നമ്മുടെ ഏറ്റവും ഹൃദ്യമായ നൂറു സ്വരങ്ങൾ രേഖപ്പെടുത്താൻ പറഞ്ഞാൽ, നമ്മൾ എന്തു രേഖപ്പെടുത്തും? വിഷമമായിരിക്കും. ജപ്പാനിലെ ഒരു സംഘടന അതു ചെയ്തു. പരിസ്ഥിതിയുടെ സംരക്ഷണമായിരുന്നു അതിന്റെ ചുമതല. ചുമതലയെപ്പറ്റി ആലോചിച്ചുപോയപ്പോൾഅതിന്റെ ഭാരവാഹികൾ കൂടിക്കൂടി വരുന്ന ഒച്ചയെപ്പറ്റി വേവലാതിപ്പെട്ടു. അതായിരുന്നു നല്ല നൂറു ശബ്ദങ്ങൾ തിരിച്ചറിയാനുള്ള ശ്രമത്തിന്റെ സന്ദർഭം. ആ ശബ്ദങ്ങളെ പ്രചരിപ്പിക്കുകയായിരുന്നു ദൌത്യം.
നമ്മുടെ ശബ്ദപ്രപഞ്ചത്തിലേക്കു വരുക. പൊതുവേ ഇഷ്ടമല്ലാത്ത നൂറു ശബ്ദങ്ങൾ കേട്ടറിഞ്ഞാൽ, എന്തിനായിരിക്കും ഒന്നാം സ്ഥാനം. ഞാൻ പറയും, സ്വാഗതപ്രസംഗം. ഓരോ യോഗത്തിലും നീണ്ടുനീണ്ടങ്ങനെ പോകുന്ന സ്വാഗതപ്രസംഗത്തിനോളം അരോചകം--മിക്കപ്പോഴും അസത്യവും--ആയ ഒരു ശബ്ദം വേറെ കേൾക്കില്ല. പക്ഷേ അതിന്റെ ഒച്ചയെക്കാൾ അറപ്പിക്കുന്നത് അതിലെ പൊള്ളത്തരമാണെന്നു വാദിക്കാം. എങ്കിൽ നമ്മുടെ ആപൽക്കരമായ ഒച്ചകൾ വേറെ ഏതെല്ലാമെന്ന് അടയാളപ്പെടുത്തി നോക്കുക.
ഈ വഴി ചിന്ത പോയത് ചില പുതിയ പുസ്തകങ്ങളെപ്പറ്റി കേട്ടപ്പോഴാണ്. മൂന്നു പുസ്തകങ്ങളുടെയും വിഷയം ഒച്ച തന്നെ. ഒന്നിന്റെ പേർ “നമുക്കു വേണ്ടതിന്റെയെല്ലാം വേണ്ടാത്ത ശബ്ദം.” മറ്റു രണ്ടെണ്ണത്തിനും ഏതാണ്ട് ഒരേ ശീർഷകമാണ്: “നിശ്ശബ്ദത തേടി ഒരു യാത്ര.” മൂന്നു പുസ്തകങ്ങളും ഉന്നയിക്കുന്ന പൊതുവായ ഒരഭിപ്രായം മനുഷ്യനു രുചിക്കില്ല: മനുഷ്യൻ കൂടുതൽ കൂടുതൽ ഒച്ച വെച്ചുകൊണ്ടുവരുന്നു. മറ്റേ അഭിപ്രായം പേടിപ്പെടുത്തും.
ഒച്ച ഉയരുമ്പോൾ പൊട്ടുന്നത് ചെവി മാത്രമല്ല. രക്തസമ്മർദ്ദം ഏറുന്നു; ഹൃദയം കുതറുന്നു; മനസ്സ് പിറുപിറുക്കുന്നു. ഒരാൾ എഴുതി: “നമ്മുടെ ഉറക്കം കെടുത്തുന്ന ഓരോ ഒച്ചയും നമ്മുടെ സ്വത്വത്തിനെതിരെ വരുന്ന കുതിരകയറ്റമാകുന്നു.” ഭൂമിക്കടിയിലെ പാളത്തിൽ തീവണ്ടി ഉരഞ്ഞുനിൽക്കുന്നതു കേട്ടപ്പോൾ എഴുതിത്തുടങ്ങിയതാണ് ഒരാളുടെ പുസ്തകം. ആ ശബ്ദം അദ്ദേഹത്തിന്റെ തലയോട്ടിൽ ചോർച്ച ഉണ്ടാക്കിയതുപോലെ തോന്നിയത്രേ. തിരക്കേറിയ ഒരു പട്ടണത്തിലെ ശബ്ദം, അകന്നു നിന്നു കേട്ടപ്പോൾ, “രാക്ഷസന്റെ നിശ്വാസം” ആണെന്നു തോന്നി പോലും.
