Saturday, March 20, 2010

വേണം ഒരു പ്രതിമാനയം

തിരുവനന്തപുരത്ത് ആൽത്തറമുക്കിൽ മിനിയാന്ന് തിരക്കുകൊണ്ട് വഴി മുട്ടി നിന്നപ്പോൾ, സംഗീതസംവിധായകൻ ദേവരാജന്റെ പ്രതിമ കണ്ടു. സംഗീതസംവിധായകൻ എന്നങ്ങനെ ഒഴുക്കൻ മട്ടിലല്ല പറയുക. നാദബ്രഹ്മം എന്നോ ദേവരാഗം എന്നോ ഉച്ചസ്ഥായിയിൽ മൊഴിയുന്നതാണ് ഇപ്പോഴത്തെ ശൈലി. കടുകട്ടിയായ വിശേഷണമില്ലാതെ നമുക്ക് ഒന്നും പറയാൻ വയ്യെന്നായിരിക്കുന്നു. ദേവരാജന്റെ സംഗീതം വിലയിരുത്താൻ ഞാൻ ആളല്ല. അദ്ദേഹം വലിയ ആളായിരുന്നു. താരതമ്യേന പ്രാധാന്യം കുറഞ്ഞ വേറെ രണ്ടു കാര്യം ചൂണ്ടിക്കാണിക്കാനേ ഇവിടെ ഉദ്ദേശമുള്ളു.


ഒന്ന്, പ്രതിമയുടെ സ്വഭാവം. ദേവരാജനെ ഞാൻ നേരിൽ കണ്ടിട്ടില്ല. എന്നാലും പ്രതിമ അദ്ദേഹത്തെപ്പോലെത്തന്നെ ആയിരിക്കുമെന്ന് ഞാൻ ഉറപ്പിക്കുന്നു. ഒരാളെ അയാളുടെ തനിപ്പകർപ്പായി അവതരിപ്പിക്കുന്നതിൽ കലയൊന്നുമില്ല. അതു ചെയ്യാനുള്ള കലാശൂന്യത നമുക്ക് ഉണ്ടുതാനും. ദേവരാജന്റെ രൂപം സംവേദനസാന്ദ്രമായ ഒരു മനസ്സിൽ വീഴ്ത്തുന്ന ഉയർച്ചതാഴ്ച്ചകളും നിഴൽവെളിച്ചങ്ങളും അതേ പടി കൊത്തിവെച്ചാൽ, ഇതാണോ ദേവരാജൻ എന്ന് കാണികൾ ചോദിക്കും. അവർക്കുവേണ്ടിയാണല്ലോ കവലകളിൽ പ്രതിമകൾ മുളച്ചുവരുന്നത്. അവർക്കുവേണ്ടിയാണെങ്കിലും, രണ്ടു കൈകളും ഭുജത്തിന്റെ പകുതിക്കു വെച്ച് മുറിച്ചെടുത്തതുപോലെ കണ്ടപ്പോൾ വേദന തോന്നി.


രണ്ടാമത്തെ കാര്യം. ഞാൻ ആ പ്രതിമ മിനിയാന്നേ കണ്ടുള്ളു എന്നതിൽ അത്ഭുതം തോന്നി. ദേവരാജന്റെ ചരമവാർഷികത്തിന്റെ തലേന്നാൾ ആയിരുന്നു അതെന്നത് വെറും യാദൃച്ഛികത. എത്ര തവണ ആ വഴിയേ കടന്നു പോയിരിക്കുന്നു! ഒരിക്കലും കണ്ടില്ല, തിരിച്ചറിഞ്ഞില്ല. ആൾ മാറിപ്പോവാതിരിക്കാൻ പ്രതിമയുടെ താഴെ പേരും ശ്രദ്ധയോടെ എഴുതിവെച്ചിട്ടുണ്ട്. എന്നിട്ടും കണ്ടില്ല. എന്നെപ്പോലെ എത്ര പേർ അതു കാണാതെ കടന്നു പോകുന്നുണ്ടാവും! ആൽത്തറ മുക്കിൽത്തന്നെ ദേവരാജനെ പ്രതിഷ്ഠിക്കാൻ കാരണം? വേറെയുള്ള കൊള്ളാവുന്ന സ്ഥലമൊക്കെ സംവരണം ചെയ്തുകഴിഞ്ഞു കാണം! ദേവരാജന്റെ പേരിൽ ഒരു സംഗീതസഭയോ വിദ്യാലയമോ മതിയായിരുന്നില്ലേ? അങ്ങനെ പോയി എന്റെ കിറുക്കൻ വിചാരം.


