Friday, June 5, 2009

സ്യൂട്ട് കേസ്‌

ഒരു കോടി നിറച്ച സ്യൂട്കേസ്
കെ ഗോവിന്ദന്‍ കുട്ടി



കിട്ടിയതൊന്നും ഓര്‍ക്കാതിരിക്കുന്ന മനുഷ്യസ്വഭാവം ഉള്ള ആളായിരുന്നിരിക്കണം പി വി നരസിംഹ റാവുവും. ഒരിക്കല്‍
ഒരു കോടി രൂപ നിറച്ച ഒരു സ്യൂട് കേസ് അദ്ദേഹത്തിനു കൊടുത്തുവെന്ന് അന്നത്തെ ഓഹരിസിംഹം ഹര്‍ഷദ് മേഹ്ത
പറഞ്ഞപ്പോള്‍, കൊള്ളണോ തള്ളണോഎന്നു നിശ്ചയിക്കാന്‍ ‍റാവു ഒരാഴ്ചയിലേറെ എടുത്തത് അതുകൊണ്ടാവാനേ തരമുള്ളൂ.
സത്യത്തിനും അസത്യത്തിനും ഇടയിലുള്ള അതിര്‍വരമ്പ് ഇടിഞ്ഞുടഞ്ഞുപോകുന്നതുപോലെ തോ‍ന്നിച്ചതായിരുന്നു ആ കഥാസന്ദര്‍ഭം.
കഥയാകട്ടെ, പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിലെത്തി, ഒരു ഓഹരിവിപണിക്കാരന്‍ ഒരു കോടി രൂപ കാണിക്ക വെച്ചുവെന്നും.

വിചിത്രവും അതുകൊണ്ടുതന്നെ രസകരവുമായ ആ കഥയുടെ ലേഖനശാല ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്ററുടെ മുറിയായിരുന്നു. എഡിറ്റര്‍
പ്രഭു ചാവ്ള ‍കേട്ടറിഞ്ഞ വിവരം കഥയായി കൊരുത്തെടുത്തത് ഞാന്‍. ആരില്‍നിന്ന് ചാവ് ള എന്തു കേട്ടു, എത്ര അറിഞ്ഞു എന്ന്
ഇപ്പോഴും ഒരുപക്ഷേ അദ്ദേഹത്തിനുകൂടി തീര്‍ത്തും പറയാനാവില്ല. താന്‍ ഒരു കഥക്കതിനയുമായി പറന്നുവരുന്നുവെന്നും, നേരത്തേ പൊയ്ക്കളയരുതെന്നും മുംബയില്‍നിന്ന് എന്നെ വിളിച്ചുപറയുകയായിരുന്നു എഡിറ്റര്‍. വെറുതേ ന്യൂസ് റൂമില്‍ ഒന്നു ചുറ്റിയടിച്ചുപോകാമെന്നു മാത്രം കരുതി ഇറങ്ങിയിരുന്ന എന്റെ ഞായറാഴ്ച വൈകുന്നേരം അങ്ങനെ വൈകും വരെയും തിരക്കായി.

കൊള്ളാവുന്ന കഥ കിട്ടിയാല്‍ തുള്ളിച്ചാടുന്നതാണ് പ്രഭുവിന്റെ പ്രകൃതം. കഥ അദ്ദേഹത്തിന് കുറേ കിട്ടുകയും ചെയ്യും. കക്ഷിഭേദമില്ലാതെ ആളുകളെ കാണാനും കൂട്ടുകൂടാനും ഇത്രയേറെ തിടുക്കമുള്ളവരെ അധികം കാണീല്ല. രാഷ്ട്രീയത്തിലും ബ്യൂറോക്രസിയിലും ബിസിനസിലും പ്രഭുവിന്റെ പരിചയവൃത്തം എന്നും, വികസിക്കുന്ന പ്രപഞ്ചം പോലെ, വലുതായിക്കോണ്ടിരുന്നു. വാര്‍ത്ത ഉണ്ടാക്കാന്‍ സാധ്യത കുറഞ്ഞ അക്കാദമികമേഖലയില്‍ അദ്ദേഹത്തിന് വലിയ പ്രഭുത്വം ഉണ്ടായിരുന്നില്ല. അധികാരവിപണനമായിരുനു പ്രഭുവിന്റെ കര്‍മ്മവും കൌതുകവും. അതിന്റെ ഭാഗമായിരുന്നു സ്യൂട്കേസ് കഥ.

രാത്രി വൈകി എഴുതിയ ആ കഥക്കതിനയുടെ ഉള്ളടക്കം ഇത്രയുമായിരുന്നു: ഓഹരിവിപണിയെ തന്റെ ചൊല്‍പ്പടിക്കുനിര്‍ത്തിയിരുന്ന ഹര്‍ഷദ് മേഹ്ത ഒരു ദിവസം ഡല്‍ഹിയില്‍ വരുന്നു, കൊണോട് പ്ലേസിനടുത്തൊരു ഹോടലില്‍ താമസിക്കുന്നു, വ്യ്‌വസായിയായ ഒരു രാജ്യസഭാംഗത്തിന്റെ അകമ്പടിയോടെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ എത്തുന്നു, ഒരു കോടി നിറച്ച സ്യൂട്കേസ് പ്രൈവറ്റ് സെക്രടറിയുടെ മുമ്പില്‍ വെക്കുന്നു, പ്രധാനമന്ത്രി വന്ന് അതിനെ തൊട്ടനുഗ്രഹിച്ചതിനുശേഷം സെക്രടറി അത് എടുത്തുമാറ്റുന്നു. ദാനധര്‍മ്മത്തിനായി വന്നയാള്‍ ഹോടലിലേക്കു മടങ്ങുന്നതോടെ കഥയുടെ ആദ്യകാണ്ഡം തീരുന്നു.

കഥ പൊടിപ്പും തൊങ്ങലും താങ്ങി അടിക്കുമ്പോള്‍, എന്റെ ഉള്ളില്‍ ഒരു കൊങ്ങന്‍ ചോദ്യം ഇഴഞ്ഞുനടന്നു: പ്രധാനമന്ത്രി പെട്ടി തൊട്ട് അനുഗ്രഹിച്ചതെന്തിന്? പണം കൊടുത്തോ, വാങ്ങിയോ, തികഞ്ഞോ, കുറഞ്ഞോ,എന്നൊന്നും അറിയാനായിരുന്നില്ല എന്റെ താല്പര്യം. പ്രാര്‍ഥിക്കുന്നവരെ തലയില്‍ കൈ വെച്ച് അനുഗ്രഹിക്കുന്ന ദൈവങ്ങളേയും മനുഷ്യരേയും ഏറെ കണ്ടിരിക്കുന്നു. അവര്‍, അനുഗ്രഹാര്‍ഥികള്‍, അതുംകൊണ്ട്, കിട്ടിയാലുടന്‍ പമ്പ കടക്കും. പക്ഷേ തനിക്കു തിരുമുല്‍ക്കാഴ്ചയായി കിട്ടുന്ന തുകല്‍പ്പെട്ടിയെ തൊട്ടനുഗ്രഹിച്ച് മാറ്റിവെക്കുന്നതിന്റെ മനശാസ്ത്രവും ധനശാസ്ത്രവും എനിക്ക് പിടി കിട്ടിയില്ല. നിര്‍ദ്ദോഷമായ എന്റെ ചോദ്യം കുസൃതിയാണെന്നായിരുന്നു എല്ലാം അറിയാത്ത പ്രഭുവിന്റെ ധാരണ.

