Monday, December 5, 2011

നാല്പതു ലക്ഷം ഒഴുകിപ്പോകുമോ?

നാല്പതു ലക്ഷം ആളുകൾ ഒഴുകിപ്പോകുമെന്നാണ് ജലമന്ത്രി പി ജെ ജോസഫിന്റെ കഴിഞ്ഞ ആഴത്തെ കണക്ക്. മുന്നോട്ടു പോകുന്തോറും എണ്ണം കൂടാനേ സാധ്യതയുള്ളൂ. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിലായി എത്ര മൃഗങ്ങൾ ഒലിച്ചുപോകുമെന്ന് കണക്കെടുത്തിട്ടില്ല. തീർച്ചയായും ലക്ഷക്കണക്കിനു തന്നെയാകും. അതിലേക്കു പിന്നെ വരാം. ഏതായാലും, നാല്പതു ലക്ഷം ആളുകൾ മരിച്ചിട്ട് ഒരു മന്ത്രിപദം തനിക്കു വേണ്ടെന്നാണ് ജോസഫിന്റെ നിലപാട്. “ഈ ഫൈറ്റ് ഞാൻ തുടരും” എന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു.

നാല്പതു ലക്ഷം ആളുകൾ ഒഴുകിപ്പോകുന്നത് ചില്ലറ കാര്യമല്ല. അത്രയും സ്ഥലത്തെ അത്രയും ആളുകൾ ഒഴുകിപ്പോയാൽ പിന്നെ കേരളം എവിടെ എന്ന കെ എം മാണിയുടെ ചോദ്യം, ഉത്തരം പ്രതീക്ഷിക്കാതെത്തന്നെ, എല്ലാവരും ചുണ്ടിൽ കൊളുത്തിയിട്ടിരിക്കും. ഗിന്നസ് ബൂക്കും ദുരന്തനിഘണ്ടുവും മറ്റും പരിശോധിക്കാതെ ഒരു കാര്യം തറപ്പിച്ചു പറയാം: മനുഷ്യചരിത്രത്തിലെ ഏറ്റവും വിനാശകമായ ദുരന്തങ്ങളിൽ ഒന്നായിരിക്കും മുല്ലപ്പെരിയാറിലേത്--അങ്ങനെയൊന്ന് ഉണ്ടാവുകയാണെങ്കിൽ. ഇന്തൊനേഷ്യയിലെയും ജപ്പാനിലെയും സുനാമികളും പെറുവിലെയും കൊയ്നയിലെയും ഭൂചലനങ്ങളും ക്രാക്കത്തൂവയിലെയും വെസുവിയസ്സിലെയും പൊട്ടിത്തെറികളും, അവ വരുത്തിവെക്കുന്ന നാശത്തിന്റെ കാര്യത്തിൽ, മുല്ലപ്പെരിയാറിനെക്കാൾ ഏറെ പിന്നിലായിരിക്കും. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുമലകൾ ഉരുകിയ വെള്ളം കൊണ്ട് കടലിലെ നിരപ്പ് ഉയരുമ്പോഴും പരിസ്ഥിതിയിലെ മാറ്റം കൊണ്ട് അന്തരീക്ഷത്തിലെ പ്രാണവായു കുറയുമ്പോഴും വഴി തെറ്റിപ്പോകുന്ന ഗ്രഹങ്ങൾ കൂട്ടിയിടിക്കുമ്പോഴുമൊക്കെ സംഭവിക്കുന്ന മാറ്റത്തെ കേരളം നേരിടുന്ന ദുരന്തവുമായി താരതമ്യപ്പെടുത്താനാവില്ല. ഇത്രയേറെ സ്ഥലത്ത് കെട്ടിനിർത്തിയിരിക്കുന്ന വെള്ളം ഒറ്റയടിക്ക് പൊട്ടിപ്പിളർന്നു വന്നാൽ എന്തുണ്ടാകും എന്ന് പറയാൻ വയ്യ.

