Tuesday, August 3, 2010

കളിക്കുന്നവരും കളിപ്പിക്കുന്നവരും

മഴ വന്ന ഒരു വൈകുന്നേരം തൃപ്രയാറിലെ ഒരു കടയുടെ വരാന്തയിലേക്ക് ആ കൂലിപ്പണിക്കാരൻ കേറി നിന്നു. വെറുതെ നിന്നപ്പോൾ, ബീഡി ഊതി, നനയാൻ തുടങ്ങിയ ഒരു ഭാഗ്യക്കുറിട്ടിക്കറ്റ് അയാൾ എടുത്തു. അത് ഏതാണ്ടൊരു നനഞ്ഞ ശിലമായിരുന്നു. ശീലമായതുകൊണ്ട്, അതു വാങ്ങിയ വേഗത്തിൽ, പിന്നെ അതിനെപ്പറ്റി മറക്കുകയും ചെയ്തു. അത്രയേറെ നറുക്ക് വാങ്ങുകയും, അത്രയേറെത്തവണ നറുക്കെടുപ്പ് നടക്കുകയും, അത്രയേറെത്തവണ നറുക്ക് തനിക്കു വീഴാതെ പോകുകയും ചെയ്യുമ്പോൾ, കൂടെക്കൂടെ വാങ്ങുന്നത് ആർ ഓർത്തിരിക്കും? അങ്ങനെ അന്ന് അയാൾ വാങ്ങിയ ടിക്കറ്റിനെപ്പറ്റിയും മറന്നു പോയി.

ടിക്കറ്റ് മറന്നു പോയ അറിയാത്ത ഭാഗ്യവാനെപ്പറ്റി പത്രത്തിൽ വാർത്ത വന്ന കാര്യം ആരോ പറഞ്ഞപ്പോഴേ അയാൾ തന്റെ നറുക്കിന്റെ കാര്യം ഓർത്തുള്ളു. അക്കുറി നമ്പർ വീണ നമ്പർ അയാളുടേതായിരുന്നു. കോടിയും കാറും ആ കൂലിപ്പണിക്കാരനെ തേടി വരുകയായിരുന്നു. അങ്ങനെ ഇടക്കും തലക്കും മാത്രമേ സംഭവിക്കാറുള്ളു. കോടി അടിക്കുന്നത് കോടിയിൽ ഒരാൾ മാത്രം. അതു വാർത്തയാകാതെ തരമില്ല. പക്ഷേ അങ്ങനെ ഒർ ഭാഗ്യം ഞാൻ കണ്ടോ കേട്ടോ അറിഞ്ഞിട്ടില്ല.

ഞാൻ ഒരിക്കലേ ഭാഗ്യം പരീക്ഷിച്ചിട്ടുള്ളു. ഒറ്റപ്പൊളി തെങ്ങുകൊണ്ടുള്ള പാലം കടന്നു ചെന്നാൽ, തോട്ടുവക്കിന്റെ വളവിൽ, തലയിൽ കള്ളിയുള്ള ഉറുമാൽ കെട്ടിയ ഒരാൾ കുന്തിച്ചിരിക്കുന്നുണ്ടാകും. ചുറ്റും ഒന്നോ രണ്ടോ ഒത്തുകളിക്കാർ കൂടി നില്പുണ്ടാകും. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ മണലിൽ മൂന്നു ശീട്ട് അയാൾ വിതറിയിടുന്നു. ചിത്രമുള്ള ചീട്ടിൽ, ഒന്നു വെച്ചാൽ രണ്ടു കിട്ടും, രണ്ടു വെച്ചാൽ നാല്, നാലു വെച്ചാൽ എട്ട്, അങ്ങനെ തുക പെരുകിപ്പെരുകിപ്പോകും. മലർന്നുവീണ ചിത്രച്ചീട്ട് കമിഴ്ത്തിയിട്ട്, ഒത്തുകളിക്കാരൻ എട്ടണ അതിൽ വെച്ചപ്പോൾ, അരയണ ഞാനും വെച്ചു. മുച്ചീട്ടു കളിക്കാരൻ ചീട്ടു തുറന്നപ്പോൾ, അതിൽ ചിത്രമില്ല. ഒത്തുകളിക്കാരന്റെ എട്ടണയോടൊപ്പം എന്റെ അരയണയും പോയി. പിന്നെ കളിക്കാനും കളിപ്പിക്കപ്പെടാനും പോയിട്ടില്ല.