ആളുകൾ മരിക്കാൻ കാത്തിരിക്കുകയാണ് നമ്മൾ പ്രതിമ ഉണ്ടാക്കാൻ. എവിടെ സ്ഥലമുണ്ടോ, അവിടെ പ്രതിമ ഉയരും. കേരളത്തിന്റെ മൊത്തം കണക്കെടുത്താൽ, ഏറ്റവുമധികം കാണുക നാരായണ ഗുരുവിനെയും ഇന്ദിര ഗാന്ധിയെയും ഏ കെ ജിയെയും ഇ എം എസ്സിനെയുമാവും. കൊത്തുപണിക്കാരന്റെ കഴിവുകേടിന്റെ അനുപാതത്തിൽ പ്രതിമകളിൽ വൈകൃതങ്ങൾ കാണും. പ്രതിമകളിലെ സൌന്ദര്യശൂന്യത കണ്ടു മടുത്തിട്ട്, ഒരിക്കൽ പി കെ ബാലകൃഷ്ണൻ, സംസാരത്തിനിടെ, പൊട്ടിത്തെറിച്ചു: “ആ നല്ല മനുഷ്യനെ കവലകളിൽ ഇട്ടു കാട്ടിയിരിക്കുന്നതു കണ്ടില്ലേ?” നാരായണ ഗുരുവിനെപ്പറ്റിയായിരുന്നു പരാമർശം. ഗുരുവിനെപ്പറ്റി ബാലകൃഷ്ണൻ രചിച്ച പുസ്തകം ഇന്നും കിടയറ്റതായി നിൽക്കുന്നു എന്നു കൂടി പറയട്ടെ.


കവലകളിലും കയറ്റങ്ങളിലും കവാടങ്ങളിലും പഞ്ചായത്തും നഗരസഭയും സർക്കാരും മുൻകയ്യും മുൻകാലും എടുത്ത് പടുത്തുയർത്തുന്ന പ്രതിമകൾ ഉണ്ട്. കൊടിയേന്തിയോ സലാം വെച്ചോ പുറമ്പോക്കിൽ ഞെട്ടിയുണരുന്ന പ്രതിമകളും ഉണ്ട്. അവയുടെയെല്ലാം സ്വഭാവം ഒന്നു തന്നെ: അനശ്വരത. ഉണ്ടായിപ്പോയാൽ നിലനിൽക്കും, കല്പാന്തം വരെ. തകരണമെങ്കിൽ, ഭൂമി പിളരണം, ആകാശം അടരണം. പെരുവഴിയുടെ നടുവിലാണ് പ്രതിമ പൊങ്ങുന്നതെങ്കിൽ, വഴി രണ്ടായി പിരിയും. വഴിക്കുവേണ്ടി പ്രതിമ ഇളക്കാൻ ആരും ധൈര്യപ്പെടില്ല. അതാണ് പ്രതിമയുടെ ശക്തി, ജീവിച്ചിരിക്കേ ഇല്ലാത്ത ശക്തി.


പ്രതിമാസ്ഥാപനം പോലെ ചിലവും വരവും ഇല്ലാത്തതാണ് വഴിക്കും വാസസ്ഥലത്തിനും പേരിടുന്നത്. പരേതനോടുള്ള ബഹുമാനാർത്ഥം ഇപ്പോൾ ചുളുവിൽ ചെയ്തുതീർക്കാവുന്ന ഒരു കര്യം പുള്ളിക്കാരന്റെ പേരിനെ ഒരു റോഡിന്റെ തുടക്കത്തിൽ അടിച്ചേൽ‌പ്പിക്കുകയാണ്. പരേതൻ മോശക്കാരനല്ല്ലെങ്കിൽ, റോഡിനല്ല, നഗറിനു തന്നെ മൂപ്പരുടെ പേർ വീഴും. കൂട്ടത്തിൽ പറയട്ടെ, ഇപ്പോൾ എവിടെയും നഗറുകളേ ഉള്ളു. നാട്ടിൻപുറങ്ങളും നന്മകളും കുറ്റിപ്പുറം പാലത്തിനടിയിലൂടെ ഒലിച്ചുപോയിരിക്കുന്നു. ഒരു പൊതുസ്ഥാപനവും ജനവും മനസ്സിരുത്തിയില്ലെങ്കിൽ, പരേതന് പരേതനാകുന്നതിനുമുമ്പുതന്നെ തന്നെ അനശ്വരനാക്കുന്ന നാമകരണം ഏർപ്പെടുത്താം. ആകാശവാണിയുടെ അടുത്തൊരിടത്ത് സ്ഥലം വാങ്ങി താമസമാക്കിയ ഒരാൾ, ഒരു ദിവസം അവിടെ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരെഴുതി ഒരു പലക കുത്തിനിർത്തി. പിന്നെ അതായി ആ നഗറിന്റെ പേർ. അതോടെ മൂപ്പരുടെ പഴയ പേർ--ചീത്തപ്പേർ-- ഒഴുകിപ്പോയെന്നു തോന്നുന്നു. പണം കട്ടതിന് അഞ്ചാറു കൊല്ലം അകത്തുകിടന്ന് ധനാഢ്യനായി പുറത്തുവന്ന മാന്യനെന്ന ചീത്തപ്പേർ അദ്ദേഹത്തിനുണ്ടായിരുന്നു. അതൊന്നും നോക്കിയല്ലല്ലോ പേരിടുക.