അണ പൊട്ടുമോ പൊട്ടില്ലേ എന്നൊന്നും പറയാൻ ഞാൻ ആളല്ല. ജോസഫും അച്യുതാനന്ദനും പ്രേമചന്ദ്രനുമൊക്കെ പൊട്ടൽ വിദഗ്ധന്മാരായി കഴിഞ്ഞിരിക്കുന്നു. അവർ ഉയർത്തുന്ന ദുരന്തചോദ്യങ്ങൾക്ക് മറുപടി പറയാത്തവരായി ആരെങ്കിലും ഉണ്ടെങ്കിൽ അത് എഞ്ചിനീയർമാരായിരിക്കും. പണ്ടൊരിക്കൽ ഇതുപോലൊരു ദുരന്തഭീഷണി ഉണ്ടായപ്പോൾ, ഞാൻ ജലക്കമ്മിഷൻ അധ്യക്ഷൻ ഡോക്റ്റർ കെ സി തോമസിനോട് ചോദിച്ചു. ഉടനേ അണക്കെട്ടു പൊട്ടി കേരളം ഒലിച്ചുപോകുന്ന സ്ഥിതിയൊന്നും അദ്ദേഹത്തിന്റെ മറുപടിയിൽ നിഴലിച്ചു കണ്ടില്ല. അത് 1979ൽ ആയിരുന്നു. അന്നു മുതൽ ഇന്നു വരെ--ഞാൻ പറയും, നാളെ വരെ--ദുരന്തഭീതി തുടർന്നുപോന്നിരിക്കുന്നു. അച്യുതാനന്ദനെപ്പോലുള്ള പൊതുപ്രവർത്തകർ ആ ഭീതിക്ക് മുറപോലെ ആവിഷ്കരണം നൽകിയിട്ടുമുണ്ട്, അണ പൊട്ടിയാലും ഇല്ലെങ്കിലും.

അണ പെട്ടെന്നൊന്നും പൊട്ടാൻ ഇടയില്ലെന്ന് സൂചിപ്പിക്കാൻ പോലും സാധ്യമല്ലാത്തതായിരിക്കുന്നു മലയാളത്തിലെ വാതാവരണം. ഭീതിയെയും വസ്തുനിഷ്ഠമായ വിജ്ഞാനത്തെയും ഇട കലർത്തുകയോ ഒന്നിനൊന്നു പകരം വെക്കുകയോ ചെയ്യുന്നത് സമൂഹത്തിന്റെ ആരോഗ്യത്തിനു ചേർന്നതല്ലെന്ന് മുമ്പൊരിക്കൽ ഞാൻ ഒരു കുറിപ്പിൽ സൂചിപ്പിക്കാനിടയായി. അതു കണ്ടപ്പോൾ പത്രാധിപർ എന്നെ വിളിച്ചു: “എന്റെ പൊന്നേ, ഇതൊന്നു മാറ്റണേ. അവിടെ കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞാൽ, അവർ നമ്മുടെ പത്രം കത്തിക്കും. അതിനു വഴി വെക്കണോ?” ഞാനായിട്ടോ അദ്ദേഹമായിട്ടോ വഴി വെക്കേണ്ടെന്നു സമ്മതിച്ച് ഞാൻ വാലും ചുരുട്ടി പിന്നാക്കം പോയി.