അതൊരു കഥ തന്നെയായിരുന്നു. പാരമ്പര്യവാദിയായ ഒരു എഡിറ്ററും അച്ചടിക്കാന്‍ സമ്മതിക്കാത്ത കഥ. കഥയുടെ സാധ്യതയും സാധുതയും വായനക്കാര്‍ക്ക് ബോധ്യം വരുത്താന്‍ വേണ്ട സൂചനകളോ ഏറെക്കുറെ ആധികാരികമായ ഉദ്ധരണങ്ങളോ ഇല്ലാതെ വാര്‍ത്ത പ്രസിദ്ധീകരിക്കുകയില്ലെന്ന നിര്‍ബ്ബന്ധം പ്രഭുവിന്റെ ദൌര്‍ബ്ബല്യമായിരുന്നില്ല. മുംബയില്‍ ഒരു പ്രമാണി തനിക്കു തന്ന വാര്‍ത്ത സത്യമല്ലാതൊന്നുമല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അപ്പോള്‍ പിന്നെ പാരമ്പര്യം പറഞ്ഞ് വാര്‍ത്ത എന്തിനു പൂഴ്ത്തിവെക്കണം? അതും നരസിംഹ റാവുവിനെ വെട്ടിലാക്കുന്ന വാര്‍ത്തയാകുമ്പോള്‍? ആദ്യമാദ്യം റാവുവിനെ വാഴ്ത്തിനടന്നിരുന്ന ആളാണ് പ്രഭു ചാവ്ള. പ്രഭു പൊട്ടിച്ച ചില വാര്‍ത്തകള്‍ റാവിവിന്റെ നാലമ്പലത്തില്‍നിന്നു നേരിട്ടുവന്നതാണെന്ന് അക്കാ‍ലത്ത് സംസാരമുണ്ടായിരുന്നു. പിന്നെപ്പിന്നെ റാവുവിനെ തരം കിട്ടുമ്പോഴും കിട്ടാത്തപ്പോഴുംതാഴ്ത്തിക്കെട്ടുകയായി അദ്ദേഹത്തിന്റെ ദൌത്യം. കോടി നിറച്ച സ്യൂട്കേസിന്റെ കഥഅതിനൊരു സുവര്‍ണോപകരണമായി.

വിഷസര്‍പ്പത്തെപ്പോലെ ആ വാര്‍ത്ത ചുരുളഴിഞ്ഞപ്പോള്‍ എവിടേയും ആവേശവും സംശയവുമായി. ഏറെ ദിവസം വേണ്ടിവന്നു അത് ഉണങ്ങിയ ഒരു ഓലപ്പമ്പുമാത്രമാണെന്നു തെളിയാന്‍. ഒരു തുടര്‍ക്കഥയാക്കാന്‍ പാകത്തില്‍ പഴുതുകളും വിവാദസാധ്യതകളും ഉള്‍ച്ചേര്‍ത്തുകൊണ്ടുതന്നെയായിരുന്നു ആദ്യലേഖനത്തിന്റെ അവതരണം. കഴിയുമെങ്കില്‍ മറ്റുള്ളവരുടെ വെളിപ്പെടുത്തലുകള്‍ കണ്ടില്ലെന്നുനടിക്കാന്‍ ശീലിച്ചിട്ടുള്ള പത്രങ്ങള്‍ക്കും അതേറ്റുപിടിക്കേണ്ടി വന്നു. ചിലര്‍ അതിന്റെ അവ്യക്തത ചൂണ്ടിക്കാണീക്കെത്തന്നെ, അത് അസാധ്യമല്ലെന്ന മട്ടില്‍ അതുമിതും എഴുതിപ്പിടിപ്പിച്ചു. ചിലര്‍ സ്യൂട്കേസിന്റെ നീളവും വീതിയും അളന്നുനോക്കി, ഒരു കോടി രൂപ അതില്‍ കൊള്ളില്ലെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചു. ചിലര്‍ പ്രധാനമന്ത്രിയുടെ വിലനിലവാരം ഒരു കോടിയിലേക്കു ചുരുങ്ങുന്നതിനെച്ചൊല്ലി പരിതപിച്ചു. ആയിടെ ഡല്‍ഹിയില്‍ വന്ന എം വി രാഘവന്‍, പി കെ കുഞ്ഞാലിക്കുട്ടി ഒരു സ്വകാര്യസംഭാഷണത്തില്‍ പൊട്ടിച്ചതായി, ഒരു ഫലിതം പറഞ്ഞു: “ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഒരു കോടി രൂപയോ! കൊച്ചുകേരളത്തില്‍ ഒരു പീക്കിരിവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുടെ പണക്കണക്കില്‍ പോലും ഒരു കോടി നന്നേ ചെറിയ തുകയാണല്ലോ!”

കഥ തുടരവേ, എല്ലാം കരുതിയും കണ്ടും ചെയ്യാറുള്ള റാഞ്ചിക്കാരന്‍ ബ്യൂറൊ ചീഫ് ദേവ് സാഗര്‍ സിംഗ്, ഒട്ടൊക്കെ അടക്കിപ്പിടിച്ചുകോണ്ട് ചോദിച്ചു: “നമ്മള്‍ ഈ എഴുതിപ്പിടിപ്പിക്കുന്നതിനെല്ലാം തെളിവ് വല്ലതുമുണ്ടോ...?“ വേറെ വാക്കുകളില്‍ ഇതേ ചോദ്യം നേരത്തേത്തന്നെ പ്രഭുവിനോട് ചോദിച്ചിരുന്നു. ഇത്തരം കാര്യങ്ങളില്‍ അദ്ദേഹത്തിന് സംശയം എന്നൊന്നില്ല. ആദ്യദിവസത്തെ കഥ ആരും തള്ളിപ്പറയാത്തതുകൊണ്ട് രണ്ടാം ദിവസം ഞങ്ങള്‍ ഒന്നുകൂടി അഴിഞ്ഞാടി. സ്യൂട്കേസ് കൊടുക്കുന്നതിന്റേയും വാങ്ങുന്നതിന്റേയും അതിനെ റാവു അനുഗ്രഹിക്കുന്നതിന്റേയുമൊക്കെ വിഡിയോ ചിത്രങ്ങള്‍ പോലും രാം ജേഠ്മലാനിയുടെ കൈവശം ഉണ്ടെന്ന് , സംശയാലുക്കളെ ഗീത ഉദ്ധരിക്കാതെ ഭര്‍ത്സിച്ചുകൊണ്ട്, പ്രഭു പ്രഖ്യാപിച്ചു.

അപ്പോള്‍ ജേഠ്മലാനി വഴി ആയിരുന്നിരിക്കണം സ്യൂട്കേസ് പുരാണത്തിന്റെ രചനയും വിക്ഷേപവും. പ്രധാനമന്ത്രിമാരുമായി അഭിനിവേശത്തോടെ കോര്‍ക്കുകയും, ക്രിമിനല്‍ കേസുകളില്‍പെട്ടു കുഴയുന്ന പ്രതികള്‍ക്ക് അഭയമരുളുകയും ചെയ്യുന്ന, വാശിയേറിയ അഭിഭാഷകവര്യനാണല്ലോ ജേഠ്മലാനി. രാജിവ് ഗാന്ധിയുമായി കോര്‍ത്തപ്പോള്‍, അദ്ദേഹത്തെ കുരുക്കിലാക്കനുള്ള തന്ത്രവുമായി ജേഠ്മലാനി ഒരു മാസം മുഴുവന്‍ ഓരോ ദിവസവും പത്തു ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. ഉത്തരം തേടി നിരന്തരം ഉഴലുന്ന ഇത്രയേറെ ചോദ്യങ്ങള്‍ നിയമചരിത്രത്തിലോ രാഷ്ട്രീയേതിഹാസത്തിലോ മുമ്പൊന്നും ഉണ്ടായിട്ടില്ലത്രേ. ഓരോ ദിവസവും കുരുക്കുപോലുള്ള ആ ചോദ്യങ്ങള്‍ അച്ചടിച്ചതാണ് ഇന്ത്യന്‍ എക്സ്പ്രസ് ബോറായിത്തുടങ്ങാന്‍ ഒരു കാരണമെന്ന് പറയപ്പെടുന്നു. ജേഠ്മലാനിയുടെ പുതിയ അടവ് ആരെയാവും അടിച്ചുവീഴ്ത്തുകയെന്ന് പഴയ കഥ ഓര്‍മ്മയുള്ളവര്‍ ആരോടെന്നില്ലാതെ ചോദിച്ചുതുടങ്ങി.

അത്തരം ആശങ്കകളേയും ഓര്‍മ്മകളേയും അടിച്ചൊതുക്കാന്‍ പോന്നതായിരുന്നു നരസിംഹ റാവുവിന്റെ പ്രക്ഷുബ്ധമായ മൌനം. സ്യൂട്കേസ് പുരാണ സപ്താഹം പത്രങ്ങളില്‍ തുടര്‍ന്നപ്പോള്‍, ആ മൌനം ഗംഭീരമായി തുടര്‍ന്നു. പിന്നെ ആ കഥകള്‍ക്ക് അടിവര ഇടുന്ന മട്ടില്‍ ഹര്‍ഷദ് മേഹ്ത പത്രസമ്മേളനം നടത്തിയപ്പോഴും റാവു തന്റെ മൌനയജ്ഞത്തില്‍ തന്നെ മുഴുകിയിരുന്നു. ഏറെക്കഴിഞ്ഞാണ് മേഹ്ത സ്യൂട്കേസ് കൊടുത്തുവെന്നു പറയുന്ന ദിവസം പ്രധാനമന്ത്രി വേറെ ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നുവെന്ന വിജ്ഞാപനം വരുന്നത്. ആ വിജ്ഞാപനവും ശരിയല്ലെന്ന വാദവുമായി ചിലര്‍ മുന്നോട്ടുപോകാന്‍ ശ്രമിച്ചെങ്കിലും അവര്‍ അധികം കാറ്റുപിടിച്ചില്ല.

