെങ്കിൽ, ഇന്നത്തെ സ്ഥിതി എന്താകുമായിരുന്നു? ട്വിറ്ററിന്റെ മുൻ ഗാമിയായി ഇരുപത്തെട്ടുകൊല്ലം മുമ്പിറക്കിത്തുടങ്ങിയ കൊച്ചുമാസിക മുടങ്ങുകയോ മുടിയുകയോ ചെയ്യുമായിരുന്നു. രാജൻ ബാബു മലപ്പുറം വിട്ട് മണപൂർക്കോ മാവിലായിക്കോ പോകുമായിരുന്നു. അതിനെല്ലാം പുറമേ, അനൌചിത്യമെന്നോ കലാപരമായ ധിക്കാരമെന്നോ മാത്രം അധിക്ഷേപിക്കാവുന്ന ഒരു കൃത്യവിലോപത്തിന് എഴുത്തുകാരനെ പിരിച്ചുവിടാമെന്ന ഡ്രാക്കോണിയൻ നിർദ്ദേശത്തിന് കീഴ്വഴക്കത്തിന്റെ പിൻബലം കിട്ടുമായിരുന്നു. അതുണ്ടാകാതിരുന്നത് ഹന്ത! ഭാഗ്യം ജനാനാം.