രണ്ടു കാര്യത്തിൽ ഞാൻ ഇപ്പോഴും അത്ഭുതവും സംശയവുമായി അലയുന്നു. അണ പൊട്ടുമോ ഇല്ലയോ? അതിനെപ്പറ്റി ഏറെക്കുറെ ഉറച്ച ഒരു അഭിപ്രായം പറയാൻ പ്രാപ്തിയുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞ്ന്മാരെയും എഞ്ചിനീയർമാരെയും നമുക്ക് കണ്ടെത്താൻ പറ്റുന്നില്ലല്ലോ. അവർക്ക് അറിയാത്തതുകൊണ്ടോ അതോ അറിയുന്നത് പറയാത്തതുകൊണ്ടോ അതോ ഇങ്ങനെയൊരു കാര്യത്തിൽ അഭിപ്രായം ഖണ്ഡിതമായി പറയാൻ പാകത്തിൽ ശാസ്ത്രം ഇനിയും വളർന്നിട്ടില്ലെന്നതുകൊണ്ടോ? ചന്ദ്രനിൽ ഇറങ്ങുകയും ചൊവ്വയിൽ വിനോദസഞ്ചാരം ഏർപ്പെടുത്താൻ ഒരുങ്ങുകയും ചെയ്യുന്ന മനുഷ്യന് മുല്ലപ്പെരിയാറിലെ ശാസ്ത്രസത്യം മനസ്സിലാക്കാൻ പറ്റുന്നില്ലെന്നോ? അതോ അവരെക്കൊണ്ടു പറയിക്കില്ലെന്നോ?

രണ്ടാമത്തെ കാര്യം നേരത്തെ പറഞ്ഞതിൽനിന്ന് പുറപ്പെടുന്നതു തന്നെ. പരസ്യമായി സംസാരിക്കാത്ത എഞ്ചിനീയർ സമൂഹത്തിൽനിന്ന് വസ്തുതകൾ മനസ്സിലാക്കി, അപകടമുണ്ടെങ്കിൽ അതൊഴിവാക്കാനുള്ള നടപടി എടുക്കുകയും ആളുകളെ സമാധാനിപ്പിക്കുകയുമാണ് സാധാരണ രീതിയിൽ പൊതുപ്രവർത്തകരുടെ ദൌത്യം. പുതിയ അണക്കും ജലവിതാനം കുറക്കാനുമുള്ള നടപടികളെപ്പറ്റി ജോസഫും കൂട്ടരും ഓരോന്നങ്ങനെ പറയുന്നുണ്ട്. കൂട്ടത്തിൽ നാല്പതു ലക്ഷം ആളുകൾ ഒലിച്ചുപോകുമെന്ന ഭീഷണി ആവർത്തിക്കുന്നുമുണ്ട്. ഭയഭീതരായവരെ സമാധാനിപ്പിക്കേണ്ടവർ വിഭ്രാന്തി പരത്തി ആളാവാൻ നോക്കുന്നത് കഷ്ടമാണ്. ആളാവാൻ നോക്കുകയല്ലെങ്കിൽ, അവർക്ക് പക്വത കുറവാണെന്നു പറയേണ്ടി വരും.

നാല്പതു ലക്ഷം ആളുകൾ ഒഴുകിപ്പോകുമെന്ന ജോസഫിന്റെ വെളിപാട് വന്ന അന്ന് സംസ്ഥനസർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച വേറൊരു കണക്കുണ്ട്. 250 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സൌകര്യം ഏർപ്പെടുത്തിവരുന്നെന്നോ മറ്റോ
അർഥം വരുന്ന ആ കണക്ക് ആയിരുന്നു കോടതിയുടെ ചോദ്യത്തിനുള്ള മറുപടി. വാചകകസർത്തല്ലാതെ, ഒഴുകിപ്പോകാനിടയുള്ളവരെ രക്ഷിക്കാൻ നിങ്ങൾ എന്തു ചെയ്യുന്നു എന്നായിരുന്നു കോടതിയുടെ ചോദ്യം. 250 കുടുമമെന്നു വെച്ചാൽ ആയിരത്തിൽ പുറം ആളുകൾ. ആയിരം എവിടെ? നാല്പതു ലക്ഷം എവിടെ?

