വിധുബാലയെ ഞാൻ പരിചയപ്പെട്ടിട്ടില്ല. അവരുടെ അഛന്റെ അനിയൻ എന്റെ പത്രത്തിന്റെ എഡിറ്റർ ആയിരുന്നു--പക്ഷേ ഞാൻ അതിൽ ചേരും മുമ്പ്. അവരുടെ അഛനെ ഞാൻ ഒരിക്കൽ കണ്ടു സംസാരിക്കാൻ ഇടയായി, കോഴിക്കോട്ടു വെച്ച്. കോഴിക്കോട്ടെ ഒരു കോളെജിൽ കുറെക്കാലം അദ്ദേഹം അധ്യാപകൻ ആയിരുന്നല്ലോ.
ഇന്ദ്രജാലത്തിലും ഇംഗ്ലിഷ് അധ്യാപനത്തിലും അദ്ദേഹം പ്രൊഫസർ തന്നെയായിരുന്നു. പക്ഷേ പ്രൊഫസർ ഭാഗ്യനാഥനോ അദ്ദേഹത്തിന്റെ പ്രശസ്തപുത്രി വിധുബാലയോ അല്ല നമ്മുടെ വിഷയം. നമ്മുടെ വിഷയം എന്നെ കൂടെക്കൂടെ ചിന്തിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യം ചർച്ച ചെയ്യുന്ന വിധുബാലയുടെ അമൃത ടിവിയിലെ പരിപാടിയാണ്. അത് വെറും കഥയല്ല. “കഥയല്ലിത്, ജീവിതം“ എന്നാണ് പരിപാടിയുടെ പേരു തന്നെ.
ആദ്യം പരിപാടിയുടെ ഒന്നു രണ്ടു പോരായ്മ പറയട്ടെ. ഒതുക്കം കുറഞ്ഞ, നീണ്ടുനീണ്ടു പോകുന്ന സ്ഥൂലമായ സംഭവവിവരണങ്ങൾ. അറിയപ്പെടുന്നവരാരും പ്രത്യക്ഷപ്പെടാത്ത രംഗങ്ങൾ. അവരുടെ ഇടയിലും “കഥയല്ലിത്, ജീവിത”ത്തിന്റെ പ്രമേയം ഉദഗ്രമായി തെളിഞ്ഞു വരുന്ന സ്ഥിതിക്ക്, അവരുടെ സാന്നിധ്യം രസകരമാകുമായിരുന്നു. അതില്ലാത്തതുകൊണ്ട് ചിലരെങ്കിലും സാധാരണക്കാരുടെ മാത്രം ദാമ്പത്യപ്രശ്നം പരസ്യമാക്കുന്ന ഈ പരിപാടി വരേണ്യരുടെ വിനോദത്തിനേ ഉപകരിക്കുകയുള്ളു എന്നു പറയുന്നവരുണ്ടാകും.
കാണികളെ ഭ്രമിപ്പിക്കാൻ തീരുമാനിച്ചിറങ്ങുന്ന അവതാരകരുടെ ഭാവഹാവങ്ങളോ വേഷഭൂഷകളോ ഇല്ലാതെ വിധുബാല സ്വാഗതം പറയുമ്പോൾ ടിവിയിൽ സൌമനസ്യം വിടരുന്നതു കാണാം. ഔപചാരികതയില്ലാത്ത വാക്കും നോക്കും. സ്വന്തം കഥ പറയാൻ വരുന്ന ദമ്പതികളുടെ വാഗ്വാദം തികഞ്ഞ വഴക്കിലെത്തുമ്പോഴേ അവതാരകയുടെ ശബ്ദത്തിൽ സംഘർഷം കലരുകയുള്ളു. അതില്ലാത്തപ്പോൾ മനുഷ്യബന്ധങ്ങളുടെ വളവുകളുടെയും വൈചിത്ര്യങ്ങളുടെയും കഥയോ കഥയില്ലായ്മയോ കേട്ട് അവരും കാണാമറയത്ത് ഇരിക്കുന്ന കാണികളെപ്പോലെ ഊറിച്ചിരിച്ചെന്നുവരും. ചിരിക്കേണ്ടതല്ല, കരയേണ്ടതോ കയർക്കേണ്ടതോ ആണ് കാര്യമെന്നത് വേറെ കാര്യം.