പണ്ടൊക്കെ സ്ഥലത്തിന്റെ പേരിൽ ആളുകൾ അറിയപ്പെട്ടു. ഇപ്പോൾ സ്ഥലം ആളിന്റെ പേരിൽ അറിയപ്പെടുന്നു. യമുനയുടെ തീരം അടുത്ത തലമുറ അറിയുക മായാവതിയുടെ പേരിലായിരിക്കും. ഒരു പക്ഷേ പ്രതിമാഭ്രമം ഇത്രയധികം പിടിപെട്ട വേറൊരു നേതാവ് അടുത്തൊന്നും ഉണ്ടാവില്ല. അവനവന്റെ രൂപം ഇത്രകണ്ട് ആസ്വദിക്കാൻ തോന്നുന്നതും ഒരു തരം രോഗം തന്നെ. പണ്ടൊരു യവനകഥാപാത്രം കുളക്കരയിലിരുന്ന് വെള്ളത്തിലെ പ്രതിബിംബം നോക്കി കോൾമയിർ കൊള്ളുമായിരുന്നു--മായാവതിയെപ്പോലെ. വെള്ളത്തിൽ ഒരു കല്ലു വന്നു വീണപ്പോൾ നാർസിസസ്സിനുണ്ടായ അനുഭവം മായാവതിക്കും ഉണ്ടാകും. അതുവരെ കൂടെക്കൂടെ പത്രങ്ങളിൽ വരുന്ന മുഴുപ്പേജ് പരസ്യങ്ങളിലുള്ള സ്വന്തം ചിത്രം നോക്കി രസിക്കാം. പത്രങ്ങൾക്ക് ചിരിക്കാം.


ഇതൊക്കെ പഠിപ്പിക്കുന്ന ഒരു പാഠം ഉണ്ട്--പഠിച്ചാലും ഇല്ലെങ്കിലും. നമുക്ക് ഒരു പ്രതിമാനയം വേണം? ആരുടെ പേർ റോഡിനിടാം? ആർക്കൊക്കെ പ്രതിമ വേണം? എവിടെയെല്ലാം പ്രതിമ ആകാം? അമേരിക്കയിലെ വില്യംസ്ബർഗ് എന്ന സ്ഥലത്ത് ഒരു പ്രതിമോദ്യാനം കണ്ടതോർക്കുന്നു. അവിടത്തെ രാഷ്ട്രാപതിമാരുടെയെല്ലാം പ്രതിമകൾ നിരന്നു നിൽക്കുന്നു. പക്ഷേ പരേതാത്മാക്കളുടെ മാത്രം; ജീവിച്ചിരിക്കുന്നവർക്ക് അവിടെ പ്രവേശനമില്ല. നമുക്ക് ആളുകൾ കൂടുതൽ ഉള്ളതുകൊണ്ട് സ്ഥലം കൂടുതൽ വേണം. കവല തോറും കൊത്തിയ രൂപം പൊങ്ങാതിരുന്നാൽ സ്ഥലത്തിന്റെ ഭംഗി പോവില്ല. പിന്നെ ഒരാൾ പോയി എത്ര കാലം കഴിഞ്ഞിട്ടു വേണം പ്രതിമ കൊത്താൻ എന്നൊരു ധാരണ പൊതുവായി ഉണ്ടായാൽ കൊള്ളാം. ഭാവിയിൽ പ്രതീക്ഷയും വർത്തമാനത്തിൽ വിശ്വാസവും ഭൂതകാലത്തിൽ അഭിമാനവുമുള്ള ഒരു സമൂഹം, ചരിത്രത്തിന്റെ ശക്തികളെ അല്പം മാറിനിന്നേ വിലയിരുത്തുകയുള്ളു.

(മാർച് പതിനെട്ടിന് തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)