കഴിഞ്ഞ അര നൂറ്റാണ്ടിൽ കേരളത്തിലെ--ഇന്ത്യയിലെ, അറേബ്യയിലെ, അമേരിക്കയിലെ--ഉൾനാടുകളിലെ സ്വരസാന്നിധ്യം മാറിമറഞ്ഞതു നോക്കുക. ഒരു വിളിപ്പാടകലെ ഒതുങ്ങിനിൽക്കുന്നതായിരുന്നു സ്വരം. ആർപ്പുവിളിയായാലും അട്ടഹാസമായാലും അതായിരുന്നു സ്വരത്തിന്റെ പരിധി. ശബ്ദത്തെ വെല്ലുന്ന വിമാനമോ ശ്രവണശേഷി തകർക്കുന്ന സ്ഫോടനമോ അന്നുണ്ടായിരുന്നില്ല. ചരലിൽ ചക്രമുരുളുമ്പോൾ ഉയരുന്ന കാളവണ്ടിയുടെ ഞരക്കവും മാലപ്പടക്കത്തിന്റെ തെറിയുമൊക്കെയേ പരിചയിച്ചിരുന്നുള്ളൂ. പക്ഷേ കേൾക്കാത്ത പാട്ടുകൾ കേൾക്കാൻ എന്നും മനുഷ്യന് ജ്വരം ആയിരുന്നു. ശബ്ദം വലുതാക്കാനും ചെറുതാക്കാനും രേഖപ്പെടുത്താനുമുള്ള ശ്രമമായിരുന്നു മനുഷ്യന്റെ ഗവേഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരിനം. വിളിപ്പാടിനപ്പുറത്തുള്ള കേൾവിക്കാർക്കുവേണ്ടി ഇതിനകം നമ്മൾ ഒരുക്കിയിരിക്കുന്ന ഉപകരണങ്ങൾ നോക്കൂ.
കട്ടിയുള്ള കടലാസുകുഴൽ ആയിരുന്നു ആദ്യത്തെ ഉച്ചഭാഷിണി. കോളാമ്പി പോലെയും പെട്ടിപോലെയുമുള്ള ഉച്ചഭാഷിണി വന്നപ്പോൾ, കൂടുതൽ ആളുകളെ അടുപ്പിക്കാനും, അടുക്കാത്തവരെ കേൾപ്പിക്കാനും അതുകൊണ്ടു പറ്റുമെന്നായി. യോഗങ്ങളുടെ പരസ്യത്തിൽ ഉച്ചഭാഷിണി ആകർഷകമായ ഒരു ഘടകമായിരുന്നു ഏറെക്കാലം. ഗ്രാം ബെല്ലും കൂട്ടരും തമ്മിൽ കാണാത്തവർക്ക് പരസ്പരം കേൾക്കാമെന്നു വരുത്തുമ്പോൾ, ശബ്ദത്തിന് രൂപം കൊടുക്കുന്ന തിരക്കിലായിരുന്നു വേറൊരു കൂട്ടർ. ശബ്ദലേഖനത്തിലെ പരിഷ്കാരങ്ങൾ ഉണ്ടാക്കിയിട്ടുള്ള ഒച്ചപ്പാട് ചില്ലറയല്ല. ബെല്ലിന്റെ പിന്മുറക്കാർ ഉണ്ടാക്കിവെച്ച സൌകര്യങ്ങളുടെ സ്വാധീനം എത്ര സാർവത്രികമയിരിക്കുന്നു.
ബൈക്കിൽ പറക്കുമ്പോഴും കൂർക്കം വലിക്കുമ്പോഴും തെങ്ങിൽ കയറുമ്പോഴും തൂങ്ങിമരിക്കുമ്പോഴും ഫോണിൽ അനവരതം സംസാരിച്ചുകൊണ്ടിരിക്കുന്ന ആളുകളെ നോക്കൂ. എന്താണിത്ര സംസാരിക്കാൻ? എന്തു വിവരമാണ് ഇങ്ങനെ കാതോടുകാതോരം മാറുന്നത്? എന്തു ചെയ്യുമായിരുന്നു ഈ സെൽ ഫോൺ എന്ന അനുഗ്രഹം ഉണ്ടായിരുന്നില്ലെങ്കിൽ? അങ്ങനെയൊക്കെ ഞാൻ ആലോചിച്ചിരുന്നിട്ടുണ്ട് ഫോണിനെ പുതിയൊരു അവയവമാക്കിയവരെ കാണുമ്പോൾ. മറിച്ചാലോചിച്ചാൽ, പറയാനും കേൾക്കാനുമുള്ള വെപ്രാളത്തിന്റെ ദൃശ്യരൂപമാണ് ഈ ഉപകരണം എന്നും പറയാം.
