Monday, November 14, 2011

ആളാവാൻ ഓരോ വഴി

ലെനിന്റെ പേരോടുകൂടി പതിവായി ചേർക്കുന്ന ആ വിശേഷണമുണ്ടല്ലോ, “മഹാനായ”, അത് എം വി ജയരാജന്റെ പേരോടുകൂടിയും ചേർത്താൽ ഈ ചോദ്യം സംഗതമായിരിക്കും: ജയരാജനും ഗാന്ധിയും തമ്മിൽ എന്തു വ്യത്യാസം? വ്യത്യാസമേ ഉള്ളു എന്നായിരിക്കും ചിലരുടെയെങ്കിലും മറുപടി. ഏതു ശുംഭൻ പറയുന്നതിലും കൂടുതലൊന്നും ജയരാജനു പറയാൻ കഴിഞ്ഞിട്ടില്ല. ഗാന്ധി പറഞ്ഞതൊന്നും ശുംഭന്മാർക്ക് പറയാവുന്നതല്ല. രണ്ടു പേരും തമ്മിലുള്ള താരതമ്യം അവിടെ അവസാനിക്കുന്നു. സത്യം സത്യമായി പറയണമെന്നു നിർബ്ബന്ധമാണെങ്കിൽ, ജയരാജനും ഗാന്ധിയും തമ്മിലുള്ള വ്യത്യാസം അവിടെ തുടങ്ങുന്നതേയുള്ളു.

ചമ്പാരണിലെ കർഷകരുടെ ഗതി കണ്ടപ്പോൾ കോടതിയെയും നിയമത്തെയും ചോദ്യം ചെയ്തുകൊണ്ട് സമരം തുടങ്ങിയ ആളായിരുന്നു ഗാന്ധി. പൊതുവഴിയിൽ യോഗം നടത്തുന്നത് നിരുത്സാഹപ്പെടുത്താൻ ശ്രമിച്ച കോടതിയെ അപലപിച്ചത് ജയരാജന്റെ സമരചരിത്രത്തിലെ ഒരു അധ്യായം മാത്രം. കോടതിയുടെ നേരേ കയർക്കുക മാത്രമല്ല അങ്ങനെ കയർക്കാൻ കോടതിയുടെ സംരക്ഷണം വേണമെന്നു ശഠിക്കുകയും ചെയ്യുന്ന ജയരാജന്റെ വൈരുദ്ധ്യാധിഷ്ഠിതമായ നിലപാട് വിപ്ലവകാരികളിൽ പോലും ചിരി ഉയർത്തും. ഗാന്ധിയുടെ രീതി ലളിതമായിരുന്നു. തനിക്ക് തെറ്റെന്നു തോന്നിയ നിയമം താൻ ലംഘിച്ചതിന് തനിക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു കോടതിയോടുള്ള അദ്ദേഹത്തിന്റെ അപേക്ഷ. ജയരാജനാകട്ടെ, കോടതിയെ ശുംഭന്മാരെന്നു വിളിക്കുന്നു, അങ്ങനെ വിളിക്കുന്നതിന് തന്നെ അനുമോദിക്കണമെന്ന് കോടതിയോടുതന്നെ ഫലത്തിൽ ആവശ്യപ്പെടുകയും ചെയ്യുന്നു. ഭീരുത്വം ചിലപ്പോൾ വായാടി വിപ്ലവമായി മേനി നടിക്കാം. ഗാന്ധി എന്തൊക്കെയല്ലാതായിരുന്നോ അതിൽ ഒന്നു മാത്രമാണ് ഭീരുത്വം.