ആളുകൾ തമ്മിലടിക്കുന്നതാണ് ചുരുക്കിപ്പറഞ്ഞാൽ പരിപാടിയുടെ വിഷയം. തമ്മിലടിച്ചു പിരിയാൻ പോകുന്ന ദമ്പതികളെ, അവരുടെ ബന്ധുക്കളെയും, അരങ്ങേറ്റുകയാണ് ദിവസവും വിധുബാല. ഭാര്യയെ ഉപേക്ഷിച്ചുപോകുന്ന ഭർത്താക്കന്മാരെ നമുക്ക് അറിയാം, രാമന്റെയും ദുഷ്യന്തന്റെയും കാലം മുതൽ. അവരെ മാത്രമല്ല, കുടുംബം ഉപേക്ഷിക്കുകയോ ബന്ധം വേർ പെടുത്തുകയോ ചെയ്യാതെ, “നയവും അഭിനയവും” കലഹവുമായി നട്ടം തിരിയുന്ന ദമ്പതികൾ അവരുടെ കഥ പറയുന്നു. കഥയല്ലിത്, ജീവിതം. കഥ അനിവാര്യമായും കലഹവും ആരോപണവർഷവുമായി മാറുന്നു. അതൊക്കെ ചെയ്തുകഴിഞ്ഞാൽ, അതും പരസ്യമായി ചെയ്തുകഴിഞ്ഞാൽ, ഉടയുന്ന ബന്ധങ്ങളുടെ കണ്ണികൾ ഒരു വേള വീണ്ടും ഉരുകിച്ചേർന്നെന്നു വരാം. ആ അർഥത്തിൽ ബന്ധങ്ങളുടെ പുനസ്സൃഷ്ടിക്കുവേണ്ടിയുള്ള ഒരു സംപ്രേഷണമാകുന്നു കഥയല്ലിത്, ജീവിതം.
ക്ഷമയുണ്ടെങ്കിൽ, ആളുകൾ തമ്മിലടിച്ചുപിരിയുന്നതിന്റെ രീതികളും കാരണങ്ങളും വിധുബാലയോടൊപ്പം കേട്ടിരിക്കുന്നത് രസാവഹമായിരിക്കും. കാരണങ്ങളും ആരോപണങ്ങളും പ്രതികരണങ്ങളൂം എത്ര അസംബന്ധമാകാമെന്നോ? എത്ര നിസ്സാരമോ ദുരൂഹമോ ആകാമെന്നോ? കണ്ണീർപ്പാടത്തിന്റെ വേരുകളും വിളകളും വൈലോപ്പിള്ളി വിചാരിച്ചതിലും ചിത്രീകരിച്ചതിലും എത്രയോ ഏറെ വിഷമം ബാധിച്ചതായി തോന്നുന്നു. അവിശ്വാസമോ പണമോ കാപട്യമോ ബന്ധിക്കളുടെ ഇടംകോലുകളോ എന്താണ് കുടുംബം കലക്കുന്നതെന്ന് ഒറ്റയടിക്ക് പറയാൻ വയ്യ. കനകം മൂലവും കാമിനി മൂലവും മാത്രമേ ഉലകിൽ കലഹം സുലഭമാകുകയുള്ളുവെന്ന നിഗമനം കുഞ്ചൻ നമ്പ്യാരുടെ ചിരിയിൽ മാത്രമേ നിലനിൽക്കുകയുള്ളു.
