കേമത്തം പലതുണ്ടെങ്കിലും അഭിമാനിക്കാന്‍ കേരളത്തിനൊരു കേണല്‍ വെട്രോവോ കിം ഫില്‍ബിയോ ഇല്ലാതെ പോയി. ബ്രിട്ടിഷ് രഹസ്യാന്വേഷണവിഭാഗത്തിലെ വമ്പനായിരുന്ന ഫില്‍ബി, പിടി മുറുകിയപ്പോള്‍, മോസ്കോവിലേക്കു മുങ്ങി. കെ ജി ബിയില്‍ സാങ്കേതികവിദഗ്ധനായിരുന്ന വെട്രോവ് ചോര്‍ത്തിക്കൊടുത്ത വിവരം വെച്ച്, അമേരിക്ക സൈബീരിയയിലെ വാതകശൃംഖല പൊട്ടിച്ചു. രണ്ടാം ലോകം കുളമാകാന്‍ തുടങ്ങിയത് അതോടെയായിരുന്നു.
ചാരനര്‍ത്തകി മാതാ ഹാരിയുടെ നിഴല്‍ പോലും കേരളത്തിന് വീണു കിട്ടിയോ? മാലിക്കാരിയുമായി ഇടതട്ടിക്കരുത്. ലന്തക്കാരി മാതാ എവിടെ, മാലിക്കാരി മറിയം എവിടെ? എന്നാലും മാലിക്കാരിയുടെ മറ പറ്റി, ഒരു ബഹിരാകാശചാരവ്യൂഹം വിലസുന്ന കഥ കിട്ടി. പക്ഷേ ചീറ്റിപ്പോയി. വിമോചനസമരത്തിനിടെ ഇവിടെ സി ഐ എ ചാരന്മാര്‍ ഉണ്ടായിരുന്നു. അതു വെളിപ്പെടുത്തിയത് അമേരിക്കന്‍ സ്ഥാനപതി മൊയ്നിഹന്‍. അവരില്‍ ചിലരെ പേരെടുത്തു വിളിച്ചു രസിച്ചിരുന്നു ഇ കെ നായനാര്‍. പ്രതികളും ഒപ്പം ചിരിച്ചു. എല്ലാവരും അങ്ങനെയല്ല. ചാരാരോപണം സഹിക്കാതായപ്പോള്‍, വാസ്തുശില്പിയും വലതുപക്ഷതീവ്രവാദിയുമായിരുന്ന പിലൂ മോഡി, “ഞാന്‍ ഒരു സി ഐ എ ഏജന്റ്” എന്ന മുദ്ര ധരിച്ച് പാര്‍ലമെന്റില്‍ വരാന്‍ തുടങ്ങി. ചാരപദവി, സെയ്മൂര്‍ ഹെര്‍ഷ് എന്ന പത്രലേഖകന്‍ വഴി പതിച്ചുകിട്ടിയ ആളായിരുന്നു മൊറാര്‍ജി ദേശായി. ലേഖകനെ അമേരിക്കന്‍ കോടതിയില്‍ കേറ്റാന്‍ പോലും ദേശായിക്കായില്ല.
ആരും ചാരനാകാം. ചിലര്‍ ചരിതാര്‍ത്ഥരാകും. ഉദാഹരണമായി, കെ ജി ബി ബന്ധത്തെപ്പറ്റി മേനി പറയുന്ന ഒരു ബെര്‍ളിന്‍കാരന്‍ മലയാളിയുണ്ട്. പിണക്കമായപ്പോള്‍, പി ഗോവിന്ദ പിള്ള ‘ബെര്‍ളി‘ന് ഒരു പതക്കം കൂടി ചാര്‍ത്തി: “ഇരട്ടച്ചാരന്‍.” ഇതൊക്കെ ക്രെമ്‌ലിന്‍ പുരാരേഖകള്‍ കാണാതെ പറയുന്ന കഥ. അതിന്റെ വിശ്വരൂപം കാണാനായാല്‍ എന്താകുമോ ആവോ കാണുക! താന്‍ താന്‍ അറിയാത്തവരാകും പല ചാരന്മാരും. ആ വിചാരത്തോടെ നോക്കുമ്പോള്‍, അത്ഭുതത്തിനു വക കാണുന്നു.
ബ്രിട്ടിഷ് രഹസ്യാന്വേഷണത്തിന്റെ അധികൃതചരിത്രം രചിച്ചിരിക്കുന്നു, ക്രിസ്റ്റഫര്‍ ആന്‍ഡ്രു, കേംബ്രിഡ്ജ് പ്രൊഫസര്‍. ഉചിതം തന്നെ. കേംബ്രിഡ്ജ് ആയിരുന്നല്ലോ ഒരിക്കല്‍ ചാരകേദാരം. ഇംഗ്ലിഷ് കവി ഓഡനും രഹസ്യാന്വേഷണമേധാവി റോജര്‍ ഹോളിസും പ്രധാനമന്ത്രി ഹരോള്‍ഡ് വിത്സണും നോട്ടപ്പൂള്ളികളായിരുന്നു. ഇപ്പോഴും ആ വാര്‍ത്ത പുകയുന്നു. അതിനെക്കാള്‍ മലയാളിശ്രദ്ധ പിടിച്ചുപറ്റും വി കെ കൃഷ്ണ മേനോനെപ്പറ്റി ആന്‍ഡ്രു പറയുന്ന കാര്യം. ഏറെ ചായ കുടിച്ചും, അമേരിക്കയെ ദുഷിച്ചും, ശുണ്ഠിയെടുത്തും, വെള്ളം പോലെ ഇംഗ്ലിഷ് പറഞ്ഞും മലയാളിയുടെ ഹീറോ ആയ കൃഷ്ണ മേനോന്‍ തിരഞ്ഞെടുപ്പുചിലവ് കെ ജി ബിയില്‍നിന്നു പറ്റിയിരുന്നുവത്രേ. ആദ്യത്തെ ഇന്ത്യന്‍ രഹസ്യന്വേഷണമേധാവി സഞ്ജീവി പിള്ളക്കും കൃഷ്ണ മേനോനെ സംശയമായിരുന്നു. സഞ്ജീവിയെ കൃഷ്ണ മേനോന്‍ വിശേഷിപ്പിച്ചത് ഇങ്ങനെ: “പട്ടേലിന്റെ പിണിയാള്‍.” പട്ടേല്‍ ആയിരുന്നു ആഭ്യന്തരമന്ത്രി.
വിഗ്രഹം ഉടക്കുന്നതാണ് ഇത്തരം കിസ്സ. ഇതു കേള്‍ക്കുമ്പോള്‍, ബച്ചന്‍---നടന്റെ അച്ഛന്‍--കുറിച്ച വരികളേ ശരണമുള്ളൂ. “എന്റെ പൂജയും എന്റെ ആരാധനയും, എന്റെ ബലഹീനത മാത്രമെന്നോതി, എന്റെ പൂജാവിഗ്രഹം പൊട്ടിച്ചിരിച്ചപ്പോള്‍, കണ്ണീര്‍ അടക്കാനായില്ല.”
(മംഗളവാദ്യം എന്ന പംക്തിയിൽ ഒക്റ്റോബർ പതിമൂന്നാം തിയതി മനോരമയിൽ പ്രസിദ്ധീകരിച്ചത്)