ഹര്‍ഷദ് മേഹ്ത എന്തിന് അങ്ങനെ ഒരു പത്രസമ്മേളനം നടത്തിയെന്നോ എന്ത് അതുകൊണ്ട് നേടിയെന്നോ ഇന്നും അറിയില്ല. അദ്ദേഹത്തിന്റെ ഉദയവും പതനവും അടയാളപ്പെടുത്തുന്ന ഒരു ലേഖനം ഒരിക്കല്‍ എഴുതേണ്ടിവന്നു. വായുവില്‍നിന്ന് ഉണ്ടാകുന്ന ഒന്നല്ല പണമെന്നാണ് പണത്തിന്റെ രൂപരേഖ എന്ന പ്രശസ്തപുസ്തകം എഴുതിയ ജ്യോഫ്രി ക്രൌതെറുടെ മൊഴി. ഹര്‍ഷദ് മേഹ്ത ഉണ്ടായത് ഒന്നുമില്ലായ്മയില്‍നിന്നുതന്നെ. പിന്നെ, ഓഹരിവിപണിയിലെ ഊഹവ്യാപാരം വഴി എല്ലാമായി. ഒടുവില്‍ വീണ്ടും ഒന്നുമില്ലായ്മയായി. മൈക്കലാഞ്ചലോ വരച്ച യേശുവിന്റേയും യൂദാസിന്റേയും ചിത്രങ്ങള്‍ പോലെയായി വിപണിയിലെ മിന്നല്പിണരായി വന്ന മേഹ്തയും. യേശുവിന്റെ വിശുദ്ധിക്കും യൂദാസിന്റെ കാളിമക്കും മാതൃകയായി അദ്ദേഹം സ്വീകരിച്ചത് ഒരേ ആളെ ആയിരുന്നു--കാലക്രമത്തില്‍ രൂപം മാറിപ്പോയ ഒരേ ആള്‍. അതുപോലെ മേഹ്തയും ആദ്യം അപദാനത്തിനും ഒടുവില്‍ അപലപനത്തിനും പാത്രമായി. പതനത്തിന്റെ നാളുകളില്‍ അദ്ദേഹത്തിന് ഉദിച്ച ബുദ്ധിയായിരുന്നു പ്രധാനമന്ത്രി റാവുവിനെ പഴി പറയാന്‍.

എന്തുവന്നാലും കുലുക്കമില്ലാത്ത ആളായിരുന്നു റാവു. കൊടുങ്കാറ്റ് വരുമ്പോള്‍, ഓരം ചാരി ഒഴിഞ്ഞുമാറി, അതിനെ അതിന്റെ വഴിയേ അടിച്ചുപോകാന്‍ വിടുകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതതന്ത്രം. സ്യൂട്കേസ് കഥ ഇറങ്ങിയപ്പോഴും റാവു തന്റെ തത്വശാസ്ത്രമനുസരിച്ചുതന്നെ പെരുമാറി. കുറേ ദിവസം ഒന്നും മിണ്ടിയില്ല. മേഹ്ത നാളും പക്കവും അക്കവും പറഞ്ഞ് രംഗത്തെത്തിയപ്പോഴേ പ്രധാനമന്ത്രിയുടേതായി ഒന്നുരണ്ടു വിശദീകരണക്കുറിപ്പ് പുറത്തിറങ്ങിയുള്ളു. അതുകൊണ്ടൊന്നും സ്യൂട്കേസിന്റെ മയികശോ മാഞ്ഞില്ലെന്നുമാത്രം. അധികാരത്തിലുള്ളവരെപ്പറ്റി ഉയരുന്ന എന്തു കിംവദന്തിയും വിശ്വസിക്കാനാണ് ജനത്തിനിഷ്ടം. മറിച്ചുപറഞ്ഞാല്‍, എന്തു കിംവദന്തിയും തങ്ങല്‍ക്കു ചേരും എന്ന സ്ഥിതിയിലേക്ക് ഉയര്‍ന്നിരിക്കുന്നു അധികാരമേല്‍ക്കുന്നവര്‍.

അങ്ങനെ സ്യൂട്കേസ് ദേശീയസംവാദത്തിലെ ഒരു ബിംബകമായി. സ്യൂട്കേസും സ്യൂടും ആഫ്രിക്കന്‍ നാടകങ്ങളില്‍ ഇഷ്ടപ്രതിരൂപങ്ങളായി വരുന്നതുകാണാം. പീറ്റര്‍ ബ്രൂക് പ്രശസ്തമാക്കിയ ദ സ്യൂട് എന്ന നാടകത്തിന്റെ ഒരു ഇന്ത്യന്‍ അവതരണം കണ്ടതോര്‍ക്കുന്നു. അതില്‍, ഒരാളുടെ ഭാര്യയുടെ ജാരന്‍ മറന്നിട്ടുപോകുന്ന അയാളുടെ സ്യൂട് സര്‍വവ്യാപിയായ പ്രതിരൂപമായി മാറുന്നു. ദ സ്യൂട്കേസ് എന്ന മറ്റൊരു നാടകത്തില്‍, ജീവിതം തകര്‍ന്ന, സത്യസന്ധനായ ഒരാള്‍ കട്ടെടുത്ത സ്യൂട്കേസ് പൊലിസ് പിടിച്ചെടുക്കുമ്പോള്‍, അതില്‍നിന്ന് കണ്ടെടുക്കുന്നത് ഒരു ചത്ത കുട്ടിയെ ആണ്. നമ്മുടെ സാമൂഹ്യസന്ദര്‍ഭത്തില്‍,ആ സ്യൂട്കേസും അതിലെ കൊച്ചുശവവും ആരുടേതായിരിക്കും?

(ജൂണ്‍ നാലിന് തേജസ്സില്‍ പ്രസിദ്ധീകരിച്ചത്)


...