നാല്പതു ലക്ഷം ആളുകൾ ഒഴുകിപ്പോകാനിടയുണ്ടെന്ന വിവരം, കഥയായാലും കടങ്കഥയായാലും കാര്യമായാലും, ഒന്നാന്തരം വർത്തക്കഥാവിഷയമായിരിക്കും എവിടെയും. പതിനായിരം ആളുകൾ പാർക്കുന്ന തുവ്വാലു എന്ന കരിബിയൻ ദ്വീപ് മെല്ലെ മെല്ലെ കടലിൽ താഴുകയാണെന്ന വാർത്ത ഞാൻ അത്ഭുതത്തോടെയും ഒട്ടൊക്കെ വിഷമത്തോടെയും വായിച്ചിട്ടുണ്ട്. നാല്പതു ലക്ഷം കേരളീയർ ഒഴുകിപ്പോകാൻ പോകുന്നുവെന്ന ദുരന്തവാർത്ത വായിക്കാൻ എന്നെപ്പോലെ വിദ്യാഭ്യാസവും അഭിരുചികളുമുള്ള ഒരു അമേരിക്കക്കാരനോ ബ്രസീൽ കാരനോ ബംഗാളിക്കോ അവസരമുണ്ടായിട്ടുണ്ടോ? ന്യൂയോർക് ടൈംസിലും വേണാട് പത്രികയിലും ഒരു പോലെ നീളൻ തലക്കെട്ടിനു താഴെ വരേണ്ടതാണ് ലോകനാശത്തിന്റെ പ്രമാണങ്ങളിൽ സ്ഥാനം കിട്ടാവുന്ന മുല്ലപ്പെരിയാർ ദുരന്തം. ന്യൂയോർക് ടൈംസ് പോയിട്ട് കമ്പത്തുനിന്ന് ഒരു തമിഴ് സായാഹ്നപത്രം ഇറങ്ങുന്നുണ്ടെകിൽ അതിൽ പോലും ഒഴുകിപ്പോകാൻ പോകുന്ന നാല്പതു ലക്ഷം ആളുകളുടെ വാർത്ത വരാനിടയില്ല. അത്ര ഉദാസീനമാണ് പുറം ലോകം കേരളത്തിന്റെ ദുരന്തത്തെപ്പറ്റി.

കേരളത്തിലെ പൊതുപ്രവർത്തകരും മാധ്യമപ്രവർത്തകരും ഉത്തരം കണ്ടുപിടിക്കേണ്ടതാണ് ഈ ചോദ്യം: മുല്ലപ്പെരിയാർ ഇളകിമറിയുന്നുവെന്ന വാർത്ത എന്തുകൊണ്ട് കേരളത്തിനു പുറത്ത് വാർത്തയാവുന്നില്ല. നാല്പതു ലക്ഷത്തിന്റെ കണക്ക് ശരിയാണെങ്കിൽ, എല്ലാ ദിവസവും എട്ടു കോളത്തിൽ മാത്രം നിരത്താവുന്നതാണ് ഭീമമായ ഈ വാർത്താശകലം. പാർലമെന്റിൽ അതിനെപ്പറ്റി ബഹളം വെക്കാൻ ഇംഗ്ലിഷും ഹിന്ദിയും വെള്ളം പോലെ പറയുമെന്നു പറയാൻ വയ്യാത്ത മലയാളികളേ ഉണ്ടായുള്ളു. അടിയന്തരപ്രമേയമായി അതു ചർച്ച ചെയ്യാൻ പാർലമെന്റിന് ഉത്സാഹമുണ്ടായിരുന്നില്ല. അവിടെ കൂടുതൽ ശോഭിച്ചത് പല ചരക്ക് വിൽക്കാൻ വിദേശവിപണനശൃംഖലകളെ അനുവദിക്കണമോ എന്ന കാര്യത്തെപ്പറ്റിയുള്ള വിവാദമായിരുന്നു. നാല്പതു ലക്ഷത്തിന്റെ കണക്ക് അവിടെ ബലം പിടിച്ചില്ല. എന്തുകൊണ്ട്?