കളിക്കുകയും കളിപ്പിക്കപ്പെടുകയും ചെയ്യുന്ന കോടിക്കണക്കിനാളുകളുടെ മനോഗതത്തെപ്പറ്റി വീണ്ടും ആലോചിച്ചത് കഴിഞ്ഞയാഴ്ച ചില ഭാഗ്യക്കുറിക്കാർക്ക് സർക്കാർ സഹായം ചെയ്തെന്ന വാർത്ത വീണ്ടും പൊട്ടിയപ്പോഴായിരുന്നു. കൂടുതൽ ആലോചിക്കുന്നതിനുമുമ്പ് ഒരു കാര്യം പറഞ്ഞുവെക്കട്ടെ. എല്ലാ പന്തയങ്ങളിലും, വിജയം കൊയ്യുന്നത് എപ്പോഴും കളിപ്പിക്കുന്നവരായിരിക്കും, കളിക്കാരല്ല. ഭാഗ്യക്കുറിയുടെ കാര്യത്തിലും അങ്ങനെത്തന്നെ. ഭാഗ്യക്കുറിക്കാർക്ക് അരു നിൽക്കുന്ന ഉദ്യോഗസ്ഥന്മാരെപ്പറ്റിയാണല്ലോ ഇപ്പോഴത്തെ വിവാദവും.

കുറിക്കാരുടെ കെല്പ് ചില്ലറയല്ല. ലത്തീൻ അമേരിക്കൻ പേരുള്ള ഒരു കുറി നടത്തിപ്പുകാരൻ കേരളത്തിൽ വിപ്ലവം നടത്താൻ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ള ഒരു രാഷ്ട്രീയകക്ഷിക്ക് കടമായോ സംഭാവനയാ‍യോ കുറച്ചിടമുമ്പ് കുറെ പണം നൽകുകയുണ്ടായല്ലോ. ആ കടം-സംഭാവന സൌകര്യപ്പെടുത്തിയത് എനിക്കു പരിചയമുള്ള കണ്ണൂർക്കാരൻ വേണു ആയിരുന്നു. അടുപ്പവും ചുറുചുറുക്കും സ്വഭാവമായുള്ള വേണു ആ ഇടപാടിൽ പാർട്ടിയിൽനിന്നു പുറത്തായി. അതോടെ പാർട്ടി കുറിക്കാരനുമായുള്ള ബന്ധം
വേർപെടുത്തിയില്ലെന്നത് ഭാഗ്യക്കുറിയുടെ രാഷ്ട്രീയശക്തി എടുതുന്നു.

ഹിമാലയത്തിന്റെ താഴ്വരയിൽ കിടക്കുന്ന സിക്കിമിൽനിന്ന് കേരളത്തിൽ എത്തുന്ന ഒരേ ഒരു സാധനം ഭാഗ്യക്കുറി ആണെന്നു തോന്നുന്നു. അവിടത്തെ ബുദ്ധവിഹാരങ്ങൾ കാണാൻ ഭാര്യയും ഞാനും ഒരിക്കൽ പോകുകയുണ്ടായി. ബൊദ്ധമന്ത്രങ്ങളും ചാരവ്ര്‌ത്തിയുടെ കഥകളും മുഴങ്ങുന്ന ഗാംഗ്ടോക്കിൽ, നറുക്കെടുപ്പിലൂടെ കോടീശ്വരന്മാരെ ഉണ്ടാക്കുന്ന ഈ വ്യ്‌വസായം എങ്ങനെ തഴച്ചു വളർന്നു എന്ന് അന്നും ആലോചിക്കാതിരുന്നില്ല. ഉത്തരം കണ്ടെത്തിയില്ലെന്നും മാത്രം. സിക്കിമിലെ ലാമമാരും അല്ലാത്തവരും കേരളത്തിൽ കോടീശ്വരന്മാർക്കു പിറവി നൽകുന്ന ഭാഗ്യക്കുറിവ്യവസായം നടത്തുന്നതിൽ എങ്ങനെ ഉത്സുകരായി എന്നും മനസ്സിലായില്ല. ഭാഗ്യത്തിന്റെയും ധനത്തിന്റെയും വഴി എന്നും അങ്ങനെയായിരുന്നുവല്ലോ--ദുരൂഹം!