ഇടമലയാര്‍ ചോര്‍ച്ച

ഇടമലയാർ ഇടയുന്നു
കെ ഗോവിന്ദൻ കുട്ടി
കല്പന ഗോപിയെ ക്വൊസ്റ്റ്യന്‍ പേപർ ഗോപി എന്നും വിളിക്കുമായിരുന്നു--അദ്ദേഹത്തിന്റെ ഇഷ്ടത്തോടെ. ചോദ്യക്കടലാസ് ചോർത്താൻ മാത്രമല്ല, ഉത്തരം എഴുതിപ്പിച്ച് ഹാളിൽ ഒളിച്ചുകൊണ്ടുപോകാനും വിരുതൻ. “അല്ലാതെ, ഞാൻ എഴുതിയാൽ ഒന്നാം ക്ലാസ് കിട്ടുമോ?” എന്ന് പല്ലവി പോലെ ഗോപിയുടെ ആത്മഗതം. ഒന്നാം ക്ലാസോടെത്തന്നെ തത്വശാസ്ത്രത്തിലോ ഇംഗ്ലിഷ് സാഹിത്യത്തിലോ ബിരുദം നേടി.
പലതരം കരാർ പണി ഏറ്റെടുത്തൂ. ഒടുവിലത്തെ കരാർ പഴയ കൂട്ടുകാരൻ ആർ ബാലകൃഷ്ണ പിള്ളയെ
തോല്പിക്കാനായിരുന്നു, എന്തു വില കൊടുത്തും.
കരാർ ആയാലും അല്ലെങ്കിലും, ഗോപി കമിഴ്ന്നുവീഴാതെത്തന്നെ കാൽ പണം കൈക്കലാക്കുന്ന ആളെന്നാണ് ചീഫ് എൻജിനീർ ഭരതൻ പറയാറ്‌. അതു കേട്ടാൽ ഗോപി ചിരിക്കുകയേ ഉള്ളു--സംഗതി മുഴുവൻ ബോധ്യമല്ലെങ്കിലും. അഹങ്കാരം ലവലേശം കലരാത്ത ഒരുതരം പുഛമായിരുന്നു എപ്പോഴും ഗോപിയുടെ പതിഞ്ഞ
വാക്കുകളിലെ ഈണം. ഏത് സ്ഥപനവുമായി ബന്ധപ്പെടുന്നുവോ, ആ സ്ഥാപനത്തിൽ അദ്ദേഹമറിയാതെ ഈച്ച അനങ്ങില്ല. താങ്ങാൻ വയ്യാത്ത ചില കരാർ ഗോപിയെ ഏല്പിച്ച വൈദ്യുതി ബോർഡ് അങ്ങനെയൊരു സ്ഥാപനമായിരുന്നു.
ഏതോ വനകന്യകയുടെ ശാപമേറ്റതുപോലെയാണ് വൈദ്യുതി ബോർഡിന്റെ ഇടമലയാർ പദ്ധതി. അബദ്ധങ്ങളും ആരോപണങ്ങളുമായി അത് നീണ്ടുനീണ്ടങ്ങനെ പോയി. ഒടുവിൽ അണക്കെട്ടിൽനിന്ന് വൈദ്യുതനിലയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന തുരങ്കം ആദ്യമായി തുറന്നപ്പോഴോ, ദാ നശിച്ച ഒരു ചോർച്ച! ചോർച്ചയുടെ വിവരം പുറത്തുനിന്ന് അറിഞ്ഞ ആദ്യത്തെ ആൾ ഗോപിയായിരുന്നു. രണ്ടാമത്തെ ആൾ ഞാനും--തീർച്ചയായും, ഗോപി വഴി. രാത്രി ഇന്ത്യൻ എക്സ്പ്രസിന്റെ ആദ്യത്തെ എഡിഷൻ അടിക്കാ‍റായപ്പോഴായിരുന്നു ഗോപിയുടെ വിളി:
“നിങ്ങളറിഞ്ഞോ, ഇടമലയാർ ടണൽ അല്പം മുമ്പ് തുറന്നു, ചോർന്നു, അടച്ചു.. ......”
അടുത്ത നിമിഷം ഗോപി തന്നെ തന്ന ഒരു നമ്പറിൽ വിളിച്ചുനോക്കി. പിന്നെ ബോർഡ് മെംബർ ഗണേശ പിള്ളയെ. ഇടമാലയാറിലേക്ക് പുറപ്പെടുകയായിരുന്നു എന്തുകൊണ്ടും സാധുവായ ഗണേശ പിള്ള. ചോർച്ചയുടെ കാരണമോ കാര്യമോ അറിയാത്തതുകൊണ്ട്, അതിന്റെ വിപത്ത് മാത്രം അറിയാവുന്നതുകൊണ്ട്, പിള്ള പരിഭ്രാന്തനായിരുന്നു. ആ പരിഭ്രാന്തി ആവാഹിച്ചുകൊണ്ടെഴുതിയ റിപോ‍ർടിൽ വിവരം കുറച്ചേ ഉണ്ടായിരുന്നുള്ളു. അത്രതന്നെയേ ഉണ്ടായിരുന്നുള്ളു പിറ്റേന്ന് വൈദ്യുതമന്ത്രിയുടെ ചുമതല വഹിച്ചിരുന്ന കെ എം മാണി
നിയമസഭയിൽ നടത്തിയ പ്രസ്താവനയിലും.
ഇടമലയാറിൽ ചോർച്ച. പ്രതിപക്ഷത്തിന് നല്ല കോളായി. ഓരോരുത്തരും ഭാവനാവിലാസം പോലെ ചോർച്ചയുടെ കാരണവും വരാനിരിക്കുന്ന വിപത്തിന്റെ വൈപുല്യവും അപഗ്രഥിച്ചു. അണക്കെട്ടിലാണ് ചോർച്ചയെന്ന് ചിലർ ഉത്സാഹപൂർവം തട്ടിമൂളിച്ചു. അണക്കെട്ട് പൊട്ടിയാൽ എറണാകുളം പട്ടണം വരെ വെള്ളത്തിലാകാമെന്ന് ആരും ധരിച്ചില്ല. എല്ലാവരും ധരിച്ച ഒരു കാര്യം ഇതായിരുന്നു: ഈ ചോർച്ചക്കും ഉത്തരവാദി ആർ ബാലകൃഷ്ണ പിള്ള തന്നെ. എന്താരോപണവും ചാർത്തിക്കൊടുത്താ‍ാൽ വാഴുമെന്ന പരുവത്തിൽ ആയിവരികയായിരുന്നു അതുവരെ
വൈദ്യുതമന്ത്രി ആയിരുന്ന ബാലകൃഷ്ണ പിള്ള. ഒരുകാലത്ത് മീഡിയയുടെ ഇഷ്ടമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ പതനം നോക്കണേ!
തുരങ്കത്തിൽ ചോർച്ച കണ്ടതോടെ, ബാലകൃഷ്ണ പിള്ള വീണ്ടും വട്ടത്തിലായി--കുറ്റം ആരുടേതായാലും. പതിവുപോലെ ഒരു ജഡ്ജിയെ, കെ സുകുമാരനെ, അന്വേഷണത്തിനു വെച്ചു. അന്വേഷണം അഗാധവും അതിവിപുലവും ആയിരുന്നു. രാവിലെ ഒരു കപ് ചായയുമായി ഗൃഹനാഥന്റെ അരികിൽ എത്തുന്നത് സ്ത്രീയാണെന്ന ഒരൊറ്റ ന്യായത്തിന്മേൽ, വൈദ്യുതി ബോർഡിൽ ഒരു സ്ത്രീ അംഗം കൂടി ഉണ്ടാ‍കണമെന്നുവരെ അദ്ദേഹം പറഞ്ഞുവെച്ചു. അതോടേ ബാലകൃഷ്ണ പിള്ള ഇടമലയാറിനെപ്പറ്റി പറഞ്ഞതും പ്രവർത്തിച്ചതുമെല്ലാം വിമർശിക്കപ്പെട്ടുതുടങ്ങി. ഭൂചലനത്തിനു സാധ്യതയുള്ള ഇടത്ത് പദ്ധതി തുടങ്ങിയത് ആദിമപാപം. പിന്നെ കരാർ കൊടുത്തതിലെ ക്രമക്കേട്. പന്ത്രണ്ടു കിലോമീറ്റർ നീളമുള്ള ഊർജ്ജതുരങ്കം ഉണ്ടാക്കാൻ,
അതിന് പ്രാപ്തി ഇല്ലാത്ത ഒരു സിൽബന്തിയെ ഏല്പിച്ചു എന്നായിരുന്നു ബാലകൃഷ്ണ പിള്ളക്കെതിരെ ഉയർന്ന ഒരു ആരോപണം. ചോർച്ച അതിന് ഉറപ്പേകി. അങ്ങനെ ബാലകൃഷ്ണ പിള്ള ഒരു തരം ഇടമലയാർ വീരനായി. വേറൊരു തരം ഇടമലയാർ വീരനും ആ ചരിത്രസന്ധിയിൽ അവതരിച്ചു: വി എസ് അച്യുതാനന്ദൻ.
സുകുമാരന്റെ വിധിസദൃശമായ റിപോർട് വന്നപ്പോൾ ദേശാഭിമാനി ആഘോഷപൂർവം എഴുതി: വി എസിന്റെ
വിജയം. ശരിയായിരുന്നു; കുറേക്കാലമായി, തുരങ്കം ചോരുന്നതിനും എത്രയോ മുമ്പുമുതൽ, ഇടമലയാറിലെ