എന്തിന്റെ പേരിലും വഴക്കു തുടങ്ങാം. തുടങ്ങിയാൽ പിന്നെ പരസ്പരം എന്തും പറഞ്ഞുപോകാം. തമ്മിലടിക്കുന്നവരുടെ പ്രതികരണങ്ങളിൽ കാണുന്ന ബാലിശത്വം തോമസ് ഹാരിസ് എന്ന മനശ്ശാസ്ത്രജ്ഞന്റെ പ്രശസ്തമായ I Am OK, You Are Ok എന്ന പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. വിശേഷിച്ച് ഒരു കാരണവുമില്ലാതെ, “ഒന്നും രണ്ടും പറഞ്ഞ് അവർ അടിയായി” എന്നു പറയാറില്ലേ? അതുപോലെ, നിസ്സാരമെന്നു തോന്നാവുന്ന കൊച്ചുകൊച്ചുകാര്യങ്ങളും കാര്യക്കേടുകളും എടുത്തിട്ട് വഴക്ക് തുടങ്ങുന്നു, തുടങ്ങിയാൽ പിന്നെ അടിക്കടി വഷളാക്കുന്നു--വേർ പിരിയും വരെ.
ഇനി ഇവരുടെയൊപ്പം എനിക്കു പൊറുക്കാൻ വയ്യ എന്നു പരസ്യമായി പറയുന്ന
ഭർത്താവ്. ഭർത്താവ് തന്നെ മനോരോഗിയാക്കി ചികിത്സിക്കാൻ ശ്രമിക്കുന്നുവെന്ന് ആവലാതിപ്പെടുന്ന ഭാര്യ. അങ്ങനെ അങ്ങനെ പരാതികളും പരിഹാരമില്ലാത്ത പ്രശ്നങ്ങളും ടിവിയിലൂടെ കെട്ടഴിഞ്ഞു വീഴുന്നു. ഒരിക്കൽ പറയുന്നതെല്ലാം പാഴ്മൊഴിയാകുമെന്നു ഭയന്ന് അമ്മയുടെ വാ പൊത്തുന്ന മകളെ കാണുകയുണ്ടായി. മകളുടെ ഭർത്താവിനെ കുത്തിക്കൊല്ലുമെന്നു പറയുന്ന ഒരു അമ്മയെ മറ്റൊരിക്കൽ കണ്ടുമുട്ടി. ആദ്യഭർത്താവിൽ ഉണ്ടായ കുട്ടിയുടെ കാര്യം പറഞ്ഞ്, നില്വിലുള്ള ഭർത്താവിനെ ആക്ഷേപിക്കുകയും ആക്രോശിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരി വിധുബാലയുടെ ക്ഷമ പരിശോധിക്കുകയായിരുന്നു.
വേദിയിൽ സഗൌരവം ഉപവിഷ്ടരായിരുന്ന ന്യായാധിപനോടും അഭിഭാഷകനോടും സാമൂഹ്യപ്രവർത്തകയോടുമായി ക്രുദ്ധയായ ഒരു ഭാര്യ ഇങ്ങനെ ചോദിക്കുന്നതു കേട്ടു.
“മകൾ പറയുന്നു, അവളുടെ ഒപ്പം കിടക്കാൻ. ഭർത്താവ് പറയുന്നു, അദ്ദേഹത്തിന്റെ ഒപ്പം കിടക്കാൻ. ഞാൻ ആരുടെ ഒപ്പം കിടക്കണം, സാർ, പറയൂ.” ഉത്തരം പറയാൻ വിഷമമായ ചോദ്യം കേട്ട് ചെറുപ്പക്കാരിയായ സാമൂഹ്യപ്രവർത്തക കുലുങ്ങിച്ചിരിച്ചു. ഉദ്യോഗമൊഴിഞ്ഞ ന്യായാധിപൻ തടിച്ച കണ്ണടയിലൂടെ അനന്തമായി കിടക്കുന്ന അന്തരീക്ഷത്തിലേക്കു നോക്കി. ഉത്തരം പറയാൻ തനിക്കു ബാധ്യതയില്ലെന്നോർത്തായിരിക്കണം, വിധുബാല മറ്റു ചിന്തകളിലേക്കും ചോദ്യങ്ങളിലേക്കും കിടന്നു.
