ഉമയെ വരവേൽക്കാൻ വീടൊരുക്കുമ്പോൾ, ഭാര്യയും ഞാനും പതിവുപോലെ വഴക്കായി. പുതുമയാണ് ഉമ. ഇരുപത്തെട്ടു തികയാത്ത പുതുമ. പുതുമക്കു വേണ്ടി പഴയ വീട് പുതുക്കണം. പുതിയതെന്തെങ്കിലും ചെയ്യാൻ തുടങ്ങുമ്പോൾ, രണ്ടഭിപ്രായവുമായി പൊരുതുകയാണ് ഭാര്യയുടെയും എന്റെയും പതിവ്. ഒടുവിൽ, മിക്കപ്പോഴും, എന്റെ വാക്ക് നിയമമാകും വരെ, വഴക്ക് തുടരും. അന്നും അതുപോലെ തുടർന്നു. പക്ഷേ എന്റെ വക്ക് വെറും വാക്കായതേയുള്ളു.
എന്തു പുതുക്കണം, പഴയതെന്തെല്ലാം പിഴുതെറിയണം എന്നതായിരുന്നു തർക്കം. ഉപയോഗിക്കാൻ ആളും നേരവുമില്ലാതെ കിടന്നിരുന്ന മുറികളിലും മുറ്റത്തും രണ്ടു വിരൽ കനത്തിൽ പൊടി പിടിച്ചിരുന്നു--മനസ്സിലെപ്പോലെ. മെയ്യനക്കാൻ എന്നും മടിയായിട്ടുള്ള ഞാൻ പിറുപിറുത്തു: “വേണ്ടാത്ത സ്ഥലം ഉണ്ടാക്കിയാൽ ഇങ്ങനെയിരിക്കും.”
ആർക്കൊക്കെയോ വേണ്ടി സൌകര്യം ഒരുക്കിയിട്ട്, അവിടെ താമസിക്കാൻ ഒന്നോ രണ്ടോ പേർ മാത്രം ശേഷിക്കുന്ന അനുഭവം ഞങ്ങളുടേതു മാത്രമല്ല. ഒരു കൂട്ടുകുടുംബത്തിനുവേണ്ട താമസസ്ഥലം ഇപ്പോഴും ഓരോ അണുകുടുംബവും പണിതുവെക്കുന്നു. ആകുന്നവർക്കതൊരു ആർഭാടമാകുന്നു; ആകാത്തവർക്ക് ഒരു അത്യാവശ്യവും. അത്യാവശ്യം വേണ്ട താമസസ്ഥലമേ ഉണ്ടാക്കാൻ പാടുള്ളു എന്നൊരു നിയമമുണ്ടായാൽ, പണത്തിനു ഞെരുക്കമുള്ള എത്രയോ ആളുകൾക്ക് ആശ്വാസമാകും--അവർ അങ്ങനെ സമ്മതിച്ചില്ലെങ്കിലും. പക്ഷേ താമസസ്ഥലം താമസിക്കാൻ മാത്രമുള്ളതല്ലല്ലോ. നമ്മുടെ വീട് ഒരു വീടാകണമെങ്കിൽ, അയൽക്കാരെ അസൂയപ്പെടുത്തണം എന്ന സിദ്ധാന്തം ഞാൻ എന്നേ എന്റെ പേരിൽ എഴുതിച്ചേർത്തിരിക്കുന്നു.
പിറുപിറുപ്പോടെ അടുച്ചു തളി നടക്കുമ്പോൾ, ഓരോ സധനം എടുത്തു മാറ്റുമ്പോഴും മുറുമുറുപ്പായി. ഭാരമുള്ള ഒരു ചാക്കു തുറന്നുനോക്കിയപ്പോൾ കുറെ പൂട്ടുകൾ കണ്ടു. പഴയ പുതിയ പൂട്ടുകൾ. പതിനെട്ടു കൊല്ലം മുമ്പ് വസീർ മാഥുറും ഞാനും കൂടി സദർ ബാസാറിൽനിന്നു വാങ്ങിയതായിരുന്നു. ഭംഗിയുള്ള ആ പൂട്ടുകൾ. തിരുവനന്തപുരത്തെത്തിച്ചപ്പോൾ, ഞങ്ങളുടെ പുതിയ വീട്ടിലെ വാതിലുകൾക്ക് അവ ചേരില്ലെന്നു കണ്ടു. ചാക്കിലാക്കി ഒതുക്കി വെച്ചു.
ഓരോ തവണയും ശുചീകരണം നടക്കുമ്പോൾ, ഞാൻ പറയും : “പറ്റേണ്ടതു പറ്റി. ഇനി ഇത് ആർക്കെങ്കിലും കൊടുത്തുകളയാം. ആറ്റിൽ തള്ളാം....” എത്ര വില കൊടുത്തു വാങ്ങിയതണ്? വെറുതേ കളയാൻ പറ്റുമോ? എപ്പോഴെങ്കിലും ഉപയോഗം വന്നാലോ? ആലോചന അങ്ങനെ ചക്രവാളം വരെ നീളുകയും, സ്ഥലം മുടക്കുകയും എന്നെ മുഷിപ്പിക്കുകയും ചെയ്തുകൊണ്ട്, ആ പൂട്ടുകൾ പതിനെട്ടുകൊല്ലമായി ചാക്കിൽ ഉറങ്ങുകയും ചെയ്തു. അവ ഒരിക്കലും ഉണരില്ല. ഞങ്ങൾ അവയെ മറവു ചെയ്യുകയുമില്ല.