തിരിമറികളെപ്പറ്റി വി എസ് പ്രസ്താവന ഇറക്കിവരികയായിരുന്നു. ആ പരമ്പരയിലെ ആദ്യത്തെ പ്രസ്താവന
രചിക്കപ്പെട്ട സ്ഥലമായിരുന്നു ശാന്തിനഗറിലെ പതിനേഴാം നമ്പർ വീട്. അത് കേട്ടെഴുതിയത് ഇപ്പോൾ പ്രസ്
അക്കാഡമി അധ്യക്ഷനായ എസ് ആർ ശക്തിധരൻ. പറഞ്ഞുകൊടുത്തത് ഞാൻ. കർതൃത്വം സന്തോഷപൂർവം
വഹിച്ചത് വി എസ് തന്നെ.
അതിനുശേഷം മൂന്നുനാലു പ്രസ്താവനകളുടെ കൂടി പിന്നിൽ ഞാൻ പ്രേതവേഷം കെട്ടീ. അതൊന്നും വി എസ് ഇപ്പോൾ ഓർക്കാതിരിക്കാനാണ് സാധ്യത. ശക്തിക്കും അതായിരിക്കും സൌകര്യം. അതോർത്തിരിക്കുന്നവർ
രണ്ടുപേർ കാണും: ഇടമലായാറിലെ വൈദ്യുതവിശേഷം എനിക്ക് ആദ്യം പറഞ്ഞുതന്ന വി ജി കെ മേനോനും അദ്ദേഹത്തെ എനിക്കു പരിചയപ്പെടുത്തിത്തന്ന വി വിശ്വനാഥ മേനോനും. രണ്ടുപേരും കൊച്ചി മേയറായിരുന്ന
ബാലചന്ദ്രൻ വഴി ബന്ധുക്കൾ.
സായുധവിപ്ലവത്തിന്റെ നാളുകളിൽ ഇടപ്പള്ളി പൊലിസ് സ്റ്റേഷൻ ആക്രമിച്ച വിശനാഥ മേനോൻ, അലസനും സരസനും ആയി, സൌഹൃദങ്ങളിലും സംഭാഷണങ്ങളിലും അഭിരമിച്ച്, ട്രാൻസ്പോർട് തൊഴിലാളി യൂണിയന്റെ പ്രസിഡന്റായി, മൂവാറ്റുപുഴയിൽനിന്ന് ആ‍ാവശ്യമനുസരിച്ച് മാഞ്ഞാലിക്കുളത്തെ ഓഫീസിൽ വന്നുപോകുന്ന കാലം.
ഒരു ദിവസം സൊറ പറയുന്ന കൂട്ടത്തിൽ വിശ്വനാഥ മേനോൻ പറഞ്ഞു, “വി ജി കെ മേനോൻ അവിടെ വരും, എന്തോ സംസാരിക്കാൻ. ഇടമലയാറിൽ അസിസ്റ്റന്റ് എഗ്സിക്യുടിവ് എഞ്ചിനീർ. ബാലകൃഷ്ണ പിള്ളയുടെ നോട്ടപ്പുള്ളി. എന്റെ ബന്ധു. കഥ കേൾക്കുക. പിന്നെ എന്തെങ്കിലും പറ്റുമോ എന്നു നോക്കുക.”
വി ജി കെ മേനോൻ വന്നു, കണ്ടു, കഥ പറഞ്ഞു. കഥയുടെ ഭാവവും വികാരത്തിന്റെ വേഗവുമുള്ള കഥ, വാർത്തയായി അച്ചടിക്കാൻ വിഷമം തോന്നിയ കഥ. വാസ്തവമാണെങ്കിലും വെളിപാടായി തോന്നാവുന്ന കാര്യം വാർത്തയായി അവതരിപ്പിക്കാൻ പറ്റില്ലല്ലോ. പണ്ടേക്കുപണ്ടേ ഉള്ളതാണ് വാർത്ത വാസ്തവം ആകണമെന്നില്ലെന്ന തോന്നൽ. ആദ്യം അത് തുറന്നടിച്ചത് ധർമപുത്രനായിരുന്നു. യുദ്ധത്തിനുതൊട്ടുമുമ്പ്, വാർത്ത അറിയാനും പറയാനുമൊക്കെയായി സഞ്ജയന്‍ അദ്ദേഹത്തെ ചെന്നുകണ്ടപ്പോൾ, ധർമപുത്രൻ ചോദിച്ചു: “വാർത്തകൾ എന്തൊന്നുള്ളു? വാസ്തവം പറകെടോ.”
ലേഖകന്റെ വെളിപാടുപോലെ മുഴങ്ങാതെ, വാസ്തവം ആയി തോന്നിക്കുന്ന രീതിയിൽ വാർത്ത അവതരിപ്പിക്കണമെന്നുണ്ടെങ്കിൽ, വി ജി കെ മേനോന്റെ കഥ പറയാൻ പറ്റില്ല. നാലാൽ കേൾക്കെ അത് പറയണമെങ്കിൽ, കുറേ തെളിവും വെളിച്ചവുമൊക്കെ വേണ്ടിവരും. അതിനുവേണ്ടീ കത്തിരുന്നാൽ, പക്ഷേ, കഥ പറയപ്പെടാതെ കിടക്കുകയും ചെയ്യും. ആ ഘട്ടത്തിൽ, നിർഭീകനായി, പോരിനുറച്ച്, മാധ്യമങ്ങൾക്ക് പൊതുവേ അധൃഷ്യനായ, ഹാസവും പരിഹാസം സ്വരത്തിന്റെ ഏറ്റിറക്കത്തിൽ മാത്രം ഒതുക്കിക്കളയുന്ന, അന്നത്തെ സി പി എം സംസ്ഥനസെക്രടറിയായ വി എസ് അച്യുതാനന്ദൻ രംഗത്ത് പ്രവേശിക്കുന്നു.
വാർത്ത വിതരണം ചെയ്യുമ്പോൾ ദീക്ഷിക്കേണ്ട വാസ്തവബോധവും പൊതുപ്രശ്നം ഉന്നയിക്കുന്ന രാഷ്ട്രീയപ്രവർത്തകന്റെ സത്യസങ്കല്പവും രണ്ടൂം ഒന്നല്ല. തെളിവ് കാര്യമായില്ലതെ, സംശയത്തിന്റെ വെളിച്ചത്തിൽ ആരോപണം(സി എച് മുഹമ്മദ് കോയ ആ വാക്കിനെ രണ്ടായിപ്പിരിച്ച് “ആരോ പണം” എന്ന് ഉച്ചരിച്ചിരുന്നു) ഉന്നയിക്കുന്നത് രാഷ്ട്രീയത്തിലെ അംഗീകരിക്കപ്പെട്ട ഒരു ആചാരക്രമമാകുന്നു. വായിൽ തോന്നിയതെല്ലാം വിളിച്ചുപറയാമെന്നായാൽ മാധ്യമരംഗം അധമവും രാഷ്ട്രീയം കുളവുമാകുമെന്നു മാത്രം. ഏതായാലൂം വി എസിന്റെ ആ സംഗരം അങ്ങനെയായില്ല.
ഇടമലയാറിലെ ഓളങ്ങൾ പോലെ കഥകളും കാര്യങ്ങളും അങ്ങനെ പുറത്തുവന്നുകൊണ്ടിരുന്നു. കേസുകളുടെ ഊരാക്കുടുക്കിൽ പെട്ട ബാലകൃഷ്ണ പിള്ളക്കുവേണ്ടി ഒരു നിമിഷം ഫലമൊന്നുമില്ലാതെ കോടതിയിൽ എഴുന്നേറ്റുനിൽക്കാൻ മാത്രം ജി രാമസ്വാമിയെ വരുത്തിയ ഇനത്തിൽ ഏഴെട്ടുലക്ഷമെങ്കിലും പൊട്ടിയിരിക്കുമെന്ന് ഒരു കഥ. വേലിയേറ്റത്തിൽ വാങ്ങുകയും വേലിയിറക്കത്തിൽ കാണാതാവുകയും ചെയ്ത മാലിദ്വീപിലെ തുരുത്തിനെപ്പറ്റി ഒരിക്കൽ അന്വേഷണോദ്യോഗസ്ഥനായിരുന്ന യൂസഫ് കുഞ്ഞ് കേട്ടുകേട്ടുപറഞ്ഞ വെറൊരു കഥ.
കഥാസരിത്സാഗരം അങ്ങനെ പരന്നൊഴുകുമ്പോൾ, അതിൽ രക്ഷകനെപ്പോലെ ഒരു രാഷ്ട്രീയപേടകത്തിൽ അച്യുതാനന്ദൻ മുന്നേറിയപ്പോൾ, കഥയിൽ ആദ്യം വെടിപൊട്ടിയ സന്ദർഭം ഓർത്ത്, ഒരിക്കലും വരാത്ത ചിരി ചിരിച്ച്, കല്പന ഗോപി കണ്ണിറൂക്കി. “ഇതൊക്കെ എത്ര കണ്ടിരിക്കുന്നു” എന്ന് അർഥം പകരും മട്ടിൽ വിശ്വനാഥ മേനോന്റെ ശബ്ദം മുഴaങ്ങി. സൂപ്രണ്ടിംഗ് എഞ്ചിനീർ ആയി വിരമിച്ച വി ജി കെ മേനോൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് ആവുകയും, പിന്നെ ആചാരപ്രകാരം ചില്ലറ ചില ആരോപനങ്ങൾക്ക് വിധേയനാവുകയും ചെയ്തു.

