Monday, August 22, 2011
സർവം സ്വർണമയം
ഒരു ദിവസം തേജസ് എഡിറ്റർ എൻ പി ചെക്കുട്ടിയുടെ ബ്ലോഗിൽ കയറിയപ്പോൾ ഞാൻ പടുകുഴിയിൽ വീഴുകയായിരുന്നു. അപ്പപ്പോൾ ഉയരുന്ന സാമൂഹ്യപ്രശ്നങ്ങളെപ്പറ്റിയുള്ള ചെക്കുട്ടിയുടെ പ്രസക്തവും നിശിതവുമായ നിരീക്ഷണങ്ങൾ ഉത്തിഷ്ഠമാനരായ പല എഴുത്തുകാരും ചിന്തകരും ആ ബ്ലോഗിൽ വിശകലനം ചെയ്തു. ആ വിഭാഗത്തിൽ പെടുത്താൻ വയ്യാത്ത ഞാനും ഒരിക്കൽ അഭിപ്രായം വിളമ്പി. അലമ്പായി. സ്ത്രീസിംഹങ്ങളും വിപ്ലവവീരന്മാരും ആക്രോശമായി. “ആരിവൻ, മൂരാച്ചി?“
നിറത്തെപ്പറ്റിയായിരുന്നു എന്റെ പരാമർശം. വെളുപ്പാണ് നല്ല നിറമെന്ന് ഞാൻ സമർഥിക്കാൻ നോക്കി. സൌന്ദര്യത്തിനു നിറമില്ലെന്നും വർണവിവേചനം ഭ്രാന്താണെന്നും ശങ്കിക്കാതെ വാദിക്കുന്നവർക്കും ഉള്ളിന്റെ ഉള്ളിൽ വെളുപ്പാണ്, കറുപ്പ് അല്ലേ അല്ല, ഇഷ്ടമെന്ന് ഞാൻ പറഞ്ഞു. നിറം നോക്കി ആരുടെയും അവകാശം നിശ്ചയിക്കാമെന്നു ഞാൻ പറഞ്ഞില്ല; എന്നാലും മനുഷ്യൻ പൊതുവേ ഇഷ്ടപ്പെടുന്ന നിറം വെണ്മയാണെന്ന വാദം എനിക്കൊരു പട്ടം നേടിത്തന്നു: വർണവെറിയൻ! സാമാന്യം വെളുത്ത മുഖമുള്ള ഒരു വിമർശകയെ കുഴക്കാൻ വേണ്ടിയല്ല, ഞാൻ ചോദിച്ചു, അവർ രാവിലെയും വൈകുന്നേരവും മുഖത്ത് വാരിത്തേക്കുന്നത് കലക്കിയ കരിയോ വെളുപ്പും ചുമപ്പുമൊക്കെ കലർന്ന ടാൽകം പൌഡറോ? ചർച്ച പിന്നെ കൊഴുത്തില്ല.
ചില നിറങ്ങളും മണങ്ങളും മനുഷ്യന്റെ സൌന്ദര്യബോധത്തിൽ ഒട്ടൊക്കെ നിയാമകമായി
നിൽക്കുന്നതുപോലെ തോന്നും. ആ സത്യം മനസ്സിലാക്കിയിട്ടാവണം ലാലാ ഹർ ദയാൽ എന്ന ചിന്തകൻ എത്രയോ കൊല്ലം മുമ്പ് രസതന്ത്രജ്ഞരോട് ആഹ്വാനം ചെയ്തു,
ചർമ്മത്തിൽ കുത്തി വെച്ചാൽ ഇഷ്ടം പോലെ നിറം മാറ്റാവുന്ന ഒരു പദാർഥം കണ്ടു പിടിക്കുക. ഇഷ്ടപ്പെട്ട നിറം ആർക്കും തനിയേ സ്വീകരിക്കാമെന്നു വന്നാൽ
വർണവിവേചനത്തിന് സാധ്യതയില്ലല്ലോ. പക്ഷേ, എല്ലാവർക്കും സംസാരിക്കാൻ പാകത്തിലുള്ള എസ്പെരന്റൊ എന്ന ലോകഭാഷയെപ്പോലെ, നിറം മാറ്റം എളുപ്പമാക്കുന്ന ആ രാസവസ്തുവും ആശയമായി ഒതുങ്ങിയതേയുള്ളു, രൂപം കൊണ്ടില്ല.
നിറം കൊണ്ടായാലും വേറെ എന്തുകൊണ്ടായാലും ലോകമെങ്ങുമുള്ള മനുഷ്യർ കാലാകാലമായി എറ്റവും വില മതിച്ചുപോരുന്ന വസ്തുവാണ് സ്വർണം. നിലയ്ക്കാതെ കുതിച്ചുപൊങ്ങുകയാണ് അതിന്റെ വില. സ്വർണത്തിന്റെ വിലയോളം ഉയരുന്നതായി ഒന്നു മാത്രമേയുള്ളു--സ്വർണത്തിന്റെ ഉപഭോഗം. ആഭരണമായി സ്വർണം ചുമന്നു നടക്കാത്ത സമൂഹങ്ങൾക്കിടയിലും സ്വർണത്തിന്റെ മൂല്യം പരമോന്നതം തന്നെ. കുഴിച്ചെടുക്കാൻ പാകത്തിൽ സ്വർണം ചിതറിക്കിടക്കുന്നുവെന്നു കേട്ട് ഓടിക്കൂടിയവരാണ് അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് ഇപ്പോൾ വസിക്കുന്നവരിൽ അധികവും. നമ്മുടെ വധൂവരന്മാരെ മാത്രമല്ല ചിന്തയെയും വാക്കിനെയും സ്വാധീനിക്കുന്നതാണ് സ്വർണം.