ഹിമാലയൻ താഴവരകളിൽനിന്നോ വേറെ എവിടെനിന്നെല്ലാമോ വരുന്ന ഭാഗ്യക്കുറികളുടെ ധനരഹസ്യം അന്വേഷിച്ചുപോയാൽ രസമായിരിക്കും. എത്ര ഏജന്റുമാർ ലക്ഷപ്രഭുക്കളായി മാറുന്നു? എത്ര ഭാഗ്യവാന്മാർ കോടീശ്വരന്മാരായി മാറുന്നു? എത്ര നടത്തിപ്പുകാർ എന്തെല്ലാമാകുന്നു? എത്ര ടിക്കറ്റുകൾ അടിക്കുന്നു? ആരും വാങ്ങാതെ പോകുന്ന ഭാഗ്യം വീണ നറുക്കുകൾ എത്ര? അരൂപികളായ ഭാഗ്യശാലികളെ തേടി, വിതരണം ചെയ്യപ്പെടാതെ കിടക്കുന്ന വില പിടിച്ച സമ്മാനങ്ങളെപ്പറ്റി കൊച്ചിയിലെ ഒരു വ്യാപാരിയുമായി ഒരിക്കൽ ബഡായി പറഞ്ഞതോർക്കുന്നു.

ഓരോ തവണയും കുറിക്കാര്യം കുഴയുമ്പോൾ, എന്തെങ്കിലും സർക്കാർ നടപടി ഉണ്ടാകും--പതിവുപോലെ, മനസ്സില്ലാമനസ്സോടെ. പിന്നെ അതങ്ങു കെട്ടടങ്ങുകയും ചെയ്യും. ഭാഗ്യക്കുറിക്കാർക്ക് സർക്കാരിലുള്ള സ്വാധീനം ചില്ലറയല്ല. അത് രാഷ്ട്രീയത്തിന്റെ നിറത്തിനും സ്വരത്തിനും അപ്പുറം പോകുന്നു. ഒരിക്കൽ കുറിയുടെ മേൽ നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം ചർച്ചക്കു വന്നപ്പോൾ, നല്ലവരായ പല നേതാക്കന്മാരും ചോദിച്ചു: ഭാഗ്യക്കുറി വിറ്റ് ഉപജീവനം നടത്തുന്ന പാവപ്പെട്ട പതിനായിരങ്ങളെ പട്ടിണിക്കിടാനാണോ പരിപാടി? കോടിയിം കാറും അടിക്കാൻ കാത്തിരിക്കുന്ന കോടിയിലൊരുവനെ ഇല്ലായ്മ ചെയ്യാനാണോ പരിപാടി എന്നും ചോദിക്കാമായിരുന്നു. ഭാഗ്യം വിതരണം ചെയ്യാനുള്ള മൌലികാവകാശം നിയന്ത്രിക്കാൻ സർക്കാരിന് അധികാരമുണ്ടൊ എന്നും ചോദിക്കാമായിരുന്നു.

കേരളത്തിൽ വിപ്ലവം വെട്ടിയിരുത്താൻ തുടങ്ങിയ കാലത്തായിരുന്നു ഭാഗ്യക്കുറിയുടെയും തുടക്കം. ഭാഗ്യം വാഗ്ദാനം ചെയ്ത് പണം ഉണ്ടാക്കുന്ന സമ്പ്രദായം വ്യാപകമായ തോതിൽ കേരളത്തിൽ തുടങ്ങിയത് സർക്കാർ തന്നെയായിരുന്നു. പിന്നെ, ശീലം പോലെ, ലാഭത്തിൽ ലോഭവുമായി, സർക്കാർ ഭാഗ്യക്കുറി അങ്ങനെ തുടർന്നു പോന്നു. ഭാഗ്യാന്വേഷികളുടെ എണ്ണം കൂടുന്നതുകണ്ട്,
സിക്കിമിൽനിന്നും ഭൂട്ടാനിൽനിന്നും ഭദ്യദാതാക്കൾ വന്നു. ജഗതിയുടെ പ്രശസ്തമായ വാക്കുകളിൽ, “കാശിട്ടു കാശു വാരാൻ“
മലയാളികൾക്കു ക്ഷണം വന്നുകൊണ്ടിരുന്നു.

