Thursday, April 22, 2010

കാലക്ഷേപം
നന്ദി നിറഞ്ഞ കുറെ ഓർമ്മകൾ


പ്രക്ഷേപണത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കുകയാണ് ആകാശവാണി. കേൾപ്പിക്കുന്നവരുടെയും കേൾവിക്കാരുടെയും ഓർമ്മകൾ പകർത്തിക്കൊണ്ടാണ് ആഘോഷം. കൂട്ടത്തിൽ എന്റെ ഓർമ്മയും പകർത്തി. എന്റെ പുഷ്കലകാലത്തെ പത്തുകൊല്ലം ചെലവാക്കിയത് ആകാശവാണിക്കുവേണ്ടിയായിരുന്നു--കോഴിക്കോട്ടും ഐസോളിലും തിരുവനന്തപുരത്തും ഡൽഹിയിലും. കുറെ വീരസ്യങ്ങളും വികല്പങ്ങളും ഞാനും ഓർത്തുരസിച്ചു. ഓർക്കാതെ പോകുന്നവയാണ് പലപ്പോഴും സാരമായ കാര്യങ്ങൾ എന്നു തോന്നുന്നു. ആഘോഷത്തിനുവേണ്ടി ഓർത്തെടുക്കാത്ത എത്രയോ ചെറിയ വലിയ കാര്യങ്ങൾ ഞാൻ പിന്നീട് ഓർത്തുപോയി.

കോഴിക്കോട്ട് കടപ്പുറത്തെ പഴയ ഒരു കെട്ടിടമായിരുന്നു ആകാശവാണീമന്ദിരം. ശബ്ദലേഖനമില്ലാത്ത കാലത്ത് ബാലകൃഷ്ണൻ നായർ തുടങ്ങിയ ആദ്യപ്രക്ഷേപകർ അവിടെ വിജയപൂർവം ഏറ്റെടുത്ത വെല്ലുവിളികളുടെ പുരാവൃത്തം എന്നും എനിക്ക് ഹരമായിരുന്നു. അവർ കയറിയിറങ്ങിയ മരക്കോണി എന്റെ കാൽക്കീഴിലും അരിശപ്പെട്ടു. കോണി കയറി, ഇടുങ്ങിയ ഇടനാഴിയിലൂടെ നാലടി നടന്ന് ഇടത്തോട്ടു തിരിഞ്ഞാൽ വലിയ ഒരു തളമായി. തളത്തിനപ്പുറം, ഇടത്തുമാറി വീതി കുറഞ്ഞ ഒരു വരാന്ത. വരാന്തയുടെ രത്തറയിൽ അവിടവിടെ കീറിയ, മഞ്ഞളിച്ച കയറ്റുപായ കിടന്നുരുണ്ടു. പൊടിയുടെ മാറാത്ത മണം അന്തരീക്ഷത്തിന്റെ പ്രാചീനത സാക്ഷ്യപ്പെടുത്തി. വരാന്തയുടെ തട്ടിൽ രണ്ടു കപ്പികൾ. അതിൽ ചരടിട്ടു വലിച്ചാൽ, അകത്തെ മുറിയിൽ ഉറങ്ങുന്ന പരന്ത്രീസ് പാതിരിക്ക് കാറ്റു കിട്ടും. പാതിരിയുടെ കൂർക്കം വലിയെപ്പറ്റിയുള്ള കേട്ടറിവും പങ്ക വലിച്ചിരുന്ന ജീവിയെപ്പറ്റിയുള്ള സങ്കല്പവും എന്നെ അസ്വസ്ഥനാക്കി. കാഴ്ച മാത്രമായ ആ കപ്പികളുടെ കീഴെ വാർത്തകൾ തയ്യാറായി.

വാർത്തയുമായി നേരിട്ടു ബന്ധമില്ലാത്തവരായിരുന്നു വാർത്താവിഭാഗത്തിലെ വിരുന്നുകാർ അധികവും. നീണ്ട മുടി മേലോട്ട് കോതിയൊതുക്കി, നരച്ച താടി തടവി, അറ്റൻഡർ നമ്പ്യാർ വന്നു--സൈഗളിന്റെ ഗാനവുമായി. ഭംഗിയില്ലാതെ, പക്ഷേ അഭിനിവേശത്തോടെ, നമ്പ്യാർ ഞങ്ങളെ കേൾപ്പിച്ചിരുന്ന പാട്ടിൽ ഞാൻ പരാധീനതകൾ കേട്ടു. നമ്പ്യാരെക്കാൾ ധനികനായിരുന്നില്ല കണ്ണിറുക്കിയും സ്വകാര്യം പറഞ്ഞും തുള്ളിച്ചാടി നടന്നിരുന്ന ഗംഗാധരൻ. ശോകഗാനം ഗംഗാധരന്റെ ചുണ്ടിൽ വഴങ്ങുന്നതായിരുന്നില്ല. ആവശ്യമില്ലാത്ത കുറെ കീശകളുള്ള ഖാദി കോട്ട് യൂനിഫോമായി അണിയേണ്ടിവന്നതിലെ നാണക്കേടായിരുന്നു ഗംഗാധരന്റെ സ്ഥായീഭാവം.