ജയരാജൻ ഉന്നയിച്ച വിഷയമല്ല പ്രധാനം. എന്നാലും അതിനെപ്പറ്റി ഒന്നു രണ്ടു വാക്ക് പറഞ്ഞിട്ടുവേണം മുന്നോട്ടു പോകാൻ--വിശേഷിച്ചും എല്ലാ രാഷ്ട്രീയക്കാരും ജയരാജന്റെ നിലപാടിനോട് ഒട്ടൊക്കെ യോജിച്ചു കാണുന്ന സ്ഥിതിക്ക്. പൊതുവഴിയിൽ തോന്നും പോലെ യോഗം നടത്തി വഴിപോക്കരെ കഷ്ടപ്പെടുത്തുന്നതാണ് കേരളത്തിന്റെ സംസ്ക്കാരമെന്ന് ഒരു വാദാഭാസം തന്നെ നെയ്തെടുത്തിട്ടുണ്ട് ഈ പ്രസംഗകരും ചിന്തകരും. വഴിയിൽ വാക്കുകൾ വിസർജ്ജിച്ചാൽ വിപ്ലവമായെന്നോ, അതാണ് വേണ്ടതെന്ന് ജനം മുഴുവൻ വിശ്വസിക്കുന്നുവെന്നോ പറഞ്ഞുപിടിപ്പിക്കാനാണ് അവരുടെ ശ്രമം. എന്തിനുവേണ്ടിയാണെങ്കിലും ഏതു പ്രചാരണവും അതിൽ പങ്കു ചേരാത്ത ആളുകളുടെ അവകാശം നിഷേധിക്കാത്ത രീതിയിലും സ്ഥലത്തും മാത്രം സംഘടിപ്പിക്കുകയാണ് ജനാധിപത്യത്തിന്റെയും സിവിൽ സമൂഹത്തിന്റെയും സ്വഭാവം. അതീവഗുരുതരമോ ആകസ്മികമോ ആയ പ്രശ്നത്തിന്റെ പേരിൽ ഉണ്ടാകുന്ന ജനാഭിപ്രയസ്ഫോടനവും അതുവഴി സംഭവിക്കുന്ന തടസ്സങ്ങളും ഈ നിയമത്തെ സാധൂകരിക്കുന്ന അപവാദങ്ങൾ മാത്രമേ ആകുന്നുള്ളു. ആറ്റുകാൽ പൊങ്കാലക്കാലത്ത് തിരുവനന്തപുരം നഗരത്തിൽ എവിടെയും അടുപ്പുകൂട്ടി പ്രാർഥനാനിരതരായി നിൽക്കുന്ന സ്ത്രീകളുടെ കൂട്ടത്തെ നടുവഴിയിൽ തോന്നും പോലെ യോഗം വിളിച്ചുകൂട്ടുന്ന തകർപ്പൻ നടപടിയുമായി ബന്ധപ്പെടുത്തി കണ്ടുകൂടാ. ഉള്ളിൽ തിങ്ങിനിറയുന്ന വിശ്വാസവുമായി ലക്ഷക്കണക്കിനു സ്ത്രീകൾ തടിച്ചുകൂടുന്നതും മുദ്രാവാക്യം വിളിക്കാനും പ്രസംഗിക്കാനും കാത്തിരിക്കുന്നവർ കമുകിന്റെയും മുളയുടെയും വേദി കെട്ടിപ്പൊക്കിയും പൊക്കാതെയും മുഷ്ടി ചുരുട്ടുന്നതും ഒരുപോലെ അല്ല. പാതയോരത്ത് ഏതു നേരത്തും ഓരോന്നു വിളിച്ചു കൂവുന്ന പ്രതിഷേധപ്രസംഗക്കാരുടെ ലക്ഷ്യവും മാർഗ്ഗവും ആർക്കും പഗ്രഥിക്കാൻ വയ്യാത്തതായിരിക്കുന്നു. അവർ ഉയർത്തുന്ന ഓരോ പ്രശ്നവും വഴി മുടക്കാൻ തക്ക പ്രാധാന്യം ഉള്ളതാണെന്ന വാദത്തിലോ വിശ്വാസത്തിലോ കെട്ടിപ്പൊക്കിയിട്ടുള്ളതാണ് ആ പ്രതിഷേധപ്രകടനം. അവർക്കു തടസ്സം നിൽക്കുന്നവരൊക്കെ ശുംഭന്മാരാണെന്നു പറഞ്ഞുപിടിപ്പിച്ചുകൊണ്ട് പഴകിയ ഒരു പ്രസ്ഥാനം നയിക്കാൻ മുതിരുന്നു ജയരാജൻ.

ജയരാജനും മറ്റു നേതാക്കന്മാരും തമ്മിൽ സാരമായ ഒരു വ്യത്യാസം കാണാം. അവരൊക്കെ പാതയോരത്ത് പ്രസംഗിക്കാനുള്ള അവസരം തുടർന്നും നിലനിന്നു കാണാൻ ആഗ്രഹിക്കുന്നവർ തന്നെ. പക്ഷേ മറ്റൊരു രീതിയിൽ ചിന്തിക്കുകയും ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്ത ന്യായാധിപന്മാരെ അവരാരും ശുംഭന്മാരെന്നു വിളിക്കുകയുണ്ടായില്ല. ജയരാജന്റെ പാർട്ടി ഒന്നടങ്കമോ ഒറ്റക്കൊറ്റക്കോ അദ്ദേഹത്തിന്റെ പദാവലി വാരിയെറിഞ്ഞ് കോടതിയെ അധിക്ഷേപിക്കുകയുണ്ടായില്ല. വിപ്ലവത്തിന്റെ മുന്നണിപ്പടയാളിയെന്ന നിലയിൽ അവരൊന്നും ജയരാജനോടൊപ്പമെത്തിയില്ലെന്നതായിരിക്കാം കാരണം.

സംഗതിയുടെ ഗതിയെ ഇങ്ങനെ സംക്ഷേപിക്കാമെന്നു തോന്നുന്നു. ഇഷ്ടമല്ലാത്ത വിധി പുറപ്പെടുവിക്കുന്ന ന്യായാധിപന്മാരെ ശുംഭന്മാർ എന്നു വിളിക്കുന്നു. അത് കോടതിയലക്ഷ്യമാണെന്നൊരു വാദം വന്നപ്പോൾ, ശുംഭൻ എന്നത് ആദരസൂചകമായ പദമാണെന്ന് ഏതോ സംസ്കൃതപണ്ഡിതരെ ഹാജരാക്കി വ്യാഖ്യാനിച്ചുനോക്കുന്നു. അതു പിഴച്ചപ്പോൾ ജനകീയാവകാശത്തിന്റെ പേരും പറഞ്ഞ് സുപ്രിം കോടതിയിൽ പോകുന്നു. ഇഷ്ടമായ രീതിയിൽ സുപ്രിം കോടതി പ്രതികരിച്ചാൽ തീർച്ചയായും ജാനാധിപത്യത്തിന്റെയും ന്യായവാഴ്ചയുടെയും വിജയം ആഘോഷിക്കപ്പെടും. അല്ലെങ്കിലോ? അല്ലെങ്കിൽ സുപ്രിം കോടതിയും ശുംഭന്മാരാകും. തികഞ്ഞ ആപത്താണ് അങ്ങനെയൊരു ചിന്ത വളർത്തുന്ന രാഷ്ട്രീയസംസ്ക്കാരത്തിന്റെ പ്രചാരം.

(malayalam news nov 14)