(മേയ് 21ന് തേജസ്സില്‍ പ്രസിദ്ധീകരിച്ചത്)


....

ഹവില്‍ദാര്‍ മാത്യു

ഹവിൽദാർ മാത്യുവിന്റെ ഫോൺ
കെ ഗോവിന്ദൻ കുട്ടി


ഇന്നായിരുന്നെങ്കിൽ ഹവിൽദാർ മാത്യുവിന്റെ സഹായം വേണ്ടിവരില്ല. അതിന് നന്ദി തോന്നുന്ന പ്രശ്നവുമില്ല.
പക്ഷേ ഇന്നല്ലല്ലോ അന്ന്‌. അന്ന്‌, എഴുപത്തിയേഴിലെ ഒരു നവംബർ രാത്രിയിൽ, നാണക്കേടിനും എനിക്കും ഇടയിൽ നിന്നത്,
ഒരിക്കൽ മാത്രം കണ്ടുമറന്ന ആ പട്ടാളക്കാരനായിരുന്നു. ചതുരമുഖവും ഇരുണ്ട നിറവുമുള്ള ആ പത്തനംതിട്ടക്കാരനെ അതിനുമുമ്പോ
പിമ്പോ കാണാൻ ഇടയായിട്ടില്ല.

ജോർഹടിലെ കരസേനത്താവളത്തിൽ ഞങ്ങൾ, പി ടി ഐ ലേഖകൻ എൻ വി കെ സ്വാമിയും ഞാനും, എത്തിപ്പെട്ടപ്പോൾ, പടിവാതിലിനോടു
ചേർന്ന ഒരു മുറിയിൽ ഡ്യൂടിയിലുണ്ടായിരുന്ന ഹവിൽദാരായിരുന്നു മാത്യു. ഏഴെട്ടു കിലോമീറ്റർ വലിഞ്ഞുനടക്കേണ്ടിയിരുന്നു
അവിടെ എത്താൻ. വഴിനീളെ ദുർഘടം. ഏറെ ദൂരവും കുറ്റിക്കാടുകൾക്കിടയിലൂടെ, ഇരുട്ടിലൂടെ, ഇഴയുന്ന ഒറ്റയടിപ്പാത. പന്തവുമേന്തി
മുന്നിൽ നടന്ന വഴികാട്ടി ഞങ്ങൾക്കറിയാത്ത ഭാഷയിൽ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. അപ്പോഴൊക്കെ കാലത്തെ വരിഞ്ഞുകെട്ടാമെന്ന
അഹങ്കാരമായിരുന്നു ഞങ്ങളുടെ ഉള്ളിൽ.

നല്ല പശപ്പറ്റുള്ള ചളി നിറഞ്ഞ പാടത്ത് തകർന്നുവീണ പുഷ്പകത്തിൽനിന്ന് ചാടിയോടിപ്പോന്നതായിരുന്നു ഞങ്ങൾ. മരിച്ചില്ലെന്ന അറിവ്
ഉദിച്ചപ്പോൾ, അത് നാട്ടുകാരെ അറിയിക്കാനായി കൂടുതൽ ഉത്സാഹം. മരണത്തിന്റെ സ്വഭാവം ആണതെന്നു തോന്നുന്നു. മരണം വരുന്നതുവരെയേ
പേടി തോന്നുകയുള്ളു; വരാതെ അത് തൽക്കാലം വഴിമാറിപ്പോകുന്നതു കാണുമ്പോൾ, കുറേ നേരം ആശ്വാസം അനുഭവപ്പെടും; പിന്നെ നമ്മൾ
പഴയ വീരസ്യങ്ങളിലേക്ക് വീണ്ടും വഴുതി വീഴുന്നു.

ഞാൻ മരിക്കാതിരുന്നതുകൊണ്ട്, മരിച്ചുകൊണ്ടിരുന്ന വിംഗ് കമാണ്ഡർ ഡി ലിമയുടെ നെഞ്ചിൽ ഒട്ടുനേരം യാന്ത്രികമായി അമർത്തിക്കൊണ്ടിരിക്കാൻ
ഇടയായി. ഇരുട്ടിൽ അങ്ങനെ ചെയ്യാൻ ആരോ എന്നെ നിയോഗിച്ചു. കോക്പിറ്റിൽനിന്ന് തെറിച്ചുവീണുകിടക്കുകയായിരുന്നു മാസ്റ്റർ ഗ്രീൻ മുദ്രയുള്ള
വി ഐ പി വൈമാനികൻ. സഹായിയായിരുന്ന മാത്യു സിറിയക്കും വേറെ രണ്ടുപേരും ഡി ലിമയെപ്പോലെ മരിച്ചു.
മരിക്കാതിരുന്നവർ അവരേക്കാൾ ഭാഗ്യവാൻമാരും പ്രശസ്തരുമായിരുന്നു. അതുകൊണ്ടുതന്നെഅവരുടെ കാര്യവും കഥയും എല്ലാവരും
കൂടുതൽ കുതൂഹലത്തോടെ പറയുകയും കേൾക്കുകയും ചെയ്തു.

മരിക്കാത്തവരിൽ ഒരാൾ പാടത്തിന്റെ കരക്ക്, തകർച്ചയുടെ ഒച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാർ താങ്ങിക്കൊണ്ടുവന്ന കയറ്റുകട്ടിലിൽ
ഇരിക്കുകയായിരുന്നു. ചുറ്റും പേറ്റിച്ചുവിറക്കുന്ന അകമ്പടിക്കാർ. ചൂട്ടുകളുടെ വെളിച്ചത്തിൽ മൂക്കിനു താഴെ ചോര തിളങ്ങിക്കണ്ടു. കൃത്രിമദന്തം കാണാനില്ല.
അതുകൊണ്ടൊന്നും ഉലയുന്ന ആളായിരുന്നില്ല പ്രധാനമന്ത്രി മൊറാർജി ദേശായി. വ്യോമസേനയുടെ തകർന്ന വിമാനത്തിൽനിന്ന്
പ്രധാനമന്ത്രി ദേശായി രക്ഷപ്പെട്ട വിവരം ലോകത്തെ അറിയിക്കാനുള്ള തിടുക്കത്തിൽ, നേരിൽ കണ്ട മരണം വഴി മാറിപ്പോയതിന്റെ സന്തോഷം
ഓർത്തുരസിക്കാൻ സമയം ഉണ്ടായിരുന്നില്ല.

ടെലഫോൺ ശൃംഖലയിൽ, അക്കാലത്ത് വികസിതനഗരങ്ങളിൽ പോലും എസ് ടി ഡി സൌകര്യം ഏർപ്പെടുത്തിവരുന്നതേ ഉണ്ടായിരുന്നുള്ളു.
അസം പോലുള്ള കിഴക്കൻ പ്രദേശങ്ങളിൽ അതെത്താൻ എത്രയോ കാലം പിന്നേയും വേണ്ടിവന്നു. എന്തൊക്കെയോ സൌകര്യം, വിമാനം വീണ
പാടത്തുനിന്ന് ഏഴെട്ടുകിലോമീറ്റർ അകലെയുള്ള സൈനികകേന്ദ്രത്തിൽ ഉണ്ടെന്നു പറഞ്ഞ് ഞങ്ങളെ അങ്ങോട്ട് കൂട്ടിക്കൊണ്ടുപോയ തലേക്കെട്ടുകാരന്റെ
ഒരു കയ്യിൽ പന്തവും മറുകയ്യിൽ ഊന്നുവടിയുമുണ്ടായിരുന്നു. ആ പന്തത്തിന്റെ വെളിച്ചവും പേരറിയാത്ത ആ സൌമനസ്യത്തിന്റെ തെളിച്ചവും പിന്നീടുവന്ന
സ്തോഭജനകമായ വിവരണങ്ങളിലൊന്നും പരാമർശിക്കപ്പെടുകയുണ്ടായില്ല--പത്തനംതിട്ടക്കാരൻ ഹവിൽദാർ മാത്യുവിന്റെ പേർ ആരും ഒരിടത്തും
ഒരിക്കലും ആ പ്രകരണത്തിൽ പറയാതിരുന്നതുപോലെ.

