Wednesday, October 28, 2009

രക്ഷകന്മാർക്ക് എന്നും പണി തന്നെ



മുങ്ങിക്കൊണ്ടിരിക്കുന്ന മാലിദ്വീപിനെപ്പറ്റി പത്തുപന്ത്രണ്ടു കൊല്ലം മുമ്പ് പൊലിസ് സുപ്രണ്ട് യൂസഫ് കുഞ്ഞ് ഒരു കഥ--അല്ല, കാര്യം--പറയുകയുണ്ടായി. കേരളത്തിലെ ഒരു നേതാവ് അവിടെ ഒരു ദിവസം രാവിലെ ഒരു തുരുത്തു വാങ്ങി. വൈകുന്നേരം വേലിയേറ്റത്തിൽ അതു മുങ്ങിപ്പോയി. പുറത്തു പറയാൻ കൊള്ളുമോ? വേലിയേറ്റത്തിലും വേലിയിറക്കത്തിലും കടലിലെ രാസപദർത്ഥങ്ങൾ കൂടിക്കുഴയുന്നത് ജീവന്റെ നിലനില്പിനു നല്ലതാണെന്ന തിയറിയിൽ തുരുത്തു പോയ നേതാവിന് താല്പര്യം കാണില്ല.


മുപ്പതുകൊല്ലം മുമ്പ് മാലി അടക്കിവാണ ഗയൂമിനെ തൂത്തെറിഞ്ഞു കേറിവന്ന നഷീദ് ഖിന്നനാണ്. വെള്ളം കേറിയാൽ മാലിക്കാരെ എവിടെ മാറ്റിപ്പാർപ്പിക്കും? ഇന്ത്യയിലും ശ്രീലങ്കയിലുമാണ് നോട്ടം. അഗതികളുടെയും അക്രമികളുടെയും സങ്കേതമായ ഇന്ത്യക്കായിരിക്കും ഒന്നാം സ്ഥാനം. അന്റാർട്ടിക്കയിൽ മഞ്ഞുരുകുമ്പോൾ മുങ്ങാവുന്ന ദ്വീപുകൾ വേറെയുമുണ്ട്. കരീബിയൻ രാജ്യമായ തുവ്വാലു ജനാധിപത്യ റിപ്പബ്ലിക്കിൽനിന്ന് ആളൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്നു. കടലൊന്നു കയർത്താൽ കാണാതാകുന്ന താണ സ്ഥലങ്ങൾ നമുക്കു തൊട്ടുചുറ്റും കുറെ കാണാം.

വെള്ളം കേറുന്നതായിരുന്നു നോഹയുടെയും പേടി. മുങ്ങുന്ന ഭൂമിയെ പൊക്കാൻ എത്തിയതായിരുന്നു മൂന്ന് അവതാരങ്ങൾ. നാലാമതൊരാൾ ഭൂമി അളന്നെടുത്തു. അഞ്ചാമൻ ഉഴുതു. ബാക്കിയുള്ളവർ കൊല്ലാനും കൊള്ളാനും വന്നവരായിരുന്നു. അവരിൽ ഒരാൾ, പുലകുളി കഴിഞ്ഞപ്പോൾ, തോണിയുടെ ആകൃതിയിൽ, ഒരു തുണ്ട് ഭൂമി വീണ്ടെത്തു. അതുപോലെ, സ്ഥലം പോരെങ്കിൽ, കടലിൽനിന്ന് എടുക്കാമെന്ന് തലശ്ശേരിക്കാരൻ ഒരു ഭൂശാസ്ത്രജ്ഞൻ പറയുമായിരുന്നു. അതോർക്കാതെത്തന്നെ കൊച്ചിയിലും കുട്ടനാട്ടിലുമൊക്കെ കണ്ണായ സ്ഥലം നികത്തിയെടുത്തല്ലോ. കടലും കായലും കൊള്ളയടിച്ച് കെട്ടിടം പണിതാൽ, ഭൂമിയുടെ സമനില തെറ്റുമോ എന്ന് പോർട് ട്രസ്റ്റ് ചെയർമാൻ യു മഹാബല റാവുവിനോട് ചോദിച്ചതോർക്കുന്നു. അതൊക്കെ നോക്കേണ്ടവർ നോക്കിക്കാണും എന്നായിരുന്നു സമാധാനം.

കുന്ന് വെട്ടിനിരത്തിയും കുളം തൂർത്തും പുതിയ ഭൂമിയും ആകാശവും സൃഷ്ടിക്കുന്ന വാസ്തുതന്ത്രത്തെ ഭൌമ എഞ്ചിനീയറിംഗ് എന്നു പറയുന്നു. ജിയോ എഞ്ചിനീയറിംഗ്. ഭൂമിയുടെ കേടുപടു തീർക്കൽ. ഭൂമിയുടെ അകവും പുറവും ചൂടായാൽ, കോടി കോടി കോടി ടൺ കുമ്മായം കടലിൽ കലക്കിയാൽ മതിയെന്നൊരു കുറുംകൌശലം ഒരു ജിയോ എഞ്ചിനീയറുടേതായി വന്നിരിക്കുന്നു.

ജീവജാലത്തിന്റെ പോരായ്മ തീർക്കുന്ന വിദ്യയണ് ജൈവ എഞ്ചിനീയറിംഗ്, ബയോ എഞ്ചിനീയറിംഗ്. പോരായ്മയോ കേടോ തീർത്തു തീർത്ത്, പുതിയൊരു ജൈവസാധനം തന്നെ ഉണ്ടാക്കാമെന്നായിരിക്കുന്നു. അങ്ങനെ ഉണ്ടാക്കിയിട്ടുള്ളതാണ് മലമ്പനിക്കു കൈകണ്ട മരുന്നായ ഒരു ചെടി. എന്തുകണ്ടാലും അതുപോലൊന്ന് ഉണ്ടാക്കാൻ മനുഷ്യന് വാശിയാണെന്ന് ജൈവശാസ്ത്രജ്ഞനായ ഹെർമൻ മുള്ളർ കരുതുന്നു. ദൈവത്തിനോടാണ് മത്സരം.

ഈ പോക്ക് ഉയരത്തിലേക്കോ? പോക്കിനോളം തന്നെ പഴയ ചോദ്യം. . “കളിയും ചിരിയും കരച്ചിലുമായ്/കഴിയും നരനൊരു യന്ത്രമായാൽ/അംബ പേരാറേ നീ മാറിപ്പോമോ/ആകുലയാമൊരഴുക്കുചാലായ്?” എന്നാണ് ഇടശ്ശേരിപ്പേടി. മാറിപ്പോകാവുന്നതേയുള്ളു. അതിനെക്കാൾ പേടിക്കാൻ എന്തൊക്കെ കിടക്കുന്നു! ഭൂമിയുടെ ചൂടു കൂടാം. വെള്ളം കേറാം; വറ്റാം. പിന്നെ, വഴി തെറ്റുന്ന ഏതെങ്കിലുമൊരു ഗോളത്തിൽ തട്ടി, ഈ മൺപന്ത് പൊട്ടി, പൊടി പോലും ഇല്ലാതാകാം, മനുഷ്യന്റെ ഒത്താശയില്ലാതെ. നോഹക്ക് എന്നും പണി തന്നെ.

(ഒക്റ്റോബർ 27ന് മലയാള മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചത്)