ചിരി വിളയുന്ന വിപ്ലവം
കെ ഗോവിന്ദന്‍ കുട്ടി
ഒടുക്കത്തെ ചിരി ചിരിക്കുന്നയാളുടെ ഒടുക്കമാകണമെന്നില്ല. കൊളോണിയലിസത്തിന്റെ ഭാഷയില്‍, ഒടുക്കം ചിരിക്കുന്നയാളാകും വിജയി. ഒടുക്കം എന്ന പദം ദേശാഭിമാനപുരസ്സരം ഊന്നിപ്പറയുന്ന വാമൊഴിവഴക്കത്തിലേ ചിരിക്കുന്ന ആളുടെ ഒടുക്കം എന്ന അര്‍ഥം കിട്ടുകയുള്ളു. അതൊന്നും അറിയാത്ത ആളല്ല വി എസ്, ക്ലാസിക്കല്‍ സഖാക്കളില്‍നിന്നു വേറിട്ടുനില്‍ക്കുന്ന, ചിരിക്കുന്ന വിപ്ലവകാരി. വിപ്ലവകാരികള്‍ ചിരിക്കാറില്ല--ബുദ്ധന്‍ ചിരിക്കാത്തതു പോലെ. പൊഖ്രാനിലെ ആദ്യത്തെ സ്ഫോടനമായിരുന്നു ബുദ്ധന്റെ ആദ്യത്തെ ചിരി--ഒടുക്കത്തേയും. ആ ഒരൊറ്റ ചിരി വഴി തഥാഗതന്‍ നമ്മുടെ സ്വീകരണമുറികളില്‍ അലങ്കാരവസ്തുവായി ശരണം നേടിയിരിക്കുന്നു.
വൈരുദ്ധ്യം കണ്ടാല്‍, ബുദ്ധനായാലും വി എസായാലും, ചിരിക്കും. ചിരിക്കാതെന്തു ചെയ്യും? ചിലപ്പോള്‍ ചിരിച്ചു ചാവേണ്ടിവരും,സ്യൂക്സിസിനെ പോലെ. ധനികയും വിരൂപയുമായ ഒരു സ്ത്രീയുടെ കല്പനപ്രകാരം,ഒരിക്കല്‍ ആ യവനചിത്രകാരന്‍ വീനസിന്റെ പടം വരച്ചു. അവര്‍ തന്നെ അതിന് മോഡല്‍ ആകണമെന്ന് അവര്‍ക്ക് നിര്‍ബ്ബന്ധമായിരുന്നു. വരച്ചുകഴിഞ്ഞപ്പോള്‍, ഏറെക്കുറെ വൈരുദ്ധ്യാധിഷ്ഠിതമെന്നു പറയാവുന്ന തന്റെ ചിത്രം നോക്കി സ്യൂക്സിസ് ചിരിച്ചു, മരിച്ചു. ഫലിതം മനസ്സില്‍ നിറഞ്ഞപ്പോള്‍ മരണം വരികയായിരുന്നു.
വി എസിനറിയാത്തതല്ല, ഓരോരോ കോമാളിത്തമോര്‍ത്തുള്ള അത്തരം ചിരി യുദ്ധകാരണവുമാകാം. സ്ഥലജലഭ്രമം മൂത്ത് രാജസഭയില്‍ മുണ്ടുപൊക്കിനടന്ന ദുര്യോധനനെ നോക്കി പാഞ്ചാലി കുലുങ്ങിച്ചിരിച്ചിരുന്നില്ലെങ്കില്‍, കര്‍ണ്ണന്റെ തന്തയാരെന്നു തിരക്കി പരിഹസിച്ചിരുന്നില്ലെങ്കില്‍, പിന്നീടൂണ്ടായ ചൂതും മുണ്ടുരിയലും വനവാസവും പോരുമൊക്കെ ഒഴിവാക്കാമായിരുന്നില്ലേ? യവനപുരാണത്തിലും ചിരിയെത്തുടര്‍ന്നുവരുന്ന യുദ്ധം കാണാം. പോസ്ത്യൂമിയസ് എന്ന റോമന്‍ സ്ഥാനപതിയുടെ ഉച്ചാരണത്തിലെ അഭംഗി കേട്ട് ചില യവനര്‍ ചിരിച്ചപ്പോള്‍, അദ്ദേഹം പുലമ്പിയത്രേ: “ചിരിക്കൂ. ഒടുക്കത്തെ ചിരി ചിരിക്കൂ. എന്റെ വസ്ത്രം നിങ്ങളുടെ ചോരകൊണ്ട് കഴുകും വരെ ചിരിക്കൂ.” പറഞ്ഞതുപോലെ നടക്കുകയും ചെയ്തു. അത്രയൊന്നും കരുതിക്കാണില്ല “ഒടുക്കത്തെ ചിരി”യെപ്പറ്റി ഉപന്യസിച്ച ദേശാഭിമാനം.
വി എസിനറിയാത്തതല്ല, പലതരത്തിലുള്ള ചിരിയില്‍ കൊലച്ചിരിയും പെടുന്നു. കൊല്ലണമെന്നു കരുതിക്കൊണ്ടോ കൊന്നതിനുശേഷമോ ചിരിക്കുന്ന ചിരി കൊലച്ചിരി. ചുമന്ന ഭാഷയില്‍ ചിലര്‍ അതിനെ ഒടുക്കത്തെ ചിരിയെന്നും വിളിക്കും. ഡാര്‍വിന്‍ അതിനെ മാരകമായ ഒരു പ്രാകൃതവാസനയായി വ്യാഖ്യാനിച്ചു. പിന്നെ, മറ്റുള്ളവരെ കളിപ്പിച്ച്, കേമത്തം നടിച്ചു ചിരിക്കാം. അവനവന്‍ കളിപ്പിക്കപ്പെട്ടാല്‍ വിഡ്ഢിച്ചിരി ചിരിക്കാം. രണ്ടും ഡാര്‍വീനിയന്‍ പ്രാകൃതവാസനയുടെ കൂട്ടത്തില്‍ കൂട്ടാമോ? ഏതോ രോഗംകൊണ്ട് ചിരിക്കാം. ഏതോ രോഗം ഭേദപ്പെടുത്താനും ചിരിക്കാമെന്ന് ആനന്ദോത്സവക്കാര്‍ പറഞ്ഞുനടക്കുന്ന കാര്യവും വി എസിനറിയാത്തതല്ല.