മാത്യുവിന്റെ മുമ്പിലുള്ള ഫോൺ കണ്ട പാടേ എന്റെ സുഹൃത്ത് സ്വാമി അത് കടന്നുപിടിച്ചു. ഒന്നും ചാടിപ്പിടിക്കാൻ മിടുക്കില്ലാത്ത ഞാൻ അന്തിച്ചുനിന്നു.
ഷില്ലോങ്ങിലേയും കൊൽക്കത്തയിലേയും ഡെൽഹിയിലേയും ഗുവഹത്തിയിലേയും പി ടി ഐ ഓഫിസുകളുടെ എത്രയോ നമ്പറുകൾ സ്വാമി
തുരുതുരെ ആർമി എക്സ്ചേഞ്ചിലേക്ക് വിളിച്ചുപറഞ്ഞു. അതോരോന്നും വിളിച്ചുനോക്കിയിട്ടുവേണം പാവം എന്റെ ഊഴം വരാൻ. അപ്പോഴേക്കും അന്നുരാത്രിയിലെ
വാർത്താപ്രക്ഷേപണം ആകാശവാണി അവസാനിപ്പിച്ചുകാണും. പിന്നെ എനിക്ക് പൂരം കാണാൻ പോയ നായയുടെ സ്ഥനമേ ഏറിയാൽ
കാണുകയുള്ളു. മാത്യുവിന് എന്നോട് ദയ തോന്നിയോ? തോന്നിയെങ്കിൽത്തന്നെ എന്തു ചെയ്യാൻ? സ്വാമിയുടെ അശ്വമേധം കണ്ട്, അത്ഭുതത്തോടെ
മാത്യുവും അങ്കലാപ്പോടെ ഞാനും ഒന്നും മിണ്ടാതെ, നിർത്താതെ പുക വലിച്ചുകൊണ്ടിരുന്നു.

ഒടുവിൽ മാത്യ്യു ഫോൺ എനിക്കു നീട്ടിയപ്പോൾ, എന്റെ ലോകത്തിലെ കാലത്തിന്റെ ദൈർഘ്യം വെറും അഞ്ചു മിനിറ്റായി ചുരുങ്ങൂന്നതുപൊലെ തൊന്നി.
അതുകൊണ്ട് ഞാൻ ഒരു കാളും ബുക് ചെയ്യേണ്ടെന്നു വെച്ചു. തകർന്ന വിമാനത്തിൽനിന്നു രക്ഷപ്പെട്ട പ്രധാനമന്ത്രി എവിടെ ഉണ്ടെന്ന കാര്യം ആകാശവാണിയുടെ
ഡൽഹിയിലെ ജനറൽ ന്യൂസ്റൂമിൽ അറിയിക്കണമെന്ന അപേക്ഷ മാത്രമേ ഓപറേറ്ററോടു പറയാനുണ്ടായിരുന്നുള്ളു. അടുത്ത നിമിഷം ഫോൺ
ശബ്ദിച്ചപ്പോൾ, സ്വാമി ചാടിയെടുത്തു. പക്ഷേ അതെനിക്കുള്ള കാൾ ആയിരുന്നു. എന്റെ സന്ദേശം തീർന്നപാടേ സ്വാമി തന്റെ അക്ഷമയും അരിശവും
ഫോണിലൂടെ വാരി എറിഞ്ഞു. അതുകേട്ട് ഫോൺ വിരണ്ടുമരിച്ചു. അപ്പോൾ മാത്യുവിന്റെ ചുണ്ടിൽ നേരിയ ഒരു ചിരി പരക്കുകയായിരുന്നു.

ഓരോ തവണയും കേമത്തം കൊട്ടിഘോഷിക്കുമ്പോൾ, മനസ്സ് മന്ത്രിക്കും: ആരുമറിയാത്ത പത്തനംതിട്ടക്കാരൻ ഹവിൽദാർ മാത്യുവിന്റെ സൌമനസ്യം
ഉണ്ടായിരുന്നില്ലെങ്കിൽ, തലയിൽ മുണ്ടിട്ടു നടക്കേണ്ടിവന്നേനെ. പക്ഷേ മാത്യുമാർ കാലഹരണപ്പെട്ടിരിക്കുന്നു. ഇന്നാണെങ്കിൽ മാത്യുവിന്റെ ഫോൺ
തേടിപ്പോവേണ്ട. മാത്യുവിനെ കാണുക പോലും വേണ്ട. ഏഴെട്ടുകിലോമീറ്റർ നടക്കേണ്ട. അതൊന്നുമില്ലാതെത്തന്നെ തകരുന്ന വിമാനത്തിന്റേയും
മരിക്കുന്ന വൈമാനികന്റേയും മരിക്കാതിരിക്കുന്ന പ്രധാനമന്ത്രിയുടേയും ശബ്ദവും രൂപവും തത്സമയം എല്ലാവരേയും അറിയിക്കാമെന്നായിരിക്കുന്നു;
എല്ലാം എല്ലാവർക്കും എപ്പോഴും ഏതാണ്ടൊക്കെ ഒരേ സമയം അറിയാമെന്നായിരിക്കുന്നു. അപ്പോൾ മാത്യുവിന്റെ സൌമനസ്യം അപ്രസക്തമാവുന്നു
എന്നു മാത്രമല്ല, വീർസാഹസികതക്കുള്ള സാധ്യത ഏറെ കുറയുകയും മായികശോഭയുണ്ടായിരുന്ന സ്കൂപ് പഴകിയ ഒരു നോവൽ വിഷയമായി
മാറുകയും ചെയ്യുന്നു. അഥവാ സ്കൂപ്പ് വേണ്മെങ്കിൽ, ഇർവിംഗ് വാലസിന്റെ നോവലിലെ ദൈവം ചമയുന്ന പത്രമുടമയെ മാതൃകയാക്കേണ്ടിവരും. സ്കൂപ്
വേണമെന്നു തോന്നുമ്പോഴെല്ലാം, ഞെട്ടിപ്പിക്കുന്ന എന്തെങ്കിലും കൃത്യം ചെയ്ത് മറയുന്ന ഒരു ഭീകരസംഘത്തെ പുള്ളിക്കാരൻ സ്വന്തം ചിലവിൽ
രഹസ്യമായി പോറ്റിവളർത്തിയിരുന്നു.
(തേജസ്സില്‍ കാലക്ഷേപം എണ്ണ പംക്തിയില്‍ പ്രസിദ്ധീകരിക്ചത്)

chiri

ചിരി വിളയുന്ന വിപ്ലവം
കെ ഗോവിന്ദന്‍ കുട്ടി




ഒടുക്കത്തെ ചിരി ചിരിക്കുന്നയാളുടെ ഒടുക്കമാകണമെന്നില്ല. കൊളോണിയ‍ലിസത്തിന്റെ ഭാഷയില്‍, ഒടുക്കം ചിരിക്കുന്നയാളാകും വിജയി. ഒടുക്കം എന്ന പദം ദേശാഭിമാനപുരസ്സരം ഊന്നിപ്പറയുന്ന വാമൊഴിവഴക്കത്തിലേ ചിരിക്കുന്ന ആളുടെ ഒടുക്കം എന്ന അര്‍ഥം കിട്ടുകയുള്ളു. അതൊന്നും അറിയാത്ത ആളല്ല വി എസ്, ക്ലാസിക്കല്‍ സഖാക്കളില്‍നിന്നു വേറിട്ടുനില്‍ക്കുന്ന, ചിരിക്കുന്ന വിപ്ലവകാരി. വിപ്ലവകാരികള്‍ ചിരിക്കാറില്ല--ബുദ്ധന്‍ ചിരിക്കാത്തതു പോലെ. പൊഖ്രാനിലെ ആദ്യത്തെ സ്ഫോടനമായിരുന്നു ബുദ്ധന്റെ ആദ്യത്തെ ചിരി--ഒടുക്കത്തേയും. ആ ഒരൊറ്റ ചിരി വഴി തഥാഗതന്‍ നമ്മുടെ സ്വീകരണമുറികളില്‍ അലങ്കാരവസ്തുവായി ശരണം നേടിയിരിക്കുന്നു.

വൈരുദ്ധ്യം കണ്ടാല്‍, ബുദ്ധനായാലും വി എസായാലും, ചിരിക്കും. ചിരിക്കാതെന്തു ചെയ്യും? ചിലപ്പോള്‍ ചിരിച്ചു ചാവേണ്ടിവരും,സ്യൂക്സിസിനെ പോലെ. ധനികയും വിരൂപയുമായ ഒരു സ്ത്രീയുടെ കല്പനപ്രകാരം,ഒരിക്കല്‍ ആ യവനചിത്രകാരന്‍ വീനസിന്റെ പടം വരച്ചു. അവര്‍ തന്നെ അതിന് മോഡല്‍ ആകണമെന്ന് അവര്‍ക്ക് നിര്‍ബ്ബന്ധമായിരുന്നു. വരച്ചുകഴിഞ്ഞപ്പോള്‍, ഏറെക്കുറെ വൈരുദ്ധ്യാധിഷ്ഠിതമെന്നു പറയാവുന്ന തന്റെ ചിത്രം നോക്കി സ്യൂക്സിസ് ചിരിച്ചു, മരിച്ചു. ഫലിതം മനസ്സില്‍ നിറഞ്ഞപ്പോള്‍ മരണം വരികയായിരുന്നു.