ആർക്കൊക്കെ ഭാഗ്യം വരുന്നു, വരുന്നില്ല എന്നു കണ്ടുപിടിക്കുക എളുപ്പമല്ല. കേരളത്തിലെ സർക്കാർ കുറിക്കുമുമ്പോ പിമ്പോ എന്നറിയില്ല, പത്രപ്രവർത്തകരും എന്തിന്റെയോ ധനസമാഹരണാർഥം ഒരിക്കൽ കുറി നടത്തിയിരുന്നു. പ്രശസ്തലേഖകനായിരുന്ന വി ബാലറാം പറഞ്ഞതായാണ് ഓർമ്മ, ഒന്നാം സമ്മാനം “ആന“ ആയിരുന്നത്രേ. ഒന്നാം സമ്മാനം കിട്ടിപ്പോയാൽ, ആനയെ ഏറ്റെടുക്കാനും പന്തി കെട്ടാനും പാപ്പാന്മാരെ നിയമിക്കാനും അന്നന്നത്തെ തീറ്റക്കുള്ള പട്ട ഏർപ്പെടുത്താനുമുള്ള ബുദ്ധിമുട്ടിനെപ്പറ്റി ഞങ്ങൾ നേരമ്പോക്കു പറഞ്ഞു. പക്ഷേ, ബാലറാം എന്നെ സമാധാനിപ്പിച്ചു: “ഒന്നാമതായി, ഒന്നാം സമ്മാനം നമുക്ക് കിട്ടുന്നില്ല. എല്ലാം കഴിഞ്ഞ കഥയാണല്ലോ. രണ്ടാമതായി, ഒന്നാം സമ്മാനമുള്ള ടിക്കറ്റ് ആരും എടുത്തിരുന്നില്ല.” കുറി നടത്തുന്നവർ നാട്ടുകാരെ നന്നാക്കാൻ ഇറങ്ങുന്നവരല്ല എന്ന് ഞങ്ങൾ ഊറിയൂറിച്ചിരിച്ചുകൊണ്ട് സ്വയം പറഞ്ഞു.

പന്തയം വെക്കാൻ ഇറങ്ങുന്നവരെപ്പറ്റി പണ്ടത്തെ പണ്ഡിതർക്കും നല്ല അഭിപ്രായമായിരുന്നില്ല. ചൂതു കളിച്ചു കളിച്ച് മാനവും ധനവും രാജ്യവും പോയ ആളാണ് യുധിഷ്ഠിരൻ. പീറ്റർ ബ്രൂക്സിന്റെ നാടകത്തിൽ ഉയർത്തിക്കാട്ടുന്ന മനുഷ്യഭാവം അതാണ്: ദ്യൂതപ്രേമം. “ഊണൊന്നാസ്ഥ കുറഞ്ഞു” പോകുക മാത്രമല്ല, മറ്റെല്ലാം മറന്നുപോകുന്നയാളാണ് അനിയനുമായി ചൂതിനിരിക്കുന്ന നളൻ. യുധിഷ്ഠിരന്റെയും നളന്റെയും ചൂതുകളിക്കമ്പം എന്തെല്ലാം വിന വരുത്തിവെച്ചുവെന്ന് അടിവരയിട്ടു പറയുന്നവയാണ് ഭാരതവും നളചരിതവും. അതെല്ലാം അറിഞ്ഞിട്ടും ഭാഗ്യാന്വേഷണം പഴയപോലെ, ഒരു പക്ഷേ അതിനെക്കാൾ രൂക്ഷമായി, തുടരുന്നു. ഭാഗ്യക്കുറിയുടെ സ്വാധീനം, അന്വേഷികളിലും അധികാരികളിലും, പരിധിയില്ലാത്തതാകുന്നു.