ഗോപിനാഥ് മുതുകാടും ഞാനുമായി ഒന്നിലേ ചേര്‍ച്ചയുള്ളു: ഗോപി എന്ന പേരില്‍. പിന്നെ എല്ലാം വിഭിന്നം, വിരുദ്ധം. ഉള്ളതിനെ ഇല്ലെന്നു തോന്നിച്ചും, മറിച്ചും, ഗോപിനാഥ് അത്ഭുതം കാണിച്ചുകൊണ്ടിരിക്കുന്നു. അത്ഭുതവും പുതുമയുടെ അനുഭവുമാകുന്നു വിദ്യയുടെ ആരംഭം. ഞാന്‍ പഴയതോരോന്ന് പറഞ്ഞുപോകുന്നു, “ഇതൊക്കെ കേട്ടതല്ലേ” എന്നു തോന്നിപ്പിച്ചുകൊണ്ട്. ആ തോന്നലാണ് വിദ്യയുടെ അവസാനം.
ഗോപിനാഥിന്റെ മുന്‍മുറക്കാരെ ഓര്‍ക്കുന്നു. ഇട്ടൂപ്പിന്റെ കീശയിലെ ഓട്ടമുക്കാല്‍ പിന്‍ബെഞ്ചിലിരുന്ന പറങ്ങോടന്റെ തുടയില്‍നിന്നു പിച്ചിയെടുക്കുന്ന മൊയ്തീന്‍ മാഷ്. കണ്‍കെട്ടും വായുവില്‍നിന്നു ഭസ്മം ഉണ്ടാക്കുന്നതും തമ്മിലുള്ള വ്യത്യാസം പറഞ്ഞുതന്ന ഭാഗ്യനാഥന്‍. വിജ്ഞാനഭവന്റെ തളത്തിലിരുന്ന് ഓരോ സാധനം ഇഴഞ്ഞൊഴിഞ്ഞു പോകുന്നതു കാട്ടിത്തന്ന റേഡിയോ എഞ്ചിനീയര്‍ നെരൂര്‍ക്കര്‍. ഏതു കുരുക്കില്‍നിന്നും ഊരിപ്പോന്നിരുന്ന ഹൌദിനി. പിന്നെ ജീവിതംകൊണ്ട് ചെപ്പും പന്തും കളിച്ച നമ്മുടെ സ്വന്തം വാഴക്കുന്നം.
ഓരോ ജാലവിദ്യയും വിദ്യയുടെ അത്ഭുതം തൊട്ടുണര്‍ത്തുകയായിരുന്നു. ഓരോ അത്ഭുതവും ഉറങ്ങിക്കിടക്കുന്ന അറിവിന്റെ കോശങ്ങളെ കുലുക്കിവിളിക്കുകയായിരുന്നു. അവയെ ഉണര്‍ത്തി വ്യായാമം ചെയ്യിക്കുന്ന പരിപാടിയെ ന്യൂറോബിക്സ് എന്നു പറയും---ഏരോബിക്സ് പോലെ. ഓരോ കാര്യവും വല്ലപ്പോഴും വേറിട്ട രീതിയില്‍ ചെയ്യാന്‍ നോക്കണമെന്നത്രേ ന്യൂറോബിക്സ് ക്രമീകരിച്ച ലോറന്‍സ് കാട്സിന്റെ അഭിപ്രായം. വലംകയ്യിനു പകരം ഇടംകൈ ഉപയോഗിക്കുക, പുതിയ വഴിയേ പോകുക, അങ്ങനെ അങ്ങനെ....പുതുമ അനുഭവിക്കുകയാണ് വിദ്യയും വിനോദവും. നിമിഷം തോറും പുതുമ തോന്നിക്കുന്നതെന്തോ, അതാണ് സൌന്ദര്യത്തിന്റെ രൂപമെന്ന് കവി.
ജാലവിദ്യയുടെ വിദ്യാസാധ്യതകള്‍ ഒരിക്കല്‍ മൈക്കേല്‍ ഗസനിഗയുടെ നേതൃത്വത്തിലുള്ള കാലിഫോര്‍ണിയയിലെ മനോപഠനകേന്ദ്രം സംവാദവിഷയമാക്കി. കാണാതാകുന്നത് കാണാതാകുന്നില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ, അതു കാണാതിരിക്കുന്ന മനസ്സിന്റെ കുതൂഹലമായിരുന്നു പഠനവിഷയം. “അറിഞ്ഞുകൊണ്ടു നടക്കുന്ന അവിശ്വാസത്തിന്റെ തിരസ്കാരം“ എന്ന സാഹിത്യസിദ്ധാന്തവും അതു തന്നെ. മനശ്ശാസ്ത്രജ്ഞരും മസ്തിഷ്ക്കവിദഗ്ധരുമടങ്ങിയ ആ സദസ്സില്‍ ജാലവിദ്യയുടെ പ്രദര്‍ശനവും ഐന്ദ്രജാലികരുടെ പ്രഭാഷണവും ഉണ്ടായിരുന്നു. പക്ഷേ ഇന്ത്യയുടെ പേരു കേട്ട കയറുകളി(Rope Trick) അവിടെ അരങ്ങേറിയില്ല. കയര്‍ച്ചുരുള്‍ നിവര്‍ന്നു കുത്തനെ നില്‍ക്കുകയും, ഒരു പയ്യന്‍ അതില്‍ ഓടിക്കേറി മറയുകയും, അവന്റെ അവയവങ്ങള്‍ അറ്റുവീഴുകയും ചെയ്യുന്നതാണ് ആ ജാലവിദ്യ.
അങ്ങനെ കേട്ടിട്ടേ ഉള്ളു, കണ്ടിട്ടില്ലെന്നു പറയുന്നു ഗവേഷകന്‍ പീറ്റര്‍ ലമോണ്ട്. ചിക്കാഗോ ട്രിബ്യൂണില്‍, ഇല്ലാത്ത സഞ്ചാരികളുമായി നടത്താത്ത അഭിമുഖത്തില്‍ പറഞ്ഞ, കാണാത്ത വിദ്യയത്രേ അത്. ഞാന്‍ അങ്ങനെ എഴുതിയപ്പോള്‍ ഗോപിനാഥ് തട്ടിക്കേറി. തെരുവുകണ്‍കെട്ടുകാര്‍ പോലും ചെയ്യുന്ന വിദ്യ ഗോപിനാഥ് കാണിക്കാന്‍ നോക്കി. കാണാന്‍ ഞാനും പോയി. ശ്രമമേ ആയുള്ളു; നന്നായി. പക്ഷേ റോമില ഥാപ്പറുടെ ആദ്യകാല ഇന്ത്യയെപ്പറ്റിയുള്ള പുസ്തകം മറിച്ചുനോക്കിയപ്പോള്‍, തുടക്കത്തിലേ കിടക്കുന്നു, കയറുകളി “കെട്ടുകഥ” ആണെന്ന നിരീക്ഷണം. സത്യമോ? മിഥ്യയോ? എന്തായാലും, ഇല്ലാത്തത് ഉണ്ടാകുന്നതും, മറിച്ചും, കണുമ്പോള്‍ രസം തോന്നുന്നു--കുട്ടി ചിരിക്കുന്നതും പൂവു വിരിയുന്നതും നിലാവ് ഉദിക്കുന്നതും, മായുന്നതും, കാണുമ്പോഴത്തെ പോലെ. ഈ ജാലവിദ്യതന്നെ വിദ്യ.
(സെപ്റ്റംബർ 29ന് മനോരമയിൽ പ്രസിദ്ധീകരിച്ചത്)