വി എസിനറിയാത്തതല്ല, ഓരോരോ കോമാളിത്തമോര്‍ത്തുള്ള അത്തരം ചിരി യുദ്ധകാരണവുമാകാം. സ്ഥലജലഭ്രമം മൂത്ത് രാജസഭയില്‍ മുണ്ടുപൊക്കിനടന്ന ദുര്യോധനനെ നോക്കി പാഞ്ചാലി കുലുങ്ങിച്ചിരിച്ചിരുന്നില്ലെങ്കില്‍, കര്‍ണ്ണന്റെ തന്തയാരെന്നു തിരക്കി പരിഹസിച്ചിരുന്നില്ലെങ്കില്‍, പിന്നീടൂണ്ടായ ചൂതും മുണ്ടുരിയലും വനവാസവും പോരുമൊക്കെ ഒഴിവാക്കാമായിരുന്നില്ലേ? യവനപുരാണത്തിലും ചിരിയെത്തുടര്‍ന്നുവരുന്ന യുദ്ധം കാണാം. പോസ്ത്യൂമിയസ് എന്ന റോമന്‍ സ്ഥാ‍നപതിയുടെ ഉച്ചാരണത്തിലെ അഭംഗി കേട്ട് ചില യവനര്‍ ചിരിച്ചപ്പോള്‍, അദ്ദേഹം പുലമ്പിയത്രേ: “ചിരിക്കൂ. ഒടുക്കത്തെ ചിരി ചിരിക്കൂ. എന്റെ വസ്ത്രം നിങ്ങളുടെ ചോരകൊണ്ട് കഴുകും വരെ ചിരിക്കൂ.” പറഞ്ഞതുപോലെ നടക്കുകയും ചെയ്തു. അത്രയൊന്നും കരുതിക്കാണില്ല “ഒടുക്കത്തെ ചിരി”യെപ്പറ്റി ഉപന്യസിച്ച ദേശാഭിമാനം.

വി എസിനറിയാത്തതല്ല, പലതരത്തിലുള്ള ചിരിയില്‍ കൊലച്ചിരിയും പെടുന്നു. കൊല്ലണമെന്നു കരുതിക്കൊണ്ടോ കൊന്നതിനുശേഷമോ ചിരിക്കുന്ന ചിരി കൊലച്ചിരി. ചുമന്ന ഭാഷയില്‍ ചിലര്‍ അതിനെ ഒടുക്കത്തെ ചിരിയെന്നും വിളിക്കും. ഡാര്‍വിന്‍ അതിനെ മാരകമായ ഒരു പ്രാകൃതവാസനയായി വ്യാഖ്യാനിച്ചു. പിന്നെ, മറ്റുള്ളവരെ കളിപ്പിച്ച്, കേമത്തം നടിച്ചു ചിരിക്കാം. അവനവന്‍ കളിപ്പിക്കപ്പെട്ടാല്‍ വിഡ്ഢിച്ചിരി ചിരിക്കാം. രണ്ടും ഡാര്‍വീനിയന്‍ പ്രാകൃതവാസനയുടെ കൂട്ടത്തില്‍ കൂട്ടാമോ? ഏതോ രോഗംകൊണ്ട് ചിരിക്കാം. ഏതോ രോഗം ഭേദപ്പെടുത്താനും ചിരിക്കാമെന്ന് ആനന്ദോത്സവക്കാര്‍ പറഞ്ഞുനടക്കുന്ന കാര്യവും വി എസിനറിയാത്തതല്ല.

എതുതരത്തില്‍ ‍പെട്ടതായാലും, ചിരിയുടെ പാരമ്പര്യം മറ്റേതുകൂട്ടരേക്കാളും കൂടുതല്‍ അവകാശപ്പെടുന്നു വി എസിന്റെ നാട്ടുകാര്‍. നമ്പ്യാര്‍ മുതലെങ്കിലും അതു നീണ്ടുകിടക്കുന്നു, ജഗതി വരെ. പിന്നേയും അവരുടെ നിര നീളുന്നു, നിഴലായും രൂപമായും, ടെലിവിഷനിലും രംഗത്തും, വി എസിനെ അനുകരിക്കുന്നവരോളം. അനുകരിക്കപ്പേടുന്ന വി എസ് അസ്സല്‍ വി എസിനേക്കാള്‍ ചിരി പടര്‍ത്തുന്നു. അതത്രേ ചിരിയുടെ മനശ്ശാസ്ത്രം: യാഥാര്‍ഥ്യത്തേക്കാള്‍ കാണാന്‍ രസമായിരിക്കും അതിന്റെ നീണ്ട നിഴല്‍. വി എസ്, പക്ഷേ, യാഥര്‍ഥ്യം തന്നെ നോക്കി ചിരിക്കുകയായിരുന്നു.

ഒടുക്കത്തെ ചിരിയുടെ ഭാഷ്യം ഇറക്കിയവര്‍ക്ക് അറിയാത്തതല്ല, ചിരിക്കാനുള്ളതാണ് വാസ്തവത്തില്‍ ഒടുക്കത്തെ സ്വാതന്ത്ര്യം. അത്, എന്നുവെച്ചാല്‍, ചൊറിച്ചില്‍ ഉണ്ടാക്കുന്ന ചിരി, തടയുകയാണ് വിപ്ലവത്തിന്റെ ആവശ്യം. സമരവീര്യം നുരയുമ്പോള്‍ ആരും തൊലിച്ചുനില്‍ക്കാന്‍ പാടില്ല. അടിയന്തരാവസ്ഥയുടെ തുടക്കത്തില്‍, ശങ്കര്‍ തന്റെ വാരിക പൂട്ടിക്കൊണ്ടെഴുതി, എകാധിപത്യത്തില്‍ ആരും ചിരിക്കാറില്ല. കനാന്‍ ബനാന എന്ന എകാധിപതി, തന്റെ പേര്‍ ഉച്ചരിച്ച് ചിലര്‍ ചിരിക്കുന്നുണ്ടെന്നു കേട്ട്, അത് ശബ്ദതാരാവലിയില്‍ിനിന്ന് നീക്കം ചെയ്തു. പിന്നെ ആര്‍ എന്തു കണ്ടും കേട്ടും എങ്ങനെ ചിരിക്കും? അങ്ങനെയൊരു തമസ്കരണം തല്‍ക്കാലം സാധ്യമല്ലെന്നതാണ് മുതലാളിത്തത്തിന്റെ വിജയം.

പണ്ടൊരിക്കല്‍ മാവോവിന്റെ മുഖത്ത് എന്തോ ചലനം കണ്ടപ്പോഴും ഇതുപോലൊരു പുകിലുണ്ടായി. അത് ചിരിയായിരുന്നോ? എങ്കില്‍ ചങ്ങാത്തത്തിന്റെയോ ചതിയുടെയോ? ചര്‍ച്ച ഏറെക്കാലം പൊടിപൊടിച്ചു. മാവോവിന്റെ ചിരിയും ലോകസമാധാനവും ആയിരുന്നു എല്ലാ സദസ്സുകളിലും ഇഷ്ടവിഷയം. പിന്നെ ചിരി നിന്നു. അങ്ങനെയിരിക്കേ, ചിരിക്കാനുള്ള അവസരം നഷ്ടപ്പെട്ട ചില ചൈനീസ് കമ്പ്യൂടര്‍ വിരുതന്മാര്‍ ഒരു ചോദ്യം വാരി എറിഞ്ഞു: “ചൈനയുടെ നേതൃത്വം മൂര്‍ഖന്മാരുടെ കയ്യിലാണെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?” “ഇല്ല” എന്ന് ഉത്തരം അടിച്ചാല്‍ ഉടന്‍ കമ്പ്യൂടര്‍ നിലച്ചുപോകും. ആ വികൃതിയുടെ പേരില്‍ ‍ഉയരുന്നത് ഒടുക്കത്തെ ചിരി അല്ലെന്ന് വി എസിനെ ദുഷിക്കുന്നവര്‍ക്ക് അറിയാത്തതല്ല. അവര്‍ അങ്ങനെ പറയുന്നുവെന്നേയുള്ളു. ചിരിക്കരുത്. ‍

(മേയ്‌ ഇരുപത്തിനാലിന്‍ മനോരമയില്‍ പ്രസിദ്ധീകരിക്ചത് )
...