ഒറ്റവീർപ്പിൽ ചോദ്യവും പാതി ഉത്തരവും പരത്തിപ്പറഞ്ഞുകൊണ്ട് അവതാരക അരങ്ങു തകർത്തു. പങ്കെടുക്കുന്നവരും കേട്ടിരിക്കുന്നവരും തലയാട്ടി. അര മണിക്കൂർ നീണ്ട ആലോചനക്കുശേഷം പിരിയുമ്പോൾ എല്ലാവർക്കും ഒരേ മനസ്സായിരുന്നു: തട്ടിപ്പ് തെറ്റാണ്; നടപടി വേണം; പണം പോയവർക്ക് അതു തിരിച്ചുകിട്ടണം.
ടെലിവിഷൻ അണക്കുമ്പോൾ ഭാര്യയും ഞാനും ഊറിച്ചിരിച്ചുപോയി. ആർക്കും എതിരായി ഒന്നും പറയാനില്ലാത്ത ആ പ്രപഞ്ചസത്യത്തെപ്പറ്റി ഇത്ര ആലോചിക്കാനെന്തിരിക്കുന്നു? തട്ടിപ്പ് കൊള്ളാമെന്നോ തട്ടിപ്പുകാരനെ ആദരിക്കണമെന്നോ കബളിപ്പിക്കപ്പെടുന്നയാൾക്ക് പോയ പണം തിരികെ കിട്ടരുതെന്നോ ആരും വിചാരിക്കില്ല. എന്നിട്ടും ഇതൊക്കെ ഏതാണ്ടൊരു നിയമം പോലെ നടന്നുവരുന്നു.
കേരളത്തിൽ അതു നടക്കുന്നതിലാണ് പലർക്കും അത്ഭുതം. എല്ലാവരും സാക്ഷരരായ നാടല്ലേ? ഉപഭോക്താക്കളെല്ലാം കൊള്ളാവുന്ന അഭിരുചിയുള്ളവരായതുകൊണ്ട്, എന്തു സാധനവും വിറ്റുനോക്കാൻ വിപണനവിദഗ്ധർ തിരഞ്ഞെടുക്കുന്ന നാടല്ലേ? അവിടെ ഇങ്ങനെയൊക്കെ, നിയമം പോലെ, നിർബ്ബാധമായും ഏറെക്കുറെ നിത്യമായും, തട്ടിപ്പ് നടക്കുമോ? നടക്കും. അതു തെളിയിക്കാൻ പൊലിസും വക്കീലും വേണ്ട.
ഇനി അക്ഷരാഭ്യാസവും വകതിരിവും ഏറിയതുകൊണ്ടാകുമോ തട്ടിപ്പും കേരളീയതയുടെ ഭഗമാകുന്നത്? പലപ്പോഴും ജീവിതത്തിനു നിയാമകമാകുന്നത് യുക്തിയും സത്യവുമല്ല, മണ്ടത്തരവും വിരോധാഭാസവുമാണെന്നു തോന്നും. അക്ഷരാഭ്യാസം കൂടിയ നാട്ടിൽ തന്നെയാണല്ലോ ആത്മഹത്യയും മദ്യപാനവും കൂടിയിരിക്കുന്നത്! ഒറ്റ നോട്ടത്തിൽത്തന്നെ കള്ളമാണെന്നു മനസ്സിലാക്കാവുന്ന ഔഷധങ്ങളും അനുഗ്രഹങ്ങളും ഇവിടെ നന്നായി ചിലവാകുന്നു! അനുഗ്രഹം വിറ്റഴിക്കാൻ ഭാണ്ഡവുമായി മറുനാട്ടിൽനിന്നെത്തുന്നവർക്കും കേരളത്തിലെ പ്രബുദ്ധത പർണ്ണശാല പണിതു കൊടുക്കും!