ഒരു കൊല്ലം ഉപയോഗിക്കതെ കിടക്കുന്ന മിക്ക സാധനങ്ങളൂം വലിച്ചെറിയേണ്ടവയാണെന്ന എന്റെ വാദം തീവ്രവാദം പോലെ അപലപിക്കപ്പെട്ടുവരുന്നു. ഉമയുടെ അമ്മ സ്കൂളിൽ കൊണ്ടു പോയിരുന്ന അലുമിനിയം പെട്ടിയും നൂറു കണക്കിനു കുപ്പികളും മഞ്ഞളിച്ച് വായിക്കാൻ വയ്യാതായിരിക്കുന്ന നോട്ടു പുസ്തകങ്ങളും ഉൾപ്പടെ എത്രയോ ആവശ്യം തീരെയില്ലാത്ത സാധനങ്ങൾ, ഒരിക്കലും ബഹിഷ്കരിക്കപ്പെടാതെ, അപ്പപ്പോൾ പൊടിയടിക്കാൻ കാത്തു കെട്ടിക്കിടക്കുന്നു. ആവശ്യമില്ലാത്തതൊഴിവാക്കണമെന്ന നിർദ്ദേശം തീവണ്ടി യാത്രക്കാർക്കു മാത്രമല്ല, അടച്ചുറപ്പുള്ള വീട്ടിൽ പൊറുക്കുന്നവർക്കും ബാധകമാണെന്ന് ഞാൻ പല വട്ടം പറഞ്ഞു നോക്കി. ഒരിക്കൽ ഒരു മൂച്ചിന് അങ്ങനെ ചിലത് ഞാൻ ഏകപക്ഷീയമായി വലിച്ചെറിഞ്ഞു. അതിൽ കുട്ടികളുടെ സർട്ടിഫിക്കറ്റും പെട്ടു പോയതോടെ, ഒന്നും എടുത്തു മറ്റാനോ കളയാനോ
എനിക്ക് അധികാരമില്ലാതായി.
ഞാൻ കൂടെക്കൂടെ നവീകരണത്തിന്റെ പ്രാധാന്യത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. വീട്ടുസാമാനങ്ങൾ നൈഇകരിക്കപ്പെടുന്നു, ശരീരകോശങ്ങൾ നവീകരിക്കപ്പെടുന്നു, പുഴയും കടലും നവീകരിക്കപ്പെടുന്നു, ബന്ധങ്ങൾ നവീകരിക്കപ്പെടുന്നു, വിശ്വാസം നവീകരിക്കപ്പെടുന്നു...ഭാവി വേഗം വന്നെത്തുമ്പോൾ, അത്തരം നവീകരണം അനിവാര്യമാകുന്നു എന്നു പറയുന്ന ആൾവിൻ ടോഫ്ലറുടെ ഫ്യൂച്ചർ ഷോക് എന്ന പുസ്തകം വന്നിട്ടു തന്നെ അര നൂറ്റാണ്ടായി. ഇപ്പോൾ ഭാവി ഭൂതമായിക്കഴിഞ്ഞ പോലെയുണ്ട്. അങ്ങനെയിരിക്കേ, അത്യാവശ്യമില്ലാത്ത സാധനങ്ങൾ കരുതിവെക്കുന്ന വകതിരിവില്ലായ്മയെപ്പറ്റി ഞാൻ ഉപന്യസിച്ചു. ആ ഉപന്യാസം ഭാര്യ കേട്ടുവെന്നു പോലും തോന്നിയില്ല.
ഞാൻ മട്ടു മാറ്റി. സുവിശേഷം ഉദ്ധരിച്ചു. ആകാശത്തിലെ പറവകൾ വിതക്കുന്നില്ല, കൊയ്യുന്നില്ല, പത്തായത്തിൽ കരുതിവെക്കുന്നില്ല എന്ന വചനം അപഗ്രഥിച്ചു. വിതയും കൊയ്ത്തും വേണ്ടി വരും. ആ വചനത്തിലെ കാതലായ ഭാഗം ഒടുവിലത്തേതാണ്. എന്നുവെച്ചാൽ, ഉടനേ വേണ്ടാത്തതൊന്നും കുമിഞ്ഞുകൂടാൻ അനുവദിക്കരുത് എന്ന് ഗാന്ധിയെക്കൂടി കൂട്ടുപിടിച്ചുകൊണ്ട് ഞാൻ വാദിച്ചു. വാദം അവസാനിപ്പിക്കുന്ന മട്ടിൽ അശരീരി ഉണ്ടായി: “വേദോപദേശം മതി.” ഞാൻ മതിയാക്കി. പഴയതെന്തെല്ലാം കളയണമെന്നു പിന്നീട് തീരുമാനിക്കാൻ തീരുമാനിച്ചുകൊണ്ട് ഞങ്ങൾ ഉമയെ വരവേറ്റു. ആ തീരുമാനം നടപ്പാക്കാൻ ഇനി ഒരു വരവേല്പു വേണ്ടിവരും.
(മലയാളം ന്യൂസ് ഒക്റ്റോബർ 25)