ഇരുളും വെളിച്ചവും വേർതിരിക്കുകയായിരുന്നു, പഴയ നിയമപ്രകാരം, ദൈവത്തിന്റെ ആദ്യത്തെ പ്രവൃത്തി. അതുപോലൊരു തിരിച്ചറിവാണ് ശാസ്ത്രത്തിന്റെയും അഭിമാനം. ഇരുളും വെളിച്ചവും, ശരിയും തെറ്റും, നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസം, പരീക്ഷണം വഴിയും നിരീക്ഷണം വഴിയും തിരിച്ചറിയാൻ കഴിയുമെന്ന് ശാസ്ത്രം അഭിമാനിക്കുന്നു. അത്തരം തിരിച്ചറിവില്ലാത്തവരെ, സത്യത്തെ പാമ്പാണോ കയറാണോ എന്നു മനസ്സിലാക്കാൻ കഴിയാത്തവരെ, ശാസ്ത്രതിൽ ജ്ഞാനം നേടിയവരും യുക്തിവാദികളും പരിഹസിക്കുന്നു. തിരിച്ചറിയാൻ കഴിയാത്തതൊന്നുമില്ലെന്നാണ് അവരുടെ അഹങ്കാരം. ആ അഹങ്കാരത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദം.
എൻഡോസൾഫാനെപ്പറ്റിയുള്ള തർക്കം തന്നെ നോക്കൂ. പത്തുകൊല്ലത്തിനകം പതിനാറു സമിതികൾ അതിനെപ്പറ്റി പഠിച്ചുകഴിഞ്ഞുവത്രേ. ആ കീടനാശിനി ഏറെ ഉപയോഗിച്ച രണ്ടു സംസ്ഥാനങ്ങൾ അത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. പിറന്നവർക്കും പിറക്കാനിരിക്കുന്നവർക്കും, കിളികൾക്കും മൃഗങ്ങൾക്കും ചെടികൾക്കും, എന്നു വേണ്ട മണ്ണിനും വായുവിനും വെള്ളത്തിനും എൻഡോസൾഫാൻ വിഷമാണെന്ന നിഗമനമാണ് ആ ആവശ്യത്തിന്റെ അടിസ്ഥാനം. ആ ആവശ്യം ഉന്നയിച്ചവർക്കാർക്കും എൻഡോസൾഫാൻ ഇരുളും തെറ്റും തിന്മയുമാണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ വസ്തുനിഷ്ഠമായ പരീക്ഷണവും നിരീക്ഷണവും വഴി തിരിച്ചറിയാവുന്ന, ഏകമായ ആ സത്യത്തെപ്പറ്റി ശരദ് പവാർ ഭിന്നാഭിപ്രായം പറയുന്നു. വാസ്തവത്തിൽ ഇവിടെ വെല്ലുവിളി നേരിടുന്നത് എൻ സി പി എന്ന പീക്കിരി പാർട്ടിയുടെ കുത്സിതരാഷ്ട്രീയമല്ല, ശാസ്ത്രത്തിന്റെ അഹങ്കാരവും അടിസ്ഥാനം തന്നെയുമാകുന്നു.