ആ നിലക്കു വേണം പണം ഇരട്ടിപ്പിക്കുന്നവരുടെ വളർച്ച നോക്കിക്കാണാൻ. പണം വരണ്ട വായുവിൽനിന്ന് ഉണ്ടാവില്ലെന്നാണ് ജ്യോഫ്രി ക്രൌതർ എന്ന പഴയൊരു ധനശാസ്ത്രജ്ഞന്റെ മൊഴി. മുച്ചീട്ടുകളി ഇവിടെ തകൃതിയായത് അക്കാര്യം അറിയാഞ്ഞിട്ടല്ലല്ലോ. തോട്ടിറമ്പിലും പൂരപ്പറമ്പിലും തൂവാല വിരിച്ച്, മൂന്നു ചീട്ട് നിരത്തി, പണം വാരുകയും കോരുകയും ചോരുകയും ചെയ്യുന്നതു കാണിച്ചുതരുന്ന മുച്ചീട്ടുകളിക്കാരൻ നമ്മുടെ നായകസങ്കല്പത്തിൽ പെടും. അങ്ങനെയൊരു മുച്ചീട്ടുകളിക്കാരന്റെ മകളെ ബഷീർ പോലും നായികയായി
വാർത്തെടുക്കുകയുണ്ടായി.
എല്ലാം വെറുതെ കിട്ടണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം എവിടെയും കുറവല്ല. കേരളത്തിൽ അവർക്ക് ഭൂരിപക്ഷം കാണും. തോറ്റുപോകുന്നവർക്ക് പിഴച്ചുപോകാനുള്ള വക സൌജന്യമായി കൊടുക്കുന്നത് സാമൂഹ്യസുരക്ഷയുടെ ഭാഗം തന്നെ. ആ വഴിയേ കേരളം നടത്തിയ മുന്നേറ്റത്തെ ഒരിടക്ക് നൊബേൽ ജേതാവായ അമർത്യ സെൻ പോലും
പ്രകീർത്തിക്കുകയുണ്ടായി. പക്ഷേ സൌജന്യം ആവശ്യമുള്ളവരാണ് എല്ലാവരും എന്നു വന്നാലോ? വലിയ സൌകര്യമുള്ളവർക്കു പോലും എന്തെങ്കിലും സൌജന്യം കിട്ടിയേ തീരൂ. അവരെ പ്രീണിപ്പിക്കാൻ “ജനകീയക്കവലയിലെ നേതാക്കൾ” മത്സരിക്കുന്നു. അതുകൊണ്ട് എല്ലാവർക്കും എന്തെങ്കിലും പെൻഷൻ കിട്ടുന്നു. പാവപ്പെട്ടവനും പണക്കാരനും റേഷൻ കിട്ടുന്നു. ഇരുപതു രൂപ വില വരുന്ന അരി ഒരു രൂപക്ക് കൊടുക്കേണ്ടാത്തവരായി ആരെങ്കിലും ഉണ്ടോ എന്ന അന്വേഷണത്തിലാണ് കേരളം.
വെറുതെ എല്ലാം കിട്ടണമെന്ന ആഗ്രഹത്തിൽനിന്ന് ഏറെ അകലെയല്ല ഉള്ള പണം കണ്ണടച്ചു തുറക്കുമ്പോഴേക്കും പത്തിരട്ടിയാക്കാനുള്ള ശ്രമം. നമുക്കറിയാം, ഗോപിനാഥ് മുതുകാടിനുപോലും പറ്റുന്നതല്ല ആ പണി. പക്ഷേ അതു പറ്റുമെന്നു വിശ്വസിക്കാനാണ് സാക്ഷരകേരളത്തിന് ഇഷ്ടം. സായുധവിപ്ലവത്തിലൂടെ സമത്വസുന്ദരമായ സമൂഹം സൃഷ്ടിക്കാൻ തുനിഞ്ഞിറങ്ങിയ അതേ അഭിനിവേശത്തോടെ, മാനത്ത് മാഞ്ചിയം കൃഷി ചെയ്തും ഒന്നു വെച്ചാൽ രണ്ടും, രണ്ടു വെച്ചാൽ നാലും, നാലു വെച്ചാൽ നാനൂറും കിട്ടുമെന്ന് വിചാരിച്ചും പണപ്പെരുക്കത്തിന്റെ വഴി തെടുകയാണ് നമ്മൾ. ഓർമ്മയില്ലേ, അറിയാത്തതോ ഇല്ലാത്തതോ ആയ മാഞ്ചിയം കൃഷിഭൂമി വാങ്ങാൻ ആളുകൾ അഹമഹമികയാ മുന്നോട്ടു വന്നത് പതിനഞ്ചുകൊല്ലം മുമ്പായിരുന്നു.