ധനശാസ്ത്രജ്ഞന്മാർക്ക് അവരുടേതായ തിയറി ഉണ്ട്. അതേപ്പറ്റി അവർക്ക് തീർച്ചയാണു താനും. ലോകനാണയവ്യവസ്ഥയുടെ അടിസ്ഥനം ആകുന്നു സ്വർണം. അതാണ് അതിന്റെ വില ഇങ്ങനെ കുതിച്ചുയരാനും, വില കുറഞ്ഞാലും കൂടിയാലും അതുകൊണ്ട് ഉണ്ടാക്കിയ ആഭരണങ്ങൾ അണിഞ്ഞാൽ കേമത്തമായി എന്ന് പ്രഭുകുമാരിയും പട്ടിണിപ്പാവവും ഒരു പോലെ വിചാരിക്കാൻ കാരണം. കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ ഒരിക്കലും പരിവർത്തനത്തിനു വിധേയയാകാൻ ഇടയില്ലാത്ത ഒരു സ്ത്രീവാദി പുച്ഛിക്കുന്നതു കേട്ടു: വെറുതേ ഈ മഞ്ഞ ലോഹം വാങ്ങി കാലിലും കയ്യിലും കഴുത്തിലും, എന്നു വേണ്ട, എവിടെയും കെട്ടിത്തൂക്കി നടക്കുന്ന സ്ത്രീകളും അവരുടെ ആഭരണത്തിൽ വീണുപോകുന്ന കോന്തന്മാരും മനസ്സിലാക്കട്ടെ, അതുകൊണ്ടൊന്നും സ്ഥാനമോ സൌന്ദര്യമോ വർദ്ധിക്കുകയില്ലെന്ന്.
രണ്ടു കാര്യത്തിലും സ്ത്രീവാദിക്ക് തെറ്റു പറ്റി. സ്ഥാനവും സൌന്ദര്യവും കേവലം അഭിപ്രായങ്ങളാണ്, ബ്രഹ്മം പോലെ നിത്യമായ സത്യമല്ല. അപ്പപ്പോൾ നിലവിലിരിക്കുന്ന സ്ഥാനസങ്കല്പങ്ങളനുസരിച്ചേ ജനത നീങ്ങൂ. സ്വർണത്തിന്റെ വില കൂടുമ്പോൾ അതിന്റെ ആകർഷകത്വം കൂടുമെന്നേയുള്ളു. സ്ത്രീധനം വേണമെന്നോ കൊടുക്കണമെന്നോ ശഠിക്കാത്തവർക്കും സ്വർണം ഇല്ലാതെ കല്യാണം കഴിക്കുമ്പോൾ കുറച്ചിൽ തോന്നും. ആഭരണമായി അണിഞ്ഞില്ലെങ്കിൽ, അത് കട്ടിയായോ നാണയമായോ ലോക്കറിൽ സൂക്ഷിക്കും. പത്തിരുപത് കൊല്ലം മുമ്പ് നൂറു പവനാണ് കല്യാണപ്പെണ്ണിനോടൊപ്പം വിളങ്ങുന്ന സ്വർണമെന്നു കേട്ടിരുന്നു. അതു പറഞ്ഞപ്പോൾ ഒരാൾ എന്നെ തിരുത്തി: അല്ല, ഇപ്പോൾ എല്ലാവർക്കും ഒരു കിലോ സ്വർണം തികച്ചുകൊടുക്കണമെന്നാണ് മോഹം.
തിരുത്തിയത് ആരെന്നോ? ജോസ് ആലുക്കാസിലെ സാക്ഷാൽ ജോസ്. അറുപതുകളുടെ ഒടുവിൽ സ്കൂൾ പഠനം മുടങ്ങിയപ്പോൾ, പിണങ്ങിനിന്നിരുന്ന അപ്പന്റെ കുടക്കടയുടെ അടുത്തായി ഒരു മുറി പീടികയിൽ എഴുപതു ഗ്രാം വെള്ളിയും സ്വർണവുമായി കച്ചവടം തുടങ്ങി, ജോസ്. മുപ്പതുകൊല്ലം വേണ്ടി വന്നില്ല ആ ഒരു മുറി പീടിക ഒരു സ്വർണസൌക് ആയി വളരാൻ, എഴുപതു ഗ്രാം ഉരുപ്പടി രണ്ടര ടൺ ആയി വർദ്ധിക്കാൻ. സൌക്കിൽ തിക്കിത്തിരക്കിയെത്തുന്നത് വധൂവരന്മാർ മാത്രമല്ല. നമ്മുടെ
സർവതന്ത്രസ്വതന്ത്രമായ മീഡിയയെ നയിക്കുന്നവരും ഉപനയിക്കുന്നവരും ജോസിന്റെ മാനേജരെ കാണാൻ എപ്പോഴും കാത്തിരിക്കുന്നുണ്ടാവും. മലയാളമീഡിയയുടെ വരുമാനത്തിൽ വലിയൊരു ഭാഗം സ്വർണത്തിന്റെ പരസ്യമായിരിക്കും. ശക്തിയില്ലെങ്കിൽ ശിവനില്ല എന്നു പറയുന്നതു പോലെ, സ്വർണമില്ലെങ്കിൽ മീഡിയയില്ല, അതിന്റെ സ്വാതന്ത്ര്യം ഇല്ലേയില്ല.