യാഥാസ്ഥിതികമായ സംവാദത്തിൽ ഉറക്കെ കേൾക്കുന്ന വാദങ്ങൾ എന്തൊക്കെ? മനുഷ്യന്റെയും മണ്ണിന്റെയും ഗർഭത്തെ വിരൂപമാക്കുന്ന എൻഡോസൾഫാന്റെ ചിത്രം എത്രയോ നമ്മൾ കണ്ടുകഴിഞ്ഞു. അതു നിരോധിക്കണമെന്ന് കേരളവും കർണാടകവും ആവശ്യപ്പെടുന്നത് ആ ബോധ്യംകൊണ്ടാണല്ലോ. അറിവും വാക് സാമർഥ്യവും ഉള്ളവർ ദിവസേന നമ്മളോട് എൻഡോസൾഫാന്റെ വിപത്തിനെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുന്നു. അവരുടെ പിൻ ബലത്തിൽ, ശാസ്ത്രത്തിൽ നിഷ്ണാതരെന്ന് ഇതുവരെ തീർത്തും അറിയപ്പെടാത്ത അച്യുതാനന്ദനും ഉമ്മൻ ചാണ്ടിയും അതിനെപ്പറ്റി പ്രസ്താവന ഇറക്കുകയും ഒപ്പു ശേഖരിക്കുകയും ചെയ്യുന്നു. എൻഡോസൾഫാൻ പുണ്യവും അമൃതവും ആണെന്നു ഉറക്കെ പറയുന്ന ആരെയും കണ്ടുകിട്ടാനില്ല. പക്ഷേ, ശാസ്ത്രത്തിൽ അച്യുതാനന്ദനെക്കാളും ഉമ്മൻ ചാണ്ടിയെക്കാളും വൈദഗ്ധ്യം അവകാശപ്പെടാനില്ലാത്ത ശരദ് പവാർ ആകട്ടെ, എൻഡോസൾഫാൻ നിരോധിക്കാൻ ഒരു ന്യായവും കാണുന്നുമില്ല. പണ്ട് കവി പറഞ്ഞതുപോലെ, ഇരുളും മെല്ലെ വെളിച്ചമായ് വരുകയാണോ? തെറ്റും ശരിയും ഒന്നാകുകയാണോ? നന്മയും തിന്മയും തമ്മിലുള്ള തിരിച്ചറിവ് ആവിയായിപ്പോകുകയാണോ?
യാഥാസ്ഥിതികസംവാദത്തിൽ എളുപ്പത്തിൽ ഉന്നയിക്കപ്പെടുന്ന ഒരു വാദം രാഷ്ട്രീയനേതൃത്വത്തിന്റെ പിടിപ്പുകേടോ കള്ളലാക്കോ കാരണമാണ് എൻഡോസൾഫാൻ നിരോധിക്കപ്പെടാത്തതെന്നാണ്. മറ്റൊരു വാദം ആ രാസവസ്തു ഉണ്ടാക്കുന്ന കമ്പനിയുടെ പിണിയാളുകൾ പിടി മുറുക്കിയതുകൊണ്ടാണ് നിരോധനം വരാത്തതെന്നാണ്. ശരദ് പവാർ ഹരിശ്ചന്ദ്രന്റെ മരുമകനാണെന്ന് ആരും പറയില്ല. പക്ഷേ അദ്ദേഹത്തിന്റെ അസ്മാദികളെക്കാൾ എത്രയോ ഭീകരനായി പവാറിനെ ചിത്രീകരിക്കാനും പറ്റില്ല. സത്യനിഷ്ഠമായ ഒരു രാഷ്ട്രത്തിന്റെ എതിർപ്പിനുമുന്നിൽ എൻഡോസൾഫാൻ വിതറി മുന്നേറാനുള്ള കോപ്പൊന്നും അദ്ദേഹത്തിൽ ആരോപിക്കേണ്ട.
പിന്നെ നിർമ്മാതാക്കളും വിതരണക്കാരുമായ കോർപറേറ്റ് ഭീമന്മാരുടെ കാര്യം. ഒരു സർക്കാരും ഒരു രാഷ്ട്രവും ഒന്നിച്ചെതിർത്താൽ, അതിനെയും തോല്പിച്ചു കടന്നുകളയാൻ അവർക്ക് കഴിയുമോ? പിന്നെ, നിർമ്മാതാക്കളെയും വിതരണക്കാരെയും കോർപറേറ്റ് ഭീമന്മാരെയും കലർപ്പില്ലാത്ത തിന്മയായി കാണാനുള്ള വ്യഗ്രതയും അപഗ്രഥിക്കപ്പെടണം. തികഞ്ഞ വൈരൂപ്യവും വിപത്തും ഉണ്ടാക്കുമെന്ന് ഉറപ്പായ ഒരു വസ്തു
നിർമ്മിച്ചുകൊണ്ടേ പോകാൻ, വിറ്റഴിച്ചുകൊണ്ടേ പോകാൻ, മാനസികമായും വാണിജ്യപരമായും പ്രാപ്തിയുള്ള ഒരു കോരപറേറ്റ് സ്ഥാപനം ഉണ്ടാകുമോ? യുക്തിക്കു ഭംഗം വരുന്ന വാദം നമുക്ക് എല്ലായിടത്തും എപ്പോഴും കേൾക്കാമെന്നേ പറായേണ്ടൂ.