മാധ്യമങ്ങൾക്ക് അന്നും നല്ല കോളായിരുന്നു. പരസ്യം കൊടുക്കാൻ പ്രമോട്ടർമാർ തള്ളിക്കേറിച്ചെന്നപ്പോൾ, “സത്യമേ പറയൂ, ധർമ്മമേ ആചരിക്കൂ” എന്നു നിർബ്ബന്ധമുള്ള പത്രങ്ങൾ ഒരു വ്യവസ്ഥ വെച്ചു. വിശ്വസിക്കാൻ വിഷമമുള്ളതുകൊണ്ടോ, അതോ, പെട്ടെന്ന് അച്ചടിക്കണമെന്നതുകൊണ്ടോ, അത്തരം പരസ്യങ്ങൾക്ക് പതിവിൽ കവിഞ്ഞ കൂലി ഈടാക്കിയിരുന്നുവത്രേ. ഞാൻ ജോലി ചെയ്തിരുന്ന ശൃംഖലക്കുവേണ്ടി ഒരു വൈസ് പ്രസിഡന്റ് എന്നെ ചെന്നെയിൽ ഒരു ഭൂമിപതിയുടെ ആപ്പീസ്സിൽ കൊണ്ടൊപോയതോർക്കുന്നു. എന്നെ വിരട്ടാനെന്നോണം ഭൂമിപതി ഫുൾ സ്യൂട്ടിൽ ആണ് പ്രത്യക്ഷപ്പെട്ടത്. മോഹനസുന്ദരവാഗ്ദാനങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഞങ്ങളുടെ വൈസ് പ്രസിഡന്റ് ഇരുന്ന ഇരുപ്പിൽ വീർക്കുന്നതു പോലെ തോന്നി. ഞാൻ കൊച്ചിയിൽ തിരിച്ചെത്തി ഏറെ ദിവസം കഴിയും മുമ്പ്, വാഗ്ദത്തപരസ്യം വരും മുമ്പ്, ഭൂമിപതി അകത്തായി. ഒരു പുതു നടിയുടെ പടം പത്രത്തിൽ കൊടുക്കാൻ വേണ്ടി പണം തട്ടിയതിന്റെ പേരിൽ പണ്ടൊരിക്കൽ ഒരു പത്രത്തിൽനിന്ന് പുറത്താക്കിയ വീരനാണ് വൈസ് പ്രസിഡന്റ് എന്ന് പിന്നീടു കേട്ടു.
പരസ്യം കിട്ടിയിരുന്നെങ്കിൽ ഞങ്ങളും അച്ചടിക്കുമായിരുന്നു. ധർമ്മവിചാരം
തൽക്കാലം സോക്സിനുള്ളിൽ കുത്തിക്കേറ്റിവെക്കും, അത്ര തന്നെ. അത്ര തന്നെയേ എല്ലാ പത്രങ്ങളും ചെയ്തുള്ളു. കൊള്ളാവുന്ന കൂലി കിട്ടുമെന്നുവന്നപ്പോൾ, കിട്ടിയ പരസ്യം അടിച്ചുവിട്ടു, സത്യവും ധർമ്മവുമൊന്നും കാര്യമായി നോക്കാതെ. വലിയ ആദായം കിട്ടുമെന്നു കണ്ടപ്പോൾ, കറുത്തതും വെളുത്തതുമായ പണം മുടക്കിയവർ ചെയ്തതും അതുതന്നെയല്ലേ? പണം ഒഴുക്കാൻ ആളുണ്ടാകുമെന്നു കണ്ടപ്പോൾ, മാഞ്ചിയക്കാരനും മണി ചെയിൻകാരനും ചെയ്തതും വേറൊന്നല്ലല്ലോ. പോയാൽ പത്തു തെങ്ങ്, ആയാൽ ഒരു തീരം നിറയെ തോപ്പ്--അതാണ് എന്നും പ്രമാണം.