അത്യാവശ്യം പരിഷ്ക്കാരങ്ങൾ വരുത്തിയാൽ കചന്റെയും ദേവയാനിയുടെയും പ്രണയം പോലെ, കല്പാന്തകാലത്തോളം തുടരാവുന്നതാണ് കഥയല്ലിത്, ജീവിതം. ശണ്ഠകളും സംശയങ്ങളും അത്ര കലുഷമാക്കിയിരിക്കുന്നു നമ്മുടെ കുടുംബജീവിതത്തെ. ദാമ്പത്യത്തിലെ ശണ്ഠകൾ കണ്ടു വളർന്ന കുട്ടികൾ ദാമ്പത്യമേ വേണ്ടെന്നു പറഞ്ഞു നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അങ്ങനെയൊരു തീവ്രവാദം സ്വീകരിച്ചാൽ എല്ലാം താളം തെറ്റും. വഴക്കുണ്ടാകും. അതു പിന്നെപ്പെന്നെ, തമ്മിൽത്തമ്മിൽ പറഞ്ഞോ, പറയാതെയോ, തീരും. എല്ലാ വ്രണങ്ങളെയും ഉണക്കുന്നതും എല്ലാ ശണ്ഠകളെയും ശമിപിക്കുന്നതുമാണ് കാലം. വേറൊരു വഴിക്ക് ആലോചിക്കാൻ ഇണകളെ, ഒറ്റക്കോ ഇരട്ടക്കോ, പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യാൻ ആളുണ്ടെങ്കിൽ ചിലപ്പോൾ സമാധാനം കണ്ടേക്കും. ആയിരം പൊരുത്തം പ്രവചിച്ചു കേട്ടിട്ടും പൊരുത്തപ്പെടാത്തവർക്ക് പിരിയാനുള്ള വഴി കാണിച്ചു കൊടുക്കുകയേ നിവൃത്തിയുള്ളു. അതിനും വിധുബാലയുടെ പരിപാടി ഉതകും. പക്ഷേ അടിസ്ഥാനമായ ഉദ്ദേശ്യം വഴക്ക് പറഞ്ഞു തീർക്കുക തന്നെയാണ്. പറഞ്ഞു തീർക്കാവുന്നവയാണ് പലതും.
വിധുബാലയുടെ പരിപാടി കണ്ടുകൊണ്ടിരുന്നപ്പോൾ പൊളിഞ്ഞ പല ബന്ധങ്ങളും ഞാൻ പെട്ടെന്നോർത്തുപോയി. പൊളിയാനും പിരിയാനും ഉണ്ടായ കാരണങ്ങളുടെ ക്ഷുദ്രത ഉള്ളിൽ തട്ടി, വീണ്ടും വീണ്ടും. പണ്ടൊരിക്കൽ പിരിയാൻ പോകുന്ന മട്ടിൽ തമ്മിൽ തല്ലിയിരുന്ന യുവദമ്പതികളെ ഞാൻ മനസ്സിൽ കണ്ടു. ഓരോ തവണയും വഴക്ക് മൂക്കുമ്പോൾ യുവതി ഞങ്ങളുടെ വീട്ടിൽ ഓടിയെത്തും. ഞങ്ങളുടെ വീട്ടിൽ വരാതെ, യുവാവ് ചുമരിനപ്പുറത്തുനിന്ന് മുറുമുറുക്കും. ഒരിക്കൽ അടിയായപ്പോൾ, ഞങ്ങൾ ഇടപെട്ടു. യോജിപ്പിനുള്ള ഫോർമുല ഉണ്ടാക്കി. ഫോർമുലയിലെ ഒരു വ്യവസ്ഥ യുവതി ഞങ്ങളുമായി ഇടപഴകരുതെന്നായിരുന്നു. അവരുടെ നന്മക്കുവേണ്ടി ഞങ്ങൾ യുവതിയുമായി അകൽച നടിച്ചു.