എൻഡോസൾഫാൻ തികഞ്ഞ നന്മയോ തിന്മയോ എന്നു തിരിച്ചറിയേണ്ട ശാസ്ത്രം ആ ചോദ്യത്തിനുമുന്നിൽ അറച്ചുനിൽക്കുന്നതാണ് ഈ സ്ഥിതിക്ക് നിദാനം എന്നു തോന്നുന്നു. അച്യുതാനന്ദനെക്കാൾ കൂടുതൽ ശാസ്ത്രജ്ഞാനമില്ലാത്ത ശരദ് പവാർ ഔദ്യോഗികമായി എൻഡോസൾഫാന്റെ വക്കാലത്തുമായി അരങ്ങത്തെത്തുമ്പോൾ, അദ്ദേഹത്തിനു വാക്കും ചിന്തയും ചാർത്തിക്കൊടുക്കുന്ന ഒരു ശാസ്ത്രസമൂഹം പിന്നിലെവിടെയെങ്കിലും ഉണ്ടാവില്ലേ? അതില്ലാതെ, പഞ്ചസാരസംഘങ്ങളുടെ ധനശാസ്ത്രവും മറാഠപാരമ്പര്യത്തിന്റെ രാഷ്ട്രീയവും നന്നായറിയുന്ന പവാർ എൻഡോസൾഫാന്റെ രസതന്ത്രത്തെപ്പറ്റി വിടുവായ പറയുകയില്ല. ഇവിടെ രാഷ്ട്രീയമല്ല, ശാസ്ത്രത്തിന്റെ അശാസ്ത്രീയതയാകുന്നു യഥാർഥപ്രശ്നം.
ആക്ഷേപിക്കപ്പെടുകയും സംശയിക്കപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയനേതൃത്വത്തിനും
കോർപറേറ്റ് കുലപതികൾക്കും ഒരു ചോദ്യം ന്യായമായും ചോദിക്കാം: എൻഡോസൾഫാനെപ്പറ്റി, അതിന്റെ തികഞ്ഞ തിന്മയെപ്പറ്റി, ഏകവും അർഥശങ്ക ഉണ്ടാക്കാത്തതുമായ ഒരു അഭിപ്രായം എന്തുകൊണ്ട് ഇന്ത്യൻ ശാസ്ത്രസമൂഹത്തിൽനിന്ന് വരുന്നില്ല?
എൻഡോസൾഫാന്റെ നന്മയെ രഹസ്യമായി വാഴ്ത്തുന്നവരുടെ പിൻബലത്തോടെയേ പവാർമാർക്ക് നിലനില്പുള്ളു. അവർ കയ്യൊഴിഞ്ഞാൽ, അദ്ദേഹത്തിന്റെ വക്കാലത്ത് പൊളിഞ്ഞു പാളീസാകും. അവർ എന്തുകൊണ്ട് അങ്ങനെ പവർമാർക്ക് വിലസാൻ പറ്റിയ അവസരം ഉണ്ടാക്കുന്നു? ഇരുളും വെളിച്ചവും തമ്മിലുള്ള തിരിച്ചറിവ് അസാധ്യമായതുകൊണ്ടോ, അതോ, ഇരുട്ടിന്റെ ശക്തികൾക്ക് അടിമപ്പെട്ടതുകൊണ്ടോ? സത്യത്തിന്റെ മുഖം ദർശിക്കാൻ കഴിവുണ്ടെന്ന് ഊറ്റം കൊള്ളുന്ന ശാസ്ത്രസമൂഹം അവർ അറിയുന്ന നേര് നേരേ വിളിച്ചുപറഞ്ഞാൽ ഈ ആപത്തൊന്നും ഉണ്ടാവുമായിരുന്നില്ല.