വരാന്തയുടെ ഇടത്തേ വശത്തെ തളത്തിൽ പകലും ഇരുട്ടായിരുന്നു. ട്യൂബ് ലൈറ്റ് തെളിച്ചില്ലെങ്കിൽ, ഒന്നും കാണില്ല. ഒന്നും കാണേണ്ടെന്നോ ആരും കാണരുതെന്നോ കരുതി, ഒരാൾ തളത്തിന്റെ ഇടത്തേ മൂലയിൽ ഇരുട്ടുമായി മത്സരിച്ച് ഇരുപ്പുണ്ടാകും. എല്ലാവരും എത്തുന്നതിനു മുമ്പ് എത്തിയാലും, കൃത്രിമമായ വെളിച്ചത്തിനുവേണ്ടി സ്വിച്ചിടാൻ ആ മനുഷ്യൻ മെനക്കെടുകയില്ല. ഉള്ള വെളിച്ചം മതി വികാരത്തിന്റെ പുതിയ ഒരു ഉലകം തീർക്കാൻ എന്നതായിരുന്നോ ഭാവം? ചോദിച്ചിട്ടില്ല. ചോദിച്ചാൽ, ഒരു ചിരി ഉത്തരമായി കിട്ടിയാൽ ആയി. കുറ്റിത്താടിയും വിറളി പിടിച്ച മുടിയുമുള്ള ആ മനുഷ്യൻ തന്റെ ഇരിപ്പിടം വിട്ട് എവിടെയെങ്കിലും പോകുന്നെങ്കിൽ, അത് വാർത്താവിഭാഗത്തിലായിരുന്നു.

ഒരു ദിവസം താടി വടിച്ച്, മുടി എണ്ണ പുരട്ടി ചീകി, പതിവില്ലാതെ അലക്കിത്തേച്ച വസ്ത്രവുമായി ആ മനുഷ്യനെ കണ്ടപ്പോൾ, എല്ലാം ഊഹിച്ചറിയുന്ന തിക്കോടിയൻ ചോദിച്ചു: “ഇന്നെവിടെയാണ് പ്രസംഗം?” അങ്ങനെയൊരവസരത്തിലേ അദ്ദേഹം അണിഞ്ഞൊരുങ്ങിയിരുന്നുള്ളു. പതിഞ്ഞ ചിരിയായിരുന്നു അതിനും ഉത്തരം. തന്നെ നോക്കി, തന്റെ വേഷം നോക്കി, ചിരിക്കാൻ അദ്ദേഹത്തിന് രസമായിരുന്നു. ഒരു ദിവസം ബസ്സിൽ കയറി ടക്കറ്റിന് പത്തു രൂപ കൊടുത്തു. പതിവു പോലെ, കണ്ടകറ്റർ ബാക്കി പിന്നെ കൊടുക്കാമെന്ന് ആംഗ്യം കാട്ടി. നല്ലളത്ത് ഇറങ്ങാറായപ്പോൾ കുറ്റിത്താടിക്കാരൻ ബാക്കിക്ക് കൈ നീട്ടി. കണ്ടക്റ്റർ തട്ടിക്കേറി. “കള്ളപ്പണി പറ്റിച്ച് പണം തട്ടാനുള്ള പരിപാടിയാണോടോ” എന്ന് അയാൾ ആക്രോശിച്ചപ്പോൾ, യാത്രക്കാർ അയാളുടെ വശം ചേരുന്നതു പോലെ തോന്നി. തടി വെടക്കാകാത്തതിന് നന്ദി മന്ത്രിച്ചുകൊണ്ട് കുറ്റിത്താടിക്കാരൻ ഇറങ്ങിപ്പോന്നു. ആ നന്ദി വീണ്ടും ഉരുക്കഴിക്കുമ്പോൾ കെ എ കൊടുങ്ങല്ലൂർ പതിവില്ലാതെ ഊറിച്ചിരിച്ചു.