ഫോർമുല പോലെത്തന്നെ അസംബന്ധമായ കാരണങ്ങളും കരണങ്ങളും. കുശലം പറയാൻ വേണ്ടി ഒരു സന്ധ്യക്കു കയറിവന്ന, ഉദ്യോഗം ഒഴിഞ്ഞ, രണ്ടുപേരുടെ രീതികൾ ഞങ്ങളെ അത്ഭുതപ്പെടുത്തി. കുശലം കഴിഞ്ഞപ്പോൾ, ഒന്നും രണ്ടും പറഞ്ഞ് അവരുടെ ശണ്ഠ മൂത്തു. അവർ തമ്മിൽ അത്ര മൂത്ത ശണ്ഠ ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് ആരും സംശയിക്കില്ല. പറഞ്ഞുപറഞ്ഞു വന്നപ്പോൾ, ഇത്ര രോഷം എവിടെ കെട്ടിക്കിടന്നിരുന്നുവെന്നായി എന്റെ ആലോചന. ഉപയോഗിക്കാൻ ഒരിക്കലും കൊള്ളാത്ത വാക്കുകളും ആരോപണങ്ങളും ഭാര്യക്കെതിരെ ആഞ്ഞെറിയുന്ന ബിരുദാനനന്തരബിരുദാനന്തരബിരുദമുള്ള വേദാന്തസാഹിത്യപണ്ഡിതനായ ഭർത്താവ്. ഒരക്ഷരം മിണ്ടാതെ അന്തം വിട്ടിരിക്കുന്ന പ്രൊഫസർ ഭാര്യ. ഇടക്കു കയറി ഞങ്ങൾക്ക് ഒന്നും പറയാൻ അവസരം തരാത്തതായിരുന്നു സന്ദർഭം. ശണ്ട നിർദ്ധാരണം ചെയ്യാനുള്ള ശ്രമം പുലരുന്നതുവരെ നീണ്ടുപോയി. അതിനിടെ ഗർജ്ജനങ്ങളും ഭീഷണികളും വിളംബരങ്ങളും ഉണ്ടായി. ഒടുവിൽ യാത്രയില്ലാതെ അവർ പിരിയുമ്പോൾ ഞാൻ ഭയപ്പെട്ടു: പറഞ്ഞതുപോലെ ആരെങ്കിലും എന്തെങ്കിലും ചെയ്തുകളയുമോ?
അവർ വിധുബാലയുടെ പരിപാടിയിൽ പ്രത്യക്ഷപ്പെടില്ല. പക്ഷേ പരിപാടിയിൽ പ്രത്യക്ഷപ്പെടാത്തവരുടെ ജീവിതത്തെയും അതു സ്പർശിക്കാം. അവരുടെ മനസ്സിൽ ആത്മപ്രിശോധനക്കും തിരുത്തലിനും അവസരമൊരുക്കാവുന്ന പുതിയ ചോദ്യങ്ങൾ പുതിയ ശബ്ദത്തിൽ അതു വഴി ഉന്നയിക്കപ്പെടാം. ചില തകരുന്ന ബന്ധങ്ങളെങ്കിലും അങ്ങനെ രക്ഷിക്കപ്പെടാം. വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സുഹൃദ്ബന്ധങ്ങളൂഴിയിൽ എന്ന വാക്യം വേദാന്തമായിരിക്കുന്നിടത്തോളം, ഇത്തരം രക്ഷാപ്രവർത്തനം ഏറെ പ്രസക്തമായിരിക്കും.
(malayalam news december 26)