ഇന്ത്യൻ ശാസ്ത്രം ആരുടെയെങ്കിലും വിടുപണി ചെയ്യുകയാണോ എന്നു പറയാൻ
ഞാൻ ആളല്ല. പക്ഷേ അവരുടെ ധർമ്മസങ്കടത്തിൽനിന്നും കൃത്യവിലോപത്തിൽനിന്നും മാത്രമേ നാം ഇപ്പോൾ അനുഭവിക്കുന്ന തരത്തിലുള്ള രാഷ്ട്രീയഡിണ്ഡിമത്വം കരുത്ത് വലിച്ചെടുക്കുകയും വളരുകയും ചെയ്യുകയുള്ളു എന്ന് ഉറപ്പിച്ചു പറയാം.
എൻഡോസൾഫാൻ ഉത്തമമായ, സുരക്ഷിതമായ, രാസപദാർഥമാണെന്ന് ആണയിടാൻ അവർക്ക് അറിവു പകരുന്ന ശാസ്ത്രജ്ഞന്മാർ അവിടെയും ഇവിടെയും ഒളിഞ്ഞിരിപ്പുണ്ടാകണം. ആ അറിവുമായി പകൽ വെളിച്ചത്തിൽ പുറത്തിറങ്ങാൻ അവർ ധൈര്യപ്പെടുന്നില്ലെന്നേയുള്ളു. വിവാദാസ്പദമായ ആ നയനിശ്ചയം അവർ രാഷ്ട്രീയക്കാരെക്കൊണ്ട് എടുപ്പിക്കുന്നു എന്നതാണ് വാസ്തവം. ചുരുക്കിപ്പറഞ്ഞാൽ, എൻഡോസൾഫാൻ ഇരുളാണോ വെളിച്ചമാണോ എന്നു വേർതിരിച്ചും ഉറപ്പിച്ചും പറയാവുന്ന സ്ഥിതിയിലല്ല എല്ലാം പരീക്ഷിച്ചും നിരീക്ഷിച്ചും പറയാവുന്നതാണെന്ന് അഹങ്കരിക്കുന്ന ശാസ്ത്രം.
പകലും രാവും പോലെ എന്തും വേർ തിരിച്ചും ശങ്കയില്ലാതെയും പറയാമെന്ന് അഹങ്കരിക്കുന്ന ശാസ്ത്രം അന്തിച്ചുനിൽക്കുന്ന സന്ദർഭങ്ങൾ വേറെയും കാണാം. വളരെ സമകാലികമായ ഒരു ഉദാഹരണം ആണവനിലയങ്ങളെപ്പറ്റിയുള്ള വിവാദം തന്നെ. ആണവശക്തിയുടെ സുരക്ഷിതത്വത്തെപ്പറ്റി പണ്ടേക്കു പണ്ടേ കേട്ടിരുന്നതാണ് തർക്കം. പക്ഷേ അതിന് അനുകൂലമായവരുടെ ശബ്ദം കൂടുതൽ കേട്ടിരുന്നു. അതിനെ എതിർക്കുന്നവരുടെ ശബ്ദം എതിരാളികളുടെ മുഴക്കത്തിൽ മുങ്ങിപ്പോയെന്നു മാത്രം. ചെർണോബിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആ തർക്കം ഒന്നു മൂത്തു. പിന്നെ കെട്ടടങ്ങി. എല്ലാം ഭദ്രമെന്നു കരുതിയിരുന്ന ജപ്പാനിലെ ദുരന്തം അതൊന്നുകൂടി ആളിക്കത്തിച്ചിരിക്കുന്നു. ആണവോർജ്ജം നന്മയാണെന്നും നന്മയും തിന്മയും കലർന്നതാണെന്നും തികഞ്ഞ തിന്മയാണെന്നുമുള്ള വാദപ്രതിവാദം വീണ്ടും മുഴങ്ങുന്നതു കേൾക്കാം. അതിൽ മൂന്നാമത്തെ വാദത്തിന് പെട്ടെന്ന് ഒരു ആക്കം കൂടിയിട്ടുള്ളതു പോലെ തോന്നുന്നു.