നമ്മൾ എത്ര വേഗം എല്ലാം മറക്കുന്നുവെന്നു നോക്കുക. ഉദാഹരണം ബ്ലേഡ്.
എൺപതുകൾക്കുമുമ്പ് താടി വടിക്കാനോ ഞരമ്പു മുറിക്കാനോ ഉപയോഗിച്ചിരുന്ന സാധനമായിരുന്നു ബ്ലേഡ്. എൺപതുകളുടെ തുടക്കത്തിൽ ശബ്ദകോശത്തിൽ ബ്ലേഡിന് പുതിയൊരു വ്യാഖ്യാനം എഴുതിച്ചേർത്തു. മോഹിപ്പിക്കുന്ന പലിശ വാഗ്ദാനം ചെയ്ത്, തിരിച്ചുകൊടുക്കാനുദ്ദേശമില്ലാത്ത വലിയ നിക്ഷേപം വാങ്ങിപ്പോകുന്ന വിരുതന്മാരുടെ വിദ്യയായി പിന്നീട് ബ്ലേഡ് അറിയപ്പെട്ടു. കുരുക്കിൽ പെട്ടുപോയ ഒരു പാവത്തിനെ രക്ഷിക്കാൻ പറ്റുമോ എന്നു നോക്കി ഒരു പൊലിസ് മേധാവിയുടെ സഹായം തേടിച്ചെന്നപ്പോൾ, സരസനായ അദ്ദേഹം സംഗതിയുടെ ഗുട്ടൻസ് എന്നെ പറഞ്ഞു മനസ്സിലാക്കി. കരാറിൽ മൂന്നു കൊല്ലം പലിശ കൊടുക്കാം, മുതൽ കൊടുക്കുമെന്ന് പറഞ്ഞിട്ടില്ല. അത് അറിഞ്ഞോ അറിയാതെയോ വാഗ്ദത്തഭൂമിയിലേക്ക് കുനികുത്തിയെത്തിയ നിക്ഷേപകരെപ്പറ്റി എന്തു പറയും?
അതിനും മുമ്പു തുടങ്ങിയതാണ് ഭാഗ്യക്കുറി. അതിനും മുമ്പു തുടങ്ങിയത് ഒരു പക്ഷേ മുച്ചീട്ടുകളി മാത്രമേയുള്ളു. അധ്വാനത്തിന്റെ മഹിമ വാഴ്ത്തുന്ന കമ്യൂണിസത്തിന്റെ കാലഘട്ടത്തിൽ കേരളത്തിൽ തുടങ്ങിയതാണ് നറുക്കിട്ട് ഭാഗ്യവാന്മാരെ സൃഷ്ടിക്കുന്ന വിദ്യ. അറുപതുകളിൽ. അതിനും മുമ്പ് പത്രപ്രവർത്തകർ ഒരു ഭാഗ്യക്കുറി നടത്തിയെന്ന് വി ബാലറാം എന്ന പ്രശസ്തലേഖകൻ പറയുമായിരുന്നു. അന്ന് ഒന്നാം സമ്മാനം ആന ആയിരുന്നു. ഞാൻ ടിക്കറ്റ് എടുക്കുകയും ഒന്നാം സമ്മാനം അടിക്കുകുയും ചെയ്തിരുന്നെങ്കിൽ, ആനയെ കെട്ടാൻ എങ്ങനെ സ്ഥലം കണ്ടെത്തുമെന്ന പരിഭ്രമം എന്നെ ഇന്നും വിട്ടുമാറിയിട്ടില്ല. ബാലറാം എന്നെ സമാധാനിപ്പിച്ചു: “പേടിക്കണ്ട. ആനയുടെ നറുക്ക് ആർക്കും വീണില്ല.“
ഇപ്പോഴും അങ്ങനെ ആണല്ലോ. ഒന്നാം സമ്മാനമായി പ്രഖ്യാപിക്കാറുള്ള ബെൻസ് കാറും ബില്യൻ ഡോളറും നേടിക്കൊടുക്കുന്ന നറുക്ക് മിക്കപ്പോഴും ആർക്കും കിട്ടാറില്ലത്രേ.