വിശേഷബുദ്ധിയുള്ള മനുഷ്യരേ സ്വർണം ഉപയോഗിക്കാറുള്ളൂ, മൃഗങ്ങൾ ഇപ്പോഴും തുകലിന്റെയും ഇരുമ്പിന്റെയും ലോകത്തിലാണ് എന്നു പറയാം. പക്ഷേ മനുഷ്യരുടെ സൌന്ദര്യബോധത്തെ മാത്രമല്ല, ദേവസങ്കല്പത്തെയും സ്വർണം എന്നേ കയ്യടക്കിയിരിക്കുന്നു. കൊടിമരത്തിനും കുരിശിനും സ്വർണം വേണം. പൂജക്കും ഉത്സവത്തിനും സ്വർണം വേണം. പണ്ടൊരിക്കൽ, എന്നു വെച്ചാൽ, ഒരു ലക്ഷം കോടി രൂപയുടെ ആഭരണങ്ങൾ കണ്ടെടുക്കുന്നതിനുമുമ്പ്, ഞാൻ സമ്പന്നവും ദരിദ്രവുമായ ക്ഷേത്രങ്ങൾ സന്ദർശിച്ച് ഒരു താരതമ്യപഠനം നടത്താൻ നോക്കി. സ്വർണം പൂശിയ സ്ഥലങ്ങളിൽ എപ്പോഴും ഭക്തന്മാർ ഏറിയിരുന്നു. മേൽക്കൂര തകർന്നടിഞ്ഞ ദേവാലയങ്ങളിൽ പുണ്യം തേടി ആരും എത്തിയിരുന്നില്ല.
സമൃദ്ധിയെയും സൌന്ദര്യത്തെയും അധികാരത്തെയും പറ്റിയുള്ള മനുഷ്യന്റെ ആദിമചിന്തയിൽ ഊറിക്കൂടിക്കിടക്കുന്നതാണ് സ്വർണം. രാജാവിന്റെ വാഴ്ച പൂർണമാകണമെങ്കിൽ സ്വർണം കൊണ്ടുണ്ടാക്കിയ പശുവിനുള്ളിലൂടെ കടന്ന് ഹിരണ്യഗർഭം എന്ന ചടങ്ങ് നിർവഹിക്കണം. കിരീടം എപ്പോഴും സ്വർണം കൊണ്ടായിരിക്കും. അദ്ദേഹത്തിന്റെ നാമം സ്വർണലിപികളിൽ എഴുതപ്പെടും. ആ കാലഘട്ടത്തെ ചരിത്രകാരന്മാർ സുവർണയുഗമെന്നു വാഴ്ത്തും. അവരിൽ മികച്ച എഴുത്തുകാർ
സ്വർണത്തൂലികയേ ഉപയോഗിക്കുകയുള്ളു. അവരുടെ ചിന്തക്ക് സ്വർണപ്രഭ ഉണ്ടാകും. സ്വർണമാണ് നന്മ, സ്വർണമാണ് നിത്യം.
കനകം മൂലം ഉലകിൽ കലഹം സുലഭമാണെന്ന് പണ്ടൊരാൾ പാടിയിരുന്നു. അതു പക്ഷേ കളി പറഞ്ഞിരുന്ന ഒരു നമ്പ്യാർ മാത്രമായിരുന്നു. നമ്പ്യാരുടെ തമാശ തെളിയിക്കുന്ന ഒരു പഴം കഥയുണ്ട്. വഴിയിൽ കിടന്ന പൊന്നിൻ കഷണത്തിൽ തട്ടി കാൽ നൊന്തപ്പോൾ പാക്കനാർ അതെടുത്ത് അകലേക്കെറിഞ്ഞു. പുറകേ വന്ന
രണ്ടു കൂട്ടുകാരായ വഴി പോക്കർ പേർ അതിനു വേണ്ടി തല തല്ലിക്കീറി. തല പോയാലും പാക്കനാരുടെ വഴിയേ പോകാൻ ആരും ഉണ്ടാവില്ല. സ്വർണത്തിന്റെ മായാജാലത്തിലേക്കേ എല്ലാവർക്കും നോട്ടമുള്ളു.
(malayalam news aug 22)
Subscribe to:
Posts (Atom)