ഹിന്ദി സാഹിത്യകാരനായ സോമൻ സാറിന്റെ അളിയൻ രാജപ്പൻ നായർ ആദായനികുതി വകുപ്പിൽനിന്നു പിരിഞ്ഞപ്പോൾ കഥയെഴുതാൻ തുടങ്ങി. കഥാസമാഹാരത്തെപ്പറ്റി അഭിപ്രായം പറയണമെന്ന് വിശേഷിച്ചൊരു കഥയുമില്ലാത്ത എന്നോട് ആവശ്യപ്പപ്പോൾ ഒഴിയാൻ വയ്യാതായി. അങ്ങനെ എന്തൊക്കെയോ കുത്തിക്കുറിച്ചു. അതിൽ ഇങ്ങനെ ഒന്നോ രണ്ടോ വാക്യവും കടന്നു കൂടി: “കഥക്കു കൊടുക്കുന്ന ഗൌരവവും മന:പൂർവതയും വേണ്ടതല്ല ഈ പുസ്തകം. ഇതു കഥയല്ല, കാര്യമാകുന്നു.”
എഴുതിക്കഴിഞ്ഞപ്പോൾ എഴുതിയതിന് അർഥം കണ്ടെത്തുന്ന തത്രപ്പാടിലായി. പലപ്പോഴും അങ്ങനെയല്ലേ? കഥയെ നമ്മൾ കാര്യത്തെക്കാൾ കാര്യമായെടുക്കുന്നു; സാഹിത്യത്തെ ജീവിതത്തെക്കാൾ മന:പൂർവതയോടെ സമീപിക്കുന്നു. ജീവിതം കാറ്റു പോലെയാണ്, വെളിച്ചം പോലെയാണ്. വിശേഷിച്ചൊരു ശ്രമവുമില്ലാതെ അതങ്ങനെ ഉണ്ടാകുന്നു. കഥ അങ്ങനെ അല്ലല്ലോ. കെട്ടിയുണ്ടാക്കുന്നതാണ് കഥ. അതിന്റെ ഉള്ളൊതുക്കവും പൊരുത്തക്കേടും പരിണാമഗുപ്തിയും വായനക്കാർ എത്രയോ സാരമായെടുക്കുന്നു, നൂറ്റാണ്ടുകളിലൂടെ ചർച്ച ചെയ്തുപോകുന്നു. ദിവസവും അനുഭവിക്കുമ്പോൾ അതത്ര ശോഭിക്കുന്നില്ല. അതുകൊണ്ട് അനുഭവകഥയായാൽ കഥ ഗുണം പിടിക്കില്ല. അറബിക്കഥയിലെ യുക്തിരാഹിത്യം ജീവിതത്തിൽ എപ്പോഴും കാണാം; പക്ഷേ അറബിക്കഥയാകുന്നു കൂടുതൽ രസകരം.
ഇന്ദ്രജാലം കണ്ട് നാം ഭ്രമിക്കാറില്ലേ? കാണാതാകുകയോ എങ്ങുനിന്നോ ഇറങ്ങിവരുകയോ ചെയ്യുന്ന പന്തിനെയോ ചെപ്പിനെയോ പങ്കജാക്ഷിയെയോ കണ്ട് കാണികൾ മുഴുവൻ കോൾമയിർ കൊള്ളൂം. നിറവും രൂപവും മാറുന്ന മേഘങ്ങളെയോ, നാമ്പും ഇലയും നീട്ടി പൂവിടുന്ന ചെടികളെയോ, തമ്മിലടിച്ചു തകരാതെ കറങ്ങുന്ന ഗോളങ്ങളെയോ നോക്കി അമ്പരക്കുകയും ആ മാഹേന്ദ്രജാലത്തിൽ രസിക്കുകയും ചെയ്യുന്നതോ, കവികൾ മാത്രം. ജീവിതത്തിന്റെ സാധാരണത്വത്തിൽനിന്ന്, അടുത്ത് അറിയുന്ന അവനവനിൽനിന്ന്, ചുറ്റുപാടിൽനിന്ന്, തെന്നി മാറി, ഭ്രമിപ്പിക്കുന്ന എന്തിലെങ്കിലും കൂപ്പുകുത്താൻ, താനല്ലാതായി അലയാൻ, മനുഷ്യന് ഒരു വാഞ്ഛ ഉണ്ടെന്ന് ഞാൻ കരുതുന്നു. ഉള്ളിന്റെ ഉള്ളിലെ തന്നെ മനസ്സിലാക്കാനുള്ള പ്രയാണമായി ജീവിതത്തെ മാറ്റണമെന്നാണ് ആചാര്യന്മാരുടെ നിർദ്ദേശം. പക്ഷേ താനല്ലാത്തതെന്തെങ്കിലുമാകാനുള്ള ത്വരയല്ലേ കൂടുതൽ ശക്തം?
കുറച്ചിട മുമ്പ് ഫെർണാണ്ടോ പെസൊവ എന്നൊരു പോർടുഗീസ് എഴുത്തുകാരനെപ്പറ്റി വായിച്ചപ്പോൾ ഈ വിചാരം ബലപ്പെട്ടു. അദ്ദേഹം എഴുതിയത് തന്റെ പേരിലായിരുന്നില്ല. പല പേരുകളിൽ, തമ്മിൽ ഇടപഴകുകയും ഇടയുകയും ചെയ്യുന്നവരായ പലരുടെയും പേരുകളിൽ, എഴുതാനായിരുന്നു അദ്ദേഹത്തിനു കമ്പം. അവരൊക്കെ പെസൊവയിൽ ഒതുങ്ങിയിരുന്നുവെന്ന് വേണമെങ്കിൽ പറയാം;
പക്ഷേ അവർക്കൊക്കെ തനതായ അസ്തിത്വവും വ്യക്തിത്വവും ഉണ്ടായിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കഥാപാത്രങ്ങളെപ്പോലെത്തന്നെ കഥാകാരനും സാങ്കല്പികമായി മാറുന്നു. അങ്ങനെ താനല്ലാത്ത തന്നെ അവതരിപ്പിച്ചു പെസൊവ.