കാഴ്ചയെ വെട്ടി, ഒച്ച മുന്നേറുന്നതു പോലെ തോന്നുന്നു. മാനസികവൈകല്യം പഠിക്കുന്ന ഒരു ജർമ്മൻ ഡോക്റ്റർ കുട്ടികളെ പരിശോധിക്കുന്നതു കണ്ടപ്പോൾ ചെവിയുടെ മഹത്വത്തെപ്പറ്റി ഞാൻ അത്ഭുതം കൂറിയിരുന്നു. “ബധിരവിലാപ“മൊക്കെ പാടി മറക്കുന്ന കവിതയായേ അനുഭവപ്പെട്ടിരുന്നുള്ളൂ. ഡോക്റ്റർ ഒരു കൊച്ചുകുഞ്ഞിന്റെ ചെവിയിൽ ഒരു കുഴൽ പോലത്തെ സാധനം കടത്തി, ശ്രദ്ധിച്ചുകൊണ്ടിരുന്നു. മസ്തിഷ്കത്തിന്റെ രൂപവും ഭാവവും മനസ്സിലാക്കാനായിരുന്നു ശ്രമം. കുട്ടി കേൾക്കുന്ന ശബ്ദമാണ് അതിന്റെ മാനകം.
കാഴ്ച തന്നെ ഒച്ചയാണെന്ന് ചിലർ വാദിക്കാനും മതി. ആദ്യം ഉണ്ടായത് ശബ്ദമാണെന്ന് ഭൌതികശാസ്ത്രജ്ഞന്മാരും ആധ്യാത്മികാചാര്യന്മാരും ഒരു പോലെ വാദിക്കുന്നു. ന്യൂജഴ്സിയിൽ ഒരു ഫോൺ കമ്പനിയുടെ ടവറിൽ രണ്ടു പേർ ജോലി ചെയ്യുകയായിരുന്നു. അതിന്റെ ആന്റെനയിൽ അവർ ഒരു കറുത്ത പാടു കണ്ടു. എത്ര നോക്കിയിട്ടും അതു മായുന്നില്ല. ശബ്ദപ്രേഷണത്തെ അതു ബധിക്കുകയും ചെയ്യുന്നു. പിന്നീടവർ മനസ്സിലാക്കി ആ പാട് മായുകയില്ല; അത് ആദിമശബ്ദത്തിന്റെ നിഴൽ ആണത്രേ.
ആദിമസ്ഫോടനത്തിൽനിന്നാണ് പ്രപഞ്ചത്തിന്റെ ഉത്ഭവമെന്ന തിയറിയൊന്നും ഏഴു വയസ്സുള്ള ഗൌരിക്കോ എനിക്കോ മനസ്സിലാവില്ല. പക്ഷേ മുമ്പിലിരിക്കുന്ന ടെലിവിഷനിൽ പലപ്പോഴും തലങ്ങും വിലങ്ങും നൃത്തം ചെയ്യുന്ന രേഖാസഞ്ചയം ഞങ്ങൾക്കു കാണാം. ആദിമസ്ഫോടനത്തിന്റെ തരംഗങ്ങൾ ദൃശ്യരൂപമായതാണ് ആ രേഖകൾ എന്ന ദഹിക്കാത്ത സിദ്ധാന്തം ഞാൻ അവളെ പറഞ്ഞു രസിപ്പിക്കാൻ നോക്കി. അവൾ ഒച്ച വെച്ച് എന്നെ നിശ്ശബ്ദനാക്കുകയായിരുന്നു.
ഒച്ച വെക്കരുത്. മൊത്തമായും ചില്ലറയായും വിൽക്കാവുന്നതാണ് ആ ഉപദേശം. ഏത് ഇന്ദ്രിയത്തെയും മെനക്കെടുത്തിയാൽ ഭ്രാന്തു പിടിക്കും. തൊലിയിൽ നുള്ളുക; മൂക്കിൽ പൊടി കേറ്റുക; നാക്കിൽ മുളകു തേക്കുക; കണ്ണിൽ കരട് ഇടുക—അതിനെക്കാളൊക്കെ വേദനയായിരിക്കും ചെവിയിൽ തെറി കുത്തിക്കയറുമ്പോൾ. പാറപ്പുറത്ത് ഉരക്കുന്ന ചിരട്ടയായും സ്വാഗതപ്രസംഗമായും ഒച്ച കർണ്ണശൂലമാകാം. അത് അസഹ്യമാകുമ്പോൾ, ശ്രവണവും ഭാഷണവും ഇനി വയ്യെന്നു വരുമ്പോൾ, നാം നിശ്ശബ്ദത കാംക്ഷിക്കുന്നു, മൌനത്തിന്റെ ശാന്തി തേടുന്നു.
(മലയാളം ന്യൂസിൽ സോമവാരത്തിൽ മേയ് 25ൻ വന്നത്)