ബെൻസ് കിട്ടാനുള്ള സാധ്യത നന്നേ കുറവാണെന്ന് സാന്റിയാഗോ മാർട്ടിനെപ്പോലെ ടിക്കറ്റെടുക്കുന്ന ഓരോ ദുർമ്മോഹിക്കും അറിയാം. തന്റെ ബാങ്ക് പൊളിച്ച് നാട്ടുകാരെ നന്നാക്കാൻ മാർട്ടിൻ മുന്നിട്ടിറങ്ങുമെന്ന് ആരും കരുതിയിട്ടില്ല. പണം കൊടുക്കുന്നതിനെപ്പറ്റിയും വാങ്ങുന്നതിനെപ്പറ്റിയും എന്തെങ്കിലും പറഞ്ഞു തരാൻ ധനശാസ്ത്രത്തിന്റെ സ്ഥാപകനായ ആഡം സ്മിത് വേണമെന്നില്ല. സ്മിത് പറഞ്ഞു, “നമുക്ക് അത്താഴത്തിനുള്ള വക കിട്ടുന്നത് വെട്ടുകാരന്റെയോ വാറ്റുകാരന്റെയോ വെപ്പുകാരന്റെയോ(butcher, brewer, baker) ദയാവായ്പുകൊണ്ടല്ല, അവർക്ക് സ്വന്തം കാര്യം നോക്കാനുള്ള താല്പര്യം കൊണ്ടത്രേ.”
നമുക്ക് അറിയാത്തതാണോ ഈ പച്ചപ്പരമാർഥം? നമുക്ക് കൊള്ളലാഭം ഉണ്ടാക്കിത്തരാനോ സ്വയം നഷ്ടം മുഴുത്ത് മുടിയാനോ ഒരു മാർട്ടിനും ആപ്പിൾ കൃഷിക്കാരനും തുനിയില്ലെന്നത് മൂന്നു തരം. എന്നാലും ഭൂതം കാക്കാത്ത നിധി തേടിപ്പോകുന്ന മണ്ടൻ പയ്യനെപ്പോലെ, സാക്ഷരതയും അതിലുമപ്പുറവുമുള്ള മലയാളി ബ്ലേഡിലും ചെയിനിലും കുടുങ്ങിപ്പോകുന്നു. അവരെ കുടുക്കാനും കുടുങ്ങിക്കഴിഞ്ഞാൽ “അയ്യോ പാവം” എന്നു മുറവിളി കൂട്ടാനും സദാചാരനിഷ്ഠമായ മാധ്യമം എപ്പോഴും ബദ്ധശ്രദ്ധമായിരിക്കും. അതുകൊണ്ട് നമുക്ക് നമ്മുടെ പ്രിയപ്പെട്ട ചാനൽ ചർച്ചയിലേക്ക് തിരിച്ചു പോകാം. അവതാരകയുടെ ചോദ്യം ഉത്തരമായി അനർഗ്ഗളം മുഴന്നിക്കൊണ്ടിരിക്കുന്നു: കേരളത്തിൽ കമ്യൂണിസവും ഭാഗ്യക്കുറിയും ഭക്തിയും ഒരുപോലെ പടരുന്നു....”
(malayalam news june 27)