Monday, April 6, 2009

ഉറങ്ങാന്‍ ഒരു നേരം!

ഓര്‍മ്മയുടെ അക്കരെനിന്നായിരുന്നു ശ്യാമപ്രസാദിന്റെ ചോദ്യം:
“സാര്‍ ഉറങ്ങിപ്പോയോ?”
വാസ്തവത്തില്‍ ഞാന്‍ മരിക്കുകയായിരുന്നു.

മുകളില്‍നിന്ന് വെളിച്ചം കോരിച്ചൊരിയുന്നു. ചുറ്റും പരിഭ്രമത്തിന്റെ രൂപങ്ങള്‍.
വലത്തുവശത്ത് നഴ്സുമാര്‍. നെറ്റിയില്‍ ഉരസുന്ന സാരിത്തുമ്പ്. ഇടത്ത് ഡോക്റ്റര്‍ ശാന്തന്‍.
വാതില്‍ക്കല്‍നിന്ന് ശാംദത്ത് ഉറ്റുനോക്കുന്നു, ചെരിഞ്ഞുനോക്കുന്നു,
ഒളിഞ്ഞും തെളിഞ്ഞും നോക്കുന്നു, ക്യാമറയിലൂടെ.

ഒരു വട്ടം. രണ്ടുവട്ടം. മൂനുവട്ടം.
പിന്നെ ആവര്‍ത്തനത്തിന്റെ അലകളില്‍ ഞാന്‍ മയങ്ങിക്കാണും,
ചൂടും വെളിച്ചവും വിയര്‍പ്പും ബഹളവും രസിച്ചുകാണും.

ഉണരാത്ത ഉറക്കാത്തില്‍നിന്നു ചാടിയെണീറ്റ ഒരു ഹങ്കേറിയന്‍ എഴുത്തുകാരനെ
ഓര്‍ത്തുപോകുന്നു. ദ് ലാസ്റ്റ് മേനുസ്ക്രിപ്റ്റ് എന്ന ചിത്രത്തിലെ ആ കഥാപാത്രം,
ശവപ്പെട്ടിയുടെ മൂടി തട്ടിമാറ്റി പുറത്തുവരികയായിരുന്നു, തന്റെ ഡയറി ആരെങ്കിലും
അടിച്ചെടുക്കുമോ എന്ന പേടിയോടെ. അങ്ങനെ ഒരു പേടി തോന്നാന്‍
സ്വന്തമായി അത്രക്കൊന്നും ഇല്ലാത്തത് എന്റെ ഭാഗ്യം.

എന്നാലും, ഭയവും ദുഖവും പരിഭ്രമവുമൊക്കെ തുടിക്കുകയും നടിക്കുകയും ചെയ്യേണ്ട നേരത്ത്
ഒരാള്‍ ഉറങ്ങിപ്പോകുക. അതത്ര പന്തിയല്ല. ആ പന്തികേട് ഓര്‍ത്ത് ശ്യാമപ്രസാദ്
ചിരിക്കുകയായിരുന്നോ അതോ...? ശ്യാമിന്റെ “ഋതു”വിലെ രാമവര്‍മ്മയുടെ മരണം ആയിരുന്നു രംഗം.
മരണം അഭിനയിക്കുന്ന നടന്‍ ഉറങ്ങിപ്പോകുന്നതുകണ്ട്, പുഴ ചിരിക്കുന്നോ, പുഴ കരയുന്നോ...?

തലേന്നും ശ്യാമിന്റെ ചോദ്യം ‍തൊടുത്തിരുന്നു, വേറൊരാള്‍. മുടി പറ്റെ വെട്ടി രാമവര്‍മ്മയെ
രൂപപ്പെടുത്തി എടുത്ത ചെറുപ്പക്കാരന്‍. അയാളുടെ ‘തപസ്യ‘ ഒരു മിനിറ്റിലേറെ
നീണ്ടുപോയപ്പോള്‍ എന്റെ കണ്‍പോളകള്‍ക്ക് കനം കൂടി. കത്രികകളുടെ മന്ത്രവും
വിരലുകളുടെ തന്ത്രവും ആകുമ്പോള്‍ ഞാന്‍ ഉറങ്ങും--ഒരു പതിവുപോലെ. മുടിമുറിശീലര്‍
ഊറിച്ചിരിക്കും--വേറൊരു പതിവുപോലെ.