നമ്മൾ സ്വയം മറുപടി കണ്ടെത്തേണ്ടിയിരിക്കുന്നു. മറ്റുള്ളവർ നമ്മുടെ ദുരന്തം ഗൌനിക്കാത്തതിന് ഒരു കാരണം അവരുടെ രോഗാകീർണമായ സ്വാർഥതയാകാം. അവരുടെ വാർത്താബോധത്തിലുള്ള വൈകല്യവും സങ്കുചിതത്വവുമാകാം. കേരളം തുലഞ്ഞുപോകട്ടെ എന്ന ഗൂഢമായ ആഗ്രഹമാകാം. പിന്നെ, നമ്മൾ പറയുന്നത് പച്ചക്കള്ളമാണെന്ന ഒരു ധാരണയുമാകാം. താൻ പറയുന്നത് പുളുവോ പൊയ്യോ ആണെന്ന് കേൾവിക്കാർ വിശ്വസിക്കുന്നതാണ് ഏതൊരു പൊതുപ്രവർത്തകന്റെയും വ്യക്തിപരമായ ദുരന്തം. നാം പറയുന്നത് കേവലം ഭയാനകമായ സത്യമാണെന്ന് കേരളത്തിനു പുറത്തുള്ളവരെ ബോധ്യപ്പെടുത്താൻ നമ്മുടെ പൊതുപ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. കേരളത്തെ തുലക്കാൻ ഒരു ലോബി ആഗോളതലത്തിൽ പ്രവർത്തിക്കുന്നുവെന്നു വന്നാലേ നാല്പതു ലക്ഷത്തിന്റെ ദുരന്തത്തെപ്പറ്റിയുള്ള വിശകലനം പുറത്തുള്ള വേദികളിൽ എതിരൊലിയോടെ കേൾക്കാത്തതിന്റെ ഗുട്ടൻസ് മനസ്സിലാവുകയുള്ളു.

അണക്കെട്ടുകളെപ്പറ്റി നന്നായറിയുന്ന അഞ്ചാറു വിദഗ്ധരെ ഉൾപ്പെടുത്തി ഒരു സമിതി നമ്മൾ എന്നേ ഉണ്ടാക്കേണ്ടതായിരുന്നു. എന്തിനും ഏതിനും ആഗോളസമിതികൾ ഉണ്ടാക്കുന്ന നമ്മൾക്ക് അത് എത്ര എളുപ്പവും സ്വാഭാവികവുമായിരിക്കും! അവരുടെ അഭിപ്രായമനുസരിച്ചു വേണം അണക്കെട്ട് സുരക്ഷിതമാക്കാനോ റദ്ദാക്കാനോ നടപടിയെടുക്കാൻ. നാല്പതു ലക്ഷം ഒഴുകിപ്പോകട്ടെ എന്നാഗ്രഹിക്കത്തവരും മിടുക്കന്മാരായ എഞ്ചിനീയർമാരായിട്ടുണ്ടാവുമല്ലോ. വലിയ ഫീസ് വാങ്ങുന്ന വക്കീൽമാരെ കാണുന്നതിനെക്കാൾ എത്രയോ പ്രയോജനകരമായിരിക്കും അങ്ങനെയൊരു അന്വ്വേഷണം! സുരക്ഷക്ക് ആവശ്യമായ നടപടികൾ എടുക്കാനും, പേടിച്ചു കഴിയുന്നവരെ സമാധാനിപ്പിക്കാനും അതാണൊരു വഴി. ആ വഴി തേടുന്നതിനെക്കാൾ ജോസഫിനിഷ്ടം നാല്പതു ലക്ഷം ഒഴുകിപ്പോകാൻ പോകുന്നുവെന്ന ഭീതി പടർത്തുകയാണെന്നു തോന്നുന്നു.

(malayalam news dec 5)