കൊടുങ്ങല്ലൂർ ഒരു സ്ഥലമല്ലേ, ആളുടെ പേരാകുന്നതെങ്ങനെ? ഒരു ദിവസം ഞാൻ സ്വാതന്ത്ര്യത്തോടെ ചോദിച്ചു. മൌനമായിരുന്നു മറുപടി. പിന്നെ, എനിക്ക് ഒരു സൌജന്യം അനുവദിച്ചതുപോലെ പറഞ്ഞു: “അബ്ദുള്ള എന്നു കൂട്ടിക്കോളൂ. എ ചേരുന്ന വേറെ ഏതു പേരായാലും കൊള്ളാം. പേരിൽ എന്തിരിക്കുന്നു...?“ ജെ ഡി ടി ഇസ്ലാമിലെ ക്ലാസുമുറികളിലൂടെ കേട്ടുറപ്പിച്ച ഷേക്സ്പിയർ ചോദ്യം എന്തിനെല്ലാമോ ഉത്തരമായിരുന്നു.

ശബ്ദം കൊണ്ട് വിശ്വം കീഴടക്കാൻ കഴിയുമായിരുന്നു അഹമ്മദ് കോയ മനസ്സിരുത്തിയിരുന്നെങ്കിൽ. വടക്കേ മലബാറിന്റെ ഏറ്റവും മുഴക്കമുള്ള ശബ്ദമായിരുന്നു പി എം അഹമ്മദ് കോയ. ആരുടെയും സുഹൃത്താകാൻ കാതിരുന്ന അഹമ്മദ് കോയ തന്റെ ബലിഷ്ഠമായ ശരീരവും സമ്പന്നമായ മനസ്സും ഏതാണ്ട് ഒരു പൊതുമുതൽ പോലെ സ്നേഹിതന്മാർക്കുവേണ്ടി വിനിയോഗിക്കുമായിരുന്നു. വാർത്താവിഭാഗത്തിൽ നിത്യസന്ദർശകനായിരുന്നു. രണ്ടു കാര്യം കൊണ്ട് കോയയുടെ സന്ദർശനവും ഞാനുമായുള്ള സൌഹൃദവും പലർക്കും പഥ്യമല്ലാതായി. ഒന്ന്, പഴയ ഒരു ദുശ്ശീലത്തിലേക്ക് അദ്ദേഹം ആ ദിവസങ്ങളിൽ വീണ്ടും വീഴുകയായിരുന്നു. ഒടുവിൽ അത് അദ്ദേഹത്തെ അപഹരിക്കുകയും ചെയ്തു. മറ്റൊന്ന്, സി പി എമ്മുമായുള്ള അദ്ദേഹത്തിന്റെ ചാർച്ചയും ദേശാഭിമാനിയിൽ ആകാശവാണിയിലെ അപസ്വരങ്ങളെപ്പറ്റി വന്നുകൊണ്ടിരുന്ന വാർത്തകളും എന്നെയും സംശയത്തിന്റെ നിഴലിൽ വീഴ്ത്തി.

നിഴലിന്റെ നീളം കുറഞ്ഞതൊന്നുമായിരുന്നില്ല. അടിയന്തരാവസ്ഥയിലേക്കു നയിച്ച സംഭവങ്ങളിൽ ഒന്നായ റെയിൽവേ പണിമുടക്ക് എല്ലാവരെയും നുണ പറയാൻ നിർബ്ബന്ധിതരാക്കി. വണ്ടി വേണ്ടപോലെ ഓടുന്നുവെന്ന് ഞങ്ങൾ കൂടെക്കൂടെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. നാണം കെട്ട ഏർപ്പാടായിരുന്നു. പക്ഷേ പ്രക്ഷേപണത്തിലെങ്കിലും പണിമുടക്ക് പൊളിഞ്ഞുവെന്ന് തെളിയിക്കാനായിരുന്നു സർക്കാരിന്റെ ശ്രമം. വാർത്താവിഭാഗത്തിലെ ഒരു അശുവിന് സത്യമേത്?, മിഥ്യയേത്?, നന്മയേത്? തിന്മയേത്? എന്നൊന്നും ആലോചിക്കേണ്ടിയിരുന്നില്ല. എന്നാലും, കോയ ഉൾപ്പടെ പലരുമായുള്ള എന്റെ സൌഹൃദം കടന്നൽക്കൂട്ടിൽ കല്ലെടുത്തെറിഞ്ഞു. ആകാശവാണിക്കാർക്ക് ഏറെ പരിചിതമായ കള്ളക്കത്തുകൾ എനിക്കെതിരെയും പോയി. സർക്കാരിനെ അട്ടിമറിക്കാൻ ഞാൻ വാർത്താബുള്ളറ്റിനുകൾ ഉപയോഗിക്കുന്നുവത്രേ! പിന്നീട് പ്രധാനമന്ത്രിയാകാനിരുന്ന, അന്നത്തെ പ്രക്ഷേപണമന്ത്രി ഐ കെ ഗുജ്രാൽ അത് അന്വേഷിക്കാൻ ഒരു ഉദ്യോഗസ്ഥനെ അയച്ചു. എന്റെ ഗുരുവും മേധാവിയുമായിരുന്ന ഡി പ്രതാപചന്ദ്രൻ ബുള്ളറ്റിന്റെ ഉത്തരവാദിത്വം മുഴുവൻ ഏറ്റതോടെ ഞാൻ രക്ഷപ്പെട്ടു.