ചിരിയല്ല, ആത്മാവില്‍ ചൊറിയാകും ശാരിക്ക് തോന്നുക എനിക്ക് ഉറക്കം വരുമ്പോള്‍.
അതാകട്ടെ ഒരു മുന്നറിയിപ്പുമില്ലാതെ വരികയും ചെയ്യും. പ്രപഞ്ചത്തിന്റെ ഉത്ഭവം മുതല്‍
പരിപ്പിന്റെ എപ്പോഴും കൂടുന്ന വിലവരെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ പറ്റിയ വേദി
കിടക്കയാണെന്നു കരുതുന്നയാളാണ് ശാ‍രി. പക്ഷേ ചര്‍ച്ചയുടെ തുടക്കത്തില്‍ത്തന്നെ,
പലപ്പോഴും മൂന്നാമത്തെയോ നാലാമത്തെയോ വാക്യത്തിന്റെ പകുതിക്കുവെച്ച്, എന്റെ
താളത്തിലുള്ള മൂളല്‍ നിലക്കും. അല്ലെങ്കില്‍, കയ്പക്കയുടെ കയ്പ്പിനെപ്പറ്റി ശാരി പറഞ്ഞുവരുമ്പോള്‍,
ഗാന്ധിയുടെ ആട്ടിന്‍കുട്ടിയെപ്പറ്റിയായിരിക്കും എന്റെ കുഴഞ്ഞ മറുമൊഴി. അപ്പോള്‍ ഉറക്കം
മുളപ്പിക്കുക ചിരിയല്ല, ഇഞ്ചിയാകും.

മറ്റുള്ളവരുടെ പ്രസംഗം കേട്ടാല്‍ ഉറങ്ങിപ്പോകുന്നവരുടെ കൂട്ടത്തിലായിരുന്നു നായനാര്‍.
ഒപ്പത്തിനൊപ്പം നില്‍ക്കും ദേവഗൌഡ. അവരുടെ നിലയിലേക്ക് ഞാന്‍ നീങ്ങില്ല. എന്റെ
സ്ഥാനം ഒരു പക്ഷേ ഒരു പടി മുന്നിലേ ആകൂ. പണ്ടൊരിക്കല്‍, ഒരു ടെലവിഷന്‍ ചാനലില്‍,
കേമന്‍മാരുമായി അഭിമുഖം നടത്തിയിരുന്ന കാലത്ത്, എന്റെ പല ചോദ്യങ്ങളും ഉറക്കത്തില്‍
പൊതിഞ്ഞവയായിരുന്നു. അതിഥി നീണ്ടതും പണ്ഡിതോചിതവുമായ ഒരു മറുപടി തന്നുകഴിഞ്ഞാല്‍,
ഉടനേ എന്റെ നാവില്‍ ഉണരേണ്ട ചോദ്യം മയക്കത്തിലായിരിക്കും. ചോദ്യം ഉറങ്ങുന്ന അഭിമുഖങ്ങളെ
രക്ഷിച്ചുപോന്ന, ‍എല്ലാം കണ്ടറിഞ്ഞുചെയ്തിരുന്ന എന്റെ പ്രൊഡ്യൂസര്‍ക്ക് നന്ദി.

അങ്ങനെ ഉറങ്ങുന്നവരെ എനിക്ക് ഇഷ്ടമല്ല--അവരില്‍ ഞാനും പെടുമെങ്കിലും. മടിച്ചും മുഷിഞ്ഞും
ഉണരുന്നവരേയും എനിക്ക് ഇഷ്ടമല്ല. പാലൂരിന്റെ സുന്ദരിയെ ഞാന്‍ സ്നേഹിക്കുന്നു; പക്ഷേ “ഉറക്കം
തൃപ്തിയാകാതെ ഉണര്‍ന്നോരു സുന്ദരിപോല്‍ പതുക്കെ കണ്‍മിഴിക്കുന്ന പുലരി”യെ ഞാന്‍ സ്നേഹിക്കുന്നില്ല.
ടോള്‍സ്റ്റോയ് ഇടക്കൊന്ന് അവതരിപ്പിച്ചുപോയ പ്ലാറ്റണ്‍ കരാട്യേവ് ആണ് എന്റെ സ്നേഹപാത്രം.
നേരമാകുമ്പോള്‍ ചുരുണ്ടുകൂടി കൂര്‍ക്കം വലിക്കുകയും, വീണ്ടും നേരമാകുമ്പോള്‍ ചാടിയെണീറ്റ് ജോലി
തുടരുകയും ചെയ്യുന്ന, കിളികള്‍ പാടും പോലെ പാടുകയും ചെടികള്‍ ചിരിക്കും പോലെ ചിരിക്കുകയും
ചെയ്യുന്ന, ഉറക്കത്തെ തന്റെ വരുതിയില്‍ നിര്‍ത്തുന്ന നിറം മങ്ങിയ മനുഷ്യന്‍.

അത്രയും ഗീര്‍വാണമായപ്പോള്‍, എന്തോ ഓര്‍ത്തിട്ടെന്നപോലെ, ശ്യാമപ്രസാദ് കുറ്റിത്താടി തടവി.
വെള്ളയണിഞ്ഞ സ്ത്രീകള്‍ സ്ഥലം വിട്ടിരുന്നു. വെളിച്ചത്തിന്റെ വര്‍ഷവും നിലച്ചിരുന്നു.

(തേജസ്സില്‍ ഏപ്രില്‍ ആറിന് പ്രസിദ്ധീകരിച്ചത്)