എതുതരത്തില്‍ പെട്ടതായാലും, ചിരിയുടെ പാരമ്പര്യം മറ്റേതുകൂട്ടരേക്കാളും കൂടുതല്‍ അവകാശപ്പെടുന്നു വി എസിന്റെ നാട്ടുകാര്‍. നമ്പ്യാര്‍ മുതലെങ്കിലും അതു നീണ്ടുകിടക്കുന്നു, ജഗതി വരെ. പിന്നേയും അവരുടെ നിര നീളുന്നു, നിഴലായും രൂപമായും, ടെലിവിഷനിലും രംഗത്തും, വി എസിനെ അനുകരിക്കുന്നവരോളം. അനുകരിക്കപ്പേടുന്ന വി എസ് അസ്സല്‍ വി എസിനേക്കാള്‍ ചിരി പടര്‍ത്തുന്നു. അതത്രേ ചിരിയുടെ മനശ്ശാസ്ത്രം: യാഥാര്‍ഥ്യത്തേക്കാള്‍ കാണാന്‍ രസമായിരിക്കും അതിന്റെ നീണ്ട നിഴല്‍. വി എസ്, പക്ഷേ, യാഥര്‍ഥ്യം തന്നെ നോക്കി ചിരിക്കുകയായിരുന്നു.
ഒടുക്കത്തെ ചിരിയുടെ ഭാഷ്യം ഇറക്കിയവര്‍ക്ക് അറിയാത്തതല്ല, ചിരിക്കാനുള്ളതാണ് വാസ്തവത്തില്‍ ഒടുക്കത്തെ സ്വാതന്ത്ര്യം. അത്, എന്നുവെച്ചാല്‍, ചൊറിച്ചില്‍ ഉണ്ടാക്കുന്ന ചിരി, തടയുകയാണ് വിപ്ലവത്തിന്റെ ആവശ്യം. സമരവീര്യം നുരയുമ്പോള്‍ ആരും തൊലിച്ചുനില്‍ക്കാന്‍ പാടില്ല. അടിയന്തരാവസ്ഥയുടെ തുടക്കത്തില്‍, ശങ്കര്‍ തന്റെ വാരിക പൂട്ടിക്കൊണ്ടെഴുതി, എകാധിപത്യത്തില്‍ ആരും ചിരിക്കാറില്ല. കനാന്‍ ബനാന എന്ന എകാധിപതി, തന്റെ പേര്‍ ഉച്ചരിച്ച് ചിലര്‍ ചിരിക്കുന്നുണ്ടെന്നു കേട്ട്, അത് ശബ്ദതാരാവലിയില്‍ിനിന്ന് നീക്കം ചെയ്തു. പിന്നെ ആര്‍ എന്തു കണ്ടും കേട്ടും എങ്ങനെ ചിരിക്കും? അങ്ങനെയൊരു തമസ്കരണം തല്‍ക്കാലം സാധ്യമല്ലെന്നതാണ് മുതലാളിത്തത്തിന്റെ വിജയം.
പണ്ടൊരിക്കല്‍ മാവോവിന്റെ മുഖത്ത് എന്തോ ചലനം കണ്ടപ്പോഴും ഇതുപോലൊരു പുകിലുണ്ടായി. അത് ചിരിയായിരുന്നോ? എങ്കില്‍ ചങ്ങാത്തത്തിന്റെയോ ചതിയുടെയോ? ചര്‍ച്ച ഏറെക്കാലം പൊടിപൊടിച്ചു. മാവോവിന്റെ ചിരിയും ലോകസമാധാനവും ആയിരുന്നു എല്ലാ സദസ്സുകളിലും ഇഷ്ടവിഷയം. പിന്നെ ചിരി നിന്നു. അങ്ങനെയിരിക്കേ, ചിരിക്കാനുള്ള അവസരം നഷ്ടപ്പെട്ട ചില ചൈനീസ് കമ്പ്യൂടര്‍ വിരുതന്മാര്‍ ഒരു ചോദ്യം വാരി എറിഞ്ഞു: “ചൈനയുടെ നേതൃത്വം മൂര്‍ഖന്മാരുടെ കയ്യിലാണെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?” “ഇല്ല” എന്ന് ഉത്തരം അടിച്ചാല്‍ ഉടന്‍ കമ്പ്യൂടര്‍ നിലച്ചുപോകും. ആ വികൃതിയുടെ പേരില്‍ ഉയരുന്നത് ഒടുക്കത്തെ ചിരി അല്ലെന്ന് വി എസിനെ ദുഷിക്കുന്നവര്‍ക്ക് അറിയാത്തതല്ല. അവര്‍ അങ്ങനെ പറയുന്നുവെന്നേയുള്ളു. ചിരിക്കരുത്.
(മേയ് ഇരുപത്തിനാലിന്‍ മനോരമയില്‍ പ്രസിദ്ധീകരിക്ചത് )
...
No comments:
Post a Comment