ശാസ്ത്രം അന്തിച്ചുനിൽക്കുന്ന വേറൊരു രംഗം കേരളത്തിലും തമിഴ്നാട്ടിലും തെളിഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? മുല്ലപ്പെരിയാറിലെ അണ പൊട്ടുമെന്നും കേരളത്തിന്റെ ഒരു ഭാഗം ഒലിച്ചുപോകുമെന്നും പറഞ്ഞ് നമ്മൾ ആളുകളെ വിരട്ടാൻ തുടങ്ങിയിട്ട് കാലം ഏറെയായി. തമിഴ്നാടും കേരളവും തമ്മിലുള്ള തർക്കത്തിൽ അണക്കെട്ടിന്റെ ശാസ്ത്രം രണ്ടു ചേരിയായി നിൽക്കുന്നു. വസ്തുനിഷ്ഠമായി നോക്കി, ആപത്തുണ്ടോ ഇല്ലയോ എന്നു പറയാൻ ശാസ്ത്രത്തിന് കഴിയേണ്ടതാണ്. പക്ഷേ അതുണ്ടാകുന്നില്ല. സഹ്യാദ്രിക്കപ്പുറത്തും ഇപ്പുറത്തും അണക്കെട്ടിനെപ്പറ്റിയുള്ള, സിവിൽ എഞ്ചിനീയറിങ്ങിനെയും ഭൌമശാസ്ത്രത്തെയും പറ്റിയുള്ള, നിലപാട് വിരുദ്ധമായിരിക്കുന്നു. എല്ലാവരും രാഷ്ട്രീയം കളിക്കുകയാണെന്നു പറയാൻ വയ്യ. കേരളം തുലയട്ടെ എന്ന് വിചാരിക്കുന്നവതാണ് തമിഴകത്തെ ശാസ്ത്രമെന്നും തമിഴകത്തിൽനിന്ന് ചിലതൊക്കെ പിടിച്ചുവാങ്ങാൻ ചില്ലറ ഓലപ്പാമ്പൊക്കെ വീശാമെന്നു കരുതുന്നതാണ് കേരളത്തിലെ ശാസ്ത്രമെന്നും ഒഴുക്കൻ മട്ടിൽ പറഞ്ഞുവെക്കാനും വയ്യ. വാസ്തവത്തിൽ “ഒരു നിശ്ചയമില്ലയൊന്നിനും” എന്നു വന്നു കൂടുന്നു.
ഇന്നും ശാസ്ത്രത്തിലെ തർക്കം തീരാത്തതാണ് വെളിച്ചെണ്ണയുടെ കാര്യം. വെളിച്ചെണ്ണ ഹൃദയം തകരാറിലാക്കുമെന്ന് കുറെക്കാലമായി ലോകം മുഴുവൻ പറഞ്ഞു പിടിപ്പിച്ചിരിക്കുന്നു. നമ്മൾ അതിന്റെ ഉപയോഗം നിർത്തിയിട്ടില്ലെന്നത് വേറെ കാര്യം. കേരളത്തിലെ ചില വെളിച്ചെണ്ണ പ്രേമികളായ ശാസ്ത്രകുതുകികൾ മാത്രമേ വെളിച്ചെണ്ണകൊണ്ട് ആപത്തില്ലെന്നു പറയുന്നവരായിട്ടുള്ളു. അവരുടെ വാക്കിനാകട്ടെ വിലയും പ്രചാരവും ഏറെ കിട്ടിയതുമില്ല.