കഴിഞ്ഞ ദിവസം വായിച്ച റോബർടൊ ബൊലാനോയുടെ 2666 എന്ന നോവലിലും ഈ സങ്കേതവും താല്പര്യവും കണ്ടു. നൊബേൽ സമ്മനം കിട്ടാനിരുന്ന ബെന്നൊ ആർചിംബാൾഡി എന്ന നോവലിസ്റ്റിനെപ്പറ്റിയാണ് 2666 എന്ന കൃതി. ആർച്ചിംബാൾഡിയുടെ കൃതികളും കഥകളും കഥാപാത്രങ്ങളും ജീവിതസന്ധികളും സമഗ്രമായി ചർച്ച ചെയ്യപ്പെടുന്നു. അദ്ദേഹത്തെ കണ്ടവരെ കണ്ടവരുമായി അഭിമുഖം നടക്കുന്നു. അദ്ദേഹത്തെ തേടി നാലു പേർ യാത്ര തിരിക്കുന്നു. ആർച്ചിംബാൾഡിയെ മാത്രം കണ്ടു കിട്ടുന്നില്ല. ആ കണ്ടെത്തൽ നടത്തുന്നതോ, കഥാപാത്രങ്ങൾ മാത്രമായ വേറെ നാലു പേരും. അവരെല്ലാം ഇല്ലാത്തവർ. അവർ അന്വേഷിക്കുന്നയാളും ഇല്ലാത്തവർ. ഇല്ലാത്തവരുടെ ഉണ്മയാണ് ചർച്ചാവിഷയം. മൂർത്തവും പരിമിതവുമായ യാഥാർഥ്യത്തിൽ അഭിരമിക്കുന്നതിനെക്കാൾ രസമാണെന്നു വരുന്നു മായികവും നിരന്തരം മറഞ്ഞുപോകുന്നതുമായ സങ്കല്പത്തെ തേടിയുള്ള യാത്ര.
മനുഷ്യേതരമായ സഞ്ചാരങ്ങളും സംഭവങ്ങളും പഞ്ചതന്ത്രം മുതൽക്കേ മനുഷ്യനെ രസിപ്പിച്ചുവരുന്നു. ആ ജനുസ്സിൽ പെടുത്താവുന്നതായി ഏറ്റവും ഒടുവിൽ കണ്ടത് അവതാർ എന്ന സിനിമയായിരുന്നു. മനുഷ്യൻ മനുഷ്യന്റെ മന്ത്രം കൊണ്ടും തന്ത്രം കൊണ്ടും അമാനുഷമായ സിദ്ധികളും സ്വഭാവങ്ങളും സ്വാംശീകരിച്ച്, അമാനുഷരായ കുറെ ജീവികളുടെ ലോകത്തിൽ കയറിക്കൂടി, അവിടത്തെ പ്രകൃതിയുമായി വഴക്കിട്ടു കൊലവിളി നടത്തുന്ന കഥയാണ് അവതാർ. വികാരത്തിലും വാസനയിലും ആ ജീവികൾക്കും ഒട്ടൊക്കെ മാനുഷികത ഇല്ലെന്നല്ല. പരിചിതമായ, പരിമിതമായ മനുഷ്യജീവിതത്തിൽനിന്ന് തെന്നി മാറി, അമാനുഷമായ, അസാധാരണമായ അനുഭവം സൃഷ്ടിക്കാനാണ് അവിടെയും ഉദ്യമം.
പല തരം മരുന്നു സേവിച്ച് പരിചിതമല്ലാത്ത അനുഭവം അന്വേഷിച്ചു പോകുന്നതിന്റെ രഹസ്യം മറ്റൊന്നല്ല.
നമുക്ക് മറ്റൊന്നായി മാറണം. സ്വയം മടുത്തിട്ടോ, അറിയാത്തതറിയാനുള്ള കൌതുകം കൊണ്ടോ, നമ്മളൊക്കെ കാര്യങ്ങളിൽനിന്ന് കഥകളിലേക്ക് പോകുന്നു. കഥ തന്നെ രസകരം, കാര്യമല്ല.
അതു മനസ്സിൽ വെച്ചുകൊണ്ടാണ് തുടക്കത്തിൽ സോമൻ സാറിന്റെ അളിയന്റെ കഥകളെ പരാമർശിച്ചു പറഞ്ഞത്, ജീവിതത്തിലെ പരിചിതമായ കാര്യങ്ങളെക്കാൾ കൂടുതൽ ഗൌരവത്തോടെയും മന:പൂർവതയോടെയും സമീപിക്കപ്പെടുന്നത് കഥകൾ തന്നെ. “ കഥയല്ലിതു ജീവിതം” എന്നും “സത്യം കഥയെക്കാൾ വിചിത്രം” എന്നുമൊക്കെ മേനി പറയാമെന്നേയുള്ളു. കഥ തന്നെ വേണം കാര്യം നടക്കാൻ.
(മലയാളം ന്യൂസ് സപ്തംബർ 27)