ലക്ഷ്മീനരസിംഹൻ എന്ന ഒരു നരസിംഹം ആയിരുന്നു നിലയം മേധാവി. കാണുമ്പോഴൊക്കെ “ഗുഡ് മോണിംഗ്“ എന്നു പറയാത്തതിന് അദ്ദേഹം എന്നോട് തട്ടിക്കേറി. പിന്നെ എന്റെ പ്രേമം പൊളിക്കാൻ നോക്കി. എനിക്ക് അവധി അനുവദിക്കാതിരിക്കാൻ നോക്കി. നിലയത്തിനെതിരെ പത്രത്തിൽ വാർത്ത വരുന്നതിൽ എന്റെ കയ്യുണ്ടെന്ന് അദ്ദേഹം സംശയിച്ചു. പിന്നെപ്പിന്നെ അദ്ദേഹത്തിന് ഏറ്റവും ബോധിച്ച ആളായി ഞാൻ! എന്റെ ഗുരുത്വം എന്നേ പറയേണ്ടൂ. പാട്ടിനെപ്പറ്റി നല്ല ഗ്രാഹ്യമുണ്ടായിരുന്ന, ടെന്നിസ് കളിക്കരനാ‍ായിരുന്ന ലക്ഷ്മീനരസിംഹൻ കയറ്റം കിട്ടി പോയി. ചെന്നെയിലും ഡൽഹിയിലും ഞാൻ അദ്ദേഹത്തെ ചെന്നു കണ്ടു, ഒരാവശ്യവുമില്ലാതെ. അദ്ദേഹത്തിന് വലിയ സന്തോഷമായി. ലക്ഷ്മീനരസിംഹൻ പറഞ്ഞു: “നല്ല സുഖമില്ല.” “എന്താണ് അസുഖം?” “അസുഖം ഒന്നുമില്ല. ഉറക്കം വരില്ല. അത്ര തന്നെ.”

അന്ന് ആകാശവാണി വിട്ട് ഒരു പത്രത്തിൽ ചേർന്നിരുന്ന എന്റെ ഉറക്കം കെടുത്താൻ പോന്നതായിരുന്നു ആ പ്രസ്താവന! അധികാരത്തിലിരിക്കുന്നവരും അധികാരം തെടിയലയുന്നവരും ഉറക്കം കിട്ടാതെ കഴിയുന്നതിനെപ്പറ്റി ഞാൻ ഏറെക്കാലം ആലോചിച്ചു. പത്തുകൊല്ലത്തെ സേവനത്തിനുശേഷം ആകാശവാണി വിട്ടപ്പോൾ സമ്പാദ്യമായി കിട്ടിയ പണം ഒരു സുമിത് മിക്സി വാങ്ങാനേ മതിയായുള്ളു എന്ന ചിന്ത എന്റെയും ഉറക്കം കെടുത്തേണ്ടതായിരുന്നു. അതുണ്ടായില്ല. ഉയിരിന്റെ കൊലക്കുരുക്കാകാവുന്ന കയറിനെ ഉഴിഞ്ഞാൽ ആക്കിത്തീർക്കാൻ ആ പത്തുകൊല്ലം എന്നെ ശീലിപ്പിച്ചുവെന്നതാണ് ആകാശവാണിയെപ്പറ്റിയുള്ള നന്ദി നിറഞ്ഞ ഓർമ്മ.