അങ്ങനെയിരിക്കേ, ഈയിടെ ഞാൻ വായിച്ചു, അമേരിക്കയിലെ സ്വീകാര്യതയുള്ള ചില സ്ഥാപനങ്ങൾ നടത്തിയ ഗവേഷണത്തിൽ തെളിഞ്ഞിരിക്കുന്നു വെളിച്ചെണ്ണകൊണ്ട് വലിയ ആപത്തില്ല പോലും. എന്നു തന്നെയല്ല, വെളിച്ചെണ്ണ മിതമായ അളവിൽ ഗുണം നൽകുകകൂടി ചെയ്യുമത്രേ. കോർണൽ സർവകലാശാലയിലെ തോമസ് ബ്രെന്ന, കാലിഫോർണിയ സർവകലാശാലയിലെ ഡാനിയൽ ഹ്വാംഗ് എന്നീ പോഷകാഹാരഗവേഷകരെ ഉദ്ധരിച്ചുകൊണ്ടുള്ള ഒരു ലേഖനം വെളിച്ചെണ്ണയുടെ ഹൃദ്യമായ സാക്ഷ്യപത്രമായി തോന്നി. അപ്പോൾ, ശാസ്ത്രത്തിൽ ശരി ഏത്? തെറ്റ് ഏത്? ഒരേ കാര്യം ഒരേ സമയം ശരിയും തെറ്റുമാകുന്നത് തത്വശാസ്ത്രത്തിലല്ലേ, ശാസ്ത്രത്തിലല്ലല്ലോ.
ഏറെ ഗവേഷണത്തിനുശേഷം അമേരിക്കയിൽ വികസിപ്പിച്ചെടുത്ത ഒരു ഔഷധമാണ് പ്രൊസാക്. അതു കഴിച്ചാൽ വിഷാദരോഗം പമ്പയല്ല, മിസ്സിസ്സിപ്പി തന്നെ കടക്കും. അതിന്റെ മഹത്വം വാഴ്ത്തുന്ന പുസ്തകങ്ങൾ പലതുണ്ടായി. ലേഖനങ്ങളുടെയും ചിത്രീകരണങ്ങളുടെയും എണ്ണം പറായാനാവില്ല. കോടാനുകോടി ഡോളറിന്റെ മരുന്നാവും ലോകം കഴിച്ചിട്ടുണ്ടാവുക. പ്രൊസാക്കിന്റെ വെള്ളിവെളിച്ചത്തിൽ ലോകം അഭിരമിക്കേ കുറച്ചിട മുമ്പ് കുറെ ശാസ്ത്രജ്ഞർ വിഷാദരോഗം ഉള്ളവരെയും ഇല്ലാത്തവരെയും ഈ മരുന്നു കൊടുത്ത് നിരീക്ഷിച്ചു. ചിലർക്ക് മരുന്നു കൊടുത്തു. ചിലർക്ക് വെറും വെള്ളം മരുന്നാണെന്നു പറഞ്ഞു കൊടുത്തു. വെള്ളം കഴിച്ചവരിൽ കണ്ട മാറ്റം മാത്രമേ മരുന്നു കഴിച്ചവരിലും കണ്ടുള്ളു എന്നായിരുന്നു ശാസ്ത്രീയമായ കണ്ടുപിടുത്തം. അപ്പോൾ വിഷാദരോഗത്തിനുള്ള അത്ഭുതൊഷധമാണ് അതെന്ന പഴയ ശാസ്ത്രീയമായ കണ്ടുപിടുത്തത്തെപ്പറ്റി എന്തു പറയും? സത്യത്തിന്റെ തിരിച്ചറിവിലേക്ക് ശാസ്ത്രം ഇനി എത്ര ദൂരം, എത്ര കാലം, പോകേണ്ടിവരുമോ ആവോ?
(malayalam news april 25)